18/04/2026

പ്രണയാർദ്രം: ഭാഗം -38

രചന :അഞ്ചു തങ്കച്ചൻ

ഗുപ്തനത് പ്രതീക്ഷിച്ചിരുന്നെങ്കിലും അവരോട് നേരിടാൻ കഴിയാതെ അയാൾ നിലത്തേക്കു വീണു.
അവർ ചിരിച്ചു കൊണ്ട് എന്തോ പരസ്പരം പറഞ്ഞു.
ഗുപ്തൻ പതിയെ എഴുന്നേറ്റു നിന്നു.
അയാളുടെ ഇടം കൈ മുറിഞ്ഞു ചോര ഒഴുകുന്നുണ്ടായിരുന്നു.അയാൾ കൈ ഒന്ന് കുടഞ്ഞതും അടുത്ത് നിൽക്കുന്നവന്റെ വയറിനിട്ട് ഒറ്റ ഇടി വച്ചു കൊടുത്തു.അയാൾ കുനിഞ്ഞു നിലത്തേക്ക് വീണു.കണ്ണടച്ച്തുറക്കുന്ന വേഗത്തിലുള്ള ഗുപ്തന്റെ അടിയേറ്റ് ഓരോരുത്തരായി നിലത്തേക്കു വീണു.ഗുപ്തനോട് എതിരിട്ട് നിൽക്കാനുള്ള ശേഷി അവർക്കുണ്ടായിരുന്നില്ല.അത്ര വേഗത്തിലുള്ള നീക്കമായിരുന്നു ഗുപ്തന്റേത്.അരുത് ഉപദ്രവിക്കരുത് അവർ കൈ കൂപ്പി.

ഞാൻ അല്ലല്ലോ തുടങ്ങിയത്. നിങ്ങളല്ലേ..എത്ര വട്ടം ഞാൻ പറഞ്ഞു. ഞാനാരെയും ഉപദ്രവിക്കാൻ വന്നതല്ല, എന്നെ വെറുതെ വിടാൻ.ഗുപ്തൻ തിരിഞ്ഞു നടന്നു.എത്രയും വേഗം മുത്തൻമല കയറണം. തന്റെ ജീവന്റെ ജീവനായ കാർത്തുവിനെ കാണണം.പറയാതെ മനസ്സിൽ ഒതുക്കിയ സ്നേഹം അവൾക്ക് മുന്നിൽ തുറക്കണം. ഇനിയൊരിക്കലും എന്നരികിൽ നിന്നും പോകരുതെന്ന് പറയണം.
പെട്ടന്ന് അയാളുടെ കാലിൽ എന്തോ ശക്തിയിൽ വന്ന് തറച്ചു.അമ്മേ…. ഗുപ്തൻ ഉറക്കെ കരഞ്ഞു.
ഗുപ്തൻ കാലിലേക്ക് നോക്കി, കാൽമുട്ടിനു താഴെയായി, പച്ചമാംസത്തിൽ തുളഞ്ഞു കയറിയ അമ്പ് പോലെ ഇരിക്കുന്ന ചെറിയ ആയുധം.
അധികം ആഴത്തിൽ തറഞ്ഞിട്ടില്ല.

അയാൾ ചുറ്റിലും നോക്കി. ആരെയും കാണുന്നില്ല.
പെട്ടന്ന് അയാളുടെ കൈയിലും അതേപോലെ ഒരമ്പ് വന്ന് തറച്ചു.അയാൾക്ക്‌ തലകറങ്ങുന്നത് പോലെ തോന്നി. പച്ചക്കാട് തനിക്ക് ചുറ്റും അതിവേഗത്തിൽ കറങ്ങുന്നു..ആരെക്കെയോ അടുത്തേക്ക് ഓടിവരുന്നത് അയാൾ കണ്ടു.പിടിക്ക്…. ഒരു കാരണവശാലും ഇയാൾ കാർത്തുവിനെ കാണരുത്.ആരെയും വിശ്വസിക്കരുത്… ഇവന്മാർ ഒക്കെ ചതിയന്മാരാണ്ആരോ ഉറക്കെ ആക്രോശിക്കുന്നുണ്ട്.ഗുപ്തന്റെ കണ്ണുകൾ അടഞ്ഞു പോയി.ഇവൻ ഒരിക്കലും മുത്താന്മല കയറി കാർത്തുവിനെ കാണരുത്.ഇവനെ അങ്ങ് കൊന്നാലോ ചെമ്പാ…?ഒരുവൻ ചോദിച്ചു.

വേണ്ട…ഇവനെ നിങ്ങൾ കുറച്ച് ദിവസം സംരക്ഷിക്കണം.ആ നേരം കൊണ്ട് ഞാൻ കാർത്തുവിനെയും കൊണ്ട് ഈ ഊരിൽ നിന്നും പോകും.ഇനിയിവിടെ തുടർന്നാൽ അത് കാർത്തുവിന്റെ ജീവന് ആപത്താണ്.തല്ക്കാലം ചക്കയുടെ ഒരു ബന്ധു കിഴക്കേ മലയിൽ താമസിക്കുന്നുണ്ട്. ഞങ്ങൾ അങ്ങോട്ട് പോകുകയാണ്.മക്കളില്ലാത്ത എനിക്കും എന്റെ ചക്കിക്കും മലദൈവങ്ങൾ തന്ന നിധിയാണ് കാർത്തു.അവളെ ഞങ്ങൾ ആർക്കും കൊടുക്കില്ല.

*************

ഗൗതം വീട്ടിൽ തിരിച്ചെത്തി.മോനേ… നീയവനെ കണ്ടില്ലേ?സൗദാമിനി ഓടി വന്നു.കണ്ടു.
എന്നിട്ട്? നീ എന്താടാ പെട്ടന്ന് തിരിച്ചു വന്നത്?
ഗോപൻ അയാളുടെ അടുത്തേക്കു ചെന്നു.
ഏട്ടൻ ഒറ്റയ്ക്ക് പൊയ്ക്കോളാം എന്ന് പറഞ്ഞു.
അയ്യോ അവർ അവനെ ഉപദ്രവിക്കുമോ ആവോ? സൗദാമിനി നെഞ്ചിൽ കൈ വച്ചു.നീ പേടിക്കണ്ടെടീ… അവനെ അത്ര പെട്ടന്നൊന്നും ആർക്കും ഉപദ്രവിക്കാൻ പറ്റില്ല.
കരാട്ടയും കളരിയും ഒക്കെ പഠിച്ചവൻ അല്ലേ അവൻ. അവനെ ആർക്കും അടിച്ചു വീഴ്ത്താൻ പറ്റില്ല.
അവനേ… എന്റെ മോനാ.. നിങ്ങൾക്ക് അങ്ങനെ പറയാൻ ബാക്കി ഉള്ളവന്റെ നെഞ്ചിൽ തീയാ.

എന്നാൽ ഇച്ചിരി വെള്ളമൊഴിച്ചു നീയാ തീ അങ്ങ് കെടുത്ത്.അല്ല പിന്നെ..എടീ… ആറടി പൊക്കമുള്ള അവന്റെ ശരീരത്തിൽ ആ മസിലൊക്കെ ഉരുട്ടി വച്ചിരിക്കുന്നത് ചുമ്മാ കാണാൻ അല്ല. അവന്റെ ഒരിടി കിട്ടിയാൽ മതി താഴെ വീഴാൻ.
നീ പേടിക്കാതെ അവിടെയെങ്ങാനും പോയി ഇരിക്കെന്റെ സൗദാമിനി.പെട്ടന്നാണ് സീതയുടെ നിലവിളി കേട്ടത്.അവർ അകത്തേക്ക് ഓടി.
സീത നിലത്തു വീണു കിടക്കുകയാണ്.അയ്യോ… മോളെ സൗദാമിനി ഓടിച്ചെന്നവളെ പിടിക്കാൻ ശ്രെമിച്ചു.നിലത്ത് രക്തം പടർന്ന് ഒഴുകാൻ തുടങ്ങിയിരിക്കുന്നു.

ഗൗതം അവളെ കൈകളിൽ കോരിയെടുത്തു.
അച്ഛാ… വേഗം വണ്ടിയിറക്ക് കാൽ വഴുതിയതാ…. അമ്മേ…. സീത വേദന കടിച്ചു പിടിച്ചു പറഞ്ഞു.അച്ഛാ… വേഗം പോ…
ഗുപ്തന്റെ ഹോസ്പിറ്റലിലേക്ക് വണ്ടി പാഞ്ഞു.
ഗുപ്തൻ എവിടെ? ഗുപ്തനോട് വേഗം വരാൻ പറ.ഹോസ്പിറ്റലിലെ മറ്റൊരു ഗൈനക്കോളജിസ്റ്റ്,ഡോക്ടർ രമണി പറഞ്ഞു.
ഏട്ടൻ ഇവിടില്ല… ഗൗതം പറഞ്ഞു.ഓപ്പറേഷൻ നടത്തി കുഞ്ഞിനെ എടുക്കുകയെ നിർവാഹം ഉള്ളൂ… എങ്കിൽ അങ്ങനെ ചെയ്യൂ ഡോക്ടർ.
ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ അടഞ്ഞു.
ഈശ്വര…. എന്റെ മക്കൾക്ക്‌ ഒന്നും സംഭവിക്കരുതേ….സൗദാമിനി കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

ഗൗതം അടുത്തുള്ള കസേരയിൽ തളർന്നിരുന്നു.
എട്ട് മാസം ആയതേ ഉള്ളൂ.അഞ്ചാം മാസത്തിലെ സ്കാനിംഗിൽ ചെറിയ ഇന്റേണൽ ബ്ലീഡിങ് കാണിച്ചിരുന്നു.രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടന്ന് എന്തോ ഇൻജെക്ഷൻ ഒക്കെ ചെയ്ത് ഒക്കെ ശരിയായതാണ്. നന്നായി റസ്റ്റ് എടുക്കണം എന്ന് പ്രേത്യേകം പറഞ്ഞതാണ്.നടക്കുമ്പോൾ ശ്രദ്ദിക്കണം എന്ന് എത്ര വട്ടം പറഞ്ഞിരിക്കുന്നു.
ഒരുപക്ഷെ തന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ വേഗത്തിൽ വന്നതായിരിക്കും. കാൽ വഴുതി പോയിരിക്കും.ദൈവമേ…എന്റെ കുഞ്ഞിനും സീതക്കും ഒരാപത്തും വരരുത്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി തന്റെ കുടുംബത്തിനെ വിടാതെ പിന്തുടരുകയാണ് ഓരോരോ ദുരന്തങ്ങൾ.
എന്താണ് ഇങ്ങനെ? ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന നിലക്ക് ഇങ്ങനെ ഓരോരോ ദുരന്തങ്ങൾ സംഭവിക്കുകയാണ്.എത്ര സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബമാണ്. ഇപ്പോൾ സങ്കടങ്ങൾ ഒഴിഞ്ഞ നേരം ഇല്ലെന്നായി.ഞങ്ങളുടെ കുടുംബത്തിനെ ഇങ്ങനെ പരീക്ഷിക്കാൻ മാത്രം എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്?സ്നേഹിക്കാൻ മാത്രം അറിയാവുന്നത്, ആരെയും ചതിക്കാൻ അറിയാത്തത്, മറ്റുള്ളവരുടെ കണ്ണുനീർ കാണാൻ കഴിവില്ലാത്തത്, കഴിയും പോലെ മറ്റുള്ളവരെ സഹായിക്കുന്നത് ഇതൊക്കെയാണോ ഞങ്ങൾ ചെയ്ത തെറ്റ്.

മതിയാക്ക് …. ഇനി വയ്യ ഒന്നും താങ്ങാൻ.
സത്യത്തിൽ മനസമാധാനം ഇല്ലാതായിട്ട് എത്ര നാളുകൾ ആയി.വയ്യ…. ഇനിയൊന്നും താങ്ങാൻ വയ്യ.തന്റെ ശരീരത്തിൽ പടർന്ന സീതയുടെ രക്തം
കാണും തോറും അയാൾക്ക്‌ കരച്ചിൽ വന്നു.
അൽപ്പസമയം കഴിഞ്ഞപ്പോൾ ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ തുറന്ന് ഒരു സിസ്റ്റർ പുറത്തേക്ക് വന്നു.ഗൗതം ചാടി എഴുന്നേറ്റു.
സീതക്ക് ബ്ലഡ്‌ ആവശ്യമായി വരും, എത്രയും പെട്ടന്ന് എ നെഗറ്റീവ് ബ്ലഡ്ഡ് ഗ്രുപ്പ് ഉള്ളവരെ കൊണ്ടുവരണം. കൂടാതെ ബ്ലഡ്‌ ബാങ്കിൽ ഉള്ളത് പെട്ടന്ന് കൊണ്ടുവരുകയും വേണം. സീതക്ക്…?അതൊക്കെ പറയാം . ഇപ്പോൾ വേഗം ചെല്ല്.ഗൗതം ഹോസ്പിറ്റലിന്റെ മുകൾ നിലയിലെ ബ്ലഡ്‌ ബാങ്കിലേക്കോടി.ഇവിടുള്ളത് പോരെന്നു തോന്നുന്നു.പെട്ടന്ന് വിളിച്ചാൽ വരാൻ പറ്റുന്ന ആരെയെങ്കിലും വിളിച്ചു കൊണ്ടുവരണം. അവിടുള്ള നേഴ്‌സ്‌ പറഞ്ഞു.

ഗൗതം അയാളുടെ സുഹൃത്തുക്കളെ വിളിച്ചു.അവരിൽ ബ്ലഡ്‌ ഡോണേറ്റ് ചെയ്യുന്നവർ ഉണ്ടെങ്കിലും മിക്കവാറും ആളുകൾ ഒ പോസിറ്റീവ് ആണെന്ന് പറഞ്ഞു.അവർതന്നെ ബ്ലഡ് കൊടുക്കുന്നവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഇടുകയും.
എ നെഗറ്റ്റീവ് രക്തഗ്രൂപ്പിൽ പെട്ടവർ വളരെ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തുകയും ചെയ്തു.ഗൗതം ആകെ തകർന്നിരിക്കുകയാണ്. എത്ര ധൈര്യമുള്ള ആളുകൾ ആണെങ്കിലും പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും വയ്യായ്ക വന്നാൽ അവർ ആകെ തകർന്നു പോയെന്നു വരാം.

മരണത്തിൽ നിന്നും താൻ തിരിച്ചു വന്നിട്ട് കുറച്ച്‌ നാളുകളെ ആയിട്ടുള്ളൂ. ഇപ്പോൾ ഇതാ സീതയും..
അയാൾക്ക്‌ തന്റെ തല പെരുക്കുന്നത് പോലെ തോന്നി.വയ്യ… ഈ ടെൻഷൻ താങ്ങാൻ വയ്യ.
അയാൾ തലകുനിച്ചിരുന്നു.ഇനി ആരോട് ഏത് ദൈവത്തിന്റെ മുൻപിലാണ് ഞാൻ കെഞ്ചേണ്ടത്? എന്റെ സീതയെയും കുഞ്ഞിനേയും എനിക്ക് തിരിച്ചു തരാൻ ഇനി ആരോടാണ് ഞാൻ പറയേണ്ടത്.മോനേ… നീ പേടിക്കണ്ട. സൗദാമിനി അയാളെതന്റെതോളിലേക്ക്ചേർത്തുപിടിച്ചു.ഒന്നുംഉണ്ടാകില്ല.ധൈര്യമായിരിക്ക്.അമ്മ അയാളെ ആശ്വസിപ്പിച്ചെങ്കിലും അയാൾക്ക്‌ ഇരിക്കപ്പൊറുതി ഇല്ലായിരുന്നു.എന്തോ മനസ്സിൽ വല്ലാത്തൊരു ഭയം നിറയുന്നു.ശരീരമാകെ പുകയുന്ന പോലെ തോന്നുന്നു.പെട്ടന്ന് ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ തുറക്കപ്പെട്ടു.

****************
തുടരും