രചന – കാർത്തിക ശ്രീ
ലിനു നേരെ പോയത് ഹാളിലേക്കാണ്.. അവിടെ ഇരിക്കുന്നവന്റെ അടുത്തായി അവനും ഇരുന്നു…
“എന്താണ് മോനെ ഉറക്കമൊന്നും ഇല്ലേ?? എന്തുപറഞ്ഞു നിന്റെ തൊട്ടാവാടി??”
( ഇതാണ് ജിതിൻ മേനോൻ.. ലിനുവിന്റെ ഉറ്റ സുഹൃത്ത്.. ലിനു ഇല്ലാത്ത സമയത്ത് കമ്പനി മാനേജ് ചെയ്യുന്നത് ജിത്തുവാണ്.. ഒപ്പം ആളൊരു ഫോട്ടോഗ്രാഫർ കൂടിയാണ്..)
“അവൾ ഒരുപാട് സന്തോഷത്തിലാണ് ജിത്തു…. മായ അവളെ സെലക്ട് ചെയ്തതുകൊണ്ട് നിലത്തൊന്നുമല്ല പെണ്ണ്.. ”
“പാവം പെങ്ങൾ അറിയുന്നില്ലല്ലോ.. നീ ഈ വാർത്ത ഇന്നലെ അറിഞ്ഞു എന്ന്..”
അതിനൊന്നും ചിരിച്ചു ലിനു…
“അല്ല നീ ഇപ്പോഴാ ഇനി നാട്ടിലേക്ക്??”
“പറ്റുമെങ്കിൽ നാളെത്തന്നെ..”
“ഓ.. കാമുകന് കാമുകിയെ കാണാതെ നിൽക്കാൻ കഴിയുന്നില്ലേ?? നീ ഈ പോകുന്നതിന്റെയൊക്കെ അനുഭവിക്കുന്നത് ഞാനാണ്… കമ്പനി മൊത്തം കണ്ട്രോൾ ചെയ്ത് ചെയ്ത് എനിക്ക് വട്ടു പിടിക്കുമെന്ന് തോന്നുന്നു… ”
“മോനെ ജിത്തു .. ഇനി ഈ കമ്പനി നീ തന്നെയാണ് കണ്ട്രോൾ ചെയ്യേണ്ടത്.. ഞാൻ കുറച്ചു കാലം നാട്ടിലായിരിക്കും..”
“എന്തോന്ന്.. എനിക്കൊന്നും വയ്യ..എന്റെ ക്യാമറ ഇപ്പോൾ തന്നെ ചിതലെടുത്തോ ആവോ??”
“ഡാ.. കാര്യം കുറച്ചു സീരിയസ് ആണ്.. കുറച്ചുകൂടി നീ ഇവിടെ ഉണ്ടായേ പറ്റു..അത്യാവശ്യം ഉണ്ടെങ്കിൽ ഞാൻ വരും.. ”
“എന്തുപറ്റി??? ചേതൻ ആണോ വിഷയം??”
“മ്മ്.. അവന് പണി കൊടുക്കേണ്ട സമയമായി എന്ന് തോന്നുന്നു.. അതിന് മുന്നേ എനിക്ക് ഋതുവിനെ എന്റെ സ്വന്തമാക്കണം.. ”
“അവൾ നിന്റെ തന്നെയല്ലേ..പിന്നെ എന്തിനാ സ്വന്തമാക്കണം എന്ന് പറയുന്നേ.. അല്ലെങ്കിലും അതൊക്കെ ഇങ്ങനെ പരസ്യമായി പറയാൻ പാടുണ്ടോ ”
“ഡാ കോപ്പേ അവൾ എന്റെ തന്നെയാണ്..ഞാൻ പറഞ്ഞത് അവളെ എനിക്ക് മിന്നുകെട്ടി സ്വന്തമാക്കണം എന്നാണ് …”
“ഓ അങ്ങനെ.. ഞാൻ എന്തൊക്കെയോ വിചാരിച്ചു.. ആ പോട്ടേ… അതെന്താ പെട്ടെന്ന്??”
” വേണം.. ഈ ഒരു ഡാൻസ് പ്രോഗ്രാമിൽ അവൾ പങ്കെടുത്താൽ ചേതൻ അവളെ കണ്ടെത്തി എന്ന് തന്നെ പറയാം.. ആ സമയം എല്ലാരും ഉണ്ടെങ്കിലും അവൾ തളരും.. അത് പാടില്ല.. ”
“മ്മ്.. നിങ്ങളുടെ ബന്ധത്തിന് ഒരു പേര് കൊടുത്താൽ എല്ലാകൊണ്ടും അവൾ നിനക്ക് സ്വന്തമായി.. അവളിൽ അവകാശവും നിനക്ക് മാത്രം.. അപ്പോൾ അവൾ തളരില്ല. ഐഡിയ കൊള്ളാം..ഒരു പ്രശ്നമുണ്ട് ലിനു..”
“എന്ത് പ്രശ്നം??”
“നീ അറിയപ്പെടുന്ന ഒരു ബിസിനസ് മാൻ ആണ്.. നിനക്കറിയാല്ലോ മീഡിയാസ് നിന്റെ പുറകെ തന്നെ ഉണ്ടെന്ന് . സൊ, ഇപ്പോൾ എല്ലാരും അറിഞ്ഞു ഒരു മാര്യേജ് നടന്നാൽ നേരത്തെ തന്നെ നീ ഋതുവിനെ ചേതനു മുന്നിൽ നിർത്തുന്നതുപോലെ ആവില്ലേ.. ഈ ഒരു അവസ്ഥയിൽ ഋതുവിൽ ഭയം മാത്രമേ ഉണ്ടാകു..”
അപ്പോഴാണ് ലിനുവും അത് ചിന്തിച്ചത്..
“എന്റെ അഭിപ്രായത്തിൽ നീ ഇപ്പോൾ രജിസ്റ്റർ മാര്യേജ് ചെയ്താൽ മതി.. വീട്ടുകാർ അല്ലാതെ ആരും അറിയണ്ട… എറണാകുളത്തുള്ള റിസോർട്ടിൽ ഞാൻ രജിസ്ട്രാറിനെ എത്തിച്ചാൽ പോരെ??”
“ഇതു നല്ല ഒരു ആശയമാണ്… എന്തായാലും ഞാൻ എല്ലാരോടും ഒന്ന് സംസാരിച്ചു നോക്കട്ടെ…. എന്നിട്ട് തീരുമാനിക്കാം…”
‘മതി.. എന്തായാലും കുറച്ചു ദിവസം പിടിക്കും.. നോക്കിട്ട് വിളിച്ചാൽ മതി..”
“മ്മ്.. എന്നാ മോൻ പോയി കിടന്നുറങ്ങാൻ നോക്ക്.. ഞാനും കിടക്കട്ടെ.. ഗുഡ് നൈറ്റ് ഡാ.. ”
“ആയിക്കോട്ടെ.. ഗുഡ് നൈറ്റ് ”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പിറ്റേന്ന് പ്രധാനപ്പെട്ട മീറ്റിങ് കഴിഞ്ഞു ലിനു എറണാകുളത്തേക്ക് യാത്ര തിരിച്ചു… വീട്ടിൽ എത്തിയതിനു ശേഷമാണ് അവൻ റിച്ചുവിനെ വിളിച്ചു പറഞ്ഞത്.. ഒപ്പം ഇന്ന് എല്ലാരേയും കൂട്ടി വൈകുന്നേരം നേരെ അവിടേക്ക് വരാനും പറഞ്ഞു..
ഋതുവും തനുവും അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്..ലിനുവിന്റെ ഇഷ്ടാവിഭവങ്ങൾ ഋതു ലിസമ്മയോട് ചോദിച്ചു മനസിലാക്കിയിരുന്നു.. അതുകൊണ്ട് അതുണ്ടാക്കുന്ന തിരക്കിലാണ് ഇരുവരും..
ഈ സമയം തന്നെയാണ് ലിനു റിച്ചുവിനോടും വിക്കിയോടും തന്റെ പ്ലാൻ പറഞ്ഞത്.. അത് നല്ലതാണെന്നു അവർക്കും തോന്നി..
“ഇച്ചായ..കാരണം ഇപ്പോൾ അവൾ അറിയണ്ട.. പിന്നീട് പറഞ്ഞു മനസിലാക്കിയാൽ മതി.. ”
“മ്മ്.. പിന്നെ ചേതനെക്കുറിച്ച് എന്താണ് അറിഞ്ഞത്??
“വല്യേട്ടാ.. അവൻ അടുത്ത ബന്ധം പുലർത്തുന്നത് ആകെ രണ്ടു പേരോട് മാത്രമാണ്.. ഒന്ന് ഒരു അലക്സ്.. പിന്നെ നിവേദ്.. അലക്സ് അവന്റെ കൂടെ സംഗീതം പഠിക്കുന്നത് മുതൽ ഉണ്ട്.. നിവേദ് രണ്ട് വർഷമേ ആയിട്ടുള്ളു കൂടെ കൂടിട്ടു.. അലക്സ് ആളൊരു തരികിടയാണ്.. ഇല്ലാത്ത ദുശീലങ്ങൾ ഒന്നും ഇല്ല.. അവന്റെ പപ്പയുടെ സമ്പത്തുകൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കുന്നു…
പക്ഷേ നിവേദ് അന്വേഷിച്ചടുത്തോളം പാവമാണ്.. എന്തോ വീട്ടിലെ പ്രശ്നത്തിന് പണം കൊടുത്ത് സഹായിച്ചത് ചേതനായതുകൊണ്ട് അവന്റെ കാര്യങ്ങൾ നോക്കുകയാണ് നിവേദ്.. ഒരു PA ആണെന്ന് പറയാം.. അതിനേക്കാൾ അവന്റെ സുഹൃത്ത്.. പക്ഷേ നിവേദിന് ചേതന്റെ പാസ്റ്റ് അധികം അറിയില്ല..”
“മ്മ്.. ചിലപ്പോൾ ഈ നിവേദിനെ നമുക്ക് ആവിശ്യമായി വരും.. എന്തായാലും അവന്റെ പുതിയ ബിസിനസ്, പുതിയ പാട്ട് റെക്കോർഡിങ് അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്..”
“ശരി വല്യേട്ടാ ”
“പിന്നെ തനുവിനെ ഒറ്റക്ക് വിടരുത്.. ഋതുവിനെ പോലെ ഇപ്പോൾ തനുവും മറ്റൊരു തരത്തിൽ അവന്റെ ജീവിതത്തിൽ ഇപ്പോൾ ഉണ്ട്..”
“ശരി..”
പിന്നീട് അധികം സംസാരിക്കാതെ അവർ അകത്തേക്ക് നടന്നു.. ടേബിളിൽ ഭക്ഷണം എടുത്ത് വെക്കുകയാണ് തനുവും ഋതുവും..
“ആഹാ കൊള്ളാല്ലോ.. ഇന്ന് കുറെ വിഭവങ്ങൾ ഉണ്ടല്ലോ..”
“അത് വല്യേട്ടാ.. ഒരാൾ മമ്മയെ വിളിച്ചു ചോദിച്ചു ഉണ്ടാക്കിയതാ ”
“ആണോ ഋതു?? എന്നാ കഴിച്ചിട്ട് തന്നെ കാര്യം..”
“എനിക്കും ഉണ്ട് ഒരു പെണ്ണ്.. ഇന്നേവരെ എന്റെ ഇഷ്ടപ്പെട്ട ഒന്നുപോലും ഉണ്ടാക്കി തന്നിട്ടില്ല.. ആ യോഗമില്ലാമ്മിണിയെ..”
“അച്ചോടാ… മോനു സങ്കടമാണോ??നിന്റെ ആരോഗ്യം നോക്കേണ്ടത് എന്റെ കടമയല്ലേ.. ഇപ്പോൾ പരിഹരിക്കാം..ദാ വരുന്നു..”
“അയ്യോ പണി പാളിയോ.. ചുമ്മാ ഓളത്തിനു പറഞ്ഞതാ.. ഇവൾ ചാടി അടുക്കളയിൽ പോകുമെന്ന് ഞാൻ വിചാരിച്ചില്ല… ഋതു എന്തിനാടി അവൾ അടുക്കളയിൽ പോയത്??”
“അതില്ലേ റിച്ചു നിന്റെ ആരോഗ്യത്തിനുവേണ്ട നല്ല ജ്യൂസ് ഉണ്ടാക്കാൻ ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു..”
“മോനെ റിച്ചു.. നീ പെട്ടു.. അവൾ കൊണ്ടുവരാൻ പോകുന്നത് പാവയ്ക്കാ ജ്യൂസ് ആണ്..”
“എന്റെ കർത്താവേ…
മോളെ തനു.. എനിക്ക് ഈ ഭക്ഷണം മതി.. ”
“അങ്ങനെ എന്റെ മോൻ പറയല്ലേ.. ഇതങ്ങോട്ട് കുടിച്ചാട്ടെ..”
ഗ്ലാസ് കൈയിൽ വാങ്ങി റിച്ചു ദയനീയമായി ലിനുവിനെ നോക്കി
“ഇച്ചായ.. ഒന്ന് പറ പ്ലീസ്..”
അവന്റെ ഭാവങ്ങൾ കണ്ട ലിനുവിന് ശരിക്കും ചിരി വന്നു..
“തനു.. ഇത്തവണത്തേക്ക് ക്ഷമിച്ചേക്ക്.. ഇനി ഇങ്ങനെ ആവർത്തിച്ചാൽ ഞാൻ കുടിപ്പിക്കും ഇവനെ..”
അത് വേണോ എന്നാ രീതിയിൽ തനു ലിനുവിനെ നോക്കി.. അതിന് അവൻ ഒന്ന് കണ്ണടച്ചു കാണിച്ചു..
” ശരി..വല്യേട്ടൻ പറഞ്ഞതുകൊണ്ട് വിട്ടിരിക്കുന്നു..”
ഭക്ഷണ ശേഷം അവരെല്ലാം ഒന്നിച്ചു കൂടി കുറെ സംസാരിച്ചു.. പകുതിയും അവരുടെ ആഗ്രഹങ്ങളും ജോലിയെ സംബന്ധിക്കുന്നതുമായിരുന്നു.. എല്ലാരും കിടക്കാൻ പിരിഞ്ഞപ്പോൾ ഋതുവിനെ ലിനു അവിടെ പിടിച്ചു നിർത്തി.. ഇതു കണ്ട മൂന്നുപേരും ഒന്ന് ചിരിച്ചുകൊണ്ട് അവരുടെ റൂമിലേക്ക് പോയി..
“എന്താ ഇച്ഛ??”
“ഞാൻ ഒരു കാര്യം പറയട്ടെ.. നീ അതെങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല.. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതാണ് നല്ലതെന്ന് തോന്നുന്നു..”
“എന്താ ഇച്ഛ.. എന്നോട് എന്തിനാ ഇങ്ങനൊക്കെ പറയണേ?? ഇച്ഛൻ എടുക്കുന്ന ഏത് തീരുമാനവും എനിക്ക് സമ്മതമാണ്..”
” ഞാൻ പറയുന്ന കാര്യം കേട്ടിട്ട് സമ്മതം പറഞ്ഞാൽ മതി.. ”
അവൻ എന്താണ് പറയുന്നേ എന്ന് കേൾക്കാൻ അവൾ കാതോർത്തു…
തുടരും

by