രചന – നിള നന്ദ
” രോഹിണി നേരം വെളുത്തു എണീക്ക്.. ” ലന രോഹിണി തല വഴിയെ ഇട്ടിരിക്കുന്ന പുതപ്പ് താഴ്ത്തി അവളെ തട്ടി വിളിച്ചു.. ” സമയം ആയില്ലല്ലോ ചേച്ചി ഞാൻ കുറച്ച് നേരം കിടന്നോട്ടെ.. ” രോഹിണി ഉറക്കത്തിൽ പറഞ്ഞോണ്ട് പിന്നെയും പുതപ്പെടുത്ത് തലവഴി ഇട്ടു.. ” എണീക്കടോ.. എനിക്ക് ഒന്ന് ക്ഷേത്രത്തിൽ പോവാൻ ആണ്.. ” ലന പിന്നെയും അവളെ തട്ടി വിളിച്ചു.. ” ചേച്ചിക്ക് പോണേൽ പൊക്കോ.. ” ” അതിന് എനിക്ക് ഇവിടെ പരിചയം ഒന്നും ഇല്ലല്ലോ.. ” ലന രോഹിണിയെ ഒരുവിധം എണീപ്പിച്ചിരുത്തി.. മുഖം ചിളിച്ച് അവൾ ലനയെ നോക്കി.. ” ചേച്ചീടെ ചുന്ദരി മോളല്ലേ.. വേഗം ചെന്ന് റെഡി ആവ്.. ” ലന അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു.. ” അധികം സോപ്പ് ഒന്നും വേണ്ട.. ചേച്ചി പറഞ്ഞോണ്ട് ഞാൻ വരാം.. ” രോഹിണി ലനയുടെ കവിളിൽ വേദനിപ്പിക്കാതെ വലിച്ചുകൊണ്ട് പറഞ്ഞു..
പുഞ്ചിരിയോടെ കവിളിൽ തഴുകി രോഹിണി പോവുന്നത് നോക്കി ഇരുന്നു അവൾ.. രോഹിണി കൂടി റെഡി ആയതും രണ്ടാളും ഒന്നിച്ച് താഴേക്ക് ഇറങ്ങി ചെന്നു.. രണ്ടാളും നേരേ പോയത് അടുക്കളയിലേക്ക് ആയിരുന്നു.. അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്നു സുമയും ലതയും മീരയും.. ” അമ്മേ.. ഞാനൊന്ന് ക്ഷേത്രത്തിൽ പോവാണ്..” രോഹിണിയുടെ ശബ്‌ദം കേട്ടതും ദോശ മറിച്ചിടുന്നതിന് ഇടയിൽ സുമ തിരിഞ്ഞു നോക്കി.. ” ഏഹ്.. എന്റെ മോള് ക്ഷേത്രത്തിൽ പോവാണെന്നോ.. ഇന്ന് നല്ല മഴ പെയ്യുമെന്ന് തോന്നുന്നു.. ” ” അമ്മേ.. ” സുമ കളിയായി ചോദിച്ചതും രോഹിണി ചുണ്ട് കൂർപ്പിച്ച് അവരെ നോക്കി.. ” എന്തിനാ സുമേ എന്റെ മോളെ ഇങ്ങനെ കളിയാക്കുന്നേ.. ” ലത വാത്സല്യത്തോടെ രോഹിണിയെ നോക്കി.. ” അങ്ങനെ ചോദിക്ക് വല്യമ്മേ.. ” ” മ്മ്.. എങ്ങനെ പറയാതിരിക്കും വല്ല്യേടത്തി.. ഇതൊക്കെ കേൾക്കുന്നത് അപൂർവം അല്ലേ..” സുമ ചിരിയോടെ പറഞ്ഞു..
” എനിക്ക് താല്പര്യം ഉണ്ടായിട്ട് അല്ല.. പിന്നെ ലനേച്ചിക്ക് പോണം എന്ന് പറഞ്ഞത് കൊണ്ടാ.. ചേച്ചിക്ക് തന്നെ പോവാൻ അറിയില്ലല്ലോ.. ” രോഹിണി എല്ലാരേയും നോക്കി പറഞ്ഞു.. ” ഓഹ് അങ്ങനെ വരട്ടെ.. ഞാനും ഓർത്ത് എന്റെ മോൾക്ക് തന്നെ അങ്ങനെ ഒന്നും തോന്നാൻ വഴി ഇല്ലല്ലോ എന്ന്.. ” സുമ ചിരി അടക്കി പറഞ്ഞതും രോഹിണി മുഖം ചുളിച്ചു.. ” മതി രണ്ടാളും.. മക്കള് പോയിട്ട് വാ സമയം കളയണ്ട.. ” മീര രോഹിണിയെയും അവൾക്ക് പിന്നിൽ നിൽക്കുന്ന ലനയെയും നോക്കി പറഞ്ഞു.. ” വാ ചേച്ചി.. ” ലനയുടെ കയ്യും പിടിച്ച് രോഹിണി പുറത്തേക്ക് നടന്നു.. ” ചേച്ചിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പൂവ് ഏതാ..? ” ക്ഷേത്രത്തിലേക്ക് നടക്കുന്നതിന് ഇടയിൽ രോഹിണി ലനയോട് തിരക്കി.. ” എനിക്ക് ഇഷ്ട്ടം മുല്ലപ്പൂ.. ” പെട്ടന്ന് തന്ന ലന മറുപടി പറഞ്ഞു.. ” മുല്ലപ്പൂ ഇഷ്ടപ്പെടാൻ എന്തെങ്കിലും കാരണം ഉണ്ടോ..? ” രോഹിണി ആകാംഷയോടെ ചോദിച്ചു.. ” വീട്ടിൽ എന്റെ റൂമിനോട് ചേർന്ന് ജനലരികിൽ മുല്ല ഉണ്ടായിരുന്നു..
രാത്രിയിൽ ജനൽ തുറന്നിട്ട് മുല്ലപ്പൂ വിരിയുന്ന ഗന്ധം ഞാൻ ആസ്വദിക്കാറുണ്ട്. രാത്രി ആയിരുന്നു എനിക്ക് പകലിനെക്കാൾ ഇഷ്ട്ടം.. രാത്രിയുടെ കൂട്ടുകാരി അങ്ങനെ എനിക്കും പ്രിയപ്പെട്ടത് ആയി.. ” ലന ചെറുതായി ചിരിച്ചു.. ” അല്ല.. നീ ഇപ്പോ എന്താ ഇത് ചോദിച്ചത്..? ” ” വെറുതെ ചോദിച്ചതാ.. ” രോഹിണി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.. ” മ്മ്.. ക്ഷേത്രത്തിലേക്ക് ഇനി കുറേ ദൂരം ഉണ്ടോ.. ” ” കുറച്ച് കൂടി ഉണ്ട്.. ചേട്ടന്മാരെ ആരെയെങ്കിലും വിളിച്ചിരുന്നെങ്കിൽ കാറിൽ പോവാമായിരുന്നു.. ” ” കുറച്ചങ്ങു നടക്ക്.. രാവിലെ ഇങ്ങനെ തണുത്ത കാറ്റും കൊണ്ട് നടക്കാൻ നല്ല സുഖമല്ലെ.. ” ” ചേച്ചി കൂടെ ഉള്ളതോണ്ട് ഒരു സുഖമൊക്കെ ഉണ്ട്.. ” രോഹിണി കുസൃതിയോടെ പറഞ്ഞു.. ” അയ്യോടാ.. ” ചിരിയോടെ ലന രോഹിണിയെ ചേർത്ത് പിടിച്ച് നടന്നു.. ക്ഷേത്രത്തിൽ അധികം തിരക്ക് ഇല്ലാത്തത് കൊണ്ട് രണ്ടാളും പെട്ടന്ന് തൊഴുത് ഇറങ്ങി.. തിരികെ വീട്ടിലേക്ക് കയറിയതും വീർപ്പിച്ച മുഖവുമായി സിറ്റൗട്ടിൽ ഇരിക്കുന്ന രോഹനെ കണ്ട് ലനയും രോഹിണിയും മുഖത്തോട് മുഖം നോക്കി..
” എന്താ വാവേ മുഖത്ത് വല്ല കടന്നലും കുത്തിയോ.. ” രോഹന്റെ അരികിൽ ഇരുന്ന് അവന്റെ കവിളിൽ കൈ വെച്ച് ലന ചോദിച്ചു.. ” പോ എന്നോട് മിണ്ടണ്ട.. രണ്ടാളും പോയപ്പോൾ എന്നെ വിളിച്ചില്ലല്ലോ.. ” ലനയുടെ കൈ തട്ടിമാറ്റി അവൻ പരിഭവത്തോടെ പറഞ്ഞു.. ” ഞാൻ വന്ന് വിളിച്ചതാ നീ നല്ല ഉറക്കം ആയിരുന്നു.. ” രോഹിണി അവന്റെ മറു സൈഡിൽ ഇരുന്നുകൊണ്ട് പറഞ്ഞു.. ” ഒന്നുമില്ല വെറുതെ.. രണ്ടാളും എന്നെ പറ്റിച്ച് പോയിട്ട്.. ” അവൻ ചുണ്ട് രണ്ട് സൈഡിലോട്ടും ആക്കി പറഞ്ഞു.. ” അയ്യോടാ.. ഇത്തവണ ഒന്ന് ക്ഷമിക്കെന്നെ.. ഇനി പോവുമ്പോൾ നമുക്ക് ഒന്നിച്ച് പോവാം.. ” ” ഇപ്പോ കൊണ്ട് പോയില്ലല്ലോ.. പിന്നത്തെ കാര്യം ഇപ്പോ പറയണ്ട.. ” ലനയെ നോക്കാതെ തന്നെ അവൻ പറഞ്ഞു.. ” നിന്റെ വിഷമം കണ്ടാൽ തോന്നുമല്ലോടാ അമ്പലത്തിൽ പോവാൻ മുട്ടി നിൽക്കാണെന്ന്.. ആ വഴിക്ക് പോയാ നിനക്ക് ആ കാർത്തികയെ വായനോക്കാൻ അല്ലേ.. ” ” കാർത്തികയോ.. ” രോഹിണി പെട്ടന്ന് പറഞ്ഞതും ലന വാ പൊളിച്ചു..
” ഒന്ന് പതുക്കെ പറയെടി ദുഷ്ട്ടെ.. ” രോഹൻ ചാടി എണീറ്റ് രോഹിണിയെ നോക്കി കണ്ണുരുട്ടി.. ” അപ്പോ സത്യം ആണ്.. പറയെടാ ആരാ രോഹിണി..? ” ലന അവനെ കൂർപ്പിച്ചു നോക്കി.. ” ഞങ്ങടെ സ്കൂളിൽ ഉള്ളതാ ചേച്ചി.. ട്രൂ ലുബ് ആണ്.. പക്ഷേ ഇവന് മാത്രേ ഉള്ളൂ.. ” രോഹിണി ചാടി കയറി പറഞ്ഞു.. ” അവൾക്കും എന്നെ ഇഷ്ട്ടം ആണ്.. പറയാഞ്ഞിട്ടാ.. ” രോഹൻ രോഹിണിയെ നോക്കി വീറോടെ പറഞ്ഞു.. ” പിന്നെ പിന്നെ.. ഭയങ്കര ഇഷ്ട്ടം ആണ്.. ” ” ടീ.. നീ എന്റേന്ന് വാങ്ങും.. ” ” രണ്ടാളും നിർത്തുന്നുണ്ടോ.. എന്തുവാ ഇത്.. ” ലന രണ്ടാളെയും നോക്കി.. ” ഞാൻ ആണോ ചേച്ചി.. ഇവളല്ലേ ആദ്യം തുടങ്ങിയത്.. ” രോഹൻ ലനയെ നോക്കി പരാതി പറഞ്ഞു..
” ഞാനോ.. ഞാനൊന്നും അല്ല.. ഇവനല്ലേ ചേച്ചി..” രോഹിണിയും വിട്ടുകൊടുത്തില്ല.. തലയിൽ കൈ വെച്ച് ലന രണ്ടാളെയും നോക്കി.. ” എന്താ ഇവിടെ ഒരു ബഹളം..? ” അകത്തു നിന്ന് മുത്തശ്ശി അവരുടെ അടുത്തേക്ക് വന്നതും മൂന്നാളും രണ്ടാളും ഡിസെന്റ് ആയി.. ലന രോഹനെ നോക്കി പറയട്ടെ എന്ന് കണ്ണോണ്ട് കാണിച്ചതും പറയല്ലേ പ്ലീസ് എന്ന് മുത്തശ്ശി കാണാതെ അവൻ പറഞ്ഞു.. ” അത് മുത്തശ്ശി ഞങ്ങൾ അമ്പലത്തിൽ പോയ കാര്യം പറയുകയായിരുന്നു.. ” ലന മുത്തശ്ശിയെ നോക്കി പറഞ്ഞു.. ” ആഹ്.. തിരക്ക് ഇണ്ടായോ കുട്ടികളെ.. ” ” ഇല്ല മുത്തശ്ശി.. ” പറഞ്ഞുകൊണ്ട് അവൾ കയ്യിലെ ഇല ചീന്തിൽ നിന്ന് അൽപ്പം ചന്ദനം എടുത്ത് മുത്തശ്ശിയുടെ നെറ്റിയിൽ തൊട്ടു.. വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി മുത്തശ്ശി അകത്തേക്ക് തിരിഞ്ഞു നടന്നു.. എന്തിനോ ആ നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു..
രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കഴിഞ്ഞ് റൂമിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു ലനയും രോഹിണിയും.. ” ചേച്ചി ഞാൻ തോട്ടിലേക്ക് പോവുകയാ വരുന്നുണ്ടോ..? ” അവരുടെ അടുത്തേക്ക് വന്ന് രോഹൻ ചോദിച്ചു.. ” നമുക്കും പോവാം ചേച്ചി ഇവിടെ ഇരുന്ന് ബോറടിക്കുന്നു.. ” രോഹിണി താല്പര്യത്തോടെ പറഞ്ഞു.. ” മ്മ് പോവാം.. ഞാൻ സാരംഗിനോട് ഒന്ന് പറയട്ടെ.. ” ലന അവരോട് പറഞ്ഞുകൊണ്ട് സാരംഗിന്റെ അടുത്തേക്ക് പോയി.. നിഖിലിനോട് എന്തോ സംസാരിച്ചിരിക്കുകയായിരുന്നു സാരംഗ്.. ” സാരംഗ് ഞാൻ രോഹന്റെയും രോഹിണിയുടെയും ഒപ്പം തോട്ടിലേക്ക് പോവാ.. നീ വരുന്നുണ്ടോ..? ” ലനയുടെ ശബ്‌ദം കേട്ടതും രണ്ടാളും മുഖം ഉയർത്തി നോക്കി.. ” ഞാൻ വരുന്നില്ല.. നിങ്ങൾ പോയിട്ട് വാ.. ” സാരംഗ് അവളെ നോക്കി പറഞ്ഞു.. ” അതെന്താ.. സാരംഗിനെ മാത്രേ വിളിക്കൂ.. ” നിഖിൽ അവളെ നോക്കി പരിഭവം പോലെ പറഞ്ഞു.. ” സാരംഗിനെ മാത്രം അല്ലല്ലോ തന്നെയും വിളിക്കാം.. വരുന്നേൽ വാ.. ” ലന ചെറുതായി ചിരിച്ചു..
” ഞാൻ ചുമ്മാ പറഞ്ഞതാടോ.. ഞാൻ വരുന്നില്ല.” നിഖിലും ചിരിയോടെ പറഞ്ഞു.. ” ശ്രെദ്ധിച്ച് പോണെ.. ” തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ലനയെ നോക്കി സാരംഗ് പറഞ്ഞു.. ശരിയെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.. ” ഇന്ന് എന്തായാലും ചേച്ചി മീനിനെ പിടിക്കണം കേട്ടോ.. കുറച്ച് സമയം എടുത്തിട്ട് ആയാലും കുഴപ്പില്ല.. ” പാടവരമ്പത്ത് കൂടി നടക്കുന്നതിന് ഇടയിൽ രോഹൻ പറഞ്ഞു.. ” അവിടെ ചെല്ലട്ടെ നോക്കാം.. ” കാറ്റിൽ മുഖത്തേക്ക് പാറി വീണ മുടി ചെവിക്ക് പിന്നിലേക്ക് ഒതുക്കി ലന പറഞ്ഞു.. ” ഏട്ടൻ പുറത്ത് പോയത് നന്നായി ഇല്ലെങ്കിൽ ഇങ്ങോട്ട് വരുന്നത് കണ്ടാൽ വഴക്ക് പറഞ്ഞേനെ.” ലനയ്ക്ക് പിന്നിൽ നടന്ന് രോഹിണി ആശ്വാസത്തോടെ പറഞ്ഞു.. ” നിങ്ങടെ ഏട്ടന് എന്താ ഈ സ്ഥലം അലർജി ആണോ..? ” ” ഓഹ് ഏട്ടന് ഇതൊന്നും ഇഷ്ട്ടം അല്ല ചേച്ചി.. പണ്ട് മുതലെ ഏത് നേരം പുസ്തകത്തിൽ കണ്ണും നട്ട് ഇരിക്കുന്ന സ്വഭാവം ആയിരുന്നു..
ഈ പ്രകൃതി സൗന്ദര്യം ഒന്നും ആസ്വദിക്കാൻ ഏട്ടന് അറിയില്ല.. ” രോഹനാണ് മറുപടി പറഞ്ഞത്.. ലനയുടെ കണ്ണുകൾ ആ വയലിൽ ചുറ്റും പാഞ്ഞു.. അതിന്റെ മനോഹരിതയിൽ അവൾ ഒരുനിമിഷം നോക്കി നിന്നു.. ഈ സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ട്ടപെടാത്തവർ ഒക്കെ ഉണ്ടോ.. ഓർത്തുകൊണ്ട് അവൾ മുന്നോട്ട് നടന്നു.. ” ദാ ചേച്ചി ഐശ്വര്യം ആയി തുടങ്ങിക്കോ.. ” രോഹൻ ചൂണ്ട റെഡിയാക്കി ലനയുടെ കയ്യിൽ കൊടുത്തു.. ചൂണ്ട വള്ളി വെള്ളത്തിലേക്ക് ഇട്ട് അവൾ അതിന്റെ അറ്റത്ത് പിടിച്ചു.. ” വലിക്ക് ചേച്ചി.. ” അതിന്റെ വള്ളി അനങ്ങുന്നത് കണ്ടതും രോഹിണി പറഞ്ഞു.. പെട്ടന്ന് തന്നെ അവളത് വലിച്ചെങ്കിലും ഒന്നും കിട്ടിയില്ല.. അവൾ സങ്കടത്തിൽ രോഹനെ നോക്കി.. ” സാരില്ല.. ട്രൈ ചെയ്യാം.. ” രോഹൻ അവളുടെ തോളിൽ തട്ടി.. ചൂണ്ട വള്ളി പിന്നെയും എരിഞ്ഞ് അവൾ അതിലേക്ക് നോക്കി നിന്നു.. അൽപ്പം സമയത്തിനുള്ളിൽ അത് അനങ്ങുന്നത് കണ്ടതും അവൾ അത് ആഞ്ഞു വലിച്ചു..
പെട്ടന്ന് ചൂണ്ട വടി പിന്നിലേക്ക് പോയതും പിന്നിൽ എന്തിലോ തട്ടി അത് തോട്ടിലേക്ക് വീണതും ഒന്നിച്ചായിരുന്നു.. മൂന്നാളും ഞെട്ടി തോട്ടിലേക്ക് നോക്കി.. വെള്ളത്തിൽ ഉയർന്നു നിന്ന മാനവിനെ കണ്ടതും മൂന്നാലും വാ പൊളിച്ച് മുഖത്തോട് മുഖം നോക്കി.. ” അയ്യോ ഏട്ടൻ ഓടിക്കോ.. ” രോഹൻ പറഞ്ഞുകൊണ്ട് തിരിഞ്ഞ് ഓടി.. ” വാ ചേച്ചി.. ” പുറകെ രോഹിണിയും ഓടി.. ലന എന്ത് വേണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു.. മാനവ് വേഗത്തിൽ ഓടി പോവുന്ന രോഹനെയും രോഹിണിയെയും നോക്കി.. പിന്നെ അനങ്ങാതെ സ്തംഭിച്ച് നിൽക്കുന്ന ലനയെയും.. ( കാത്തിരിക്കുമല്ലോ.. )

by