രചന – അഞ്ജു തങ്കച്ചൻ
സാന്ദ്ര എന്താ ഇവിടെ? ഗുപ്തൻ ചോദിച്ചു.
ഓഹ്… ഞാൻ വരുമെന്ന് കരുതിയില്ല അല്ലേ?
അതെന്താടോ അങ്ങനൊരു സംസാരം?
ഗുപ്തനെ ഹോസ്പിറ്റലിൽ കാണാൻ വന്നതാ ഞാൻ, ഇത്ര നേരമായിട്ടും കാണാത്തപ്പോൾ എനിക്ക് തോന്നി ഇവിടെ ആയിരിക്കുമെന്ന്.
അമ്മയ്ക്കും അച്ഛനും സുഖമില്ല,പനിയും ജലദോഷവും ഒക്കെയാണ്.
അതിന് ഗുപ്തൻ ഇങ്ങോട്ട് വരേണ്ടുന്ന കാര്യം ഉണ്ടോ?
ഞാനൊരു ഡോക്ടറാണ് സാന്ദ്ര, നീയത് മറക്കരുത്.
ലോകത്തെവിടെയും കാണില്ല ഇങ്ങനൊരു ഡോക്ടർ, രോഗിയെ വീടെടുത്ത് താമസിപ്പിക്കുന്നു, എന്നും മരുന്നെടുത്തു കൊടുക്കുന്നു. എനിക്കിതൊന്നും ഇഷ്ട്ടമല്ല ഗുപ്ത.
താൻ വരൂ… നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം. ഗുപ്തൻ സാന്ദ്രയോട് പറഞ്ഞു.
ഞാൻ ഇനി എങ്ങോട്ടും ഇല്ല, അവളുടെ മുഖം ചുവന്നു.
എല്ലാം കേട്ട് പകച്ചിരിക്കുന്ന കാർത്തുവിന്റെയും, കറുപ്പന്റെയും അരികിലേക്ക് സാന്ദ്ര ചെന്നു..
ദേ… കിളവാ മര്യാദക്ക് മോളേ വളർത്തിക്കോളണം.
എന്റെ അച്ഛൻ പറഞ്ഞതുകൊണ്ടാണ്,കാശ് മുടക്കില്ലാതെനിങ്ങളുടെ ബൈപാസ് സർജറി,നിങ്ങൾക്ക് ചെയ്തു തരാമെന്ന് ഡോക്ടർ അനൂപ് സമ്മതിച്ചത്.
ഇങ്ങനെ പോയാൽ അത് വേണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും.
അയ്യോ ചേച്ചീ….. കാർത്തു ചാടി എഴുന്നേറ്റു.
മോളേ… പതിയെ…കറുപ്പൻ അവളെ താങ്ങി പിടിച്ചു.
പെട്ടന്ന് ചാടി എഴുന്നേറ്റത് കാരണമാവണം അവൾ വേദന കൊണ്ട് ഒന്ന് പുളഞ്ഞു.
കാർത്തു… സാന്ദ്രയുടെ മുൻപിൽ കൈ കൂപ്പി,
അച്ഛന്റെ ചികിത്സ നടത്തണം അത് കഴിഞ്ഞാൽ ഞങ്ങൾ പൊയ്ക്കോളാം.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
സാന്ദ്രയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.
സാന്ദ്ര… ഗുപ്തൻ ഉറക്കെ വിളിച്ചു. അയാളുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു.
നിനക്ക് മനസാക്ഷി ഇല്ലേ?
ഇല്ല..
അയാൾ വെട്ടിത്തിരിഞ്ഞു മുറ്റത്തേക്ക് ഇറങ്ങി.
അയാളെ ഒന്ന് നോക്കിയിട്ട് സാന്ദ്രയും പിറകെ ചെന്നു.
*************
അപ്പാ… ഇവർ അപ്പന്റെ ചികിത്സ ചെയ്യാതെ ഇരിക്കുമോ??
അറിയില്ല മോളേ, അവരൊക്കെ വല്യ വല്യ ആളുകൾ അല്ലേ. നമുക്ക് പോയാലോ മോളേ, നമ്മുടെ കുടിയിൽ എന്ത് സമാധാനവും സന്തോഷവും ആയിരുന്നു.
നമ്മൾ എന്തിനാ അപ്പാ ഇവിടെ വന്നത്? എന്തിനാ ഞാൻ കരൾ കൊടുത്തത്?
എന്റെ അപ്പന്റെ ചികിത്സ നടത്താൻ വേണ്ടിയല്ലേ
ചികിത്സ നടത്തണം, എന്റെ അപ്പനെ എനിക്ക് വേണം, എനിക്ക് വേറെ ആരാ ഉള്ളത്.
ഇതൊക്കെ കേട്ടോണ്ട് ജീവിക്കാൻ അപ്പന് വയ്യ മോളേ..
സാരമില്ല അപ്പാ, അവർ എന്ത് വേണേലും പറഞ്ഞോട്ടെ. എനിക്കെന്റെ അപ്പനെ പഴയതുപോലെ ആരോഗ്യത്തോടെ തിരിച്ചു കിട്ടിയാൽ മതി.
മലദൈവങ്ങളെ ഞങ്ങളെ കാത്തോളണേ, അയാൾ മുകളിലേക്ക് നോക്കി കൈകൾ കൂപ്പി.
**************
ചന്ദ്രശേഖരന്റെ ഓഫീസ് മുറിയിലെ കസേരയിൽ ഇരിക്കുകയായിരുന്നു സാന്ദ്രയും ഗുപ്തനും.
എന്താ രണ്ടാളും ഇത്ര ദേഷ്യത്തിൽ.
അങ്കിളിന് അറിയുമോ ഇവൾ ഇന്ന് കാട്ടിക്കൂട്ടിയതൊക്കെ?
എന്താ സാന്ദ്ര, നീ കാണിച്ചത്?
ഒന്നുമില്ല ഡാഡി.
ഒന്നുമില്ലെന്നോ, അങ്കിൾ ഞാൻ കാർത്തുവിന് മരുന്നെടുത്തു കൊടുക്കാൻ വേണ്ടി ആ വീട്ടിൽ പോയി അതിനാണ് ഇവൾ അവിടെ വന്ന് വഴക്കുണ്ടാക്കിയത്.
അവരെ വല്ലാതെ അപമാനിച്ചു ഇവൾ.
നേരാണോ സാന്ദ്ര??
ഡാഡി.. ഗുപ്തൻ രാവിലെയും വൈകുന്നേരവും അവിടെ പോകണ്ട കാര്യമൊന്നും ഇല്ല. എനിക്കത് ഇഷ്ട്ടമല്ല. ഇപ്പോൾ തന്നെ ഇവിടെ കുറേപ്പേർ പറഞ്ഞു. ഗുപ്തൻ ആ കാനനസുന്ദരിയുടെ കൂടെ ആണെന്ന്.കണ്ടാൽ യക്ഷിയെ പോലെ ഇരിക്കും നീണ്ട മുടിയും ഉണ്ടക്കണ്ണും ഒക്കെയായിട്ട്. ഇന്നും കൂടെ ചിലർ പറയുന്നത് കേട്ടു, ആ പെണ്ണിനെ കണ്ടാൽ ആർക്കായാലും മോഹം തോന്നുമെന്ന്, വെറുതെയല്ല ഗുപ്തൻ അവിടെ നിന്ന് മാറാത്തത് എന്ന് കൂടെ പറഞ്ഞപ്പോൾ എന്റെ തൊലിയുരിഞ്ഞു പോയി… അയ്യേ…
ആര് പറഞ്ഞു? എന്നെക്കുറിച്ച് ഒരാളെങ്കിലും മോശം പറഞ്ഞാൽ, ഞാനീ ഹോസ്പിറ്റലിൽ നിന്ന് തന്നെ പോകാം. പറ ഒരാളെ നീ പറ…
നിങ്ങളിങ്ങനെ വഴക്കുണ്ടാക്കാതെ, നിശ്ചയം കഴിഞ്ഞപ്പോഴേക്കും ഇങ്ങനെ ആണെങ്കിൽ കല്യാണം കഴിയുമ്പോഴേക്കും എന്താകും അവസ്ഥ..
മോളേ… നീഫ്രണ്ടിനൊപ്പം പുറത്തൊക്കെ ഒന്ന് പോയി കറങ്ങിയിട്ട് വാ… ഞാൻ ഗുപ്തനുമായി ഒന്ന് സംസാരിക്കട്ടെ.
ശരി ഡാഡി.
അവൾ പുറത്തേക്കു പോയി.
ഗുപ്ത… അവൾക്കിത്തിരി കുറുമ്പ് കൂടുതലാ, സ്നേഹം കൊണ്ടാ..നീയത് കാര്യമാക്കണ്ട.
ഇവൾക്ക് കുറുമ്പല്ലാ നല്ല ഒന്നാന്തരം കുശുമ്പും അസൂയയുമാ.
എടോ… എനിക്ക് ആണും പെണ്ണും ആയിട്ട് അവൾ ഒന്നേ ഉള്ളൂ. അതുകൊണ്ട് ലാളന ഇത്തിരി കൂടിപ്പോയി. ഞാനവളെ പറഞ്ഞു മനസിലാക്കാം.
അവൾ ഡോക്ടർ ആകാൻ പഠിക്കുന്ന കുട്ടിയല്ലേ അങ്കിൾ, കുറച്ചൊക്കെ മനസാക്ഷി വേണ്ടേ…
ഹാ.. വിട്ട് കള ഗുപ്താ, അവൾ കുട്ടിയല്ലേ…
അയാൾ ചിരിച്ചു.
ശരി അങ്കിൾ ഒപി തുടങ്ങാൻ നേരമായി ഞാൻ പോട്ടെ?
ഓക്കെ.
ഗുപ്തൻ പുറത്തേക്ക് ഇറങ്ങിയതും, അയാൾ കസേരയിലേക്ക് ചാരി ഇരുന്നു.
ഏതാണ്ട് ഒരു മാസത്തോളമായി കാർത്തുവിന്റെ സർജറി കഴിഞ്ഞിട്ട്, ഇനി അവർക്കു അവരുടെ നാട്ടിലേക്ക് മടങ്ങി പോകാവുന്നതേ ഉള്ളൂ…
ഇനി കറുപ്പന്റെ ബൈപാസ് സർജറി അടുത്ത ദിവസം ഉണ്ടാകും. ഇനി അതുകൂടി കഴിഞ്ഞാൽ അയാൾക്കും വിശ്രമം ആവശ്യമാണ് കൂടാതെ ഇടയ്ക്കു വേണ്ടിവരുന്ന ചെക്കപ്പ്, അതെല്ലാം കൂടെ വായിച്ചു നോക്കുമ്പോൾ അവർ ഇനിയും മൂന്ന് മാസം കൂടെ ഇവിടെ കടിച്ചുതൂങ്ങി നിൽക്കും, നാശങ്ങൾ..
അത് പാടില്ല…
അവർ ഉടനെ മടങ്ങി പോകണം. അതിനെന്തു ചെയ്യാൻ പറ്റും??
അയാൾ കുറേ നേരം ആലോചിച്ചു. ശേഷം കാർഡിയോളജിസ്റ്റ് അനൂപിനെ ഫോൺ വിളിച്ചു.
അനൂപ്…. അത്യാവശ്യമായി ഇങ്ങോട്ട് ഒന്ന് വന്നേ.
***********
തുടരും.

by