19/04/2026

പ്രണയാർദ്രം : ഭാഗം 14

രചന – അഞ്ജു തങ്കച്ചൻ

വീട്ടിൽ എത്തിയപ്പോഴേക്കും കാർത്തു ആകെ തളർന്നിരുന്നു.

തലക്ക് ആകെ ഒരു ഭാരം.

കൊച്ചേ.. നമുക്ക് ഇനി ഇവിടെ നിൽക്കണ്ട, നമ്മുടെ ഊരിലോട്ട് തിരുച്ചു പോകാം.കറുപ്പൻ പറഞ്ഞു.

അപ്പൻ എന്താ ഈ പറയുന്നത്? നമ്മൾ എന്തിനാ ഇവിടെ വന്നത്. അപ്പന്റെ രോഗം മാറണം, എന്നിട്ടേ നമ്മൾ ഇവിടെ നിന്നും പോകൂ

അതിനി നടക്കില്ല, അവർ അപ്പന്റെ ദീനം മാറ്റുവൊന്നും ഇല്ല.അപ്പനെ അവർ ഇല്ലാതാക്കിയാൽ എന്റെ മോൾക്ക്‌ പിന്നെ ആരാ ഉള്ളത്?

അതിന് അവർ നമ്മളെ സഹായിക്കണ്ട. ഗുപ്തൻ ഡോക്ടർ ഉണ്ടല്ലോ, അദ്ദേഹം നമ്മളെ സഹായിക്കാതിരിക്കില്ല.

അത് വേണോ മോളേ… എല്ലാരേയും വെറുപ്പിച്ചുകൊണ്ട് നമുക്കിവിടെ നിൽക്കണ്ട.

നിൽക്കണം, അല്ലെങ്കിൽ ഗുപ്തൻ ഡോക്ടറോട് ഞാൻ പണം ചോദിക്കും. പണം തന്നാൽ നമുക്ക് വേറെ എവിടെ എങ്കിലും പോയി അപ്പന്റെ ചികിത്സ നടത്താം. ചുമ്മാതെ അല്ലല്ലോ, അവർഅപ്പന്റെ ചികിത്സ നടത്തി തരാം എന്ന് പറഞ്ഞതുകൊണ്ടല്ലേ ഞാൻ കരൾ കൊടുത്തത്.

എന്നാലും… മോളേ…

ഒരെന്നാലും ഇല്ല.. ഗുപ്തൻ ഡോക്ടർ നമ്മളെ സഹായിക്കും.
ഇല്ലെങ്കിൽ ഞാൻ ഭിക്ഷ എടുത്തിട്ടായാലും എന്റെ അപ്പന്റെ ചികിത്സ നടത്തും.

കറുപ്പന്റെ കണ്ണുകൾ തുളുമ്പി…അയാൾ മകളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

***********

ഗുപ്തൻ വീട്ടിൽ തിരിച്ചെത്തി.

നീയിതെവിടെ പോയതാരുന്നെടാ, എവിടേക്കാ പോകുന്നത് എന്ന് പറഞ്ഞിട്ട് പൊയ്ക്കൂടാരുന്നോ. മനുഷ്യരിവിടെ തീ തിന്നുവായിരുന്നു.സൗദാമിനി പറഞ്ഞു.

അവളെ ഒന്ന് കാണാൻ പോയതാ ആ സാന്ദ്രയെ,

എന്നിട്ട്?

എന്നിട്ടെന്താ… വിരലിൽ കിടന്ന ആ മോതിരം അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അത്രേം ദുഷ്ട്ടയായ ഒരുത്തിയെ കെട്ടി കൂടെ പൊറുപ്പിക്കാൻ മാത്രം വിശാലമനസൊന്നും എനിക്കില്ല.

അതേതായാലും നന്നായി ഏട്ടാ. ഗൗതം പറഞ്ഞു.
എന്റെ ഏട്ടന് അവളെ പോലെ ഒരു പെണ്ണല്ല വേണ്ടത്.

എന്താ ഇവിടെ കാര്യമായിട്ട് ഒര് സംസാരം.
ഗോപൻ അകത്തേക്ക് കയറി വന്നു.

എന്റെ ഗോപേട്ടാ… ഇതെവിടെ പോയതാരുന്നു. ഇവിടെ നടന്നത് വല്ലോം ഗോപേട്ടൻ അറിഞ്ഞോ?

എന്താടീ…?

സൗദാമിനി നടന്നതെല്ലാം അയാളോട് വിവരിച്ചു.

ശ്ശൊ… ആ പെൺകൊച്ച്‌ ഇത്രേം ദുഷ്ട്ട ആയിരുന്നോ.

പെങ്കൊച്ചോ, അതൊരു പിശാശാ ഗോപേട്ടാ.
പാവം കാർത്തുവിനെ എന്തോരം ഉപദ്രേവിച്ചെന്നോ.

എന്നിട്ട് അവർ എന്തിയെ?

അവര് അപ്പുറത്ത് വീട്ടിൽ ഉണ്ടാകും ഗോപേട്ടാ

ഗുപ്ത… നീ വന്നേ. നമുക്കവിടം വരെയൊന്നു പോയിട്ട് വരാം. അവരാകെ പേടിച്ചിരിക്കുവായിരിക്കും.

ശരി അച്ഛാ..

ഞാനും കൂടെ വരണോ ഏട്ടാ? ഗൗതം ചോദിച്ചു.

വേണ്ടെടാ…നീ റസ്റ്റ് എടുക്ക്.

ഗോപനും,ഗുപ്തനും ചെല്ലുമ്പോൾ, അവർ കട്ടിലിൽ ഇരിക്കുകയായിരുന്നു.

ആരും ചോദിക്കാനും പറയാനും ഇല്ലാത്ത രണ്ട് അനാഥജന്മങ്ങളെ പോലെ, കരഞ്ഞും പരസ്പരം ആശ്വസിപ്പിച്ചും ഇരിക്കുന്ന അവരെ കണ്ടതും ഗുപ്തന്റെ നെഞ്ച് പിടഞ്ഞു.

കാർത്തുവിന്റെ ആകെ ഉലഞ്ഞ ആ രൂപംകണ്ട് അയാൾക്ക്‌ സഹിക്കാൻ
കഴിഞ്ഞില്ല.

തന്റെ പ്രാണനാണ്.. ആ ഇരിക്കുന്നത്. ആരും അറിയാതെ ഈ നെഞ്ചിൽ കൊണ്ടുനടക്കുകയാണ് പെണ്ണേ ഞാൻ. അയാൾ ഉള്ളിൽ പറഞ്ഞു.

നിങ്ങൾ പേടിക്കുവൊന്നും വേണ്ട കേട്ടോ. ഗോപൻ അവരോടായി പറഞ്ഞു.

എനിക്കിപ്പോൾ ഭയം ഒന്നുമില്ല, നല്ല ധൈര്യം ഉണ്ട്താനും .
അപ്പന്റെ ചികിത്സ കഴിഞ്ഞേ ഞങ്ങൾ ഇവിടുന്ന് പോകൂ… കാർത്തു പറഞ്ഞു.

മിടുക്കി… പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം. ഗോപൻ പറഞ്ഞു.

എന്റെ ഒരു സുഹൃത്ത് ഡോക്ടർ വിപിൻ ഉണ്ട്, അവൻ പറഞ്ഞത് അടുത്ത ദിവസം തന്നെ കാർത്തുവിന്റെ അപ്പനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കണം എന്നാ…എത്രയും പെട്ടന്ന് ഓപ്പറേഷൻ നടത്തണം.

അടുത്ത ദിവസം എന്ന് വച്ചാൽ എന്നാ? കറുപ്പൻ ചോദിച്ചു.

പറ്റിയാൽ മറ്റന്നാൾ തന്നെ. രണ്ടാളും പൂർണ്ണ ആരോഗ്യത്തോടെ വേണം നിങ്ങളുടെ നാട്ടിലേക്ക് മടങ്ങി പോകാൻ. അതുവരെ നിങ്ങളെ നോക്കേണ്ട കടമ എന്റേതാണ്. ഗുപ്തൻ പറഞ്ഞു.

അതെ, ഗോപനും അത് ശരി വച്ചു.

എനിക്ക് ഭയം ആ പെൺകൊച്ചു വല്ല പ്രശ്നവും ഉണ്ടാക്കുമോന്നാ. കറുപ്പൻ പറഞ്ഞു.

അപ്പൻ പേടിക്കണ്ട, ഇനിയാ സ്ത്രീ വന്നാൽ രണ്ടെണ്ണം ഞാൻ തിരിച്ചു കൊടുക്കും.കാർത്തു വീറോടെ പറഞ്ഞു.

അമ്പടീ മിടുക്കി… നിനക്കിത്രേം നാക്ക്‌ ഉണ്ടായിരുന്നോ. ഗോപൻ ചിരിച്ചു.

ഇവളുണ്ടല്ലോ ഒരു കാന്താരി മുളകാ… കറുപ്പൻ ചിരിയോടെ പറഞ്ഞു.
ഞങ്ങടെ ഊരിൽ ഇവളുടെ അത്രേം പഠിപ്പുള്ള ആരും ഇല്ല.അവക്ക് കുഞ്ഞിലേ മുതൽ പള്ളിക്കുടത്തിൽ പോകാൻ വല്യ ഇഷ്ടവാ
മഴക്കാലം എത്തിയാൽ ഇവളേം മുതുകിൽ വച്ച് പുഴ നീന്തിയാണ് ഞാൻ ഇവളെ പള്ളിക്കുടത്തിൽ കൊണ്ടാക്കുന്നത്.

ആണോ… ഗോപൻ അതിശയത്തോടെ ചോദിച്ചു.

പഠിക്കാൻ മാത്രല്ല അവൾ എല്ലാ പരുപാടിക്കും കൂടും, എന്തോരം സമ്മാനങ്ങളാ വാങ്ങിയിട്ടുള്ളത്. ഞങ്ങടെ കുടിലിൽ അതൊന്നും വയ്ക്കാൻ സ്ഥലമില്ലാഞ്ഞിട്ട് അടുത്തുള്ള കുടിലിൽ ഒക്കെയാ വയ്ക്കുന്നത് അത്രേം മിടുക്കിയാ എന്റെ കൊച്ച്.
കറുപ്പൻ അഭിമാനത്തോടെ പറഞ്ഞു.

കാർത്തു എത്ര വരെ പഠിച്ചു ? ഗോപൻ ചോദിച്ചു.

എന്റെ കൊച്ച്,പത്താം തരം കഴിഞ്ഞും രണ്ട് കൊല്ലം പഠിച്ചു.അതിന്റെ പേരൊന്നും എനിക്കറിയത്തില്ല.
എന്താ മോളേ അത്?

പ്ലസ് ടു ആണ് അപ്പ.

ആ.. അത് തന്നെ
അവക്കേ ആയുർവേദ ഡോട്ടര് ആകാനായിരുന്നു ഇഷ്ട്ടം.
എനിക്കതിനുള്ള ആവതില്ലെങ്കിലും എന്റെ കൊച്ചിന്റെ മോഹം നടത്താൻ വേണ്ടി, എത്ര കഷ്ടപ്പെടാനും തയ്യാറായിരുന്നു.
എനിക്ക് കാട്ടിൽ നിന്ന് ഈറ്റ വെട്ടി താഴെ മലയാടിവാരത്തിൽ കൊണ്ട് കൊടുക്കുന്ന പണിയാ..
പക്ഷെ പണിക്കിടയിൽ ഒരൂസം ഞാൻ കുഴഞ്ഞുതാഴെ വീണു.
എന്റെ മുതലാളിയാ എന്നെ ആശൂത്രിയിൽ കൊണ്ടോയത്.

ഏതാണ്ടൊക്കെ പരിശോധന നടത്തി, എന്റെ ചങ്കിൽ എന്തോ ചെയ്യണം എന്ന് പറഞ്ഞു,അല്ലെങ്കിൽ ഞാൻ ചത്ത്‌ പോവും എന്നാ പറഞ്ഞത്.

അതോടെ ഞങ്ങൾ തകർന്നു പോയി. ഭാഗ്യത്തിന് എന്റെ കൊച്ചിന്റെ പരൂഷ കഴിഞ്ഞാരുന്നു.

ഗുപ്തൻ അതിശയത്തോടെ അയാൾ പറയുന്നത് ശ്രെദ്ദിക്കുകയായിരുന്നു.

എന്റെ കൊച്ചേ നന്നായി ഇങ്കീശും, ഹിന്ദിയും പറയും.

ഒന്ന് മിണ്ടാതിരിക്ക് അപ്പ. കാർത്തു നാണത്തോടെ മുഖം പൊത്തി.

ഇനി ഊരിൽ ചെന്ന്, എനിക്ക് പണിയാൻ പോകാൻ പറ്റുമ്പോൾ, ഞാൻ എന്റെ കൊച്ചിനെ ഇനീം പഠിപ്പിക്കും. സർക്കാര് ഞങ്ങളെ സഹായിക്കും,ഇല്ലോളം വൈകിയാലും എന്റെ കൊച്ചിന് ഡോട്ടര് ആകാൻ പറ്റില്ലേ സാറേ…
അയാൾ ഗുപ്തനോട് ചോദിച്ചു.

പറ്റും.. ഗുപ്തൻ തലയാട്ടി.

അമ്പടീ… അപ്പോൾ ഒരു മിടുക്കത്തിയാണ് നീയ്. ഗോപൻ വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി.

കാർത്തു ചിരിച്ചു.

ആഹാ… എന്നിട്ടാണോ ഞാൻ മരുന്നെടുത്തു തരാൻ എന്നും വന്നത്. നോക്കിയെടുത്തു കഴിക്കാൻ അറിയാമായിരുന്നല്ലേ,ഗുപ്തൻ ചോദിച്ചു .

കാർത്തു ഒന്ന് ചിരിച്ചു.
മരുന്നെടുത്തു തരാൻ വേണ്ടിയാണെങ്കിലും ഒന്ന് വരുമല്ലോ, ഒന്ന് കാണാൻ പറ്റുമല്ലോ അതുകൊണ്ടാണ് തനിയെ മരുന്നെടുത്തു കഴിച്ചോളാം എന്ന് പറയാതിരുന്നത്. ഡോക്ടർ അടുത്ത് വരുമ്പോൾ….ഇതുവരെ അറിയാത്ത എന്തോ ഒന്ന് മനസ്സിൽ തോന്നും.വെറുതെ ഒന്ന് കണ്ടാൽ മതി അത്രമാത്രം. സ്നേഹിക്കുന്നു എന്ന് പറയില്ല. സ്വന്തമാക്കണമെന്ന അതിമോഹവും ഇല്ല.എനിക്കറിയാം ഞാനൊരു കാട്ട് വാസി പെണ്ണ്, മോഹിക്കാനുള്ള യോഗ്യതയും ഇല്ല.
എങ്കിലുംആ മുഖം ഒന്ന് കണ്ടാൽ മാത്രം മതി.അത്രേ വേണ്ടൂ ഈ കാർത്തുവിന്.

എന്താ ആലോചിക്കുന്നത് ഗുപ്തന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നും ഉണർത്തി.

ഹേയ്.. ഒന്നൂല്ല. അവൾ പറഞ്ഞു.

************

ഡാഡി എന്താ ഡാഡിയുടെ തീരുമാനം?
സാന്ദ്ര ചന്ദ്രശേഖരന്റെ അടുത്തേക്ക് ചെന്നു.

എന്താ മോളേ?

എനിക്ക് അവളുടെ ശവം കാണണം ആ കാർത്തുവിന്റെ.

നീയെന്താ ഈ ഡാഡിയെ കുറിച്ച് മനസിലാക്കിയിരിക്കുന്നത്, അവളെ തീർക്കാനുള്ള ആളെ ഞാൻ നിയോഗിച്ച് കഴിഞ്ഞു.പറഞ്ഞ തുകയും കൊടുത്തു.

എങ്ങനെ തീർക്കാനാ ഡാഡി, പ്ലാൻ?

നമുക്ക് ഒരു ദോഷവും വരാൻ പാടില്ല മോളേ, അതുകൊണ്ട് ഒരു വണ്ടി ആക്‌സിഡന്റ്,അവൾ തീരും.
പത്രക്കാർക്ക് എഴുതാൻ ഒരു വാർത്തയും ആയി, പതിനെട്ടുകാരിയെ വണ്ടിയിടിച്ചു.

അവൾ ചത്തില്ലെങ്കിലോ ഡാഡി?

അവൾ ചത്താലും ഇല്ലെങ്കിലും,ഉറപ്പായും ഹോസ്പിറ്റലിൽ കൊണ്ടു വരുമല്ലോ അവിടെ വച്ച് അങ്ങ് തീർക്കും.
അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു.

************
തുടരും.