The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അഞ്ജു തങ്കച്ചൻ
കറുപ്പൻ കൈകൾ കൂപ്പിപ്പിടിച്ച് ഒരേ നിൽപ്പാണ്.
ഗുപ്തൻ അയാളെ അടുത്തുള്ള കസേരയിൽ ഇരുത്തി.
പേടിക്കാൻ ഒന്നുമില്ല അകത്തുള്ളത് മികച്ച ഡോക്ടർമാരാണ്.
എന്റെ കുഞ്ഞിനെ കീറി മുറിക്കുമല്ലോ ദൈവമേ… എനിക്ക് വേണ്ടി എന്റെ കുഞ്ഞ്…
ഇതിലും നല്ലത് ഞാനങ്ങു മരിച്ചു പോകുന്നതായിരുന്നു. അയാൾ ഓരോന്നും എണ്ണിപ്പെറുക്കി പറഞ്ഞു കൊണ്ടിരുന്നു.
ഗുപ്തൻ അയാളുടെ കൈകളിൽ പിടിച്ചു. എന്നെ വിശ്വാസമില്ലേ, ഞാനല്ലേ പറയുന്നത് ഒന്നും പേടിക്കണ്ട.
മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.
ഗുപ്തന് ശരിക്കും ഭയമായിരുന്നു. പക്ഷെ തളർന്നിരിക്കാൻ വയ്യ. താനും കൂടെ തളർന്നാൽ കറുപ്പന് പിടിച്ചു നിൽക്കാൻ കഴിയില്ല.
പ്രാർത്ഥനയുമായി കാത്തിരിക്കുന്ന അച്ഛനും അമ്മയും താൻ നൽകിയ ധൈര്യത്തിലാണ് ഇരിക്കുന്നത്.എല്ലാവർക്കും മുന്നിൽ കൂളായി നിന്നേ പറ്റൂ…
കുറച്ച് നേരം കൂടെ കഴിഞ്ഞപ്പോൾ ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ തുറന്നു.
ഓപ്പറേഷൻ കഴിഞ്ഞ് കാർത്തുവിനെ ഐ സി യു വിലേക്കു മാറ്റി.
കാർത്തുവിന്റെ,കരളിന്റെ ഇടത് ഭാഗത്തുള്ള നാല്പത് ശതമാനത്തോളം ഭാഗം എടുക്കേണ്ടി വന്നിട്ടുണ്ട് ഡോക്ടർ വിവരിച്ചു.
ഗുപ്തൻ തലയാട്ടി..
ഗൗതം അവൻ??
ഗൗതമിന്റെ കാര്യം പിന്നീട് പറയാം. ഡോക്ടർ തിരികെ കയറി പോയി.
അതോടെ ഗുപ്തന് വല്ലാത്ത ആധിയായി. പക്ഷെ അയാൾ അത് പുറത്ത് കാണിച്ചില്ല.
എന്താടാ… എന്താ ഡോക്ടർ പറഞ്ഞത്?
ഗോപനും സൗദാമിനിയും ഗുപ്തനരികിലേക്ക് ഓടി വന്നു.
ഒന്നും പറഞ്ഞില്ല, അകത്ത് കുറേ ഡോക്ടർസ് ഉണ്ട്. നമ്മളിപ്പോൾ അവരെ ശല്യപ്പെടുത്തുകയല്ല ചെയ്യേണ്ടത്. അവിടെ ചെന്നിരിക്ക് അയാൾ അവരെ നിർബന്ധിച്ചു മാറ്റി ഇരുത്തി.
സ്ട്രക്ചറിൽ മകളെ പുറത്തേക്ക് കൊണ്ടുവരുന്നത് കണ്ട് കറുപ്പൻ വല്ലാതെ ഭയന്ന് പോയിരുന്നു.തന്റെ മകൾ മരിച്ചു പോകുമോയെന്ന ഭയം അയാളെ വല്ലാതെ വരിഞ്ഞു മുറുക്കിയിരുന്നു.
ഭയചകിതമായ ആ കണ്ണുകൾ കണ്ടപ്പോൾ ഗുപ്തന് മനസിലായി അയാൾ വല്ലാതെ ഭയന്നിരിക്കുന്നുവെന്ന്.
ഗുപ്തൻ അയാളുടെ അരികിൽ ഇരുന്നു.
കർത്തുവിന് കുഴപ്പം ഒന്നുമില്ല കേട്ടോ, മൂന്നാലുദിവസം ഐ സി യുവിൽ കിടത്തും.
പിന്നെ റൂമിലേക്ക് മാറ്റും കേട്ടോ.
എനിക്കെന്റെ കുഞ്ഞിനെ ഒന്ന് കാണണം.
അതിപ്പോൾ പറ്റില്ല. നല്ല ശ്രദ്ധവേണം ഇനി, അതുകൊണ്ടാണ്.കുറച്ചു കഴിയട്ടെ നമുക്ക് പുറത്ത് നിന്ന് കാണാം കേട്ടോ.
ഗുപ്തൻ അയാളെ ആശ്വസിപ്പിച്ചു.
ഗുപ്തന്റെ ആശങ്ക തീരെ ഒഴിഞ്ഞിട്ടില്ലായിരുന്നു. ഗൗതമിന്റെ ഓപ്പറേഷൻ കൂടെ കഴിഞ്ഞ് അവനെ പുറത്തിറക്കിയാൽ മാത്രമേ, നന്നായൊന്നു ശ്വാസം വിടാൻ തനിക്ക് പറ്റൂ..
സമയം കഴിയുംതോറും അയാൾക്ക് വല്ലാത്ത ഭയം തോന്നി.
കുട്ടിക്കാലത്ത് അവനെ ഒക്കത്തിരുത്തി, മുറ്റത്ത് കൂടെ കളിക്കുന്നത് അയാൾക്ക് ഓർമ്മ വന്നു.
എന്തൊരു വികൃതിയായിരുന്നു അവൻ. അഞ്ചുവയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ. അവനെ ആദ്യം തന്റെ മടിയിൽ വച്ച് തരുമ്പോൾ അമ്മ പറഞ്ഞത് അവനോർമ്മ വന്നു, മോന്റെ അനിയനാണ്… മോന് കളിക്കാനും സ്നേഹിക്കാനും പിണങ്ങാനും ഒക്കെ ഇനി ഇവൻ കൂടെയുണ്ടെന്ന്.
ചോരച്ചുവപ്പ് പടർന്ന ആ കുരുന്നു മുഖത്തുമ്മവയ്ക്കുമ്പോൾ അവനൊന്നു ചിണുങ്ങി..
അവൻ പിതുങ്ങി കരയുന്നത്, മോണകാട്ടി ചിരിക്കുന്നത്, ഒക്കെ കാണാൻ എന്ത് രസമായിരുന്നു.
എന്റെ ഉയിരാണവൻ, കുരുത്തക്കേട് കൊണ്ട് ദിവസവും അച്ഛന്റെ കൈയിൽ നിന്നുംഅവന് ശക്കാരവും ചിലപ്പോഴൊക്കെ അടിയും കിട്ടിയാലും, താനൊന്ന് ആശ്വസിപ്പിച്ചാൽ അവൻ ശാന്തനാകുമായിരുന്നു.
മഴ പെയ്താൽ പിന്നെ അവനെ കാണണമെങ്കിൽ മുറ്റത്ത് നോക്കണം, ചളിവെള്ളത്തിൽ ചാടിത്തിമിർത്ത് കളിച്ചു നടക്കും.അച്ഛനും അമ്മയും ജോലി കഴിഞ്ഞു വന്നാൽപ്പിന്നെ,അവനെ ശക്കാരിക്കാനേ നേരമുള്ളൂ…
അത്രക്കും കുരുത്തക്കേടാണ്.
സ്കൂളിലും അവനെക്കുറിച്ച് പരാതിയാണ് പഠനത്തിൽ പിറകോട്ടാണ്, മറ്റ് കുട്ടികളെ ഉപദ്രവിച്ചു എന്നൊക്കെ.
അച്ഛനും അമ്മയും അവനെക്കൊണ്ട് പൊറുതിമുട്ടി എന്ന് തന്നെ പറയാം..
പക്ഷെ, ഞാൻ വഴക്ക് പറഞ്ഞാൽ അവന് സഹിക്കാൻ പറ്റില്ല.
ഒരുദിവസം ഞാൻ വഴക്ക് പറഞ്ഞതിന് എന്നോട് പിണങ്ങി മിണ്ടാതെ ഇരുന്നു.
അന്ന് അവനെ വല്ലാതെ പനിച്ചു…
എല്ലാരും വല്ലാതെ ഭയന്ന് പോയി.
അതിൽ പിന്നെ അവനോടു ഞാൻ വഴക്ക് പറഞ്ഞിട്ടില്ല. അതില്പിന്നെ അവനും മാറി.
മിടുക്കനായിട്ട് പഠിച്ചു, എല്ലാത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടി
അവനൊന്നു വീണ് മുട്ട് മുറിഞ്ഞാൽ പോലും സഹിക്കാൻ തനിക്കു പറ്റുമായിരുന്നില്ല. അങ്ങനെയുള്ള അവനെയാണ് ഇന്ന് ഒരു മേജർ സർജറി നടത്തുന്നത്.
അവനിൽ ഉണ്ടാകുന്ന ഓരോ മുറിവും വേദനിപ്പിക്കുന്നത് ഈ ഏട്ടന്റെ ഹൃദയത്തെക്കൂടെയാണ്.
എന്തായീ ഓപ്പറേഷൻ കഴിഞ്ഞില്ലേ?
ചന്ദ്രശേഖരനും, ഡോക്ടർ അനൂപും അങ്ങോട്ട് വന്നു.
കർത്തുവിനെ ഐ സി യു വിലേക്ക് മാറ്റി. ഗൗതമിന്റെ കാര്യം ഒന്നും പറഞ്ഞില്ല.
കുറച്ച് താമസിക്കും താനിങ്ങനെ ഡിസ്റ്റർബ് ആകുകയൊന്നും വേണ്ടാ, അനൂപ് അയാളുടെ തോളിൽ തട്ടി.
കസേരയിൽ ആകെ തളർന്നിരിക്കുന്ന കറുപ്പന്റെ അരുകിൽ അനൂപ് ഇരുന്നു.
കറുപ്പാ.. മോളുടെ ഓപ്പറേഷൻ കഴിഞ്ഞില്ലേ ഇനിയെന്തിനാ ഇങ്ങനെ ഭയന്നിരിക്കുന്നത്.
എന്നാലും എന്റെ മോളേ കീറിമുറിച്ചില്ല ഡോട്ടരെ..അയാൾ വിങ്ങിപ്പൊട്ടി കരഞ്ഞു
ഗുപ്തൻ അയാൾക്കരുകിൽ ഇരുന്നു
ഇല്ലന്നേ, ഓപ്പൺ സർജറി അല്ലായിരിക്കും നടത്തിയത്. ഇപ്പോൾ മിക്കവാറും കീ ഹോൾ സർജറിയാണ് നടത്തുന്നത്.
കറുപ്പൻ ഒന്നും മനസിലാകാതെ അയാളെ നോക്കി.
അതായത് വയറിന്റെ വലത് ഭാഗത്ത്,ചെറിയ ഹോൾ മൂന്നോ നാലോ വേണ്ടി വരും അത്രേ ഉള്ളൂ…
അപ്പോൾ എന്റെ കൊച്ചിന് വലിയ മുറിവൊന്നും ഇല്ലായിരിക്കും അല്ലേ??
മുറിവ് ചെറുതായി ഉണ്ടാകും, മുറിച്ച ലിവറിന്റെ ഭാഗം പുറത്തെടുക്കണ്ടേ അതിന് വയറിന്റെ താഴെയായി ചെറിയൊരു മുറിവ് ഉണ്ടാക്കിയാണ് പുറത്തെടുക്കുന്നത്. കേട്ടിട്ടില്ലേ സാധാരണ രീതിയിൽ പ്രസവം നടക്കാതെ വരുമ്പോൾ സിസേറിയൻ നടത്തുമെന്ന്.
കേട്ടിട്ടുണ്ട്..കറുപ്പൻ തലയാട്ടി
അത്രേ ഉള്ളൂ… വയറിനു താഴെ ആകുമ്പോൾ മസിൽസ് ഒന്നും മുറിക്കേണ്ടി വരില്ല. ഇനി ഒന്നും പേടിക്കണ്ട കാര്യവുമില്ല.
എന്നാലും എന്റെ മോൾക്ക് എന്തോരം നൊന്ത് കാണും.
ഒട്ടും വേദനിക്കില്ല, വേദന അറിയാതിരിക്കാൻ ഒക്കെയുള്ള മരുന്നുണ്ട്.
എത്രയൊക്കെ ആയാലും,എന്റെ കൊച്ചിന്റെ കരൾ പോയില്ലേ അയാൾ വീണ്ടും കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞു.
ഇല്ലന്നെ കരൾ മൂന്ന് കൊണ്ട് പഴയതുപോലെ ആകും കേട്ടോ.
ഇങ്ങനെ വിഷമിക്കരുത്. വിഷമിക്കാതെ ഇരിക്കാൻ വേണ്ടിയാ ഇതൊക്കെ പറഞ്ഞത്. നോക്ക്… മോളീ ചെയ്യുന്നതൊക്കെ നിങ്ങളുടെ ജീവൻ രക്ഷിക്കാനാണ്. അതുകൊണ്ട് വിഷമിച്ച് അസുഖം കൂട്ടരുത്, നിങ്ങളുടെ ഹൃദയത്തിന് ഇത്രയും സങ്കടം താങ്ങാൻ ആവില്ല.
ഇല്ല… ഞാനിനി വിഷമിക്കില്ല, എന്റെ കുഞ്ഞിന് ഞാൻ മാത്രേ ഉള്ളൂ.
അയാൾ കണ്ണുനീർ തുടച്ചു.
കറുപ്പനെ ആശ്വസിപ്പിക്കുമ്പോഴും ഗുപ്തന് ഉള്ളിൽ അകാരണമായ ഒരു ഭീതി ഉടലെടുത്തിരുന്നു, ഗൗതമിന്റെ ഓപ്പറേഷൻ ഇനിയും കഴിഞ്ഞിട്ടില്ല.
അവന് എന്തെങ്കിലും കുഴപ്പം??ഇല്ല… ഇല്ല…. ഒന്നും ഉണ്ടാകില്ല.അയാൾ സ്വയം ആശ്വസിക്കാൻ ശ്രെമിച്ചു.
കുറേ നേരം കൂടെ കഴിഞ്ഞതും ഡോക്ടർമാർ പുറത്തേക്ക് വന്നു.
ഗുപ്തൻ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.
**********
തുടരും.