രചന – ഐശ്വര്യ അനിൽകുമാർ
സെയ്ൻ നദിയുടെ ഓരത്ത് കല്ലിൽ പണിത ആ ബെഞ്ചിൽ അവൻ ഒറ്റക്കിരുന്നു. നിശ്ചലമായി ഒഴുകുന്ന നദി…എന്നാൽ ആഴങ്ങളിലേക്ക് നോക്കിയാൽ രൗദ്രഭാവത്തിൽ കാണാം…ചുറ്റും ആളുകളുടെ തിരക്ക്.കൂട്ടത്തിനിടയിലും ഏകനായി ചിന്തകളിൽ മുഴുകി അവൻ ഇരുന്നു.തന്റെ ഓർമകളുമായി…നദിയുടെ നിശ്ചലതയിൽ കണ്ണും നട്ട്.
**********************************
പാരീസ്…..ദ സിറ്റി ഓഫ് ലവ്…..വിനോദസഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ഈഫൽ ടവർ സ്ഥിതി ചെയ്യുന്ന സ്ഥലം.സെയ്ൻ നദിയുടെ തീരത്തുള്ള സഞ്ചാരികളുടെ മനസ്സിൽ മറക്കാനാവാത്ത അനുഭൂതി നിറയ്ക്കുന്ന നഗരം.പ്രണയിക്കുന്നവരെ ഹൃദയം നൽകി സ്വീകരിക്കുന്ന പാരീസ്…..
പാരീസിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഗെയിം ലോഫ്ട് കോർപറേഷനിലെ വളരെ മിടുക്കനായ ഒരു ഗെയിം ഡിസൈനർ ആണ് ആയുഷ്.അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു വാഹനാപകടത്തിൽ മരണമടഞ്ഞ ദേവനാരായണന്റെയും സുലോചനയുടെയും മൂത്ത മകൻ.ഡൽഹിയിൽ പാർലമെന്റിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ദേവൻ.അവരുടെ മരണശേഷം ആയുഷ് സഹോദരി ദിയയോടൊപ്പം പാരീസിൽ താമസമാക്കി.ദിയ ഇപ്പോൾ പഠനം കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുന്നു.
അവൻ ഏറെ ഇഷ്ടപ്പെടുന്ന പ്രൊഫഷൻ തന്നെയാണ് ഗെയിം ഡിസൈനിംഗ്.അവന് ജീവിതം തന്നെ ഒരു ഗെയിം ആണെന്നുള്ള ഭാവമാണ്.കളിച്ചും ചിരിച്ചും പാർട്ടികൾക്ക് പോയും അവൻ ജീവിതം ആഘോഷിച്ചു.പ്രണയം എന്നത് വെറും ഒരു വാക്കാണ് അവന്.ഗേൾ ഫ്രണ്ട്‌സ് ഒരുപാട് ഉണ്ടെങ്കിലും ആരെയും പ്രണയിച്ചിട്ടില്ല.ഒരുതരം കാസനോവ ആണവൻ.
പക്ഷേ ദിയയെ അവന് ജീവനാണ്.അവൾക്ക് വേണ്ടി എന്ത് ചെയ്യാനും അവൻ തയ്യാറാണ്.അഞ്ച് വർഷമായി അവർ പാരീസിൽ ഫ്രണ്ട് വിവാന്റെ അപ്പാർട്ട്‌മെന്റിൽ ആണ് താമസിക്കുന്നത്.വിവാൻ മുംബൈക്കാരനാണ്.വർഷങ്ങളായി കുടുംബത്തോടെ വിവാൻ പാരിസിലാണ്.തൊട്ടടുത്ത അപ്പാർട്ട്‌മെന്റിൽ തന്നെയാണ് അവനും.
വിവാനും ആയുഷും ഒത്താണ് വർക് ചെയ്യുന്നത്.അവർ നല്ല സുഹൃത്തുക്കളുമാണ്.
ഇന്നലെ പരിചയപ്പെട്ട അമേരിക്കക്കാരിയുമായി ഈഫൽ ടവറിലേക്ക് നടക്കുകയാണ് അവൻ.അപ്പോഴാണ് അത് കണ്ട് മറീന അങ്ങോട്ട് വന്നത്.
“യഷ്…. ഹൂ ഈസ് ദിസ്”അവൾ ചോദിച്ചു.
“സോറി”
അവൻ കേൾക്കാത്ത ഭാവത്തിൽ ചോദിച്ചു.
“വെയ്റ്റ്…ഹൂ ആർ യൂ ടു ക്വസ്റ്റിയൻ ഹിം?”ട്രീസ ചോദിച്ചു.
“ആം ഹിസ് ഗേൾ ഫ്രണ്ട്”
“വാട്ട്….ഹീ ഹാസ് എ ഗേൾ ഫ്രണ്ട്???”
“യെസ്…ആൻഡ് ദാറ്റ്‌സ് മീ”
ഇതെല്ലാം കാഴ്ചക്കാരനായി നോക്കി നിന്ന് ആയുഷ് പറഞ്ഞു.
“ഗായ്‌സ്…. പ്ളീസ് സ്റ്റോപ് ദിസ്”
“ഹൗ മെനി ഗേൾ ഫ്രണ്ട്‌സ് ടൂ യു ഹാവ്”
ട്രീസ ദേഷ്യത്തിൽ ചോദിച്ചു.
“ഐ ഡോണ്ട് നോ”അവൻ കളിയായി പറഞ്ഞു.
“യൂ ചീറ്റർ….ഗെറ്റ് ലോസ്റ്റ്”ട്രീസ ദേഷ്യത്തിൽ പോയി.
“സോ…മറീന…കോഫി?”
“കോഫി?ഗോ റ്റു ഹെൽ”അവൾ പറഞ്ഞിട്ട് പോയി.
അവൻ തിരിച്ച് വീട്ടിലേക്ക് നടന്നു.ദിയ അപ്പോൾ ലാപ്‌ടോപ്പിൽ ജോബ് വാക്കൻസീസ് നോക്കുകയായിരുന്നു.
“ഇന്ന് ആർക്കൊപ്പമായിരുന്നു?”
“ഇന്നലെ കണ്ട പെണ്ണില്ലേ….ട്രീസ…”
“യൂ മെറ്റ് ഹെർ യെസ്റ്റർഡേ…ആൻഡ് എ ഡേറ്റ് ടുഡേ….സോ ഫാസ്റ്റ് ബ്രോ…അല്ലാ… ടോട്ടൽ എത്ര പേരുണ്ട് ?”
“ഇതൊക്കെയല്ലേ ഒരു എന്റർടെയ്ൻമെന്റ്….”അവൻ പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി.
പിറ്റേന്ന് രാവിലെ പതിവ്പോലെ വിവാനുമൊത്ത് അവൻ ഓഫീസിൽ പോയി.കുറച്ച് കഴിഞ്ഞ് അവരെ രണ്ടു പേരെയും ബ്രാഞ്ച് ഹെഡ് വിളിക്കുന്നതായി അറിയിച്ചു.
“സർ….മേ വി ഗെറ്റ് ഇൻ?”വിവാൻ കതക് കുറച്ച് തുറന്നിട്ട് ചോദിച്ചു.
ഒരു സായിപ്പാണ് ഹെഡ്.അയാൾ ലാപ്ടോപ്പിൽ നിന്ന് മുഖമുയർത്തി അവരോട് കയറി വരാൻ ആംഗ്യം കാണിച്ചു.
“യൂ ടു ആർ ട്രാൻസ്ഫെർഡ് ടു ദ ഡൽഹി ബ്രാഞ്ച് ഓഫ് ഗെയിംലോഫ്റ്റ്.ഫോർ എ ന്യൂ പ്രോജക്ട്.”
“ബട്ട് സർ…”
“ഐ നോ യൂ ആർ ക്രീയെറ്റിങ് എ ന്യൂ ഗെയിം…ബട്ട് ദിസ് ഈസ് ആൻ ഓഡർ…യു ക്യാൻ റിട്ടേൺ ആഫ്റ്റർ ഫിനിഷിങ് ഇറ്റ്”
“ഇറ്റ്‌സ് നോട്ട് ഫെയർ..”ആയുഷ് പറഞ്ഞു തുടങ്ങിയപ്പോൾ അയാൾ അവനെ ദേഷ്യത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു.
“യു ക്യാൻ ലീവ് നൗ”
ദേഷ്യത്തിൽ ആയുഷിന്റെ രക്തം തിളച്ചുമറിയുന്നുണ്ടായിരുന്നു.അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് വിവാൻ അവനെ പുറത്തേക്ക് കൊണ്ടുപോയി.
“ദെ ആർ ചീറ്റിങ് അസ്. ഇതെല്ലാം ആ ജോണിന്റെ പണിയാണ്. നമ്മുടെ ഗെയിം തട്ടിയെടുക്കാൻ….ഷിറ്റ്”അവൻ ദേഷ്യത്തിൽ ചുമരിൽ അടിച്ചു.
“കൂൾ ഡൗൻ യാർ….അവർ ഈഗോ കൊണ്ട് ചെയ്യുന്നതല്ലേ ഇത്…ബട്ട് ദെ കാൻഡ് സ്റ്റീൽ ഔർ ടാലന്റ്… നമുക്ക് ഇതിലും നല്ല ഒന്ന് ഇനിയും ചെയ്യാം.”
വിവാൻ പറഞ്ഞു.
ആയുഷിനൊപ്പം കൂടി വിവാൻ ഇപ്പോൾ നന്നായി മലയാളം സംസാരിക്കും.
“ബട്ട്….”
“ടേക്ക് ഇറ്റ് ഈസി.ഒൺ ഇയറിന്റെ കാര്യമല്ലേ…നമുക്ക് ഒന്ന് ഇന്ത്യ വരെ പോയിട്ട് വരാം.”
“ദിയ??”
“അവളെയും കൊണ്ട് പോകാം.”
അങ്ങനെ അവർ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.മുൻപ് ഡൽഹിയിൽ താമസിച്ചിരുന്നതിനാൽ സുഹൃത്തുക്കൾ വഴി അതേ വീട് തന്നെ വാടകയ്ക്ക് ലഭിച്ചു.ഓർമ വച്ച കാലം മുതൽ താമസിക്കുന്ന വീടാണ്. പക്ഷേ പരീസിലേക്ക് മാറിയപ്പോൾ അത് വിറ്റിരുന്നു.
എയർപോർട്ടിൽ നിന്ന് കാർ ആ വീടിന് മുന്നിൽ എത്തിയപ്പോൾ ദിയയും ആയുഷും പരസ്പരം നോക്കി.കഴിഞ്ഞു പോയ കാലം അവർക്ക് മുന്നിൽ വീണ്ടും തെളിഞ്ഞു വന്നു.ബ്രോക്കറുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി അവൻ വാതിൽ തുറന്ന് അകത്തേക്ക് കയറി.പഴക്കം ചെന്ന വീടായിട്ട് പോലും ഒരു പ്രത്യേക ഭംഗി അതിനുണ്ടായിരുന്നു.അവന് പിറകേ ദിയയും വിവാനും കയറി.
പിറ്റേ ദിവസം തന്നെ അവർ ഓഫീസിൽ ജോയിൻ ചെയ്തു.കൂടുതലും ഹിന്ദിക്കാരാണെങ്കിലും മൂന്നു നാല് മലയാളികളും ഉണ്ടായിരുന്നു. എല്ലാവരും നല്ല കമ്പനിയായി.ജോലിയിൽ മിടുക്കനായതിനാൽ പുതിയ ഗെയിമിന്റെ ടീം ലീഡറായി അവനെ തന്നെ തിരഞ്ഞെടുത്തു.
ദിയ അടുത്തുള്ള ഒരു കമ്പനിയിൽ ഇന്റേൺ ആയിട്ട് ജോലിക്ക് പ്രവേശിച്ചു. ആയുഷ് ഇപ്പോൾ ഓഫീസിലെ പെണ്കുട്ടികളുടെ ഹീറോ ആണ്.പഴയ പോലെ പഞ്ചാരയടിക്കൊന്നും ഒരു കുറവുമില്ല.അങ്ങനെ ഒരു മാസം കഴിഞ്ഞുപോയി.
ഒരു ദിവസം കോണ്ഫറൻസ് നടന്നുകൊണ്ടിരുന്നപ്പോൾ അവന്റെ ഫോൺ റിംഗ് ചെയ്തു.പരിചയമില്ലാത്ത നമ്പർ ആയതിനാൽ അവൻ അറ്റൻഡ് ചെയ്തില്ല.മീറ്റിങ് കഴിഞ്ഞ് അതേ നമ്പറിൽ നിന്ന് വീണ്ടും കാൾ വന്നു.അവൻ എടുക്കാൻ തന്നെ തീരുമാനിച്ചു.
“ഹലോ”
“ഹലോ….ഉണ്ണി മോനല്ലേ”
ഉണ്ണിയെന്ന് വിളിക്കണമെങ്കിൽ ബന്ധുക്കൾ ആരെങ്കിലും ആവും എന്ന് അവന് മനസിലായി.
“ആരാ സംസാരിക്കുന്നത്?”
“ഞാനാ മോനേ ഗോപാലകൃഷ്ണൻ”
“ആ ഗോപാൽ അങ്കിൾ…ഓർമയുണ്ട്…എൻ്റെ നമ്പർ”
“ഒരുപാട് ബുദ്ധിമുട്ടി കിട്ടിയതാ… അറിയാല്ലോ ദേവന് ഇവിടെ ഒരേക്കർ സ്ഥലം ഉള്ള കാര്യം. വർഷങ്ങളായി അത് കാടുകയറി കിടക്കുവാണ്. ഇപ്പോൾ അവിടെ കഞ്ചാവും കള്ളും ഒക്കെ ഉപയോക്കിക്കാനുള്ള സ്ഥലമായി.നാട്ടുകാര് പരാതി പറഞ്ഞിട്ടുണ്ട് പഞ്ചായത്തിൽ.പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ.അപ്പോൾ മോൻ എന്താന്ന് വച്ചാൽ തീരുമാനിക്കണം.അത് വൃത്തിയാക്കാനോ മതിൽ കെട്ടാനോ തീരുമാനമെടുക്കണം.”
“അത് അങ്കിൾ… ഞങ്ങൾ ഇനി അങ്ങോട്ട് വരികയൊന്നുമില്ല.അപ്പോൾ അത് വിൽക്കുന്നതാവും നല്ലത്..മുമ്പും ഞാൻ അത് പറഞ്ഞിട്ടുള്ളതാണല്ലോ…അങ്കിൾ പറ്റുമെങ്കിൽ ഒരു ബയറെ കണ്ടുപിടിച്ച് തരണം.അത് പപ്പയുടെ പേരിൽ ആയിരുന്നു.”
“മോന്റെ തീരുമാനം വിൽക്കാനാണെങ്കിൽ ഞാൻ എതിർക്കുന്നില്ല.പറ്റിയ ആളെ ഞാൻ നോക്കിക്കോളാം.വില എത്രയാന്നൊക്കെ പറഞ്ഞാൽ മതി.”
“അതൊന്നും നോക്കണ്ട അങ്കിൾ.എല്ലാം അങ്കിൾ തന്നെ ചെയ്താൽ മതി.”
“ശരി മോനെ…പക്ഷേ മോൻ വരേണ്ടി വരും”
“നോക്കാം അങ്കിൾ”
അങ്ങനെ അവർ ഫോൺ വച്ചു.
ഗോപാലകൃഷ്ണൻ ദേവനാരായണന്റെ സുഹൃത്താണ്.ഇരുവരും ഒരേ നാട്ടിൽ കളിച്ച് വളർന്നവരാണ്. ഗോപാലൻ നാട്ടിലെ പ്രമാണിയുടെ മകനാണ്.എന്നാൽ ദേവൻ ദരിദ്രനായിരുന്നു.പക്ഷേ കഷ്ടപ്പെട്ട് പഠിച്ച് ദേവൻ ഉയർന്ന ഉദ്യോഗം നേടി.എന്നിട്ട് ഡൽഹിയിലേക്ക് താമസം മാറി.പിന്നീട് ഒന്നോ രണ്ടോ തവണയേ ദേവനും കുടുംബവും അങ്ങോട്ട് പോയിട്ടുള്ളൂ.അതും കുട്ടിക്കാലത്ത്.
അങ്ങനെ അടുത്ത ആഴ്ച്ച തന്നെ എല്ലാം റെഡിയാക്കി ഗോപാലൻ ആയുഷിനെ വിളിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ നാട്ടുകാരുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തുന്ന തിരക്കിലാണയാൾ.
കുറച്ച് ദിവസം കേരളത്തിൽ കറങ്ങാമെന്ന തീരുമാനത്തിൽ അവർ മൂവരും കേരളത്തിലേക്ക് തിരിച്ചു.കുട്ടിക്കാലത്തു കണ്ടതിൽ നിന്നും അവിടെയൊക്കെ ഒരുപാട് മാറ്റം വന്നതായി അവൻ മനസിലാക്കി.
ഗോപാലകൃഷ്ണൻ അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് ആണ്.ഭാര്യ പ്രമീള വീട്ടമ്മയും.അവർക്ക് ഒരു മകളുണ്ട്.ഗായത്രി.ഗ്രാമത്തിലാണ് ജീവിതമെങ്കിലും അവൾ തീർത്തും മോഡേൺ ആണ്.
നേരത്തേ തന്നെ വിളിച്ചുപറഞ്ഞിട്ടുള്ളതിനാൽ താമസമൊക്കെ ഗോപാലൻ സ്വന്തം വീട്ടിൽ ഒരുക്കിയിരുന്നു.കാറിന്റെ ശബ്ദം കേട്ട് ഗോപാലനും പ്രമീളയും ഗായത്രിയും മുൻവശത്തേക്ക് ഇറങ്ങി.കാറിൽ നിന്നും ഇറങ്ങി വരുന്ന ആയുഷിനെ ഗായത്രി നോക്കി നിന്നു.ജാക്കറ്റും ധരിച്ച് ഒരു പുഞ്ചിരിയോടെ അവൻ വീടിനടുത്തേക്ക് നീങ്ങി.പിറകിൽ നിന്നും വിവാനും ദിയയും വന്നു.
“ഹായ് അങ്കിൾ”
“ആ മോനേ…. യാത്രയൊക്കെ എങ്ങനുണ്ടാരുന്നു…വീട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയോ”
“നോ…അങ്കിളിന്റെ പേര് പറഞ്ഞപ്പോഴേ എല്ലാർക്കും മനസിലായി.”അവൻ പറഞ്ഞു.
“ഹായ് “ദിയ എല്ലാവരോടുമായി പറഞ്ഞു.
“രണ്ടു പേരും അങ്ങ് വലുതായി കേട്ടോ…അകത്തേക്ക് വരൂ”പ്രമീള അവരെ അങ്ങോട്ട് ക്ഷണിച്ചു.
“അല്ല….ഇതാരാ?”ഗോപാലൻ വിവാനെ നോക്കി സംശയത്തോടെ ചോദിച്ചു.
“ഓ… ഇത് വിവാൻ…എന്റെ ഫ്രണ്ട് ആണ്”
അപ്പോഴാണ് അവൻ ഗായത്രിയെ ശ്രദ്ധിച്ചത്.
“ഇത്….ഗായത്രി ആണോ?”അവൻ ചോദിച്ചു. അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.
“കുഞ്ഞിലേ കണ്ടിട്ടുണ്ട്.അങ്ങ് വളർന്നു സുന്ദരിയായല്ലോ”
അവന്റെ പ്രശംസ അവൾക്ക് നന്നായി ബോധിച്ചു. അവൾ പുഞ്ചിരിച്ചു.
“കുറച്ചു ദിവസം നമ്മൾ ഇവിടെ കാണുമല്ലോ.ഇപ്പോഴേ പണി തുടങ്ങണോ ബ്രോ?”ദിയ രഹസ്യമായി അവനോട് ചോദിച്ചു.
അപ്പോഴേക്കും ഗേറ്റിന് സമീപത്ത് നിന്ന് ഒരു സൈക്കിൾ കടന്ന് വന്നു.
അതിൽ ഒരു പെണ്കുട്ടി ഇരിപ്പുണ്ട്.കാർ കണ്ട് അവൾ അല്പം പരിഭ്രമത്തോടെ വരാന്തയിലേക്ക് നോക്കി.അതിഥികൾ ഉണ്ടെന്ന് അവൾക്ക് മനസിലായി.അവൾ സൈക്കിൾ നിർത്തി അതുപോലെ നിന്നു.
“എന്റെ ഭഗവതി…. ഞാൻ വന്ന സമയം ശരിയല്ലല്ലോ… ഇനിയിപ്പോൾ ഇത് മതി ആ ശൂർപ്പണക ഉറഞ്ഞു തുള്ളാൻ…തിരിച്ചു പോയാലോ”അവൾ ആലോചിച്ചു.
ആയുഷ് അവളെ തന്നെ നോക്കി നിൽക്കുവാണ്. ഒരു തനി ഗ്രാമീണ സുന്ദരി.എല്ലാവരെയും കണ്ട് പരിഭ്രമിച്ചു നിൽക്കുകയാണവൾ.
“ഈ അശ്ലീകരം ഇപ്പോൾ എവിടുന്ന് വന്നു.നല്ലൊരു സമയത്തു അശകുനമായിട്ട് കയറിവന്നോളും.തന്തയില്ലാത്തവൾ.”പ്രമീള ദേഷ്യത്തോടെ പറഞ്ഞു.
അവർ പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.അവൾ സൈക്കിൾ പുറത്തേക്ക് തിരിച്ചു.
“നിൽക്ക്…. എന്താ പ്രമീ നീ ഇങ്ങനെ… വീട്ടിൽ വരുന്നവരോട് ഇങ്ങനെയൊക്കെ പറയാമോ…ആ കുട്ടി എന്തിനാ വന്നതെന്ന് ചോദിക്കുന്നതിന് പകരം”ഗോപാലൻ ഗാംഭീര്യത്തോടെ അവരോട് ചോദിച്ചു.
“ഞാനാ അച്ഛാ അവളെ വിളിച്ചത്….തയ്ക്കാൻ കൊടുത്തിരുന്നു.”ഗായത്രി പറഞ്ഞു.
എല്ലാം കേട്ട് കരഞ്ഞുകൊണ്ട് നിൽക്കുകയാണവൾ.ആയുഷ് അവളെ സഹതാപത്തോടെ നോക്കി.
“മോള് അകത്തേക്ക് വരൂ.”അയാൾ പറഞ്ഞു.
അവൾ മടിച്ചു മടിച്ചു സൈക്കിളിൽ നിന്നും ഇറങ്ങി പുറകിൽ നിന്നും കവറുമെടുത്ത് അങ്ങോട്ടേക്ക് നടന്നു.അവൾ കവർ ഗായത്രിയെ ഏൽപ്പിച്ച് മുഖം തുടച്ച് സൈക്കിളും എടുത്ത് പുറത്തേക്ക് പോയി.അവൾ പോകുന്നതും നോക്കി നിന്നിട്ട് ആയുഷ് എല്ലാവർക്കുമൊപ്പം അകത്തേക്ക് പോയി.
(തുടരും)

by