രചന – അഞ്ജു തങ്കച്ചൻ
സീത…. നല്ല പേര്.കാണാനും നല്ല ചേലായിരിക്കും അല്ലേ?കറുപ്പൻ ചോദിച്ചു.
അതെ…സുന്ദരിയാണ്.
അതൊക്കെ പോട്ടെ, കാർത്തുവിന് ഇപ്പോൾ എങ്ങനെയുണ്ട്? ഗൗതം ചോദിച്ചു.
കുഴപ്പമൊന്നും ഇല്ല, മിടുക്കിയായി വരുന്നു.
ഞാനിതുവരെ ആ കുട്ടിയെ കണ്ടിട്ടില്ല. പക്ഷെ ശബ്‌ദം കേട്ടിട്ടുണ്ട്.സംസാരം കേട്ടാൽ ഒരു പാവമാണെന്ന് തോന്നുമല്ലോ.
ചെറുതിലെ വല്യ കുസൃതിയായിരുന്നു, ഇച്ചിരെ വളർന്നപ്പോൾ പഞ്ചപാവം ആയിപ്പോയി.
അവളുടെ അമ്മയെപ്പോലെയാ…
കറുപ്പൻ വീണ്ടും അയാളുടെ കഥകളുടെ കെട്ടഴിച്ചു.
************
വൈകുന്നേരം ഗുപ്തൻ കാർത്തുവിന് മരുന്നെടുത്തു കൊടുക്കാൻ വേണ്ടി പോയി.
അമ്മക്ക് രാവിലെ മുതൽ ചെറിയ ജലദോഷം, അതുകൊണ്ട് കാർത്തുവിന്റെ അടുത്തേക്കും ഹോസ്പിറ്റലിൽ ഗൗതമിനെ കാണാനും പോകേണ്ടന്ന് ഗുപ്തൻ താക്കീതു ചെയ്തിട്ടുണ്ട്.
വൈകിട്ട് സാന്ദ്രക്കൊപ്പം പുറത്തുപോകാമെന്നു പറഞ്ഞതാണ്, അതുകൊണ്ട് കാർത്തുവിന് മരുന്ന് എടുത്തു കൊടുക്കണം.
അയാൾ ചെല്ലുമ്പോൾ അവൾ മുറിയിൽ ഇരിക്കുകയാണ്. തുറന്നിട്ട ജനലഴികളിലൂടെ
റോഡ് കാണാം, പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദം അവളെ അലോസരപ്പെടുത്തുന്നുണ്ടെന്ന് അയാൾക്ക് തോന്നി.
ഗുപ്തനെ കണ്ടതും അവൾ മെല്ലെയൊന്നു ചിരിച്ചു.
നിരയൊത്ത ചെറിയ പല്ലുകളാണ് അവൾക്ക്, ചിരിക്കുമ്പോൾ ഇടം കവിളിൽ തെളിയുന്ന നുണക്കുഴി..
അയാളുടെ നോട്ടം കണ്ടതും അവൾ മിഴികൾ താഴ്ത്തി. അല്ലെങ്കിലും ഗുപ്തനോട് കാർത്തു അധികം സംസാരിക്കാറൊന്നുമില്ല.
എന്നാൽ സൗദാമിനി അമ്മയോട് വലിയ വാർത്തമാനമാണ്, എന്താണ് ഇവർക്കിത്രയും സംസാരിക്കാനുള്ളത് എന്ന് തോന്നും ചിലപ്പോൾ.
അയാൾ മരുന്നെടുത്ത് കൊണ്ടു നിന്നപ്പോഴാണ് സാന്ദ്ര അങ്ങോട്ട് വന്നത്.
ഗുപ്തനെ കാണാത്തതുകൊണ്ട് ഞാൻ കുറേ വിളിച്ചു. എന്താ കാൾ എടുക്കാത്തത്?
ഞാൻ വരാൻ തുടങ്ങുവാരുന്നു. കാർത്തുവിന് മരുന്നെടുത്തു കൊടുത്തിട്ട് വരാമെന്നു കരുതി.ഫോൺ വണ്ടിക്കാത്താണ് അതാ ഞാൻ അറിയാത്തത്.
അതിന് ഇവൾക്ക് സ്വയം മരുന്നെടുത്തു കഴിക്കാൻ പാടില്ലേ?? ഓഹ് ചിലപ്പോൾ എഴുത്തും വായനയും അറിയില്ലായിരിക്കും അല്ലേ? അവൾ പുച്ഛിച്ചു.
കാർത്തു ഒന്നും പറഞ്ഞില്ല. അവളെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.
അവളുടെ മുഖഭംഗിയും ആ നീണ്ട് അഴിഞ്ഞു കിടക്കുന്ന കാർക്കൂന്തലും ഒക്കെ സാന്ദ്രയിൽ അസൂയ വളർത്തുന്നുണ്ടായിരുന്നു.
ഗുപ്ത നമുക്ക് പോകാം, അവൾ ഗുപ്തന്റെ തോളിൽ കൈയിട്ടു. അയാളുടെ മുടി കൈകൊണ്ട് ഒതുക്കി വച്ചു.
അയാൾ കാർത്തുവിന് കഴിക്കാനുള്ള ഗുളികകൾ മേശപ്പുറത്ത് എടുത്ത് വച്ചു.
നേരത്തെ ആഹാരം കഴിക്കണം, ആഹാരം കഴിച്ച് കുറച്ച് നേരം കഴിഞ്ഞിട്ട് ടാബ്ലറ്റ് കഴിച്ചാൽ മതി കേട്ടോ. എന്നിട്ട് നന്നായി കിടന്നുറങ്ങണം.
അവൾ തലകുലുക്കി.
സാന്ദ്ര ഗുപ്തന്റെ കൈകളിൽ തൂങ്ങി പുറത്തേക്ക് പോയി.
************
കടൽക്കരയിൽ സാന്ദ്രയോടൊപ്പം ഇരിക്കുമ്പോൾ ഗുപ്തന്റെ മനസ്സ് ശൂന്യമായിരുന്നു.
ഗുപ്തന്റെ തോളിൽ ചാരി ഇരിക്കുകയായിരുന്നു സാന്ദ്ര.
ഗുപ്താ വിവാഹം കഴിഞ്ഞിട്ട് നമുക്ക് എല്ലാദിവസവും ഇങ്ങനെ ഇവിടെ വന്നിരിക്കണം.
ഉം…
നമുക്ക് കുട്ടികൾ ഒന്നും ഉടനെ വേണ്ട കേട്ടോ.
ഉം..
എന്ത്..ഉം…
സാന്ദ്രയുടെ പഠിത്തം ഒക്കെ കഴിഞ്ഞ്, താൻ നല്ലൊരു ഡോക്ടർ ഒക്കെയായി പേരെടുത്തു കഴിഞ്ഞിട്ട് മതി നമുക്ക് കുട്ടികൾ.അത് പോരേ?
മതി. നമുക്കൊരു മോൻ മാത്രം മതി.
മതിയോ?
മതിയേ…. അവൾ ഉറക്കെ ചിരിച്ചു.
ഗുപ്താ… നമുക്ക് വിദേശത്ത് എവിടെയേലും സെറ്റിൽ ചെയ്യാം. ഈ നശിച്ച നാടും ഇവിടുത്തെ നമ്മുടെ നക്കാപ്പിച്ച കാശും കൊണ്ട് എങ്ങനെ ജീവിക്കാനാണ്.
എനിക്കീ നാടിനോട് ഒരുപാട് ഇഷ്ട്ടമാണ് സാന്ദ്ര. മാത്രമല്ല അമ്മയെയും അച്ഛനെയും ഗൗതമിനെയും പിരിഞ്ഞ് എനിക്കൊരു ജീവിതമില്ല.
ഈ ഗുപ്തൻ ഒരു പഴഞ്ചനാ…
ഓഹോ….
ഞാനും ഗുപ്തനും മാത്രമുള്ള ഒരു ലോകമാണ് എനിക്ക് വേണ്ടത്. നമുക്ക് നമ്മൾ മാത്രം മതി.
സാന്ദ്ര അൽപ്പം സ്വാർത്ഥത ഉള്ള കൂട്ടത്തിൽ ആണല്ലോ, ഒരു ഡോക്ടർ ഇങ്ങനൊന്നും ആകാൻ പാടില്ല കേട്ടോ..
ഞാൻ ഇങ്ങനെയാ, എനിക്ക് മാറാൻ ഒന്നും പറ്റില്ല.
ആരും ആർക്കുവേണ്ടിയും മാറണ്ട കേട്ടോ, തന്റെ ഇഷ്ട്ടം പോലെ താൻ ജീവിച്ചോ. അതുപോലെ എന്നെ തിരുത്താനും നോക്കാതെ ഇരുന്നാൽ മതി.
പങ്കാളികൾക്കിടയിൽ സ്വാതന്ത്രം ഉണ്ടാകണം.
എങ്കിലേ ജീവിതം ആസ്വദിച്ചു മുന്നോട്ട് പോകൂ..
ഓഹ്.. ഒന്ന് കെട്ടിയ എക്സ്പീരിയൻസ് ഉള്ളപോലെയാണല്ലോ സാറിന്റെ വർത്തമാനം. അവൾ അയാളുടെ കവിളിൽ നുള്ളി.
നമുക്ക് പോയാലോ,അയാൾ ചോദിച്ചു.
ഉം… പോകാം.പക്ഷെ എനിക്ക് ഒരു കാര്യം കൂടെ പറയാനുണ്ട്.
എന്താ…
ആ കാർത്തുവിന് മരുന്നെടുത്തു കൊടുക്കാനൊന്നും ഗുപ്തൻ പോകണ്ട കേട്ടോ, അവർക്കു വീടും എടുത്ത് കൊടുത്ത് അവരെ നോക്കണ്ടകാര്യമൊന്നും നമുക്കില്ല.
അവർക്ക് സഹായത്തിനു വേറെ ആരും ഇല്ലാത്തതു കൊണ്ടല്ലേ..
വേണ്ട എനിക്കിഷ്ടമല്ല ഗുപ്തൻ അവിടെ പോകുന്നത്. ഒരു ഡോക്ടർ ഒരു രോഗിക്ക് മരുന്നെടുത്തു കൊടുക്കാൻ പോകുന്നു. അതും ഗുപ്തന്റെ പേഷ്യന്റ് ഒന്നുമല്ലല്ലോ…
അവർ ഉള്ളതുകൊണ്ടല്ലേ ഗൗതം ജീവിച്ചിരിക്കുന്നത്. അതെനിക്ക് മറക്കാൻ പറ്റുമോ??
എന്നാൽ,അച്ഛനോടോ അമ്മയോടോ ചെന്നു മരുന്നെടുത്തു കൊടുക്കാൻ പറ. ഗുപ്തൻ പോകണ്ട.
ശരി… താൻ വാ നമുക്ക് പോകാം.
അവൾ അയാളുടെ കൈ പിടിച്ച് എഴുന്നേറ്റു.
*************
പിറ്റേന്ന് ആയപ്പോഴേക്കും സൗദമിനിയെ വല്ലാതെ പനിച്ചു.
അച്ഛനും ചെറിയ ജലദോഷം തുടങ്ങിയിട്ടുണ്ട്.
രണ്ടാൾക്കും മരുന്ന് എടുത്ത് കൊടുത്തിട്ട് അയാൾ ഭക്ഷണം കഴിക്കാൻ ഇരുന്നു.
അടുക്കള ജോലിക്ക് നിൽക്കുന്ന മോളി ചേച്ചി
അയാൾക്ക് ഭക്ഷണം വിളമ്പി.
മോളി ചേച്ചി അമ്മയെ പോലെ തന്നെയാണ്. വയർ നിറയെ ഊട്ടിയിട്ടേ വിടൂ…
ഭക്ഷണം കഴിച്ചിട്ട് അയാൾ, ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങി.
ദാ… മോനെ അവർക്കുള്ള ഭക്ഷണം കൂടെ കൊടുത്തേക്കൂ…
മോളി ചേച്ചി,കാർത്തുവിനും കറുപ്പനും ഉള്ള ഭക്ഷണം ഗുപ്തന്റെ കൈയിൽ കൊടുത്തു.
രാവിലെ കാർത്തുവിന് മരുന്നെടുത്തു കൊടുത്തിട്ട് വേണം പോകാൻ.
അമ്മയ്ക്കും അച്ഛനും പൂർണ്ണമായി പനിയും ജലദോഷവും മാറാതെ കാർത്തുവിന്റെ അടുത്തേക്കു ചെല്ലാൻ പറ്റില്ല. പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന സമയമാണ് നന്നായി ശ്രദ്ദിക്കണം.
ഗൗതമിനെ ഈ ആഴ്ച്ച ഡിസ്ചാർജ് ആക്കാമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്തായാലും ഈ ആഴ്ച്ച കൂടെ കഴിയട്ടെ, അപ്പോഴേക്കും അവരുടെ പനിയൊക്കെ മാറും.
അയാൾ ചെന്നപ്പോൾ കറുപ്പൻ ചായ കുടിക്കുകയാണ്.
ആഹാ… ആരാ ചായ ഒക്കെ ഉണ്ടാക്കിയത്.
ദാ… എന്റെ കൊച്ച് ഉണ്ടാക്കിതാ…
ശരീരം അനങ്ങിയുള്ള പണിയൊന്നും ചെയ്യണ്ട കേട്ടോ. ഗുപ്തൻ പറഞ്ഞു.
ഒരു ചായ ഉണ്ടാക്കുന്നത് മലമറിക്കുന്ന പണിയാണല്ലോ,കാർത്തു വായ പൊത്തി ചിരിച്ചു.
അവൾക്കുള്ള മരുന്നെടുത്തു കൊടുത്തിട്ട്
പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് മുറ്റത്തൊരു വണ്ടി വന്ന് നിന്നത്. അതിൽ നിന്നും സാന്ദ്ര ഇറങ്ങി.
അവളുടെ മുഖത്ത് ദേഷ്യമാണ്.
അവളുടെ കണ്ണുകളിൽ നിന്നും തീ പാറുന്നുണ്ടെന്ന് അയാൾക്ക് തോന്നി.
*****************
തുടരും.

by