രചന – നിള നന്ദ
ഏറെ നേരം കഴിഞ്ഞിട്ടും സാരംഗും ലനയും തിരികെ വരുന്നത് കാണാതെ പുറത്ത് ടെൻഷൻ ആയി നടക്കുകയായിരുന്നു സന.. അവളുടെ മുഖ ഭാവവും നടപ്പും കണ്ട് മുക്ത അരികിലേക്ക് ചെന്നു.. ” നിനക്ക് എന്താടി പറ്റിയത്.. കുറേ നേരം ആയല്ലോ ഈ നടപ്പ് തുടങ്ങിയിട്ട്..? ” മുഖം തിരിച്ച് സന മുക്തയെ നോക്കി.. ” ഞാൻ വെറുതെ.. സാരംഗ് പോയിട്ട് കുറേ നേരം ആയില്ലേ.. ഞാൻ അവനെ നോക്കി നിന്നതാ.. ” ” അവന് പോയാൽ വരാൻ അറിയില്ലേ നീ എന്തിനാ ടെൻഷൻ ആവുന്നത്.. ” ” എനിക്ക് എന്തിന് ടെൻഷൻ.. ഞാൻ കാണാതായപ്പോൾ നോക്കിയെന്നെ ഉള്ളൂ.. ” സന മുഖം തിരിച്ചു.. ” മ്മ് മ്മ്.. എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്.. ” സനയുടെ മുഖം തിരിച്ച് മുക്ത കുസൃതിയോടെ പറഞ്ഞു.. ” നിനക്ക് എന്ത് മനസിലായെന്ന്..? ” ” അതോ.. നിനക്ക്.. ” പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപ് കാറിന്റെ ഹോൺ കേട്ട് രണ്ടാളും നോക്കി.. ” ദാ വന്നല്ലോ നീ കാത്തിരുന്ന ആള്.. ” മുക്ത സനയുടെ കാതിൽ മെല്ലെ പറഞ്ഞു..
” ആഹാ നല്ലൊരു ഷോപ്പിങ് കഴിഞ്ഞെന്ന് തോന്നുന്നുണ്ടല്ലോ..? ” കാറിൽ നിന്ന് കുറേ കവറും താങ്ങി പിടിച്ച് വരുന്ന രണ്ടാളെയും നോക്കി മുക്ത ചോദിച്ചു.. ” ഇവൾക്ക് അങ്ങനെ maraannഡ്രസ്സ് ഒന്നും ഇല്ലായിരുന്നു.. അപ്പോ കുറച്ച് വാങ്ങാമെന്ന് കരുതി.. ” സാരംഗ് മുക്തയെ നോക്കി ചിരിയോടെ പറഞ്ഞു.. അത് കേൾക്കാൻ താല്പര്യം ഇല്ലാതെ സന മുഖം തിരിച്ചു.. ” എന്നാ രണ്ടാളും വാ.. ഒരു സർപ്രൈസ് ഉണ്ട്.. ” മുക്ത രണ്ടാളെയും കൂട്ടി അകത്തേക്ക് കയറി.. ഹാളിൽ സോഫയിൽ മുത്തശ്ശിയുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു മാനവ്.. ” ഏട്ടാ ഇതാ ഞാൻ പറഞ്ഞ ആള്.. ” മുക്തയുടെ ശബ്‌ദം കേട്ടതും മാനവ് എഴുന്നേറ്റു.. മുക്തയുടെ അടുത്ത് നിൽക്കുന്ന ലനയിലേക്ക് അവന്റെ നോട്ടം പതിച്ചു..
നെറ്റിയിലെ വലത് വശത്തെ ബന്റെജിലേക്ക് അവന്റെ അവന്റെ കണ്ണുകൾ നീങ്ങി.. ” ഇതാ എന്റെ ഏട്ടൻ മാനവ്.. സാരംഗിന് മുൻപേ പരിചയം ഉണ്ട്.. ഏട്ടാ ഇതാ ലയന.. ഞങ്ങളുടെ ലന.. ” മുക്ത രണ്ടാളെയും മാറി മാറി നോക്കി.. ലന മാനവിനെ നോക്കി ചെറുതായി ചിരിച്ചു.. തിരികെ അവനും.. ” ലന.. താൻ ഇത്രയും ദിവസം യൂസ് ചെയ്തത് ഏട്ടന്റെ റൂം ആയിരുന്നു.. ഏട്ടൻ വന്ന സ്ഥിതിക്ക് നമുക്ക് ശ്രേയ ചേച്ചീടെ റൂമിലേക്ക് മാറാം.. ” ലന മാനവിൽ നിന്ന് കണ്ണെടുത്ത് മുക്തയെ നോക്കി.. ” മുമ്മു വേണ്ടാ.. ഇയാള് ആ റൂം തന്നെ യൂസ് ചെയ്തോട്ടെ.. താഴെ താഴത്തെ റൂം തന്നെ എടുത്തോളാം.. ” മാനവ് പറഞ്ഞത് കേട്ട് ഹാളിലേക്ക് വന്ന രോഹിണി ഒരു നിമിഷം വാ പൊളിച്ചു നിന്നു.. മുക്തയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.. എല്ലാവരെയും ഒന്ന് നോക്കി മാനവ് പുറത്തേക്ക് ഇറങ്ങി..
അടുക്കളയിൽ രാത്രിയിലേക്കുള്ള ചപ്പാത്തി പരത്തുകയായിരുന്നു ഗീതു.. അടുത്ത് തന്നെ മാലതി കറി ഉണ്ടാക്കി കൊണ്ട് നിൽക്കുന്നുണ്ട്.. മാലതിയുടെ മനസ്സിൽ രതീഷ് രാവിലെ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. ഒരുപക്ഷേ ലന എവിടെ ഉണ്ടെന്ന് ഗീതുവിന് അറിയാമായിരിക്കും.. അല്ലാത്ത പക്ഷം ആരായിരിക്കും അവളെ സംരക്ഷിക്കാൻ ഉണ്ടാവുക എന്നെങ്കിലും.. മാലതിയുടെ മനസ്സിൽ പല ചിന്തകളും കടന്ന് പോയി.. ഗീതു പറയാൻ സാധ്യത ഇല്ലെങ്കിലും ഒന്ന് ചോദിച്ചു നോക്കാൻ മാലതി മനസ്സിൽ തീരുമാനിച്ചു.. ” മോളെ ഗീതു.. ” ” മ്മ് ” ചപ്പാത്തി പരത്തുന്നതിന് ഇടയിൽ അവൾ മൂളി.. ” അല്ല മോളെ.. കാര്യം എനിക്ക് ലനയെ അത്ര ഇഷ്ട്ടം അല്ലെങ്കിലും ഇത്ര ദിവസം അവളെ കുറിച്ച് ഒരറിവും ഇല്ലെന്ന് ഓർക്കുമ്പോൾ എന്തോ ഒരു ടെൻഷൻ.. ഒന്നുമല്ലെങ്കിലും കുറേ കാലം ഇവിടെ നമ്മുടെ ഒപ്പം ഉണ്ടായതല്ലേ.. ” പെട്ടന്ന് ചപ്പാത്തി പരത്തുന്നത് നിർത്തി ഗീതു മാലതിയെ നോക്കി..
” അതുകൊണ്ട്..? ” ” അല്ല.. മോളും അവളും നല്ല കൂട്ട് അല്ലേ.. എവിടെ ആയാലും അവള് മോളെ വിളിക്കാതിരിക്കില്ലന്ന് അമ്മയ്ക്ക് അറിയാം.. വേറെ ഒന്നും വേണ്ടാ.. അവള് സുരക്ഷിത ആണോന്ന് അറിഞ്ഞാൽ മതി.. അത് അറിഞ്ഞിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം അല്ലേ.. ” കറി ഇളക്കുന്നത് നിർത്തി ഗ്യാസ് ഓഫ് ആക്കി മാലതി ഗീതുവിന് നേരേ നിന്നു.. ” ഈ ഉത്തരവാദിത്ത ബോധം ഒക്കെ അമ്മയ്ക്ക് എന്ന് തുടങ്ങി.. നാട് മുഴുവൻ അലഞ്ഞു നടന്നിട്ടും കണ്ട് പിടിക്കാൻ കഴിയാത്തായപ്പോൾ അയാള് പറഞ്ഞോ എന്നോട് ചോദിക്കാൻ.. ” ” അങ്ങനെ ഒന്നും ഇല്ല മോളെ.. ഞാൻ.. ” ” മതി.. കൂടുതൽ കള്ളം പറഞ്ഞ് ബുദ്ധിമുട്ടണം എന്നില്ല.. കഷ്ടപ്പെട്ട് അഭിനയിച്ച് ഇത്രയും ചോദിച്ച സ്ഥിതിക്ക് ഒരു കാര്യം പറയാം.. ചേച്ചി എവിടെ ആണെന്ന് എനിക്ക് അറിയില്ല.. പക്ഷേ എവിടെ ആയാലും ആരുടെ ഒപ്പം ആയാലും ഇവിടെ കഴിഞ്ഞതിനേക്കാളും അയാളുടെ ഒപ്പം കഴിഞ്ഞതിനേക്കാളും സന്തോഷത്തിലും സുരക്ഷിതത്തിലും ആയിരിക്കും.. ” മാലതിയെ ഒന്ന് നോക്കി ഗീതു അകത്തേക്ക് പോയി.. ദേഷ്യത്തിൽ പല്ല് ഞെരിച്ച് മാലതി അവിടെ തന്നെ നിന്നു..
രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ രോഹന്റെയും രോഹിണിയുടേയും നടുവിൽ ആയിരുന്നു ലന ഇരുന്നത്.. ” ചേച്ചി.. ഇനി നമ്മളെ ഒന്നും ആർക്കും ഒരു മൈൻന്റും ഉണ്ടാവില്ല.. ” അവർക്ക് എതിരെ ഇരിക്കുന്ന മാനവിനെ ചൂണ്ടി രോഹിണി ലനയുടെ കാതിൽ പറഞ്ഞു.. മുഖം ഉയർത്തി ലന മാനവിനെ നോക്കി.. ചെറിയമ്മയും വലിയമ്മയും കൂടി ഇടവും വലവും നിന്ന് മാനവിനെ ഭക്ഷണം കഴിപ്പിക്കുന്നത് കണ്ട് അവളൊന്ന് ചിരിച്ചു.. അതിനൊപ്പം ചെറിയ ഒരു കുശുമ്പും അവൾക്ക് തോന്നി.. ഭക്ഷണം കഴിച്ച് കഴിഞ്ഞ് രോഹിണി ലനയെ കൂട്ടി റൂമിലേക്ക് പോയി.. ഉറക്കം വരുന്നില്ലെന്ന് പറഞ്ഞ് രോഹനും അവർക്കൊപ്പം കൂടി.. സാരംഗ് വാങ്ങി കൊടുത്ത ഫോണിൽ കളിയിലായിരുന്നു രണ്ടാളും.. ” വാ ചേച്ചി നമുക്കൊരു സെൽഫി എടുക്കാം.. ” രോഹൻ ക്യാമറ ഓൺ ചെയ്ത് ലനയെയും രോഹിണിയെയും ചേർത്ത് പിടിച്ച് സെൽഫി എടുത്തു.. ” അടിപൊളി ഫോൺ ആ ചേച്ചി.. ഇത് പോലെ ഒന്ന് വാങ്ങി തരാൻ ഞാൻ അച്ഛനോട് പറഞ്ഞതാ.. അച്ഛൻ സമ്മതിച്ചതും ആയിരുന്നു..
പക്ഷേ ഏട്ടൻ സമ്മതിച്ചില്ല.. ” രോഹൻ വിഷമത്തിൽ പറഞ്ഞു.. ” നിങ്ങൾ പറഞ്ഞത് പോലെ നിങ്ങടെ ഏട്ടൻ അത്ര കുഴപ്പം ആണെന്ന് എനിക്ക് തോന്നുന്നില്ല.. ” ലന രണ്ടാളെയും നോക്കി.. ” ചേച്ചിക്ക് അങ്ങനെ ഒക്കെ തോന്നും.. ഞാൻ അതല്ല ആലോചിക്കുന്നേ ഏട്ടൻ എന്താ പെട്ടന്ന് ചേച്ചിയോട് ഈ റൂം എടുത്തോളാൻ പറഞ്ഞത് എന്നാ.. ” രോഹിണി തലയിണ മടിയിൽ വെച്ച് വലിയ കാര്യം പോലെ പറഞ്ഞു.. ” അത് എന്താണെന്ന് എനിക്ക് മനസിലായി..” ” എന്ത്..? ” ” ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.. ” രോഹൻ പറഞ്ഞത് കേട്ട് രോഹിണി മാത്രം അല്ല ലനയും വാ പൊളിച്ചു പോയി.. ” എന്ത്..? ” ” ആഹ്ടി രോഹി.. നീ കണ്ടില്ലല്ലോ ചേച്ചിയെ കണ്ടപ്പോൾ ഏട്ടന്റെ ഒരു നോട്ടം.. ഉഫ് കാണേണ്ടത് തന്നെ ആയിരുന്നു.. ” ” മിണ്ടാതിരുന്നോ രണ്ടിനും കിട്ടും എന്റേന്ന്.. ” ലന രണ്ടാളെയും നോക്കി ഗൗരവത്തിൽ പറഞ്ഞു..
” ചേച്ചി ഒന്ന് ചുമ്മാതിരിക്ക്.. നീ പറയടാ.. ” രോഹിണി രോഹനെ നോക്കി ഉത്സാഹത്തോടെ പറഞ്ഞു.. ” ആടി.. അതല്ലേ ഏട്ടൻ പെട്ടന്ന് തന്നെ ചേച്ചിയോട് ഈ റൂം എടുത്തോളാൻ പറഞ്ഞത്.. ” രോഹൻ ചിരിച്ചുകൊണ്ട് പറഞ്ഞതും ലന അവനെ തലയിണ എടുത്ത് അടിക്കാൻ തുടങ്ങി.. ” എണീറ്റ് പോടാ ഇവിടുന്ന്.. ” ലന കലിപ്പ് ആയതും അവൻ ജീവനും കൊണ്ട് ഓടി.. ” ചേച്ചി എന്നാലും അവൻ പറഞ്ഞത് സത്യം ആയിരിക്കുമോ..? ” രോഹിണിയുടെ ചോദ്യം കേട്ടതും ലന അവളെ തറപ്പിച്ച് നോക്കി.. വേഗം പുതപ്പ് തലവഴി മൂടി അവൾ മിണ്ടാതെ കിടന്നു.. ( കാത്തിരിക്കുമല്ലോ )

by