രചന – ഭദ്രരുദ്ര
അഭിയും ശ്രുതിയും മുരുകനോടും പവിഴത്തിനോടും അവരുടെ മക്കളോടും യാത്ര പറഞ്ഞ് ശങ്കുണ്ണി നായരുടെ കൂടെ അവിടെ നിന്നും ഇറങ്ങി . അവർ മൂവരും അഭിയുടെ തറവാട് ആയ ശ്രീമംഗലത്തേക്ക് യാത്രതിരിച്ചു .
മണിക്കൂറുകൾ നീണ്ടുനിന്ന യാത്രയായതിനാൽ തന്നെ യാത്രയ്ക്കിടയിൽ ശ്രുതി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു . ആർമി കാറിന്റെ മുൻ സീറ്റിലിരുന്ന് ശ്രുതിയെ നോക്കുമ്പോൾ അവർ നല്ല ഉറക്കത്തിലായിരുന്നു . കണ്ണുകൾ രണ്ടും ചിമ്മിയടച്ച് വളരെ ശാന്തമായ ഉറക്കം . അവളുടെ സുഖനിദ്രയ്ക്ക് ബംഗം വരണ്ട എന്ന് കരുതി ആർമി ശങ്കുണ്ണിനായരോട് കാറ്റിന്റെ വേഗത കുറച്ച് പോകാൻ ആവശ്യപ്പെട്ടു .
നീണ്ട യാത്രയ്ക്കൊടുവിൽ അവർ അഭിയുടെ തറവാടായ ശ്രീ മംഗലത്ത് എത്തി . ഇരുമ്പിന്റെ പടുകൂറ്റൻ ഗേറ്റിനാലും അതിനെ തൊട്ടു കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വൻ മതിലുകളാലും പിന്നെ കൊമ്പൻ മീശക്കാരായ രണ്ടു സെക്യൂരിറ്റി ഗാർഡീനാലും ശ്രീമംഗലം എന്ന തറവാടിന് അതിർത്തി തീർത്തിരിക്കുന്നു . മെയിൻ എൻട്രൻസിൽ നിന്നും അല്പം ദൂരത്തിലാണ് ശ്രീമംഗലം ഉള്ളത് . ഗേറ്റ് കടന്നു ഉള്ള വഴി ടാർ ചെയ്ത ഇരു കൈവഴികളായി പിരിയുന്നു . ആ ഇരു കൈ വഴികൾക്ക് നടുവിൽ അതിമനോഹരമായ പൂന്തോട്ടമാണ് . ആ വഴിയുടെ ഇരുവശങ്ങളിലും അതിമനോഹരമായ ചെടികൾ വച്ചു പിടിപ്പിച്ചിരിക്കുന്നു . ആ വീടിന്റെ മറ്റൊരു കോണിലായി ഒരു വലിയ സിമ്മിംഗ് പൂൾ കാണാം . അതിനടുത്തു തന്നെയാണ് അതിമനോഹരമായ പാർക്ക് ഉള്ളത് . ഇതൊക്കെയാണോ തന്റെ മനസ്സിലുള്ള ചിത്രം തറവാടിന്റെ പഴയ ചിത്രം . എന്നാൽ ഇന്ന് ഇതൊക്കെ ഒരുപാട് മാറിയിരിക്കുന്നു .
ഒരുപാട് കാലത്തിനു ശേഷമാണ് ആർമി തിരിച്ച് തന്റെ വീട്ടിലേക്ക് വരുന്നത് , ഇവിടെ പ്രത്യേകിച്ച് ഒരു മാറ്റവും അവന് കാണാൻ കഴിഞ്ഞില്ല . എന്നാൽ ചെടികളെല്ലാം , ജലത്തിന്റെ അഭാവംമൂലം വാടി തുടങ്ങിയത് അവൻ കണ്ടിരുന്നു . പൂന്തോട്ടങ്ങളിലും ഇത് തന്നെ അവസ്ഥ . പാർക്കിൽ ആണെങ്കിൽ നിശ്ചലമായി ഇരിക്കുന്ന ഊഞ്ഞാലകളും , ഇരിപ്പിടമായ സിമന്റ് ബഞ്ചും , വറ്റി വരണ്ടു കിടക്കുന്ന ആമ്പൽ കുളവും , വെള്ളമില്ലാതെ ഒഴിച്ചിരിക്കുന്ന സ്വിമ്മിംഗ് പൂളും , തരിശുഭൂമി പോലെ ഉണങ്ങിക്കിടക്കുന്ന പൂന്തോട്ടം മുറ്റവും ഒരു തരം സ്മശാന മൂകത അനുഭവപ്പെട്ടു .
വീടിന്റെ പോർച്ചിൽ കാർ സഡൻ ബ്രേക്ക് ചെയ്തു നടത്തിയപ്പോഴാണ് ശ്രുതി ഉറക്കത്തിൽ നിന്നും ഉണർന്നത് . പെട്ടെന്ന് ഞെട്ടിയുണർന്ന ഉടനെതന്നെ അവൾ കാറിൽ നിന്നും പുറത്തേക്കിറങ്ങി . അഭിയുടെ തറവാടും പരിസരവും ചുറ്റും വീക്ഷിക്കാൻ തുടങ്ങി . അപ്പോഴേക്കും അവരുമായി വന്ന് ശങ്കുണ്ണിനായർ പെട്ടെന്ന് തന്നെ അകത്തേക്ക് കയറിപ്പോയി .
ആ വീട് തന്നെ ഇമചിമ്മാതെ നോക്കി നിൽക്കുന്ന ശ്രുതിയെ കണ്ടപ്പോൾ അഭിയ്ക്ക് ശരിക്കും ചിരി വന്നു .
” എങ്ങനെയുണ്ട് ശ്രുതി എന്റെ വീട് ? ”
” വീടോ ഇതോ , ഇത് ശരിക്കും കാണാൻ ഒരു പാലസ് പോലെയുണ്ട് . അടിപൊളിയായിട്ടുണ്ട് . ”
അവള് മൂന്നുനില കെട്ടിടത്തിന് അടിമുതൽ മുടി വരെ നോക്കിയതിനു ശേഷം പറഞ്ഞു .
അല്പസമയത്തിനുശേഷം ആ വീടിനുള്ളിൽ നിന്നും വരിവരിയായ് ഒരുപാടാളുകൾ പുറത്തേക്ക് വന്നു .
” ഈ വീട്ടിൽ ഇത്രയധികം ആൾക്കാർ താമസിക്കുന്നുണ്ടോ ? ”
ശ്രുതി അഭിയോടായി ചോദിച്ചു . എന്നാൽ അതിനു മറുപടി ഒന്നും പറയാതെ അവൻ അവരുടെ മുഖത്തേക്ക് നോക്കിനിൽക്കുകയായിരുന്നു . അവന്റെ മുഖഭാവം കണ്ട് അവളും അവരെ നോക്കി . അവരുടെ എല്ലാവരുടെയും മുഖത്ത് ചെറിയൊരു ദേഷ്യം നിഴലിച്ചു കാണാം . അവരെല്ലാവരും തന്നെയാണ് നോക്കി നിൽക്കുന്നത് എന്ന്അവൾക്ക് അപ്പോഴാണ് മനസ്സിലായത് . അതുകൊണ്ടുതന്നെ പിന്നെ അവൾ അവരെ നോക്കാൻ മുതിർന്നില്ല .
പെട്ടെന്ന് അഭി ശ്രുതിയുടെ കൈപിടിച്ച് അകത്തേക്ക് കയറാൻ തുടങ്ങിയത് , അപ്പോൾ തന്നെ ആ കൂട്ടത്തിലെ കുറച്ച് തല മുതിർന്ന സ്ത്രീ അവർക്കു മുന്നിലായി വന്നു .
” നിൽക്കവിടെ , പുറത്തുപോയി ഒരുപാട് കാലത്തിനു ശേഷം വീട്ടിലേക്ക് തിരിച്ചു വരുന്നവരെ ആരതി ഉഴിഞ്ഞതിനുശേഷമേ അകത്ത് കയറു എന്നത് നിനക്കോർമ്മയില്ലേ ”
ഹോ ഇതായിരുന്നോ , ഞാൻ വെറുതെ പേടിച്ചു . ശ്രുതി അഭിയെ നോക്കി മനസ്സിൽ പറഞ്ഞു .
അപ്പോൾ തന്നെ അകത്തു നിന്നും ഒരു സ്ത്രീ ആരതി തട്ടുമായി വന്നു . നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം , നെറ്റിയിലൊരു ഭസ്മക്കുറി തൊട്ടിട്ടുണ്ട് . അവരുടെ വേഷവിധാനങ്ങൾ കണ്ടിട്ട് ഇവിടുത്തെ വേലക്കാരി ആണെന്നു തോന്നുന്നു . അവർ അഭിയുടെ നേരെ മുന്നിൽ നിന്ന് ആരതി ഉഴിയാൻ തുടങ്ങിയപ്പോൾ അഭി പെട്ടെന്ന് തന്നെ എന്നെയും അവന്റെ തോളോട് ചേർത്ത് നിർത്തി . അത് കണ്ടപ്പോൾ അവർ എല്ലാവരും ഞങ്ങളെ തന്നെഒന്ന് നോക്കി നിന്നു . എന്നാൽ കുറച്ചു ദൂരെ മാറി ആ വീടിന്റെ മറ്റൊരു കോണിൽ ഞങ്ങളെ തന്നെ കോപത്തോടെ നോക്കുന്ന രണ്ട് കണ്ണുകൾ ഞാൻ കണ്ടു . മറ്റു കണ്ണുകളിൽ വെറും പരിഭവവും ദേഷ്യവും മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത് . എന്നാൽ ആ കണ്ണുകളിൽ പക മാത്രമാണ് ഞാൻ കണ്ടത് . ആരതി ഉഴിഞ്ഞതിനുശേഷം അവനെയുംക്കൊണ്ട് മുകളിലേക്ക് പടികൾ കയറുമ്പോഴും എന്റെ കണ്ണുകൾ ആ കണ്ണുകളെ തിരയുകയായിരുന്നു .
രണ്ടാം നിലയിലുള്ള ഒരു റൂമിലേക്ക് ആണ് അഭി എന്നെ കൊണ്ടുപോയത് . അവനവന്റെ പോക്കറ്റിൽ നിന്നും റൂമിലെ കീ എടുത്ത് അത് എനിക്ക് മുന്നിൽ തുറന്നു തന്നു . അതിനകം ശരിക്കും അതിവിശാലമായിരുന്നു . എന്നാൽ ആ റൂം കണ്ടപ്പോൾ എനിക്ക് ഒരു തൃപ്തി തോന്നിയില്ല . അതിൽ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ ഒത്തിരി സാധനങ്ങൾ തിങ്ങി നിറച്ചിട്ടുണ്ട് . അതുമാത്രമല്ല അതിനുള്ളിലെ അത്യാവശ്യ സാധനങ്ങൾ പോലും ഡിസോർഡർ ആയിട്ടാണ് കിടക്കുന്നത് . ആ റൂമിന്റെ കോലം കണ്ടു ഞാൻ അവനെ ഒന്നു നോക്കി , അപ്പോൾ അവൻ ഒരു കണ്ണുകൊണ്ട് ഇറക്കി തലചൊറിഞ്ഞു നിൽക്കുകയാണ് .
” എന്റെ ഈശ്വരാ ഏത് സമയത്താണ് ഈ മനുഷ്യന്റെ കൂടെ ഇറങ്ങി പോരാൻ തോന്നിയത് ”
ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു . അത് കേട്ടതും അഭി പൊട്ടിച്ചിരിക്കാൻ തുടങ്ങി . പിന്നെ എന്റെ മുഖത്തേക്ക് ഒരു ചമ്മിയ ചിരിയോടെ നോക്കി സോറി പറഞ്ഞു .
” സോറി ശ്രുതി , ഇനി ഞാൻ ബാച്ചിലർ ആയിരിക്കുമ്പോൾ യൂസ് ചെയ്ത മുറി അല്ലേ , അതാ ഇത് ഇങ്ങനെ ”
” അപ്പോൾ ഇപ്പോ ഇയാള് ആരാ ? ”
” ഞാൻ ഇപ്പോൾ കമ്മിറ്റട് അല്ലെ ”
” അയ്യടാ …. അതിനൊക്കെ വേറെ ആളെ നോക്കണം ”
” ശ്ശോ , താനെന്താടോ ഇങ്ങനെ ഞാൻ നല്ല റൊമാന്റിക് മോഡിൽ വന്നതായിരുന്നു . താൻ അപ്പോൾ തന്നെ സ്വിച്ച് ഓഫ് ചെയ്തു ”
” എന്റെ പൊന്നാര ആർമി റൊമാന്റിക് ആവാതെ , ഈ റൂം ക്ലീൻ ചെയ്യാൻ പെട്ടെന്ന് തന്നെ എന്നെ ഒന്ന് ഹെൽപ്പ് ചെയ്യൂ പ്ലീസ് ”
” ആജ്ഞ പോലെ ഉണ്ണിയാർച്ചേ ”
അഭി അതും പറഞ്ഞ് എന്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ഒരു ഭടനെ പോലെ നിന്നപ്പോൾ ഞാൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി . അത് കേട്ടിട്ട് ആണോ എന്നറിയില്ല വീട്ടിലെ സർവെന്റ് പെട്ടെന്ന് ഇങ്ങോട്ട് വന്നത് . അവർ വന്ന പാട് എന്നെ നോക്കി ഒന്നു ചിരിച്ചു . എന്നിട്ട് അഭിയോഡായി ചോദിച്ചു .
” കുഞ്ഞിന് എന്റെ എന്തെങ്കിലും സഹായം വേണോ ? ”
അവരുടെ വിനയത്തോടുള്ള ചോദ്യം കേട്ടാൽ തന്നെ അറിയാം അവർ ആളൊരു പാവമാണ് എന്ന് .
” എടി സീതേ ”
പെട്ടെന്നായിരുന്നു ഒരു ആക്രോശം കേട്ടത് . ഞങ്ങൾ ചുറ്റും നോക്കിയിട്ട് ആരെയും കണ്ടില്ല . ഈ വല്ല അശരീരി ആയിരിക്കുമോ ? അപ്പോഴാണ് ആ സ്ത്രീ മുകളിലേക്ക് നോക്കി നിൽക്കുന്നത് കണ്ടത് . അപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ശബ്ദം കേട്ടതും മുകളിൽ നിന്നാണെന്ന് . ഞങ്ങൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് തടിച്ച പുട്ടിയടിച്ചു നടക്കുന്ന ഒരു ആന്റിയെ ആണ് . ഇത് അവരല്ലേ , ഞാൻ വന്നപ്പോൾ തന്നെ തീപാറുന്ന കണ്ണുകളോടെ നോക്കിയ ആ സ്ത്രീ . അവർ കണ്ടാൽ തന്നെ അറിയാം കുറച്ചു പ്രശ്നക്കാരി ആണെന്ന് . ഞാൻ അവരെ തന്നെ നോക്കി നിന്നു , അപ്പോൾ അവർ ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി തന്നെ പടികളിറങ്ങി വന്നു . എന്നിട്ട് സർവെന്റിന് നേരെ നിന്ന് കുരയ്ക്കാൻ തുടങ്ങി .
” നിനക്കെന്തിനാ ഇവിടെ നിന്ന് സാലറി തരുന്നത് ? ”
” അതു കൊച്ചമ്മേ , ”
സർവെന്റ് എന്തോ പറഞ്ഞു വന്നപ്പോഴേക്കും ആ തടിച്ചി അവരെ നോക്കി കണ്ണുരുട്ടി .
” അല്ല , മാഡം ”
പെട്ടെന്ന് അവരങ്ങനെ മാറ്റി വിളിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത് . അത് കേട്ടാൽ തന്നെ അറിയാം നിർബന്ധിച്ച് ഭയപ്പെടുത്തി വെളുപ്പിക്കുകയാണെന്ന് . ഞാൻ ചിരിക്കുകയും ചെയ്തു . ഇതൊക്കെ കണ്ടാൽ പിന്നെ എങ്ങനെ ചിരിക്കാതിരിക്കും . അതോടെ അവരുടെ ദേഷ്യം ഒന്നുംകൂടെ കൂടി . അവർ ആ പാവം സ്ത്രീക്ക് നേരെ നിന്ന് കയർക്കാൻ തുടങ്ങി .
” നിനക്ക് ഇവിടെ ഉള്ളവരെ സേവിക്കാനാണ് പണം തരുന്നത് , അല്ലാതെ വഴിയെ പോകുന്ന വരെയും വലിഞ്ഞു കയറി വന്ന വരെയും സേവിക്കാൻ അല്ല ”
അവർ അത് എനിക്കിട്ട് താങ്ങിയത് ആണോ എന്നൊരു സംശയം , സംശയമില്ല താങ്ങിയത് തന്നെ . അപ്പോഴേക്കും ആർമിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു .
” ഇതൊക്കെ പറയാൻ ആന്റി അല്ലല്ലോ ഇവർക്ക് സാലറി കൊടുക്കുന്നത് , പിന്നെ ഒരു കാര്യം ഓർത്താൽ നന്ന് . ഇവൾ അങ്ങനെ വലിഞ്ഞുകയറി വന്നതല്ല , ഞാൻ കൈപിടിച്ച് കൂട്ടിക്കൊണ്ടു വന്നവളാണ് . ഈ അഭി കൊണ്ടുവന്ന പെണ്ണ് . ഇവൾക്ക് നേരെ ഒരു വാക്ക് ഉയർത്തുന്നതിനു മുമ്പ് അതെപ്പോഴും ഓർമ്മ ഇരിക്കണം ”
പെട്ടെന്ന് ആർമിയിൽ നിന്നും ഇത്തരത്തിലൊരു പ്രതികരണം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല . അതുകൊണ്ട് ഞാൻ വായും പൊളിച്ചുകൊണ്ട് അവനെ തന്നെ നോക്കി നിന്നു . എന്നെപ്പോലെ തന്നെ മറ്റൊരാളും കൂടി വാ പൊളിച്ചു നിൽക്കുന്നത് ഞാൻ അപ്പോഴാണ് കണ്ടത് . അതു മറ്റാരുമല്ല ഇപ്പോൾ അഭി വഴക്കുപറഞ്ഞു ആന്റിയാണ് . അവരുടെ ആ നിൽപ്പ് കണ്ടാൽ തന്നെ അറിയാം സകല കിളിയും പോയിരിക്കുകയാണെന്ന് .
അപ്പോൾ തന്നെ ആർമി എന്റെ കയ്യിൽ പിടിച്ച് അവന്റെ റൂമിലേക്ക് നടന്നു . റൂമിനകത്ത് കയറിയ ഉടനെ തന്നെ അവർക്കു മുന്നിലായി റൂമിന്റെ വാതിൽ കൊട്ടിയടച്ചു . പെട്ടെന്നുള്ള ആർമിയുടെ പ്രതികരണം കണ്ടപ്പോൾ ഞാനും ചെറുതായൊന്നു ഭയന്നു . ആർമിയെ ഇത്ര ദേഷ്യത്തോടെയും സീരിയസ് ആയും ഞാൻ ആദ്യമായാണ് കാണുന്നത് . അതുകൊണ്ടുതന്നെ ഞാൻ ഒരു സംശയം രൂപത്തിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു . അപ്പോൾ അവൻ ദേഷ്യത്തിൽ തിരിഞ്ഞത് നേരെ എന്റെ മുഖത്തേക്കാണ് , നിർവികാരമായി നിൽക്കുന്ന എന്റെ മുഖം കണ്ടപ്പോൾ അവൻ നിലത്തിരുന്നു ചിരിക്കാൻ തുടങ്ങി . അവന്റെ ചിരി കണ്ടപ്പോഴാണ് എനിക്ക് സമാധാനമായത് , പെട്ടെന്നുണ്ടായ അവന്റെ ഭാവമാറ്റം കാരണം ഞാൻ ശരിക്കും പേടിച്ചിരുന്നു അതുകൊണ്ട് തന്നെ നിലക്ക് കിടക്കുന്ന അവന് ഞാൻ നല്ലോണം കൊടുത്തു അടിയും കുത്തും ഇടിയും ചവിട്ടും . അവസാനം അതൊക്കെ എനിക്ക് തിരിച്ചു കിട്ടുമെന്ന് അപ്പോൾ ഞാൻ വേഗം പ്രശ്നം സോൾവ് ചെയ്തു .
എന്നിട്ട് ഞാനും ആർമിയും പെട്ടെന്ന് തന്നെ റൂം ക്ലീൻ ചെയ്യാൻ തുടങ്ങി . റൂം ക്ലീൻ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് , ആർമി എന്റെ അടുത്തേക്ക് വന്നത് .
” ഈ റൂം മാത്രം ക്ലീൻ ചെയ്താൽ പോരാ ”
” പിന്നെ ????? ”
” മറ്റൊരു റൂം കൂടി ക്ലീൻ ചെയ്യണം ”
” ഹൊ എന്നെക്കൊണ്ട് വയ്യ , ഇതുതന്നെ എത്ര വലിയ റൂമാണ് . നമ്മൾ ഒന്ന് ആഞ്ഞു ശ്രമിച്ചാൽ എന്ന വൈകുന്നേരത്തിന് മുമ്പ് ക്ലീൻ ചെയ്യാം ”
” ഇത് ഒരു റൂം അല്ലേ ഉള്ളൂ , നമ്മൾ രണ്ടുപേര് അല്ലേ ”
” അപ്പോൾ മറ്റേ റൂം എവിടെയാണ് ? ”
” ഇവിടെത്തന്നെ 😉 ”
” എന്ത് 🙄 ? ”
” താൻ സംശയിക്കണ്ട ടോ മറ്റേ റൂം ഇവിടെ തന്നെയാണ് . അതായത് രണ്ടു റൂമും ഇതുതന്നെയാണ് ”
” എനിക്കൊന്നും മനസ്സിലാവുന്നില്ല ”
ഈ ആർമിക്ക് വട്ടായോ , ഇവൻ ഇത് എന്തൊക്കെയാ പറയുന്നത് ? രണ്ടും ഒന്നു തന്നെയാണോ . മനസ്സിൽ പറയാനാണ് ഉദ്ദേശിച്ചതെങ്കിലും അറിയാതെതന്നെ എന്റെ സംശയം പുറത്തേക്ക് വന്നിരുന്നു .
” വട്ട് നിന്റെ മറ്റവനാടി ”
എന്നും പറഞ്ഞു കൊണ്ട് ആർമി എന്റെ കൈയും പിടിച്ച് ആ റൂമിലെ കർട്ടൻ വലിച്ചു നീക്കി അങ്ങോട്ട് നടന്നു . അവിടെ ഞാനൊരു വലിയ ഷെൽഫ് കണ്ടു . ഇതെന്താ ഇവിടെ എന്ന രീതിയിൽ ഞാൻ ആർമിയെ നോക്കി . അപ്പോൾ അവൻ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് ആ ഷെൽഫ് കൈകൊണ്ട് നീക്കി . അതുകണ്ട് ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി , ആ ഷെൽഫിന് പിന്നിൽ ഒരു ഡോർ ഉണ്ടായിരുന്നു . ആ ഡോർ നേരെ തുറക്കുന്നത് മറ്റൊരു റൂമിലേക്ക് ആയിരുന്നു . ഞാൻ ശരിക്കും അത്ഭുതത്തോടെയാണ് ഉള്ളിലേക്ക് പ്രവേശിച്ചത് . ഈ റൂമിന്റെ അത്ര അല്ലെങ്കിലും അത്യാവശ്യം വലിപ്പമുള്ള റൂം ആയിരുന്നു . എന്നാൽ അവിടെയും അത്യാവശ്യം അലങ്കോലം ആയിരുന്നു .
” ഇതെന്റെ ഓഫീസാണ് . ആൻഡ് മൈ പേഴ്സണൽ റൂം . ഈ റൂമിനകത്ത് ഞാനല്ലാതെ മറ്റാരും ഇതുവരെ കയറിയിട്ടില്ല . ”
” ആഹാ … അപ്പൊ ഇതാണല്ലേ ഈ രാക്ഷസന്റെ കോട്ട ”
” രാക്ഷസനോ , ഞാനോ , ഞാനൊരു പാവം അല്ലേ ”
” പിന്നേ …… അത് ചോദിക്കാൻ ഉണ്ടോ …. ? ”
“ഈ റൂം പോരെ നമ്മൾക്ക് യൂസ് ചെയ്യാൻ ”
” ഓ ധാരാളം … എന്നാൽ നമ്മുടെ പണി തുടങ്ങാം ”
” ഐആം റെഡി ”
അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ ചേർന്ന് ആ റൂം ക്ലീൻ ചെയ്തു . ക്ലീനിങ് കഴിഞ്ഞപ്പോഴേക്കും നേരം ഉച്ചയായിരുന്നു . അപ്പോഴാണ് സീതമ്മ ഞങ്ങളെ തിരഞ്ഞ് മുകളിലേക്ക് വന്നത് . ആ റൂമിന്റെ കോലം തന്നെ മാറിയത് കണ്ടു അവർ അത്ഭുതത്തോടെ വാ പൊളിച്ചു നിന്നു . അവരുടെ ആ നിൽപ്പു കണ്ട് ചിരിച്ചു കൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് ചെന്നു .
” എന്താ സീതമ്മേ ? ”
” അത് കുഞ്ഞേ , താഴെ എല്ലാവരും നിങ്ങളെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട് ”
” ഞങ്ങൾക്ക് വേണ്ട . അവർ തന്നെ കഴിച്ചോട്ടെ ”
പെട്ടെന്ന് അങ്ങനെ പറഞ്ഞത് ആർമി ആയിരുന്നു . ആർമിയുടെ പെട്ടെന്നുള്ള സംസാരത്തിൽ സീതമ്മക്ക് നല്ല വിഷമമായി എന്ന് എനിക്ക് അവരുടെ മുഖം കണ്ടപ്പോൾ തോന്നി . അപ്പോൾ തന്നെ ഞാൻ അവരോട് സംസാരിച്ചു :
” സീതമ്മേ എനിക്ക് നല്ല വിശപ്പുണ്ട് , ഞങ്ങൾ ഇപ്പോൾ കഴിക്കാൻ വരാം ”
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ സീതമ്മ ചിരിച്ചുകൊണ്ട് റൂമിൽ നിന്ന് ഇറങ്ങിപ്പോയി . അപ്പോൾ തന്നെ ഞാൻ ആർമിയെ നോക്കി ഊരക്ക് കൈ കൊടുത്ത് ദേഷ്യം അഭിനയിച്ച് നിന്നു . അപ്പോൾ എന്റെ മനസ്സിൽ ഉള്ളത് മനസ്സിലാക്കിയതുപോലെ ആർമി എന്നോട് സംസാരിക്കാൻ തുടങ്ങി .
” ശരി വാ ഭക്ഷണം കഴിക്കാൻ പോകാം ”
അതു കേട്ടപ്പോൾ എനിക്ക് സന്തോഷമായി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാനായി താഴേക്കിറങ്ങി . വലിയ ഡൈനിങ് ടേബിളിൽ അപ്പോഴേക്കും ആളുകൾ വന്നിരുന്നിരുന്നു . ഞാനും അഭിയും അടുത്തുള്ള രണ്ടു കസേരകളിൽ പോയിരുന്നു . ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴേക്കും മുകളിൽ നിന്ന് ആ താടക താഴേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു . ഓ …. ഇനി ഇതിപ്പോ ഇതെന്തിനുള്ള വരവാണ് ആവോ ?
( തുടരും )…………

by