19/04/2026

ശിവനയനം : അവസാന ഭാഗം

രചന – നിള നന്ദ

 

ചുവന്ന പറ്റുസാരി ഉടുത്ത് കണ്ണാടിക്ക് മുന്നിൽ ഇരിക്കുന്ന ലച്ചുവിന്റെ തലയിൽ മുല്ലപ്പൂ ചൂടി കൊടുക്കുകയായിരുന്നു നയന..

” ഈ വേഷത്തിൽ നീ കൂടുതൽ സുന്ദരി ആയിട്ടുണ്ട്..”

ലച്ചുവിന്റെ കവിളിൽ തലോടി പുഞ്ചിരിയോടെ നയന പറഞ്ഞു..

” എന്നെക്കാൾ സുന്ദരി ആയിട്ടുണ്ട് നീ.. ശിവേട്ടന്റെ സെലക്ഷൻ മോശം ആയിട്ടില്ല.. ”

ലച്ചു നയനയെ ആകെ ഒന്ന് നോക്കികൊണ്ട് പറഞ്ഞു..
ഇളം മഞ്ഞ സാരി ആയിരുന്നു അവളുടെ വേഷം..

” അയ്യോടാ.. ശിവേട്ടന്റെ പേര് പറഞ്ഞപ്പോഴേക്കും പെണ്ണിന് നാണം വന്നല്ലോ.. രണ്ടാളും സമ്മതിക്കാഞ്ഞിട്ട് അല്ലേ.. അല്ലെങ്കിൽ മൂന്ന് കല്യാണവും ഇന്ന് ഒന്നിച്ച് നടത്തായിരുന്നല്ലോ.. ”

ലച്ചു നയനയെ നോക്കി പരിഭവം പോലെ പറഞ്ഞു..

” അങ്ങനെ ഞാൻ കല്യാണപെണ്ണായിട്ട് ഇരുന്നാൽ എനിക്ക് എന്റെ അച്ചുവേട്ടന്റെ പെങ്ങളായിട്ട് ഷൈൻ ചെയ്യാൻ പറ്റോ.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഇങ്ങനെ സുന്ദരി ആയി ഒരുക്കാൻ പറ്റോ.. ”

നയന ലച്ചുവിന്റെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു..

” ആഹ് അതും ശരിയാ.. ഞാനും നിന്റെയും ശിവേട്ടന്റെയും കല്യാണത്തിന് ഷൈൻ ചെയ്യുന്നുണ്ട്..”

ലച്ചു നയനയെ നോക്കി കണ്ണിറുക്കി..

” ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ മക്കളെ.. സമയം ആയി.. ”

ദേവകി അവരുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..

” ഒരുക്കം ഒക്കെ തീർന്നു അമ്മേ.. ”

നയന ആണ് മറുപടി പറഞ്ഞത്..

ദേവകി ലച്ചുവിന്റെ അടുത്ത് ചേർന്ന് നിന്ന് വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി..
രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞ് വന്നു..

” അതെ രണ്ടാളോടും കൂടി പറയാണ്.. കരയാനൊക്കെ ഇനിയും സമയം ഇണ്ട്.. ഇപ്പൊ നമുക്ക് ക്ഷേത്രത്തിലേക്ക് പോവാം.. ”

നയന രണ്ടാളെയും നോക്കി ചിരിയോടെ പറഞ്ഞു..

” മോളെ അച്ചു തിരക്കുന്നുണ്ടായിരുന്നു.. മോളൊന്ന് അങ്ങോട്ട് ചെല്ല്.. ഞങ്ങൾ താഴെ കാണും.. ”

നിറഞ്ഞ കണ്ണ് തുടച്ച് ദേവകി നയനയോട് പറഞ്ഞു..

ശരിയെന്നു തലയാട്ടി ലച്ചുവിനെ ഒന്ന് നോക്കി നയന റൂമിന് പുറത്തേക്ക് ഇറങ്ങി..

അവൾ നേരെ പോയത് അരവിന്ദന്റെ റൂമിലേക്ക് ആയിരുന്നു..
അരവിന്ദന്റെ റൂമിൽ അവനോടൊപ്പം മഹിയും ശിവനും ഉണ്ടായിരുന്നു..

” അച്ചുവേട്ടൻ എന്നെ തിരക്കി എന്ന് അമ്മ പറഞ്ഞല്ലോ.. എന്താ ഏട്ടാ..? ”

അരവിന്ദന്റെ അടുത്ത് നിൽക്കുന്ന ശിവനെ ഒന്ന് പാളി നോക്കികൊണ്ട് നയന ചോദിച്ചു..

” മോളെ ഇന്ന് കണ്ടതെ ഇല്ലല്ലോ.. അതാ വിളിച്ചത്..”

അരവിന്ദ് നയനയെ നോക്കി ചിരിയോടെ പറഞ്ഞു..

” ലച്ചു എന്നെ എങ്ങോട്ടെങ്കിലും ഒന്ന് വിട്ടിട്ട് വേണ്ടേ.. അല്ല മഹിയേട്ടാ കല്യാണ ചെക്കനെക്കാൾ ഒരുക്കം ആണല്ലോ അനിയന്.. ”

കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുന്ന മഹിയെ നോക്കി നയന കളിയായി പറഞ്ഞു..

” അത് പിന്നെ അങ്ങനെ വേണ്ടേ.. കല്യാണചെക്കനെക്കാൾ ഒരുപിടി മുന്നിൽ നമ്മൾ തിളങ്ങങ്ങേണ്ടടി മോളെ.. ”

മഹി നയനയെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു..

” മ്മ് മ്മ്.. ഒരുക്കം ഒക്കെ വേഗം തീർത്ത് താഴേക്ക് ചെല്ല് അവിടെ തിരക്കുന്നുണ്ട്.. ”

നയന ചിരിയോടെ പറഞ്ഞു..
അവളുടെ തലയിൽ ചെറുതായി ഒന്ന് കൊട്ടികൊണ്ട് അരവിന്ദന്റെ ഒപ്പം മഹിയും റൂമിന് പുറത്തേക്ക് ഇറങ്ങി..

” ഈ കളർ തനിക്ക് നന്നായി ചേരുന്നുണ്ട്.. ”

ശിവൻ നയനയുടെ അടുത്തേക്ക് ചെന്ന് അവളുടെ ചെവിയിൽ പതിയെ പറഞ്ഞു..
ഒന്നും മിണ്ടാതെ നയനെ അവനെ പ്രണയത്തോടെ നോക്കി..

” പക്ഷേ.. എന്തോ ഒരു കുറവ് ഇണ്ടല്ലോ.. മ്മ്.. താനിവിടെ നിൽക്ക് ഞാനിപ്പോ വരാം.. ”

നയനയെ നോക്കി ഒന്ന് പുഞ്ചിരിച്ച് ശിവൻ പുറത്തേക്ക് പോയി..
എന്തായിരിക്കും എന്ന് ചിന്തിച്ച് നയന ശിവൻ പോവുന്നതും നോക്കി നിന്നു..
കുറച്ച് സമയം ആയപ്പോഴേക്കും ശിവൻ കയ്യിൽ മുല്ലപ്പൂ മാലയുമായി തിരികെ വന്നു..
നയന ചിരിയോടെ ശിവനെ നോക്കി..
നയനയുടെ പുറകിൽ നിന്ന് വിടർന്ന് കിടക്കുന്ന അവളുടെ മുടി ഉയർത്തി ഉള്ളിലൂടെ അവൻ മുല്ലപ്പൂ മേലേക്ക് വെച്ചു..

” ഇപ്പൊ ശരിയായി.. ”

ശിവൻ നയനയെ നോക്കി പുഞ്ചിരിയോടെ കണ്ണിറുക്കി..

” അതെ മുല്ലപ്പൂ ചൂടിക്കൽ ഒക്കെ കഴിഞ്ഞെങ്കിൽ വേഗം വരാൻ നോക്ക് നിങ്ങളെ രണ്ടാളെയും നോക്കിയാ എല്ലാവരും നിൽക്കുന്നേ.. ”

മഹി വാതിൽക്കൽ നിന്നുകൊണ്ട് ചിരി കടിച്ച് പിടിച്ച് രണ്ടാളെയും നോക്കി..
ചമ്മൽ മറയ്ക്കാൻ പാട് പെട്ടുകൊണ്ട് നയന ശിവനെ ഇടംകണ്ണിട്ട് ഒന്ന് നോക്കി വേഗം പുറത്തേക്ക് പോയി..

” എന്താടാ കട്ടുറുമ്പേ നിന്ന് ചിരിക്കുന്നെ.. ”

മഹിയുടെ വയറിൽ ചെറുതായി ഇടിച്ചുകൊണ്ട് ശിവൻ കണ്ണുരുട്ടി..

” എന്നാലും എന്റെ ശിവേട്ടാ.. നിങ്ങൾ ഇത്രയും റൊമാന്റിക് ആണെന്ന് ഞാൻ കരുതിയില്ല.. ”

” എന്റെ റൊമാൻസ് ഞാൻ എന്തിനാടാ നിന്നെ കാണിക്കുന്നേ.. ”

” വാതിലൊക്കെ തുറന്നിട്ട്‌ റൊമാൻസിക്കുമ്പോൾ നമ്മളൊക്കെ കാണും എന്നോർത്താൽ മതി.. ”

പറഞ്ഞുകൊണ്ട് മഹി പുറത്തേക്ക് ഓടി..
നെറ്റിയിൽ ഒന്ന് തടവി ചിരിയോടെ ശിവൻ മഹിക്ക് പുറകെ നടന്നു..

********************

അരവിന്ദും കൂടുംബവും എത്തുമ്പോഴേക്കും ക്ഷേത്രത്തിൽ വിവേകും വീട്ടുകാരും വന്നിരുന്നു..
പത്തു മണിക്കും പതിനൊന്ന് മണിക്കും ഇടയിൽ ആയിരുന്നു മുഹൂർത്തം..
ക്ഷേത്രത്തിൽ കയറി എല്ലാവരും പ്രാർത്ഥിച്ചു..

ആദ്യം അരവിന്ദന്റെയും വിദ്യയുടെയും താലിക്കെട്ട് ആയിരുന്നു.. പിന്നെ വിവേകിന്റെയും ലച്ചുവിന്റെയും..
തടസങ്ങൾ ഒന്നും ഇല്ലാതെ എല്ലാം മംഗളമായി തന്നെ നടന്നു..

ഓർഫനെജിൽ നിന്ന് മദറും മറ്റുള്ളവരും വന്നിരുന്നു..
അവർ വന്നതും നയന പിന്നെ അവർക്കൊപ്പം തന്നെ ആയിരുന്നു..
ഇടയ്ക്കൊക്കെ അവളുടെ കണ്ണുകൾ ശിവനെ തേടി പോയെങ്കിലും അവൻ ആകെ തിരക്കിൽ ആയത് കൊണ്ട് കാണാൻ സാധിച്ചില്ല..

കല്യാണ സദ്യ കഴിച്ച് ഫോട്ടോ എടുക്കൽ ഒക്കെ കഴിഞ്ഞതും മദറും മറ്റുള്ളവരും പോവാൻ ഇറങ്ങി..

” റിസപ്ഷൻ കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ മദർ.. ”

നയന മദറിന്റെ അടുത്ത് നിന്ന് ചോദിച്ചു..

” തിരികെ എത്തുമ്പോൾ ലേറ്റ് ആവും മോളെ.. ഇനി അടുത്ത ആഴ്ച്ച എന്റെ മോൾടെ കല്യാണത്തിന് വരാനുള്ളതല്ലേ.. ”

മദർ നയനയുടെ കവിളിൽ വാത്സല്ല്യത്തോടെ തലോടി..
അത് കേട്ടപ്പോൾ നയനയുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി തെളിഞ്ഞു..

” എന്നാ ഞങ്ങൾ ഇറങ്ങട്ടെ മോളെ.. ”

മദറിനോപ്പം മറ്റുള്ളവരും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി..

റിസപ്ഷൻ കൂടെ കഴിഞ്ഞ് തിരക്കും ബഹളവും ഒക്കെ കഴിഞ്ഞപ്പോൾ രാത്രി ആയിരുന്നു..

ലച്ചു വിവേകിന്റെ ഒപ്പം അവന്റെ വീട്ടിലും വിദ്യ അരവിന്ദിന്റെ ഒപ്പം ഇവിടെയും ആയിരുന്നു..

രാത്രി റൂമിൽ കിടക്കുകയായിരുന്നു നയന..
നല്ല ക്ഷീണം ഉണ്ടെങ്കിലും അവൾക്ക് ഉറക്കം വന്നില്ല..
ഇത്രയും ദിവസം മീനുവിന്റെ കൂടെ ആയിരുന്നു ഇവിടെ കിടന്നിരുന്നത്..
പെട്ടന്ന് തനിച്ചായപ്പോൾ അവൾക്ക് ആകെ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു..
ഉറങ്ങാൻ കഴിയാതെ അവൾ ഓരോന്ന് ഓർത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു..

പെട്ടന്ന് ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം കേട്ടതും ഈ നേരത്ത് ഇതാരാണെന്ന് ഓർത്ത് നയന മേശയിലേക്ക് കൈ എത്തിച്ച് ഫോൺ എടുത്തു..
സ്‌ക്രീനിൽ ശിവേട്ടൻ കാളിങ് എന്ന് കണ്ടതും ചിരിയോടെ കാൾ അറ്റൻഡ് ചെയ്ത് അവൾ കാതോട് ചേർത്തു..

” എനിക്ക് അറിയായിരുന്നു താൻ ഉറങ്ങി കാണില്ലെന്ന്.. ”

” അതെന്താ മാഷേ ഇത്ര ഉറപ്പ്.. ”

നയന ചിരിയോടെ ചോദിച്ചു..

” എനിക്ക് അറിഞ്ഞൂടെ തന്നെ.. ഇത്ര ദിവസം ലച്ചു കൂടെ ഉണ്ടായിട്ട് പെട്ടന്ന് തനിച്ച് ആയ വിഷമത്തിൽ ഉറങ്ങാതെ കിടക്കായിരിക്കും താണെന്ന് എനിക്ക് അറിയാം.. ”

ശിവന്റെ മറുപടി കേട്ടതും നയനയ്ക്ക് അതിയായ സന്തോഷം തോന്നി..
ഒന്നും പറയാതെ തന്നെ തന്റെ മനസ്സ് മനസിലാക്കുന്ന ഒരാൾ..
ഓർത്തപ്പോൾ അറിയാതെ അവളുടെ കണ്ണ് നിറഞ്ഞ് വന്നു..

” ഓരോന്ന് ഓർത്ത് വിഷമിക്കാതെ കിടന്നോ.. നല്ല ക്ഷീണം കാണും.. ഗുഡ് നൈറ്റ്‌.. ”

” ഗുഡ് നൈറ്റ്‌.. ”

തിരികെ ഗുഡ് നൈറ്റ്‌ പറഞ്ഞ് കാൾ കട്ട്‌ ചെയ്ത് നയന കണ്ണുകൾ അടച്ച് കിടന്നു..
ആണ് നേരം അവളുടെ മനസ്സിൽ മുഴുവൻ ശിവൻ ആയിരുന്നു..

*******************

ഇന്നാണ് ശിവന്റെയും നയനയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം..
അവരുടെ വിവാഹദിവസം..
ദേവി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം..
അധികം ആളും ബഹളവും ഒന്നുമില്ലാതെ അടുത്ത ബന്ധുക്കൾ മാത്രമേ ഉള്ളൂ..
അങ്ങനെ മതിയെന്ന് ശിവനും നയനയ്ക്കും നിർബന്ധം ആയിരുന്നു..

നയനയെ ഒരുക്കാൻ ലച്ചുവിന്റെ ഒപ്പം വിദ്യയും ഉണ്ട്..
കസവ് കരയുള്ള സെറ്റ് സാരി ആയിരുന്നു നയനയുടെ വേഷം..
വളരെ സിംപിൾ ആയി രണ്ടാളും നയനയെ ഒരുക്കി..

ഒരുങ്ങി താഴെ ചെല്ലുമ്പോൾ മദർ ഉണ്ടായിരുന്നു അവിടെ.. എല്ലാവർക്കും വരാനുള്ള ബുദ്ധിമുട്ട് കാരണം മദറിന്റെ കൂടെ ഒന്ന് രണ്ട് സിസ്റ്റേഴ്സ് കൂടെ ഉണ്ടായിരുന്നുള്ളു..

മദറിന്റെ കാലിൽ തൊട്ട് നയന അനുഗ്രഹം വാങ്ങി..

” കർത്താവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.. ”

മദർ നയനയുടെ തലയിൽ കൈ വെച്ച് പ്രാർത്ഥിച്ചു..

അനുഗ്രഹം വാങ്ങാൻ രാമനാഥന്റെയും ദേവകിയുടെയും കാലിൽ തൊട്ടപ്പോൾ നയനയുടെ കണ്ണ് നിറഞ്ഞു..

” എന്താ മോളെ ഇത്.. ഇപ്പൊ കരയാണോ സന്തോഷിക്കല്ലേ വേണ്ടത്.. ”

നയനയുടെ കണ്ണ് രണ്ടും തുടച്ച് കൊണ്ട് രാമനാഥൻ അവളെ ചേർത്ത് പിടിച്ചു..

” ഞാൻ.. ഞാൻ പെട്ടന്ന് എന്തൊക്കെയോ ഓർത്തുപോയി അച്ഛാ.. ”

” അങ്ങനെ സങ്കടം വരുന്ന ഒന്നും എന്റെ മോള് ഓർക്കണ്ട.. എന്റെ മോൾക്ക് ഇനി എന്നും സന്തോഷം മാത്രേ ഉണ്ടാവൂ.. ”

ദേവകി വാത്സല്ല്യത്തോടെ അവളുടെ തലയിൽ തലോടി..

നയന അരവിന്ദന്റെ അടുത്ത് ചെന്ന് അവന്റെ കാലിലേക്ക് വീഴാൻ പോയതും അരവിന്ദ് അവളെ ചേർത്ത് പിടിച്ചു..

” ഏട്ടന്റെ അനുഗ്രം എന്നും എന്റെ മോൾക്ക് ഉണ്ടാവും.. സന്തോഷായിട്ടിരിക്ക്.. ”

അരവിന്ദ് അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ചുണ്ടമർത്തി.. മഹിയും അവരുടെ അടുത്തേക്ക് വന്ന് അവളെ ചേർത്ത് പിടിച്ചു..
അവരുടെ സ്നേഹം കണ്ട് അവിടെ നിന്ന എല്ലാവരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു..

*******************

ശിവന്റെ അരികിൽ നിന്ന് ദേവിക്ക് മുന്നിൽ പ്രാർത്ഥിക്കുമ്പോൾ നയനയുടെ കൈ അല്പം മുൻപ് ശിവൻ കഴുത്തിൽ കെട്ടിയ താലിയിലേക്ക് നീണ്ടു..
സന്തോഷം കൊണ്ട് അവളുടെ ഉള്ളാകെ നിറഞ്ഞിരുന്നു..
ഇനിയെന്നും ഈ സന്തോഷം ജീവിതത്തിൽ ഉണ്ടാവാൻ അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു..

” പ്രാർത്ഥന കഴിഞ്ഞെങ്കിൽ പോയാലോ.. അമ്മ നിലവിളക്കും ആയി കാത്തിരിക്കുന്നുണ്ടാവും.. ”

ശിവൻ കാതിൽ പതിയെ പറഞ്ഞതും നയന ചിരിയോടെ തലയാട്ടി..
താലിക്കെട്ട് കഴിഞ്ഞു അല്പം സമയം കഴിഞ്ഞപ്പോൾ
മാലാതിയും കൃഷ്ണൻ മാഷും കുറച്ച് പേരും കൂടി വീട്ടിലേക്ക് പോയിരുന്നു..

പുറത്തേക്ക് ഇറങ്ങുമ്പോൾ നയനയുടെ ഇടം കയ്യിൽ ശിവൻ തന്റെ വലം കൈ കോർത്ത് പിടിച്ചിരുന്നു..
ഒന്നുടെ അവൾ അവന്റെ കയ്യിലേക്ക് മുറുക്കെ പിടിച്ചു..

മാലതി കൊടുത്ത നിലവിളക്കുമായി ശിവനോടൊപ്പം വലതുകാല് വെച്ച് നയന അകത്തേക്ക് കയറി..

” ഈ ദിവസത്തിന് വേണ്ടിയാ കുറേ ദിവസങ്ങൾ ആയി അമ്മ കാത്തിരുന്നത്.. ”

നയനയെ ചേർത്ത് പിടിച്ച് മാലതി സ്നേഹത്തോടെ പറഞ്ഞു..

കല്യാണത്തിന് ശേഷം ചെറിയ ഒരു സദ്യ മാത്രമേ ഉണ്ടായിരുന്നുള്ളു.. റിസപ്ഷനും മറ്റു ആഘോഷങ്ങളും ഒന്നും വേണ്ടെന്ന് ശിവൻ പറഞ്ഞിരുന്നു.. നയനയ്ക്കും അത് തന്നെ ആയിരുന്നു താല്പര്യം..
എങ്കിലും അടുത്ത ബന്ധുക്കളും അയൽക്കാരും ഒക്കെ വൈകുന്നേരം വരെ വീട്ടിൽ ഉണ്ടായിരുന്നതിനാൽ ശിവനും നയനയ്ക്കും ശരിക്ക് ഒന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല..

തിരക്കൊക്കെ ഒഴിഞ്ഞ് ഫ്രഷ് ആയി രാത്രിയിൽ ശിവൻ റൂമിലേക്ക് വരുമ്പോൾ ബെഡിൽ എന്തോ ഓർത്ത് ഇരിക്കുകയായിരുന്നു നയന..
ശബ്‌ദം ഉണ്ടാക്കാതെ ശിവൻ അവളുടെ അടുത്തേക്ക് ചെന്ന് മുടിയിലെ വെള്ളം അവളുടെ മുഖത്തേക്ക് കുടഞ്ഞു..
ഞെട്ടലോടെ നയന മുഖം ഉയർത്തി നോക്കി..

” എന്താണ് ഇത്ര ആലോചന.. ”

” ഞാൻ വെറുതെ ഓരോന്ന് ഓർത്ത് ഇരുന്നതാ.. ”

മുഖത്തെ വെള്ളം തുടച്ചുകൊണ്ട് നയന ശിവനെ നോക്കി..

” അങ്ങനെ ഓരോന്ന് ഓർത്ത് ഈ ദിവസത്തെ ഭംഗി വെറുതെ കളയണോ.. മ്മ്.. ”

ചിരിയോടെ പുരികം പൊക്കി ശിവൻ നയനയെ നോക്കി..
മറുപടി പറയാതെ നാണത്തോടെ അവൾ മുഖം തിരിച്ചു..
ശിവൻ അവളോട് ഒന്നുടെ ചേർന്ന് നിന്നുകൊണ്ട് അവളുടെ കഴുത്തിൽ ചുണ്ടമർത്തി..
നയന അവനെ നോക്കാതെ രണ്ട് കൈ കൊണ്ടും അവനെ ചുറ്റി പിടിച്ചു…

****************

രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് കഴിഞ്ഞ് ശിവനും നയനയും ഓർഫനേജിലേക്ക് യാത്ര തിരിച്ചു.. ഇന്ന് ഒരു ദിവസം അവിടെ നിൽക്കാൻ ആണ് പ്ലാൻ..
ലച്ചുവും വിവേക്കും വരാമെന്ന് പറഞ്ഞിരുന്നെങ്കിലും വിവേകിനു അത്യാവശ്യമായി ഹോസ്പിറ്റലിൽ പോകേണ്ടത് കൊണ്ട് അവർ പിന്നെ ഒരു ദിവസം പോകാമെന്നു പറഞ്ഞു..

ഉച്ചയോടെ ആണ് രണ്ടാളും അവിടെ എത്തിയത്..
എല്ലാവരും രാവിലെ മുതൽ നയനയെയും ശിവനെയും കാത്തിരിക്കുന്നുണ്ടായിരുന്നു..
നയനയെ കണ്ടതും എല്ലാവരും ഓടി വന്ന് അവളെ പൊതിഞ്ഞു വിശേഷം ചോദിക്കലും സ്നേഹം പങ്കിടലും ഒക്കെ ആയിരുന്നു..
ശിവൻ ചിരിയോടെ അതെല്ലാം നോക്കി നിന്നു..

നയനയും ശിവനും കൂടി വാങ്ങികൊണ്ട് വന്ന സ്വീറ്റ്സും ഡ്രെസ്സും എല്ലാവർക്കും കൊടുത്തു..

രാത്രിയിൽ ഭക്ഷണം കഴിച്ച് ഹാളിൽ ഒന്നിച്ചിരുന്നു എല്ലാവരും സംസാരിക്കുകയായിരുന്നു..
എല്ലാവരുടെ മുഖത്തും പതിവിലും സന്തോഷം കണ്ട് നയനയുടെ കണ്ണ് നിറഞ്ഞു..
അവളെ പോലെ തന്നെ അവരിൽ ഒരാളായി ശിവനും മാറിയിരുന്നു..
ശിവനും അവർക്ക് പ്രിയപ്പെട്ട ഒരാളായിരുന്നു..

നയന പ്രയർ റൂമിൽ ചെന്ന് കർത്താവിനു മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു..
ഒരുപാട് പ്രതിസന്ധികളിലൂടെ കടന്ന് പോയെങ്കിലും ഒടുവിൽ തന്നെ ശിവന്റെ അരികിൽ എത്തിച്ചതിനുള്ള നന്ദി പറയുകയായിരുന്നു അവൾ..

” എന്താടോ ഈ സമയത്തൊരു പ്രാർത്ഥന.. ”

ശിവനും അവളോടൊപ്പം മുട്ടുകുത്തി ഇരുന്നു..
മുഖം തിരിച്ച് നയന അവനെ നോക്കി..

” ഈ ജന്മത്തിലെ പോലെ ഇനിയുള്ള എല്ലാ ജന്മത്തിലും എനിക്ക് എന്റെ ശിവേട്ടനെ തരണേ എന്ന് പ്രാർത്ഥിച്ചതാണ്.. ”

നിറഞ്ഞ കണ്ണുകൾ തുടച്ച് നയന പറഞ്ഞു..

” എല്ലാ ജന്മത്തിലും താൻ എന്റേത് തന്നെ ആയിരിക്കും.. ശിവന്റെ മാത്രം നയന.. ”

അവളെ ചേർത്ത് നിർത്തി അവൻ നെറ്റിയിൽ അമർത്തി ചുംബിച്ചു..

( അവസാനിച്ചു.. )

എല്ലാർക്കും ഇഷ്ട്ടായോ എന്നറിയില്ല..
വിചാരിച്ചതിൽ കൂടുതൽ സപ്പോർട്ട് എനിക്ക് കിട്ടിയിട്ടുണ്ട്.. അതിൽ ഒരുപാട് സന്തോഷം ഇണ്ട്.. ചീത്ത പറഞ്ഞതും അടി ഉണ്ടാക്കിയത് ഇഷ്ട്ടം കൊണ്ട് ആണെന്ന് അറിയാം.. എല്ലാരോടും നിറെ സ്നേഹം.. ആരുടെയും പേര് എടുത്ത് പറയുന്നില്ല.. അപ്പൊ ഇനി സ്റ്റോറിക്ക് വേണ്ടി ലാസ്റ്റ് കമെന്റ്.. ഇനി ഒരു അഭിപ്രായം ചോദിക്കാൻ പറ്റില്ല അതോണ്ടാ..