19/04/2026

ലയനം : ഭാഗം 01

രചന – നിള നന്ദ

” ആരോട് ചോദിച്ചിട്ടാടി ഒരുമ്പെട്ടവളെ ഇങ്ങോട്ട് കയറി വന്നത്.. നിന്റെ അഴിഞ്ഞാട്ട കഥയൊക്കെ ഞങ്ങൾ അറിഞ്ഞു.. ഇനി ഇവിടെ കേറി പൊറുക്കാമെന്ന് വല്ല വിചാരം ഉണ്ടെങ്കിൽ അത് വേണ്ടാ. എനിക്ക് രണ്ട് പെണ്മക്കൾ ഉള്ളാതാ.. എങ്ങോട്ടാന്നു വെച്ചാ ഇറങ്ങി പൊക്കോണം.. ”

കവിളിൽ ആഞ്ഞടിച്ചിട്ടും കലി അടങ്ങാതെ മാലതി അവളെ പിടിച്ചു മുറ്റത്തേക്ക് തള്ളി..
അപ്രതീക്ഷിതമായതിനാൽ കാല് തെന്നി അവൾ താഴേക്ക് വീണിരുന്നു..
കല്ലിൽ തട്ടി കൈ മുട്ട് പൊട്ടിയ നീറ്റലിൽ അവൾ കണ്ണുകൾ മുറുകെ അടച്ചു..
കണ്ണിൽ തങ്ങി നിന്ന കണ്ണുനീർ ആ നിമിഷം മണ്ണിലേക്ക് ഇറ്റുവീണു..

” ചെറിയമ്മേ ഞാൻ.. ”

” വേണ്ടാ.. ഇനി നീ ഒന്നും പറയണ്ട.. ”

എഴുനേറ്റ് നിന്ന് എന്തോ പറയാൻ തുടങ്ങിയ അവളുടെ നേരേ മാലതി കൈ ഉയർത്തി തടഞ്ഞു..

” രതീഷ് എല്ലാം വിളിച്ച് പറഞ്ഞു.. ഇനി കള്ളക്കണ്ണിരും കാണിച്ച് ഇവിടെ ആരുടെയെങ്കിലും മനസ്സ് മാറ്റമെന്ന് കരുതണ്ട..”

മാലതിയുടെ മുഖത്ത് മുഴുവൻ അവളോടുള്ള അറപ്പ് ആയിരുന്നു..

” അച്ഛാ.. അച്ഛനും എന്നെ വിശ്വാസം ഇല്ലേ.. അച്ഛനും ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ വയ്യേ.. ”

അവൾ മാലതിക്ക് അരികിൽ നിന്ന ചന്ദ്രനെ നോക്കി..
ഒന്നും മിണ്ടാതെ അവളിൽ നിന്ന് നോട്ടം മാറ്റി ചന്ദ്രൻ മറ്റെങ്ങോ നോക്കി..
അയാളുടെ ആ അവഗണന അവളുടെ ഹൃദയത്തെ കൂടുതൽ ഉലച്ചു..

” നിന്നെയൊക്കെ എങ്ങനെ വിശ്വസിക്കും സ്വന്തം ഭർത്താവിനെയും ഇത്തിരി പോന്ന നിന്നെയും ഇട്ട് മറ്റൊരുത്തനൊപ്പം ഇറങ്ങി പോയതല്ലേ നിന്റെ തള്ള.. അതേ സ്വഭാവം തന്നെ ഇപ്പൊ നീയും കാണിച്ചു.. സ്വന്തം ഭർത്താവ് അറിയാതെ അവന്റെ കൂട്ടുകാരനെ.. ഛെ പറയാൻ തന്നെ അറപ്പ് തോന്നുന്നു.. ”

മാലതിയുടെ ശബ്‌ദം കൂടുതൽ ഉയർന്നു..

” ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അച്ഛാ.. അവരാ എന്നെ.. എന്നെ വിശ്വസിക്കണം.. എന്നെ ഇവിടുന്ന് പറഞ്ഞു വിടരുത്.. എനിക്ക് ആരും ഇല്ല.. എനിക്ക് പോകാൻ വേറൊരു ഇടമില്ല.. അവരെയൊക്കെ എനിക്ക് പേടിയാ.. ”

അവൾ തളർന്ന് അയാളുടെ കാലിലേക്ക് വീണു..
അവളുടെ കണ്ണിൽ നിന്ന് പൊടിഞ്ഞ കണ്ണുനീർ അയാളുടെ കാലിലേക്ക് ഇറ്റു വീണു..

” ഇവളുടെ ഈ അഭിനയവും കള്ള കണ്ണീരും കണ്ട് ഇവിടെ കയറ്റി താമസിപ്പിക്കാമെന്ന് എന്തെങ്കിലും വിചാരം ഉണ്ടെങ്കിൽ ഞാനും എന്റെ മക്കളും പിന്നെ ഈ വീട്ടിൽ കാണില്ല.. ഇവളെ പോലെ ഒരു അഴിഞ്ഞാട്ടക്കാരിയുടെ കൂടെ കഴിയാൻ ഞങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ട്.. ”

ചന്ദ്രനെ നോക്കി മാലതി താക്കിത് പോലെ പറഞ്ഞു..
എന്തോ ആലോചനയിൽ അയാൾ തന്റെ കാൽചുവട്ടിൽ തളർന്ന് കിടക്കുന്ന മകളെ നോക്കി..
പിന്നെ കാല് അവളുടെ കൈ പിടിയിൽ നിന്ന് ശക്തിയിൽ വിടുവിച്ചു..

” അച്ഛാ.. ”

യാജനയോടെ നേർത്ത സ്വരത്തിൽ അവൾ വിളിച്ചു ..

” ഇങ്ങനൊക്കെ ചെയ്യാൻ എങ്ങനെ മനസ്സ് വന്നെന്ന് ചോദിക്കുന്നില്ല.. നിന്നെ പെറ്റ തള്ളയുടെ സ്വഭാവവും ഇത് പോലെ ആയിരുന്നില്ലേ.. ഇനി ഒരിക്കലും ഇവിടെക്ക് വരരുത്.. എന്റെ കണ്മുന്നിൽ പോലും കാണരുത് .. എങ്ങോട്ടാന്നു വെച്ചാൽ പൊയ്ക്കോളണം.. ”

അവളുടെ മുഖത്തേക്ക് നോക്കി പല്ല് ഞെരിച്ച് പറഞ്ഞ് അയാൾ അകത്തേക്ക് കയറി..

” അച്ഛാ.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക് അച്ഛാ.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അച്ഛാ.. എന്നെ പറഞ്ഞ് വിടല്ലേ.. ”

യാജനയോടെ അവൾ നിലവിളിച്ചു കൊണ്ടിരുന്നു..
അത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ അയാൾ നടന്നകന്നു..

” കണ്ടല്ലോ.. ഇവിടെ ആർക്കും നിന്നെ വേണ്ടാ.. ഇനി ഇവിടെ നിന്ന് സമയം കളയാതെ പോകാൻ നോക്ക്.. നിന്നെയൊക്കെ കൂടെ കൂട്ടാൻ ധാരാളം ആളുകൾ കാണുമല്ലോ.. ”

മാലതി അവളെ നോക്കി അറപ്പോടെ മുഖം തിരിച്ച് അകത്തേക്ക് കയറി വാതിൽ ഉറക്കെ വലിച്ചടച്ചു..
അതിന്റെ ശബ്‌ദത്തിൽ അവൾ ഒന്ന് ഞെട്ടി..
ഉമ്മറത്തെ വലിയ വട്ട തൂണിൽ ചാരി കരഞ്ഞു വീർത്ത കണ്ണുകൾ അവൾ പതിയെ അടച്ചു..
മനസ്സിൽ മുഴുവൻ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
ആയിരുന്നു..
ചെയ്യാത്ത കുറ്റത്തിനാണ് ഇന്നോളം പഴി കേട്ടിട്ടുള്ളത്..
ഇപ്പോഴും അങ്ങനെ തന്നെ..
മുഖം ഉയർത്തി അവൾ കണ്ണ് രണ്ടും അമർത്തി തുടച്ചു..
എഴുനേറ്റ് താഴെ കിടന്ന ബാഗ് എടുത്ത് പൊടി തട്ടി മുന്നോട്ട് നടന്നു..
ഓരോ അടി വയ്ക്കുമ്പോഴും തളർന്ന് വീഴാൻ പോവുന്നത് പോലെ തോന്നി അവൾക്ക്..
എങ്കിലും അവൾ ശക്തി സംഭരിച്ച് മുന്നോട്ട് നടന്നു.
എവിടെയെങ്കിലും ഒരു അഭയം കണ്ടെത്തിയെ മതിയാവൂ..
അല്ലെങ്കിൽ ആ ദുഷ്ടൻ ഇനിയും എന്റെ മാനത്തിന് വിലയിടും..
അവളുടെ കൈകൾ ബാഗിന്റെ വള്ളിയിൽ പിടി മുറുക്കി ..
ഉറച്ച കാൽവയ്പ്പോടെ അവൾ മുന്നോട്ട് നടന്നു..

≠≠≠≠≠≠≠≠≠≠≠≠

” എങ്ങനെ ഉണ്ടെടാ.. ഇപ്പൊ വേദന ഉണ്ടോ .. ”

” അവളെവിടെ.. രക്ഷപ്പെട്ടോ.. ”

ചോദ്യത്തിന് മറുപടി പറയാതെ തലയിലെ മുറിവിന് മീതെയുള്ള കെട്ടിൽ മെല്ലെ തലോടി വിപിൻ രതീഷിനെ നോക്കി..

” തൽകാലത്തേക്ക് രക്ഷപെട്ടു.. എങ്കിലും എവിടെ പോവാൻ.. എന്റെ അടുത്തേക്ക് തന്നെ അവൾ തിരികെ വരും.. നിനക്ക് അവൾ ഇപ്പോ തന്നതിന് ഇരട്ടി അപ്പോ തിരിച്ച് കൊടുക്കാം.. ”

അവന്റെ ചുണ്ടിന്റെ കോണിൽ പരിഹാസത്തോടെ ഒരു ചിരി മിന്നി..

” എനിക്ക് തന്നതിന് ഞാൻ തന്നെ കൊടുത്തോളം.. വേദനിപ്പിക്കാതെ അവളെ അനുഭവിക്കണമെന്ന കരുതിയത്.. ഇനി അത് ഇല്ല.. എത്രയൊക്കെ അവളെ വേദനിപ്പിക്കാമോ അത്രയും എനിക്ക് അവളെ വേദനിപ്പിക്കണം.. ”

വിപിന്റെ കണ്ണുകളിൽ ചുവപ്പ് പടർന്നു..

” നീ സമാധാനിക്ക്.. നമുക്ക് എല്ലാത്തിനും വഴി ഉണ്ടാക്കാം.. ”

രതീഷ് പറഞ്ഞ് തീരുമ്പോഴേക്കും അവന്റെ ഫോൺ റിംഗ് ചെയ്തു.. പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അവൻ വിപിനെ നോക്കി..

” മാലതി ആന്റി ആണ്.. അവൾ അവിടെ എത്തിയ കാര്യം എന്തെങ്കിലും പറയാൻ ആവും.. ”

വിപിനോട് പറഞ്ഞ് കൊണ്ട് കാൾ അറ്റന്റ് ചെയ്ത് അവൻ ചെവിയിൽ വെച്ചു..

” പറയ്‌ ആന്റി.. അവൾ അവിടെ എത്തിയോ..? ”

കാൾ എടുത്തതും അവൻ ചോദിച്ചു..

” ആ ഇവിടെ വന്നിരുന്നു.. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇവിടുന്ന് ഇറക്കി വിടരുതെന്നും കുറേ കരഞ്ഞു പറഞ്ഞു.. അടിച്ചിറക്കി വിട്ടിട്ടുണ്ട് ഞാൻ.. പിന്നെ ചന്ദ്രേട്ടനും അവളെ കാണുന്നത് കലി ആണല്ലോ.. ”

” അത് എന്തായാലും നന്നായി.. ആശ്രയത്തിന് ആരും ഇല്ലാതെ അവൾ എന്റെ കാൽചുവട്ടിൽ തന്നെ എത്തണം.. ”

കാൾ കട്ട് ചെയ്ത് ക്രൂരമായ ചിരിയോടെ രതീഷ് മീശ തടവി..

” എന്താടാ..? ”

പുറകിൽ നിന്ന് വിപിൻ വിളിച്ചപ്പോൾ രതീഷ് തിരിഞ്ഞു നോക്കി..

” ഞാൻ ഒന്ന് പുറത്ത് പോവട്ടെ.. നീ റസ്റ്റ്‌ എടുക്ക്.. അവൾ അവിടെന്ന് പോയെന്നാ ആന്റി പറഞ്ഞത്.. മറ്റെവിടെയെങ്കിലും ആശ്രയം കണ്ടെത്തുന്നതിന് മുൻപ് ഞാൻ കണ്ടെത്തികൊള്ളാം.. ”

വിപിന്റെ പുറത്ത് തട്ടി കുടിലതയോടെ അവൻ ചിരിച്ചു..
അതിന്റെ ബാക്കി എന്ന പോലെ വിപിന്റെ ചുണ്ടിലും ക്രൂരമായ ചിരി നിറഞ്ഞു..

≠≠≠≠≠≠≠≠≠≠≠≠≠≠≠≠

ചുരിദാറിന്റെ ഷാൾ കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച്ച് അവൾ മുന്നോട്ട് നടന്നു..
ഇന്നലെ രാവിലെ കുറച്ച് ഉപ്പുവാവ് കഴിച്ചതാണ്..
പിന്നെ ഇത് വരെ ഒന്നും കഴിച്ചിട്ടില്ല..
ക്ഷീണം കൊണ്ട് തളർന്ന് പോവുന്നു..
തൊണ്ടയിലെ അവശേക്കുന്ന ഉമിനീർ അവൾ ഇറക്കി..
ഇവിടുന്ന് എത്രയും പെട്ടന്ന് രക്ഷപ്പെടണം..
അല്ലെങ്കിൽ ആ ദുഷ്ടൻ ജീവിക്കാൻ സമ്മതിക്കില്ല..
പാലക്കാട്‌ അച്ഛന്റെ തറവാട് വീടുണ്ട്..
അവിടെ മാത്രം ആണ് ആകെ ആശ്രയം..
അവിടെ ആർക്കും ഇഷ്ട്ടം ഇല്ലെങ്കിലും ഇറക്കി വിടില്ലായിരിക്കും..
ഒരു വേലക്കാരി ആയിട്ടെങ്കിലും ഇരിടം തന്നാൽ മതിയായിരുന്നു..
പുറത്തേക്ക് വന്ന സങ്കടം അടക്കി പിടിച്ച് കരയാതെ അവൾ മുന്നോട്ട് നടന്നു..

ബസ്സ്റ്റോപ്പിൽ എത്തി അടുത്ത് കണ്ട കടയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി തിരിഞ്ഞതും പാലക്കാട്ടേക്കുള്ള ബസ് കണ്ട് അവൾ വേഗം അതിൽ കയറി..
ആളൊഴിഞ്ഞ ഒരു സീറ്റിൽ വിൻഡോ സൈഡിൽ ഇരുന്ന് കയ്യിലെ ചെറിയ ബാഗ് മടിയിൽ വെച്ച് കുപ്പി തുറന്ന് കുറച്ച് വെള്ളം കുടിച്ചു..
കുറച്ച് ആശ്വാസം തോന്നിയതും അവൾ കമ്പിയിലേക്ക് തല ചാരി കണ്ണുകൾ അടച്ചു..

ജീവിതം ഏതൊക്കെ വഴിയിലൂടെ സഞ്ചരിച്ച് ഇവിടെ എത്തിയിരിക്കുന്നു..
എന്തെല്ലാം സഹിച്ചു..
മരണത്തെ പറ്റി പോലും ചിന്തിച്ച നിമിഷങ്ങൾ..
എന്നിട്ടും പിടിച്ച് നിന്നത് എന്തെങ്കിലും നല്ലത് സംഭവിക്കും എന്ന പ്രതീക്ഷയിൽ ആണ്..
അടഞ്ഞിരിക്കുന്ന അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി..

” ടിക്കറ്റ്.. ടിക്കറ്റ്.. ”

കണ്ടക്ടർ തട്ടി വിളിച്ചപ്പോൾ അവൾ ഞെട്ടി എഴുന്നേറ്റു..
ബാഗ് തുറന്ന് അയാൾക്ക് ടിക്കറ്റിന് ഉള്ള രൂപ നൽകി.
ടിക്കറ്റ് നൽകി അയാൾ പോയപ്പോൾ അവൾ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു..
നേരം ഇരുട്ടി തുടങ്ങിയിരുന്നു..
നല്ല തണുത്ത കാറ്റ് അവളെ തലോടി..
അതിന്റെ ഫലമായി അവൾ സീറ്റിലേക്ക് ചാരി പതിയെ മയങ്ങി..
വീണ്ടും കണ്ടക്ടറുടെ ശബ്ദമാണ് അവളെ ഉണർത്തിയത്..

” ബസ് ഇനി അരമണിക്കൂർ കഴിഞ്ഞേ എടുക്കൂ.. ആർകെങ്കിലും എന്തെങ്കിലും കഴിക്കണമെങ്കിൽ ആവാം.. ”

കണ്ടക്ടർ പറഞ്ഞതും ബസിലെ ഓരോരുത്തരായി ഇറങ്ങാൻ തുടങ്ങി..
കൂടെ അവളും ഇറങ്ങി..
അടുത്ത കണ്ട തട്ടുകടയിൽ ചെന്ന് ഒരു കട്ടൻചായക്ക് പറഞ്ഞു..
അവൾ വയറിൽ മെല്ലെ കൈ വെച്ചു..
നല്ല വിശപ്പ് ഉണ്ട്.. കയ്യിൽ പക്ഷേ കുറച്ച് പണമേ ഉള്ളൂ.. അവിടെ എത്തുന്നത് വരെ എന്തെങ്കിലും കയ്യിൽ കരുതണ്ടേ..
ഒരു പയ്യൻ ആവി പറക്കുന്ന ചായ അവൾക്ക് നേരേ നീട്ടി..
അത് വാങ്ങി അൽപ്പം മാറി നിന്ന് അവൾ മെല്ലെ ഊതി കുടിച്ചു..
ചായ കുടിച്ച് തീർന്നതും പൈസ കൊടുത്ത് അവൾ ബസ് കിടക്കുന്നിടത്തേക്ക് തിരികെ നടന്നു..
സ്റ്റോപ്പിന്റെ ഒരു മൂലയിൽ ആയിരുന്നു ബസ് കിടന്നിരുന്നത്… ലൈറ്റ് ഉണ്ടെങ്കിലും ആളുകൾ കുറവായിരുന്നു..
ബസിന് മുന്നിൽ എത്തിയതും അതിന് മുന്നിൽ ആരോ നിൽക്കുന്നത് കണ്ട് അവൾ നിന്നു..
ഉമിനീർ ഇറക്കി അവൾ അവിടേക്ക് സൂക്ഷിച്ച് നോക്കി..
ബസ്സിന്റെ നിഴലിൽ ആളെ വ്യക്തമായി കാണുന്നില്ല..
അടുത്ത നിമിഷം അയാൾ മുന്നോട്ട് രണ്ടടി വെച്ചതും അവളൊന്ന് വിറച്ചു..
രതീഷ്..
ഭയത്തോടെ അവൾ മന്ത്രിച്ചു..
കയ്യിലെ ബാഗിൽ അവൾ പിടി മുറുക്കി..

” രക്ഷപെടാമെന്ന് കരുതിയോ.. ”

അവൾക്കരികിൽ വന്ന് അവൻ ചെവിയിൽ പതിയെ ചോദിച്ചു..

” ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ.. എന്റെ കയ്യിൽ നിന്ന് നിനക്കൊരു രക്ഷ ഇല്ലെന്ന്.. പിന്നെ എന്തിനാ വെറുതെ അതിന് ശ്രെമിക്കുന്നത്.. വാ പോവാം.. ”

അവൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു..

” ഞാൻ എവിടേയ്ക്കും ഇല്ല.. എന്നെ വിട്.. ”

അവന്റെ കൈ വിടുവിക്കാൻ നോക്കി അവൾ പറഞ്ഞു..

” ഇവിടെ വെറുതെ ഒരു സീൻ ഉണ്ടാക്കാതെ എന്റെ കൂടെ വരുന്നതാ നിനക്ക് നല്ലത്.. ”

കയ്യിലെ പിടി ഒന്നുകൂടെ മുറുക്കി അവൻ പറഞ്ഞു.

” ഞാൻ വരുന്നില്ലെന്ന് അല്ലേ പറഞ്ഞത്.. എന്ത് അധികാരത്തിന്റെ പേരിലാ താൻ എന്നെ വിളിക്കുന്നെ.. മര്യാദയ്ക്ക് വിട്.. അല്ലെങ്കിൽ ഒച്ച വെച്ച് ഞാൻ ആളെ കൂട്ടും.. ”

” എന്നാ നീ ഒച്ച വയ്ക്കെടി.. വരുന്നവരോട് ഞാൻ പറഞ്ഞോളാം.. ഭാര്യയെ കൊണ്ട് പോവാൻ ഭർത്താവിന് അവകാശം ഉണ്ടെന്ന്.. ”

” ഭർത്താവ്.. ”

അവൾക്ക് അവനോട് പുച്ഛം തോന്നി..

” സ്വന്തം ഭാര്യയുടെ റൂമിലേക്ക് കൂട്ടുകാരനെ പറഞ്ഞയിക്കുന്ന നിങ്ങളാണോ ഭർത്താവ്.. ”

അവളുടെ ആ വാക്കുകൾ അവനിൽ ദേഷ്യം നിറച്ചു..

” ഡീ.. ”

ദേഷ്യത്തോടെ അവളെ രണ്ട് കൈകൊണ്ടും അവൻ വലിച്ച് അടുപ്പിച്ചു..

” നിന്നെ ഇവിടുന്ന് കൊണ്ട് പോവനാണ് ഞാൻ വന്നതെങ്കിൽ കൊണ്ട് പോവും.. ”

അവന്റെ കണ്ണിലെ ക്രൂരത അവളെ ഭയപ്പെടുത്തി..
പെട്ടെന്നുണ്ടായ പ്രേരണയിൽ അവൾ അവനെ ശക്തിയിൽ തള്ളി തിരിഞ്ഞോടി..

” എടീ.. ”

താഴെ നിന്ന് എഴുനേറ്റ് അവൻ അവൾക്ക് പുറകെ ഓടി..
വിജനമായ വഴിയിലൂടെ അവൾ അവനെ തിരിഞ്ഞ് നോക്കി വേഗത്തിൽ കുറേ നേരം ഓടി..
കൂടുതൽ ഓടാൻ ശക്തി ഇല്ലെന്ന് തോന്നിയതും അവൾ അടുത്ത് കണ്ട അടഞ്ഞു കിടക്കുന്ന ഒരു കടയുടെ മറവിൽ ഒളിച്ചു..
അൽപ്പം നേരത്തിനുള്ളിൽ രതീഷ് കുറച്ച് നീങ്ങി നിൽക്കുന്നതും ചുറ്റും കണ്ണോടിക്കുന്നതും പിന്നെ നേരേ ധൃതിയിൽ ഓടുന്നതും അവൾ കണ്ടു..

അയാൾ പോയെന്ന് ഉറപ്പാക്കി അവൾ അവിടെന്ന് മെല്ലെ എഴുനേറ്റ് നടന്നു..
റോഡ് ക്രോസ്സ് ചെയ്യാൻ കടന്നതും പെട്ടെന്ന് അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി..
ഒരു കാർ തനിക്ക് നേരേ വരുന്നത് കണ്ടിട്ടും ഒന്നനങ്ങാൻ കഴിയാതെ തലയിൽ കൈ വെച്ച് അവൾ അവിടെ തന്നെ നിന്നു.. ബ്രേക്ക്‌ കിട്ടാതെ കാർ അവളെ തട്ടി തെറിപ്പിച്ചു..
തല ശക്തിയിൽ തറയിൽ ഇടിച്ച വേദനയിൽ അവൾ പുളഞ്ഞു..

” നിന്നോട് പതുക്കെ ഓടിക്കാൻ ഞാൻ പറഞ്ഞതല്ലേ നിഖിൽ.. ഇപ്പോ കണ്ടില്ലേ.. ഓഹ് ഗോഡ്.. ”

തലയിൽ കൈ വെച്ച് ടെൻഷനോടെ സന നിഖിലിനെ നോക്കി..

” നീ ടെൻഷൻ ആവല്ലേ.. നമുക്ക് നോക്കാം.. ”

നിഖിൽ സനയോട് പറഞ്ഞുകൊണ്ട് രക്തത്തിൽ കുളിച്ച് കിടക്കുന്ന അവളുടെ അരികിൽ ഇരുന്നു..
കമിഴ്ന്ന് കിടന്ന അവളെ അവൻ തിരിച്ച് കിടത്തി..
വേദനയിൽ പാതി മയക്കത്തിൽ അവളൊന്ന് ഞെരങ്ങി..

” എന്താടാ.. എന്താ പ്രശ്നം.. ”

പിന്നിലെ കാറിൽ വന്നിറങ്ങിയ മുക്തയും സാരംഗും അവരുടെ അടുത്തേക്ക് വന്നു..

” ഒരു ആക്‌സിഡന്റ്.. നമുക്ക് പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോവാം.. ”

നിഖിൽ അവളുടെ മുഖം ഉയർത്തി കൊണ്ട് പറഞ്ഞു..
അവളെ കണ്ടതും സാരംഗിന്റെ കണ്ണുകൾ വിടർന്നു..

” ലയന.. ”

ഉറക്കെ വിളിച്ചു കൊണ്ട് അവൻ മുന്നിൽ നിന്ന സനയെ തള്ളി മാറ്റി അവൾക്കരികിൽ ഇരുന്നു..

” ലയന.. ”

രക്തം പുരണ്ട അവളുടെ കവിളിൽ മെല്ലെ തലോടി അവൻ വിളിച്ചു.. അവന്റെ ശബ്‌ദം വല്ലാതെ നേർത്തിരുന്നു..
മറ്റ് മൂന്ന് പേരും കാര്യം അറിയാതെ മുഖത്തോട് മുഖം നോക്കി..

” ലന.. ”

പിന്നെയും അവൻ അലിവോടെ വിളിച്ചു..
ചെറുതായി മൂളികൊണ്ട് അവൾ മെല്ലെ കണ്ണ് തുറന്നു..
മങ്ങിയ കാഴ്ച്ചയിൽ അവൾ അവനെ നോക്കി..
എന്തോ ഓർമയിൽ വേദനയ്ക്കിടയിൽ അവൾ അവനെ നോക്കി ചിരിക്കാൻ ശ്രെമിച്ചു..

” സാരംഗ്.. ”

തളർന്ന സ്വരത്തിൽ വിളിച്ചുകൊണ്ട് രക്തം പുരണ്ട കൈ കൊണ്ട് അവൾ അവന്റെ കവിളിൽ തലോടി.

” സാരംഗ്.. ഞാൻ.. എനിക്ക്.. ”

പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുൻപ് അവളുടെ ബോധം മറഞ്ഞിരുന്നു..
അവളെ മാറോട് ചേർത്ത് പിടിച്ച് അവൻ വിതുമ്പി.. അവന്റെ ഹൃദയത്തിൽ എവിടെയോ ആഴത്തിൽ മുറിവേറ്റിരുന്നു..

( തുടരും )