23/04/2026

വാണി ലക്ഷ്മി : ഭാഗം 04

രചന – ജ്വാലാമുഖി

ഒരു പരിചയവും ഇല്ലാത്ത സ്ഥലത്തു വിഷ്ണു എന്നെ ഒറ്റക്കാക്കി പോയപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി…

കടലിലെ തിരകളിലേക്ക് കണ്ണുംനട്ട് കുറെ നേരം ഞാൻ അവിടെ ഇരുന്നു…

കോളേജിലേക്കെന്നും പറഞ്ഞു പോന്നിട്ടു ഇനി ഇപ്പൊ വീട്ടിൽ പോകാൻ പറ്റില്ല…

വൈകുന്നേരം വരെ അവിടെ കഴിച്ചു കൂട്ടി….പോണവരും വരുന്നവരും ഒക്കെ എന്നെ തന്നെ നോക്കി പിറുപിറുത്തു….

എന്തായാലും ഒന്ന് ഞാൻ ഉറപ്പിച്ചു… ഇനി അയാളുടെ പിറകെ പോകില്ല…

വൈകിട്ട് വീട്ടിലേക്കു ചെല്ലുമ്പോൾ മനസ്സ് ആകെ കലങ്ങി മറിഞ്ഞു കിടക്കുവായിരുന്നു…

“ആഹാ… അമ്മേടെ ചട്ടമ്പി വന്നോ… ”

ബാഗ് റൂമിൽ കൊണ്ടു ഇട്ടിട്ടു ഞാൻ താഴേക്കു പോന്നു..

“ഞാൻ തറവാട്ടിൽ പോവാ… ”

“ഇപ്പോളോ… ”

“അമ്മ കുറച്ചു കഴിയുമ്പോൾ അങ്ങ് വന്നാൽ മതി… എനിക്ക് അച്ഛമ്മയെ കാണണം… ”

“കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് പോയാൽ മതി… ”

ശരിയാ ഇല്ലെങ്കിൽ അച്ഛമ്മക്ക് ദേഷ്യം വരും… പെൺകുട്ടികൾ എപ്പോളും നല്ല വൃത്തി ആയി ഇരിക്കണം എന്നാ എപ്പോളും അച്ഛമ്മക്ക് ഇഷ്ടം…

ഞാൻ വേഗം കുളിച്ചു റെഡി ആയി വന്നു..

“മോളു… ”

“ഉം… ”

“ഒരു സന്തോഷവാർത്ത ഉണ്ട്… ”

“എന്താ… അമ്മക്ക് ഉണ്ണി ഉണ്ടാകാൻ പോവണോ?? ”

“ചെ…. വേണ്ടാതീനം പറഞ്ഞോളൂ… ”

“എങ്കിൽ പറ… എന്താ… ”

“അച്ഛൻ അടുത്ത ആഴ്ച വരുന്നുണ്ട്… ”

“ആണോ… !!”

സത്യത്തിൽ എനിക്ക് അച്ഛനോളം കമ്പനി അമ്മയുമായി ഇല്ല.. അതുകൊണ്ട് തന്നെ അച്ഛൻ ആണ് എന്റെ ബെസ്റ്റ് ഫ്രഡ്…

“ചിപ്പി ടെ കല്യാണം ഏകദേശം റെഡി ആയിട്ടുണ്ട്… അവർ ഓക്കേ പറഞ്ഞു… ”

ഇടിവെട്ട് കൊണ്ട പോലെ ഞാൻ അവിടെ ഇരുന്നു പോയി…

വാക്കുകൾ തൊണ്ടയിൽ കിടന്നു ശ്വാസം മുട്ടിച്ചു…

“നാളെ ശോഭന ചേച്ചിയും അളിയനും ശരത്തും വരുന്നുണ്ട്… ”

ശോഭനമ്മായി എന്റെ അച്ഛന്റെ മൂത്ത പെങ്ങൾ ആണ്.. അവരുടെ മകൻ ആണ് ശരത്ത്.. സത്യത്തിൽ എന്റെയും ചിപ്പി ചേച്ചീടേം മുറച്ചെറുക്കൻ ആണ് ശരത്തേട്ടൻ… !!!

“ഉം… ”

“ഈ മാസം ലാസ്റ്റ് നിശ്ചയം നടത്താം എന്നാ പറയണേ… കുറച്ചു പേര് നാളെ ചെക്കന്റെ വീട് കാണാൻ പോണുണ്ട്… അച്ഛൻ വന്നിട്ട് അച്ഛനും കൂടെ പോകും… ”

“ഉം… ”

“അച്ഛൻ വന്നാൽ നിന്റെം ജാതകം കൂടി ഒന്ന് നോക്കണം… പണ്ട് ജാതകം വായിച്ചപ്പോൾ എന്തോ ദോഷം പറഞ്ഞൊരു ഓർമ്മ പോലെ… ”

“എന്തിനാ ഇപ്പൊ അതൊക്കെ നോക്കാനേ അമ്മേ… ”

“മോളെ പെൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ അച്ഛനമ്മമാർക്ക് ഉള്ളിൽ തീയാ… എത്ര കാലം എന്ന് വച്ചാ അച്ഛൻ ആ മരുഭൂമിയിൽ കിടന്നു കഷ്ടപെടാ… ”

ഞാൻ ഒന്നും മിണ്ടാതെ എന്റെ മുറിയിലേക്കു നടന്നു..

“നി തറവാട്ടിൽ പോണില്ലേ.. ”

“ഇല്ലമ്മേ… ”

എന്റെ കണ്ണുനീരും കരച്ചിലിന്റെ താളവും ആ മുറിയിൽ മാത്രം ഒതുങ്ങി…

കരഞ്ഞു കരഞ്ഞു എപ്പോളോ ഉറങ്ങി പോയി…

******

ഇന്നലെ ആയിരുന്നു ചെക്കന്റെ വീട്ടിലേക്കു എല്ലാവരും പോയത്…. പോയവർക്കെല്ലാം ചെക്കനെ കുറിച്ച് പുകഴ്ത്തി പറയാൻ നൂറു നാവ്…

അതൊക്കെ കേൾക്കാത്ത പോലെ ഞാൻ മാറി നിന്നു…

****

ഇന്ന് വൈകിട്ട് എന്റെ അച്ഛൻ വരും…

അതാണ് ഇപ്പൊ എന്റെ ഏക ആശ്വാസം…

വൈകിട്ട് അച്ഛനെ കൊണ്ടു വരാൻ വല്യച്ചനും അമ്മായിയും അമ്മയും പിന്നെ ഞാനും കൂടെ പോയി…

ചെക്ക് ഔട്ട്‌ കഴിഞ്ഞു ഇറങ്ങി വന്ന അച്ഛനെ ഓടിച്ചെന്നു ഞാൻ കെട്ടിപ്പിടിച്ചു.. പക്ഷെ എന്റെ സങ്കടം ഒരു മഴയായി പെയ്‌തിറങ്ങി…

“അച്ഛൻ ഇങ്ങ് വന്നില്ലേ… പിന്നെന്തിനാ അച്ഛന്റെ വാവ കരായണേ… ”

ഞാൻ ഒന്നും മിണ്ടാതെ കണ്ണു തുടച്ചു…

“പെണ്ണിനെ വല്ലാതെ കൊഞ്ചിക്കല്ലേ… ”

അമ്മ അത് അച്ഛന്റെ ചെവിയിൽ പറയുമ്പോൾ ഞാൻ ഒന്നുടെ അച്ഛനെ ചേർന്നു നിന്നു…

“ദേവാ നാളെ ചിപ്പിടെ ചെക്കന്റെ വീട് വരെ നി ഒന്ന് പോണം… ഗൗരിയും പോയിട്ടില്ല… നി വന്നിട്ടേ അവളും പോന്നുള്ളു എന്നാ പറഞ്ഞത്… ”

“അതിനെന്താ ഞാനും വാവേം ഗൗരിയും കൂടെ പോയി ഒന്ന് കണ്ടിട്ട് വരാം… ”

അച്ഛനും വല്യച്ചനും തമ്മിലുള്ള സ്നേഹം കണ്ടാൽ എനിക്ക് പോലും കുശുമ്പ് തോന്നും… വിഷ്ണു നെ അച്ഛന് കൂടെ തൃപ്തിപ്പെട്ടാലേ വല്യച്ചന് സമാധാനം ആകുള്ളൂ…

ഞങ്ങൾ നേരെ തറവാട്ടിലേക്കാണ് പോയത്.. അച്ഛമ്മ അച്ഛനെ കണ്ടതും ഓടി വന്നു…

എല്ലാവരും കൂടി കുറച്ചു നേരം സംസാരിച്ചു ഇരുന്നു..

തിരിച്ചു വീട്ടിൽ വന്നതും… ലഗേജ്‌ജ് ഒക്കെ ഇറക്കി വച്ചു… അച്ഛൻ അകത്തു പോയി ഡ്രസ്സ്‌ ഒക്കെ മാറി ഒരു തോർത്തുടുത്തു വന്നു…

കുളത്തിലേക്കാണ്… വന്നപാടെ ഒരു കുളി.. ഇതു ഞാൻ കുറെ കണ്ടതാ..

അച്ഛന്റെ കൂടെ സോപ്പും പിടിച്ചു ഞാനും നടന്നു..

കുളത്തിലേക്ക് നോക്കി ഓരോന്ന് ആലോചിച്ചു ഞാൻ ആ പടവിൽ ഇരുന്നു…

“വാവേ… ”

“ഉം… ”

“എന്താ പറ്റിയെ.. “”

“അച്ഛന്റെ കുട്ടി ഇങ്ങനെ ഒന്നും അല്ലാലോ… ”

ഞാൻ ഒന്നും മിണ്ടിയില്ല…

“എന്തോ ഉണ്ട്.. എയർപോർട്ടിൽ വച്ചു മോളു കരഞ്ഞപ്പോൾ തന്നെ അച്ഛന് അത് തോന്നി.. ”

എല്ലാം അച്ഛനോട് തുറന്നു പറയുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു പേടി ആയിരുന്നു…

പക്ഷെ അച്ഛൻ അതെല്ലാം ചിരിച്ചു കൊണ്ടു കേട്ടു..

“ഇത്ര സുന്ദരൻ ആണോ വിഷ്ണു… ”

“ദേ അച്ചേ… വേണ്ടാട്ടോ.. ”

“ചുമ്മാ പറഞ്ഞതാ വാവേ… ഇനി അച്ഛന്റെ മോൾ അത് മറന്നു കള…അവനെക്കാൾ സുന്ദരൻ ചെക്കനെ അച്ഛൻ മോൾക്ക്‌ കണ്ടു പിടിച്ചു തരും… ”

കുളി കഴിഞ്ഞു തിരിച്ചു പോരുമ്പോളും അച്ഛൻ വളരെ കൂൾ ആയിട്ടാണ് എന്നോട് സംസാരിച്ചത്…

വീട്ടിൽ എത്തി കുറച്ചു നേരം സംസാരിച്ചു ഇരുന്നു…

അമ്മയാണേൽ അടുക്കളയിൽ തന്നെ ആണ്… അച്ഛന് ഇഷ്ടം ഉള്ള ഉള്ളിത്തിയലും ഒക്കെ ഉണ്ടാക്കി എലാവരും കൂടെ ഊണൊക്കെ കഴിച്ചു…

കിടക്കാൻ നേരം അച്ഛൻ പെട്ടി തുറന്നു ഒരു ബാർബി ഗേൾ നെ എനിക്ക് നീട്ടി… ഇത് എല്ലാ വരവിലും ഉള്ളതാ…

“ഇനി വാവ പോയി കിടന്നു ഉറങ്ങു… നാളെ നേരത്തെ പോണം നമുക്ക്.. ”

ഞാൻ വരില്ല എന്ന് പറയണം എന്ന് തോന്നി… പക്ഷെ പിന്നെ തോന്നി തോറ്റു മാറി നിൽക്കേണ്ട കാര്യം എന്തിരിക്കുന്നു… നെഞ്ചു വിരിച്ചു ചെല്ലും ഞാൻ…

******

രാവിലെ കുളിച്ചു സുന്ദരി ആയി…. ഇതുവരെ ഉടുക്കാത്ത ഒരു പുതിയ ദാവണി എടുത്തു ഉടുത്തു ഞാൻ..

കണ്ണു നീട്ടി എഴുതി… നെറ്റിയിൽ ഒരു ചുവന്ന വട്ടപ്പൊട്ടും തൊട്ടു.. കൈ നിറയെ കുപ്പിവളകളും ഇട്ടു… കണ്ണാടിയിൽ പിന്നേം പിന്നേം നോക്കി…

താഴേക്കു ഇറങ്ങി വന്ന എന്നെ കണ്ടു അച്ഛൻ കണ്ണും മിഴിച്ചു നിന്നു പോയി..

“ഇതെന്താ കഥകളിക്ക് പോവണോ നി.. ”

“ദേ അമ്മേ രാവിലെ തന്നെ എന്നെ ചൊറിയാൻ വന്നോളുട്ടാ.. ”

“എന്തിനാ ഗൗരി നി എന്റെ മോളെ ഇങ്ങനെ പറയണേ… അല്ലേലും ഈ പെണ്ണുങ്ങൾക്ക്‌ അസൂയ ആണ്… എന്റെ കൊച്ചിനെ കണ്ടാൽ അവർ ഇനി ചിപ്പി വേണ്ട എന്ന് പറയോ… ”

ആ പറഞ്ഞത് എന്റെ ചങ്കിൽ ആഞ്ഞടിച്ചതിനു തുല്യം ആയിരുന്നു…

ഞാൻ അച്ഛനെ തുറിപ്പിച്ചു ഒന്ന് നോക്കി…

കൈ വിട്ടു പോയ നിധി… അതാണെനിക്കിന്നു വിഷ്ണു… !!!!

ഇനി അതോർത്തു കരയാനെ കഴിയൂ… പോരാത്തതിന് ഇനി ചേച്ചിയുടെ ഭർത്താവും കൂടെ ആകാൻ പോകുന്നു…

ആലോചിച്ചു പ്രാന്ത് പിടിച്ചു ഞാൻ കാറിൽ കയറി…

അച്ഛനും അമ്മയും കൂടെ ഫ്രഡിൽ ഇരുന്നു സൊള്ളുമ്പോൾ മകൾ ഇവിടെ പ്രണയം പൊട്ടി ചങ്ക് മുറിഞ്ഞു ചാകുന്നു…

കാർ ആ വലിയ ഗെറ്റ് കടന്നു വിഷ്ണു വിന്റെ വീടിന്റെ പോർച്ചിൽ നിർത്തിയപ്പോൾ ആണ് ഞാൻ ഓർമകളിൽ നിന്നും തിരിച്ചു വന്നത്..

ഞങ്ങളെ കാത്തു ഉമ്മറത്തു തന്നെ വിഷ്‌ണുവും അച്ഛനും അമ്മയും അനിയത്തിയും നില്പുണ്ടായിരുന്നു…

ആ മുഖത്തേക്ക് നോക്കാൻ ഉള്ള ശക്തി എനിക്ക് ഇല്ലായിരുന്നു…

“ചേച്ചി…. ”

അനിയത്തി കുട്ടി ഓടി വന്നെന്നെ വട്ടം പിടിച്ചു…

“ചേച്ചീനെ കണ്ടിട്ട് ഇപ്പൊ കുറെ നാളായല്ലോ… ”

“ഞാൻ ഇപ്പൊ ബസിൽ പോകാറില്ല… ”

“ആണോ ചേട്ടൻ പക്ഷെ ഇപ്പോളും എന്നെ കൊണ്ടാക്കി ചേച്ചി നെ നോക്കി നിൽക്കനുണ്ട് ”

അവൾ അതെന്റെ ചെവിയിൽ പറഞ്ഞതും ഷോക്ക് അടിച്ച പോലെ ആയി പോയി ഞാൻ..

അച്ഛനും അമ്മയും ഒക്കെ എല്ലാവരുമായി സംസാരിച്ചു നിൽകുമ്പോൾ അവൾ എന്നെ പിടിച്ചു വലിച്ചു കൊണ്ടു പോയി…

“ചേച്ചി വാ… ഒരു കൂട്ടം കാട്ടിത്തരാം.. ”

“ഏയ്… കുഞ്ഞാറ്റേ ആ കൊച്ചു വല്ലതും കഴിക്കട്ടെ… ”

“സാരല്ല്യ ഇപ്പൊ വരാ അമ്മ… ”

വിഷ്ണുവിന്റെ അമ്മ… എന്തൊരു സുന്ദരി ആണവർ… സെറ്റ് സാരിയിൽ ഉദിച്ചു നിൽക്കുന്ന ഒരു തമ്പുരാട്ടി… നെറ്റിയിൽ പടർന്ന സിന്ദൂരം… അതിനു താഴെ വലിയ വട്ടപ്പൊട്ടും മഞ്ഞൾ കുറിയും… ഞാൻ നോക്കി നിന്നു പോയി…

അമ്മ കുഞ്ഞാറ്റയെ തിരിച്ചു വിളിച്ചു എങ്കിലും അവൾ പോയില്ല..

അവൾ എന്നെ കൊണ്ടു പോയത് വിഷ്ണുവിന്റെ മുറിയിലേക്ക് ആയിരുന്നു…

അവൾ എന്തോ എന്നെ കാണിക്കാൻ എടുത്തതും വിഷ്ണു അങ്ങോട്ട്‌ വന്നു…

“അയ്യോ ചേട്ടൻ… ”

എന്ന് പറഞ്ഞു അവൾ ഒറ്റ ഓട്ടം…

ഞാൻ കൂട്ടിലടച്ച വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി… കറക്റ്റ് വഴിയിൽ തന്നെ ആണവന്റെ നിൽപ്പ്..

എന്റെ കൃഷ്ണ…

“നിനക്കെന്താ ഇവിടെ കാര്യം.. ”

“അത്… ആ കുട്ടി .. ”

“കുട്ടി… ”

“അത്… ”

“ഒരാളുടെ വീട്ടിൽ വന്നാൽ എങ്ങനെ പെരുമാറണം എന്ന് നിനക്ക് അറിയില്ലേ… ”

“സോറി… ”

എന്ന് പറഞ്ഞു ഞാൻ അവനെ കടന്നു നടക്കാൻ ശ്രമിച്ചതും.. ആ കൈകൾ എന്റെ കൈ മുട്ടിൽ പിടിച്ചു നിർത്താൻ ആഞ്ഞതും ഞാൻ കൈ മാറ്റി.. പെട്ടന്ന് ആ കൈകൾ എന്റെ ഇടുപ്പിൽ മുറുകിയതും ഞാൻ കുതറി മാറി..

“നി പോകാൻ വരട്ടെ… !!!”

“എനിക്ക് പോണം… നിങ്ങൾ വഴിന്നു മാറൂ… ”

“എനിക്ക് നിന്നോട് അല്പം സംസാരിക്കണം… ”

“വിച്ചു… ആ കുട്ടിയെ ചായ കുടിക്കാൻ വിളിക്കു… ”

താഴെ നിന്നു അമ്മയുടെ സ്വരം കേട്ടതും വിഷ്ണു സൈഡ് തിരിഞ്ഞു നിന്നു മറുപടി പറയാൻ ആഞ്ഞതും അവനെ തള്ളിയിട്ടു ഞാൻ താഴേക്കു ഓടി..

കോണിപ്പടികൾ ഇറങ്ങുമ്പോൾ എന്റെ പാദസരത്തിന്റെ കിലുക്കം കേട്ടു എല്ലാവരും എന്റെ കാലിലേക്ക് തുറിച്ചു നോക്കി…

ഞാൻ പാവാട താഴ്ത്തി ഇട്ടു അച്ഛന്റെ അടുത്തായി പോയി ഇരുന്നു…

കുറച്ചു കഴിഞ്ഞു അമ്മയും വിച്ചുന്റെ അമ്മയും കൂടെ അടുക്കളയിൽ സംസാരത്തിൽ മുഴുകി.. എനിക്ക് കമ്പനി കുഞ്ഞാറ്റ ആയിരുന്നു..

അപ്പോളാണ് അച്ഛനും വിഷ്ണുവും കൂടെ മാറി നിന്നു സംസാരിക്കുന്നത് ഞാൻ കാണുന്നത്…

എന്താണ് ഇവർക്ക് ഇത്ര സംസാരിക്കാൻ എന്ന് ആലോചിച്ചു താടിക്കു കയ്യും ഊന്നി നിന്നു ഞാൻ…

തിരിച്ചു വന്ന അച്ഛൻ ഒരുപാട് ഹാപ്പി ആയിരുന്നു….

തുടരും….