21/04/2026

സോൾമേറ്റ് : ഭാഗം 08

രചന – ഐശ്വര്യ അനിൽകുമാർ

അന്ന് ആയുഷ് ഏട്ടൻ തല്ലിയത് ഒട്ടും വേദനിപ്പിച്ചില്ല.പക്ഷേ കാര്യം മനസിലാക്കാതെ വെറുതെ എന്നെ തല്ലി… അതിനർത്ഥം എന്നെ ഒട്ടും വിശ്വാസമില്ലായെന്നല്ലേ…

ഒരുപാട് നേരം ഞാൻ അതോർത്ത് കരഞ്ഞു.പണ്ട് കളിക്കാണെങ്കിലും ഏട്ടൻ എന്നെ പ്രണയിച്ചിരുന്ന കാലം ഓർത്തു.ആ നല്ല നാളുകൾ എന്റെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാവില്ല എന്ന യാഥാർത്ഥ്യം മനസിലാക്കി.ഒരു പാട് ആലോചിച്ച ശേഷമാണ് അവിടം വിട്ട് പോകാനുള്ള തീരുമാനം എടുത്തത്.

പതിയെ ശബ്ദമുണ്ടാക്കാതെ ഏട്ടന്റെ റൂമിൽ ചെന്ന് ആ ഡിവോഴ്സ് പേപ്പർ കണ്ടു പിടിച്ചു സൈൻ ചെയ്തു. എന്നിട്ട് ഒരു കത്തും കൂടെ വച്ചു.

പുറത്തിറങ്ങാൻ നേരത്ത് ഒന്നു കൂടി ഉറങ്ങി കിടന്നിരുന്ന ഏട്ടനെ നോക്കി.അവസാനമായി.ഒരിക്കൽ കൂടി ആ മുഖത്തേക്ക് നോക്കിയിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ആ തീരുമാനം മാറ്റുമായിരുന്നു.

ബാഗുമെടുത്ത് അടുക്കള വാതിലിലൂടെ പുറത്തേക്കിറങ്ങി.ഗേറ്റ് തുറന്ന് പുറത്തിറങ്ങി. നേരം വെളുത്തു തുടങ്ങിയിട്ടേയുള്ളൂ.അങ്ങും ഇങ്ങുമായി ഒന്നോ രണ്ടോ പേർ മാത്രം.എന്ത് ചെയ്യുമെന്നോ എങ്ങോട്ട് പോകണമെന്നോ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.ഒരു ലക്ഷ്യവും ഇല്ലാതെ നടന്നു.കയ്യിൽ ഫോണുമില്ല.അതിൽ ചർജില്ലാതെ സ്വിച്ച് ഓഫ് ആയിരുന്നു. അതുകൊണ്ട് എടുക്കാതെ വന്നു.മനസിൽ മുഴുവൻ ആ വീട്ടിലെ ഓര്മകളായിരുന്നു.ഒറ്റപ്പെടലിന്റെ വേദന ഏറെ അനുഭവിച്ചിട്ടുണ്ട് ആ വീട്ടിൽ വച്ച് പക്ഷേ എപ്പോഴും ആ വീട് തനിക്ക് പ്രിയപ്പെട്ടതായിരുന്നു.
എന്തൊക്കെയോ ആലോചിച്ചു ഞാൻ മുന്നോട്ടു നടന്നുകൊണ്ടേയിരുന്നു.
ഇടയ്ക്ക് ഒരു വണ്ടി മുന്നിലൂടെ പോയപ്പോഴാണ് താനിപ്പോൾ ഒരു റോഡിന് നടുവിലാണെന്ന് മനസിലാക്കുന്നത്.വേഗം മുന്നോട്ടു നടന്ന് റോഡ് കടന്നു.അപ്പോഴാണ് മുന്നിൽ ഒരു ടെലിഫോൺ ബൂത്ത് കണ്ടത്.ഉടനെ വർഷേച്ചി അന്ന് തന്ന കാർഡിനെ പറ്റി ഓർമ വന്നു.

കയ്യിലുണ്ടായിരുന്ന നാണയങ്ങൾ കയ്യിലെടുത്ത് ആ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങി.രണ്ടു തവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ നിർത്താൻ തുണിഞ്ഞതാണ്.പക്ഷേ മനസ്സ് അനുവദിച്ചില്ല.ഒന്നു കൂടി ട്രൈ ചെയ്തു.

“ഹലോ”മറുവശത്ത് നിന്നും ഉറക്കച്ചടവോടെ വർഷേച്ചിയുടെ ശബ്ദം.

“ഹലോ…ചേച്ചീ ഇത് ഞാനാ നന്ദന”

“നന്ദുവോ…എന്താ ഇത്ര രാവിലെ തന്നെ…ഇതേത് നമ്പർ…”

മറുപടി നൽകാതെ നന്ദു നിന്ന് കരയാൻ തുടങ്ങി.

“എന്തു പറ്റി ടാ… എന്തിനാ കരയുന്നത്… കാര്യം പറയൂ…നന്ദൂ…”

അവൾ എല്ലാം പറഞ്ഞു.

“ഇതിനൊക്കെ നാട് വിടുവാണോ വേണ്ടത്.നല്ലകുട്ടിയായിട്ട് തിരിച്ചു വീട്ടിൽ പോകൂ”

“ഇല്ല ചേച്ചി…ഇനി ഞാൻ അങ്ങോട്ടേക്കില്ല.മറ്റു വഴിയൊന്നുമില്ല എങ്കിൽ….”

“നോ…അതിനെ പറ്റിയൊന്നും ചിന്തിക്കരുത്.ഒരു കാര്യം ചെയ്യ് നീ ഇങ്ങോട്ട് വാ…മുംബൈക്ക്…ബാക്കിയൊക്കെ നമുക്ക് പിന്നീട് നോക്കാം…കയ്യിൽ പൈസ ഉണ്ടോ.”

“ഉണ്ട് ചേച്ചി”

“അപ്പോൾ അടുത്ത ട്രെയിനിൽ കയറി ഇങ്ങോട്ട് വാ”

ആരോടൊക്കെയോ വഴി ചോദിച്ച് ഒരു വിധത്തിൽ അവൾ റെയിൽവേ സ്റ്റേഷനിൽ എത്തി.മുംബൈക്ക് ടിക്കറ്റുമെടുത്ത് അവൾ അവിടെ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ട്രെയിൻ വന്ന് അവൾ കയറി പോകുകയും ചെയ്തു.

അന്ന് രാത്രിയിൽ തന്നെ അവൾ മുബൈയിൽ എത്തി.ട്രെയിനിൽ വച്ച് പരിചയപ്പെട്ട ഒരു മലയാളി സ്ത്രീയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി വർഷയെ വിളിച്ചു. വർഷ വന്ന് അവളെ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടി കൊണ്ടുപോയി.
നന്ദു ആയുഷ് നാട്ടിൽ വന്ന മുതൽ ഉള്ള എല്ലാകാര്യങ്ങളും അതു പോലെ പറഞ്ഞു. മുമ്പും ഇതൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും അതിലൊന്നും ആയുഷ് വില്ലനായിരുന്നില്ല.

“അവൻ ഇത്രയ്ക്കും ദുഷ്ടൻ ആയിരുന്നോ”

“ദുഷ്ടനൊന്നുമല്ല ചേച്ചി…എന്നെ പോലൊരു പെണ്ണിനെ ആയിരുന്നുന്നില്ലായിരിക്കും ഭാര്യ ആയിട്ട് സങ്കല്പിച്ചത്”

“നീ ഇനിയും അവനെ സപ്പോർട്ട് ചെയ്യുകയാണോ”

“ഞാൻ ആരെയും സപ്പോർട്ട് ചെയ്യുവല്ല. മുത്തശ്ശി പറഞ്ഞിട്ടുണ്ട് സാഹചര്യങ്ങളാണ് മനുഷ്യനെ വില്ലനാക്കുന്നതെന്ന്.”

“എന്തായാലും എല്ലാം അവസാനിപ്പിച്ചത് നന്നായി.”

“ഇല്ല ചേച്ചീ ഞാൻ ഒന്നും അവസാനിപ്പിച്ചിട്ടില്ല.എല്ലാം തുടങ്ങുന്നതേ ഉളളൂ. ഇനി വേണം എനിക്കൊന്ന് ജീവിച്ചു തുടങ്ങാൻ.ചേച്ചിക്കെന്നെ സഹായിക്കാൻ പറ്റോ?”

“സഹായിക്കാം.പക്ഷേ എന്താ നിന്റെ പ്ലാൻ?”

“എനിക്ക് ഒരു ജോലി വേണം ചേച്ചി.എനിക്ക് ഫാഷൻ ഡിസൈനിംഗ് പഠിക്കണം.ഒരു വലിയ ഫാഷൻ ഡിസൈനർ ആവണം.എനിക്ക് സ്വന്തം കാലിൽ ആരെയും ആശ്രയിക്കാതെ നിൽക്കാൻ പറ്റണം. എന്നിട്ട് എന്റെ മുത്തശ്ശിയെയും കൂട്ടി സ്വസ്ഥമായി ജീവിക്കണം.”

“ഐ ക്യാൻ സീ ദി ഡിറ്റർമിനേഷൻ ഇൻ യൂ.ഇതു മതി.തീർച്ചയായും നീ ഉയരങ്ങളിൽ എത്തും.എന്റെ ഫുൾ സപ്പോർട്ട് നിനക്കുണ്ടാവും”

അന്ന് രാത്രി നന്നായി അവൾ ഉറങ്ങി.പിറ്റേന്നത്തെ പ്രഭാതം അവൾക്ക് പുത്തൻ ജീവിതത്തിന്റേതായിരുന്നു.വർഷയുടെ സഹായത്താൽ ഫാഷൻ ഡിസൈനിങ് കോഴ്സിന് ചേരാൻ കഴിഞ്ഞു.പതിയെ പതിയെ അവൾ പാർട്ട് ടൈമായി ജോലിയും ചെയ്യാൻ തുടങ്ങി.

ഇതിനിടയിൽ ഒരു ദിവസം നാട്ടിൽ പോയി കരുണാലയത്തിൽ നിന്നും മുത്തശ്ശിയെ വിളിച്ചു കൊണ്ട് വന്നു. വർഷയുടെ ഫ്ലാറ്റിനോട് ചേർന്ന് മറ്റൊരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസമാക്കി.
കോഴ്‌സ് കംപ്ലീറ്റ് ചെയ്യുന്നതിന് മുൻപ്‌ തന്നെ വർഷയുടെ ഒപ്പം ചേർന്ന് അവളുടെ അസിസ്റ്റന്റ് ആയി നിന്നു.അതിനിടയിൽ പല പ്രമുഖർക്ക് വേണ്ടിയും ഡിസൈൻ ചെയ്തു കൊടുത്തു.അങ്ങനെ ആ യാത്ര ഈ അവാർഡിൽ വന്നു നിൽക്കുന്നു.

തന്നെ പഠിപ്പിച്ചിരുന്ന സാറാണ് വരുൺ.ഇപ്പോൾ തനിക്ക് ഒരു സൗഹൃത്ത് അല്ലെങ്കിൽ കൂടെപ്പിറപ്പ്. അതുമാത്രമല്ല താൻ വഴി വർഷേച്ചിയെ പരിചയപ്പെട്ട് ഇപ്പോൾ രണ്ടുപേരും കട്ട പ്രണയത്തിലാണ്.

ഓര്മകൾക്കൊപ്പം വിമാനവും സഞ്ചരിച്ചു.അവസാനം നാല് മണിയോടെ പാരീസിലെ ഓർളി എയർപോർട്ടിൽ എത്തി ചേർന്നു.എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവളുടെ ഹൃദയം നന്നായി ഇടിക്കുന്നുണ്ടായിരുന്നു.എന്നെങ്കിലും ഒരിക്കൽ ആയുഷ് തിരികെ പോകുമ്പോൾ അവനോടൊപ്പം പാരീസിൽ വരേണ്ടിവരുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.കഥകളിലൂടെ മാത്രം കേട്ടറിഞ്ഞ ദി സിറ്റി ഓഫ് ലൗ കാണാൻ അവൾ ഏറെ ആഗ്രഹിച്ചിരുന്നു.ഇന്നിപ്പോൾ താൻ ആഗ്രഹിച്ചത് പോലെയല്ല വന്നിരിക്കുന്നത്.നഗരത്തിന്റെ ഏതെങ്കിലും ഒരു കോണിൽ അവൻ ഉണ്ടാവുമെന്ന് അവൾ ആശ്വസിച്ചു.

ഫാഷൻ വീക്ക് ഫൗണ്ടേഷൻ തന്നെ അവർക്കായി വാഹനം അയച്ചിരുന്നു.അവർ ഇരുവരും ആ കാറിൽ കയറി.കാർ നഗരത്തോട് അടുത്തപ്പോഴേക്കും ഉയർന്നു നിൽക്കുന്ന ഈഫൽ ടവർ അവർക്ക് കാണാൻ സാധിച്ചു.നഗരത്തെ രണ്ടായി മുറിക്കുന്ന സെയ്ൻ നദിയുടെ മനോഹാരിത അവളെ അത്ഭുതപ്പെടുത്തി.നഗരത്തിന്റെ പല ഭാഗത്തായുള്ള ഓപ്പറ ഹൗസുകളിൽ നിന്നും തീയേറ്ററിൽ നിന്നും വരുന്ന സംഗീതം ആ നഗരത്തെ കൂടുതൽ റൊമാന്റിക് ആക്കി മാറ്റി.നദിയുടെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന പാലങ്ങളും കെട്ടിടങ്ങളുമൊക്കെ നഗരത്തെ സിറ്റി ഓഫ് ആർട്ട് എന്നു വിളിക്കുന്നത് എന്തിനെന്നുള്ള ചോദ്യത്തിന് ഉത്തരമായിരുന്നു.
കാഴ്ചകൾക്കിടയിലും അവൾ ഓരോ ആൾക്കൂട്ടത്തിലും തിരഞ്ഞത് ആയുഷിനെ ആയിരുന്നു. തന്നെ ഒരു പ്രാവശ്യം പോലും തിരക്കാത്ത അവനോട് അവൾക്ക് ദേഷ്യവുമുണ്ട്.

ഒരുപക്ഷേ വിവാഹമൊക്കെ കഴിഞ്ഞ് ഇഷ്ടമുള്ള ആളുമായി ജീവിക്കുകയാവാം എന്നവൾ ചിന്തിച്ചു.
ഓരോന്നാലോചിച്ചിരുന്ന് ഹോട്ടൽ എത്തിയതും കാർ നിർത്തിയതും ഒന്നും അവൾ അറിഞ്ഞില്ല.

“നന്ദൂ…എന്താലോചിച്ച് ഇരിക്കുവാ…ഇറങ്ങുന്നില്ലേ…”വരുൺ ചോദിച്ചു.

“ആ…സ്ഥലമെത്തിയോ”

“ആ എത്തി.ഇറങ്ങ്…. ആർ യു ഓക്കേ?”

“യാ ആം ഫൈൻ”

“നീയിപ്പോഴും ആയുഷിനെ ആലോചിച്ചു ഇരിക്കുവാണോ.അവൻ നിന്റെ ജീവിതത്തിലെ ക്ലോസ്ഡ് ചാപ്റ്റർ ആണ്.ഇല്ലെങ്കിൽ അവൻ ഒരിക്കലെങ്കിലും നിന്നെ അന്വേഷിച്ചു വരില്ലായിരുന്നോ.മൂവ്‌ ഓൺ യാർ…എത്ര നാളെന്നും വച്ചാ ഇങ്ങനെ…നിനക്കും ഒരു ഫാമിലി വേണ്ടേ”

“നിങ്ങളൊക്കെ ഇല്ലേ എനിക്ക്..അതു തന്നെ ധാരാളം”
ഇത്രയും പറഞ്ഞ് അവൾ ബാഗും നിരക്കി മുന്നോട്ടു നീങ്ങി.
അവളിപ്പോഴും ആയുഷിനെ സ്നേഹിക്കുന്നുണ്ടെന്ന് അവന് മനസിലായി.ഒരുപാട് പേർ അവളെ പ്രൊപ്പോസ് ചെയ്തിട്ടും അവൾ അതൊക്കെ റീജക്ടറ്റ് ചെയ്തിരുന്നു. നല്ലൊരു ജീവിതം അവൾക്ക് തിരഞ്ഞെടുക്കമായിരുന്നിട്ട് കൂടി അവൾ അതൊക്കെ വേണ്ടാന്ന് വച്ചു.ഇതിനൊരു തീരുമാനം ഉണ്ടാക്കണം എന്നവൻ ഉറപ്പിച്ചു.

അടുത്തടുത്തുള്ള രണ്ട് റൂമുകളാണ് അവർക്ക് ലഭിച്ചത്.റൂമിൽ ചെന്നയുടൻ അവൾ കർട്ടൻ മാറ്റി ജനലിലൂടെ വിശാലമായ നഗരം നോക്കിക്കണ്ടു.കുളിച്ചു ഫ്രഷായി വന്നപ്പോഴേക്കും വരുൺ കോളിങ് ബെൽ അടിച്ചു.

“അപ്പോ എങ്ങനെയാ നാളെ വൈകിട്ടാണ് പ്രോഗ്രാം…നമുക്ക് ഈ നഗരമൊക്കെ ഒന്നു കറങ്ങിയാലോ”

പണ്ട് പ്രണയിച്ചു നടന്നപ്പോൾ ആയുഷ് പറഞ്ഞിട്ടുണ്ട് ഒത്ത് ഈഫൽ ടവറിന്റെ മുകളിൽ കൈപിടിച്ച് കയറണമെന്നൊക്കെ.അന്നു താനും അതൊക്കെ സ്വപ്നം കണ്ടിരുന്നു. ഇന്നിപ്പോൾ അതിന് മുന്നിൽ വരെ താനെത്തിയിട്ടും പോകാൻ തോന്നുന്നില്ല.

“വേണോ…എനിക്ക് ഇന്ററസ്റ്റ് തോന്നുന്നില്ല.”

“ശോ…. വർഷയെ കൂടി വേണമായിരുന്നു. ഇതിപ്പോൾ ഇങ്ങനൊരു ട്രാവൽ പാർട്ണർ ആണല്ലോ എനിക്ക് കിട്ടിയത്”

“അവിടെ കിടന്ന് രണ്ടും കൂടി കറങ്ങുന്നതും പോരാഞ്ഞിട്ടാണോ”

“ഓഹോ…അപ്പോൾ വായിൽ നാക്കുണ്ടായിരുന്നല്ലേ. ഞാൻ കരുതി ഫുൾ സൈലന്റ് ആയിരിക്കും എന്ന്.ഒന്ന് പുറത്തോട്ടൊക്കെ പോവാന്നെ.നിനക്കൊരു കിടിലൻ സായിപ്പിനെ ഞാൻ സെറ്റാക്കി തരാം.”

“വേണ്ടായേ. ഒന്നിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല”

അങ്ങനെ ഒരുപാട് നിർബന്ധിച്ചപ്പോൾ അവൾ കറങ്ങാൻ പോകാൻ സമ്മതിച്ചു.
അങ്ങനെ വരുണിനൊപ്പം കാറിൽ നഗരം ചുറ്റിക്കറങ്ങാൻ പോയി.
ഡ്രൈവർ നല്ല ഒരു ഗൈഡ് കൂടിയായിരുന്നു. കാറിലിരുന്ന് തന്നെ ഡാവിഞ്ചിയുടെ മൊണാലിസ പെയിന്റിങ്ങ് ഉള്ള ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറികളിൽ ഒന്നായ ലൂർവ് മ്യൂസിയവും ഫാഷൻ സ്ട്രീറ്റും നെപ്പോളിയന്റെ ശവകുടീരവുമൊക്കെ കാണാൻ സാധിച്ചു.രാത്രിയിലെ ഈഫൽ ടവറിലെ ദീപാലങ്കാരം കണ്ടിരിക്കേണ്ടത് തന്നെ.സഞ്ചാരികളെ ആകർഷിക്കുന്നതും അത് തന്നെയാവും.ഈഫൽ ടവറിനു മുന്നിൽ കുറച്ചു നേരം അവർ ചിലവഴിച്ചു. കുറേ ഫോട്ടോസും എടുത്തു.ഇടയ്ക്ക് വർഷയെ വീഡിയോ കാൾ ചെയ്തു.

“ശേ… ഞാനും വരേണ്ടതായിരുന്നു.കണ്ടിട്ട് കൊതിയാകുന്നു.”

“അതിനെന്താ നമുക്ക് രണ്ടുപേർക്കും കൂടി ഒരു തവണ വരാന്നേ”വരുൺ പറഞ്ഞു.

അത് കേട്ട് വർഷയ്ക്കും സന്തോഷമായി.അവർക്ക് പ്രൈവസി കൊടുക്കാനായി നന്ദു അല്പം മാറി നിന്നു കാഴ്ച്ചകൾ ആസ്വദിച്ചു.
വരുണേട്ടനോടൊപ്പം വന്നത് നന്നായി.അല്ലെങ്കിൽ ഇത്രയും മനോഹരമായ കാഴ്ച നഷ്ടമായേനെ.അവൾ ഓർത്തു.
ആയുഷ് ഇപ്പോൾ പരീസിലാണെന്ന വിവരം അവൾക്കറിയാം.അതുകൊണ്ട് അവൾ ചുറ്റും അവനെ തിരഞ്ഞുകൊണ്ടിരുന്നു.അപ്പോഴേക്കും വരുൺ വന്ന് അവളെ വിളിച്ചു കൊണ്ട് പോയി.അടുത്തുള്ള റെസ്റ്റോറന്റിൽ നിന്നു ഭക്ഷണവും കഴിച്ചു.

നന്ദന നാളെ വരുമെന്ന സന്തോഷത്തിൽ തന്നെയാണ് ആയുഷും.അറിഞ്ഞ നാൾ മുതൽ ഇത് പ്രതീക്ഷിച്ച് അവൻ കാത്തിരിക്കുവായിരുന്നു.വൈകിട്ട് അവൻ പതിവില്ലാതെ നഗരം ചുറ്റിക്കറങ്ങാൻ തീരുമാനിച്ചു. അവസാനം ഈഫൽ ടവറിനു മുന്നിലും എത്തി.കുറച്ചു നേരം ഭംഗി ആസ്വദിച്ചു നിന്നിട്ട് സ്ഥിരം കയാറാറുള്ള റെസ്റ്റോറന്റിൽ കയറി.

പക്ഷേ അവിടെ എതിരേറ്റ കാഴ്ച്ച അവന് വിശ്വസിക്കാനായില്ല.നന്ദുവിനെ കണ്ട് അവൻ ഒത്തിരി സന്തോഷം തോന്നി.അവൻ ആ ടേബിളിന് അടുത്തേക്ക് നീങ്ങി.അപ്പോഴാണ് എതിർ സീറ്റിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നത് കണ്ടത്.അവൻ ഒരു നിമിഷം പകച്ചു നിന്നു.എന്നിട്ട് പിൻ തിരിഞ്ഞ് വീട്ടിലേക്ക് നടന്നു.

“ആരാവും അത്?നന്ദു വേറെ വിവാഹം….ഏയ് ഇല്ല.മറ്റാരെങ്കിലും ആവും.പക്ഷേ പറയത്തക്ക ബന്ധുക്കളൊന്നും അവൾക്കില്ല.അപ്പോൾ അയാൾ??”അവൻ ചിന്തിച്ചു.

“ഒന്നു സംസാരിക്കാമായിരുന്നു.”തിരിച്ചു വന്നത് മണ്ടത്തരമായിപ്പോയി എന്നവന് തോന്നി.

അന്ന് രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല.അതാരാവും എന്ന് ചിന്തിച്ച് അവൻ കിടന്നു.പഴയ ഓർമകളും ഇന്ന് കണ്ട കാഴ്ചയും ആകെ കൂടി അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

രാത്രി ഏറെ വൈകിയാണ് നന്ദു തിരിച്ചു ഹോട്ടലിൽ എത്തിയത്.കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ കണ്ടിട്ടും മനസ്സ് ശാന്തമാകാത്ത പോലെ.കുറച്ചു നേരം ടീവി കണ്ടും ഫോണിൽ കുത്തിയുമൊക്കെ സമയം കളഞ്ഞു.അവസാനം ഉറങ്ങിയപ്പോൾ മൂന്നു മണി ആയിരുന്നു. പിറ്റേന്ന് ഉച്ചയ്ക്കാണ് അവൾ ഉറക്കമുണർന്നത്.എഴുനേറ്റയുടൻ ഫോണിൽ സമയം നോക്കി.അപ്പോഴാണ് വരുണിന്റെയും വർഷയുടെയും മിസ്ഡ് കാൾ കണ്ടത്.
അവൾ ഉടനെ തന്നെ വർഷയെ വിളിച്ചു. അവൾ ബെല്ലടിച്ചിട്ടും ഡോർ തുറക്കാത്തത് കൊണ്ട് വരുൺ വിളിച്ചിരുന്നത്രേ. അങ്ങനെ ഫ്രഷായി അവൾ വരുണിന്റെ റൂമിലേക്ക് പോയി.

“ആ വന്നോ.എന്തൊരു ഉറക്കമായിരുന്നു. ഞാൻ മൂന്നു നാലു തവണ വിളിച്ചിട്ടും ഡോർ തുറക്കാത്തത് കൊണ്ട് ഒത്തിരി പേടിച്ചു പോയി.അതാ വർഷയെ ഒക്കെ വിളിച്ചു പറഞ്ഞത്”

‘തന്റെ കാര്യത്തിൽ വരുണേട്ടന് നല്ല കെയറാണ്. പുള്ളി അനാഥനാണ്. ഇപ്പോൾ എന്റെ കൂടപ്പിറപ്പായി ജീവിക്കുന്നു.പഠിക്കാൻ ചെന്നിടത്ത് ഏക മലയാളി ഞാൻ ആയിരുന്നു.അപ്പോൾ തുടങ്ങിയ കൂട്ടാണ്. മറ്റു പലരും ഞങ്ങളുടെ ബന്ധത്തെ കറുത്ത കണ്ണുകളോടെ നോക്കിയിരുന്നെങ്കിലും ചേട്ടന് ഞാൻ എന്നും കുഞ്ഞിപ്പെങ്ങളായിരുന്നു.’

“ഇന്നലെ സിനിമായൊക്കെ കണ്ട് ഉറങ്ങിയപ്പോൾ ലേറ്റ് ആയി.അതാ താമസിച്ചത്”

“അവര് കുറച്ചു മുന്നേയും വിളിച്ചിരുന്നു.”

“എന്തിന്?”

“വരില്ലേന്ന് അറിയാൻ”

“ഇങ്ങനെയൊരു ചാൻസ് ആരേലും മിസ്സ്‌ ചെയ്യോ”

“കൃത്യം ആറ് മണിക്ക് കാർ അയക്കും എന്നാ പറഞ്ഞിരിക്കുന്നത്”

“ഓകെ.”അതും പറഞ്ഞ് അവൾ മുറിയിലേക്ക് പോയി.

ഹോട്ടലിലെ തന്നെ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ച് വർഷ സമ്മാനം നൽകിയ ഗൗണും ധരിച്ച് അവൾ കൃത്യ സമയത്തിന് തന്നെ റെഡിയായി.ആ ഡ്രസ് അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.വരുണിനൊപ്പം അവൾ കാറിൽ സ്ഥലത്ത് എത്തിച്ചേർന്നു.

റെഡ് കാർപ്പറ്റിലൂടെ ഫ്ലാഷുകൾക്കിടയിലൂടെ അവൾ റിസർവ്ഡ് സീറ്റിനടുത്തേക്ക് നീങ്ങി.പല പ്രമുഖ ബോളിവുഡ് ആക്ടേഴ്‌സും അവിടെ ഉണ്ടായിരുന്നു. അവർക്കിടയിൽ മലയാളികളുടെ അഭിമാനമായി അവൾ ഇരുന്നു.

ആദ്യം കുറച്ചു നേരം ഫാഷൻ ഷോ ആയിരുന്നു. അവൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങളും ധരിച്ച് മോഡലുകൾ നടന്നു നീങ്ങി.ഒരുപാട് നേരം അത് നീണ്ടു നിന്നു.
ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം അവാർഡ് നൽകാനായി അവളെ സ്റ്റേജിലേക്ക് ക്ഷണിച്ചു.

വരുണിനെ നോക്കി പുഞ്ചിരിച്ചിട്ട് ഒരുപാട് കയ്യടികൾക്കിടയിലൂടെ അവൾ നടന്നു നീങ്ങി.അവാർഡ് വാങ്ങി ഒരു ഉഗ്രൻ പ്രസ്സംഗവും നടത്തി.കാണികൾക്കിടയിലേക്ക് ഇടക്കെങ്ങോ അവൾ കണ്ടു ആയുഷിന്റെ മുഖവും.ആർത്തിരമ്പി വന്ന സങ്കടക്കടൽ പിടിച്ചു നിർത്താൻ ബുദ്ധിമുട്ടിയതിനാൽ അവൾ പെട്ടന്ന് പറഞ്ഞവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് നീങ്ങി.

പിന്നീട് ഒരുപാട് നേരം പരിപാടി നീണ്ടു നിന്നു.പക്ഷേ അവൾ അസ്വസ്ഥ ആയിരുന്നു. വരുണും അത് ശ്രദ്ധിച്ചിരുന്നു. പരിപാടി തീർന്നതും കൂടെ വന്ന വരുണിനെ പോലും കൂട്ടാതെ അവൾ പെട്ടന്ന് കാറിൽ കയറി ഇരുന്നു.അവർക്കൊപ്പം ഓടിയെത്താൻ സാധിച്ചതിനാൽ വരുണിനും കാറിൽ കയറാൻ സാധിച്ചു.

കാറിൽ മുൻ സീറ്റിൽ ഇരുന്ന് വരുൺ കണ്ണാടിയിലേക്ക് നോക്കിയപ്പോൾ ആയുഷ് കാറിന് പിറകേ ഓടിയെത്താൻ ശ്രമിക്കുന്നതാണ് കണ്ടത്.നേരിട്ട് കണ്ടിട്ടില്ലെങ്കിലും വർഷ കാണിച്ചിട്ടുള്ള ഫോട്ടോകളിലൂടെ ആയുഷിനെ അവന് തിരിച്ചറിയാൻ കഴിഞ്ഞു.നന്ദു അപ്സെറ്റ് ആവാൻ കാരണവും അവന് മനസിലായി.

ഹോട്ടലിൽ എത്തിയിട്ടും ഒന്നും മിണ്ടാതെ നന്ദു റൂമിലേക്ക് നടന്നു.പക്ഷേ റൂമിൽ കയറുന്നതിന് തൊട്ട് മുന്നേ അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.

“നീ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ശീലം ഇതുവരെ അവസാനിപ്പിച്ചില്ലല്ലേ…”

“ഗീവ് മീ സം സ്പേസ്…ലീവ് മി എലോൺ”

“ഓക്കേ… ബട്ട് എനിക്ക് ഒരു കാര്യം അറിയണം.ടൂ യൂ സ്റ്റിൽ ലവ് ഹിം??”

അത്രയും നേരം അടക്കി വച്ചിരുന്ന കണ്ണുനീർ ഒഴുകി.അവൾ മറുപടി ഒന്നും നൽകാതെ റൂമിൽ കയറി വാതിൽ അടച്ചു.വാതിലിൽ ചാരി നിന്ന് കരയാൻ തുടങ്ങി.പെട്ടെന്ന് അവനെ കണ്ടപ്പോൾ എങ്ങനെ പ്രതികരിക്കണം എന്ന് മനസിലാകാതെ വന്നു.

വരുൺ അവിടുന്ന് നേരെ പോയത് ആയുഷിനെ തിരക്കിയായിരുന്നു.ആയുഷ് ഏറെ സങ്കടത്തോടെ വീട്ടിൽ തിരിച്ചു വന്നിരുന്നു. ദിയയും വിവാനും അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.അപ്പോഴാണ് ആരോ ബെല്ല് അമർത്തിയത്.
ദിയയാണ് വാതിൽ തുറന്നത്.ആളെ കണ്ടപ്പോഴേ അവൾക്ക് മനസിലായി.നന്ദുവിനോടൊപ്പം വരുണിനെ അവൾ കണ്ടിരുന്നു.

“ആയുഷ്”

“അകത്തുണ്ട്….കയറി വരൂ…”അവൾ അവനെ അകത്തേക്ക് ക്ഷണിച്ചു.

ആയുഷ് പരിഭ്രമത്തോടെ വരുണിനെ നോക്കി.ഇവനെന്താ ഇവിടെ എന്ന അർത്ഥത്തിൽ. എന്നിട്ട് കൂടെ നന്ദു ഉണ്ടോ എന്നറിയാൻ വാതിലിനടുത്തേക്ക് നോക്കി.അത് മനസിലാക്കിയിട്ട് വരുൺ പറഞ്ഞു.

“ഇല്ല.ഞാൻ ഒറ്റയ്ക്കാ വന്നത്.ബൈ ദ വേ ആം വരുൺ.”

ആയുഷ് ഒന്ന് മൂളിയതെ ഉളളൂ.

“ഞാൻ നന്ദുവിന്റെ…”അടുത്ത വാക്ക് കേൾക്കാനായി എല്ലാവരും കാത് കൂർപ്പിച്ചു.

“ബ്രെദറാണ്… ബ്രദർ എന്ന് പറഞ്ഞാൽ നോട്ട് ബൈ ബർത്ത്.മുംബൈയിൽ വച്ചാണ് ഞാൻ അവളെ പരിചയപ്പെടുന്നത്….”അവൻ അന്നു വരെയുള്ള കഥകളെല്ലാം പറഞ്ഞു.

“സീ ആയുഷ്…എനിക്ക് നിങ്ങളെ പറ്റി കേട്ടറിവല്ലാതെ മറ്റൊന്നും അറിയില്ല…ബട്ട് ഇപ്പോൾ നിങ്ങളുടെ ഫേസ് കണ്ടിട്ട് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് തോന്നുന്നു.ഞാൻ മാത്രമല്ല നന്ദുവും.ഒരുപക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.മറ്റൊന്നും കൊണ്ടല്ല അവൾ ഇപ്പോഴും നിങ്ങളെ പ്രണയിക്കുന്നു എന്ന സത്യം മനസിലാക്കിയത് കൊണ്ട് മാത്രം”

അവൻ പറഞ്ഞ അവസാന വാചകം തറച്ചത് ആയുഷിന്റെ ഹൃദയത്തിൽ ആയിരുന്നു.പ്രതീക്ഷയുടെ പുതിയ തിളക്കം അവന്റെ കണ്ണുകളിൽ രൂപപ്പെട്ടു.

“സമ്മതിക്കുന്നു.ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.എനിക്ക് ഒരുപാട് ഗേൾ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. അത് പോലെ തന്നെയാണ് ഞാൻ ആദ്യമൊക്കെ നന്ദുവിനെയും അവരിലൊരാളായേ കണ്ടിട്ടുള്ളൂ.പക്ഷേ പതിയെ അവളുടെ സ്നേഹം എന്നെ കീഴടക്കി.എന്നിട്ടും അവളുടെ നന്മയ്ക്ക് വേണ്ടിയാണ് ഞാൻ അങ്ങനെയൊക്കെ പ്രവർത്തിച്ചത്.”

“എന്താ ഉദ്ദേശിക്കുന്നത്?”

“ചേട്ടന് വർഷങ്ങൾക്ക് മുൻപ് നടന്ന ആക്‌സിഡന്റിന്റെ ഫലമായി അപസ്മാരം പോലെ വരുമായിരുന്നു.പലരും ഭേദമാകില്ലെന്ന് വിധിയെഴുതി.അതുകൊണ്ട് തന്നെ ചേട്ടൻ കുടുംബ ജീവിതം എന്ന ചിന്ത ഉപേക്ഷിച്ചിരുന്നു.പിന്നീടങ്ങോട്ട് ഒരുപാട് ഗേൾ ഫ്രണ്ട്സുമായി എന്നാൽ ആരുമായും കമ്മിറ്റഡ് ആകാതെ ജീവിച്ചു.ഞാനും അതൊന്നും എതിർക്കാൻ ശ്രമിച്ചില്ല.ഒരു പെണ്കുട്ടിയുടെ ലൈഫ് സ്പോയിൽ ചെയ്യരുതെന്ന് കരുതി വിവാഹം വേണ്ടാന്ന് വച്ചു.അതിനിടയിലാണ് നന്ദുവുമായുള്ള സഡൻ മാരീജ്.ബട്ട് ഇപ്പോൾ നന്ദു മാത്രമാണ് ചേട്ടന്റെ മനസിൽ”

“സോ ഇപ്പോൾ രോഗം?”

“അമേരിക്കയിലെ ഒരു ഡോക്ടറുടെ ചികിൽസയിൽ എല്ലാം ഭേദമായി.”ദിയ പറഞ്ഞു.

“പക്ഷേ ആയുഷിന് ഇതൊക്കെ നേരത്തെ തന്നെ നന്ദുവിനോട് പറയാമായിരുന്നു.അവൾ ഒരിക്കലും നിങ്ങളെ ഉപേക്ഷിച്ചു പോകില്ലായിരുന്നു.”

“പറയാമായിരുന്നു.പക്ഷേ അന്നെനിക്ക് ഉറപ്പില്ലായിരുന്നു ഇത് ഭേദമാകുമെന്ന്. അവൾക്ക് നല്ലൊരു ജീവിതം കിട്ടട്ടെയെന്ന് കരുതി”

“നിങ്ങൾ അവളെ മനസിലാക്കിയത്തിലായിരുന്നു തെറ്റ് സംഭവിച്ചത്. എന്തായാലും ഞാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് നോക്കാം”അതും പറഞ്ഞ് വരുൺ പുറത്തേക്ക് പോയി.

(തുടരും)