രചന : അഞ്ജു തങ്കച്ചൻ
പിന്നെ ആരാ രാജു… ആരാണ് എന്റെ ഡാഡിയെ കൊന്നത്?അയാൾ മിണ്ടിയില്ല.പറ വേറെ ആരാ?അയാൾ അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന്,തന്റെ കൈകൾ അവളുടെ മുഖത്തിന് നേരെ കൊണ്ടുവന്നു.
ദേ… മണത്ത് നോക്കിക്കേ നിന്റെ ഡാഡിയുടെ ചോരയുടെ മണം ഉണ്ടോന്ന്.അവൾ ഞെട്ടിപ്പോയി
നോക്കടീ…ബലമായി അയാൾ കൈകൾ അവളുടെ മൂക്കിന് താഴെ പിടിച്ചു.അവൾ ഭയപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി.ഞാനാ നിന്റെ ഡാഡിയെ കൊന്നത്, നിന്റെ ഡാഡിയെ മാത്രമല്ല കൂടെയുള്ള അവന്മാരെയും കൊന്നത് ഞാൻ തന്നെയാ, ദാ.. എന്റെ ഈ കൈകൾ കൊണ്ട്.അയാൾ അവളെ സോഫയിലേക്ക് പിടിച്ചിരുത്തി.
അവളെ കിലുകിലെ വിറക്കുന്നുണ്ടായിരുന്നു.
ത്നമനപ്പൂർവ്വം ചെയ്തതൊന്നും അല്ല, അങ്ങനെ ചെയ്യാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു.
ആ കറുപ്പനും കാർത്തുവും എങ്ങനെയോ എന്റെ വണ്ടിയിൽ കയറി, എന്റെ കഷ്ടകാലത്തിന് ഞാൻ മദ്യം വാങ്ങാൻ വണ്ടിയുമെടുത്ത് പോകുകയും ചെയ്തു അവര് വണ്ടിയുടെ പിറകിൽ ഉള്ളത് സത്യത്തിൽ ഞാൻ അറിഞ്ഞില്ല. അങ്ങനെ അവർ രക്ഷപ്പെട്ടത് എങ്ങാനും നിന്റെ ഡാഡി അറിഞ്ഞാൽ എന്റെ അവസ്ഥ എന്താകും എന്നറിയാമോ? എന്നെ തുണ്ടംതുണ്ടം ആക്കും അങ്ങേര്.നിന്റെ ഡാഡി ആളൊരു പുലിയാണ് മോളേ, നിനക്കറിയാഞ്ഞിട്ടാ അങ്ങേർക്ക് കൊച്ച് പെൺപിള്ളേരെ കണ്ടാൽ ഒരു തരം ആക്രാന്തമാണ്.ആ കാർത്തുവിനെയും അതിന്റെ കാർന്നോരെയും അവശരാക്കി എസ്റ്റേറ്റിൽ കൊണ്ടുവന്നത് നിന്റെ ഡാഡി പറഞ്ഞിട്ടാ, അവര് രക്ഷപ്പെട്ടത് എന്റെ വണ്ടിയിൽ ആണെന്ന് അറിഞ്ഞാൽ എന്നെ കൊല്ലും. എന്റെ മുൻപിൽ വേറെ വഴി ഇല്ലാത്തതുകൊണ്ടാണ് അവരെ ഞാൻ തന്നെ അങ്ങ്….
അയാൾ ചിരിച്ചു….പിന്നെ……. നിന്റെ ഡാഡിക്ക് ഒത്തിരി വേദനിച്ചൊന്നും ഇല്ലായിരിക്കും കേട്ടോ,പെട്ടന്ന് അങ്ങ് കാര്യം കഴിഞ്ഞു.അതുവരെ തരിച്ചിരുന്നു പോയ സാന്ദ്ര ചാടിയെഴുന്നേറ്റു.
എടാ… ദുഷ്ട്ടാ… നീ ഇത്ര വലിയ ചതിയൻ ആയിരുന്നോ. പാല് തന്ന കൈക്ക് തന്നെ 2നീ കൊത്തിയല്ലോ അവൾ അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.’അയാൾ ബലമായി അവളുടെ കൈകൾ വിടുവിച്ചു.അതിനുള്ള പ്രായിശ്ചിത്തം ഞാൻ ചെയ്തില്ലേ, അങ്ങേരുടെ ഒറ്റ മോളെ കെട്ടി പൊന്ന് പോലെ ഞാൻ നോക്കുന്നില്ലേ.അയാൾ ഉറക്കെ ചിരിച്ചു.നിന്നെ ഞാൻ വെറുതെ വിടില്ലെടാ, അവൾ അയാളുടെ മുഖം നോക്കി ഒറ്റ അടി കൊടുത്തു.
ആഹാ.. കൊള്ളാലോ നിനക്ക് ഇത്രേം ശക്തി ഒക്കെ ഉണ്ടായിരുന്നോ.
എടാ… ഇതിനെ ഏതേലും ഭ്രാന്താശുപത്രിയിൽ കൊണ്ട് പോയി തള്ളെടാ…അയാളുടെ അമ്മ അരികിലേക്ക് വന്നു സാന്ദ്ര അടുത്ത് കിടന്ന കസേര എടുത്ത് അവരുടെ നേരെ എറിഞ്ഞു.അമ്മ നിലത്തേക്ക് വീണു.അയ്യോ… ഇവൾക്ക് ഭ്രാന്താടാ എവിടേലും കൊണ്ട് പോയി പൂട്ടി ഇടെടാ..
അവർ കരഞ്ഞു കൊണ്ടുപറഞ്ഞു.മിണ്ടരുത്…. സാന്ദ്ര അലറി. രണ്ടും ഇപ്പോൾ ഇവിടുന്ന് ഇറങ്ങിക്കോളണം.ഇതെന്റെ വീടാണ്.ഇറങ്ങി പോ…നിങ്ങളുടെ പേരിൽ ഞാൻ കേസ് കൊടുക്കും, എന്റെ ഡാഡിയെ കൊന്ന നിന്നെ ഞാൻ അഴിഎണ്ണിക്കും നോക്കിക്കോ..അവൾ അയാളുടെ നേരെ വിരൽ ചൂണ്ടി.എടീ പെണ്ണേ…കൊച്ച് പിള്ളേരെ പേടിപ്പിക്കുന്നത് പോലെ പോലീസിനെക്കൊണ്ട് പിടിപ്പിക്കും എന്നൊക്കെ പറയല്ലേ. ഞാൻ കുറേ ജയിലിൽ കിടന്നിട്ടുള്ളവനാ. അതുകൊണ്ട് അതും പറഞ്ഞു പേടിപ്പിക്കാൻ നോക്കല്ലേ..
പിന്നെ,ഈ വീട് നിന്റെയല്ലല്ലോ, നീ അത് എന്റെ പേർക്ക് എഴുതി തന്നത് മറന്നു പോയോ??
എടീ മോളെ, നിന്റേതായിട്ടുള്ള എല്ലാം ഇപ്പോൾ ഈ എന്റേതാണ്.അയാൾ അവളുടെ മുഖത്തിനു നേരെ മുഖം താഴ്ത്തി.ഇപ്പോൾ ഒന്നുമില്ലാത്തവളായി മാറിയത് നീയാണ്.അവൾ പിന്നിലേക്ക് മാറി, ഇയാൾ അപകടകാരിയാണ് എന്നെ ഇയാൾ അപകടപ്പെടുത്തി എന്ന് വരാം. രക്ഷപ്പെടണം..അവൾ വാതിലിനു നേർക്ക് കുതിച്ചു.:അയാൾ അവളുടെ പിന്നാലെ ചെന്ന് അവളെ പിറകിൽ നിന്നും പിടിച്ചു നിർത്തി.
വിടെടാ… അവൾ കുതറി.വിടാം… ഇപ്പോൾ വിട്ടേക്കാം അയാൾ അവളെ പൊക്കിയെടുത്ത് അകത്തേക്ക് നടന്നു.
എന്നെ വിടെടോ…ഹാ… ഇങ്ങനെ കിടന്ന് പിടക്കാതെ പെണ്ണേ..പറ മോൾക്ക് എങ്ങനെ മരിക്കാനാ ഇഷ്ട്ടം?അവൾ വല്ലാതെ ഭയന്നു.
പറ മോളെ, ചേട്ടൻ കേൾക്കട്ടെ…എന്നെ… എന്നെ… കൊല്ലരുത്.ഹേയ്… കൊല്ലുവൊന്നും ഇല്ല. കൊന്നാൽ പിന്നെ എനിക്ക് സുഖമായി ജീവിക്കാൻ പറ്റുമോ? ഈ കഷ്ടപ്പെട്ട് എന്റെ പേരിൽ ആക്കിയ സമ്പത്തൊക്കെ വെറുതെ പോകില്ലേ.
അതുകൊണ്ട് നിന്നെ ഞാൻ കൊല്ലില്ല.
പക്ഷെ ചെറുതായിട്ട് ഒന്ന് കിടത്തിക്കളയും.
എഴുന്നേറ്റ് നടന്നാൽ അല്ലേ നീ എന്നെ കേസിൽ കുടുക്കൂ.കേസും ജയിലും ഒക്കെയായി ജീവിക്കാൻ ഇനി എനിക്ക് വയ്യ..അതുകൊണ്ട് മോൾ ഇവിടെ കിടക്ക്.അയാൾ അവളെ ബലമായി നിലത്തേക്ക് ഇട്ടു
നിലത്തേക്ക് വീണ അവൾ ഉറക്കെ കരഞ്ഞു.അയാൾ വാതിൽ അടച്ചിട്ട് പുറത്തേക്ക്പോയി.എന്തായെടാ…. അമ്മ ചോദിച്ചു.എന്താവാൻ. ഇനി അവൾ എഴുന്നേൽക്കാതിരിക്കാൻ ഉള്ള മരുന്നാണ് ഇത്. അയാൾ ഒരു കുപ്പി പുറത്തെടുത്തു.ഇതെന്താടാ…?അതൊന്നും പറഞ്ഞാൽ അമ്മക്ക് മനസിലാകില്ല. ഒന്ന് പറയാം അവളിനി എഴുന്നേറ്റ് നടക്കില്ല. ഇവിടെ ഇങ്ങനെ കിടക്കും.അതാ നല്ലത്. അതാകുമ്പോൾ ആരും നമ്മളെ സംശയിക്കില്ല, എന്തെങ്കിലും അപകടം പറ്റിയതാണെന്ന് പറഞ്ഞാൽ മതി.ഉം…അയാൾ അവളുടെ മുറിയിലേക്ക് നടന്നു.വാതിൽ തുറന്നതും എന്തോ ഒന്ന് അയാളുടെ തലയിൽ പതിച്ചു.
കണ്ണുകൾക്ക് മുൻപിൽ കാഴ്ച മറയുന്നത് പോലെ, അയാൾ കണ്ണുകൾ ചിമ്മി ഒന്നുകൂടെ നോക്കി.
സാന്ദ്രയാണ്… അവളുടെ കൈയിൽ പൊട്ടിയ ഒരു കുപ്പി.അയാളുടെ മുഖത്ത് കൂടെ രക്തം ഒഴുകി.എടീ… അയാൾ വിളിച്ചതും.അവൾ കയ്യിലിരുന്ന പാതി പൊട്ടിയ കുപ്പികൊണ്ട് അയാളുടെ ശരീരത്തിൽ പലവട്ടം കുത്തി.അയ്യോ എന്റെ ചെറുക്കനെ ഈ ഭ്രാന്തി കൊല്ലുന്നേ…അങ്ങോട്ട് വന്ന അമ്മ ഉറക്കെ നിലവിളിച്ചു.മിണ്ടരുത്…. അവൾ വിരൽ ചൂണ്ടി അവർ പേടിയോടെ മകനെ നോക്കി, അയാൾ നിലത്തു വീണ് കിടക്കുകയാണ്.
നിലത്ത് കിടന്ന് ഒന്ന് പിടഞ്ഞിട്ട് അയാളുടെ ശരീരം നിശ്ചലമായി.അയ്യോ… എന്റെ മോൻ…അവൾ അമ്മയുടെ നേർക്ക് വിരൽ ചൂണ്ടി.മിണ്ടിയാൽ കൊന്നുകളയും ഞാൻ…ഭയത്തോടെ അവളെ ഒന്ന് നോക്കിയിട്ട് അമ്മ പുറത്തേക്ക് ഓടി.
ആ ഓട്ടം കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.അയ്യോ… ആരേലും ഒന്ന് ഓടി വരണേ…പുറത്തിറങ്ങി അമ്മ ഉറക്കെ നിലവിളിച്ചു.അവരുടെ കരച്ചിൽ കേട്ട് ആളുകൾ ചുറ്റും കൂടി.എന്റെ മോനെ അവൾ കൊല്ലാൻ നോക്കുന്നു, ആരേലും വന്നൊന്ന് രക്ഷിക്കണേ…അവർ അകത്തേക്ക് ചെന്നു നോക്കി.സാന്ദ്ര അവിടെ നിൽപ്പുണ്ട്.ശരിയാണ് ഒരാൾ നിലത്ത് വീണു കിടപ്പുണ്ട്. നിലത്ത് രക്തം പടർന്നിരിക്കുന്നു.മരിച്ചെന്നു തോന്നുന്നു.ഒരുവൻ പറഞ്ഞതും, അമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചുസാന്ദ്ര വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.അവളുടെ കണ്ണുകളിലെ ഭാവം എന്തെന്ന് തിരിച്ചറിയുവാൻ കഴിയുമായിരുന്നില്ല.കുറച്ച് നേരം കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു പോലിസ് വാഹനം വന്നു നിന്നു.അവർ അകത്തേക്കു വന്നു.രാജുവിന്റെ ശരീരത്തിനരികിൽ ചെന്നു.ജീവൻ പോയി. ഒരാൾ പറഞ്ഞു.അവർ സാന്ദ്രയെ വാഹനത്തിലേക്ക് കയറ്റി.
*************
സാന്ദ്ര അവർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരം പറഞ്ഞു.ചന്ദ്രശേഖരന്റെയും, അയാളുടെ കൂട്ടാളികളുടെയും അസ്ഥികൾ കണ്ടെടുത്തു.സാന്ദ്രക്ക് തെല്ലും കൂസൽ ഇല്ലായിരുന്നു.ഡോക്ടർ ആകാനുള്ള മോഹം, അളവറ്റ സമ്പത്ത്, മുന്നോട്ടുള്ള ജീവിതം, എല്ലാം ഇനി വെറുമൊരു മോഹം മാത്രമാണെന്ന് അവൾക്കറിയാം.ഇനി തനിക്ക് ഒരൊറ്റ പേര് മാത്രം ‘കൊലയാളി’ ഇനിയാ പേര് മത്രേ തനിക്കുണ്ടാകൂ.ഏത് ശിക്ഷയും ഏറ്റുവാങ്ങാൻഅവൾക്ക്സന്തോഷമായിരുന്നു.മോഹങ്ങൾ ഒന്നും അവശേഷിക്കുന്നില്ല.ഒരു പാവം പെൺകുട്ടിയുടെയും അവളുടെ അച്ഛന്റെയും മുഖം അവളുടെ മുന്നിൽ തെളിഞ്ഞു വന്നു.ശാപമാണ്…. കാർത്തുവിന്റെ ശാപം..നശിക്കട്ടെ…. ഞാൻ നശിച്ചു പോട്ടെ.. അവൾ കണ്ണീരോടെ പുഞ്ചിരിച്ചു.
***********
തുടരും