20/04/2026

ലയനം : ഭാഗം 18

രചന – നിള നന്ദ

മുറ്റത്ത് മാവിൻ ചുവട്ടിൽ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു സാരംഗ്.. ലന അവനെ കണ്ടതും അവനടുത്തായി ഇരുന്നു..

” നീ എന്താ സാരംഗ് ഇവിടെ തനിയെ വന്നിരിക്കുന്നേ.. ”

സാരംഗ് മുഖം തിരിച്ച് അവളെ നോക്കി.. ഒരുനിമിഷം അവളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ അവൻ ഒന്നും പറഞ്ഞില്ല..

” നീ എന്തിനാ സനയുടെ ഒപ്പം നടക്കുന്നേ.. അവൾ നിന്നോട് ചെയ്തത് ഒന്നും മറന്നിട്ടില്ലല്ലോ.. ”

ആ ഓർമയിൽ അവന്റെ ഹൃദയം നൊന്തു.. അവളിൽ നിന്ന് മുഖം തിരിച്ച് അവൻ ദൂരേക്ക് നോക്കി..

” സന ഒരു പാവം ആണ് സാരംഗ്.. ”

അവളുടെ ശബ്‌ദം നന്നേ നേർത്തിരുന്നു..

” പാവം ആണെന്ന് തന്നെയാ ഞാൻ കരുതിയിരുന്നത്.. പക്ഷേ അവൾ ചെയ്തത് എന്താ.. നീ ഇനി അവളുടെ കൂടെ നടന്ന് ഓരോ ആപത്തിൽ ചെന്ന് ചാടണ്ട.. ”

മുഖം തിരിച്ച് അവൻ അവളെ നോക്കി..

” അന്ന് അവൾക്ക് ഒരു അബദ്ധം പറ്റിയത് അല്ലേ.. അത് ക്ഷമിക്കാവുന്നത് അല്ലേ ഉള്ളൂ.. അവൾക്കിപ്പോ എന്നോട് വല്ല്യ സ്നേഹം ആണ്.. ”

” മനഃപൂർവം ഒരാളെ തള്ളി ഇടുന്നതാണോ അബദ്ധം.. എനിക്കത് ഒരിക്കലും ക്ഷമിക്കാൻ ആവില്ല ലന.. പിന്നെ നിന്നോട് ഇപ്പോ അവൾക്ക് വല്ല്യ സ്നേഹം ആണെന്ന് പറഞ്ഞില്ലേ.. അത് എന്ത് കൊണ്ട് ആണെന്ന് ചിന്തിച്ചിട്ടുണ്ടോ നീ.. നമ്മൾ തമ്മിൽ പ്രേമം ഒന്നും ഇല്ലെന്ന് മനസിലായത് കൊണ്ട്.. അതവൾ അറിഞ്ഞില്ലെങ്കിലോ.. ”

സാരംഗ് ദേഷ്യത്തിൽ പല്ല് ഞെരിച്ചു..
ലന അവന്റെ മുഖഭാവങ്ങൾ കണ്ണെടുക്കാതെ നോക്കി ഇരുന്നു..

” അവൾ അത് അറിഞ്ഞില്ലെങ്കിലും എന്നെ സ്നേഹിക്കുമായിരുന്നു സാരംഗ്.. നിന്നോട് ഉള്ള സ്നേഹം കൊണ്ടും നിന്നെ നഷ്ടപ്പെടുമോ എന്നുള്ള ഭയം കൊണ്ടും എന്തൊക്കെയോ ചെയ്തെന്നെ ഉള്ളൂ.. എങ്കിലും അവളുടെ മനസ്സ് നല്ലതാ.. അത് ഈ നേരം കൊണ്ട് എനിക്ക് മനസിലായതാണ്.. ”

ലനയുടെ വാക്കുകൾ ശാന്തമായിരുന്നു..

” എന്നോടുള്ള സ്നേഹം.. എന്നോട് ശരിക്കും സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവൾ ഇങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു.. ഒരുവാക്ക് എന്നോട് തുറന്ന് സംസാരിക്കുമായിരുന്നു.. അല്ലാതെ.. ”

ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് അവൻ മാറി നിന്നു..

” സന നിന്നെ സ്നേഹിക്കുന്നത് പോലെ നീ അവളെ തിരിച്ച് സ്നേഹിക്കണം എന്ന് ഞാൻ പറയില്ല.. പക്ഷേ ഇങ്ങനെ വെറുക്കരുത്.. അതിന് മാത്രം ദുഷ്ട്ട ഒന്നുമല്ല അവൾ.. ”

ലന അവനരികിൽ വന്ന് നിന്നു.. മറുപടി പറയാതെ അവൻ ദൂരേക്ക് നോക്കി നിന്നു.. അവനെ ഒന്ന് നോക്കി അവൾ മുന്നോട്ട് നടന്നു.. പേരറിയാത്ത എന്തോ ഒരു നൊമ്പരം അവന്റെ ഹൃദയത്തെ ആകെ മൂടി..

*********************

ബാൽക്കണിയിലെ കൈവരിയിൽ കൈകളൂന്നി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ലന.. സന അവളുടെ അരികിൽ വന്ന് നിന്ന് അവളുടെ മുഖത്തേക്ക് നോക്കി..

” എന്താണ് മുഖത്തിന്‌ ഒരു വാട്ടം.. ”

” ഏയ്യ് ഒന്നില്ല.. ”

ലന മുഖം തിരിച്ച് സനയെ നോക്കി..

” അത് വെറുതെ.. എന്തോ ഉണ്ട്.. കുറച്ച് മുൻപ് വരെ നല്ല ഹാപ്പി ആയിരുന്നല്ലോ.. പെട്ടന്ന് എന്താ പറ്റിയത്.. ”

സന ലനയുടെ താടിയിൽ പിടിച്ച് കൊണ്ട് ചോദിച്ചു.

” ഞാൻ ഒരു കാര്യം ചോദിക്കട്ടെ..? ”

” അതിന് എന്തിനാ ഒരു മുഖവര.. ചോദിക്ക്.. ”

” സന സ്നേഹിക്കുന്നത് പോലെ സാരംഗ് ഒരിക്കലും തന്നെ സ്നേഹിച്ചില്ലെങ്കിലോ.. ”

അത് കേട്ടതും സനയും മുഖം പെട്ടന്ന് വാടി..

” എന്താ സാരംഗ് അങ്ങനെ വല്ലതും പറഞ്ഞോ.. ”

അവളുടെ ശബ്ദത്തിലെ വേദന ലനയ്ക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു..

” ഏയ്യ്.. അവൻ അങ്ങനെ ഒന്നും പറഞ്ഞില്ല.. വെറുതെ ചോദിച്ചെന്നേ ഉള്ളൂ.. ”

ലന അവളിൽ നിന്ന് മുഖം തിരിച്ചു..

” പപ്പ എന്നോ എന്നോട് പറഞ്ഞ ഒരു കാര്യം ഉണ്ട്.. നമ്മൾ സ്നേഹിക്കുന്ന പോലെ ഒരാൾ നമ്മളെ തിരികെ സ്നേഹിക്കണം എന്നില്ലെന്ന്.. നമുക്ക് ഒരാളെ സ്നേഹിക്കാൻ അവകാശം ഉള്ളത് പോലെ അവർക്ക് നമ്മളെ സ്നേഹിക്കാതിരിക്കാനുള്ള അവകാശവും ഉണ്ടെന്ന്.. അന്ന് അത് ഉൾകൊള്ളാൻ എന്റെ മനസ്സ് അനുവദിച്ചില്ല.. പക്ഷേ ഇപ്പോ.. എനിക്ക് സാരംഗിനെ ഇഷ്ട്ടം ആണ്.. അവനും എന്നെ സ്നേഹിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ട്.. പക്ഷേ നിർബന്ധം ഇല്ല.. ”

അവളൊന്ന് ചിരിക്കാൻ ശ്രെമിച്ചു..
മറുപടി പറയാതെ ലന അവളെ നോക്കി.. എല്ലാം കേട്ട് സാരംഗ് പിന്നിൽ നിൽക്കുന്നത് രണ്ടാളും കണ്ടിരുന്നില്ല..

************************

രാത്രിയിൽ ഭക്ഷണം കഴിച്ച് കിടക്കുന്നതിന് മുൻപ് അച്ഛനോടും അമ്മയോടും കുറച്ച് നേരം സംസാരിച്ചിരിക്കാൻ അവരുടെ അടുത്തേക്ക് ചെന്നതായിരുന്നു മുക്ത.. അകത്ത് അവരുടെ സംസാരം കേട്ടപ്പോൾ അവൾ ശബ്‌ദം ഉണ്ടാക്കാതെ പുറത്ത് നിന്നു..

” അശോക് ഈ പ്രൊപോസലിന്റെ കാര്യം പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി.. നമ്മുടെ മുമ്മുവിന്റെ കല്യാണ കാര്യം നമ്മൾ ഇതുവരെ ചിന്തിച്ചിരുന്നില്ലല്ലോ.. അവളിപ്പോഴും നമ്മുടെ കുഞ്ഞല്ലേ.. ”

ശിവനാഥ്‌ പറയുന്നത് കേട്ട് മുക്ത ഞെട്ടി..

” മുമ്മുനോട് അഭിപ്രായം ചോദിക്കണ്ടേ.. ”

മീര ചോദിച്ചു..

” അതിന് നമ്മളിത് ഉറപ്പിച്ചിട്ടൊന്നും ഇല്ലല്ലോ.. അശോക് ഒന്ന് സൂചിപ്പിച്ചു.. ഞാൻ ആലോചിക്കട്ടെ എന്നും പറഞ്ഞു.. ആദ്യം ശ്രെയമോൾടെ കല്യാണം കഴിയട്ടെ.. എന്നിട്ട് നമുക്ക് ഇതേ പറ്റി അവളോട് ചോദിക്കാം.. ”

ശിവനാഥ്‌ പറഞ്ഞതും മീര മൂളി..
എല്ലാം കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു മുക്ത.. ഹൃദയത്തിൽ ഒരു കല്ലെടുത്ത് വെച്ചപോലെ തോന്നി അവൾക്ക്.. അകത്തേക്ക് കയറാതെ അവൾ തിരിഞ്ഞു റൂമിലേക്ക് നടന്നു..

” എന്താടി എന്ത് പറ്റി.. ”

ബെഡിൽ എന്തോ ഓർത്ത് ഇരിക്കുന്ന മുക്തയെ തട്ടിവിളിച്ച് ശ്രേയ ചോദിച്ചു..

” ഒന്നുല്ല വെറുതെ.. ”

അത്രയും പറഞ്ഞ് അവൾ വേഗം കിടന്നു..
എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല.. അവളുടെ മനസ്സ് പലവിധ ചിന്തകളാൽ കുഴഞ്ഞു മറിഞ്ഞിരിക്കുകയായിരുന്നു..

**************************

രാവിലെ ലന ഫ്രഷ് ആയി റൂമിലേക്ക് കടക്കുമ്പോൾ കാണുന്നത് രോഹിണി നഖവും കടിച്ച് ടെൻഷൻ ആയി നടക്കുന്നതാണ്..

” എന്താണ് ഇത്രയും ആലോചന.. ”

ലന തല തുവർത്തികൊണ്ട് അവളെ നോക്കി..

” ചേച്ചി മറന്നോ ഇന്നല്ലേ റിസൾട്ട്‌ വരുന്നത്.. ”

നടത്തം നിർത്തി രോഹിണി ലനയെ നോക്കി..

” ഞാൻ മറന്നിട്ടൊന്നും ഇല്ല.. എപ്പോഴാ റിസൾട്ട്‌ വരുന്ന സമയം.. ”

” പതിനൊന്ന് മണി.. ”

” ആഹ് ഇനിയും രണ്ട് മണിക്കൂർ ഉണ്ടല്ലോ.. നമുക്ക് ഇപ്പോ പോയി ബ്രേക്ഫാസ്റ് കഴിക്കാം.. ”

” എനിക്ക് വിശപ്പ് ഇല്ല ചേച്ചി.. ”

രോഹിണി നഖം കടിച്ചുകൊണ്ട് പറഞ്ഞു..

” വിശപ്പ് ഇല്ലെന്ന് പറഞ്ഞ് നിനക്ക് ഈ നഖം മുഴുവൻ തിന്നാൻ അല്ലേ.. തത്കാലം അത് വേണ്ടാ.. വാ വലിയമ്മ അവിടെ സ്പെഷ്യൽ ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്..”

ലന നിർബന്ധിച്ച് അവളെ കൂട്ടി താഴേക്ക് പോയി..

ഡൈനിങ്ങ് ടേബിളിൽ എല്ലാരും നേരത്തെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടായിരുന്നു.. സനയും രോഹനും അടുത്തടുത്തായാണ് ഇരുന്നിരുന്നത്.. അവർക്ക് അരികിലുള്ള ഒഴിഞ്ഞ ചെയറിൽ ലനയും രോഹിണിയും ഇരുന്നു..

മുക്തയുടെ എതിർവശത്ത് ആയിട്ടാണ് നിഖിൽ ഇരുന്നിരുന്നത്.. രാവിലേ മുതൽ മുക്തയുടെ മുഖത്തുള്ള വാട്ടം അവൻ ശ്രെദ്ധിച്ചിരുന്നു.. കണ്ണെടുക്കാതെ അവൻ അവളെ തന്നെ നോക്കി ഇരുന്നു.. പെട്ടെന്ന് മുഖം ഉയർത്തി മുക്ത നിഖിലിനെ നോക്കി.. എന്തുപറ്റിയെന്ന അർത്ഥത്തിൽ അവൻ മുഖം അനക്കി ചോദിച്ചു.. ഒന്നുമില്ലെന്ന് അവൾ തലയനക്കി പറഞ്ഞ് അവൾ വേഗം മുഖം താഴ്ത്തി.. നിഖിലിന് എന്തോ അസ്വസ്ഥത തോന്നി.. വെറുതെ കഴിച്ചെന്ന് വരുത്തി അവൻ എഴുനേറ്റ് പോയി..

മാനവ് ലാപ്പിൽ റിസൾട്ട്‌ നോക്കുമ്പോൾ അവന് എതിരായി രോഹനും രോഹിണിയും നിന്നു.. രണ്ടാൾക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു..
റിസൾട്ട്‌ നോക്കി കഴിഞ്ഞതും മാനവ് ലാപ് അടച്ച് അവർക്ക് നേരേ എഴുനേറ്റ് നിന്നു.. രോഹിണിയും രോഹനും പരസ്പരം മുഖത്തോട് മുഖം നോക്കി..

” രണ്ടാൾക്കും 85% മുകളിൽ ഉണ്ട്.. ”

മാനവ് പറഞ്ഞതും രണ്ടാളുടെയും മുഖം വിടർന്നു.. സന്തോഷം കൊണ്ട് രണ്ടാളും കെട്ടിപിടിച്ചു..

” അമ്മയ്ക്ക് സന്തോഷം ആയി.. ”

സുമ രണ്ടാളുടെയും കവിളിൽ തലോടി പറഞ്ഞു..

” എന്റെ മക്കൾക്ക് നല്ല മാർക്ക് കിട്ടിയത് അല്ലേ.. ആ സന്തോഷത്തിൽ വല്യമ്മയുടെ വക രണ്ടാൾക്കും ഇഷ്ട്ടപെട്ട പാലട ഉണ്ടാക്കാം.. ”

ലത അവരെ നോക്കി പറഞ്ഞു..

” ഹോ വല്യമ്മ മുത്താണ്.. ”

രോഹിണി അവരുടെ കവിളിൽ ഒരുമ്മ കൊടുത്തു.

” രണ്ടാൾക്കും ഇപ്പോ സമാധാനം ആയോ.. ”

ലന രണ്ടാളെയും നോക്കി ചോദിച്ചു..

” പിന്നില്ലാതെ.. ”

രണ്ടാളും ഒരുപോലെ പറഞ്ഞു…
ലന ചിരിയോടെ രണ്ടാളെയും നോക്കി..

സാരംഗിന്റെയും നിഖിലിന്റെയും റൂമിൽ സംസാരിച്ചിരിക്കുകയായിരുന്നു എല്ലാവരും.. മുക്തയുടെ മുഖത്തേക്ക് നോക്കുമ്പോഴൊക്കെ അവന് മനസ്സിലെ അസ്വസ്ഥത കൂടി കൂടി വന്നു..

സനയുടെ തോളിൽ തല ചായ്‌ച്ച് അവളോട് ചേർന്നിരിക്കുകയായിരുന്നു ലന.. സാരംഗിന്റെ കണ്ണുകൾ അവരുടെ നേർക്ക് നീണ്ടു.. ഒരുനിമിഷം കണ്ണെടുക്കാതെ അവൻ അവരെ നോക്കി.. പിന്നെ എന്തോ ഓർമയിൽ പെട്ടന്ന് മുഖം തിരിച്ചു..

” മാനു.. നീ ഒരു പാട്ട് പാട്.. എത്ര നാളായി നീ പാടുന്നത് കേട്ടിട്ട്.. ”

ശ്രേയ മാനവിനെ നോക്കി പറഞ്ഞു..

” ഏയ്യ്.. ഇപ്പോ പാടിയ ശരിയാവില്ല.. ”

മാനവ് പെട്ടന്ന് പറഞ്ഞു..

” ഒന്ന് പാടടാ.. ഇവരാരും നീ പാടുന്നേ കെട്ടിട്ടില്ലല്ലോ.. ”

ശ്രേയ വീണ്ടും പറഞ്ഞു..

” അത്ര ജാഡ ഉള്ളവരെ നിർബന്ധിക്കണ്ട ചേച്ചി.. ”

ലന പെട്ടന്ന് പറഞ്ഞതും മാനവ് മുഖം തിരിച്ച് അവളെ നോക്കി.. കവിളിൾ രണ്ടും വീർപ്പിച്ച് ചുണ്ട് രണ്ട് വശത്തേക്കും ആക്കി അവൾ മുഖം തിരിച്ചു..
മാനവിന് പെട്ടന്ന് ചിരി വന്നെങ്കിലും അവനത് നിയന്ത്രിച്ചു..

” ഒന്ന് പാട് ഏട്ടാ.. പ്ലീസ്.. ”

രോഹിണി കൊഞ്ചലോടെ പറഞ്ഞു..

മാനവ് കണ്ണുകൾ അടച്ചു.. അവന്റെ മനസ്സിൽ ലനയെ ആദ്യമായി കണ്ട നിമിഷം കടന്നു വന്നു.. ചുണ്ടിന്റെ കോണിൽ ആരും കാണാതെ ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.. കണ്ണ് തുറക്കാതെ തന്നെ അവൻ പാടി..

” മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും..

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍..”

പാടി കഴിഞ്ഞതും മാനവ് കണ്ണ് തുറന്ന് ലനയെ നോക്കി.. അവളുടെ നോട്ടവും അവനിൽ ആയിരുന്നു.. ഒരുനിമിഷം രണ്ടാളുടെയും കണ്ണുകൾ കോർത്തു..

( കാത്തിരിക്കുമല്ലോ.. )