19/04/2026

നിഴലായ് : ഭാഗം 34

രചന – ശരണ്യ

ദിവസങ്ങൾ വളരെ വേഗം കടന്ന് പോയി.. വൈകുന്നേരം ആനിയും വർഷയും മുറ്റത്ത് നിന്ന് അടുത്ത വീട്ടിലെ കുട്ടികളോട്സംസാരിക്കുവായിരുന്നു..അപ്പോഴാണ് വൈശാഖിന്റെ കാർ അവരുടെ ഗേറ്റിന് മുന്നിൽ വന്ന് നിന്നത്..കാറിൽ നിന്ന് രാമചന്ദ്രൻ പുറത്തിറങ്ങി..വൈശാഖ് കാറിനുള്ളിൽ തന്നെയിരുന്നു..രാമചന്ദ്രനെ കണ്ടതും ആനിയും വർഷയും ഗേറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങി..വരൂ..അകത്തേക്ക് ഇരിക്കാം..വേണ്ട മോളെ..ഞാൻ ഇന്ന് രാത്രിത്തെ ട്രെയിനിൽ തിരിച്ചുപോകുവാണ്.. പോകും മുൻപേ മോളെ ഒന്ന് കാണണം എന്ന് തോന്നി..ഇവിടെ വരുമ്പോൾ മനസ്സിൽ നല്ല പ്രതീക്ഷയായിരുന്നു..എന്റെ അനിയത്തി ദേവിക്ക് ഈ ഏട്ടൻ എന്ന് പറഞ്ഞാൽ വലിയ കാര്യമായിരുന്നു..അത് കൊണ്ട് തന്നെ എന്റെ ദേവിയുടെ മോള് ഈ അമ്മാവൻ ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അത് നിരസിക്കില്ലെന്ന് വിചാരിച്ചു….ആഹ്..
എന്തായാലും മോളെ ഒന്ന് കാണാൻ പറ്റിയല്ലോ..അത് തന്നെ സന്തോഷം..

എന്ത് ആവശ്യമുണ്ടെങ്കിലും അവൻ ഇവിടെ ഉണ്ടാകും..പറയാൻ മടിക്കരുത്..
ഞാൻ ഇങ്ങോട്ട് വന്നത് മോളെ കാണാൻ ആണെന്ന് വീട്ടിൽ ആരോടും പറഞ്ഞിരുന്നില്ല..എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.. പറയാതിരുന്നത് എന്ത് കൊണ്ടും നന്നായിയെന്ന് ഇപ്പോൾ തോന്നുന്നു..
ഇല്ലെങ്കിൽ അവരെ കൂടി വിഷമിപ്പിക്കേണ്ടി വന്നേനെ..മോളുടെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അവനോട് പറയണം..അത് ഇനി എത്ര നാൾ കഴിഞ്ഞിട്ടായാലും..അപ്പൊഴേക്കും കേസ് ഒക്കെ അതിന്റെ വഴിക്ക് ആയിട്ടുണ്ടാകും..എന്നാലും സാരമില്ല..പോട്ടെ മോളെ..മോള് സന്തോഷമായിട്ടിരിക്ക് കേട്ടോ..രാമചന്ദ്രൻ അവളുടെ തലയിൽ കൈ വയ്ച്ച് അനുഗ്രഹിച്ചു..അവരുടെ കാർ അകന്നതും ആനി മുറ്റത്തെ സിമന്റ് തിട്ടയിൽ ഇരുന്നു..ആനീ..
ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് എന്നോട് ദേഷ്യം തോന്നരുത്…നിനക്ക് പോകാൻ താത്പര്യമുണ്ടെങ്കിൽ നീ പോകണം…കേസ് സ്വത്ത്‌..അതൊക്കെ പിന്നത്തെ കാര്യം..എല്ലാവരെയും പ്രത്യേകിച്ച് നിന്റെ അമ്മമ്മയെ ഒന്ന് പോയി കാണൂ..മനുഷ്യന്റെ കാര്യമല്ലേ..അവരുടെ ആ ഒരു ആഗ്രഹം എങ്കിലും ഒന്ന് സാധിച്ചു കൊടുക്ക് മോളെ..ഞാൻ പറഞ്ഞുവെന്നേ ഉള്ളൂ.. നിന്റെ ഇഷ്ടം..ആനി ഒന്നും പറഞ്ഞില്ല..അവൾക്ക് പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു..

അന്ന് രാത്രി ആനിക്ക് ഉറങ്ങനെ കഴിഞ്ഞില്ല..വൈശാഖും അച്ഛനും അവളെ കാണാൻ വന്നത് മുതൽ ഇന്ന് അയാൾ അവളോട് പറഞ്ഞത് വരെയുള്ള എല്ലാം അവൾ ആലോചിച്ചു നോക്കി..അവൾ പതിയെ എഴുന്നേറ്റ് ഫോണിലെ ടോർച്ച് ലൈറ്റ് ഓൺ ആക്കി…ബാഗിൽ നിന്ന് അമ്മയുടെ ഒരു പഴയ ഡയറി
കൈയ്യിലെടുത്തു..പതിയെ അത് തുറന്നു നോക്കി…അക്ഷരങ്ങൾ എല്ലാം മാഞ്ഞ് തുടങ്ങിയിരുന്നു..പേജുകൾക്കിടയിൽ നിന്ന് അവൾ ഒരു ഫോട്ടോ കൈയ്യിൽ എടുത്തു..കുഞ്ഞ് ആനിയും അമ്മയും ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്…അമ്മ ഒരിക്കൽ ഫാദർ പോളിനേ കൊണ്ട് എടുപ്പിച്ച ഫോട്ടോ ആണിത്..അമ്മ മരിച്ച ശേഷം ഫാദർ എന്നോട് മോളുടെ സാധങ്ങൾ ഒക്കെ എടുത്ത് വയ്ക്കാൻ പറഞ്ഞപ്പോൾ ആദ്യം എടുത്ത് വയ്ച്ചത്
അമ്മയുടെ ഈ ഡയറിയും ഫോട്ടോയും ആയിരുന്നു..അന്ന് ഈ ഡയറിയിലെ വാക്കുകൾ ഒന്നും എനിക്ക് മനസിലായില്ല..പക്ഷെ അമ്മ എപ്പോളും പറയുമായിരുന്ന ഒരു കാര്യം..ഈ ഡയറിയിൽ പലയിടത്തും അമ്മ എഴുതി വയ്ച്ചിരുന്നു..അമ്മയുടെ വലിയ ഒരാഗ്രഹമായിരുന്നു അത്..എന്നെങ്കിലും വീട്ടുകാരെ കണ്ടാൽ ചെയ്ത തെറ്റിന് അപ്പൂപ്പന്റെ കാലിൽ വീണ് ക്ഷമ ചോദിക്കണം..

ആനി ആ ഫോട്ടോയിൽ തന്നെ നോക്കിയിരുന്നു…അവൾ പതിയെ ജനലരികിലേക്ക് നടന്നു..തുറന്നു കിടക്കുന്ന ജനാലയിലൂടെ അവൾ ആകാശത്തേക്ക് നോക്കി..നിലാവുള്ള രാത്രിയായിരുന്നു..അവൾ ആ ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ച് നിലാവിനെ നോക്കി ജനലരികിൽ നിന്നു..അടുത്ത ദിവസം വൈശാഖിനോട് സംസാരിക്കാനായി ആനി വൈശാഖിന്റെ ക്യാബിന് മുന്നിൽ അവനെ കാത്ത് നിന്നു..പക്ഷെ വൈശാഖ് അന്ന് ഓഫീസിൽ വന്നില്ല..ആനി നിരാശയോടെ സീറ്റിൽ വന്നിരുന്നു..എന്താ ആനി മോളെ..? കാലന്റെ ക്യാബിന് മുന്നിൽ ഒരു കറക്കം..ഏയ്..സാറിനെ ഒന്ന് കാണണമായിരുന്നു..ഇന്നലെ ഞാൻ ഇല്ലായിരുന്ന ടൈം സാറും അച്ഛനും കൂടി നിന്നെ കാണാൻ വന്ന കാര്യം ചേച്ചി എന്നോട് പറഞ്ഞായിരുന്നു..ചേച്ചി നിന്നോട് പറഞ്ഞത് തന്നെയാ എനിക്കും പറയാൻ ഉള്ളത്..ഒന്ന് പോയി നാടും വീടും ബന്ധുക്കളെയും ഒക്കെ കണ്ടിട്ട് വാ..

അടുത്ത ദിവസവും വൈശാഖിനോട് സംസാരിക്കാനായി ആനി അവനെ തിരക്കി ചെന്നു.. പക്ഷെ വൈശാഖ് അന്നും ഓഫീസിൽ വന്നില്ല…ആനി ആദർശിനോട് തിരക്കിയപ്പോൾ വൈശാഖ് പനി കാരണം ലീവ് ആണെന്ന് അറിഞ്ഞു..ആതീ നീ എനിക്ക് ഒരു ഹെൽപ്പ് ചെയ്യുമോ ??എന്താ..? എനിക്ക് വൈശാഖ് സാറിന്റെ നമ്പർ ഒന്ന് തരുമോ ??എടീ പൊട്ടി..അങ്ങേരുടെ നമ്പർ നിന്റെ കൈയ്യിൽ ഉണ്ട്..നീ ആദ്യം ആ വാട്ട്സാപ്പ് ഗ്രൂപ്പ് എടുത്ത് നോക്ക്..അങ്ങേര് ആണ് ഗ്രൂപ്പ് അഡ്മിൻ..ഓക്കേ….വൈശാഖ് നല്ല ഉറക്കത്തിലായിരുന്നു..ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് ഉറക്കം പകുതിക്ക് മുറിഞ്ഞ ദേഷ്യത്തിൽ അവൻ ഫോൺ എടുത്ത് നോക്കി…ആനിയോ..എന്താ ഇപ്പോൾ ??അവൻ വേഗം കാൾ അറ്റൻഡ് ചെയ്തു..ഹലോ..സാർ..ഞാൻ ആനിയാണ്.മനസ്സിലായി..പറയ് ആനീ..സാർ..പനി എങ്ങനെയുണ്ട്..?? കുറഞ്ഞോ ??ആഹ്.. ഇപ്പോൾ കുറവുണ്ട്.. ഓക്കേ..നാളെ ഹോളീഡേ അല്ലേ..
സാർ നാളെ ഫ്രീ ആണോ..? ഒന്ന് കാണാൻ പറ്റുമോ..?യാ..ഷുവർ..എങ്കിൽ ഓഫീസിന് അടുത്തുള്ള കഫ്റ്റിരിയയിൽ ഒരു പത്തു മണിയാകുമ്പോൾ വരാമോ.. തീർച്ചയായും..ഞാൻ ആ സമയത്ത് അവിടെ ഉണ്ടാകും..കൂടുതൽ ഒന്നും പറയാതെ അവൾ ഫോൺ കട്ട് ചെയ്തു..

💞💞💞💞💞💞

രാവിലെ വൈശാഖിനായി അവൾ കഫ്റ്റിരിയക്ക് മുന്നിൽ കാത്ത് നിന്നു..
പത്ത് മണി കഴിഞ്ഞിട്ടും വൈശാഖിനെ കാണാഞ്ഞപ്പോൾ ആനി അവന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി..അവൾ കാൾ ചെയ്തുകൊണ്ട് നിൽക്കേ വൈശാഖ് റോഡിന്റെ മറുവശത്ത് നിന്ന് ആനിയെ നോക്കി കൈ വീശി കാണിച്ചു..സോറി ആനീ..
ഇറങ്ങാൻ നേരം ഓഫീസിൽ നിന്ന് ഒരു കാൾ വന്നു..അതാ ലേറ്റ് ആയത്..അത് സാരമില്ല..അവർ ആദ്യം കണ്ട ടേബിളിന്റെ ഇരു വശത്തായി ഇരുന്നു..വൈശാഖ്
രണ്ടുപേർക്കും ഓരോ കോഫി ഓർഡർ ചെയ്തു..കോഫി മുന്നിൽ വന്നതും വൈശാഖ് തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.ആനി എന്നെ കാണണം എന്ന് പറഞ്ഞത് എന്തിനാ ??സാർ..ഇനി എന്നാ നാട്ടിലേക്ക് പോകുന്നത് ?ഞാൻ ഇനി…
എന്തെങ്കിലും ആവശ്യം വന്നാൽ പോകും..അല്ലെങ്കിൽ എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ.. എന്താ നീ അങ്ങനെ ചോദിച്ചത് ?

അടുത്ത തവണ നാട്ടിലേക്ക് പോകുമ്പോൾ ഞാനും ഒപ്പം വരുന്നുണ്ട്..എന്താ ?? വൈശാഖ് വിശ്വാസം വരാതെ ആനിയെ
നോക്കി..ഞാൻ വരുന്നു..എനിക്ക് അമ്മമ്മയെ കാണണം..അത്ര മാത്രം..അല്ലാതെ കേസിന്റെ കാര്യത്തിന് ഒന്നുമല്ല ഞാൻ വരുന്നത്..അതിന് എന്നെ നിർബന്ധിക്കരുത്…

ഇല്ല ആനീ..നീ വരാമെന്ന് പറഞ്ഞല്ലോ അത് തന്നെ ധാരാളം..നമുക്ക് നെക്സ്റ്റ് വീക്ക് പോകാം.ടിക്കറ്റ് ഒക്കെ ഞാൻ ബുക്ക് ചെയ്തോളാം…എന്തായാലും ഇപ്പോൾ തന്നെ അച്ഛനെ വിളിച്ച് പറയട്ടെ…അച്ഛന് സന്തോഷമാകും..വേണ്ട സാർ..പറയണ്ട..
അന്ന് സാറിന്റെ അച്ഛൻ പറഞ്ഞ പോലെ ഒരു സർപ്രൈസ് ആയിരിക്കട്ടെ..കുറച്ചു ദിവസം..അത് കഴിഞ്ഞാൽ നമുക്ക് തിരികെ വരണം..ആനിയുടെ ഇഷ്ടം പോലെ..
പിന്നെ ഒരു കാര്യംആനി ഈ സാർ വിളി ഒന്ന് നിർത്തുമോ വിച്ചുവേട്ടൻ എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ വിച്ചുവെന്നോ വൈശാഖ് എന്നോ വിളിച്ചോളൂ..ശ്രമിക്കാം…..അവർ പരസ്പരം കൈ കൊടുത്തു പിരിഞ്ഞു…വൈശാഖ് വളരെ സന്തോഷത്തിലായിരുന്നു..വരുന്ന തിങ്കളാഴ്ച്ചത്തേക്ക് അവൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു..

വീട്ടിൽ എത്തിയതും ആനി നേരെ കിച്ചനിൽ പോയി ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു…..എന്താ..?എന്തിനായിരുന്നു നീ രാവിലെ അത്യാവശ്യപ്പെട്ട്കാലനെ കാണാൻ പോയത് ??ഓഹ് അതിനായിരുന്നോ..
നിങ്ങളുടെ വരവ് കണ്ട് ഞാൻ പേടിച്ചു പോയി..ഞാൻ അമ്മയുടെ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു..ഒരുപാട് വട്ടം ആലോചിച്ചു..പോകണ്ട എന്ന് തന്നെ കരുതിയിരുന്നതാ…പക്ഷെ എന്തോ എന്നെ അവിടേക്ക് പോകാൻ പ്രേരിപ്പിക്കുന്ന പോലെ..കഴിഞ്ഞ ദിവസം സാറിന്റെ അച്ഛൻ ഇവിടേക്ക് വന്നില്ലേ..അന്ന് എന്തോ എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല..പോകണോ വേണ്ടയോ എന്ന് കുറെചിന്തിച്ചു..അവസാനം പോകാം എന്ന് തന്നെ തീരുമാനിച്ചു..ചിലപ്പോൾ അമ്മയ്ക്ക് ചെയ്യാൻ കഴിയാതെ പോയ കാര്യം ഞാൻ ചെയ്യാനാകും..അപ്പൂപ്പൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല…അമ്മയ്ക്ക് വേണ്ടി അമ്മമ്മയോട് എങ്കിലും എനിക്ക് മാപ്പ് ചോദിക്കണം..നല്ല കാര്യം ആനീ..നീ പോകണം..പോയി എല്ലാവരെയും കാണണം..എല്ലാം നിനക്ക് ഒരു പുതിയ അനുഭവമായിരിക്കും..അതെ..പോകുന്നത് ഒക്കെ കൊള്ളാം.ബന്ധുക്കളെ ഒക്കെ കിട്ടി കഴിയുമ്പോൾ ഞങ്ങളെ മറന്നാൽ ഉണ്ടല്ലോ..വേഗം ഇങ്ങ് പോന്നേക്കണം..

അയ്യട..നിങ്ങളെ ഞാൻ മറക്കുവോ..??
പോയിട്ട് എത്രയും വേഗം ഞാൻ തിരികെ വരും..കേസിന് ഒന്നും എനിക്ക് താല്പര്യമില്ല..
സ്വത്തിന് വേണ്ടി അല്ലേ ആ ദുഷ്ടർ എല്ലാം ചെയ്ത് കൂട്ടിയത്..കൊണ്ട് പൊയ്‌ക്കോട്ടെ..എനിക്ക് ഒന്നും വേണ്ട..ആനിയെ കാണാനായി വൈശാഖിന്റെ അച്ഛൻ വന്ന കാര്യം ആതിര എബിയോട് പറഞ്ഞിരുന്നു..എബിക്കും അവൾ പോകണമെന്ന് തന്നെ ആയിരുന്നു ആഗ്രഹം..അവൾ നാട്ടിലേക്ക് പോകാൻ തീരുമാനിച്ച വിവരം അപ്പോൾ തന്നെ ആതിര എബിക്ക് മെസ്സേജ് അയച്ചു…ആനി നാട്ടിൽ എത്തി കഴിഞ്ഞാൽ എല്ലാ ദിവസവും അവളെ വിളിച്ചു കാര്യങ്ങൾ തിരക്കണമെന്നും അതെല്ലാം അപ്പോൾ തന്നെ എബിയെ അറിയിക്കണമെന്നും മാത്രം അവൻ മറുപടി അയച്ചു..ആനി ജോലിക്ക് കയറിട്ട് കുറച്ചു നാൾ മാത്രമേ ആയിരുന്നുള്ളു..അത് കൊണ്ട് ലീവ് എടുക്കുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ ആദർശിന്റെയും ഫ്രണ്ട്സിന്റെയും മറുപടി നോ എന്നായിരുന്നു..ജോയിൻ ചെയ്ത് ആറ് മാസമെങ്കിലും കഴിയാതെ ഒരാഴ്ച്ചത്തേ ലീവ് ഒന്നും തരാൻ കഴിയില്ലെന്ന് ആദർശ് അവളോട് പറഞ്ഞു..ഒടുവിൽ വൈശാഖ് ആദർശിനെ മാത്രം മാറ്റി നിർത്തി ആനി നാട്ടിലേക്ക് പോകുന്നത് എന്തിന് വേണ്ടിയാണെന്നും അവൾ തനിക്ക് ആരാണെന്നുമുള്ള കാര്യങ്ങൾ വ്യക്തമാക്കി കൊടുത്തു..

・o・・o・・o・

എബി പല സ്ഥലങ്ങളിലായി ജോലി അന്വേഷിച്ചു നടന്നു…രണ്ട് ദിവസമായി അവൻ ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ തന്നെയായിരുന്നു..
ഒടുവിൽ അവന്റെ ഒരു സ്കൂൾ മേറ്റിന്റെ സഹായത്തോടെ ഒരു കമ്പനിയിൽ അവന് ജോലി ശരിയായി..ആദ്യത്തെ ഒരു വർഷം ട്രെയിനിംഗ് പീരിയഡ് ആണ്..അതിന് ശേഷം അവന്റെ പെർഫോമെൻസിന്റെ ബേസിസിൽ പെർമനെന്റ് സ്റ്റാഫായി നിയമിക്കണോ വേണ്ടയോ എന്ന് മാനേജ്‌മെന്റ് തീരുമാനിക്കും..
എന്തൊക്കെയാണെങ്കിലും ജോലി കിട്ടിയതിൽ അവൻ വളരെ സന്തോഷവാനായിരുന്നു..ജോലി കിട്ടിയ സന്തോഷം പങ്കുവയ്ക്കാനായി എബി ആദ്യം പോയത്‌ കരുണാലയത്തിലേക്ക് ആയിരുന്നു..അവൻ കുട്ടികൾക്ക് എല്ലാം സ്വീറ്റ്‌സ് കൊടുത്തു..കുട്ടികളുടെ ബഹളം കേട്ട് ഓഫീസിൽ നിന്ന് പുറത്തേക്ക് വന്ന മദർ അവരോട് ഒപ്പം സംസാരിച്ചു നിൽക്കുന്ന എബിയെ കണ്ടു..അവർ എബിയുടെ അടുത്തേക്ക് വന്ന് അവൻ നീട്ടിയ ബോക്സിൽ നിന്ന് സ്വീറ്റ്സ് എടുത്തു..എന്താ എബീ ഭയങ്കര സന്തോഷമാണല്ലോ..?? ഇതെന്താ ഇപ്പോൾ സ്വീറ്റ്‌സ് ഒക്കെയായിട്ട് ??എനിക്ക് ജോലി കിട്ടി…ജോലിയോ.? നീ എന്താ തമാശ പറയുവാണോ ?? പാറക്കുന്നേൽ കുടുംബത്തിന്റെ സകല സ്വത്തുക്കളുടെയും ബിസിനെസ്സിന്റെയും ഏക അവകാശി വേറെ ജോലിക്ക് പോകുന്നെന്നോ ??എബിയുടെ മുഖത്ത് പുച്ഛം നിറഞ്ഞിരുന്നു..

വേണം മദർ..എനിക്ക് എല്ലാ കാലത്തും കുടുംബത്തിന്റെ ബിസിനെസ്സിനെ ആശ്രയിച്ചു കഴിയാൻ പറ്റില്ലല്ലോ..അത് ഒന്നും ഞാൻ ഉണ്ടാക്കിയത് അല്ല..ഞാൻ ആയിട്ട് അധ്വാനിച്ചുണ്ടാക്കിയ എന്തെങ്കിലും ഒക്കെ വേണ്ടേ..എന്നാലും മോനെ..നീ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ജോസഫ് സാറിന് എന്ത് മാത്രം വിഷമം ഉണ്ടാക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ ?? ആഹ് അത് ഒന്നും എനിക്ക് അറിയില്ല..പിന്നെ ഞാൻ ബാംഗ്ലൂർ പോയത് എല്ലാം അറിഞ്ഞിട്ടുണ്ടാകുമല്ലോ..അവിടെ നടന്ന എല്ലാ കാര്യങ്ങളും ആനി മദറിനോട് പറഞ്ഞിട്ട് ഉണ്ടാകുമെന്ന് അറിയാം..ഇനി ഞാൻ അതെ പറ്റി ഒന്നും പറയേണ്ടത് ഇല്ലല്ലോ..ആനി എല്ലാം പറഞ്ഞു..
എന്നാലും നീ അവളോട്….പുറമെ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും നിങ്ങൾ രണ്ടാളും ഒന്നിക്കാൻ മറ്റ് ആരെക്കാളും കൂടുതൽ ഞാൻ ആഗ്രഹിച്ചിരുന്നു മക്കളെ.
ഇപ്പോളും എനിക്ക് ആഗ്രഹം ഉണ്ട്… എന്നാലും നീ അവളുടെ കഴുത്തിൽ നിന്ന് മിന്ന് അഴിച്ചു മാറ്റുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..നീ അവളോട് ഇങ്ങനെ ഒക്കെ കാണിച്ചതിൽ പാവം
ആനിയ്ക്ക് നല്ല സങ്കടമുണ്ട്…ഇന്നലെ വിളിച്ചപ്പോഴും അവൾ അതും പറഞ്ഞ് കുറെ സങ്കടപ്പെട്ടു..മ്മ്…ബാക്കി ഉണ്ടായിരുന്ന സ്വീറ്റസ് കൂടി കുട്ടികളെ ഏല്പിച്ചിട്ടിട്ട് അവൻ നേരെ വീട്ടിലേക്ക് പുറപ്പെട്ടു..വീട്ടിൽ എല്ലാവരോടും അവൻ ജോലി കിട്ടിയ കാര്യം പറഞ്ഞു….ആദ്യം അവൻ ലില്ലിയോട് ആണ് പറഞ്ഞത്..അവരുടെ വായിലേക്ക് അവൻ തന്നെ സ്വീറ്റ്‌സ് വയ്ച്ചു കൊടുത്തു..പിന്നീട് മറിയാമ്മയ്ക്കും മേഴ്‌സിക്കും എല്ലാം കൊടുത്തു..

എബീ..നിന്റെ അപ്പച്ചൻ ഇന്ന് ഇവിടെ കിടന്ന് കുറെ ദേഷ്യപ്പെട്ടു..ആദ്യ ദിവസം നീ ജോലി അന്വേഷിച്ചു പോകുന്നുവെന്ന് പറഞ്ഞപ്പോൾ അത് നീ വെറുതെ വാശി പുറത്ത് പറയുന്നത് ആകുമെന്ന് ഇച്ചായൻ കരുതി..നിനക്ക് ജോലി ഒന്നും ശരിയായില്ലെന്ന് ചേട്ടത്തി പറഞ്ഞപ്പോൾ അടുത്ത ദിവസം മുതൽ പഴയ പോലെ നീ സ്കൂളിൽ വരും എന്ന് പ്രതീക്ഷിച്ചു..പക്ഷേ ഇന്നലെയും ഇന്നും വീണ്ടും നീ ഇന്റർവ്യൂന് എന്ന് പറഞ്ഞ് ഇവിടുന്ന് ഇറങ്ങിയപ്പോൾ ഇച്ചായന് നിന്നോട് ദേഷ്യമായി..ഇതെല്ലം നിനക്ക് ഉള്ളത് അല്ലേ..അതൊക്കെ വേണ്ടെന്ന് വയ്ച്ച് വേറെ ജോലി അന്വേഷിച്ചു പോകുന്നത് എന്തിന് വേണ്ടിയാ..?? ഇച്ചായന്റെ കാലം കഴിഞ്ഞാൽ നീ അല്ലെ എല്ലാം നോക്കി നടത്തേണ്ടത്..?? നിനക്ക് വേണ്ടണെങ്കിൽ പിന്നെ ഇതെല്ലം ആർക്ക് വേണ്ടിയാണ് എന്നൊക്കെ ചോദിച്ചു..മേഴ്സിയമ്മേ..
ഞാൻ കുറച്ചു കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്..അതിലേക്കുള്ള ആദ്യത്തെ സ്റ്റെപ് ആണ് എന്റെ ഈ ജോലി..കുറച്ചു കഷ്ടപ്പെട്ടിട്ട് ആയാലും അത് ഓക്കേ ആയി..നിങ്ങൾ ആരും വിഷമിക്കണ്ട..ഈഗോ ഒക്കെ മാറ്റി വയ്ച്ചിട്ട് അപ്പച്ചൻ തന്നെ എന്റെ ആനിയെ എന്റെ കൈയ്യിൽ ഏൽപ്പിക്കുന്ന ദിവസം പഴയ എബിയായി ഞാൻ ആപ്പച്ചന്റെ കൂടെ ഉണ്ടാകും..ആനി ഇല്ലാതെ എനിക്ക് പറ്റില്ല മേഴ്സിയമ്മേ…അത് പോലെ തന്നെയാണ് അവൾക്കും..എന്നെ ഒരുപാട് ഇഷ്ടമാണ്..
ഞാൻ അവളുടെ കാമുകൻ അല്ല…
ഭർത്താവ് ആണ്..അപ്പച്ചൻ ആവശ്യപ്പെട്ടു എന്ന ഒരൊറ്റ കാരണത്താലാണ് എല്ലാം ഉള്ളിൽ ഒതുക്കി സ്വയം വേദനിച്ചുകൊണ്ട് അവൾ എന്നിൽ നിന്ന് അകന്നത്..
ഇനിയും അവളെ ഇങ്ങനെ വേദനിപ്പിക്കല്ലേ എന്ന് ഒന്ന് പറയ്.. പാവമാണ് എന്റെ ആനി..രണ്ടിടത്തായി ഇങ്ങനെ പരസ്പരം ഓർത്ത് സങ്കടപെട്ട് കഴിയാൻ വയ്യ ഞങ്ങൾക്ക്…

അത്രയും പറഞ്ഞ് എബി അവന്റെ റൂമിലേക്ക് പോയി..പോകുന്ന വഴിയിൽ അവൻ അമലിനെ ഫോൺ വിളിക്കുന്നുണ്ടായിരുന്നു..സ്കൂളിലെ എന്തോ പേപ്പർ എടുക്കാനായി വീട്ടിൽ എത്തിയതായിരുന്നു ജോസഫ്.. വീടിനുള്ളിലേക്ക് കാൽ എടുത്ത് വയ്ക്കാൻ നേരം ഉള്ളിൽ നിന്നുള്ള എബിയുടെ സംസാരം അയാൾ കേട്ടു..ജോസഫ് ആലോചനയോടെ അവിടെ തന്നെ നിന്നു..എബി ജോലിയിൽ ജോയിൻ ചെയ്തു.അവൻ ജോലിക്ക് പോകുന്നതിൽ ജോസഫിന് നല്ല വിഷമമുണ്ടായിരുന്നു..
ആദ്യത്തെ ദിവസം എബിക്ക് ഇച്ചിരി ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പതിയെ പതിയെ അവന് തന്റെ പുതിയ ജോലിയിൽ ഇന്ററെസ്റ് ആയി തുടങ്ങി..

◎o◎◎o◎◎o◎◎o◎

ഇന്നാണ് വൈശാഖിന്റെ ഒപ്പം ആനി നാട്ടിലേക്ക് പോകുന്നത്..അവളുടെ കൂടെ റെയിൽവേ സ്‌റ്റേഷനിലേക്ക് ആതിരയും വർഷയും എത്തിയിരുന്നു..ആനി..ടേക്ക് കെയർ..നിങ്ങൾ പേടിക്കണ്ട..കൂട്ടുകാരിയെ സേഫ് ആയി തന്നെ തിരികെ എത്തിക്കും..ട്രെയിൻ പുറപ്പെട്ടത്തും ആതിര എബിക്ക് മെസ്സേജ് അയച്ചു..മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ട് എബി വേഗം ഫോൺ എടുത്ത് നോക്കി..ഹാവ് എ സേഫ് ആൻഡ് ഹാപ്പി ജേർണി മൈ ഡിയർ..അവൻ മനസ്സിൽ പറഞ്ഞു..യാത്രയിൽ ഉടനീളം ആനിയുടെ ചിന്ത എബിയെ കുറിച്ചായിരുന്നു..ആദ്യമായി അവന്റെയൊപ്പം ഇന്റർവ്യൂന് എറണാകുളത്ത് പോയതും പിന്നീട് അവൻ കള്ളം പറഞ്ഞ് അവളെ കൂട്ടികൊണ്ട് പോയി മിന്ന് ചാർത്തിയതും അതിന് ശേഷം അന്ന് മുഴുവൻ അവന്റെ കൂടെ കടൽക്കരയിൽ ഇരുന്നതും തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചതും എല്ലാം ഒരു ചിത്രം പോലെ ആനിയുടെ മുന്നിൽ തെളിഞ്ഞ് വന്നു..ഇടയ്ക്ക് വൈശാഖ് ആനിയോട് എന്തൊക്കെയോചോദിക്കുന്നുണ്ടായിരുന്നു..മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അവളുടെ കണ്ണുകൾ ഇവിടെയും മനസ്സ് മറ്റെവിടെയോ ആണെന്ന് അവന് മനസ്സിലായി..പിന്നിട് അവൻ ഒന്നും മിണ്ടിയില്ല..

ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ആനി കൊണ്ട് വന്നിരുന്നു..അവനുള്ളത് ട്രെയ്നിൽ നിന്ന് വാങ്ങാമെന്ന് വൈശാഖ് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല..
കൊണ്ട് വന്ന ഭക്ഷണം അവർ ഇരുവരും ഷെയർ ചെയ്ത് കഴിച്ചു.. കഴിക്കുന്നതിനിടയിൽ ആനിയും വൈശാഖും പരസ്പരം സംസാരിച്ചു..ഓഫീസിലെ ചൂടനായ വൈശാഖ് ശരിക്കും വളരെ ഫ്രണ്ടലിയാണെന്ന് അവൾക്ക് മനസ്സിലായി..ഒരുപാട് സംസാരിക്കുന്ന തമാശകൾ പറയുന്ന രസികനായ വൈശാഖ് ആനിക്ക് വളരെ അത്ഭുതമായിരുന്നു…ആനി നല്ല മയക്കത്തിലായിരുന്നു..ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയപ്പോൾ വൈശാഖ് അവളെ തട്ടി വിളിച്ചു…അവിടുന്ന് ഒരു ഓട്ടോയിലാണ് അവർ വീട്ടിലേക്ക് പോയത്..മെയിൻ റോഡിൽ നിന്ന് മാറി നിറയെ മരങ്ങൾ നിറഞ്ഞ വഴിയിലൂടെയായിരുന്നു അവരുടെ യാത്ര..വഴിയുടെ ഇരുവശത്തും പയറും മരച്ചീനിയും വാഴയുമൊക്കെ കൃഷി ചെയ്തിട്ടുണ്ടായിരുന്നു..

ദേ..ഈ കാണുന്ന പറമ്പ് ഒക്കെ ഞങ്ങൾടെ ആണ്..ഈ കൃഷി എല്ലാം
അച്ഛന്റെ പണിയാ…പിന്നെ ആ തോട് കണ്ടോ അതിന് അപ്പുറത്ത് ഉള്ളതൊക്കെ നിന്റെ പേരിൽ ഉള്ളതാണ്..നേരത്തെ അവിടെയും ഇത് പോലെ കൃഷിയൊക്കെ ഉണ്ടായിരുന്നു..ഇപ്പോൾ കേസ് നടക്കുന്ന കാരണം ഒന്നും ചെയ്യാറില്ല… വൈശാഖ് പറയുന്നത് എല്ലാം ആനി കൗതുകത്തോടെ കേട്ടിരുന്നു…വൈശാഖ് ഓട്ടോക്കാരന് വഴി പറഞ്ഞു കൊടുത്തു.. ഒരു നാലുകെട്ടിന്റെ മുന്നിലാണ് ഓട്ടോ ചെന്ന് നിന്നത്..പക്ഷെ പഴയ രീതിയിൽ നീന്ന് മാറി ഒരുപാട് മോഡിഫിക്കേഷൻസ് ഉണ്ടായിരുന്നു ആ വീടിന്..ആനി ഓട്ടോയിൽ ഇരുന്ന് തന്നെ അവിടെയെല്ലാം നോക്കി കണ്ടു..ആനി ആകെ ടെൻസ്ഡ് ആയിരുന്നു..അവൾ ഓട്ടോയിൽ നിന്നിറങ്ങാതെ വൈശാഖിനെ നോക്കി…പേടിക്കണ്ട..ഇത് നിന്റെ വീടാണെന്ന് കരുതിയാൽ മതി…ഇവിടെ ഉള്ളവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ..നീ ആരാണെന്ന് അറിയുമ്പോൾ എല്ലാവരും നിന്നെ സ്നേഹം കൊണ്ട് മൂടും..

വൈശാഖ് അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു..ആനി പേടിയോടെ ഓട്ടോയിൽ നിന്നിറങ്ങി..മുറ്റത്ത് ഫോണിൽ സംസാരിച്ചുകൊണ്ട് നിന്ന പെൺകുട്ടി വൈശാഖിനെയും അവന്റെ ഒപ്പം വന്നിറങ്ങിയ ആനിയെയും മാറി മാറി നോക്കി..അയ്യോ അമ്മായി..
വിച്ചേട്ടൻ ദേ ഒരു പെണ്ണിനേയും കൊണ്ട് വന്നേ…അവൾ വിളിച്ചു കൂവികൊണ്ട് അകത്തേക്ക് ഓടി..വൈശാഖും ആനിയും അത് കണ്ട് പൊട്ടിച്ചിരിച്ചു…..തുടരും…