19/04/2026

നിന്നെയും കാത്ത് : ഭാഗം 05

രചന – നിഷ്തില

 

ശേഖ ശ്രീക്കൊപ്പം താഴേക്കിറങ്ങി…

ഈ സമയം അവർക്കെതിരെയായി ഒരു മുത്തശ്ശനും മുത്തശ്ശിയും സ്റ്റെപ് കയറി വരുന്നുണ്ടായിരുന്നു… അവർ ഒരുനിമിഷം ശേഖയെയും ശ്രീജിത്തിനെയും മാറി മാറി നോക്കി…മുന്നോട്ടു നടക്കവേ..
പെട്ടെന്ന് ആ അമ്മ കൽതെറ്റി പുറകോട്ടുപോയി… ശേഖ അവരെ പിടിക്കാനായി ആഞ്ഞെങ്കിലും അതിനുമുന്നേ ശ്രീ അവരെ പിടിച്ചു നിർത്തി…

“എന്തെങ്കിലും പറ്റിയോ മുത്തശ്ശി?”
അവൻ പരിഭ്രമത്തോടെ ചോദിച്ചു…

“ഇല്ല മോനെ… കുഴപ്പം ഒന്നുമില്ല… കാൽ ചെറുതായൊന്നു മടങ്ങീതാ… കുഴപ്പമില്ല.”

“വരൂ…. സ്റ്റെപ് കയറുന്നതുവരെ ഞാൻ പിടിക്കാം…”
ശ്രീ അവരെ കൈകൾ പിടിച്ചു സ്റ്റെപ് കയറാൻ സഹായിച്ചു…
അവർ അവനെ വാത്സല്യത്തോടെ നെറുകയിൽ തലോടി.
ശേഷം അവരോട് യാത്ര പറഞ്ഞു തിരികെ ശേഖക്കടുത്തേക്ക് വന്നു…

ശേഖ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
ഈ സമയം ശേഖയുടെ കയ്യിലിരിക്കുന്ന റോസപ്പൂ കണ്ട് അവന് കലി വന്നു…

” ആരെ കാണിക്കാനാ ഇതിങ്ങനെ കൈയിൽ പിടിച്ചോണ്ട് നടക്കണേ…അവിടെ ഇട്ടേച്ചു പോന്നതല്ലേ??
പിന്നെ ഒരു പ്രഹസനത്തിന് വേണ്ടി കൊണ്ടുനടക്കണം എന്നില്ല..”

അവളെന്തെങ്കിലും പറയും മുന്നേ അവനാപ്പൂ വാങ്ങി ദൂരേക്കുവലിച്ചെറിഞ്ഞു….
ദേഷ്യത്തോടെ സ്റ്റെപ്പിറങ്ങി താഴേക്കു കാൽ വെച്ചതും സ്ലിപ്പായി ഒറ്റ വീഴ്ച്ച..

ശേഖക്ക് അതുകണ്ടുനിൽക്കാനേ കഴിഞ്ഞുള്ളു… ആദ്യം അവൾക്കുചിരിയാണ് വന്നത്.. (അഹങ്കാരം അല്ലാതെന്തു പറയാൻ?) അവൾ മനസ്സിലോർത്തു….

ഈ സമയം ശ്രീജിത്ത്‌ വീണിടത്തുനിന്ന് എണീറ്റിരുന്നു.. സെക്യൂരിറ്റി അവിടേക്ക് ഓടിവന്നു

“എന്തെങ്കിലും പറ്റിയോ സർ?

“. ആം ഒക്കെ..” അവൻ ചെറിയ ചമ്മലോടെ പറഞ്ഞു.

ഇത്രയും നേരം നോക്കിനിന്ന ശേഖക്കു അപ്പോളാണ് ബോധംവന്നത്… അവൾ വേഗം ശ്രീയുടെ അടുത്തേക്ക് ചെന്നു…

“വലതും പറ്റിയോ???”
അറിയാതെ ആണെങ്കിലും അവളുടെ മുഖത്ത് ചെറിയ ചിരിയുണ്ടായിരുന്നു….

“കുറച്ചു മണ്ണും ചെളീം പറ്റി. തല്ക്കാലം വേറൊന്നും പറ്റീല്ല… എന്തേയ് ഇയാൾക്കെന്തെങ്കിലും പ്രശ്നം?”
അവൻ ഗൗരവത്തോടെ ചോദിച്ചു….

അവൻ ചമ്മൽ മറയ്ക്കാൻ നന്നായി പാടുപെടുന്നുണ്ടെന്ന് അവൾക്കു മനസിലായി…

അതുകണ്ടു അവൾക്കു വീണ്ടും ചിരിവന്നു..

“ഇതിനുമ്മാത്രം ചിരിക്കാനെന്താ?”

“സോറി… വീണതാണെന്ന് എനിക്ക് മനസിലായില്ലാരുന്നു… അതാ ഞാൻ….. ”

“ഓഹോ മണ്ണ് ടെസ്റ്റ്‌ ചെയ്യുവാണെന്ന് കരുതിക്കാണും അല്ലേ…??” അവളെ ഒന്ന് നോക്കിയ ശേഷം അവൻ കാറിനടുത്തേക്ക് നടന്നു…

അപ്പോളാണ് ശേഖ അവന്റെ കൈകൾ ശ്രദ്ധിച്ചത്.. ഇരുകൈകളിലും അവിടെവിടെയായി തൊലി ഒരഞ്ഞിട്ടുണ്ട്.. ഇടതുകൈയിലെ മുട്ടിനുമുകളിൽ നിന്ന് നന്നായി ചോര പൊടിയുന്നുണ്ട്..
അവളുടെ മുഖത്തെ ചിരിമാഞ്ഞു.

“ശ്രീ….. കൈ നന്നായി പൊട്ടിയിട്ടുണ്ടല്ലോ ”
അവൾ അവന്റെ കൈകളിൽ പിടിച്ചുകൊണ്ടു പറഞ്ഞു…

“നമുക്ക് ഹോസ്പിറ്റലിൽ പോയാലോ? ”

“ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല. ഇതു ഫസ്റ്റയ്ഡ് ചെയ്യാനുള്ളതേ ഒള്ളു… താൻ വണ്ടീൽ കയറു… ”

അവൻ ഡോർ തുറന്നു അകത്തേക്ക് കയറാനൊരുങ്ങിയതും അവളവനെ തടഞ്ഞു…

” ശ്രീ അറ്റ്ലീസ്റ്റ് ഒന്ന് വാഷ് എങ്കിലും ചെയ്യൂ. മണ്ണ് പിടിച്ചിരുന്നാൽ കൂടുതൽ വേദന എടുക്കും… വല്ല ഇൻഫെക്ഷനായാലോ?”

അവൾ ബാഗിൽ നിന്നു വെള്ളം എടുത്തു അവനു നേരെ നീട്ടി…

“തല്ക്കാലം തന്റെ സഹായം ഒന്നും വേണ്ട. എനിക്കെന്തെങ്കിലും പറ്റിയാൽ അത് തന്നെ ബാധിക്കുന്ന കാര്യം അല്ല…”

അവൻ ഡോർ തുറന്നു കാറിൽ കയറി.
തന്നോടുള്ള വാശിയിൽ നിൽക്കുന്ന ശ്രീയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ ശേഖ ഒന്നും മിണ്ടാത്തെ ചെന്ന് വണ്ടിയിൽ കയറി…

ശ്രീ വണ്ടി മുന്നോട്ടെടുത്തു. നന്നായി വേദന എടുക്കുന്നുണ്ടായിരുന്നെങ്കിലും അത് മുഖത്തു കാണിക്കാതിരിക്കാൻ അവൻ ശ്രമിച്ചു…

അവൾ അവനെ തന്നെ നോക്കിയിരുന്നു.. അവന്റെ കൈയിൽ നിന്നു ചോര ഒലിച്ചിറങ്ങുന്നത് കണ്ടു അവൾക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി….

അവൾ ഫോണെടുത്ത് അച്ഛനെ വിളിച്ചു. “ഹലോ അച്ഛാ….
ഞങ്ങൾ വരാൻ കുറച്ചു ലേറ്റ് ആകും. ഒന്ന് ഹോസ്പിറ്റലിൽ പോകണം. ശ്രീ ഒന്ന് വീണു.”

“അയ്യോ എന്ത് പറ്റി? ”

“ഏയ് പേടിക്കാനൊന്നും ഇല്ലച്ഛാ. ”

“ഞാൻ വരണോ മോളെ ”

“വേണ്ടച്ഛാ…. എന്തേലും ഒണ്ടേൽ ഞാൻ വിളിക്കാം.. ” അവൾ ഫോൺ വെച്ചു..

“താൻ ആരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന കാര്യമാ പറഞ്ഞേ? എന്നെയോ? അതിന്റെ ആവശ്യം ഒന്നും ഇല്ല..
ഞാൻ വരാൻ പോകുന്നും ഇല്ല.”

” ശ്രീ പ്ലീസ്.. എന്നോടുള്ള ദേഷ്യത്തിന് ഹോസ്പിറ്റലിൽ വരാണ്ടിരിക്കരുത്… നന്നായി ചോര പൊടിയുന്നുണ്ട്…ദാ ഇവിടെ അടുത്ത് തന്നെ ഹോസ്പിറ്റൽ ഉണ്ട്..”

അവളുടെ വാക്കുകളിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു.

”അതേ താൻ എന്റെ കാര്യത്തിൽ ഇത്രേം ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ല.” അവൻ വണ്ടി നിർത്താതെ മുന്നോട്ട് നീങ്ങി..

ശേഖയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് അവൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു.
അവളുടെ മനസിലെന്താണെന്ന് അവനു മനസിലാകുന്നുണ്ടായില്ല.

കുറച്ചൂടെ മുന്നോട്ട് നീങ്ങിയപ്പോൾ ശ്രീക്കു എന്തോ ചെറുതായി തല കറങ്ങുന്നത് പോലെ തോന്നി. കണ്ണിലേക്കു ഇരുട്ട് കയറുന്നത് പോലെ…
അവൻ വണ്ടി സൈഡിലേക്ക് പാർക്കു ചെയ്തു.
പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്ന ശേഖ സന്തോഷത്തോടെ അവനെ നോക്കി…
തൊട്ടടുത്തു കണ്ട ക്ലിനിക് ലേക്ക് പോകാനാണ് വണ്ടി നിർത്തിയെതെന്നാണ് അവൾ കരുതിയത്.

ശ്രീ കണ്ണടച്ചിക്കുകയായിരുന്നു.

“എന്ത് പറ്റി?”

അവനൊന്നും മിണ്ടിയില്ല.

” ശ്രീ… ”

അവളവനെ തട്ടി വിളിച്ചു.

“ഏയ് ഒന്നുല്ല… പെട്ടെന്ന് ഒന്ന് തലകറങ്ങുന്നത് പോലെ തോന്നി. ഇപ്പോൾ കുഴപ്പം ഇല്ല. പോകാം..”..

“പറ്റില്ല ശ്രീ….ദാ ഇവിടെ ഒരു ക്ലിനിക് ഒണ്ട്..നമുക്ക് ഡോക്ടറെ കണ്ടു ഡ്രസ്സ്‌ ചെയ്തിട്ട് പോകാം..പ്ലീസ് ശ്രീ… ”
അവൾ വളരെ ദയനീയമായി പറഞ്ഞു…

എന്തോ അവൻ മറുത്തൊന്നും പറഞ്ഞില്ല ഡോർതുറന്നു പുറത്തേക്കിറങ്ങി….
അവന് വേദന കൂടിവരുന്നുണ്ടായിരുന്നു…

ഡോക്ടർ പെയിൻ കില്ലർ എഴുതിക്കൊടുത്തു. ഡ്രെസ്സിങ് ചെയ്യാൻ പറഞ്ഞു.

ഡ്രസിങ് റൂമിൽ നിന്നും ശ്രീയുടെ അലർച്ച കെട്ടാണ് അവൾ അങ്ങോട്ട്‌ വന്നത്.

ബെഡിൽ ഇരുന്നു ബഹളം വെക്കുന്ന ശ്രീയെ കണ്ടു അവൾക്കു ചിരിപൊട്ടി…

“അടങ്ങിയിരിക്ക് മോനെ…. ഈ ചെറിയ മുറിവിനാണോ നീ ഈ ബ്രേക്ക് ഡാൻസ്
കളിക്കണേ….” അവിടെ ഒരു പ്രായമായ സിസ്റ്റർ ആണ് ഉണ്ടായിരുന്നത്.

ശേഖയുടെ ചിരികേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്. അവന് ആകെ ചമ്മലായി….

” നിന്നെ ഇപ്പോൾ ആരാ ഇങ്ങോട്ട് വിളിച്ചത്? അപ്പുറത്തെങ്ങാനും പോയി ഇരിക്കെടി പോത്തേ… ”

അവൾ പെട്ടന്ന് പുറത്തേക്കു വലിഞ്ഞു…

“മോളോന്നു നിന്നേയ്.. എന്തായാലും വന്നതല്ലെ…. ഈ കയ്യൊന്നു പിടിച്ചേ…
മണ്ണിരുന്നു ഉണങ്ങി പിടിച്ചിട്ടുണ്ട്.. അത് മുഴുവൻ വാഷ് ചെയ്തു കളയാതെ എങ്ങനെയാ മരുന്ന് വെക്കുന്നെ.” അവൾ അവനെ തന്നെ ഒന്ന് നോക്കി….

” എന്താടി നോക്കണേയ്…?
പറഞ്ഞത് കേട്ടില്ലേ… ഒന്ന് പിടിച്ചുകൊടുക്ക്. സത്യായിട്ടും എന്നിക്കു വിറച്ചിട്ടാ…”

“അല്ലാതെ പേടിച്ചിട്ടല്ലാ… ” അവൾ കൂട്ടിച്ചേർത്തു

“മോനെന്തു ചെയ്യുന്നു?” സിസ്റ്റർ അവനോട് ചോദിച്ചു…

” ആൾ വലിയ നേഴ്സ് ആണേ അങ്ങു യൂ കെ. യിൽ…”
അവൾ ഒരു ആക്കലോടെ പറഞ്ഞു.

“നേഴ്സ് ആയിട്ടാണോ ഇത്രേം പേടി… മോശം മോശം…. അല്ലാ.. ഈ രോഗികളെയൊക്കെ നോക്കുമ്പോൾ ഇങ്ങനെ വേദന എടുക്കും എന്ന് ചിന്തിക്കാറുണ്ടോ?” സിസ്റ്റർ അവനോടായ് ചോദിച്ചു…

” എന്റെ ശ്രീയേട്ടനെ ഇങ്ങനെ ഇൻസൾട്ട് ചെയ്യല്ലേ സിസ്റ്റർ?”

അതും പറഞ്ഞു രണ്ടുപേരും കൂടി ചിരിച്ചു…

(എന്റെ ശ്രീയേട്ടനോ )ആ പ്രയോഗത്തിലാണ് സകല വേദനയും മറന്ന് അവൻ കണ്ണുതുറന്നത്..

മ്മ്?? അവൾ അവനോട് ചോദിച്ചു…

അവന് ഒന്നമില്ല എന്നർത്ഥത്തിൽ കണ്ണുചിമ്മി.

” അല്ലാ ഇത് മോൾടെ ആരാ? ”

“അത് പിന്നെ…. എന്റെ… എന്റെ വുഡ്ബീ ആണ്.”

അങ്ങനെ ഒരു ഉത്തരം അവളിൽനിന്നും ശ്രീ പ്രതീക്ഷിച്ചിരുന്നില്ല… അവന്റെയുള്ളിൽ എവിടെയെക്കെയോ ഒരു പ്രതീക്ഷ മോട്ടിട്ടു തുടങ്ങിയിരുന്നു..

“അയ്യോ ഈ പേടി തൊണ്ടനെയോ? മോൾക്ക് വേറെ ആരേം കിട്ടീല്ലേ?”

“എന്ത് ചെയ്യാനാ… ഈ ലുക്ക്‌ മാത്രേഉള്ളു എന്നു ഇപ്പോളല്ലേ മനസിലായെ? സാരമില്ല.. കല്യാണ ഡേറ്റ് ഒന്നും ഉറപ്പിച്ചിട്ടില്ല… തേക്കാനുള്ള ഗ്യാപ് ഒക്കെയുണ്ട്…..”

അതുകേട്ട് അവർ പൊട്ടിച്ചിരിച്ചു.. അവർ ഡ്രെസ്സിങ് ചെയ്തു തീർന്നിരുന്നു..

പിന്നീട് മെഡിസിനും വാങ്ങി സിസ്റ്ററോടു യാത്ര പറഞ്ഞു അവരിറങ്ങി….

കല്യാണം വിളിക്കാൻ വരൂല്ലോ അല്ലെയ്‌?
സിസ്റ്റർ തമാശയോടെ ചോദിച്ചു.

അതിനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവരിരുവരും ഇറങ്ങി….ശേഖയുടെ മനസിലെന്താണെന്നറിയാനുള്ള ആശങ്കയിലായിരുന്നു ശ്രീ……

(തുടരും……..)