രചന:അഞ്ചു തങ്കച്ചൻ
ഹൊ.. എന്നാലും കഷ്ട്ടമായിപ്പോയി കേട്ടോ.ചിലർ പറഞ്ഞു.അതേ… എത്രയും പെട്ടന്ന് നമുക്ക് കാർത്തുവിനെ ഇവിടെ നിന്ന് മാറ്റണം അല്ലെങ്കിൽ അപകടമാണ്. ഒരാൾ തിടുക്കത്തിൽ പറഞ്ഞു.
ശരിയാണ് .. അല്ലെങ്കിൽ കാർത്തുവിന്റെ ജീവനെടുക്കാൻ അവർ വരും. എത്രയും പെട്ടന്ന് ഇവിടെ നിന്നും മാറ്റണം.അറിയാലോ.. എല്ലാരും ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട് മരിച്ചത് കറുപ്പൻ മാത്രമല്ല കാർത്തുവും കൂടെയാണ്, അങ്ങനെ വേണം എല്ലാവരും അറിയാൻ.പെട്ടന്ന് അഞ്ചാറുപേർ ചേർന്ന് കാർത്തുവിനെ എടുത്തുകൊണ്ടു വന്നു.
കറുപ്പനെ ദഹിപ്പിച്ച ചിതക്കരുകിൽ അവർ ഒരു നിമിഷം നിന്നു.കാർത്തുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, എന്തിനാ അപ്പാ എന്നെ രക്ഷിച്ചത്? എന്നെക്കൂടെ കൊണ്ടുപോകാമായിരുന്നില്ലേ.സാരമില്ല മോളേ… ആരോ അവളുടെ കണ്ണുകൾ തുടച്ചു.
വേഗം താഴ്‌വര കടക്കണം. കാർത്തു എവിടെ ഉണ്ടെന്ന് ആരും അറിയാൻ പാടില്ല. വേഗം പൊയ്ക്കോ….അവർ കാർത്തുവിനെയും ചുമന്നു കൊണ്ടു താഴ് വരയിലേക്ക് നടന്നു.പാവം… എന്ത് നല്ല കൊച്ചായിരുന്നു. അതിനു ഇനി എഴുന്നേറ്റ് നടക്കാൻ പറ്റുമോ? തളർന്ന് പോയില്ലേ അരക്ക് കീഴ്പ്പോട്ട്. ചിലർ സഹതാപത്തോടെ പറഞ്ഞു.
കാർത്തിവിന്റെ കണ്ണുകൾ തോരുന്നില്ലായിരുന്നു, കഴിഞ്ഞു പോയ കാര്യങ്ങൾ അവളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.
ചന്ദ്രശേഖരൻ തന്റെ അടുത്തു വന്നത്..
മദ്യപിക്കാനായി അയാൾ പുറത്ത് പോയ നേരത്ത് രക്ഷപ്പെടാനായി എഴുന്നേൽക്കാൻ ശ്രെമിച്ചിട്ട് സാധിക്കാതെ വന്നപ്പോഴാണ് തന്റെ കാലുകൾക്ക് സ്വാധീനം ഇല്ലെന്ന് അവൾ തിരിച്ചറിഞ്ഞത്. ബോധരഹിതനായി അടുത്ത് കിടക്കുന്ന അപ്പന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ചു കരയാൻ മാത്രേ അന്നേരം കഴിഞ്ഞുള്ളൂ…തന്റെ കണ്ണുനീർ വീണ് കുതിർന്ന അപ്പന്റെ കണ്ണുകൾ അപ്പോഴാണ് പതിയെ ഒന്ന് ചിമ്മിയത്..തന്റെ അപ്പന് ഒന്നും സംഭവിച്ചില്ല എന്ന അറിഞ്ഞപ്പോൾ എന്തൊരു ആശ്വാസമായിരുന്നു മനസ്സിൽ.എഴുന്നേൽക്കാൻ കഴിയാത്ത തന്നെ,അപ്പൻ നിലത്തു കൂടെ വലിച്ചു കൊണ്ടു പുറകുവശത്തു വരെ ചെന്നു.രക്ഷപ്പെടാൻ കഴിയില്ല എന്നുറപ്പായിരുന്നു.
അപ്പോഴാണ് മദ്യം വാങ്ങാൻ പോകാൻ പിക്കപ്പ് എടുത്തോ എന്ന് ചന്ദ്രശേഖരൻ പറയുന്നത് കേട്ടത്.അപ്പൻ എങ്ങനെയൊക്കെയോ തന്നെ വലിച്ച് പിറകിൽ കിടത്തി. അവശനായ അപ്പന് നന്നായി ഒന്ന് ശ്വാസം വിടാൻ പോലും പറ്റുന്നില്ലായിരുന്നു..
അപ്പന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ടായിരുന്നു…അങ്ങനെ അയാളുടെ വാഹനത്തിൽ ആ എസ്റ്റേറ്റിനുപുറത്ത് കടന്നു.അയാൾ മദ്യം വാങ്ങാനായി ഇറങ്ങിയ നേരം, അപ്പൻ തന്നെയും വലിച്ച് അടുത്തുള്ള ചെറിയ പെട്ടിക്കടയുടെ പുറകിൽ ഒളിച്ചിരുന്നു.അയാൾ തിരികെ പോയ ശേഷം, അത് വഴി വന്ന ലോറിക്കാരാണ് ഇവിടെ എത്തിച്ചത് ഊരിന് താഴെയുള്ള താഴ്വരയിൽ വരെയെ വാഹനങ്ങൾ വരൂ…ഭാഗ്യം എന്നല്ലാതെ എന്ത് പറയാനാണ്, ഊരിലെ ഒരുവൻ ഞങ്ങളെ കാണുകയും അവൻ എല്ലാവരെയും വിവരം അറിയിച്ച് ഞങ്ങളെ ഇവിടെ കൊണ്ടുവരുകയും ചെയ്തു.
പക്ഷെ അപ്പൻ… അപ്പൻ എന്നെ രക്ഷിച്ചിട്ട് അങ്ങ് പൊയ്‌കളഞ്ഞു.സ്വന്തം ഊരിലെ മണ്ണിൽ വച്ച് മരിച്ചാൽ മതിയെന്ന് അപ്പൻ എപ്പോഴും പറയുമായിരുന്നു. അത് സാധിച്ചു.
പക്ഷെ, അപ്പാ… എനിക്കിനി ആരുണ്ട്??
എന്തിനാ… അപ്പ ഇനി ഞാൻ ജീവിക്കുന്നത്…അവൾ ഉറക്കെ ഉറക്കെ കരഞ്ഞു.
താഴ്വരയിൽ കാത്തുനിന്ന ജീപ്പിന് പിറകിൽ അവർ അവളെ കിടത്തി.മോളേ… എല്ലാം സഹിക്കണം. മോൾ പൊയ്ക്കോ..ഇരുട്ടിനെ കീറി മുറിച്ച് ആ വാഹനം, അവളെയും കൊണ്ട് എങ്ങോട്ടോ പോയ്‌മറഞ്ഞു.
*************
ഗുപ്തന് എന്ത് ചെയ്യണം, എവിടെ പോയി കാർത്തുവിനെയും കറുപ്പനെയും അന്വേഷിക്കണം എന്ന് അറിയില്ലായിരുന്നു.ഒടുവിൽ അവളുടെ ഊരിൽ ചെന്ന് അന്വേഷിക്കാം എന്ന് കരുതി.അയാൾക്ക് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു.ഒരുപക്ഷെ അവർ ഈ ഭൂമിയിൽ ഉണ്ടാകില്ലെന്നു തന്നെ ഒരുവേള അയാൾക്ക് തോന്നി.എങ്കിലും അവസാന പ്രതീക്ഷയെന്നവണ്ണം അയാൾ കാർത്തുവിന്റെ നാട്ടിൽ എത്തി.കറുപ്പന്റെ വീട് തിരക്കി വന്ന അയാളെ അവിടുള്ള ജനങ്ങൾ സംശയദൃഷ്ടിയോടെയാണ് കണ്ടത്.
അവരുടെ കൈകളിലെ പ്രേത്യേക തരം ആയുധങ്ങളുമായി അവർ ഗുപ്തനെ വളഞ്ഞു.
എത്ര പറയാൻ ശ്രമിച്ചിട്ടും അവർ ഒന്ന് സംസാരിക്കാൻ പോലും സമ്മതിച്ചില്ല.
കൊന്നുകളഞ്ഞില്ലേ നിങ്ങളൊക്കെ ചേർന്ന് എന്നവർ ആക്രോശിക്കുന്നുണ്ടായിരുന്നു.അവരുടെ കുടിലിന്റെ അരികിലായ് എരിഞ്ഞടങ്ങിയ രണ്ടു ചിതകൾ കണ്ടപ്പോൾ, സത്യത്തിൽ അയാൾ ആകെ തകർന്നു പോയി.തന്റെ അനിയന്റെ ജീവൻ രക്ഷിച്ചവരാണ്, എന്നിട്ട് പകരം അവരുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത താൻ ഇനി എന്തിനിങ്ങനെ ജീവിക്കണം എന്നൊരു ചിന്ത അയാളിൽ ഉണർന്നു.
താൻ ഒറ്റ ഒരാൾ കാരണം രണ്ട് ജീവനുകൾ ഇല്ലാതായിരിക്കുന്നു.
ഈ പാപം എവിടെ കൊണ്ടുപോയി ഞാൻ ഒഴുക്കും.
എല്ലാം നഷ്ടപ്പെട്ടവനെ പോലെ അവിടെ നിന്നും ഇറങ്ങുമ്പോൾ അയാൾക്ക് ഒന്ന് മാത്രം അറിയാമായിരുന്നു.
ഈ ജീവിതം അവസാനിക്കുന്ന കാലം വരേയും കാർത്തുവും കറുപ്പനും തന്റെ ഉള്ളിലെ ഉണങ്ങാത്ത മുറിവായിരിക്കും.കാർത്തൂ…. അയാൾ ഉച്ചത്തിൽ വിളിച്ചു.ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു പോയി..
എന്തിനാടീ നീ എന്നെ വിട്ടിട്ട് പോയത്.അയാളുടെ ശബ്‌ദം കാറ്റിൽ ചിതറി എങ്ങോട്ടോ പറന്നു പോയി.
************
രാജു… പോയ കാര്യം എന്തായി?
സാന്ദ്ര ചോദിച്ചു.കറുപ്പന്റെ അഡ്രസ് കിട്ടിയിട്ടുണ്ട്.
നിങ്ങൾ അവിടെ പോയി അന്വേഷിക്കണം. അവർ അവിടെ ഉണ്ടെങ്കിൽ ഒന്നും ആലോചിക്കേണ്ട അങ്ങ് കൊന്നു കളഞ്ഞേക്കണം.ശരി… ഞാൻ പോകാം.
പെട്ടന്ന് സാന്ദ്രയുടെ കൈയിൽ ഇരുന്ന ചന്ദ്രശേഖരന്റെ ഫോൺ ശബ്ദിച്ചു.ഡോക്ടർ അനൂപാണ്.
അവൾ കാൾ അറ്റന്റ് ചെയ്തു.ചന്ദ്രശേഖരൻ എവിടെ എന്ന അയാളുടെ ചോദ്യത്തിന്,ഡാഡിക്ക് പെട്ടന്ന് വിദേശത്തേക്ക് പോകേണ്ടി വന്നു. മൂന്നാലു മാസം കഴിഞ്ഞേ വരൂ അതുവരെ ഹോസ്പിറ്റൽ എന്നെ ഏല്പിചിരിക്കുകയാണ് അവൾ പറഞ്ഞു.
ഡാഡിയുടെ, കഴിഞ്ഞ തവണ വിദേശത്ത് പോയപ്പോൾ ഉള്ള ചില ഫോട്ടോകൾ അവൾ സോഷ്യൽ മീഡിയയിലും, വാട്സാപ്പ് സ്റ്റാറ്റസും ഒക്കെയായി അപ്‌ലോഡ് ചെയ്തു.ശേഷം അവൾ അയാൾക്ക് നേരെ തിരിഞ്ഞുരാജു.. നിങ്ങൾ പോയിട്ട് വരൂ..ഞാൻ ഇപ്പോൾ വീട്ടിലേക്കു പോകുകയാണ്.വൈകിട്ട് രാജു വീട്ടിലേക്ക് വരണം.കുറച്ചു കാര്യങ്ങൾ പ്ലാൻ ചെയ്യാനുണ്ട്.
ശരി ഞാൻ വരാം അയാൾ പറഞ്ഞു.പറഞ്ഞത് ഓർമയുണ്ടല്ലോ, കറുപ്പനും കാർത്തുവും അവിടെ ഉണ്ടെങ്കിൽ അവരെ കൊല്ലണം. ഇനി അഥവാ അവർ അവിടെ ഇല്ലെങ്കിൽ അവർ പോകാൻ ഇടയുള്ള സ്ഥലം ഏതെന്ന് അന്വേഷിക്കണം, അവിടെ പോയി അവരെ വകവരുത്തണം.ശരി…അയാൾ വാഹനത്തിൽ കയറി.ഉവ്വാടീ… നീ പറയുന്നത് എന്റെ പട്ടി കേൾക്കും. ഇനി ഞാൻ പറയുന്നത് നീ കേൾക്കണം.നീയും നിന്റെ സമ്പത്തും എന്റെ കൈയിൽ വരും. അതുവരെ നീ പറയുന്നത് ഞാൻ കേൾക്കും എന്നിട്ട് ഒരു ചെവിയിൽ കൂടെ കേട്ട് അടുത്ത ചെവിയിൽ കൂടെ പുറത്ത് വിടും.
അയാൾ ഉറക്കെ ചിരിച്ചു.
************
തുടരും.

by