രചന. – അഞ്ജു തങ്കച്ചൻ
കസേരയിൽ ഇരിക്കുന്ന തീരെ മെലിഞ്ഞ ഒരാളും, അയാളോട് ചേർന്നിരിക്കുന്ന പത്തൊമ്പതോ ഇരുപതോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും.
ദാ… അവരാണ്. അനൂപ് ഒച്ച താഴ്ത്തി പറഞ്ഞു.
രോഗത്താൽ വലഞ്ഞ അച്ഛന്റെ ചികിത്സ നടക്കാൻ വേണ്ടി സ്വന്തം കരൾ പകുത്തു നൽകാൻ തയ്യാറായ അവളോട് അയാൾക്ക് വല്ലാത്തബഹുമാനം തോന്നി.
കാണുമ്പോഴേ അറിയാം ആധുനിക ലോകത്തിന്റെ കപടതകൾ ഒന്നുമില്ലാത്ത വെറും നിഷ്കളങ്ക മനുഷ്യരാണ്.
എന്താ പേര്? ഗുപ്തൻ ചോദിച്ചു.
എന്റെ പേര് കറുപ്പൻ, മോളുടെ പേര് കാർത്തു.
ഗുപ്തൻ അവരോടു കാര്യങ്ങൾ ഒക്കെ സംസാരിച്ചു.
എന്റെ മോള് എനിക്ക് വേണ്ടിയാ…
ഞാൻ ഒത്തിരി പറഞ്ഞു നോക്കി, ഈ കിളവന് വേണ്ടി എന്റെ കുഞ്ഞ് ഇത്ര വലിയ ത്യാഗം ഒന്നും ചെയ്യേണ്ടെന്ന്. പക്ഷെ മോള് സമ്മതിക്കുന്നില്ല. കറുപ്പൻ വിതുമ്പി.
അച്ഛാ… പെൺകുട്ടി അയാളുടെ തോളിൽ പിടിച്ചു. എന്താ അച്ഛാ ഇങ്ങനെ…?
ഓപ്പറേഷൻ നടത്താനുള്ള ഡേറ്റ് ഒക്കെ ഉടനെ തീരുമാനിക്കാം, നിങ്ങൾക്ക് താമസിക്കാൻ ഇവിടെ അടുത്ത് തന്നെ ഒരു വീട് ഏർപ്പാട് ചെയ്യാം, ഗുപ്തൻ പറഞ്ഞു.
വലിയ ഉപകാരം. കറുപ്പൻ കൈ കൂപ്പി.
*************
ഓഹ്… അവസാനം ഈശ്വരൻ തുണച്ചു. മോനേ ഇനി പേടിക്കണ്ട, എല്ലാം ശരിയായി. വർദ്ധിച്ച സന്തോഷത്തോടെ ഗോപനും സൗദാമിനിയും ഗൗതമിനോട് പറഞ്ഞു.
അയാൾ അത് കേൾക്കാത്ത ഭാവത്തിൽ മുകളിലേക്കു നോക്കി കിടന്നു.
എന്താടാ നിനക്കൊരു സന്തോഷവും ഇല്ലാത്തെ.
നിവർത്തികേട് കൊണ്ട് ഒരു പെൺകുട്ടി അതിന്റെ അച്ഛന്റെ ജീവൻ നിലനിർത്താൻ വേണ്ടി തയ്യാറായതാണ്, അതിൽ എനിക്കൊരു സന്തോഷവും തോന്നുന്നില്ല.
മറ്റൊരാളുടെ ഗതികേടിനെ നമ്മൾ മുതലാക്കുകയല്ലേ ഏട്ടാ ശരിക്കും??
അങ്ങനൊന്നും ഇപ്പോൾ ചിന്തിക്കേണ്ട. കറുപ്പന്റെ ചികിത്സ നടത്തി അയാൾക്ക് ജീവിതം മടക്കിക്കൊടുക്കാൻ വേണ്ടുന്നതെല്ലാം ചെയ്യാൻ ഡോക്ടർ അനൂപിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ചികിത്സ കഴിഞ്ഞ് രണ്ടാളും പൂർണആരോഗ്യം കൈവരിക്കുന്നത് വരെ അവരെ നോക്കാനുള്ള ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കും.
എനിക്ക് നിന്നെ തിരിച്ചു വേണമെടാ.. അതിന് ഈ വഴിയല്ലാതെ മറ്റൊന്നും ഇല്ല.
ഏട്ടാ ഓപ്പറേഷനുള്ള ഡേറ്റ് എന്നാണെന്ന് തീരുമാനിച്ചോ?
നാളെത്തന്നെ നടത്തണം.
ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്.
എന്താടാ…
എനിക്ക് സീതയെ ഒന്ന് കാണണം.
അത് ഓപ്പറേഷൻ ഒക്കെ കഴിയട്ടെ എന്നിട്ട് കാണാം.
പറ്റില്ല ഏട്ടാ.. ഒരുപക്ഷെ ജീവനോടെ തിരിച്ചു വരാൻ എനിക്ക് പറ്റിയില്ലെങ്കിലോ
ഗുപ്തൻ ഗൗതമിന്റെ വായ പൊത്തി. അരുത്, ആവശ്യമില്ലാത്തതൊന്നും ചിന്തിക്കരുത്.
അവളെ ഒന്ന് വിളിച്ചു കൊണ്ടു വരാമോ ഏട്ടാ… പ്ലീസ്..
മ്മ്… കൊണ്ടുവരാം.
എപ്പോ??
ഇന്ന് ഡ്യൂട്ടി കഴിയുമ്പോൾ പോയി കൊണ്ടുവരാം
വൈകുന്നേരം, ഗുപ്തൻ സീതയുടെ വീട്ടിലേക്ക് പോകുവാനായി വണ്ടി തിരിച്ചു.
സീതയുടെ വീടിന് മുന്നിൽ കാർ നിർത്തി ഇറങ്ങി. അയാൾ കാളിങ് ബെൽ അടിച്ചു.
വാതിൽ തുറന്ന് സീതയുടെ ഭർത്താവ് ഇറങ്ങി വന്നു.
***************
തുടരും.
ആരാ… എന്താ…അയാൾ ചോദിച്ചു.
പെട്ടന്ന് എന്ത് പറയണമെന്ന് ഗുപ്തൻ ആലോചിച്ചു.
ഒരു വിവാഹിതയായ സ്ത്രീയെ തിരക്കി അവളുടെ വീട്ടിൽ വരുന്നത് തീർത്തും മോശമാണ്.
മാത്രമല്ല അതുകൊണ്ട് ആ പെൺകുട്ടിക്ക് ഒരു ദോഷവും ഉണ്ടാകാനും പാടില്ല.
ചോദിച്ചത് കേട്ടില്ലേ അയാൾ തെല്ലുറക്കെ ചോദിച്ചു.
അല്ല മഹേഷ് എന്ന് പറയുന്ന ആളുടെ വീടാണോ ഇത്.
ഏത് മഹേഷ്, ഇതെന്റെ വീടാണ്. നിങ്ങൾക്ക്
സ്ഥലം മാറി പോയി. അയാൾ കടുപ്പിച്ചു പറഞ്ഞു.
ആ നേരത്ത് അവിടെ ചെന്നത് ഇഷ്ട്ടമായിട്ടില്ല എന്ന് അയാളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ശരി… എന്നാൽ പോട്ടെ, ഗുപ്തൻ വാഹനത്തിൽ കയറി.
ഇനി എന്ത് ചെയ്യും?
ഗൗതമും, സീതയും ഒരേ ഓഫീസിലാണ് വർക്ക് ചെയ്യുന്നത്.
അവർക്കൊപ്പം ജോലി ചെയ്യുന്ന കാർത്തിക് തന്റെ സുഹൃത്താണ് അവനെ ഒന്ന് വിളിച്ചു നോക്കാം, അവനിൽ നിന്നും സീതയുടെ നമ്പർ വാങ്ങാം.
അവനെ വിളിച്ച് സീതയുടെ നമ്പർ വാങ്ങി വിളിച്ചു നോക്കി.
ബെല്ലടിച്ചു നിന്നതല്ലാതെ കാൾ എടുക്കുന്നില്ല.
നിരാശയോടെ അയാൾ ഒന്ന് തല കുടഞ്ഞു.
ഒന്ന് കൂടെ വിളിച്ച് നോക്കിയപ്പോൾ അവൾ കാൾ അറ്റൻഡ് ചെയ്തു.
ഹലോ ആരാണ്? അവൾ ചോദിച്ചു.
ഞാൻ ഡോക്ടർ ഗുപ്തനാണ്.
മറുവശത്തു നിശബ്ദതയാണ്.
ഹലോ സീതാ.. എനിക്കൊന്നു കാണണമായിരുന്നു.ഗൗതമിന് തന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു.
അപ്പുറത്ത് നിന്നും മറുപടി ഒന്നും കിട്ടിയില്ല.
അവന്റെ ഓപ്പറേഷൻ നാളെയാണ് അതിന് മുൻപ്, സീതയെ ഒന്ന് കാണണമെന്ന്.
എന്റെ കൂടെ ഒന്ന് വരാൻ പറ്റുമോ??
വരാം… അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.
സീതയിപ്പോൾ എവിടെയാ?
ഓഫിസിനടുത്തേക്ക് വന്നാൽ മതി. അതിനടുത്തു തന്നെയുള്ള വർക്കിംഗ്‌വിമൻസിന്റെ ഹോസ്റ്റലിൽ ആണിപ്പോൾ താമസം.
ശരി ഞാൻ അങ്ങോട്ട് വരാം.
അവിടെ ചെന്ന് സീതയെ കൂട്ടി വരുമ്പോൾ, കറിലിരുന്ന് അവർ ഒന്നും സംസാരിച്ചില്ല.
അവൾ മറ്റേതോ ചിന്തയിയിൽ മുഴുകിയിരിക്കുകയാണ്.
അവളുടെ മുഖവും വിഷാദം നിറഞ്ഞ കണ്ണുകളും കണ്ടപ്പോൾ ഗുപ്തന് അലിവ് തോന്നി.
ഗൗതമിന്റെ ഒപ്പം ഒരിക്കൽ അവന്റെ ഓഫിസിൽ പോയപ്പോൾ സീതയെ കണ്ടിട്ടുണ്ട്. എന്തൊരു മിടുക്കിയായ പെൺകുട്ടിയായിരുന്നു എപ്പോഴും പ്രസന്നത നിറഞ്ഞ എത്ര എനെർജറ്റിക് ആയൊരു പെൺകുട്ടിയായിരുന്നു.
പിന്നീട് എപ്പോഴോ തോന്നി ഗൗതമും അവളും തമ്മിൽ അടുപ്പത്തിൽ ആണെന്ന്.
വിവാഹിതയായ അവളോട് അതറിഞ്ഞപ്പോൾ വെറുപ്പ് തോന്നി.
ഗൗതമിനെ കുറേ ശക്കാരിച്ചു.അവൻ താൻ പറയുന്നതിന്റെ അപ്പുറത്തേക്ക് പോവില്ലെന്ന് താൻ കരുതി. പക്ഷെ…. അതുണ്ടായില്ല.
ആഹ്…. സാരമില്ല. മനുഷ്യനല്ലേ തെറ്റ് പറ്റും.
വീടെത്തി. ഗുപ്തൻ വണ്ടി നിർത്തി ഇറങ്ങി.
വരൂ… അയാൾ ഡോർ തുറന്ന് സീതയെ വിളിച്ചു.
ഗൗതമിന്റെ കൂടെ ജോലി കുട്ടിയാ അമ്മേ, അവനെ ഒന്ന് കാണാൻ വന്നതാ…
ഗുപ്തൻ അമ്മയോടായി പറഞ്ഞു.
വരൂ കുട്ടി… അമ്മ അവളുടെ കൈ പിടിച്ചു.
അമ്മേ ഞാൻ പുറത്തൊന്നു പോകുവാ ഇപ്പോൾ വന്നേക്കാം.
സീതയെ ഞാൻ കൊണ്ടുവിടാം കേട്ടോ അയാൾ പറഞ്ഞു.
അവൾ തലകുലുക്കി.
***********
ഗുപ്തൻ നേരെ പോയത്, കറുപ്പനും കർത്തുവിനും താമസിക്കാനായി വാടകക്കെടുത്ത വീട്ടിലേക്കാണ്.
അവർക്ക് വേണ്ടുന്ന ഭക്ഷണം ഗുപ്തൻ വീട്ടിൽ നിന്നും കൊണ്ട് കൊടുക്കുകയാണ് ചെയ്യുന്നത്.
അപരിചിതമായ ഈ നഗരത്തിൽ അവർക്കൊന്നിനും ഒരു കുറവും ഉണ്ടാകാൻ പാടില്ല.അനിയന്റെ ജീവൻ രക്ഷിക്കാൻ തയ്യാറായത് കൊണ്ട് മാത്രമായിരുന്നില്ല അത് , ലോകം കാണാത്ത രണ്ടു നിഷ്കളങ്ക ജന്മങ്ങളെ സഹായിക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടും കൂടിയായിരുന്നു.
ഗുപ്തനെ കണ്ട്,കറുപ്പൻ ബീഡിക്കറ പുരണ്ട കറുത്ത പല്ലുകൾ കാട്ടി നിഷ്കളങ്കമായി ചിരിച്ചു , എങ്കിലും അയാളുടെ മുഖത്ത് എപ്പോഴും വിഷാദം നിറഞ്ഞുനിന്നിരുന്നു. അയാളുടെ ചികിത്സയ്ക്കായി പൊന്നുമോളുടെ ശരീരം കീറിമുറിക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞയാൾ ചിലപ്പോഴെല്ലാം എണ്ണിപ്പെറുക്കി കരയും, അസ്ഥികൾ എഴുതുന്ന നിൽക്കുന്ന അയാളുടെ നെഞ്ചിലേക്ക് കണ്ണുനീർ തുള്ളികൾ ഇറ്റു വീഴുന്നത് തനിക്ക് കണ്ടുനിൽക്കാൻ ആകുമായിരുന്നില്ല.
പെൺകുട്ടിയുടെ മുഖത്ത് പക്ഷേ ഇപ്പോഴും പുഞ്ചിരിയാണ് തന്നെ കാണുമ്പോഴെല്ലാം വിനയാന്വിതയായി അവൾ, ഡോക്ടറുടെ അനിയന് ഇപ്പോൾ എങ്ങനെയുണ്ട് എന്നൊക്കെ ചോദിക്കും. അവളുടെ സംസാരം എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നും, സംസാരിച്ചു കഴിയുമ്പോൾ എന്തേ നിർത്തിയത് എന്ന് ചോദിക്കാൻ തോന്നും അത്രക്ക് കാതിനിമ്പം പകരുന്നതായിരുന്നു അവളുടെ സംസാരം.
ഇരുനിറമുള്ള ആ മുഖത്ത് നോക്കിയാൽ ലോകത്തെമുഴുവൻ സൗന്ദര്യവും കുടിയിരിക്കുകയാണെന്ന് തോന്നും.
അവളുടെ നീലക്കൽ മുക്കുത്തി മാത്രം മതിയായിരുന്നു അവളുടെ അഴക് വർധിപ്പിക്കാൻ.വയലറ്റ് നിറം പടർന്ന ചുണ്ടുകൾക്കിടയിൽ വെളുത്ത നിരയൊത്ത കുഞ്ഞി പല്ലുകളുടെ തിളക്കം. സുന്ദരിയാണെന്ന് പറയുമ്പോഴൊക്കെ മെലിഞ്ഞുനീണ്ട കൈവിരലുകൾ കൊണ്ട് അവൾ നാണത്തോടെ മുഖം പൊത്തും.
അപ്പോൾ കറുപ്പന്റെ മുഖത്തെ സന്തോഷത്തിരയിളക്കം ഒന്നു കാണേണ്ടതു തന്നെയാണ്, അയാൾ അപ്പോൾ പറയും എന്റെ ഭാര്യ രേവമ്മയെ പോലെയാണ് അവളെന്ന് . ഇവളെ എനിക്ക് തന്നിട്ട് എന്റെ രേവമ്മ അങ്ങ് പോയി എന്നും പറഞ്ഞു സങ്കടം മറച്ചു പിടിച്ചു മുഖത്ത് സന്തോഷം വരുത്തി ചിരിക്കും.
അവളെ കാണുമ്പോഴെല്ലാം തന്റെ ഹൃദയം ആർദ്രമാകുന്നത് ഗുപ്തൻ തിരിച്ചറിഞ്ഞു.
അരുത്…. സാന്ദ്രയുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്, മറ്റൊന്നും താനിപ്പോൾ ചിന്തിക്കാൻ പാടില്ല. സാന്ദ്രയും ഒരു പെണ്ണാണ്.
വേറൊന്നും ഇപ്പോൾ മനസ്സിൽ വരാൻ പാടില്ല നാളത്തെ ദിവസം അത്രയ്ക്ക് പ്രധാനപ്പെട്ടതാണ് രണ്ട് ജീവനും ഒരാപത്തും വരാൻ പാടില്ല. ഗൗതവും, കാർത്തുവും പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരണം. അത് മാത്രമായിരിക്കണം തന്റെ മനസ്സിൽ.മികച്ച ഡോക്ടർമാർ തന്നെയാണ് ഇവിടുള്ളത്, അതാണ് ആശ്വാസവും.
അതുകഴിഞ്ഞ് അടുത്ത ആഴ്ചയാണ് കറുപ്പന്റെ ഹൃദയശസ്ത്രക്രിയ നടത്താൻ ഡോക്ടർ അനൂപ് തീരുമാനിച്ചിരിക്കുന്നത്.
എല്ലാം ഭംഗിയായി നടന്നാൽ മതിയായിരുന്നു.
ആർക്കും ഒരാപത്തും ഉണ്ടാവരുത്. അത് മാത്രമാണ് തന്റെ ആഗ്രഹം.
ശരി ഞാൻ പോട്ടെ,ഡോക്ടർ ഗുപ്തൻ അവരോടു യാത്ര പറഞ്ഞിറങ്ങി.
അയാൾ വീട്ടിൽ മടങ്ങിയെത്തി. സീത,അമ്മ കൊടുത്ത ചായയും കുടിച്ച് അമ്മയോടും ഗൗതമിനോടും ഒപ്പം ഗൗതമിന്റെ മുറിയിൽ ഇരിക്കുകയാണ്.
ഗുപ്തനെ കണ്ടതും അവൾ എഴുന്നേറ്റു.
ഞാൻ പോട്ടെ അമ്മേ, അവൾ അമ്മയോട് യാത്ര ചോദിച്ചു.
ശരി മോളേ…
അവൾ ഗൗതമിന് നേരെ നോക്കി കണ്ണുകൾ കൊണ്ട് അനുവാദം വാങ്ങി.
കാറിൽ ഇരിക്കുമ്പോഴും സീത കനത്ത മൗനത്തിൽ ആയിരുന്നു.
ഗൗതമിന്റെ ഓപ്പറേഷൻ നാളെ നടത്തും. ഗുപ്തൻ പറഞ്ഞു.
ഉം..
വണ്ടി അവൾ താമസിക്കുന്ന ഹോസ്റ്റലിനു മുന്നിൽ എത്തി.
അവൾ ഡോർ തുറന്നിറങ്ങി. ഗൗതമിന് ഒന്നും സംഭവിക്കില്ലല്ലോ അല്ലേ അവൾ ഇടർച്ചയോടെ ചോദിച്ചു.
നല്ലത് മാത്രം സംഭവിക്കട്ടെ… ഗുപ്തൻ പറഞ്ഞു.
അവൾ തലകുലുക്കി.ആ കണ്ണുകൾ പൊട്ടിയൊഴുകുന്നത് ഗുപ്തൻ സങ്കടത്തോടെ നോക്കി.
അവൾ ഗേറ്റ് കടന്ന് പോകുന്നത് വരെ അയാൾ നോക്കി.
പാവം കുട്ടി…
************
രാത്രിയിൽ ഗുപ്തന് തീരെ ഉറങ്ങാൻ കഴിഞ്ഞില്ല.
തന്റെ അനിയന്റെ ജീവൻ തിരിച്ചു കിട്ടിയാൽ മാത്രേ തനിക്ക് ഉറങ്ങാൻ കഴിയൂ എന്നയാൾക്ക് തോന്നി. അനിയന്റെ മാത്രമല്ല കാർത്തുവിന്റെ ജീവനും ഒരാപത്തും ഉണ്ടാകരുത്.
ശരിക്കും കാർത്തുവിനെ താൻ സ്നേഹിക്കുന്നില്ലേ….??
അയാൾ സ്വയം ചോദിച്ചു.
ഉവ്വ്… അതാണ് സത്യം. ആ നിഷ്കളങ്കത, വിനയം അതൊക്കെ അവളോടുള്ള ഇഷ്ട്ടം കൂട്ടുകയാണ്.
ആ കണ്ണുകൾ എന്റെ ഹൃദയത്തെയാകെ കൊളുത്തി വലിക്കും പോലെയാണ്.
ഓഹ്… ദൈവമേ… ഞാനവളെ ഒത്തിരി സ്നേഹിച്ചു പോയി.
അവളുടെ ശരീരത്തിൽ ഏൽക്കുന്ന ഓരോ മുറിവും എന്റെ ഹൃദയത്തെപോലും വേദനിപ്പിക്കും.
വയ്യാ…അയാൾ തല കുടഞ്ഞു.
തന്റെ അനുജന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രമാണ്, അല്ലെങ്കിൽ കാർത്തൂ…. നിന്റെ ഉടലിൽ ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ സമ്മതിക്കില്ല.
അവൾ അറിയാതെ ഫോണിലെടുത്ത ഫോട്ടോ അയാൾ എടുത്ത് നോക്കി.
നിഷ്കളങ്കതക്ക് പര്യായമായ ആ മുഖത്തേക്ക് നോക്കും തോറും,ഉള്ളിൽ അലിവിന്റെ പ്രണയത്തിന്റെ ഒരുറവ കിനിയുന്നത് അയാൾ അറിഞ്ഞു.
നോക്കി നോക്കി ഇരിക്കുമ്പോൾ ഇഷ്ട്ടത്തിന്റെ തീവ്രത ഏറുകയാണ്.
വേണ്ടാ… അയാൾ ഫോൺ മാറ്റി വച്ചു. ഇപ്പോൾ മനസ്സിൽ തന്റെ അനുജൻ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ..
ഈ കൈകളിൽ തൂങ്ങി നടന്നവനാണ്… തന്റെ കൂടപ്പിറപ്പാണവൻ…
*********
പിറ്റേന്ന് കാർത്തുവിനേയും ഗൗതമിനെയും ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോകാൻ ഒരുങ്ങുമ്പോൾ കറുപ്പൻ പരിസരം മറന്നുറക്കെ കരഞ്ഞു..
വേണ്ടാ… ന്റെ കുഞ്ഞിനെ മുറിക്കണ്ട. വേണ്ടാ….
എന്താ അപ്പാ ഇത്… ഒരു കുഴപ്പോം ഉണ്ടാവില്ല.
നമ്മൾ കാരണം ഒരു ജീവൻ രക്ഷപ്പെടുമെങ്കിൽ അത് നല്ലതല്ലേ… അപ്പാ.
ന്റെ കുഞ്ഞേ… അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അപ്പാ… ഒന്നൂല്ലാ… അവൾ അയാളുടെ കൈകളിൽ ചുംബിച്ചു.
ഡോട്ടരേ എന്റെ കുഞ്ഞിനെ നോക്കിക്കോണേ.. അയാൾ ഡോക്ടർമാരുടെ നേരെ നോക്കി കൈകൾ കൂപ്പി.
ഗുപ്തൻ ഗൗതമിന്റെ നിറുകിൽ തലോടി. ഗൗതമിന്റെ മുഖത്ത് നിസംഗതയായിരുന്നു.
ഗുപ്തൻ കാർത്തുവിന്റ നേരെ നോക്കി. അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയുണ്ട്.
ഒന്നും പേടിക്കണ്ട കേട്ടോ അയാൾ അവളുടെ കവിളിൽ പതിയെ തട്ടി.
അവൾ തലകുലുക്കി.
അവർക്ക് മുന്നിൽ വാതിലടഞ്ഞു.
********
തുടരും.

by