22/04/2026

പ്രണയാർദ്രം : അവസാനഭാഗം

രചന: അഞ്ചുതങ്കച്ചൻ

ഗൗതം ഡോറിന് അരികിലേക്ക് ചെന്നു.ഒരു നേഴ്സിന്റെ കൈയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കുരുന്നു മുഖം അയാൾ കണ്ടു.പെൺകുട്ടിയാണ്. നഴ്‌സ്‌ പറഞ്ഞു.ചുവന്ന കുഞ്ഞിക്കവിളുകൾ, ചോരനിറമുള്ള കുരുന്നു ചുണ്ട്,അയാൾക്ക്‌ കുഞ്ഞിനെ വാരി എടുക്കാൻ തോന്നി.പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ സൗദാമിനിയുടെ ഉള്ളം നിറഞ്ഞു കവിഞ്ഞു.ഒരു പെൺകുഞ്ഞിനായി എത്ര ദാഹിച്ചതാണ്. ഇപ്പോൾ തന്റെ മകന് ഒരു പെൺകുഞ്ഞു ജനിച്ചിരിക്കുന്നു.

ഡോക്ടർ രമണി ഇറങ്ങി വന്നു.ഡോക്ടർ, സീതക്ക് എങ്ങനെയുണ്ട്??ഒരു കുഴപ്പവും ഇല്ല. കുറച്ച് കഴിയുമ്പോൾ ഐ സി യു വിലേക്കു കൊണ്ടുപോകും . നാളെ റൂമിലേക്ക്‌ മാറ്റാം.മാസം തികയാതെ ജനിച്ചത് കൊണ്ട്, അവർ കുഞ്ഞിനെ അകത്തേക്ക് തന്നെ കൊണ്ടുപോയി.ഇപ്പോൾ മനസ്സിന് ഒരു സമാധാനം തോന്നുന്നു. സീതക്കും, കുഞ്ഞിനും ഒരു കുഴപ്പവും ഇല്ല…എത്ര പേടിച്ചു താൻ…
അയാൾ ആശ്വാസത്തോടെ കസേരയിലേക്ക് ഇരുന്നു.
പെട്ടന്ന് അയാൾ ഗുപ്തനെ ഓർത്തു.
ഏട്ടൻ കാർത്തുവിനെയും കൊണ്ട് തിരികെ വന്നിരിക്കുമോ?

അയാൾ ഫോൺ എടുത്ത് ഗുപ്തനെ വിളിച്ചു നോക്കി.ഇല്ല റിങ് ചെയ്യുന്നില്ല.ഏട്ടൻ അവിടെനിന്നും പോന്നിട്ടുണ്ടാവില്ലേ??അതോ ഇനി അവർ ഏട്ടനെ ഉപദ്രവിക്കുകയോ മറ്റോ??ഹേയ്…. അങ്ങനൊന്നും ഉണ്ടാകില്ല.എടാ… നീ ഗുപ്തനെ ഒന്ന് വിളിച്ചേ…
ഗോപൻ പറഞ്ഞു.ഞാൻ ഇപ്പോൾ വിളിച്ചു നോക്കി അച്ഛാ..ഫോൺ റിങ് ചെയ്യുന്നുപോലുമില്ല.അച്ഛാ… ഞാൻ ഒന്ന് പോയി അന്വേഷിച്ചിട്ട് വരാം.ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കിക്കോളില്ലേ?അതൊക്കെ ഞങ്ങൾ നോക്കിക്കോളാം. നീ ഒന്ന് പോയി അന്വേഷിക്ക്.ശരി..
അയാൾ തിടുക്കത്തിൽ പുറത്തേക്ക് നടന്നു.

*************

മോളെ…. ഈ മരുന്ന് കഴിച്ചേ…ചക്കി, ഒരു പാത്രത്തിലെ മരുന്നെടുത്ത് കാർത്തുവിന് കൊടുത്തു.വേണ്ട. കാർത്തു തല ഇരുവശത്തേക്കും ചലിപ്പിച്ചു.കഴിച്ചാൽ അല്ലേ ദീനം മാറൂ..എത്ര മരുന്ന് കഴിച്ചാലും ഞാൻ ഇനി എഴുന്നേറ്റ് നടക്കില്ല ചക്കിയമ്മേ…എനിക്ക് മരിച്ചാൽ മതി.അങ്ങനൊന്നും പറയല്ലേ മോളെ…സ്വയം ഒന്നിനും കഴിയാതെ ഞാനീ കിടപ്പ് ജീവിതകാലം മുഴുവനും കിടക്കണ്ടേ ചക്കിയമ്മേ..മൂപ്പൻ പറഞ്ഞത്. മോൾ എഴുന്നേറ്റ് നടക്കുമെന്നാ..ഇല്ല.. അത് വെറുതെ പറയുന്നതാ.
എന്റെ കുട്ടി ഈ മരുന്ന് കഴിക്ക്.

ഇതിൽ ഇത്തിരി വിഷം കലർത്തി തരുമോ ചക്കിയമ്മേ… അവൾ വിതുമ്പി പോയി.എന്താ… നീയീ പറയുന്നത്.ഞങ്ങൾക്ക് ഈ കിട്ടിയ പുണ്യമാ നീ.മലദൈവം തന്ന നിധിയാ. കിടപ്പിലായ എന്നെ എന്തിനാ നിങ്ങൾക്ക്.കൊച്ച് എഴുന്നേറ്റ് നടക്കും. എനിക്ക് ഉറപ്പാ..ഇല്ല…. ഒരിക്കലും ഇല്ല… കുറച്ച് നാൾ കഴിയുമ്പോൾ എന്നെ നിങ്ങൾക്ക് മടുക്കും.
എന്നെ എവിടെയേലും കൊണ്ട് ഉപേക്ഷിച്ചേരെ.നീയൊന്ന് മിണ്ടാതിരി പെണ്ണേ, ഇനി ഇങ്ങനത്തെ വർത്താനം പറഞ്ഞാൽ എനിക്ക് വിഷമം ആകും.ചക്കി മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു.ചക്കിയമ്മേ…ചക്കിയമ്മേ… ആ മരുന്ന് ഇങ്ങ് താ… ഞാൻ കഴിച്ചോളാം.വേണ്ട..
തരൂന്നേ…

വേണ്ട, കഴിക്കണ്ട. ഞാനും ചെമ്പണ്ണനും ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയാ. എന്നിട്ടും എന്നോട് തന്നെ പറഞ്ഞില്ലേ വിഷം തരാൻ. ഞങ്ങടെ ഹൃദയം കല്ലാണല്ലോ അല്ലേ ചക്കി മൂക്ക് പിഴിഞ്ഞു.
അമ്മേ…. മരുന്ന് താ…ചക്കി ഞെട്ടലോടെ തിരിഞ്ഞു.എന്താ വിളിച്ചത്?അമ്മേന്ന്….ചക്കി അവളുടെ നിറുകിലും നെറ്റിയിലും ഒക്കെ ഉമ്മ വച്ചു.ഇനി മരുന്ന് തരാവോ?ചക്കി മരുന്നെടുത്തു കാർത്തുവിന്റെ വായിൽ ഒഴിച്ചു കൊടുത്തു.
ഞാനേ… എന്തെങ്കിലും തിന്നാൻ ഉണ്ടാക്കട്ടെ.
ചക്കി കുടിലിന്റെ പുറത്തേക്കു പോയി.ഇനി ഈ ജന്മത്തിൽ തനിക്ക് നടക്കാൻ കഴിയുമോ? എല്ലാവരെയും ബുദ്ധിമുട്ടിക്കാനായി ഇങ്ങനെ എത്രനാൾ കിടക്കേണ്ടി വരും.

സ്കൂളിൽ പോയത്. കൂട്ടുകാർക്കൊപ്പം കഥകൾ പറഞ്ഞു നടന്നത്.എഴുത്തും വായനയും അറിയാത്ത അപ്പനെ വായിച്ചു കേൾപ്പിച്ചത്.കുടിലിനു പുറത്ത് മണ്ണപ്പം ചുട്ടു കളിച്ചത്, മഴയത്തു കളിച്ചത്, ആലിപ്പഴം നുണഞ്ഞത്,ഒക്കെ അവളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.ഇനിയെന്നെങ്കിലും ഒരു മഴ നനയാൻ ഒക്കുമോ?ഒരടിയെങ്കിലും നടക്കാൻ കഴിയുമോ??അവളുടെ കണ്ണുകൾനിറഞ്ഞു.ഇതൊക്കെ അനുഭവിക്കാൻ മാത്രം ഞാൻ എന്ത് തെറ്റായിരിക്കും കഴിഞ്ഞ ജന്മത്തിൽ ചെയ്തത്??അവൾക്ക് ഗുപ്തനെ ഓർമ്മ വന്നു.തന്നെ കാണുമ്പോൾ ആ കണ്ണുകളുടെ തിളക്കം.അദ്ദേഹം തന്നെ സ്നേഹിക്കുന്നുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.പക്ഷെ വിവാഹനിശ്ചയം കഴിഞ്ഞ ആളായത് കൊണ്ടാകും. ആ ഇഷ്ട്ടം മനസ്സിൽ ഒളിപ്പിച്ചത് അന്ന് ഗുപ്തൻ ഡോക്ടറിന്റെ വീട്ടിൽ താൻ പോയപ്പോൾ സാന്ദ്ര തന്നെ ഉപദ്രവിച്ചു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ ഭാവം താൻ കണ്ടതാണ്.എനിക്ക് വേദനിച്ചപ്പോൾ ഡോക്ടറിന്റെ മുഖം ചുളിഞ്ഞു. ആ കണ്ണുകളിൽ അതുവരെ കാണാത്ത ദയനീയത നിറഞ്ഞു നിന്നിരുന്നു.

സാന്ദ്രയോടുള്ള ദേഷ്യം ആ മുഖത്ത് മിന്നി മറഞ്ഞു.
സാന്ദ്രയും ഗുപ്തൻ ഡോക്ടറും വിവാഹം കഴിച്ചിരിക്കുമോ?ഇല്ല… ഗൗതം പറഞ്ഞത്, അദ്ദേഹം എന്നെ കാത്തിരിക്കുകയാണെന്ന് അല്ലേ?
എന്താ അതിന്റെ അർത്ഥം?? എന്നെ ഒരുപാട് സ്നേഹിക്കുന്നു, ഇപ്പോഴും എന്നെ മാത്രം ഓർത്തു കഴിയുന്നു എന്നല്ലേ..വേണ്ട… എന്നെ ഒരിക്കലും അദ്ദേഹം കാണണ്ട. ഈ കിടപ്പിലായ എന്നെ ഇനി എന്തിന് കൊള്ളും??എനിക്ക് എന്റെ അപ്പനും അമ്മയും ഉള്ള ലോകത്തിലേക്ക് പോയാൽ മതി.
അവർ എന്നെയും കാത്ത് ഇരിക്കുകയായിരിക്കും.
ഈ ഭൂമിയിലെ ജീവിതം എനിക്ക് മതിയായി.
ദൈവമേ… എന്നെ തിരികെ വിളിച്ചൂടെ…
എന്തിനാണ് എന്നെ ഇങ്ങനെ ഇട്ടിരിക്കുന്നത്??

കാർത്തു വിങ്ങി വിങ്ങി കരഞ്ഞു.ചെമ്പൻ കുടിലിലേക്ക് കയറി വന്നു.കാത്തുക്കൊച്ചേ…. നീയറിഞ്ഞോ??എന്താ… എന്താ… മനുഷ്യാ.. നിങ്ങള് അറിഞ്ഞോന്നു ചോദിക്കുന്നത്?? ചക്കി അകത്തേക്ക് വന്നു.എടീ… നമ്മുടെ മുരുകേശൻ വല്യ ഏതാണ്ടൊക്കെ പഠിച്ചു ഇപ്പോൾ അങ്ങ് സിറ്റിയിലാ ജോലി.ഓഹ് അവന് അത്ര പഠിത്തം ഒന്നുമില്ല. പത്താം തരം കഴിഞ്ഞ് എന്തോ.. പഠിച്ചു..
എന്താ… മോളെ അത്?പ്ലസ്ടു ആണ് ചക്കിയമ്മേ..
ആ..അത് തന്നെ.അത്രേ അവൻ പഠിച്ചുള്ളൂ..അത്രേം പഠിച്ചില്ലേ. നിനക്ക് അക്ഷരം എങ്കിലും അറിയാവോ? ചെമ്പൻ ചോദിച്ചു.ഓഹ് ഈ പറയുന്ന ആൾക്ക് അറിയാവോ??
ചക്കിയും വിട്ട് കൊടുത്തില്ല.അതൊക്കെ നമ്മുടെ കാർത്തു. എല്ലാത്തിനും മിടുക്കി അല്ലേ..എടീ… അതൊക്കെ പോട്ടെ.മുരുകേശൻ അവിടെ തുണിയൊക്കെ വിക്കുന്ന കടേലാ ജോലി.
അവൻ പറഞ്ഞാ അറിഞ്ഞത്. നമ്മുടെ കാർത്തുവിനെ ഉപദ്രവിച്ച ആ പെണ്ണില്ലേ അവൾ ഒരുത്തനെ കൊന്ന് ജയിലിൽ ആണെന്ന്.

ആ പെണ്ണിന്റെ പടം ഒക്കെ പത്രത്തിൽ ഉണ്ടെന്ന്. അന്നേരം അവനു സംശയം തോന്നി.
കാർത്തു പറഞ്ഞ ആ പെണ്ണല്ലേ അതെന്നു അവന് സംശയം തോന്നി. കാർത്തുവിന്റെ കഥകൾ ഒക്കെ അവന് അറിയാവുന്നത് അല്ലേ.
അവൻ അന്വേഷിച്ചപ്പോൾ അല്ലേ അറിഞ്ഞത്, അവളുടെ അച്ഛനെ കൊന്ന ആളെയാണ്
അവൾ കൊന്നതെന്ന്.നന്നായിപ്പോയി അവർക്ക് അങ്ങനെ തന്നെ വേണം. കറുപ്പണ്ണന്റെ ജീവൻ പോയത് അവർ കാരണമാ. കാർത്തു ഈ അവസ്ഥയിലും ആയി.അവർക്ക് അങ്ങനെ തന്നെ വേണം.കേട്ടോ കാർത്തു.. നിന്നെ ദ്രോഹിച്ചവർക്ക് അതിനുള്ള ശിക്ഷ കിട്ടി.ചക്കി സന്തോഷത്തോടെ പറഞ്ഞു.കാർത്തുവിന് അത് കേട്ടിട്ടും പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല.അവർ അത് അർഹിച്ചതാണ്.

ആരെയും വേദനിപ്പിക്കാത്ത തന്റെ അപ്പന്റെ ജീവൻ പോയത് അവർ കാരണമാണ്.കാലം എല്ലാത്തിനും കണക്ക് ചോദിക്കുക തന്നെ ചെയ്യും.ഗുപ്തൻ ഡോക്ടർ ആ പൂതനയിൽ നിന്നും രക്ഷപ്പെട്ടു.
അല്ലെങ്കിലും ഡോക്ടറിന് ആ സ്ത്രീ ചേരില്ല.
ഡോക്ടറിന് ഒരു പാവം പെണ്ണ് മതി.
തന്നേപ്പോലെ ഒരു പാവം…അതോ താനാണോ അദ്ദേഹത്തിന് ചേരുന്നത്?പെട്ടന്ന് ഒരുൾക്കിടിലത്തോടെ അവൾ ഓർമിച്ചു, വേണ്ട തന്നെ വേണ്ട.ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത എന്നെ എന്തിനാണ്. അല്ലെങ്കിലും ഞാനൊരു കാട്ട് വാസി പെണ്ണ്. അദ്ദേഹമോ നാലാൾ അറിയുന്ന ഒരു ഡോക്ടർ..

എന്തൊരു അതിമോഹമാണ് എനിക്ക്. വെറുതെയല്ല ഇങ്ങനെ കിടപ്പിൽ ആയത്.കുടിലിനുപുറത്തേക്കു പോയ ചെമ്പനും ചക്കിയും എന്തോ സംസാരിക്കുന്നുണ്ട്.അവനെ പിടിച്ചു കെട്ടി ഇട്ടിരിക്കുകയാണ്. നമുക്ക് എത്രയും വേഗം കാർത്തുവിനെയുംകൊണ്ട് ഈ കാട് കടക്കണം.
ഇനി ഇവിടെ തുടരുന്നത് ശരിയല്ല..
ചെമ്പൻ അടക്കിപ്പിടിച്ചു പറയുന്നത് അവൾ ശ്രദ്ദിച്ചു..
ആരാണ് പോലും ഒരു പക്ഷെ ഗുപ്തൻ ഡോക്ടർ ആയിരിക്കുമോ??അദ്ദേഹത്തിനെ ഉപദ്രവിച്ചു കാണുമോ??അവളുടെ സ്വസ്ഥത നശിച്ചു.ചക്കിയമ്മേ… അവൾ ഉറക്കെ വിളിച്ചു.
ചക്കിയമ്മേ…..എന്താ മോളെ…ആരെയാ… ചക്കിയമ്മേ പിടിച്ചു കെട്ടിയിട്ടത്?ആരെയും ഇല്ല മോളെ…പറ ചക്കിയമ്മേ ആരാ…
എന്റെ ചക്കിയമ്മയല്ലേ.. എന്നോട് കള്ളം പറയല്ലേ…ചക്കി തല കുനിച്ചു.

മോൾടെ നല്ലതിന് വേണ്ടിയാ… നമ്മൾ ഇവിടെ നിന്നും പോകുവാ.എവിടേക്ക് വേണമെങ്കിലും പോകാം. പക്ഷെ ആരെയാ കെട്ടിയിട്ടിരിക്കുന്നത് അത് എന്നോട് പറ.ഇന്നലെ ഇവിടെ വന്നില്ലേ ആ പയ്യന്റെ ചേട്ടനാ.ഗുപ്തൻ ഡോക്ടറോ??ഉം…
എന്തെങ്കിലും ചെയ്‌തോ അദ്ദേഹത്തെ?ഇല്ല. പിടിച്ചു കെട്ടി ഇട്ടിരിക്കുവാ. കാവലിന് ആളും ഉണ്ട്.
ചക്കിയമ്മേ അദ്ദേഹത്തിനെ ഒന്നും ചെയ്യരുത് എന്ന് പറ..എന്നെ എവിടേക്ക് വേണമെങ്കിലും കൊണ്ടുപൊയ്ക്കോ, ഡോക്ടറിനെ അഴിച്ചു വിടാൻ പറ ചക്കിയമ്മേ…

അവൾ ഉറക്കെ കരഞ്ഞു.ആ മനുഷ്യന് നൊന്തൽ എനിക്ക് വേദനിക്കും ചക്കിയമ്മേ… ഞാൻ അത്രക്കും സ്നേഹിച്ച് പോയതാ…മോളെ….
ചക്കി ഞെട്ടലോടെ വിളിച്ചു.ഒന്ന് പറ ചക്കിയമ്മേ…അദ്ദേഹത്തിനെ അഴിച്ചു വിടാൻ
ചക്കി കുടിലിനു പുറത്തേക്ക് ഇറങ്ങി.ചെമ്പൻ എല്ലാം കേട്ട് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.അയാൾ ചക്കിയെ നോക്കി.നീ എല്ലാം എടുത്ത് വയ്ക്ക്. നമുക്ക് എത്രയും വേഗം ഇവിടെ നിന്നും പോകണം.
അവരോടു ഞാൻ പറഞ്ഞോളാം, നമ്മൾ പോയി കഴിയുമ്പോൾ അയാളെ അഴിച്ചു വിടാൻ.
മൂപ്പൻ തന്ന മരുന്നുകൾ എല്ലാം എടുക്കണം കേട്ടോ.നീയതൊക്കെ എടുത്ത് വയ്ക്ക് ഞാൻ പോയി മൂപ്പനോട് പോകുന്ന കാര്യം പറഞ്ഞിട്ട് വരാം.

**************

ഗുപ്തൻ തളർന്ന മിഴികൾ ഉയർത്തി നോക്കി.
തന്നെ കെട്ടി ഇട്ടിരിക്കുകയാണ്.അയാൾ കൈ അഴിക്കാൻ നോക്കി.പറ്റുന്നില്ല. നാല് കാലുകൾ കുഴിച്ചിട്ട് അതിന് മുകളിൽ പുല്ല് മേഞ്ഞിട്ടുള്ള ചെറിയ ഒരു ഷെഡ്ഢിനുള്ളിലാണ് താൻ. സൈടുകൾ മറച്ചിട്ടില്ല
പുറത്ത് ഒരു മരച്ചുവട്ടിൽ നാലഞ്ചു പേർ ഇരിപ്പുണ്ട്.
അവർ എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നു.ഇന്ന് അവർ ഈ കാടിറങ്ങും. ആ കൊച്ചിനെയും കൊണ്ട് അവർ പോട്ടെ,എന്നിട്ട് ഇയാളെ അഴിച്ചു വിട്ടാൽ മതി.ഒരുവൻ പറയുന്നത് ഗുപ്തൻ കേട്ടു.

കാർത്തുവിനെയും കൊണ്ട് അവർ മറ്റെവിടെക്കോ പോകുമെന്നല്ലേ പറഞ്ഞത്.തന്റെ കണ്മുൻപിൽ നിന്നും ഇനിയും അവളെ മാറ്റുകയാണോ?? ഇത്ര ദൂരം വന്നിട്ടും തനിക്കവളെ കാണാൻ കഴിയില്ലേ??കഴിയും, കഴിയണം..അയാൾ ചുറ്റിലും നോക്കി.അരികിലായി ഒരു വലിയ കല്ല് ഉണ്ട്,അരിക് മൂർച്ചയുള്ള ഭാഗം പോലെ ഇരിക്കുന്നു.അയാൾ കൈയിലെ കെട്ട് അതിലിട്ട് ഉരച്ചു.ഒരാൾ അങ്ങോട്ട് വരുന്നത് ഗുപ്തന്റെ ശ്രദ്ധയിൽ പെട്ടു.അയാൾ കണ്ണുകൾ അടച്ച് നിലത്ത് കിടന്നു.ഓഹ്… ബോധം വീണിട്ടില്ല.
അയാൾ തിരിച്ചു പോയി.ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഗുപ്തൻ കൈയിലെ കെട്ടുകൾ മുറിച്ചു.

കാലിലെ കെട്ടുകളും അയാൾ അഴിച്ചു മാറ്റി.പതിയെ പോകുവാനായി എഴുന്നേറ്റു.അവരുടെ കണ്ണിൽ പെടാതെ പിന്നിലൂടെ നടക്കാൻ ആഞ്ഞതും..ദേ… അവൻ കെട്ടുകൾ അഴിച്ചു. പിടിക്കെടാ എന്നൊരുവൻ അലറുന്നത് ഗുപ്തൻ കേട്ടു.ഇല്ല ഓടിയാൽ രക്ഷയില്ല.അയാൾ കൈകൾ രണ്ടും ഒന്ന് കുടഞ്ഞു.ഓടി അടുത്തേക്ക് വരുന്നവരെ തുരുതുരെ അടിച്ചു വീഴ്ത്തി.സമയം കളയാനില്ല. അയാൾ മുന്നോട്ട് നടന്നു.എത്രയും വേഗം കാർത്തുവിനെ കണ്ട് പിടിക്കണം.അയാൾ മുന്നോട്ട് നടന്നു ഏട്ടാ…ഒരു വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി.ഗൗതമാണ്.
ഏട്ടാ… എന്താ പറ്റിയത്?കുറച്ച് പേർ ആക്രമിച്ചു.
എന്തെങ്കിലും പറ്റിയോ ഏട്ടാ.ഇല്ല.ഞാനും വരാം ഏട്ടാ… അയാൾ ഗുപ്തനൊപ്പം നടന്നു.

നീ ഇവിടെ നിന്നാൽ മതി.ഇവിടെയോ?അതെ.
ഞാൻ മുത്തന്മല കയറാൻ പോകുകയാണ്. കാർത്തുവിനേയും കൊണ്ട് ഞാൻ മടങ്ങി വരും
ഇനി അഥവാ ഞാൻ വന്നില്ലെങ്കിൽ നീ മടങ്ങി പോകണം. നമ്മുടെ അച്ഛനും അമ്മയ്ക്കും രണ്ടുമക്കളേയും ഒരുമിച്ച് നഷ്ടപ്പെടാൻ പാടില്ല.
ഏട്ടാ… അയാൾ ഗുപ്തന്റെ കൈയിൽ പിടിച്ചു.
ഗുപ്തൻ ഗൗതമിന്റെ നിറുകയിൽ തലോടി.ഏട്ടാ… ഞാൻ ഒരച്ഛനായി.ഗുപ്തന്റെ കണ്ണുകൾ തിളങ്ങി.
പെൺകുഞ്ഞാണ് ഏട്ടാ…പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ നമ്മുടെ അമ്മക്ക് ഒത്തിരി സന്തോഷമായി കാണും അല്ലേ?ഉവ്വ്.പൊന്നുപോലെ നോക്കിക്കോളണം നമ്മുടെ കുടുംബത്തിലെ എല്ലാവരെയും.ഗുപ്തൻ മുന്നോട്ട് നടന്നു.

ഏട്ടാ…. ഗൗതം ഉറക്കെ വിളിച്ചു.
ഞാൻ ഇവിടെ നിൽക്കും. കാർത്തുവിനെയും കൊണ്ട് വേഗം ഇങ്ങ് വന്നേക്കണം.നിങ്ങൾ വന്നിട്ടേ ഞാൻ പോകൂ….അയാൾ ഉറക്കെ പറഞ്ഞു.ഗുപ്തൻ ഒന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.ഇനിയങ്ങോട്ട് ചെങ്കുത്തായ കയറ്റമാണ്, അതിന് മുകളിലാണ് ചെമ്പന്റെ കുടി.അയാൾ കയറ്റം കയറിക്കൊണ്ടിരുന്നു.കയറ്റം കയറി ചെന്നാൽ നല്ല നിരപ്പുള്ള പ്രദേശമാണ്.പച്ചപ്പ്‌ നിറഞ്ഞ സ്ഥലം.
അയാൾ അത്ഭുതത്തോടെ നോക്കി.പലയിനം കൃഷി സ്ഥലങ്ങൾ…. പോക്കുവെയിൽ വയലേലകളിൽ എങ്ങും പല തരം ചിത്രങ്ങൾ രചിച്ചിരിക്കുന്നു.അല്പ ദൂരം മുന്നോട്ട് നടന്നപ്പോൾ കുറെ കുടിലുകൾ അടുത്തടുത്തായി കെട്ടിയിരിക്കുന്നത് കണ്ടു. കുടിലുകളുടെ മുന്നിൽ കൂട്ടം കൂടി ചെറിയ കുട്ടികൾ കളിക്കുന്നുണ്ട്. അവരാണ് ചെമ്പന്റെ കുടിൽ കാണിച്ചു തന്നത്. പുല്ലു മേഞ്ഞ ചെറിയ കുടിലിന്റെ മുറ്റത്തിനു സൈഡിലായി കല്ലുകൾ കൂട്ടിവച്ചുണ്ടാക്കിയ ഒരു ചെറിയ കെട്ടിന് മുകളിലേക്ക് എന്തൊക്കെയോ പെറുക്കി വയ്ക്കുകയാണ് ആ സ്ത്രീ..

ഗുപ്തൻ പതിയെ മുരടനക്കി.അവർ തിരിഞ്ഞു നോക്കി.അവരുടെ മൂക്കിനു ഇരുവശത്തും വലിയ മൂക്കുത്തി, കൈകൾ നിറയെ വളകൾ അണിഞ്ഞിരിക്കുന്നു. ചപ്രത്തലമുടി ഉച്ചിയിൽ കെട്ടിവച്ചിരിക്കുന്നു.മുറുക്കി ചുവന്ന ചുണ്ടുകൾ.
ആരാണ്? ഞാൻ കാർത്തുവിനെ കാണാൻ വന്നതാണ്.ചക്കി പകപ്പോടെ അയാളെ നോക്കി.
എനിക്ക് വേണം അവളെ, ആർക്കും വിട്ട് തരില്ല. എന്റെ പെണ്ണാണ് അവൾ.ചെമ്പണ്ണൻ ഇവിടില്ല. വരുന്നതിന് മുൻപ് കാർത്തുവിനെ കൊണ്ടുപൊയ്ക്കോ..സ്വന്തം ജീവൻ പണയം വച്ച് ഇവിടെ വരെ കാർത്തുവിനെ തിരക്കി വരണമെങ്കിൽ അവളെ അത്രയും സ്നേഹിക്കുന്നത് കൊണ്ടാണെന്ന് എനിക്കറിയാം.

ഞങ്ങളുടെ ജീവനാണ് അവൾ. എന്നാലും കൊണ്ട് പൊക്കോ അവളെ..കുടിലിലേക്ക് കയറി വരൂ ….അവർ പറഞ്ഞു. തല മുകളിൽ ഇടിക്കാതെ അയാൾ അകത്തേക്ക് കുനിഞ്ഞു കയറി.
മരത്തൂണുകൾ കുഴിച്ചിട്ട് താൽക്കാലികമായി ഉണ്ടാക്കിയ ചെറിയ കട്ടിൽ അവൾ കിടപ്പുണ്ട്,
തന്റെ കാർത്തു….എന്ത് ചെയ്യാനാ ചെറുപ്രായത്തിൽ തന്നെ ഇരുകാലുകളും തളർന്നുപോയി. ആരും ഇല്ലാത്ത അവളെ ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നു. മക്കളില്ലാത്ത ഞങ്ങൾക്ക് മലദൈവം തന്നതാണ് ഇവളെ. കാട്ടുമൂപ്പന് വൈദ്യം അറിയാം, മൂപ്പൻ ചില ചികിത്സാവിധികൾ ഒക്കെ പറഞ്ഞു തന്നിട്ടുണ്ട് അതൊക്കെ മുടങ്ങാതെ ചെയ്യുന്നുമുണ്ട്, എനിക്ക് ഉറപ്പാണ് എന്റെ കുട്ടി നടക്കും.ചക്കി പറഞ്ഞു.

ഗുപ്തനെ കണ്ടതും കാർത്തു തല ചരിച്ചു അപ്പുറത്തേക്ക് നോട്ടം മാറ്റി.എനിക്ക് വയ്യ അദ്ദേഹത്തെ കാണാൻ.അയാൾ അവളുടെ മുഖം തന്റെ നേരെ തിരിച്ചു,അവളുടെ നിറുകിൽ തലോടി.
ജീവിച്ചു മടുത്തു മരണം കാത്തു കിടക്കുന്ന ഒരുവളെ പോലെ അവളുടെ മുഖത്ത് നിസ്സംഗത നിറഞ്ഞുനിന്നിരുന്നു.ഞാനിവളെ കൊണ്ടുപോകുകയാണ് ഗുപ്തൻ പറഞ്ഞു.ചക്കയുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു.ഞാനെങ്ങോട്ടും വരുന്നില്ല. ഞാൻ ഇനി ഒരിക്കലും നടക്കില്ല, അവളുടെകണ്ണുകൾനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.എന്നാരു പറഞ്ഞു? നടക്കും…. എനിക്ക് നിന്നെ വേണം എന്റെതായിട്ട്…അച്ഛനുമമ്മയും, ഗുപ്തനും നീ വരുന്നതും നോക്കിയിരിക്കുവാണ്.

പിന്നെ നീയറിയാത്ത രണ്ട് പേരും കൂടെയുണ്ട്.
സീതയും. ഇന്ന് ജനിച്ച ഒരു കുഞ്ഞ് വാവയും.
കാർത്തുവിന്റെ കണ്ണുകൾ വിടർന്നു.പോകണ്ടേ നമുക്ക്, ആഗ്രഹം പോലെ ആയുർവേദ ഡോക്ടർ ആകണ്ടേ? അപ്പന് കൊടുത്ത വാക്ക് പാലിക്കണ്ടേ?? ഉം??കാർത്തുവിന്റെ ചൊടിയിൽ ഒരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു. അവളെ കൈകളിൽ കോരിയെടുത്തു പുറത്തേക്ക് നടക്കുമ്പോൾഅവളുടെ മൂക്കിലെ നീലക്കൽ മൂക്കുത്തിയേക്കാൾ തിളക്കമായിരുന്നു അപ്പോളവളുടെയാ മാൻപേട മിഴികൾക്ക്.

***********
ശുഭം

മടുപ്പില്ലാതെ എന്നെ വായിച്ചതിൽ വലിയ സന്തോഷം.🙏🙏കഥ ഇഷ്ട്ടമായെങ്കിൽ അഭിപ്രായം വാക്കുകളായ് കുറിക്കുമോ സുഹൃത്തുക്കളെ ??