19/04/2026

ലയനം : ഭാഗം 22

രചന – നിള നന്ദ

റൂമിലിരുന്ന് ഫോണിൽ ആർക്കോ മെസ്സേജ് അയക്കുകയായിരുന്നു ശ്രേയ.. രോഹനും രോഹിണിയും അകത്തേക്ക് കയറി പരസ്പരം ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ച് ശ്രേയക്ക് ഇരുവശത്തുമായി ഇരുന്നു..

” ചേച്ചി തിരക്കിൽ ആണോ..? ”

രോഹനാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്..

” ഏയ്യ് തിരക്ക് ഒന്നും ഇല്ല.. എന്താ നിങ്ങൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ..? ”

ശ്രേയ ഫോൺ മാറ്റി വെച്ച് രണ്ടാളെയും നോക്കി..

” അത് പിന്നെ ചേച്ചി കുറച്ച് ദിവസം കഴിഞ്ഞാൽ കല്യാണം ആയില്ലേ.. ”

” അതിനിപ്പോ എന്താ..? ”

രോഹിണി പറഞ്ഞ് പൂർത്തിയാക്കും മുൻപേ ശ്രേയ അവളെ നോക്കി ചോദിച്ചു..

” അത് ചേച്ചി.. ഞങ്ങൾക്ക് ഒരു ആഗ്രഹം കല്യാണത്തിന് എല്ലാവർക്കും കൂടി ഒരു ഡാൻസ് കളിച്ചാലോ എന്ന്.. ”

രോഹനാണ് പറഞ്ഞത്..

” അതിനെന്താ നല്ലതല്ലേ.. ”

” നല്ലതൊക്കെ തന്നെ.. ഈ കാര്യം ചേച്ചി മാനുവേട്ടനോട് ഒന്ന് സംസാരിക്കണം.. ”

” ഹേ ഞാനോ.. ”

രോഹിണി പറഞ്ഞത് കേട്ട് ശ്രേയ ദയനീയമായി അവളെ നോക്കി..

” രണ്ട് പേര് പെയർ ആയിട്ടുള്ള ഡാൻസ് ആണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നേ.. ഞങ്ങൾ രണ്ടാളും നിഖിൽ ചേട്ടനും മുമ്മു ചേച്ചിയും.. പിന്നെ സന ചേച്ചിയും സാരഗ് ചേട്ടനും.. ”

” സാരഗ് അതിന് സനയുടെ ഒപ്പം കളിക്കാൻ സമ്മതിക്കോ..? ”

രോഹൻ പൂർത്തിയാക്കുന്നതിന് മുൻപ് ശ്രേയ ചോദിച്ചു..

” സമ്മതിക്കാൻ ചാൻസ് ഇല്ല.. എങ്ങനെയെങ്കിലും സമ്മതിപ്പിക്കാം.. അവർ തമ്മിൽ ഒന്ന് അടുക്കാൻ കൂടി വേണ്ടിയാ ഇങ്ങനെ ഒരു പ്ലാൻ.. ”

രോഹൻ പറഞ്ഞു..

” എല്ലാവരും കളിക്കുമ്പോൾ ലന ചേച്ചി മാത്രം മാറി നിൽക്കണ്ടേ.. പിന്നെ ആകെ ഉള്ളത് മാനുവേട്ടൻ മാത്രമല്ലേ.. അതാ.. ”

രോഹിണി ചെറുതായി ഇളിച്ചുകൊണ്ട് പറഞ്ഞു..

” എന്നാ പിന്നെ മനുവിനോട് നിങ്ങൾക്ക് തന്നെ പറഞ്ഞാൽ പോരെ.. ”

” അത് ശരിയാവില്ല ചേച്ചി.. ഞങ്ങൾ പറഞ്ഞാൽ ഏട്ടൻ സമ്മതിക്കില്ല.. ചേച്ചി അങ്ങനെ അല്ലല്ലോ.. കല്യാണപെണ്ണ് പറഞ്ഞാൽ ഏട്ടൻ സമ്മതിക്കും.. പ്ലീസ് ചേച്ചി.. ”

രോഹിണി കൊഞ്ചലോടെ പറഞ്ഞു..

” ഇതുപോലുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞാലൊന്നും അവൻ കേൾക്കാൻ പോകുന്നില്ല.. മാത്രമല്ല ലനയും സമ്മതിക്കണ്ടേ..”

” ഞങ്ങൾ പറഞ്ഞ് തരുന്നത് പോലെ പറഞ്ഞാൽ മതി.. ഏട്ടൻ സമ്മതിക്കും ഉറപ്പ്.. പിന്നെ ലന ചേച്ചിയോട് ഞങ്ങൾ സംസാരിച്ചോളാം..”

രോഹൻ അവന്റെ മനസിലുള്ളത് ശ്രെയയോട് പറഞ്ഞു..

” ഇതൊന്നും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.. ”

രോഹൻ പറഞ്ഞത് കേട്ട് ശ്രേയ അപ്പോൾ തന്നെ പറഞ്ഞു..

” അതൊക്കെ നടക്കും.. ചേച്ചി കുറച്ച് സെന്റി അടിച്ച് പറഞ്ഞാൽ മതി.. ”

രോഹിണി ആത്മവിശ്വാസത്തോടെ പറഞ്ഞു..

” മ്മ്.. ഞാൻ ശ്രെമിച്ച് നോക്കാം.. ”

രണ്ടാളോടുമായി പറഞ്ഞ് ശ്രേയ എഴുനേറ്റ് റൂമിന് പുറത്തേക്ക് പോയി.. രോഹനും രോഹിണിയും പുഞ്ചിരിയോടെ പരസ്പരം കൈ അടിച്ചു..

****************************

ഉമ്മറത്ത് ചാരുപടിയിൽ ഇരിക്കുകയായിരുന്നു ലന.. അവളെ തിരക്കി വന്ന സന അവളെ കണ്ടതും ചെറു പുഞ്ചിരിയോടെ അവൾക്കരികിൽ ഇരുന്നു.. അടുത്ത് ആരോ വന്നിരിക്കുന്നതായി തോന്നിയത്തും ലന മുഖം തിരിച്ച് നോക്കി..

” എന്താ ഇവിടെ വന്നിരിക്കുന്നേ..? ”

സനയുടെ ചോദ്യത്തിൽ അല്പം കുസൃതി നിറഞ്ഞിരുന്നു..

” ഒരാള് എങ്ങാണ്ട് എങ്ങാണ്ടൊക്കെ പോവാണെന്ന് കേട്ടു.. ആളെ യാത്രായക്കാൻ ഇരുന്നതാ.. ”

ചുണ്ട് രണ്ട് സൈഡിലോട്ടും ആക്കി അല്പം പരിഭവത്തോടെ ലന മറുപടി പറഞ്ഞു..

” എങ്കിലേ ഈ ഇരുപ്പ് വെറുതെയാ.. ആ ആളിപ്പോ പോവുന്നില്ല.. ”

ലന വിശ്വാസം വരാതെ സനയെ തന്നെ നോക്കി.. അതേയെന്നർത്ഥത്തിൽ അവൾ തലയാട്ടി..

” എന്താ പെട്ടന്ന് തീരുമാനം മാറ്റാൻ..? ”

” നിഖിലും മുക്തയും എന്നോട് വന്ന് സംസാരിച്ചിരുന്നു.. എന്നോടുള്ള പിണക്കം ഒക്കെ മാറി.. ”

സന്തോഷം കൊണ്ട് അവൾ ലനയുടെ രണ്ട് കവിളിലും പിടിച്ച് വലിച്ചു..

” എടീ പെണ്ണേ എനിക്ക് നോവുന്നുണ്ട് കേട്ടോ.. ”

കവിളിൽ പതുക്കെ ഉഴിഞ്ഞു കൊണ്ട് ലന പറഞ്ഞു..

” അയ്യോടി നിനക്ക് നൊന്തോ.. സാരില്ല പോട്ടെ..”

സന അതും പറഞ്ഞ് ലനയുടെ കവിളിൽ ഒരുമ്മ കൊടുത്തു..

” ഞാൻ പോയി രോഹനോടും രോഹിണിയോടും ഈ കാര്യം പറഞ്ഞിട്ട് വരാം.. ”

സന എഴുനേറ്റ് അകത്തേക്ക് നടന്നതും വാതിൽക്കൽ എത്തിയപ്പോൾ ആരുടെയോ നെഞ്ചിൽ ഇടിച്ച് നിന്നു.. അവൾ പതിയെ മുഖം ഉയർത്തി നോക്കി.. ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുന്ന സാരംഗിനെ കണ്ടതും അവളുടെ മുഖം പിന്നെയും താഴ്ന്നു.. പെട്ടന്ന് തന്നെ അവൾ അവനെ കടന്ന് അകത്തേക്ക് പോയി.. സാരഗ് അത് ശ്രെദ്ധിക്കാതെ ലനയുടെ അടുത്ത് വന്നിരുന്നു..

“അവൾക്ക് എന്താ ഇത്രയും സന്തോഷം.. നിനക്ക് ഉമ്മയൊക്കെ തരുന്നേ കണ്ടല്ലോ.. ”

സാരഗ് ലനയെ നോക്കാതെ അലക്ഷ്യമായി ചോദിച്ചു..

” നിനക്ക് ചോദിക്കാമായിരുന്നില്ലേ..? ”

ലന അവനെ നോക്കികൊണ്ട് ചോദിച്ചു..

” ഓഹ്.. എനിക്ക് അതിന്റെ ആവശ്യം ഒന്നുന്നില്ല.”

താല്പര്യം ഇല്ലാത്ത മട്ടിൽ അവൻ പറഞ്ഞു..

” അവളോട് ചോദിക്കേണ്ട ആവശ്യം ഇല്ലെന്നോ.. അതോ അവളുടെ സന്തോഷത്തിന്റെ കാരണം അറിയേണ്ട ആവശ്യം ഇല്ലെന്നോ..? ”

പുരികം പൊക്കികൊണ്ട് ലന ചോദിച്ചു..

” രണ്ടും.. ”

അവൻ അല്പം ദേഷ്യത്തിൽ പറഞ്ഞു..

” പിന്നെന്തിനാ നീ ചോദിച്ചേ..? ”

അവൾ വീണ്ടും ചോദിച്ചു..

മറുപടി പറയാതെ അവളെ ഒന്ന് തുറിച്ച് നോക്കി അവൻ ഫോൺ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി..
ലന ചിരി അടക്കി അവനെ തന്നെ നോക്കി ഇരുന്നു..

**********************

ശ്രേയ മാനവിന്റെ റൂമിലേക്ക് ചെല്ലുമ്പോൾ അവൻ കാര്യമായി ലാപ്പിൽ എന്തോ പണിയിൽ ആയിരുന്നു.. അവൾ അവന് അടുത്തുള്ള ഒരു ചെയറിലേക്ക് ഇരുന്നു..

” നീ തിരക്കിൽ ആണോ മാനു..? ”

ശ്രെയയുടെ ശബ്‌ദം കേട്ട് അവൻ മുഖം ചരിച്ച് നോക്കി..

” ആഹ് കുറച്ച്.. ഒന്ന് രണ്ട് മെയിൽ ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു.. എന്താ നിനക്ക് വല്ലതും സംസാരിക്കാൻ ഉണ്ടോ.. ”

ശ്രെയയെ ഒന്ന് നോക്കി അവൻ വീണ്ടും ലാപ്പിലേക്ക് മുഖം തിരിച്ചു..

” ഒരു കാര്യം പറയാൻ ഉണ്ട്.. അത്ര സീരിയസ് ഒന്നും അല്ല.. നിന്റെ തിരക്ക് ഒക്കെ കഴിഞ്ഞിട്ട് മതി.. ഞാൻ വെയിറ്റ് ചെയ്തോളാം.. ”

ശ്രേയ നേരിയ പുഞ്ചിരിയോടെ പറഞ്ഞു..

” കാര്യം എന്താണെന്ന് പറഞ്ഞോ.. ഇതൊരു അഞ്ചു മിനിറ്റ് നേരത്തേക്ക് മാറ്റി വെക്കാവുന്നതേ ഉള്ളൂ.. ”

മാനവ് ലാപ് മാറ്റി വെച്ച് ശ്രെയയെ നോക്കി..

” അത് മാനു.. രോഹനും രോഹിണിക്കും ഒരു ആഗ്രഹം.. കല്യാണത്തിന് എല്ലാവർക്കും ഒന്നിച്ച് ഒരു ഡാൻസ് കളിക്കണം എന്ന്.. ”

” കളിക്കണം എങ്കിൽ കളിച്ചോ.. അതിനിപ്പോ എന്താ.. ”

മാനവ് അവളെ നോക്കി നെറ്റി ചുളിച്ചു..

” അതല്ല മാനു.. അവർ ഉദ്ദേശിക്കുന്നത് രണ്ട് പേര് ജോഡി ആയി കളിക്കാൻ ആണ്.. പക്ഷേ അങ്ങനെ ആവുമ്പോ ലന തന്നെ അല്ലേ.. ”

” അതുകൊണ്ട്..? ”

” എടാ നീ ഒന്ന് അവളുടെ ഒപ്പം ഡാൻസ് കളിക്കണം.. നിനക്കും പ്രതേകിച്ച് പണി ഒന്നും ഇല്ലല്ലോ.. ”

അത് കേട്ടതും മാനുവിന്റെ കണ്ണുകൾ ഒന്ന് വിടർന്നു.. ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു.. ശ്രെയയിൽ നിന്ന് അത് ഒളിപ്പിക്കനായി അവൻ പെട്ടന്ന് തന്നെ മുഖം തിരിച്ചു..

” നിനക്ക് എന്താ ശ്രേയ.. ഡാൻസ്.. അതും ഞാൻ.. നീ നടക്കുന്ന കാര്യം എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്‌.. ”

ഉള്ളിൽ ആഗ്രഹം ഉണ്ടെങ്കിലും അവൻ അല്പം വെയിറ്റ് ഇട്ടിരുന്നു..

” എടാ അവരുടെ ഒരു ആഗ്രഹം അല്ലേ.. പിന്നെ ഇതൊക്കെ ഒരു രസമല്ലേ.. കല്യാണം ഒക്കെ ഒരിക്കൽ മാത്രം ഉണ്ടാവുന്ന കാര്യം അല്ലേ.. നീ ഒന്ന് സമ്മതിക്കടാ.. പിന്നെയും അല്ല.. എല്ലാവരും കളിക്കുമ്പോൾ ലന മാത്രം മാറി നിൽക്കണ്ടേ.. ആ. കുട്ടി നമ്മുടെ വീട്ടിലേക്ക് വന്നതല്ലേ.. നമ്മൾ അല്ലേ അവളെ എല്ലാത്തിനും ചേർത്ത് നിർത്തി ഹാപ്പി ആക്കേണ്ടത്.. ”

രോഹിണി പറഞ്ഞത് പോലെ ശ്രേയ അല്പം സെന്റി അടിച്ച് പറഞ്ഞു.. മാനവിന്റെ മുഖഭാവം അറിയാൻ അവൾ ഒളികണ്ണിട്ട് അവനെ നോക്കാനും മറന്നില്ല..

” മ്മ്.. ഇനി ഞാൻ കാരണം ആരും വിഷമിക്കാൻ നിൽക്കണ്ട.. ഒരു ഡാൻസ് അല്ലേ.. ഞാൻ വന്നോളാം.. എനിക്കിപ്പോ കുറച്ചു പണി ഇണ്ട് നീ ചെല്ല്.. ”

മാനവ് അവളെ ഒന്ന് നോക്കി വല്ല്യ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞ് ലാപ്പ് എടുത്ത് നോക്കാൻ തുടങ്ങി..

ശ്രേയ സന്തോഷം അടക്കി പെട്ടന്ന് പുറത്തേക്ക് ഇറങ്ങി.. അവൾ വരുന്നതും കാത്ത് റൂമിന് പുറത്ത് രോഹനും രോഹിണിയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു..

” എന്തായി ചേച്ചി..? ”

രോഹിണി അക്ഷമയോടെ ചോദിച്ചു..

” സക്സസ്.. ”

ശ്രേയ അവരെ നോക്കി കണ്ണിറുക്കി..

” എന്റെ ഭാഗം ഞാൻ റെഡി ആക്കി.. ഇനി ബാക്കി ഉള്ളവരെ കൊണ്ട് സമ്മതിപ്പിക്കേണ്ടത് നിങ്ങൾ ആണ്..”

” അതൊക്കെ ഞങ്ങൾ ഏറ്റു.. ചേച്ചി വാ.. ”

രോഹൻ പറഞ്ഞുകൊണ്ട് ശ്രെയയെ കൂട്ടി നടന്നു.. പുറകെ രോഹിണിയും..

ശ്രേയ പുറത്തേക്ക് പോയതും മാനവ് ചെയറിലേക്ക് ചാരി കണ്ണുകൾ അടച്ചു.. അവന്റെ മനസിലേക്ക് ലനയുടെ മുഖം തെളിഞ്ഞു.. അവന്റെ മാത്രം ലയയുടെ.. ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരിയും..

***********************

റൂമിൽ എല്ലാവരോടും ഡാൻസിന്റെ കാര്യം പറഞ്ഞിരിക്കുകയായിരുന്നു രോഹനും രോഹിണിയും.. മാനവ് മാത്രം ഉണ്ടായിരുന്നില്ല..
എല്ലാം കേട്ട് ഇരുണ്ട മുഖത്തോടെ സാരഗ് സനയെ നോക്കി..

” എനിക്ക് ഇതിന് താല്പര്യം ഇല്ല.. നിങ്ങൾ എന്താണെന്ന് വെച്ചാൽ ആയിക്കോ.. എന്നെ ഇതിനൊന്നും കിട്ടില്ല.. ”

സനയെ ദേഷ്യത്തോടെ നോക്കി തന്നെയാണ് സാരഗ് അത് പറഞ്ഞത്.. ഇങ്ങനെ ഒരു മറുപടി പ്രതീക്ഷച്ചത് കൊണ്ട് സനയ്ക്ക് കൂടുതൽ സങ്കടം ഒന്നും തോന്നിയില്ല.. അവൾ അവനിൽ നിന്ന് മുഖം തിരിച്ച് ഇരുന്നു..

” നീയെന്താ സാരാംഗ് ഇങ്ങനെ പറയുന്നേ.. എല്ലാവരും ഒന്നിച്ച് ആവുമ്പോൾ അല്ലേ ഒരു സന്തോഷം ഒക്കെ ഉണ്ടാവൂ.. ”

മുക്ത അവനെ നോക്കി പറഞ്ഞു..

” ചിലരെ കാണുമ്പോൾ എനിക്ക് സന്തോഷം അല്ല തോന്നുന്നത്.. വെറുപ്പ് ആണ്.. ഇല്ലാത്ത ഒന്ന് അഭിനയിക്കാൻ ഒന്നും എനിക്ക് കഴിയില്ല.. ”

സാരഗ് ദേഷ്യത്തിൽ തന്നെ മറുപടി പറഞ്ഞു..
രോഹനും രോഹിണിയും ദയനീയമായി ലനയെ നോക്കി.. അവൾക്കേ അവനെ കൊണ്ട് സമ്മതിപ്പിക്കാൻ പറ്റൂ എന്ന് അവർക്ക് അറിയാമായിരുന്നു..

” സാരാഗ് എന്താടാ ഇത്.. ഇവരെല്ലാം ആഗ്രഹിച്ച് സന്തോഷിച്ചിരിക്കുമ്പോ നീ അതിനു തടസ്സം നിൽക്കുന്നത് ശരിയാണോ.. ”

” ലന അത്.. ”

” അരഞ്ചു മിനിറ്റിന്റെ കാര്യം അല്ലേ ഉള്ളൂ.. നീ എതിരൊന്നും പറയല്ലേടാ.. ”

സാരംഗിന്റെ കവിളിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.. ആരെയും ശ്രെദ്ധിക്കാതെ അവനൊന്ന് അമർത്തി മൂളി..

” ഇപ്പൊ എല്ലാവർക്കും സന്തോഷം ആയല്ലോ.. ഇനി നിങ്ങൾ എല്ലാവരും എന്താന്നു വെച്ചാൽ ആയിക്കോ.. ”

” ഞങ്ങളോ.. അപ്പോ ചേച്ചിയോ.. ”

രോഹൻ ആണ് ചോദിച്ചത്..

” ഞാനോ.. ഞാൻ എങ്ങും ഇല്ല.. എനിക്ക് ഡാൻസിന്റെ എ ബി സി ഡി അറിയില്ല.. ഞാൻ ഇത് വരെ ഒരു ഡാൻസും കളിച്ചിട്ടും ഇല്ല.. ”

ലന രോഹനെ നോക്കി പറഞ്ഞു..

” അതൊന്നും പറഞ്ഞാൽ പറ്റില്ല.. ചേച്ചിയെ മാത്രം ഞങ്ങൾ അങ്ങനെ വെറുതെ വിടില്ല.. ഡാൻസ് അറിയില്ലെങ്കിൽ പഠിക്കാൻ ആണ് പ്രാക്ടീസ്.. എല്ലാം നമുക്ക് റെഡി ആക്കാമെന്നെ.. ”

രോഹിണി അവളെ നോക്കി ചിരിച്ചു..

” ആന്നേ.. ഒരഞ്ചു മിനിറ്റിന്റെ കാര്യം അല്ലേ ഉള്ളൂ.. നീ തടസ്സം ഒന്നും പറയണ്ട.. ”

സാരഗ് അവളെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു.. അവൾ അവനെ നോക്കി കണ്ണുരുട്ടി..

” ശരി ശരി.. ഇനി ഞാൻ പിന്മാറിയിട്ട് ഒരു പ്രശ്നം വേണ്ട.. ഒരു തവണ നോക്കും.. എന്നിട്ട് ശരിയായില്ലെങ്കിൽ പിന്നെ ഞാൻ വരില്ല.. ”

ലന രോഹനെയും രോഹിണിയെയും നോക്കി പറഞ്ഞു.. ശരിയെന്ന അർത്ഥത്തിൽ അവർ തലയാട്ടി..

( കാത്തിരിക്കുമല്ലോ.. )