21/04/2026

ലയനം 21

രചന -നിള നന്ദ

മുറ്റത്തെ മാവിൻ ചുവട്ടിൽ എന്തോ ഓർത്ത് ഇരിക്കുകയായിരുന്നു മുക്ത.. ചുണ്ടിൽ ഒരിളം പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.. അവളെ നോക്കി വന്ന നിഖിൽ ആ കാഴ്ച കണ്ട് കാര്യം മനസിലാവാതെ മുഖം ചുളിച്ചു..

” ഈ ലോകത്ത് ഒന്നും അല്ലെന്ന് തോന്നുന്നു.. നേരത്തെ കണ്ട സങ്കടം ഒന്നും ഇപ്പൊ മുഖത്ത് ഇല്ലല്ലോ.. ”

നിഖിൽ മുക്തയുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു..
മുഖം ചരിച്ച് അവൾ അവനെ നോക്കി.. അവനെ കണ്ടതും ചുണ്ടിൽ തെളിഞ്ഞു നിന്ന പുഞ്ചിരിക്ക് കൂടുതൽ തെളിച്ചം വന്നിരുന്നു..

” വെറുതെ ഒരു സന്തോഷം.. ”

കുസൃതിയോടെ അവൾ പറഞ്ഞു..

” ആ സന്തോഷം എന്നോട് കൂടെ ഒന്ന് പറയടോ.. ഞാനും കൂടി ഒന്ന് സന്തോഷിക്കട്ടെ.. ”

അതേ കുസൃതിയോടെ അവൻ തിരിച്ച് പറഞ്ഞു..

ഒരുനിമിഷം അവൾ അവന്റെ കണ്ണിലേക്ക് തന്നെ നോക്കി..

” ഐ ലവ് യൂ.. ”

പെട്ടന്ന് അവൾ പറഞ്ഞത് കേട്ട് അവൻ പകപ്പോടെ അവളെ നോക്കി.. അവളുടെ കണ്ണിലെ കുസൃതിയും ചുണ്ടിലെ പുഞ്ചിരിയും കണ്ടപ്പോൾ അവന്റെ ഹൃദയം തുടികൊട്ടി..

” എനിക്ക് ഇഷ്ട്ടമാണ് നിന്നെ.. എന്തോ ലൈഫ് ലോങ്ങ്‌ നീ കൂടെ വേണം എന്നാണ് എന്റെ ആഗ്രഹം.. മറുപടി എന്തായാലും ആലോചിച്ചിട്ട് പറഞ്ഞാൽ മതി.. ”

അവൾ എഴുനേറ്റ് മുന്നോട്ട് നടന്നു..

” മുക്ത.. ”

രണ്ടടി വെച്ചതും അവന്റെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി..

” മുക്ത എനിക്ക് നിന്നോട്.. ”

” മുമ്മു ചേച്ചി.. ”

നിഖിൽ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് രോഹിണി അവിടേക്ക് ദൃതിയിൽ വന്നു.. നിഖിലിൽ നിന്ന് മുഖം തിരിച്ച് മുക്ത രോഹിണിയെ നോക്കി..

” ചേച്ചി.. സന ചേച്ചി തിരികെ പോകുവാണെന്ന്.. ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്യുവാ.. ”

നിഖിലിനെയും മുക്തയെയും ഇടം കണ്ണിട്ട് നോക്കി രോഹിണി പറഞ്ഞു..

” പോവുവാണെന്നോ.. അവളിപ്പോ എന്തിനാ പോവുന്നെ..? ”

നിഖിൽ ആണ് ചോദിച്ചത്..

” ചേച്ചി ഇങ്ങോട്ട് വന്നത് നിങ്ങളുടെ കൂടെ അല്ലേ.. നിങ്ങൾ ആരും ചേച്ചിയോട് മിണ്ടുന്നില്ല.. പിന്നെ എന്തിനാ ചേച്ചി ഇവിടെ നിൽക്കുന്നെ എന്നാ ചോദിക്കുന്നേ.. ”

” നിന്നോട് അവൾ അങ്ങനെ പറഞ്ഞോ..? ”

മുക്ത ചോദിച്ചു..

” എന്നോട് പറഞ്ഞില്ല.. ലന ചേച്ചിയോട് പറയുന്നത് കേട്ടതാ.. ”

” എന്നിട്ട് ലന ഒന്നും പറഞ്ഞില്ലേ..? ”

മുക്ത പിന്നെയും ചോദിച്ചു..

” എന്ത് പറയാനാ.. സന ചേച്ചി വന്നത് മുമ്മു ചേച്ചിയുടെ വീട്ടിലേക്ക് ആണ്.. ചേച്ചി മിണ്ടാതെ പിണങ്ങി നടക്കുമ്പോൾ ഇവിടെ നിർബന്ധിച്ച് പിടിച്ച് നിർത്താൻ ലന ചേച്ചിക്ക് എങ്ങനെ പറ്റും.. ”

രോഹിണി പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ നിഖിലും മുക്തയും മുഖത്തോട് മുഖം നോക്കി..

” സന ചേച്ചി ചെയ്തതൊക്കെ ശരിയാണെന്ന് എനിക്ക് അഭിപ്രായം ഇല്ല.. പക്ഷേ ആ തെറ്റൊക്കെ തിരുത്താനുള്ള മനസ്സ് ചേച്ചിക്ക് ഉണ്ടായിരുന്നു.. അതെല്ലാം ക്ഷമിക്കാൻ ലന ചേച്ചിക്കും കഴിഞ്ഞു.. സന ചേച്ചി പാവം ആണ്.. ഞങ്ങളെക്കാൾ അത് നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ.. ഏതോ നിമിഷത്തിൽ പറ്റി പോയ തെറ്റ് നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുമെങ്കിൽ സന ചേച്ചിക്ക് ഇവിടുന്ന് കരഞ്ഞോണ്ട് ഇറങ്ങി പോവേണ്ടി വരരുത്.. ”

രണ്ടാളെയും മാറി മാറി നോക്കി ഒരുവിധം പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടന്നു.. എല്ലാം ഏറ്റു കാണണേ ഭഗവതി.. നടക്കുന്നതിന് ഇടയിൽ അവൾ മേലോട്ട് നോക്കി പ്രാർത്ഥിച്ചു..

” നീ വാ നമുക്ക് അവളെ ഒന്ന് കണ്ടിട്ട് വരാം.. ”

നിഖിൽ പറഞ്ഞതും മുക്ത അവനൊപ്പം നടന്നു..

അവരോട് സംസാരിച്ച് കഴിഞ്ഞ് അകത്തേക്ക് കയറാൻ തുടങ്ങിയ രോഹിണിയെ രോഹൻ തടഞ്ഞു നിർത്തി..

” എന്തായി പോയിട്ട്.. ഞാൻ പറഞ്ഞത് പോലൊക്കെ പറഞ്ഞോ..? ”

രോഹൻ അവളെ നോക്കി ചോദിച്ചു..

” പറഞ്ഞത് എല്ലാം പറഞ്ഞില്ലെങ്കിലും ഒരുവിധം ഒക്കെ ഒപ്പിച്ചിട്ടുണ്ട്.. ”

” ബെസ്റ്റ്.. ഞാൻ പറഞ്ഞ് തന്നത് മുഴുവൻ പറയാതെ പ്ലാൻ എങ്ങാനും കുളമായാൽ ശരിയാക്കി തരാം ഞാൻ.. ”

രോഹൻ കലിപ്പായി പറഞ്ഞു..

” എന്നാ പിന്നെ നിനക്ക് അങ്ങ് പോയാൽ പോരായിരുന്നോ.. എന്തിനാ എന്നെ ഉന്തി തള്ളി വിട്ടത്.. ”

രോഹിണിയും കലിപ്പായി..

” അത് പിന്നെ ഇങ്ങനുള്ള കാര്യങ്ങൾ ഒക്കെ ഡീൽ ചെയ്യാൻ നിനക്കല്ലേ കഴിവ്.. ”

” സമ്മതിച്ചല്ലോ എനിക്കാണ് കഴിവെന്ന്.. അപ്പൊ പിന്നെ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അങ്ങോട്ട് മാറി നിക്ക്.. ”

രോഹിണി അവനെ തള്ളി മാറ്റി..

” ദേ നിഖിൽ ചേട്ടനും മുമ്മു ചേച്ചിയും വരുന്നുണ്ട്.. മിക്കവാറും സന ചേച്ചിയുടെ റൂമിലേക്ക് ആയിരിക്കും.. നമുക്കും അവരുടെ പുറകെ പോവാം.. ”

രോഹിണി രോഹന്റെ കയ്യും പിടിച്ച് അവർക്ക് പിന്നാലെ പോയി..

ബാഗിൽ ഡ്രസ്സ്‌ ഒക്കെ ഒതുക്കി വയ്ക്കുകയായിരുന്നു സന.. എല്ലാം എടുത്ത് വെച്ച് ബാഗിന്റെ സിബ് ഇട്ട് അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു.. അറിയാതെ എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു.. പെട്ടന്ന് തന്നെ ആ കണ്ണീർ ഒപ്പി അവൾ ഒന്ന് നിശ്വസിച്ചു..

” എല്ലാം പാക്ക് ചെയ്ത് നീ എവിടെ പോവുവാ.. ”

പിന്നിൽ നിന്ന് മുക്തയുടെ ശബ്‌ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.. ഒന്നും മിണ്ടാതെ അവൾ മുക്തയെയും അവൾക്കരികിൽ നിൽക്കുന്ന നിഖിലിനെയും നോക്കി..

” ചോദിച്ചത് കേട്ടില്ലേ.. നീ എവിടെ പോകുവാണെന്ന്..? ”

നിഖിൽ വീണ്ടും ചോദിച്ചു..

” ഞാൻ എന്റെ വീട്ടിൽ പോവുന്നു.. ”

അവരിൽ നിന്ന് മുഖം തിരിച്ച് അവൾ പതിയെ പറഞ്ഞു..

” ഇപ്പൊ എന്താ പെട്ടന്ന് പോവുന്നേ.. ശ്രേയ ചേച്ചീടെ കല്ല്യണം കൂടാനല്ലേ നീ വന്നത്.. ”

മുക്ത അവളെ സൂക്ഷിച്ചു നോക്കി..

” ആർക്കും ഒരു ബുദ്ധിമുട്ട് ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അതുകൊണ്ട് പോവുന്നു.”

ഒന്ന് ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് സന പറഞ്ഞു..

” നീ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആണോടി.. പെട്ടന്ന് അങ്ങനെ ഒക്കെ കേട്ടപ്പോൾ.. നീ അങ്ങനെ ഒക്കെ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.. ആ സമയത്ത് അങ്ങനെ ഒക്കെ പറഞ്ഞ് പോയതാ.. സോറി ടീ.. ”

മുക്ത സനയുടെ അരികിൽ ചെന്ന് അവളെ ഇറുക്കെ കെട്ടിപിടിച്ചു.. ഒരു നിമിഷം ഒന്ന് പകച്ചെങ്കിലും തിരികെ സനയും അവളെ ഇറുക്കെ പുണർന്നു..

” ഇത്രയ്ക്ക് ഉള്ളൂ ഈ ദേഷ്യവും പിണക്കവും ഒക്കെ ഇനി നിനക്ക് ഇവിടുന്ന് പോണോ.. ”

നിഖിൽ സനയുടെ തലയിൽ ചെറുതായി കൊട്ടികൊണ്ട് ചോദിച്ചു.. വേണ്ടെന്ന അർത്ഥത്തിൽ അവൾ തല അനക്കി..
നിഖിലും മുക്തയും സനയെ ചേർത്ത് പിടിച്ചു.. നിഖിലിന്റെ നോട്ടം അറിയാതെ മുക്തയുടെ കുസൃതി നിറഞ്ഞ കണ്ണുകളിലേക്ക് നീണ്ടു.. അവന്റെ ചുണ്ടിൽ ഒരു പ്രതേക ചിരി വിരിഞ്ഞു..

റൂമിന് പുറത്ത് രോഹനും രോഹിണിയും എല്ലാം കണ്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു..

” അങ്ങനെ ആദ്യത്തെ പ്ലാൻ സക്സസ്സ് ആയി.. ഇനി അടുത്ത പ്ലാൻ.. ”

രോഹിണി രോഹന് നേരെ കൈ നീട്ടി പറഞ്ഞു.. ചിരിയോടെ അവൻ അവളുടെ കൈക്ക് മീതെ കൈ വെച്ചു..

***********************

ഗീതുവിന്റെ മുഖത്ത് പതിവില്ലാത്ത സന്തോഷം കണ്ട് മാലതി അവളെ ഇടയ്ക്ക് ഇടയ്ക്ക് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.. ഗീതുവിന്റെ ആ സന്തോഷത്തിനു പിന്നിൽ എന്തോ ശക്തമായ ഒരു കാരണം ഉണ്ടെന്ന് അവർക്ക് തോന്നി..

” അമ്മ എന്താ ഇങ്ങനെ നോക്കുന്നത്.. ഇതുവരെ എന്നെ കാണാത്തത് പോലെ.. ”

മാലതിയുടെ നോട്ടം കണ്ട് സംശയത്തിൽ ഗീതു ചോദിച്ചു..

” കുറച്ചു ദിവസങ്ങൾ ആയിട്ട് എന്റെ മോൾടെ മുഖത്ത് ഇല്ലാത്തിരുന്ന ഭാവം കണ്ടിട്ട് നോക്കിയത് ആണ്.. നിനക്ക് എന്താ ഇത്രയും സന്തോഷം.. ഇന്നലെ ഉറങ്ങാൻ പോവുന്ന വരെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ.. ”

മാലതിയുടെ ചോദ്യം കേട്ട് ഗീതു ഒന്ന് പതറി എങ്കിലും അത് പുറത്ത് കാട്ടാതെ അവൾ നിന്നു..

” ഞാൻ എന്തോ ഓർത്ത് ഒന്ന് ചിരിച്ചു.. അതിനാണോ അമ്മ ഇങ്ങനൊക്കെ പറയുന്നത്.. എന്താ ഞാൻ ഒന്ന് സന്തോഷിക്കുന്നത് അമ്മയ്ക്ക് ഇത്രയ്ക്ക് ബുദ്ധിമുട്ട് ആണോ.. ”

ഗീതു അല്പം ദേഷ്യത്തിൽ ചോദിച്ചു..

” എന്റെ മോൾക്ക് അങ്ങനെ സന്തോഷം തോന്നണമെങ്കിൽ നിന്റെ വല്യേച്ചിയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞിട്ട് ആയിരിക്കുമല്ലോ.. അതോണ്ട് ചോദിച്ചതാ.. ”

അത് കേട്ടതും ഗീതു ഒന്ന് ഞെട്ടി..

” ഞാൻ.. ഞാൻ എന്ത് അറിയാൻ ആണ്.. വല്യേച്ചിയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല.. ”

എങ്ങനെയോ അവൾ പറഞ്ഞൊപ്പിച്ചു..

” നിന്റെ ഈ വെപ്രാളം കണ്ടാ അറിയാം നീ എന്തോ ഒളിക്കുന്നുണ്ടെന്ന്.. ഞാൻ കണ്ട് പിടിച്ചോളാം.. ഒരു കാര്യം എന്റെ മോള് ഓർത്തോ.. എവിടെ പോയാലും രതീഷിന്റെ കയ്യിൽ നിന്ന് അവൾക്ക് രക്ഷപെടാൻ കഴിയില്ല.. എത്ര കഷ്ട്ടപെട്ടിട്ട് ആണെങ്കിലും അവൻ അവളെ കണ്ടെത്തും.. ”

ഗീതുവിനെ നോക്കി ഉറച്ച ശബ്ദ്ധത്തിൽ അത്രയും പറഞ്ഞ് മാലതി അവളെ കടന്ന് പോയി.. എല്ലാം കേട്ട് ഗീതുവിന് ഉള്ളിൽ നേരിയ ഭയം തോന്നിയിരുന്നു..

മാലതി നേരെ തന്റെ റൂമിൽ ചെന്ന് ഫോൺ എടുത്ത് രതീഷിനെ വിളിച്ചു.. നാലാമത്തെ റിംഗിൽ ആണ് അവൻ ഫോൺ എടുത്തത്..

” എന്താ ആന്റി പറയ്‌..? ”

കാൾ എടുത്തതും അവൻ ചോദിച്ചു..

” കുറച്ച് ദിവസം ആയല്ലോ നീ വിളിച്ചിട്ട്.. എന്തായി അവളെ ഉടനെ എങ്ങാനും കിട്ടുമോ.. ”

മാലതി ചോദിച്ചു..

” ആ സാരംഗിന്റെ വീട്ടിൽ അവൾ ഇല്ല.. അവൻ ബാംഗ്ലൂർ ഏതോ കോളേജിൽ ആയിരുന്നു.. അവിടെന്ന് ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല.. ”

” ഇനിയിപ്പോ എന്താ ചെയ്യുന്നേ..? ”

” അവൻ അവന്റെ ഏതോ ഫ്രിണ്ടിന്റെ വീട്ടിൽ ആണ്.. ആ വീട് കണ്ട് പിടിച്ച് അവിടെ ചെന്ന് അവനെ ഒന്ന് കാണണം.. അധികം താമസിക്കാതെ അവളെ എന്റെ കയ്യിൽ കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു.. ”

കൂടുതൽ ഒന്നും പറയാതെ അവൻ കാൾ കട്ട്‌ ചെയ്തു..

( കാത്തിരിക്കുമല്ലോ.. )