19/04/2026

പ്രണയാർദ്രം : ഭാഗം 15

രചന – അഞ്ജു തങ്കച്ചൻ

അത് മതി ഡാഡി, അവൾ പിടഞ്ഞു പിടഞ്ഞു തീരണം.എനിക്കത് കാണണം.
ഗുപ്തൻ എന്നെ വേണ്ടെന്ന് വച്ചത്, അവളെ കണ്ടതുകൊണ്ടാ.
ഞാൻ എത്ര സ്നേഹിച്ചതാ ഗുപ്തനെ, അവൾ ഒരാളാണ് എല്ലാം നശിപ്പിച്ചത്.

അതെ മോളേ.

ഡാഡി.. ഇനി ഗുപ്തൻ നമ്മുടെ ഹോസ്പിറ്റലിൽ വേണ്ട.

അയാളെ കൊത്തിക്കൊണ്ട്പോകാൻ മറ്റ് ഹോസ്പിറ്റലുകൾ മത്സരിക്കും, അത്രക്കും പേരുണ്ട് മോളെ അവന്.

എനിക്കായാളെ ഇനി കാണണ്ട ഡാഡി..
വെറുത്തു പോയി ഞാൻ.പക്ഷെ അവൻ സന്തോഷമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല. ഈ സാന്ദ്ര തുടങ്ങിയിട്ടേ ഉള്ളൂ…

വേണ്ട മോളേ അയാൾക്ക്‌ പിന്നാലെ നമ്മൾ പോകണ്ട. മോൾക്ക്‌ അച്ഛൻ നല്ലൊരാളെ കണ്ടുപിടിക്കും. അയാൾക്കൊപ്പം മോള് സന്തോഷമായി ജീവിക്കണം. അതെനിക്ക് കാണണം.

ഇപ്പോൾ ഒന്നും വേണ്ട ഡാഡി. എന്റെ മനസ്സ് പാകപ്പെടുമ്പോൾ ഞാൻ പറയാം, അപ്പോൾ ആലോചിച്ചാൽ മതി ഇക്കാര്യം.

ശരി, മോൾ കാത്തിരുന്നോ നല്ലൊരു വാർത്ത കേൾക്കാൻ. ഇനി മുതൽ ഈ ലോകത്തിൽ കാർത്തു ഇല്ല…

അയാളുടെ മുഖത്ത് ക്രൂരഭാവം നിറഞ്ഞു.

***************

ഗുപ്തൻ മനസ്സിൽ ചില കണക്ക് കൂട്ടൽ നടത്തിയിട്ടുണ്ടായിരുന്നു.

സ്വന്തമായി ഒരു ആശുപത്രി തുടങ്ങണം.
അൻപത് ബെഡിന് മുകളിൽ ഉള്ള ഒരു ഹോസ്പിറ്റൽ ആണ് തന്റെ ലക്ഷ്യം.
നിലവിൽ ടൗണിൽ പണിത് കൊണ്ടിരിക്കുന്ന ബിൽഡിങ് വിൽപ്പനക്കുണ്ട് എന്ന് പരസ്യം കണ്ടിരുന്നു. അത് വാങ്ങാവുന്നതേ ഉള്ളൂ..

എങ്കിലും,അത്ര നിസ്സാരമായ ഒരു കാര്യമല്ല ഒരു ഹോസ്പിറ്റൽ തുടങ്ങുക എന്നത്. ഒരുപാട് കാര്യങ്ങൾ അതിനായി ചെയ്യേണ്ടതുണ്ട്.
ഒരു ഹോസ്പിറ്റൽ തുടങ്ങാനാവശ്യമായ ലൈസൻസ് നേടണം ,ഏത് കോർപറേഷന് കിഴിലാണ് എന്നനുസരിച്ചു രജിസ്ട്രേഷൻസിർട്ടിഫിക്കറ്റ് വാങ്ങുക എന്നതാണ് ആദ്യ പടി, അതുകൊണ്ടും തീർന്നില്ല ബയോ മെഡിക്കൽ വേസ്റ്റ് ഓർഗാണൈസേഷൻ സർട്ടിഫിക്കറ്റ്, ഫയർ ലൈസനസ് എന്നിങ്ങനെ കുറേയധികം സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്.

സാരമില്ല, ഒക്കെ നടത്താവുന്നതേ ഉള്ളൂ…

ആദ്യം കറുപ്പന്റെ ചികിത്സയുടെ കാര്യങ്ങൾ നടത്തണം. എന്നിട്ട് മതി ബാക്കി കാര്യങ്ങൾ.

അതിനു മുൻപ് വിപിനെ ഒന്ന് കാണണം. അയാൾ വിപിന്റെ ഹോസ്പിറ്റലിലേക്ക് പോയി.

************

എന്നാലും ഗോപേട്ടാ…ആ പെണ്ണ് ഇവിടെ വന്ന് കാണിച്ചിട്ട് പോയ അക്രമം ഓർക്കുമ്പോൾ എന്റെ കൈ തരിക്കുവാ, ഒരെണ്ണം കൊടുക്കാൻ പറ്റിയില്ലല്ലോ അവൾക്കിട്ട്

എന്റെ പൊന്ന് സൗദാമിനി നീയൊന്നു മിണ്ടാതിരിക്ക്. ഇതിപ്പോൾ ഏത് നേരോം ഇത് തന്നെ പറഞ്ഞോണ്ടിരുന്നാൽ കേൾക്കുന്നവർക്ക് ദേഷ്യം വരില്ലേ…

ഓഹ്… എന്നാൽ ഞാനിനി ഒന്നും മിണ്ടുന്നില്ല
അവർ കെറുവോടെ അകത്തേക്ക് പോയി.

ആ പോക്ക് നോക്കി ഗോപൻ ചിരിച്ചു.

എന്താ അച്ഛാ… അമ്മയുമായി പ്രശ്നം.

ഹേയ് ഒന്നുമില്ലെടാ… വെറുതെ… ദേഷ്യം പിടിപ്പിക്കുന്നതല്ലേ ഞാൻ.

ങ്ഹാ… നീയൊരു കാര്യം അറിഞ്ഞായിരുന്നോ?

എന്താ അച്ഛാ?

നിന്നെക്കൊണ്ട് കാർത്തുവിനെ കെട്ടിക്കണം എന്നാ നിന്റെ അമ്മയുടെ പ്ലാൻ.

ഒന്ന് പോ അച്ഛാ . അതൊരു ചെറിയ കുട്ടിയാണ്.

അവളൊരു മിടുമിടുക്കി കുട്ടിയാടാ. നമ്മൾ കരുതും പോലെയല്ല പ്ലസ്ടു ഡിസ്റ്റിഗ്‌ഷൻ വാങ്ങി പാസ്സായ കുട്ടിയാ. അവളുടെ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് ടീച്ചർമാരെല്ലാം കൂടെ ചേർന്ന് സമ്മാനങ്ങൾ ഒക്കെ വാങ്ങി കൊടുത്തെന്ന്.
ആയുർവേദ ഡോക്ടർ ആകാൻ ആണത്രേ ആ കുട്ടിക്ക് ഇഷ്ട്ടം.

ആ കുട്ടിയുടെ ആഗ്രഹം നടക്കട്ടെ. ഗൗതം പറഞ്ഞു.

ആ കുട്ടിയുടെ ഡോക്ടർ ആകാനുള്ള ആഗ്രഹം മാത്രമല്ല, നിന്റെ അമ്മയുടെ ആഗ്രഹം കൂടെ നടക്കണം. അതിന് നീ മനസ്സ് വയ്ക്കണം.

നീ കാർത്തുവിനെ വിവാഹം കഴിക്കണം.

പറ്റില്ല… ഗൗതം ഉച്ചത്തിൽ പറഞ്ഞു.
എനിക്കതിനു കഴിയില്ല.

കഴിയണം. ഞാൻ നിന്റെ അച്ഛനാണ്, ഞാനും നിന്റെ അമ്മയും നിന്റെ ഏട്ടനും കൂടെ ആലോചിച്ചു വേണ്ടത് എന്താന്നു തീരുമാനിക്കും. നീയങ്ങ് അനുസരിച്ചാൽ മതി.
ഗൗരവത്തോടെ പറഞ്ഞിട്ട് അയാൾ മുറ്റത്തേക്ക് പോയി.

ഗൗതം മുറിയിലേക്ക് പോയി. പതിയെ കട്ടിലിൽ കിടന്നു.

സീത…. അവൾ ഓർമ്മയിൽ നിറയുന്നു.
അവൾ ഒന്നെന്നെ കാണാൻ പോലും വന്നില്ലല്ലോ.
അവൾ എന്നെ സ്നേഹിച്ചിരുന്നില്ലേ??

സ്നേഹിച്ചിരുന്നു, ജീവനായി സ്നേഹിച്ചിരുന്നു.
അവൾ എന്നെ.പിന്നെ എന്തായിരിക്കും അവൾ ഒന്ന് കാണാൻ പോലും വരാത്തത്.

ഒരുപക്ഷെ, അവളെ ഭർത്താവ് ഉപദ്രവിക്കുകയോ മറ്റോ…??
ഓർക്കുമ്പോൾ പോലും ഉള്ളം നടുങ്ങുന്നു.

അവളുടെ വിവാഹത്തിന് മുൻപ് എന്തൊരു മിടുക്കി ആയിരുന്നു അവൾ. ഞങ്ങളുടെ ഓഫീസിൽഎല്ലാവർക്കും അവളെ വലിയ ഇഷ്ട്ടമായിരുന്നു.
അനാഥആയ അവളെ സംരക്ഷിച്ചിരുന്നത് നല്ലവരായ കുറച്ച് സിസ്റ്റേഴ്സ് ആയിരുന്നു.

അവളെ കണ്ട് ഇഷ്ട്ടപ്പെട്ട ഒരാൾ അവളെ വിവാഹം ആലോചിച്ചു. ആരോരും ഇല്ലാത്ത അവൾ ആ വിവാഹത്തിന് സമ്മതിച്ചു. തനിക്കും ചോദിക്കാനും പറയാനും ഒരാൾ ഉണ്ടാകും എന്ന ആഗ്രഹവും അതിന് പിന്നിൽ ഉണ്ടായിരുന്നു.
എന്നാൽ വിവാഹശേഷം അവളുടെ പ്രസരിപ്പെല്ലാം നഷ്ട്ടപ്പെട്ടു.
അവളുടെ സാലറി ഒക്കെ അയാൾ വന്ന് വാങ്ങിക്കും. അയാളുടെ മദ്യപാനവും സംശയരോഗവും.. അവളുടെ എല്ലാ സന്തോഷങ്ങളേയും നശിപ്പിച്ചു.

തനിക്ക് അവളോട്‌ സഹതാപം ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്, പിന്നെ എപ്പോഴോ അത് പ്രണയമായി..
ജീവിതത്തിൽ ഒരിക്കലും സ്നേഹം കിട്ടിയിട്ടില്ലാത്ത അവൾ എപ്പോഴോ തന്റെ സ്നേഹത്തിൽ സമാധാനം കണ്ടെത്തി.

അവളുടെ ആശ്വാസം ഞാൻ മാത്രമായിരുന്നു.
ഡിവോഴ്സ് നടത്തി അയാളിൽ നിന്നും രക്ഷപെടാൻ ഞങ്ങൾ ഓഫീസിൽ ഉള്ള എല്ലാവരും അവളോട്‌ പറഞ്ഞതാണ്.
പക്ഷെ അവൾക്ക് അയാളെ ഭയമായിരുന്നു
.
ഡിവോഴ്സിന് അയാൾ ഒരിക്കലും സമ്മതിക്കില്ലെന്നും, അവളെ കൊല്ലുമെന്നും അവൾ ഭയന്നിരുന്നു.

ഏതോ അടിപിടി കേസിന് അയാൾ ജയിലിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ അവൾ ഭയങ്കര സന്തോഷവതി ആയിരുന്നു.

അന്ന് ഞങ്ങൾ ഓഫീസിൽ ഉള്ളവർ എല്ലാം കൂടെ അവളെയും കൂട്ടി പുറത്തൊകെ പോയി..
ഒരുപാട് അവളെ സന്തോഷിപ്പിച്ചു.
ഞങ്ങളുടെ മാനേജർ മുൻകൈ എടുത്ത് അവളെ അവരുടെ വിദേശത്തുള്ള ഓഫിസിൽ നിയമിക്കാം എന്ന് പറഞ്ഞു.
അതിനുള്ള എല്ലാ പേപേഴ്സും റെഡിയാക്കാൻ,ചില ഡോക്യുമെന്റ്സ് എടുക്കാൻ അവൾക്കൊപ്പം വീട്ടിൽ പോയപ്പോഴാണ് സാരി വിടവിലൂടെ അവളുടെ വെളുത്ത വയറിലെ പൊള്ളലേറ്റ പാടുകൾ കണ്ടത്.
ഞാനത് അവളോട്‌ ചോദിച്ചപ്പോൾ ഭർത്താവിന്റെ അത്തരം പ്രവർത്തികൾ ഉടലിൽ പലയിടത്തും ഉണ്ടെന്ന് അവൾ അലസമായി പറഞ്ഞു.
ആരോരും ഇല്ലാത്ത ആ പാവത്തിനോട് എനിക്കെന്താണ് തോന്നിയതെന്ന് എനിക്കറിയില്ല.
ഞാനന്ന് അവളെ ചേർത്തു പിടിച്ചു ചുംബിച്ചു.
ആദ്യമായി അവളെ സ്നേഹത്തോടെ ചേർത്തുപിടിച്ച ഒരാൾ ഞാൻ ആയിരുന്നത് കൊണ്ടാകാം അവൾ ഒരു കുഞ്ഞിനെ പോലെ എന്റെ നെഞ്ചിൽ ചേർന്ന് നിന്നത്.

പക്ഷെ പിന്നെ എപ്പോഴോ ഞാനവളിൽ ചുംബനങ്ങൾ നിറച്ചു. അയാൾ പൊള്ളിച്ചു രസിച്ചയിടങ്ങളിൽ ഞാൻ രതിയുടെ നീലയുമ്മകൾ അർപ്പിച്ചു. അവൾ എതിർത്തില്ല.
ഞാൻ ആദ്യമറിഞ്ഞ പെണ്ണാണ് അവൾ, അവളിലെ പെണ്ണിനെ ഉണർത്തിയ ആദ്യത്തെ ആണ് ഞാനും.

പരസ്പരം ഒരുപാട് ഞങ്ങൾ സ്നേഹിച്ചു. പക്ഷെ പിന്നീട് ഒരിക്കലും ഞങ്ങൾ ഉടൽ പകുത്തിട്ടില്ല.അതിനവൾ സമ്മതിച്ചിട്ടില്ല.

ഒന്ന് മാത്രം അവൾ പറഞ്ഞു. ഗൗതം നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കണം എന്ന്.

പക്ഷെ, എനിക്കവളിൽ വിരിഞ്ഞ്, അവളിൽ കൊഴിഞ്ഞാൽ മതി.

അവൾ വിദേശത്ത് പോകാൻ കാത്തിരുന്ന ആ ദിവസം, അവളുടെ ഭർത്താവ് ജയിലിൽ നിന്നും വന്നു. അവളുടെ പാസ്പോർട്ട് അയാൾ കീറി കളഞ്ഞു.
പിന്നെ അവൾ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഓഫീസിൽ വന്ന് തുടങ്ങി.

പിന്നീട് എനിക്ക് കരൾരോഗം ബാധിച്ചു.തുടക്കത്തിലേ അറിയാൻ പറ്റിയില്ല, രോഗം മൂർച്ഛിച്ചതോടെ അവളെ ഒന്ന് കാണാൻ കൊതി തോന്നി.

വേറൊന്നിനും അല്ല വെറുതെ ഒന്ന് ചേർത്തു നിർത്താൻ, ഞാൻ മരിച്ചു പോയാൽ ഈ ഭൂമിയിൽ ആരും അവളെ സ്നേഹത്തോടെ ചേർത്തുനിർത്താൻ കാണില്ല.

അന്ന് വെറുതെ അവളെ തന്റെ കൈമടക്കിൽ ഒരു കുഞ്ഞിനെ പോലെ ചേർത്തുകിടത്തി.

പെട്ടന്ന് തീരെ അവശൻ ആയി താൻ മറിഞ്ഞു വീണു.
ആരാണ് ഹോസ്പിറ്റലിൽ എത്തിച്ചത് എന്നുപോലും ഓർമ്മയില്ല.

ഇന്നിപ്പോൾ അവൾ എവിടെയാണെന്ന് കൂടെ അറിയില്ല.

ഓഫിസിൽ നിന്നും മറ്റ് സുഹൃത്തുക്കൾ തന്നെ കാണാൻ വന്നിരുന്നു, അവർ പറഞ്ഞത് അവൾ ഓഫിസിൽ വരാറില്ല എന്നാണ്.

പിന്നെ എവിടെയായിരിക്കും അവൾ??

************

കറുപ്പന്റെ സർജറി ഉടനെ നടത്താം എന്ന് തീരുമാനിച്ചാണ് ഗുപ്തൻ മടങ്ങി വന്നത്.

അക്കാര്യം കാർത്തുവിനോടും കറുപ്പനോടുംപറയാൻ അയാൾ അവർ താമസിക്കുന്ന വീട്ടിൽ എത്തി.

വീടിന് മുൻപിൽ വണ്ടി നിർത്തിയതും സൗദാമിനി അങ്ങോട്ട് ഓടി വന്നു.

മോനേ അവരെ ഇവിടെ കാണുന്നില്ല. ഞാൻ എല്ലായിടത്തും നോക്കി.

അയാൾ ഞെട്ടലോടെ അമ്മയെ നോക്കി.

മോനേ,അവരുടെ സാധനങ്ങളും ഒന്നും കാണുന്നില്ല.

അയാൾ അകത്തേക്ക് ഓടിക്കയറി

*************
തുടരും.