രചന – നിള നന്ദ
ഹോസ്പിറ്റലിൽ ക്യാഷ്വലിറ്റിക്ക് പുറത്ത് വേവലാതിയോടെ നടക്കുക്കുന്ന സാരംഗിനെ മറ്റ് മൂന്ന് പേരും അതിശയത്തോടെ നോക്കി.. ടെൻഷനായി അവനെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെ ഒരു ഭാവത്തിൽ കാണുന്നത്.. ഒരു ചുവരിന് അപ്പുറം ശരീരത്തിൽ മുറിവേറ്റ് കിടക്കുന്നവൾ അവന്റെ പ്രിയപ്പെട്ട ആരോ ആണെന്ന് അവൻ പറയാതെ തന്നെ അവർക്ക് മനസ്സിലായിരുന്നു.. ” സാരംഗ്. നീ ഇങ്ങനെ ടെൻഷൻ ആവാതെ ഇവിടെ ഇരിക്ക്.. ആ കുട്ടിക്ക് ഒന്നും പറ്റിയിട്ടില്ല.. ” മുക്ത അവന്റെ കയ്യിൽ പിടിച്ച് അടുത്തുള്ള ചെയറിലേക്ക് ഇരുത്തി.. ‘ ശരിയാണ്.. അവൾക്ക് ഒന്നും സംഭവിക്കില്ല.’ ഒന്നും മിണ്ടാതെ മുക്തയുടെ തോളിലേക്ക് ചാരി അവൻ ആശ്വസിച്ചു.. നിഖിൽ സാരംഗിന്റെ സങ്കടം കണ്ട് വേദനയോടെ കുറച്ച് മാറി നിന്നു.. താൻ വേഗത്തിൽ കാർ ഓടിച്ചത് കൊണ്ടാണ് ആക്‌സിഡന്റ് പറ്റിയതെന്ന ധാരണയും സാരംഗിന്റെ വേദനയും കണ്ട് അവന്റെ കണ്ണ് നിറഞ്ഞു.. കുറച്ച് നേരം കഴിഞ്ഞ് റൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി.. ” ഡോക്ടർ എന്റെ ലന..? ” മുക്തയുടെ അരികിൽ നിന്ന് എഴുനേറ്റ് സാരഗ് നേർത്ത ശബ്‌ദത്തിൽ ചോദിച്ചു..
” ടെൻഷൻ ഒന്നും വേണ്ടാ.. നെറ്റിയിൽ ചെറിയ മുറിവ് ഉണ്ട്.. പിന്നെ കയ്യിലും.. ശെരിക്കും ഭക്ഷണം കഴിക്കാത്തതിന്റെ തളർച്ച ആണ്.. ഇപ്പോ നല്ല മയക്കം ആണ്.. കയറി കണ്ടോളൂ.. രാവിലെ ഡിസ്ചാർജ് ചെയ്യാം.. ” സാരംഗിന്റെ തോളിൽ ചെറുതായി തട്ടി ഡോക്ടർ പുഞ്ചിരിയോടെ പറഞ്ഞു.. ആശ്വാസത്തോടെ സാരംഗ് ശ്വാസം വിട്ടു.. മറ്റ് മൂന്ന് പേരുടെയും മുഖത്തും അത് പോലെ തന്നെ ആശ്വാസം ഉണ്ടായിരുന്നു.. ഡോക്ടർ പോയതും സാരംഗ് ആരെയും ശ്രെദ്ധിക്കാതെ ഡോർ തുറന്ന് അകത്തേക്ക് കയറി.. അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് അവൻ അലിവോടെ നോക്കി.. തലയിൽ വലിയ കെട്ട് ഉണ്ട്.. ഇടത്തേ കവിളിൽ ചെറിയ കോറൽ പറ്റിയതിന്റെ ചുവപ്പ് നിറം.. വലത്തേ ഉള്ളങ്കയ്യിൽ കെട്ടൽ ഉണ്ട്.. അവളുടെ ആ കിടപ്പ് കണ്ടപ്പോൾ സാരംഗിന്റെ ഉള്ളം തേങ്ങി.. വാത്സല്യത്തോടെ അവൻ അവളുടെ തലയിലെ കെട്ടിൽ മെല്ലെ തലോടി.. കൂടുതൽ നേരം അവിടെ നിൽക്കാതെ സാരംഗ് പുറത്ത് ഇറങ്ങി.. അവനെ നോക്കി മറ്റ് മൂന്ന് പേരും പുറത്ത് നിൽപ്പുണ്ടായിരുന്നു..
അവരെ നോക്കി അവൻ ചെറുതായൊന്ന് ചിരിച്ച് അടുത്തുള്ള ചെയറിൽ ഇരുന്നു.. ” സാരംഗ്.. ആ കുട്ടി നിന്റെ ആരാടാ.. നിന്റെ റിലേറ്റീവ് ആരെങ്കിലും ആണോ..? ” സാരംഗിന്റെ അടുത്തുള്ള ചെയറിൽ ഇരുന്ന് സന അവനെ നോക്കി.. മുക്തയുടെയും നിഖിലും അവന്റെ ഉത്തരത്തിനായി കാതോർത്തു.. അവൻ മുഖം തിരിച്ച് സനയെ ഒന്ന് നോക്കി.. പിന്നെ ദൂരത്തേക്ക് നോക്കി പുഞ്ചിരിച്ചു.. ” ബി ബി എ സെക്കൻഡ് ഇയർ പഠിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി അവളെ കാണുന്നത്.. അന്ന് ഇലക്ഷൻ സമയം ആയിരുന്നു.. എതിർ പാർട്ടിയുമായി ഉണ്ടായ എന്തോ ഒരു വാക്കേറ്റം.. അതോടുവിൽ അടിയിൽ എത്തി.. അടികൊണ്ട് ഒരുത്തൻ ലൈബ്രറിയിൽ ഓടി കയറി.. അവന്റെ പുറകെ പോയി അടിക്കുന്നതിന് ഇടയിൽ ഒരു സൈഡിൽ പേടിച്ച് പതുങ്ങി നിന്ന ഒരു പെൺകുട്ടി..
അതായിരുന്നു ലയന.. എന്റെ ലന.. അവളോട് പെട്ടന്ന് എന്തോ എനിക്കൊരു വാത്സല്യം തോന്നി.. അന്ന് പിന്നെ സംസാരിക്കാൻ ഒന്നും പറ്റിയില്ല.. അടിയുടെ പേരിൽ രണ്ടാഴ്ച സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ കോളേജിൽ എത്തിയപ്പോൾ അതെ ലൈബ്രറിയിൽ വെച്ച് പിന്നെയും അവളെ കണ്ടു.. അന്നും സംസാരിച്ചൊന്നും ഇല്ല.. പക്ഷേ എന്തോ ഒരു ആകർക്ഷീണിയത ഉണ്ടായിരുന്നു അവൾക്ക്.. പിന്നെ അവളെ കാണുന്നത് ഒരു പതിവ് ആയി..മിക്കവാറും ലൈബ്രറിയിൽ തന്നെ ആവും.. കാണുമ്പോഴൊക്കെ അവൾ തനിച്ച് ആവും.. ഒരിക്കൽ മഴയത്ത് നിന്ന് കോളേജ് വരാന്തയിലേക്ക് ഓടി കയറുന്നതിന് ഇടയിൽ കാല് തെന്ന് വീഴാൻ പോയപ്പോൾ ചേർത്ത് പിടിച്ചത് ഞാൻ ആയിരുന്നു.. അന്ന് അവൾ എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു.. ആദ്യമായിട്ടാണ് അവൾ ചിരിക്കുന്നത് ഞാൻ കണ്ടത്.. ഞാൻ തന്നെ ആണ് ഒരു സൗഹൃദത്തിന് മുൻകൈ എടുത്തത്.. ഫ്രീ ആവുമ്പോഴൊക്കെ ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്.. എന്നിൽ ഒരു വായനാശീലം ഉണ്ടാക്കിയത് അവൾ ആയിരുന്നു..
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം.. ” സാരംഗ് ആ ഓർമ്മകളിൽ പുഞ്ചിരിച്ചു.. ” ഡിഗ്രി കഴിഞ്ഞതിൽ പിന്നെ ഞാൻ എം ബി എ ചെയ്യാൻ ബാംഗ്ലൂർ വന്നത് കൊണ്ട് പിന്നെ അവളെ കണ്ടിട്ടില്ല.. ഇപ്പോ ഇങ്ങനെ ഒരവസ്ഥയിൽ.. ” സാരംഗ് മൂന്ന് പേരെയും നോക്കി.. ” ഇങ്ങനെ ഒരു സുഹൃത്തിനെ പറ്റി നീ എന്താ ഇത് വരെ ഒന്നും പറയാതിരുന്നത്..? ” നിഖിൽ അവനെ സംശയത്തോടെ നോക്കി.. ” അവളെ പറ്റി ഞാൻ ആരോടും പറയുന്നത് അവൾക്ക് ഇഷ്ട്ടം അല്ലായിരുന്നു.. ” സാരംഗ് ചിരിയോടെ പറഞ്ഞു.. ” സമയം കുറച്ച് ആയില്ലേ.. നിങ്ങൾ പോയി എന്തേലും കഴിക്ക്.. ” ” അപ്പോ നീയോ..? ” മുക്ത അവനെ നോക്കി.. ” എനിക്ക് ഇപ്പോ ഒന്നും വേണ്ടാ.. നിങ്ങൾ ചെല്ല്.. ” മൂന്നാളെയും നോക്കി അവൻ പറഞ്ഞു.. പിന്നെ കൂടുതൽ ഒന്നും പറയാതെ മൂന്നാളും കാന്റീനിലേക്ക് നടന്നു.. നടക്കുന്നതിനിടയിൽ സന തിരിഞ്ഞ് സാരംഗിനെ നോക്കി.. എന്തോ ഓർത്ത് ചെയറിൽ ഇരിക്കുകയായിരുന്നു സാരംഗ്.. സനയുടെ ചുണ്ടിൽ ഒരു വരണ്ട ചിരി മിന്നി മറഞ്ഞു
” നോ.. ” ഉറക്കെ നിലവിളിച്ചുകൊണ്ട് ലയന ബെഡിൽ എഴുന്നേറ്റിരുന്നു.. അവളുടെ നെറ്റിയിലും കഴുത്തിലും എല്ലാം വിയർപ്പ് തുള്ളികൾ പൊടിഞ്ഞിരുന്നു.. കണ്ട സ്വപ്നത്തിന്റെ ആഘാതത്തിൽ അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.. “എന്താ എന്ത് പറ്റി..? ” ശബ്‌ദം കേട്ട് പുറത്ത് നിന്ന് സാരംഗ് ഓടി വന്നു.. അവനെ ഒരുനിമിഷം കണ്ണെടുക്കാതെ അവൾ നോക്കി .. വണ്ടി തട്ടി ബോധം മറയുന്നതിന് മുൻപ് അവനെ കണ്ടത് അവൾ ഓർത്തു .. ” എന്താടാ..? ” അവളുടെ അരികിൽ ഇരുന്ന് വാത്സല്യത്തോടെ അവൻ ചോദിച്ചു.. തേങ്ങിക്കൊണ്ട് അവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു.. ” സാരംഗ്.. എനിക്ക്.. എനിക്ക് പേടി ആവുന്നു.. അയാൾ.. അയാളെന്നെ.. ദുഷ്ട്ടനാ അയാൾ.. എന്നെ പറഞ്ഞു വിടല്ലേ.. എനിക്ക് ആരും ഇല്ല.. എന്നെ ആർക്കും വേണ്ടാ.. ” അവളുടെ കണ്ണുനീർ അവന്റെ തോളിൽ വീണ് ചിതറി.. അവളുടെ ആ അവസ്ഥയിൽ അവന് വല്ലാത്ത വേദന തോന്നി.. ” നിനക്ക് ആരും ഇല്ലെന്ന് ആരാ പറഞ്ഞത്.. ഞാനില്ലേ.. മ്മ്.. ” അവളെ അടർത്തി രണ്ട് കവിളിലും കൈ വെച്ച് സ്നേഹത്തോടെ അവൻ പറഞ്ഞു.. അവൾ ഒന്നും മിണ്ടാതെ അവനെ ഒരുനിമിഷം നോക്കി..
പിന്നെ എന്തോ ഓർമയിൽ പേടിയോടെ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു.. ” അയാളെന്നെ കൊണ്ട് പോവും സാരംഗ്.. എന്നെ ജീവിക്കാൻ അനുവദിക്കില്ല.. അയാൾ വരും.. ” പിന്നെയും അവൾ തേങ്ങി കരഞ്ഞു.. ” ആരും വരില്ല.. ഞാനില്ലേ ഇവിടെ.. ഞാനുള്ളപ്പോ തന്നെ ആര് കൊണ്ട് പോവാനാ.. കിടന്നോ.. ” അവൻ അവളെ ബെഡിൽ കിടത്തി.. ” എവിടെയും പോവല്ലേ സാരംഗ്.. ” ” ഇല്ല.. ഇവിടെ തന്റെ അടുത്ത് തന്നെ ഉണ്ട്.. ” ഒരു കൈകൊണ്ട് അവളുടെ ഇടത്തെ കയ്യിൽ മുറുക്കെ പിടിച്ച് മറ്റേ കൈ കൊണ്ട് അവൻ അവളുടെ നെറുകയിൽ മെല്ലെ തലോടി.. അവനെ നോക്കി കിടന്ന് എപ്പോഴോ അവൾ ഉറങ്ങി.. രാവിലെ ആണ് പിന്നെ ലയന ഉണരുന്നത്.. കണ്ണ് തുറന്നതും അവൾ കാണുന്നത് ചെയറിൽ ഇരുന്ന് ബെഡിൽ തലവെച്ച് കിടക്കുന്ന സാരംഗിനെ ആണ്.. അവന്റെ കൈ അപ്പോഴും അവളുടെ കയ്യിനെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു.. മറു കൈകൊണ്ട് അവൾ അവന്റെ മുടിയിൽ മെല്ലെ തഴുകി.. ആ സ്പർശനത്തിൽ അവൻ ഉണർന്നു.. രണ്ടാളും പരസ്പരം നോക്കി ചിരിച്ചു.. ” ഉണർന്നോ രണ്ടും.. ഞങ്ങൾ വന്ന് നോക്കുമ്പോൾ നല്ല ഉറക്കം ആയിരുന്നു.. അതാണ് വിളിക്കാതിരുന്നത്.. ” നിഖിൽ റൂമിലേക്ക് കയറി വന്നുകൊണ്ട് പറഞ്ഞു.. പുറകെ മുക്തയും ഉണ്ടായിരുന്നു..
ലയന മനസിലാവാതെ രണ്ടാളെയും നോക്കി.. പിന്നെ സാരംഗിനെയും.. ” എന്റെ ഫ്രണ്ട്‌സ് ആണ്.. എം ബി എ ഒന്നിച്ച് ആയിരുന്നു.. ക്ലാസ്സ് എല്ലാം തീർന്ന് മുക്തയുടെ തറവാട്ടിൽ പോവുമ്പോഴാ തനിക്ക് ആക്‌സിഡന്റ് ആയി കണ്ടത്.. ” സാരംഗ് അവളെ നോക്കി പറഞ്ഞു.. അവൾ അവരെ നോക്കി ചിരിച്ചു.. ” ഇത് നിഖിൽ.. ഇത് മുക്ത.. ഒരാളും കൂടെ ഉണ്ട് സന.. അവളെവിടെ.. ” അവരെ ലയനയ്ക്ക് പരിചയപെടുത്തുന്നതിന് ഇടയിൽ സാരംഗ് അവരോട് ചോദിച്ചു.. ” സന പുറത്ത് ഉണ്ട്.. ഇത് നിങ്ങൾക്ക് ഉള്ള ഫുഡ് ആണ്.. രണ്ടാളും കഴിക്ക്.. ഞങ്ങൾ പുറത്ത് കാണും.. ” കയ്യിൽ ഇരുന്ന. കവർ സാരംഗിന്റെ കയ്യിൽ കൊടുത്ത് മുക്ത നിഖിലിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.. ലയനയുടെ കയ്യിൽ മുറിവ് ആയതിനാൽ സാരംഗ് തന്നെയാണ് അവൾക്ക് വാരി കൊടുത്തത്.. ദോശ ഓരോ കഷ്ണം പൊട്ടിച്ചെടുത്ത് സാമ്പാറിൽ മുക്കി കൊടുത്തത് നിരസീക്കാതെ അവൾ കഴിച്ചു.. ഒരുപാട് നാളുകൾക്ക് ശേഷം സമനസറിഞ്ഞു കഴിക്കുന്നത് കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു..
കഴിച്ച് കഴിഞ്ഞ് അവൻ അവൾക്കരികിൽ ഇരുന്നു.. ” ഇനി പറയ്.. എന്താ തന്റെ പ്രശ്നം.. ഇങ്ങനെ ഒരു അവസ്ഥയിൽ ചോദിക്കേണ്ടെന്ന് കരുതിയത് ആണ്.. പക്ഷേ കാര്യം അറിയാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. പറ ലന.. എന്താ തനിക്ക്.. ” അവന്റെ വാക്കുകൾ കേട്ട് ഒരുനിമിഷം അവൾ നിശബ്തമായി.. നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ അവനെ നോക്കി.. ” നിനക്ക് അറിയാലോ സാരംഗ്.. വീട്ടിൽ ഞാൻ എന്നും ഒരു അതികപറ്റ് ആയിരുന്നു.. ഒരുപാട് ബുദ്ധിമുട്ടി ആണ് ജീവിച്ചത്.. പഠിച്ച് ഒരു ജോലി വാങ്ങണം എന്നൊക്കെ ഉണ്ടായിരുന്നു.. പക്ഷേ ഡിഗ്രി കഴിഞ്ഞതും അച്ഛൻ ഒരു കല്യാണം ഉറപ്പിച്ചു.. എതിർത്തു നോക്കി.. അതെല്ലാം വെറുതെ ആയി.. കല്യാണം കഴിഞ്ഞാൽ എങ്കിലും ഒരു നല്ല ജീവിതം ആശിച്ചു.. അതും ഉണ്ടായില്ല.. എരുത്തിയിൽ നിന്ന് വരിച്ചട്ടിയിലേക്ക് എന്ന് പറഞ്ഞത് പോലെ.. അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല.. ശരീരികവും മാനസികവുമായ പീഡനം.. ഭക്ഷണം പോലും തരാതെ പട്ടിണിക്കിടൽ.. കിടപ്പ് മുറിയിൽ പോലും അയാളെന്നെ കൊല്ലാതെ കൊന്നു.. എല്ലാം സഹിച്ചു.. പക്ഷേ.. ” അവളൊന്ന് നിർത്തി അവനെ നോക്കി..
” എന്താ.. പറയ്.. ” നെറ്റി ചുളിച്ച് സാരംഗ് അവളെ നോക്കി.. ” ഇന്നലെ.. ഇന്നലെ അയാൾ അയാളുടെ സുഹൃത്തിനെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു സാരംഗ്.. ഞാൻ.. ഞാൻ അതെങ്ങനെ സഹിക്കും.. ” അവന്റെ തോളിലേക്ക് ചാരി അവൾ ഉറക്കെ കരഞ്ഞു.. അവളെ ചേർത്ത് പിടിച്ചു ആശ്വസിക്കുമ്പോഴും സാരംഗിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.. ” കയ്യിൽ കിട്ടിയ എന്തോ എടുത്ത് ഞാൻ അയാളുടെ തലയിൽ അടിച്ചു.. എന്റെ ഭർത്താവ് എന്ന് പറയുന്നവന്റെ മുഖത്തേക്ക് കഴുത്തിൽ കിടന്ന താലി പൊട്ടിഞ്ഞെറിഞ്ഞ ഞാൻ അവിടെന്ന് ഇറങ്ങിയത്.. അത്രയ്ക്ക് മടുത്തു എനിക്ക്.. വീട്ടിൽ ചെന്നപ്പോൾ അവിടെന്നും ഇറക്കി വിട്ടു.. ഞാൻ അയാളുടെ സുഹൃത്തിനെ വശീകരിച്ച് റൂമിൽ വിളിച്ചു കയറ്റി എന്ന അയാൾ അവരോട് പറഞ്ഞത്..അച്ഛൻ പോലും എന്നെ ഒന്ന് കേട്ടില്ല.. എന്തൊരു ജന്മ സാരംഗ് എന്റെ.. ആർക്കും വേണ്ടാതെ.. ” എത്ര അടക്കിയിട്ടും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകികൊണ്ടേ ഇരുന്നു..
” നീ ഇങ്ങനെ ടെൻഷൻ ആവാതെ.. ഞാൻ ഇല്ലേ നിനക്ക്.. സമാധാനായിരിക്ക്.. ഞാൻ ഇപ്പോ വരാം.. ” അവളുടെ കണ്ണ് തുടച്ച് തോളിൽ തട്ടി ബെഡിൽ ചാരി ഇരുത്തി അവൻ പുറത്തേക്ക് ഇറങ്ങി.. പുറത്ത് ഇറങ്ങിയതും അവൻ നേരേ പോയത് മുക്തയുടെ അരികിലേക്ക് ആണ്.. ” എന്താടാ.. ” അവന്റെ നിൽപ്പ് കണ്ട് മുക്ത സംശയത്തോടെ തിരക്കി.. ” അത് മുക്ത.. ലനയെ നമ്മുടെ ഒപ്പം തന്റെ തറവാട്ടിലേക്ക് കൂട്ടാമോ.. അവൾക്കിപ്പോ വീട്ടിലേക്ക് പോവാൻ പറ്റാത്ത അവസ്ഥ ആണ്.. ” സാരംഗിന്റെ മറുപടി കേട്ട് മുക്ത അവനെ രൂക്ഷമായി നോക്കി.. ” എടാ.. നിന്റെ ഫ്രണ്ട് എന്ന് പറഞ്ഞാൽ ഞങ്ങടെയും ഫ്രണ്ട് അല്ലേ.. പിന്നെന്താ ഇങ്ങനെ ഒരു മുഖവര..” അവന്റെ വയറിൽ മെല്ലെ ഇടിച്ചോണ്ട് അവൾ പറഞ്ഞു.. വയറിൽ തടവി അവൻ സന്തോഷത്തോടെ ചിരിച്ചു… ≠≠≠≠≠
” ഞാൻ വരുന്നില്ല സാരംഗ്.. ഞാൻ അച്ഛമ്മയുടെ അടുത്ത് പൊക്കോളാം.. ” മുക്തയുടെ വീട്ടിലേക്ക് പോവുന്ന കാര്യം കേട്ടപ്പോൾ ലയന ആദ്യമേ എതിർത്തു.. ” ആഹ് ബെസ്റ്റ്.. അവിടെ എത്തേണ്ട താമസം നീ തിരികെ അയാളുടെ അടുത്ത് തന്നെ എത്താൻ.. അതോണ്ട് ഇപ്പോ കൂടുതൽ ഒന്നും പറയാതെ ഞങ്ങടെ കൂടെ പോര്.. ബാക്കിയൊക്കെ അവിടെ ചെന്നിട്ട് ആലോചിക്കാം.. ” ” സാരംഗ് ഞാൻ.. ” ” വേണ്ടാ.. ഒന്നും പറയണ്ട.. നമ്മൾ പെട്ടെന്ന് പോകന്നു.. ” കൂടുതൽ ഒന്നും അവളെ പറയാൻ സമ്മതിക്കാതെ സാരംഗ് അവളുടെ ബാഗ് എടുത്തു.. ലയനയെ ചേർത്ത് പിടിച്ച് കാറിന്റെ അടുത്തേക്ക് നടക്കുന്ന സാരംഗിനെ സന കണ്ണെടുക്കാതെ നോക്കി നിന്നു.. ഹൃദയത്തിൽ അപ്പോൾ നുരഞ്ഞു പൊന്തുന്ന വികാരം എന്തെന്ന് അവൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായില്ല.. മുഖം തിരിച്ച് അവൾ നിഖിലിന്റെ ഒപ്പം കാറിൽ കയറി.. സാരംഗിന്റെ ഒപ്പം മുന്നിൽ ഇരുന്നത് മുക്തയാണ്.. ലയന പുറകിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ നോക്കി.. ഇടയ്ക്ക് എപ്പോഴോ തല വേദനിക്കുന്നതായി തോന്നിയതും അവൾ കണ്ണുകൾ അടച്ച് കിടന്നു..
ഏറെ നേരത്തെ യാത്രയ്ക്ക് ഒടുവിൽ കാർ ഒരു വലിയ ഇരുനില വീടിന്റെ മുന്നിൽ ചെന്ന് നിന്നു.. അവർക്ക് തൊട്ട് പുറകെ നിഖിലിന്റെ കാറും വന്നു.. കാറിൽ നിന്ന് ലയനയെ സാരംഗ് പിടിച്ചിറക്കി.. കാർ വന്ന ശബ്‌ദം കേട്ട് ഒത്തിരി പേർ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു. ലയന ചുറ്റും കണ്ണോടിച്ചു നോക്കി.. പുറത്തേക്ക് ഇറങ്ങി വന്നവരെയും.. ഇടത് കൈകൊണ്ട് അവൾ സാരംഗിന്റെ കയ്യിൽ മുറുകെ പിടിച്ചു.. പരിചയം ഇല്ലാത്തവരെ കണ്ടാൽ അച്ഛന്റെയും അമ്മയുടെയും പിന്നിൽ പേടിച്ചോളിക്കുന്ന കുഞ്ഞിന്റെ മുഖഭാവം ആയിരുന്നു അവൾക്ക്.. സാരംഗ് മറ്റേ കൈ അവളുടെ കൈക്ക് മേലെ വെച്ച് അവളെ നോക്കി കണ്ണ് ചിമ്മി.. ഞാൻ കൂടെ ഉണ്ട്.. എന്നും.. എപ്പോഴും.. ( കാത്തിരിക്കുമല്ലോലെ..) വായിച്ചു ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ.. 😊

by