14/01/2026

പ്രണയാർദ്രം: ഭാഗം -30

രചന :അഞ്ചു തങ്കച്ചൻ

രാജു…. എക്സാമിന്റെ തിരക്ക് ഒക്കെ കഴിയുമ്പോൾ നമുക്ക് പുറത്ത് എവിടെയെങ്കിലും കുറച്ച് ദിവസത്തേക്ക് പോകണം.എനിക്കെന്തോ വല്ലാത്തൊരു മടുപ്പ് തോന്നുന്നു.ഇവിടെ നിന്നും കുറച്ച് ദിവസത്തേക്ക്ഒന്ന്മാറിനിന്ന്നോക്കാം..പുറത്തെന്നുവച്ചാൽ എവിടെ?? ഇവിടെ അടുത്ത് എവിടെയേലും ആണോ?അല്ല രാജു, വിദേശത്ത് എവിടെയേലും.
വിദേശത്ത് ആക്കണ്ട നിന്നെ പരലോകത്തേക്ക് അയച്ചേക്കാം അയാൾ മനസ്സിൽ ചിരിച്ചു.
അയ്യോ അങ്ങനെയാണെങ്കിൽ ഞാനും വരും, മുറിക്കപ്പുറത്ത് ഒളിച്ചുനിന്ന് അവരുടെ സംസാരം ശ്രദ്ദിക്കുകയായിരുന്ന രാജുവിന്റെ അമ്മ അങ്ങോട്ട് വന്നു.

ഞാൻ ഇതുവരെ വിമാനത്തിൽ കയറിയിട്ടില്ല.
എന്നേം കൂടെ കൊണ്ടുപോകണം കേട്ടോടാ പൊന്നുമോനേ…അമ്മ രാജുവിന്റെ കൈയിൽ പിടിച്ചു.ഓഹ്… നാശം…സാന്ദ്ര പിറുപിറുത്തുകൊണ്ട് അവിടുന്ന് എഴുന്നേറ്റു പോയി.കുറച്ച് ദിവസം നിൽക്കാൻ ആണെന്നും പറഞ്ഞു വന്നിട്ട് ഈ സാധനം തിരിച്ചും പോണില്ല.ഇനി ഇതിനെ തല്ലി ഓടിക്കേണ്ടി വരുമോ എന്തോ?ഓരോരോ മാരണങ്ങൾ കയറി വന്നോളും.അവൾ കുളിച്ചു റെഡിയായി പോയതും രാജുവിന്റെ അമ്മ, സാന്ദ്രയുടെ മുറിയിലേക്ക് കയറി.സാന്ദ്രയുടെ മുറിയിലെ അലമാരയിൽ അവർ നോട്ടമിട്ടിട്ട് കുറച്ച് ദിവസമായി.
സാന്ദ്ര അമ്മയെ ആ മുറിയിലേക്ക് കയറ്റാറില്ല. അതുകൊണ്ട് തന്നെ അമ്മക്ക് അതിൽ കയറണമെന്ന് ഒരുതരം വാശി ആയിരുന്നു.രാജുവും സാന്ദ്രയും മറ്റൊരു മുറിയിലാണ് കിടക്കുന്നത്. ഈ മുറി എപ്പോഴും അടച്ചിട്ടിരിക്കും.

അമ്മ പതിയെ മുറി തുറന്നു. അലമാരയുടെ താക്കോൽ എവിടെയായിരിക്കും??അവിടം മുഴുവനും അരിച്ചു പെറുക്കി നോക്കി.ഒടുവിൽ അവളുടെ ചെരുപ്പുകൾ അടുക്കി വച്ചിരിക്കുന്ന ചെറിയ കബോഡിന്റെ ഉള്ളിൽ നിന്നും അവർക്ക് താക്കോൽ ലഭിച്ചു.അലമാര തുറന്ന് നോക്കിയതും അവർ ഉറക്കെ വിളിച്ചു. എടാ…. രാജുവേ…നീയിങ്ങു വന്നേടാ…
എന്താ… എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നത്?
അയാൾ ദേഷ്യത്തോടെ അവിടേക്ക് വന്നു.നീയിത് നോക്കിക്കേ..അയാൾ നോക്കി. അലമാരയുടെ കള്ളിയിൽ സ്വർണ്ണാഭരണങ്ങളുടെ തിളക്കം..
എടാ… ഇതൊക്കെ നോക്കിക്കേ… അയ്യോ എല്ലാം കൂടെ പത്ത് നൂറ്റമ്പത് പവൻ കാണും അല്ലിയോടാ…
ഇതൊക്കെ എനിക്ക് വേണം.. അമ്മ ഓരോന്നും എടുത്ത് നോക്കി.

എന്റെ തള്ളേ നിങ്ങളത് അവിടെ വയ്ക്ക്.
ഇതാ ഗുപ്തനുമായിട്ടുള്ള കല്യാണത്തിന് വേണ്ടി വാങ്ങി വച്ചതായിരിക്കും.എന്തായാലും എനിക്കിപ്പോൾ എന്താ,നീയൊന്ന് പോടാ.. എനിക്കിതു വേണം.
ആദ്യം അവളെയങ്ങ് തീർക്കട്ടെ, എന്നിട്ട് എടുക്കാം തള്ളേ.. നിങ്ങളിങ്ങനെ ആക്രാന്തം പിടിക്കല്ലേ.
തീർക്കാനോ? എടാ,അത് പണിയാകുവേ..
എന്തെങ്കിലും സംശയം തോന്നിയാൽ ആൾക്കാർ പറയും നമ്മൾ അവളെ കൊന്നതാന്ന്. പിന്നെ ജയിലിൽ പോകേണ്ടി വരും. നിന്റെ അപ്പൻ കിടക്കുന്ന പോലെ നിനക്കും ജയിലിൽ കിടക്കാൻ ആണോ തീരുമാനം?പിന്നെ എന്ത് ചെയ്യും? ഇപ്പോൾ തന്നെ അവൾ കാശ് പിൻവലിച്ചതിന് എന്നോട് കണക്ക് ചോദിച്ചു.അങ്ങനെ നേടിയതൊക്കെ കൈവിട്ട് കളയാൻ പറ്റില്ല.

എടാ… പൊട്ടാ, അതിന് എന്തെല്ലാം വഴികൾ വേറെ ഉണ്ട്.എന്ത് വഴി?അവൾക്ക് ഭ്രാന്ത് ആണെന്ന് വരുത്തി തീർക്കണം. എന്തെങ്കിലും ഒക്കെ മരുന്ന് കൊടുത്ത് അങ്ങ് കിടത്തിക്കളയണം. അല്ലാതെ കൊല്ലാൻ നോക്കിയാൽ കേസും കൂട്ടവും ഒക്കെയാകും.എല്ലാം കൈവിട്ട് പോകും ആ എസ്റ്റേറ്റും തോട്ടവും മാത്രം മതി നാല് തലമുറക്ക് ജീവിക്കാനുള്ളത് കിട്ടാൻ.പിന്നെ എന്താ ഒരു വഴി.അതല്ലേടാ ഞാൻ പറഞ്ഞത്. അവൾക്ക് ഭ്രാന്ത് ആണെന്ന് വരുത്തണം. കുറച്ച് കാശ് ചിലവാക്കി ഏതേലും ഭ്രാന്താശുപത്രിയിൽ കൊണ്ട് ചെന്ന് തള്ളണം കുറച്ച് നാൾ.
അതൊക്കെ നടക്കുമോ?കാശുണ്ടെങ്കിൽ നടക്കാത്ത കാര്യം ഉണ്ടോടാ നിന്റെ മുറപ്പെണ്ണ് നിന്നെ മാത്രം ഓർത്ത് ജീവിക്കുവാ. നീ അവളെയും കെട്ടി സുഖമായി ജീവിക്കണം. നിനക്കും നിന്റെ മക്കൾക്കും സുഖിച്ചു ജീവിക്കാം.ഉം… എന്ത് വേണമെന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ.

**************
സാന്ദ്ര വന്നപ്പോഴേക്കും ആകെ തളർന്നിരുന്നു.
ഉറക്കമൊഴിച്ചുള്ള പഠനവും, രാജുവിന്റെ അമ്മ വന്നതിന് ശേഷം വീട്ടിലുള്ള മനഃസമാദാനക്കുറവും ഒക്കെ അവളെ അസ്വസ്ഥ ആക്കിയിരുന്നു.
മാത്രമല്ല ഗുപ്തന്റെ ഹോസ്പിറ്റലിന് ഇപ്പോൾ നല്ല പേരാണ്. മികച്ച ചികിത്സയും താങ്ങാൻ പറ്റുന്ന ബില്ലും ആളുകളെ അങ്ങോട്ട് പോകാൻ പ്രേരിപ്പിച്ചു.
തന്റെ കൂട്ടുകാരിൽ പോലും പലർക്കും ഡോക്ടർ ഗുപ്തനെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്.
അതെല്ലാം കേൾക്കുമ്പോൾ സാന്ദ്രക്ക് വിറഞ്ഞു കയറും.തന്റെ ഡാഡിയെ കൊന്ന ആളാണ്.
അവൻ എന്റെ കണ്മുന്നിൽ പിടഞ്ഞു തീരണം.

സാന്ദ്ര വീട്ടിൽ എത്തിയതും, രാജുവിനെ വിളിച്ചു.
എന്താ മോളേ..ഇങ്ങോട്ട് ഒന്ന് വന്നേ അത്യാവശ്യകാര്യം പറയാനുണ്ട്.കുറച്ച് തിരക്കിൽ ആയിരുന്നു. പിന്നെ വന്നാൽപോരെ?
പോരാ… ഇപ്പോൾ തന്നെ വരണം.ശരി.
ഇരുപതുമിനിറ്റിനുള്ളിൽ അയാൾ എത്തി.
എന്താ… വരാൻ പറഞ്ഞത്? എന്താ പ്രശ്നം.
രാജു… എത്രയും പെട്ടന്ന് ഗുപ്തനെ കൊല്ലണം. അവൻ സുഖിച്ചു ജീവിക്കുന്ന കാലത്തോളം എനിക്ക് സമാധാനം കിട്ടില്ല.അതിനിപ്പോൾ എന്താ ഉണ്ടായത്?

എന്റെ ഡാഡിയെ കൊന്നവനോടുള്ള പക എനിക്ക് തീരണമെങ്കിൽ അവൻ ചാകണം.എന്റെ പാവം ഡാഡി….അതിന് നിന്റെ ഡാഡിയെ കൊന്നത് അവൻ അല്ല.അല്ലേ… അവൾ ഞെട്ടലോടെ അയാളെ നോക്കി.പിന്നെ… പിന്നെ… ആരാ രാജൂ.പറ ആരാണ്??.

************
തുടരും.