25/04/2026

പ്രണയാർദ്രം : ഭാഗം -29

രചന :അഞ്ചു തങ്കച്ചൻ
കാട്ട്മൂപ്പാ എന്റെ കാർത്തു എഴുന്നേറ്റ് നടക്കുമോ?
കണ്ടാൽ അൻപത് വയസ്സ് പ്രായം തോന്നുന്ന ഒരു സ്ത്രീ കാർത്തുവിന്റെ മുടിയിഴകൾ ഒതുക്കി വച്ച് കൊണ്ട് കാട്ട് മൂപ്പനോട് ചോദിച്ചു.ഒന്നും പറയാൻ ഒക്കില്ല.മൂപ്പൻ വൈദ്യംപഠിച്ചതല്ലേ, എത്ര പേരുടെ ദീനം മാറ്റിയിട്ടുള്ളതാ,എന്റെ കാർത്തുവിനെ കൂടെ എങ്ങനെയേലും രക്ഷിക്കണം.പട്ടണത്തിലെ ഏതേലും ആസ്പത്രിയിൽ കൊണ്ടുപോയാലെ രക്ഷയുള്ളൂ..
ഈ അവസ്ഥ പച്ചമരുന്ന് കൊണ്ട് മാറ്റാൻ പറ്റില്ല.

ഒന്ന് എഴുന്നേറ്റ് നിന്നാൽ മതിയാരുന്നു, ഈ കിടപ്പ് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല മൂപ്പാ..അതല്ലേ ചക്കീ ഞാൻ പറഞ്ഞത്, പട്ടണത്തിൽ എവിടെയേലും കൊണ്ടുപോയി ചികിത്സ കൊടുക്കണം.ഇല്ല മൂപ്പാ… ഒരിക്കൽ കറുപ്പണ്ണന്റെ ചികിത്സക്ക് പട്ടണത്തിൽ പോയതിന്റെ ഭലമാ ഇപ്പോൾ എന്റെ കാർത്തു അനുഭവിക്കുന്നത്,കറുപ്പണ്ണന്റെ ജീവനും പോയി, കാർത്തു ഈ അവസ്ഥയിലുമായി.പക്ഷെ ഇങ്ങനെ കിടന്നാൽ എങ്ങനെയാ ശരിയാകുന്നത്, ചെറിയ പെൺകുട്ടിയല്ലേ, അതാ ഞാൻ പറഞ്ഞത്
ഇങ്ങനെ കിടന്നോട്ടെ ഞാൻ നോക്കിക്കോളാം ജീവൻ ഉണ്ടല്ലോ, ഇനി ഇതിനെ കൂടെ കൊലക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല. മക്കൾ ഇല്ലാത്ത എനിക്ക് മലദൈവങ്ങൾ തന്ന നിധിയാ ഇവൾ. ചക്കി കണ്ണുതുടച്ചു കൊണ്ട് കാർത്തുവിന്റെ നെറ്റിയിൽ ചുംബിച്ചു.

നമുക്ക് നോക്കാം എങ്ങനെയേലും എഴുന്നേൽപ്പിച്ചു നിർത്താൻ പറ്റുമോ എന്ന്. ആട്ടെ, ചെമ്പൻ എവിടെ?അങ്ങേര് ,മൂപ്പൻ പറഞ്ഞ പച്ചിലമരുന്ന് പറിക്കാൻ ഉൾക്കാട്ടിലേക്ക് പോയതാ..അയാൾ കൊണ്ടുവന്ന ചില മരുന്നുകൾ ചക്കിയുടെ കൈകളിൽ കൊടുത്തു.ഇത് വെറും വയറ്റിൽ കഴിക്കാനുള്ളതാ. പിന്നെ ആ പൊടികൾ തിളപ്പിച്ച്‌ വറ്റിച്ചെടുത്ത് ശരീരം മുഴുവനും പുരട്ടണം.ശരി…കാർത്തു… മറ്റെങ്ങോ നോക്കി കിടക്കുകയാണ്.എന്താ കൊച്ചേ നീ ആലോചിക്കുന്നത്? വിഷമിക്കണ്ട കേട്ടോ, ചക്കി അവളുടെ അടുത്ത് ഇരുന്നു.എത്ര ദിവസങ്ങൾ കഴിഞ്ഞു ഈ കിടപ്പ് തുടങ്ങിയിട്ട്… എന്നെ… എന്നെ ഒന്ന് കൊന്ന് തരാമോ ചക്കിയമ്മേ…

ചക്കി അവളുടെ വായ പൊത്തി, എന്റെ കുഞ്ഞേ… നീയിങ്ങനെ ഒന്നും പറയല്ലേ.. ദാണ്ടേ എന്റെ ചങ്കു പൊട്ടുവാ നീ ഇങ്ങനൊക്കെ പറയുമ്പോൾ. കറുപ്പണ്ണൻഎന്ന് വച്ചാൽ ആരാന്നാ..എനിക്ക് എന്റെ കൂടെപ്പിറപ്പിനെ പോലെയാ അണ്ണൻ.
ആ അണ്ണന്റെ മകൾ എന്റെയും മകളാണ്.
ഇനിയിങ്ങനത്തെ വർത്താനം പറഞ്ഞാൽ ഞാൻ മിണ്ടില്ല കേട്ടോ…ചക്കി കെറുവോടെ പറഞ്ഞു.

*********

രാജു… സാന്ദ്ര ഉറക്കെ വിളിച്ചു.എന്നതാടീ പെങ്കൊച്ചേ ഇങ്ങനെ കിടന്ന് അലറുന്നത്? രാജുവിന്റെ അമ്മ അങ്ങോട്ട് വന്നു.നിങ്ങളവിടെ മിണ്ടാതിരിക്ക്. അവൾ അമ്മയുടെ നേർക്ക് വിരൽ ചൂണ്ടി.
ആഹാ… നീ എന്നോട് വിരൽ ചൂണ്ടി സംസാരിക്കുന്നോ.. എടീ… എടീ… ഈ കോളനിഅമ്മിണിയോട് ഇന്നേവരെ ആരും വിരൽ ചൂണ്ടി സംസാരിച്ചിട്ടില്ല. അവർ കയർത്തുകൊണ്ട് അവളുടെ നേരെ ചെന്നു.ദേ… തള്ളേ.. എന്നോട് സംസാരിക്കാൻ വന്നാൽ തലമണ്ട ഞാൻ തല്ലിപ്പൊളിക്കും.എന്നാൽ ഒന്ന് കാണട്ടെടീ… നീയൊന്ന് തല്ലിക്കേ എന്നെ…

എന്താ… എന്താ… എവിടെ ബഹളം?
രാജു അങ്ങോട്ട് വന്നു.എടാ… നിന്റെ ഭാര്യ എന്നെ തല്ലി. അവർ കണ്ണിരൊഴുക്കി.
നുണ പറയുന്നോ തള്ളേ, നിങ്ങടെ നാവ് ഞാൻ പിഴുതെടുക്കും.കണ്ടോടാ.. ഇവൾ എന്നെ കൊല്ലും.
എന്താ സാന്ദ്ര ഇത്? രാജു ചോദിച്ചു.നിങ്ങടെ അമ്മ കിടന്ന് വഴക്കുണ്ടാക്കുന്നതിനു ഞാൻ എന്ത് ചെയ്യാനാ?അമ്മ അപ്പുറത്തേക്ക് പൊയ്‌ക്കെ.. അയാൾ പറഞ്ഞു.ഓഹ്.. ഞാൻ പോയേക്കാം..നീ അച്ചിക്കോന്തൻ ആണല്ലോ. അവർ പിറുപിറുത്തു കൊണ്ടു മുറിയിലേക്ക് പോയി.

എന്താ സാന്ദ്രേ… അതൊരു പ്രായമായ ആളല്ലേ, നീ എന്തൊക്കെയാ പറഞ്ഞത്?അതവിടെ നിൽക്കട്ടെ, രാജു എന്റെ അക്കൗണ്ടിൽ നിന്നും എത്ര രൂപ എടുത്തു?അതെന്താ അങ്ങനൊരു ചോദ്യം?
ഇത്രയും വലിയ എമൗണ്ടിന്റെ ആവശ്യം എന്തായിരുന്നു രാജു?പുതിയ ബിൽഡിംഗിന്റെ പണി നടക്കുവല്ലേ കാശിന് ആവശ്യം ഇല്ലേ?അത്ര വലിയ കെട്ടിടം ഒന്നുമല്ലല്ലോ പണിയുന്നത്, മാത്രമല്ല പണി തുടങ്ങിയപ്പോൾ തന്നെ ഇത്ര വലിയ തുക എടുക്കേണ്ട ആവശ്യം ഒന്നുമില്ല. രാജുവിനോടുള്ള എന്റെ വിശ്വാസം കൊണ്ടാണ് ഞാൻ ചെക്ക് ഒപ്പിട്ട് തന്നിരുന്നത്. എന്നിട്ടിപ്പോ ഒരു വാക്ക് പോലും പറയാതെ പണമൊക്കെ പിൻവലിച്ചിരുന്നു.

നിന്റേത് എന്റേത് എന്നൊക്കെ ഉണ്ടോ സാന്ദ്ര?
എല്ലാം നമുക്കും നമുക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ഉള്ളതല്ലേ അതൊക്കെ ശരി തന്നെ. ബിൽഡിംഗ്‌ പണിക്ക് ആവശ്യമുള്ള പണം എടുത്തിട്ട്,ബാക്കി എനിക്ക് തിരിച്ച്‌ തരണം.
ഓഹ്.. നേരാ.. എല്ലാം നിന്റെ പണമാണല്ലോ ഞാൻ ഓർത്തില്ല.എനിക്ക് തെറ്റ് പറ്റി, എന്റെ ഭാര്യയെയും എന്നേയും ഞാൻ ഒന്നായിട്ടാണ് കണ്ടത്. അങ്ങനെയല്ല എന്ന് എനിക്കിപ്പോൾ
മനസിലായി.അങ്ങനെയല്ല രാജു… എന്റെ ഡാഡി കഷ്ടപ്പെട്ട് സമ്പാദിച്ചപണമാണ് അത്.എങ്കിലും… ഇപ്പോഴും എന്നെ അന്യനായിട്ടാണ് നീ കാണുന്നത് അല്ലേ? അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അങ്ങനെയല്ല രാജു… ആയിരുന്നെങ്കിൽ ഈ വീടും, ഹോസ്പിറ്റലും ഞാൻ രാജുവിന്റെ പേരിൽ ആക്കുമായിരുന്നോ?
എനിക്കൊന്നും വേണ്ട എല്ലാം ഞാൻ തിരികെ എഴുതി തന്നേക്കാം. പണമൊക്കെ നിന്റ അക്കൗണ്ടിൽ ഇട്ടേക്കാം. അയാൾ കണ്ണുതുടച്ചു.ഇനി നിന്റെ സ്നേഹവും സാമീപ്യവും കൂടെ എനിക്ക് നിഷേധിക്കരുത്. എനിക്കത് കൂടെ താങ്ങാൻ കഴിയില്ല. നിന്റെ ചൂടില്ലാതെ ഉറങ്ങാൻ പോലും എനിക്ക് പറ്റില്ല.

രാജു…. അവൾ വിഷമത്തോടെ വിളിച്ചു.
എന്നാലും… എങ്ങനാ മോളേ.. എന്നെ ഒരന്യനായി നിനക്ക് കാണാൻ പറ്റുന്നത്. പറഞ്ഞതും അയാൾ കണ്ണീരോടെ കസേരയിൽ ഇരുന്നു.രാജു… ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.
വേണ്ട… ഒന്നും പറയണ്ട. ഞാൻ ഒന്നുമില്ലാത്തവൻ ആണല്ലോ. നാളെ എന്റെ ഭാര്യയുടെ പേരിൽ എനിക്ക് അറിയപ്പെടണം, അതിന് വേണ്ടിയാ ഹോസ്പിറ്റൽ നവീകരിക്കാനും മറ്റും ശ്രമിച്ചത്. ഡോക്ടർ സാന്ദ്രയുടെ ഭർത്താവ് എന്ന പേരിൽ ജീവിക്കണം എന്നൊരു മോഹം എനിക്ക് തോന്നി. അത് തെറ്റായിരുന്നു.വേണ്ട രാജു…. ഇനിയൊന്നും പറയണ്ട.അവൾ അയാളുടെ ചുണ്ടിൽ വിരൽ ചേർത്തു.ഇനിയിങ്ങനെ ഒന്നും പറഞ്ഞ് എന്നെ വിഷമിപ്പിക്കരുത്.

ഇല്ല…. എന്റെ പെണ്ണിനെ ഞാൻ ഒരിക്കലും വിഷമിപ്പിക്കില്ല. അയാൾ അവളെ ചേർത്തു പിടിച്ചു.
നൈസായിട്ട് നിന്നെ ഒഴിവാക്കേണ്ട സമയം ആയി മോളേ…അയാൾ മനസ്സിൽ പറഞ്ഞു.
നിന്നെ ഭാര്യ ആയിട്ട് കൂടെ കൊണ്ടുനടക്കാം എന്നാ കരുതിയത്. നിന്നെ പോലെ ഒരുഗ്രൻപീസ് എനിക്കിതു വരെ കിട്ടിയിട്ടില്ല.പക്ഷെ, ഇപ്പോൾ മടുപ്പ് തോന്നി തുടങ്ങി. അധികം ആയാലും അമൃതും വിഷം ആണെന്നാണല്ലോ.അത് കൊണ്ട് പൊന്നുമോളേ നിനക്ക് സമയമായി…അയാൾ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.

***********
തുടരും.