20/04/2026

സോൾമേറ്റ് : ഭാഗം 02

രചന – ഐശ്വര്യ അനിൽകുമാർ

തിരിച്ചു പോകുന്ന വഴിയിൽ അവൾ ഒരുപാട് ആലോചിച്ചു എന്താണ് ആ പ്രമീളാമ്മയ്ക്ക് തന്നോട് ഇത്ര ദേഷ്യം എന്ന്.

‘ഓർമ വച്ച നാള് മുതൽ അവർക്ക് തന്നെ കാണുന്നതേ ഇഷ്ടമല്ല.പക്ഷേ വല്യങ്ങുന്ന് സ്നേഹത്തോടെ മാത്രേ പെരുമാറിയിട്ടുള്ളൂ.ഗായത്രിക്കും അമ്മയുടെ അതേ സ്വഭാവമാണ്.ഞാനാണ് അവളെക്കാളും രണ്ട് വയസിന് മൂത്തതെങ്കിലും എടി പോടി എന്നൊക്കെയെ വിളിക്കൂ.മൂത്തവരെ ബഹുമാനിക്കണം എന്നാ മുത്തശ്ശി പറഞ്ഞിട്ടുള്ളത്.ഇതിപ്പോൾ അവരുടെ മോളല്ലേ.ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.പുറത്ത് നിന്ന് ആരൊക്കെയോ വന്നെന്ന് തോന്നുന്നു.കുറേ പരിഷ്കാരികൾ.. ഇനിയിപ്പോൾ ആ പെണ്ണ് നിലത്തൊന്നും ആയിരിക്കില്ല.’

അങ്ങനെ അവൾ ഓരോന്നാലോചിച്ച് വീടെത്തിയത് അറിഞ്ഞില്ല. മുറ്റത്ത് മുത്തശ്ശി സ്വന്തം കൃഷിയിടത്തിൽ നിൽപ്പുണ്ട്.ചീര മുറിച്ചു കൊണ്ട്.

“എന്താ നന്ദൂട്ടീ മുഖം വല്ലാണ്ടിരിക്കണെ???പ്രമീള വല്ലതും പറഞ്ഞോ?”

“നല്ല ചോദ്യം തന്നെ….ഒന്നും പറഞ്ഞില്ല പേര് ചൊല്ലി വിളിച്ചതെ ഉളളൂ. ജനിച്ചു വീണപ്പോഴേ ഞാൻ അങ്ങനൊരു പേരുമായാണല്ലോ വന്നത്…തന്തയില്ലാത്തവൾ… കേട്ട് കേട്ട് മടുത്തു. അതുകൊണ്ടാവും എനിക്ക് ഒരു വയസ്സായപ്പോഴേക്കും അമ്മ അങ്ങ് പോയത്.അമ്മയുടെ ഭാരം തീർന്നല്ലോ…ഇനി ഞാൻ അനുഭവിക്കട്ടെ എന്നാവും.”
അവളുടെ വാക്കുകളിൽ നോവ് കലർന്നിരുന്നു.

“എന്റെ മോള് വിഷമിക്കണ്ട….ആരുമില്ലാത്തവർക്ക് ദൈവം തുണ ഉണ്ടാവും.മോളുടെ വിഷമമെല്ലാം മാറും.എന്റെ കുട്ടിക്ക് നല്ലതേ വരൂ”

“ഇനിയും നല്ലതൊന്നും താങ്ങാനുള്ള ത്രാണിയില്ലേ എനിക്ക്…ഡിഗ്രി പഠനം മുടങ്ങി..അച്ഛനാരന്നറിയില്ല..പിന്നെ നാട്ടുകാരുടെ പരിഹാസവും…മടുത്തു…”

“എന്റെ നന്ദൂട്ടിയെ രക്ഷിക്കാൻ ഒരു രാജകുമാരൻ വരും.നോക്കിക്കോ”

“ആ വരും… പോത്തിന്റെ പുറത്താണെന്ന് മാത്രം..”

“എന്താ കുട്ട്യേ ഇങ്ങനൊക്കെ പറയുന്നത്.നല്ല അടി മേടിക്കും ട്ടോ എന്റെ കയ്യീന്ന്”

“മുത്തശ്ശിക്കറിയമോ എന്റെ അച്ഛൻ ആരാന്ന്?”അവൾ അവസാന പ്രതീക്ഷ എന്നോണം ചോദിച്ചു.

കാർത്യായനി അമ്മ ഒന്നു ഞെട്ടി.ഈ ചോദ്യം അവർ ഏതു നേരത്തും പ്രതീക്ഷിച്ചിരുന്നു.

“പറയ് മുത്തശ്ശി…എത്ര നാളായി ഞാൻ ചോദിക്കുവാ”

“എല്ലാം മോള് അറിയുന്ന ഒരു ദിവസം വരും.കാത്തിരിക്കൂ.എന്റെ മോൾടെ സങ്കടം ഈശ്വരൻ കാണുന്നുണ്ടാവും”

“അറിയാന്നുള്ളോർ പറയുന്നില്ല.പിന്നെയാ ഇനി ഈശ്വരൻ…”അവൾ ഒരു നെടുവീർപ്പോടെ അകത്തേക്ക് പോയി.

‘എന്റെ പൊന്നു ഭഗവതീ എന്റെ കുഞ്ഞിനെ കാത്തോളണേ’അവർ കണ്ണടച്ച് പ്രാർത്ഥിച്ചു.

അകത്തേക്ക് കയറി എല്ലാവരോടും സംസാരിച്ചിട്ടും ആയുഷിന്റെ മനസിൽ നിന്നും അവളുടെ മുഖം മാഞ്ഞു പോയില്ല.അവളുടെ കരയുന്ന മുഖം അവന്റെ കണ്ണുകൾക്ക് മുന്നിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്ന പോലെ.ഗായത്രിയും ദിയയും അപ്പോഴേക്കും നല്ല കൂട്ടായിരുന്നു.ഇടക്കിടക്ക് ഗായത്രി അവനോട് സംസാരിക്കാൻ വരുന്നുണ്ടെങ്കിലും മുമ്പത്തെ പോലെ തിരിച്ചു പഞ്ചാരയടിക്കാൻ അവന് തോന്നിയില്ല.

“ഇന്ന് രാവിലെ വന്ന കുട്ടി ആരാ?”

“ഓ… അവളോ…നന്ദന “ഗായത്രി താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

“ആ കുട്ടി ടെയ്‌ലർ ആണോ?”

“യാ… നന്നായിട്ട് തയ്ക്കും…ചെറുതായിട്ട് ഡിസൈനിംഗും ചെയ്യും.എന്താ?”

“വെറുതേ… ആ കുട്ടീടെ പാരന്റ്‌സ്?”

“അവളുടെ മുത്തശ്ശൻ ഇവിടുത്തെ കാര്യസ്ഥൻ ആരുന്നു.അമ്മ മരിച്ചു.അച്ഛൻ ആരാന്ന് അറിയില്ല.”

“അപ്പോൾ ഒറ്റയ്ക്കാണോ താമസം?”

“അല്ല…കൂടെ ഒരു കിളവി…അല്ല അവളുടെ അമ്മൂമ്മ ഉണ്ട്”എന്നിട്ട് ഇതൊക്കെ ഇപ്പോൾ അറിഞ്ഞിട്ടെന്തിനാ എന്ന ഭാവത്തിൽ അവനെ നോക്കി.
പിന്നെ അവൻ ഒന്നും ചോദിച്ചതുമില്ല.

പിറ്റേന്ന് ആയുഷും വിവാനും കൂടി പതിവ് പോലെ ജോഗിങ്ങിന് പോയി.ആ നാട്ടിൽ അതൊന്നും പതിവില്ലാത്തതാണെന്ന് തോന്നുന്നു.ട്രാക്ക് സ്യൂട്ടും ധരിച്ച് പോകുന്ന അവരെ അത്ഭുതത്തോടെ എല്ലാവരും നോക്കി.ആയുഷ് വഴിയേ പോകുന്ന പെണ്കുട്ടികളെ ഒന്നും നോക്കി ചിരിക്കാൻ മറന്നില്ല.
കുറച്ച് കഴിഞ്ഞ് അവർ ഒരു വയലിലൂടെ നടന്നു.അപ്പോൾ എതിരെ നന്ദു വരുന്നുണ്ടായിരുന്നു.
ഒരു പാലത്തിന് സമീപമെത്തിയപ്പോൾ അവൾ മാറിനിന്നിട്ട് അവരോട് പൊക്കോളൻ പറഞ്ഞു.ഒരു തെങ്ങ് നീളത്തിൽ ഇട്ടിരിക്കുന്നതാണ് പാലം.

“ലേഡിസ് ഫസ്റ്റ്…. ഇയാൾ ഇങ്ങോട്ട് വന്നിട്ട് നമ്മൾ പോകാം”
ആയുഷ് അത് പറഞ്ഞിട്ട് വിവാനെ നോക്കി.അവൻ എങ്ങനെ ഇത് കടക്കും എന്ന് ആലോചിച്ചു നിൽപ്പാണ്.

“നമുക്ക് തിരിച്ചു പോകാം”വിവാൻ പറയുന്നുണ്ടായിരുന്നു.

അവൾ ഈസിയായി പാലം കടന്നു മുന്നോട്ടു നീങ്ങി.

“ഇതൊക്കെ സിംപിൾ അല്ലേ…”എന്ന് പറഞ്ഞ് ആയുഷ് മുന്നോട്ട് നീങ്ങി.പകുതി എത്തിയപ്പോൾ അവൻ കാൽ വഴുതി വെള്ളത്തിൽ വീണു.വിവാൻ ഇത് കണ്ട് നിന്ന് ചിരിക്കാൻ തുടങ്ങി.

ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ നന്ദു വിവാൻ വയറിൽ കയ്യും വച്ച് ചിരിക്കുന്നതാണ് കണ്ടത്.പിന്നെ വെള്ളത്തിൽ ആരോ ഇടിക്കുന്നതിന്റെ ശബ്ദവും.

“എന്റെ ദേവീ… അയാള് വീണോ”അവൾ അങ്ങോട്ടേക്ക് ഓടി.

“ഒരാൾ വീഴുന്ന കണ്ട് നിന്ന് ചിരിക്കുവാണോ വേണ്ടത്”
അവൾ വിവാനെ നോക്കി പറഞ്ഞു. അവൻ ഉടനെ ചിരി നിർത്തി.
അവൾ അങ്ങോട്ട് നോക്കിയപ്പോൾ ചമ്മലോടെ വെള്ളത്തിൽ കിടക്കുന്ന ആയുഷിനെ ആണ് കണ്ടത്.അവൾ ഒരറ്റത്ത് നിന്നിട്ട് അവന് നേരെ കൈ നീട്ടി.അവൻ അവളുടെ കൈ പിടിച്ച് മുകളിൽ കയറി.

“താങ്ക്സ്”അവൻ അവളോട് പറഞ്ഞു.എന്നിട്ട് വിവാനെ നോക്കി.അവൻ ചിരിയടക്കാൻ പാടുപെടുകയാണ്.

“അയ്യോ…ലേറ്റ് ആയല്ലോ”അവൾ വച്ചിലേക്ക് നോക്കി പറഞ്ഞിട്ട് ഓടാൻ തുടങ്ങി.

“ബൈ ദ വേ…ഐ ആം ആയുഷ്”അവൻ പറഞ്ഞു തീരുന്നതിന് മുന്നേ അവൾ പോയിരുന്നു.

“പോയി”വിവാൻ കളിയാക്കി പറഞ്ഞു.

“അപ്പോൾ മിസ്റ്റർ ആയുഷിന്റെ ഹാൻസം ലുക്കിൽ വീഴാത്ത പെണ്ണുങ്ങളുമുണ്ട്.”വിവാൻ തുടർന്നു.”ശീ ഈസ് സ്‌പെഷ്യൽ”

“നോക്കിക്കോ…സെവൻ ഡേയ്സിനുള്ളിൽ ശീ വിൽ സേ ഐ ലവ് യൂ ടു മീ”ആയുഷ് പറഞ്ഞു.

“ബെറ്റ്‌?”

“യപ്… ബെറ്റ്‌”വിവാൻ ഉറപ്പിച്ചു പറഞ്ഞു.

പിറ്റേന്ന് അവൻ ഒറ്റയ്ക്ക് അതേ സമയം അവിടെയെത്തി.അവൾ പതിവുപോലെ അതുവഴി വരുന്നുണ്ടായിരുന്നു.

“ഹായ്”അവൻ പറഞ്ഞു.

അവൾ ഒന്നു ചിരിച്ചതേ ഉളളൂ.

“താങ്ക്സ് ഫോർ ദ ഹെല്പ്”

അവൾ ഒന്നുകൂടി പുഞ്ചിരിച്ചിട്ട് ധൃതിയിൽ നടന്നു.

“ഇയാൾ ഒന്നും മിണ്ടില്ലേ…. ഒന്ന് പരിചയപ്പെടടോ”

“ഞാൻ നന്ദന”

“മൈസെൽഫ് ആയുഷ്…ഐ ആം എ ഗെയിം ഡിസൈനർ.ഇതെങ്ങോട്ടാ ഇത്ര തിരക്കിൽ?”

“ഞാൻ സിറ്റിയിൽ ഒരു കടയിൽ തയ്ക്കാൻ പോകുന്നുണ്ട്.ലേറ്റ് ആയി അതാ”അവൾ ധൃതിയിൽ നടന്നു.

“അപ്പോ സീ യൂ…നാളെ കാണാം”അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞിട്ട് പോയി.

‘നാളെ കണ്ടിട്ടെന്തിനാ…’അവൾ ആലോചിച്ചു.

ആയുഷ് വീട്ടിലെത്തിയപ്പോൾ വിവാൻ അവനെ നോക്കി നിൽപ്പുണ്ട്.

“ഇന്നെന്താ എന്നെ വിളിക്കാതെ പോയത്?”

“അതൊക്കെ ഉണ്ട്…സ്റ്റെപ് വൺ ആരുന്നു ഇന്ന്”

“എന്നിട്ട്?”

“എന്താവാൻ..സക്‌സസ്..ഐ തിങ്ക്… ഇട്‌സ് നോട്ട് സോ ഈസി”

“അപ്പോൾ ബെറ്റിൽ തോക്കോ?”

“നെവർ…. വൈയ്റ്റ് ആൻഡ് സീ ബ്രോ”ആയുഷ് പുഞ്ചിരിച്ചു.

പിറ്റേദിവസം അവൻ പോയെങ്കിലും അവൾ വന്നില്ല.അങ്ങനെ അവളുടെ വീട് തപ്പി ഇറങ്ങി.ചോദിച്ചതോ നാട്ടിലെ ആകാശവാണി ജാനു ചേച്ചിയോട്.അവര് വഴി കൃത്യമായി പറഞ്ഞുകൊടുത്തു.അവൻ താങ്ക്സ് പറഞ്ഞു മുന്നോട്ടു നീങ്ങി.

“ഇത് ആ ദേവേട്ടന്റെ മോനല്ലേ…ഇവൻ ഇപ്പോൾ അവളെ കണ്ടിട്ടെന്തിനാ…ഇപ്പോൾ ആ പെണ്ണിനെ തിരക്കിയും ചെറുക്കന്മാർ വന്നു തുടങ്ങിയോ…അതെങ്ങനാ അമ്മേടെ അല്ലേ മോള്…അമ്മ വേലി ചാടിയാൽ മോള് മതിലുചാടും… രണ്ടുപേരടുത്ത് പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനവുമില്ല…”പുതിയ ഗോസിപ്പ് കിട്ടിയ സന്തോഷത്തിൽ അവർ നടന്നു.

ആയുഷ് തപ്പിപ്പിടിച്ച് അവളുടെ വീട്ടിൽ എത്തി.ഒരു പഴയ ഓടിട്ട വീട്.പക്ഷേ അതിമനോഹരമായ മുറ്റം.ഗേറ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് അവൻ വീടിനടുത്തേക്ക് നീങ്ങി.

“ഹലോ….”അവൻ അവിടെ നിന്ന് വിളിച്ചു.

“നന്ദൂട്ടീ… ആരോ വന്നെന്ന് തോന്നുണു. ഒന്ന് നോക്കിയേ”അകത്തു നിന്നും ഒരു വൃദ്ധയുടെ ശബ്ദം കേട്ടു.

“ദേ വരുണു മുത്തശ്ശി..”അവൾ പുറത്തേക്ക് വന്നു.അവനെ കണ്ട് അവൾ ചിന്തിച്ചു
‘ഇയാളെന്താ ഇവിടെ?’

“ഹായ്…ഇന്ന് പോയില്ലേ ജോബിന്?”

“മുത്തശ്ശിക്ക് സുഖമില്ല.എന്താ ഇവിടെ?”

“ഇതു വഴി പോയപ്പോൾ കേറിയതാ… വെറുതേ… അല്ല വീട്ടിൽ വരുന്നവരെ അകത്തേക്ക് കയറ്റില്ലാന്നുണ്ടോ?”

“സോറി…വരൂ”
അവൻ അകത്തേക്ക് കയറി.അകത്ത് ഒരു കട്ടിലിൽ മുത്തശ്ശി കിടപ്പുണ്ടായിരുന്നു.അവർ അവനെ സൂക്ഷിച്ചു നോക്കി.

“ആരാ…മനസിലായില്ല”

“ഞാൻ ദേവനാരായണന്റെ മോനാ… അമ്മൂമ്മയ്ക്ക് അറിയാമോ എന്തോ?”

“ഗോപാലന്റെ കൂടെ നടക്കണ ദേവൻ”

“അതേ…”

“നിങ്ങൾ ഇവിടല്ലായിരുന്നല്ലോ”

“രണ്ടു ദിവസമായി വന്നിട്ട്”

“മോളേ…മോന് കുടിക്കാൻ എന്തെങ്കിലും..”

“ഒന്നും വേണ്ട.ഞാൻ വെറുതെ കേറിയതാ…അച്ഛൻ പറഞ്ഞിട്ടുണ്ട് കാർത്യായനി അമ്മൂമ്മയെ പറ്റി”

“ആ….എന്റെ ഭാനൂം അവനുമൊക്കെ നല്ല കൂട്ടായിരുന്നു.ഞാൻ പ്രസവിച്ചില്ലന്നേയുള്ളൂ അവൾക്ക് അവൻ ഒരു ഏട്ടൻ ആയിരുന്നു….പാവം അവൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.ചെറുപ്പത്തിലേ അനാഥനായി…ഒറ്റയ്ക്കാ അവൻ കഴിഞ്ഞത്. പിന്നീട് ജോലി ആയി അവൻ പോയി…”

“എന്നാൽ ശരി ഞാൻ ഇറങ്ങട്ടെ”അവൻ പുറത്തേക്ക് നടന്നു.
മുത്തശ്ശി അപ്പോൾ നന്നായി ചുമക്കുന്നുണ്ടായിരുന്നു.അവളും അവന് പുറകേ നടന്നു.

“അപ്പോൾ ബൈ”അവൻ നടന്നു നീങ്ങി.കുറച്ച് മുന്നോട്ട് നീങ്ങിയതും അവളുടെ വിളി വന്നു.

“ഏട്ടാ….മുത്തശ്ശി…”

“മുത്തശ്ശിക്കെന്തുപറ്റി”

“അറിയില്ല.മയങ്ങി വീണു…നിക്ക് പേടിയാവണു. ഒന്ന് വരോ”അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. രണ്ടു പേരും വീട്ടിനുള്ളിലേക്ക് ഓടി.അവൻ മുത്തശ്ശിയെ നോക്കിയിട്ട് ഉടനെ തന്നെ വഴിയേ പോയ ഒരു ഓട്ടോ നിർത്തിച്ച് ആശുപത്രിയിൽ കൊണ്ട് പോയി.

“പേടിക്കാനൊന്നുമില്ല.ബി പി കുറഞ്ഞ് വീണതാണ്.. നാളെ തന്നെ പോകാം.”ഡോക്ടർ പറഞ്ഞത് കേട്ട് അവൾക്ക് ആശ്വാസമായി.അവൾ കണ്ണുകൾ തുടച്ചു.

“ഇപ്പോൾ സമാധാനമായല്ലോ…ഇനി വാ നമുക്കൊരു ചായ കുടിക്കാം.”

“വേണ്ട…ഏട്ടൻ വീട്ടിൽ പൊയ്ക്കോളൂ…രാവിലെ വന്നതല്ലേ…ഒരു ബുദ്ധിമുട്ട് ആയി ല്ലേ”

“താൻ വാടോ…ഒരു ചായ കുടിക്കാന്നെ”
അവൻ അവളുടെ കയ്യിൽ പിടിച്ച് മുന്നോട്ടു നീങ്ങി. അവൾ അവനെ നോക്കി നടന്നു.പറഞ്ഞറിയിക്കാനാവാത്ത ഒരു ആരാധന അവനോട് അവൾക്ക് തോന്നി.

‘എന്റെ ദേവീ…. ഈ പൊട്ടിപ്പെണ്ണിന്റെ മനസ്സിൽ വേണ്ടാത്ത ചിന്തയൊന്നും കേറ്റി വയ്ക്കല്ലേ…’അവൾ ചിന്തിച്ചു.

അങ്ങനെ ചായയും വാങ്ങി കൊടുത്ത് കുറച്ചു നേരം കൂടി സംസാരിച്ചിട്ട് കയ്യിൽ കുറച്ച് പൈസയും ഏല്പിച്ചിട്ടാണ് അവൻ പോയത്.

പിറ്റേന്ന് തന്നെ മുത്തശ്ശി ഡിസ്ചാർജ് ആയി.ആ സമയത്ത് അവൻ വന്ന് അവരെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു. ഒപ്പം വിവാനും ഉണ്ടായിരുന്നു.
തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴി വിവാൻ ചോദിച്ചു.

“നീയിതെന്ത് ഭാവിച്ചാ?”

“വാട്ട്?”

“നീ ആ കുട്ടിയെ റിയൽ ആയിട്ട് പ്രേമിക്കില്ലെന്നൊക്കെ എനിക്കറിയാം. പക്ഷേ അവൾക്ക് നിന്നെ ഇഷ്ടമാണെന്നാ തോന്നുന്നത്.അത് ഒരു പാവമാടാ…”

“ഹഹഹ…ടേക്ക് ഇറ്റ് ഈസി മാൻ…ഞാൻ ഇനി കൂടിപ്പോയാൽ വൺ വീക് കാണും ഇവിടെ.അതുവരെ ഒരു എന്റർടെയ്ൻമെന്റ്… അത്രേ ഉള്ളൂ…പിന്നെ നിന്റെ ബെറ്റ്‌…ഐ ഒള്ളി പ്ലേ ടു വിൻ”

“എന്നാലും….വേണോ.ആ ബെറ്റങ് വേണ്ടാന്ന് വയ്ക്കാം”

“ഒരു രസം”വിവാൻ പുഞ്ചിരിച്ചു.

(തുടരും)