രചന – നിളനന്ദ
” ലനേ ഞാൻ..”
സനയുടെ ശബ്‌ദം ഇടറി.. അമ്മയെ കുറിച്ച് ചോദിക്കേണ്ടിയിരുന്നില്ലെന്ന് ഒരുനിമിഷം അവൾക്ക് തോന്നി..
” സാരില്ലടാ.. നീ എന്താ ചോദിച്ചതെന്ന് എനിക്ക് അറിയാം.. വാ വീട്ടിൽ പോവാം സമയം ഒരുപാട് ആയി.. ”
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ സനയുടെ കയ്യും പിടിച്ച് ലന വീട്ടിലേക്ക് നടന്നു..
രണ്ടാളും റൂമിലേക്ക് ചെല്ലുമ്പോൾ അവിടെ രോഹിണി മുഖം വീർപ്പിച്ച് ഇരിക്കുന്നുണ്ടായിരുന്നു..
” നിന്നെ എന്താ വല്ല കടന്നലും കുത്തിയോ..? ”
സന രോഹിണിയുടെ കവിളിൽ ചെറുതായി കുത്തികൊണ്ട് ചോദിച്ചു..
” നിങ്ങൾ രണ്ടാളും എന്താ എന്നെ വിളിക്കാതെ പോയത്..? ”
” ഓഹോ അതാണോ കാര്യം.. എടീ ഞങ്ങൾ അങ്ങനെ എങ്ങും പോകണം എന്ന് കരുതിയത് അല്ല.. ചുമ്മ മുറ്റത്ത് ഒന്ന് ഇറങ്ങിയത് ആണ്.. പിന്നെ സംസാരിച്ച് അങ്ങ് നടന്നപ്പോൾ അവിടെ എത്തി.. ”
സന ലനയെ നോക്കി കണ്ണിറുക്കിയിട്ട് പറഞ്ഞു..
” ഓഹ് വിശ്വസിച്ചു.. സാരംഗ് ചേട്ടൻ ലന ചേച്ചിയെ അന്വേഷിക്കുന്നുണ്ടായിരുന്നു.. ”
സനയിൽ നിന്ന് മുഖം തിരിച്ച് രോഹിണി ലനയെ നോക്കി..
” ഞാൻ അവനെ കണ്ടിട്ട് വരാം.. ”
ലന അതും പറഞ്ഞ് പെട്ടെന്ന് മുറിവിട്ടിറങ്ങി..
നേരെ പോയത് സാരംഗിന്റെ റൂമിലേക്ക് ആണ്.. സാരംഗ് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.. ലനയെ കണ്ടതും കാൾ കട്ട് ചെയ്ത് അവൻ ഫോൺ ബെഡിലേക്ക് ഇട്ടു..
” നീ എന്താ ഇപ്പൊ സനയുടെ ഒപ്പം പുറത്തേക്ക് പോയത്..? ”
അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി..
” അത്.. സാരംഗ്.. ഞാൻ.. ”
മറുപടി പറയാൻ അവൾക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല..
” നീ അവളോട് എല്ലാം പറഞ്ഞോ..? ”
പെട്ടന്ന് സാരംഗ് ചോദിച്ചതും അവൾ അവന്റെ മുഖത്തേക്ക് നോക്കി.. പിന്നെ അതേയെന്ന അർത്ഥത്തിൽ തലയാട്ടി..
” നീ എന്തിനാ ലന അവളോട്… അവള്… ”
” നീ എന്താ സാരംഗ് ഇപ്പോഴും അവളോട് ദേഷ്യം ഉള്ളിൽ വെയ്ക്കുന്നെ.. അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ.. ഇപ്പൊ അവൾക്ക് എന്നോട് വല്ല്യ ഇഷ്ട്ടം ആണ്.. ”
” ഇഷ്ട്ടം.. ഞാൻ ഒന്നും പറയുന്നില്ല.. കഴിഞ്ഞതൊക്കെ നിനക്ക് മറക്കാൻ കഴിഞ്ഞിട്ടുണ്ടാവും എനിക്ക് അതിന് കഴിയില്ല..”
” സാരംഗ് ഞാൻ.. ”
” നീ ഇപ്പൊ ചെല്ല്.. നമുക്ക് പിന്നീട് സംസാരിക്കാം.. ”
സാരംഗ് അത് പറഞ്ഞുകൊണ്ട് തിരിഞ്ഞ് നിന്നു.. പിന്നെ ഒന്നും പറയാതെ ലന മുറിവിട്ടിറങ്ങി..
സാരംഗ് കണ്ണുകൾ മെല്ലെ അടച്ചു നിന്നു.. അവന്റെ മനസ്സിൽ തെളിഞ്ഞത് സനയുടെ മുഖം ആയിരുന്നു.. പെട്ടന്ന് തന്നെ അവൻ കണ്ണുകൾ വലിച്ചു തുറന്നു.. അവനെന്തോ വല്ലാത്ത അമർഷം തോന്നി.. അതുപോലെ വേദനയും…
*******************************
രാത്രിയിൽ എന്തോ സ്വപ്നം കണ്ടാണ് ലന ഞെട്ടി ഉണർന്നത്.. ബെഡിൽ ഇരുന്നുകൊണ്ട് കണ്ട സ്വപ്നം അവൾ വീണ്ടും ഓർത്തെടുക്കാൻ ശ്രെമിച്ചു.. ആ ഓർമയിൽ തന്നെ അവൾ ആകെ വിറച്ചു പോയി..
അയാളിവിടെ വരുമോ..
സ്വയമേ അവൾ ചോദിച്ചു..
ഫാൻ ഫുൾ സ്പീഡിൽ കറങ്ങുമ്പോഴും നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ അവൾ ഉള്ളം കൈ കൊണ്ട് തുടച്ചു..
മുഖം തിരിച്ച് നോക്കുമ്പോൾ സനയും രോഹിണിയും നല്ല ഉറക്കമാണ്.. ശബ്‌ദം ഉണ്ടാക്കാതെ എഴുനേറ്റ് അവൾ ടേബിളിന് മുകളിൽ ഇരിക്കുന്ന ജഗ്ഗ് കയ്യിൽ എടുത്തു.. അത് ശൂന്യമാണെന്ന് കണ്ടെത്തും അവൾക്ക് നിരാശ തോന്നി.. ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം ഒന്നാവുന്നു.. തൊണ്ട വല്ലാതെ വരണ്ടതായി തോന്നിയത് കൊണ്ട് ജഗ്ഗുമായി അവൾ ഡോർ തുറന്ന് പുറത്തിറങ്ങി..
അടുക്കളയിൽ പോയി വെള്ളം കുടിച്ച് തിരികെ റൂമിലേക്ക് പോവാൻ സ്റ്റെപ് കയറാൻ തുടങ്ങുമ്പോൾ ആണ് ആരോ ഫ്രണ്ട് ഡോർ തുറക്കുന്നത് ശ്രെദ്ധയിൽ പെട്ടത്.. ഒന്ന് സംശയിച്ചുകൊണ്ട് ജഗ്ഗ് താഴെ വെച്ച് അവൾ അയാൾക്ക് പുറകെ പോയി..
” ആരാ..? ”
ഉള്ളിൽ അല്പം പേടി തോന്നിയെങ്കിലും അവൾ ചോദിച്ചു.. അയാൾ തിരിഞ്ഞ് അവളെ നോക്കി.. മാനവ് ആണെന്ന് കണ്ടതും അവൾ ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചു..
” ഇയാളോ.. ഇയാളെന്താ ഈ നേരത്ത് കള്ളനെ പോലെ പതുങ്ങി പോവുന്നേ..? ”
ലന മാനവിനെ നോക്കി നെറ്റി ചുളിച്ചു..
” താൻ ഉറങ്ങിയില്ലായിരുന്നോ..? ”
മാനവ് അവളോട് തിരികെ ചോദിച്ചു..
” ഞാൻ.. ഞാൻ വെള്ളം കുടിക്കാൻ എഴുന്നേറ്റത് ആണ്.. അപ്പോഴാ ഇയാളെ കണ്ടത്.. ”
” ഓഹ്.. ഞാൻ ഒന്ന് നടക്കാൻ ഇറങ്ങിയതാ..? ”
” ഈ നേരത്തോ..? ”
ലന ആചര്യത്തോടെ മാനവിനെ നോക്കി..
” ആഹ്.. താൻ ഈ നേരത്ത് നടക്കാൻ പോയിട്ടുണ്ടോ.. നല്ല രസാടോ.. ഇപ്പൊ വരുന്നോ..? ”
ആഹ്ലാദത്തോടെ ചോദിക്കുന്ന അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റാതെ അവൾ അങ്ങനെ തന്നെ നിന്നു.. അവളിൽ നിന്ന് മറുപടി കിട്ടാതായപ്പോൾ മാനവ് അവളുടെ കൈത്തണ്ടയിൽ പിടിച്ച് പുറത്തേക്ക് ഇറങ്ങി ശബ്‌ദം ഉണ്ടാക്കാതെ വാതിൽ മെല്ലെ അടച്ചു..
നിലാവിന്റെ വെട്ടത്തിൽ മുന്നോട്ട് നടക്കുമ്പോൾ രണ്ടാളുടെ ചുണ്ടിലും നേരിയ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. ആ പുഞ്ചിരി പരസ്പരം കൈ മാറാതെ രണ്ടാളും ഒളിച്ചു വെച്ചു..
” എല്ലാവരുടെ മുന്നിലും ഇതൊന്നും ഇഷ്ടമില്ലാത്ത പോലെ നടന്നിട്ട് രാത്രിയിൽ ഇങ്ങനെ ഒളിച്ച് പോകുവാണല്ലേ..? ”
നടക്കുന്നതിനിടയിൽ ലന മാനവിനെ മുഖം തിരിച്ച് നോക്കി..
” എന്തോ എനിക്ക് ഇതാണ് ഇഷ്ട്ടം.. പകലിനെക്കാൾ സൗന്ദര്യം രാത്രിക്ക് ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.. ഇവിടെ വരുമ്പോഴൊക്കെ ഞാൻ ഇങ്ങനെ ഇടയ്ക്ക് പോകാറുണ്ട്.. ഈ പ്രാവശ്യം വന്നപ്പോൾ ഇത് നാലാമത്തെ തവണയാണ്.. ”
മാനവ് ലനയെ നോക്കി കണ്ണ് ചിമ്മി..
ലന വിശ്വാസം വരാതെ വിടർന്ന കണ്ണുകളോടെ അവനെ നോക്കി.. പിന്നെ പുഞ്ചിരിയോടെ മുഖം തിരിച്ചു..
പിന്നെ ഒന്നും മിണ്ടാത്തെ രണ്ടാളും മുന്നോട്ട് നടന്നു.. ഇടയ്ക്കൊക്കെ സാരംഗ് ലനയെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.. ചെറുതായി തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.. കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾ അവൾ പിന്നിലേക്ക് ഒതുക്കി വയ്ക്കുന്നത് ചിരിയോടെ അവൾ നോക്കി..
നടന്ന് ഒരു വളവ് തിരിഞ്ഞപ്പോൾ ആദ്യം കണ്ട വീട്ടിലേക്ക് ലനയുടെ കണ്ണുകൾ ഉടക്കി.. ഇത് സ്വപ്നയുടെ വീട് അല്ലേ.. രോഹിണി ഒരിക്കൽ കാണിച്ചു കൊടുത്തത് ലന ഓർത്തു..
” താനാ കുന്ന് കണ്ടോ.. നമുക്ക് അതിന്റെ മുഖളിൽ പോയിരുന്നാലോ..? ”
മാനവിന്റെ ചോദ്യം കേട്ടതും അവൾ മുഖം തിരിച്ച് നോക്കി.. പിന്നെ ശരിയെന്നർത്ഥത്തിൽ തലയാട്ടി..
കുന്നിന് മുകളിൽ കയറുമ്പോൾ മാനവ് ലനയ്ക്ക് നേരെ കൈ നീട്ടി.. ഒന്ന് സംശയിച്ച് നിന്നെങ്കിലും പിന്നെ അവൾ അവന്റെ കയ്യിലേക്ക് കൈ ചേർത്തു.. ആ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് മാനവ് മുന്നോട്ട് നടന്നു..
കുന്നിന് മുകളിൽ എത്തിയപ്പോഴേക്കും തണുപ്പ് കൂടിയിരുന്നു.. വീതി കുറഞ്ഞ ഷോൾ കൊണ്ട് പുതയ്ക്കാൻ കഷ്ട്ടപെടുന്ന ലനയെ കണ്ടതും മാനവ് ഇട്ടിരുന്ന കോട്ട് ഊരി അവൾക്ക് നേരെ നീട്ടി.. ലന മാനവിന്റെ മുഖത്തേക്കും കോട്ടിലേക്കും മാറി മാറി നോക്കി.. അവൾ സംശയിച്ച് നിൽക്കുന്നത് കണ്ടതും മാനവ് കോട്ട് അവളുടെ പുറത്തേക്ക് ഇട്ടുകൊടുത്തു..
മാനവ് താഴെ ഇരുന്നതും അവനരികിൽ ലനയും ഇരുന്നു.. ലനയുടെ കണ്ണുകൾ മാനത്ത് തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളിലേക്ക് നീണ്ടു.. നക്ഷത്രങ്ങളെ വളരെ അടുത്ത് കാണും പോലെ.. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു..
” മാനവ്.. ഞാൻ.. ഞാൻ ഇയാളുടെ കണ്ണിൽ ഒന്ന് തൊട്ടോട്ടെ..? ”
മടിച്ചാണ് അവൾ ചോദിച്ചത്.. മാനവ് എന്താണെന്ന് മനസിലാവാതെ അവളെ നോക്കി..
” ഈ നക്ഷത്രത്തെ തൊടണമെന്ന് എനിക്ക് വല്ല്യ ആഗ്രഹം ആയിരുന്നു.. ഇയാളുടെ കണ്ണ് ആ നക്ഷത്രം പോലെ ആണ്.. ”
ആകാശത്ത് തിളങ്ങുന്ന കുഞ്ഞു നക്ഷത്രത്തെ ചൂണ്ടി കാണിച്ചുകൊണ്ട് അവൾ പറഞ്ഞു.. ചിരിയോടെ അവൻ കണ്ണടച്ച് കൊണ്ട് അവൾക്ക് നേരെ മുഖം നീട്ടി.. കൗതുകത്തോടെ അവൾ അവന്റെ രണ്ട് കണ്ണിലും തൊട്ടു..
” മതിയോ..? ”
അവൻ ചോദിച്ചതും ഉവ്വെന്നർത്ഥത്തിൽ അവൾ മെല്ലെ തലയാട്ടി.. പിന്നെയും രണ്ട് പേർക്കിടയിലും മൗനം കടന്നു വന്നു.. കുറച്ച് നേരം കഴിഞ്ഞതും എന്തോ ഓർത്തെന്ന പോലെ അവൾ അവനെ നോക്കി..
” മാനവ്.. ഇയാളെന്താ ആ കുട്ടിയെ പാടെ അങ്ങ് റിജക്റ്റ് ചെയ്ത് കളഞ്ഞത്..? ”
” ഏത് കുട്ടി..? ”
മാനവ് നെറ്റി ചുളിച്ച് അവളെ നോക്കി..
” സ്വപ്നയെ.. രോഹിണി പറഞ്ഞിരുന്നു എന്നോട്..? ”
” സ്വപ്നയോട് എനിക്ക് അങ്ങനെ ഒരിഷ്ട്ടം തോന്നിയിട്ടില്ലെടോ.. മനസ്സിൽ ഒരിക്കൽ പതിഞ്ഞു പോയൊരു മുഖം ഉണ്ട്.. ആ ആളോട് അല്ലാതെ ആരോടും ഒരിഷ്ട്ടവും തോന്നിയിട്ടില്ല.. ”
മാനവ് അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി..
” മറ്റൊരാളോ.. അതാരാ.. പറയാൻ താല്പര്യം ഉണ്ടെങ്കിൽ മതിട്ടോ.. ”
മാനവ് ഒന്ന് ചിരിച്ചു..
” ഞാൻ എഞ്ചിനീയറിംഗ് ഫൈനൽ ഇയർ പഠിക്കുമ്പോൾ.. എന്റെ സുഹൃത്ത് വിഷ്ണുവിന്റെ ചേച്ചിയുടെ കല്യാണത്തിന് പോവുന്ന വഴിക്ക് ആണ് ഞാൻ അവളെ ആദ്യമായി കണ്ടത്.. ഇരുവശവും നോക്കി ശ്രെദ്ധയോടെ റോഡ് ക്രോസ്സ് ചെയ്യുന്ന ഒരു പെൺകുട്ടി.. ആ നിമിഷം ഹൃദയം വല്ലാതെ തുടിച്ചുപോയി.. പേരോ വീടോ ഒന്നും അറിയില്ല.. എങ്കിലും ഹൃദയത്തിൽ എവിടെയോ അവൾ കൂട് കൂട്ടിയിരുന്നു.. പിന്നീടൊക്കെ ആ നിമിഷം ഓർക്കുമ്പോഴൊക്കെ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു..”
ആ ഓർമയിൽ അവനൊന്ന് ചിരിച്ചു..
‘ അപ്പോ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒക്കെ മുൻപേ കഴിഞ്ഞതാണ്.. ‘
അവൾ മനസ്സിൽ പറഞ്ഞതാണെങ്കിലും അവ്യക്തമായി അവനെന്തോ കേട്ടു..
” എന്താ പറഞ്ഞത്..? ”
” അല്ല.. പിന്നെ എപ്പോഴാ ആ കുട്ടിയെ കണ്ടത്..? ”
ആകാംഷയോടെ അവൾ ചോദിച്ചു..
” പിറ്റേന്ന് തന്നെ കണ്ടു..”
” എവിടെ വെച്ച് ”
ലന ആകാംഷയോടെ അവനെ നോക്കി..
” ആ ഫ്രണ്ടിന്റെ വീട്ടിൽ വെച്ച് തന്നെ.. അവിടെ കല്യാണ വീട്ടിൽ തിരക്കിട്ട് പണി എടുക്കുന്ന അവളെ കണ്ടപ്പോൾ ആദ്യം അത്ഭുതം തോന്നി.. എല്ല പണിയും ശ്രെദ്ധയോടെ ഒതുക്കത്തോടെ ചെയ്ത് ചുണ്ടിൽ നേർത്ത പുഞ്ചിരിയുമായി നിൽക്കുന്ന അവളെ എത്രയോ തവണ കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നിട്ടുണ്ട്.. വിഷ്ണുവിൽ നിന്ന് അവളെ പറ്റി അറിഞ്ഞപ്പോൾ കൂടുതൽ ഇഷ്ട്ടം തോന്നി.. എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതെ ജീവിക്കേണ്ടി വന്ന ഒരു പാവം ആയിരുന്നു അവൾ.. തുച്ഛമായ വരുമാനത്തിൽ പണി എടുത്ത് ആ കാശ് കൂട്ടിവെച്ച് പഠിക്കുന്ന ഒരു പാവം.. കൂടുതൽ കൂടുതൽ അറിഞ്ഞപ്പോൾ സ്നേഹത്തോടെ ഒപ്പം ബഹുമാനം കൂടി ആയിരുന്നു..”
നേർത്ത ഒരു ചിരിയോടെ മാനവ് പറഞ്ഞു…
” എന്നിട്ട് ഇയാള് ആ കുട്ടിയോട് ഇഷ്ട്ടം പറഞ്ഞോ..? ”
” ഇല്ല.. ഞാൻ പറഞ്ഞില്ലേ.. അങ്ങനെ ഒരു പ്രണയം അക്‌സെപ്റ് ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥയിൽ ആയിരുന്നില്ല അവളുടെ.. അതുകൊണ്ട് മനസ്സിൽ തന്നെ സൂക്ഷിച്ചു..”
പറഞ്ഞുകൊണ്ട് മാനവ് ഒന്ന് നിശ്വസിച്ചു..
” സാഹചര്യം അനുകൂലം ആയി ഇയാൾ ഇഷ്ട്ടപെടുന്ന ആളെ ഇയാൾക്ക് തന്നെ കിട്ടട്ടെ.. ”
ലന അവന്റെ മുഖത്തേക്ക് നോക്കി കണ്ണ് ചിമ്മി.. ഒന്നും മിണ്ടാതെ അവൻ അവളെ നോക്കിയിരുന്നു..
അവൾ നിലത്തേക്ക് കിടന്നുകൊണ്ട് കണ്ണുകൾ മെല്ല അടച്ചു.. ചിന്തിച്ചതൊക്കെ മാനവ് സ്നേഹിക്കുന്ന പെൺകുട്ടിയെ കുറിച്ച് ആയിരുന്നു.. എന്ത് ഭാഗ്യവതി ആണവൾ… ഓരോന്ന് ഓർത്ത് എപ്പോഴോ അവൾ ചെറുതായി മയങ്ങി..
മാനവ് നിലാവിന്റെ വെട്ടത്തിൽ തെളിഞ്ഞു കാണുന്ന അവളുടെ മുഖത്തേക്ക് നോക്കി.. ചുണ്ടിൽ മായാതെ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.. അവളിൽ നിന്ന് നോട്ടം പിൻവലിക്കാതെ അവൻ പതിയെ മൂളാൻ തുടങ്ങി..
” നീയറിയാതിനിയില്ലൊരു നിമിഷം
നീയില്ലാതിനിയില്ലൊരു സ്വപ്നം
നീയാണെല്ലാം എല്ലാം തോഴീ
അഴകേ കണ്മണിയേ അഴലിൻ പൂവിതളേ
മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു
മഴവിൽ ചിറകുള്ള കവിതേ
നീയെന്റെ കസ്തൂരി മാൻ കുരുന്ന്
എന്റെ കസ്തൂരി മാൻ കുരുന്ന്… ”
പാതിമയക്കത്തിൽ ലന അത് കേൾക്കുന്നുണ്ടായിരുന്നു…
( കാത്തിരിക്കുമല്ലോ.. )

by