19/04/2026

ലയനം : ഭാഗം 23

രചന – നിള നന്ദ

” അപ്പോ എല്ലാരും റെഡി അല്ലേ.. സ്റ്റെപ് ഒക്കെ ഓർമ്മ ഉണ്ടല്ലോ..? ”

രോഹൻ എല്ലാരേയും നോക്കി ചോദിച്ചു..

” എല്ലാം ഓർമ്മ ഉണ്ട്.. നീ മ്യൂസിക് പ്ലേ ചെയ്യ്.. ”

ലന അടുത്ത് നിന്ന മാനവിനെ ഇടക്കണ്ണിട്ട് നോക്കിയിട്ട് പറഞ്ഞു.. മാനവിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു.. ആരും കാണാതെ അവനത് ഒളിപ്പിച്ച് ഗൗരവത്തോടെ നിന്നു..
രോഹൻ എല്ലാവരെയും ഒന്ന് നോക്കിയിട്ട് മ്യൂസിക്ക് പ്ലേ ചെയ്തു.. പാട്ടിനൊപ്പം എല്ലാവരും ഒന്നിച്ച് നൃത്തം വെച്ചു.. ശ്രേയ എല്ലാം ഫോണിൽ വീഡിയോ എടുത്ത് അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു..

നിഖിൽ മുക്തയുടെ കയ്യിൽ പിടിച്ച് കറക്കി അവളെ ചേർത്ത് പിടിച്ച് കാതിനരികിൽ മുഖം ചേർത്തു…

” ഐ ലവ് യു.. ”

കാതിൽ അവൻ പതിയെ പറഞ്ഞതും മുക്തയുടെ കണ്ണുകൾ വിടർന്നു.. മുഖം ഉയർത്തി അവൾ അവനെ നോക്കിയതും അതേയെന്നർത്ഥത്തിൽ അവൻ പുഞ്ചിരിയോടെ തലയാട്ടി..

സാരംഗിന്റെ തോളിൽ കൈ വെച്ച് ഡാൻസ് കളിക്കുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ സന ഏറെ ശ്രെമിച്ചെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല.. സനയുടെ കണ്ണുകൾ സാരംഗിന്റെ മുഖത്താകെ പതിഞ്ഞു.. അവന്റെ തിളക്കമുള്ള കുഞ്ഞി കണ്ണുകളിലും നെറ്റിയിലേക്ക് വീണ് കിടക്കുന്ന നീണ്ട മുടിയിഴകളിലും..
നിനക്കെന്നോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലേ സാരഗ്…
അവളുടെ ഹൃദയം വേദനയോടെ വിങ്ങി..
കണ്ണുകൾ നിറഞ്ഞു വരുന്നത് അറിഞ്ഞതും അവൾ പെട്ടന്ന് മുഖം തിരിച്ചു..

സനയുടെ മുഖത്തേക്ക് നോക്കാതെ ആയിരുന്നു സാരഗ് കളിച്ചിരുന്നത്.. അവന്റെ ഉള്ളിൽ പഴയ ഓർമ്മകൾ തെളിഞ്ഞു വന്നു.. എപ്പോഴും പുഞ്ചിരിയോടെ കുസൃതി കാണിച്ച് നടന്നിരുന്ന സനയുടെ മുഖമായിരുന്നു ആ ഓർമകളിൽ നിറയെ.. എന്തിനോ അവന്റെ ഹൃദയം കൂടുതൽ അസ്വസ്ഥമായി തുടങ്ങി..

ലനയുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി മാനവ് അവളുടെ കണ്ണിലേക്ക് നോക്കി.. ഒരുനിമിഷം പോലും കണ്ണുകൾ പിൻവലിക്കാൻ കഴിയാതെ അവളുടെ കണ്ണുകളും അവന്റെ കണ്ണുകളിൽ കൊരുത്തു.. ആ കണ്ണുകളുടെ ആഴങ്ങളിലേക്ക് അവൾ അറിയാതെ വീണ് പോവുന്നത് പോലെ.. മാനവിന്റെ നോട്ടം അവളുടെ കീഴ്ച്ചുണ്ടിന് താഴെയുള്ള കാക്കപ്പുള്ളിയിൽ പതിച്ചു.. അവിടെ ചുണ്ടുകൾ ചേർത്ത് സ്നേഹത്തോടെ ഒന്ന് ചുംബിക്കാൻ അവന്റെ ഉള്ള് തുടിച്ചു..

” അതേ പാട്ട് കഴിഞ്ഞിട്ട് കുറച്ച് നേരം ആയി..”

രോഹന്റെ ശബ്‌ദം കേട്ട് എല്ലാവരും ഞെട്ടി അകന്ന് മാറി.. പരസ്പരം നോക്കാൻ കഴിയാതെ എല്ലാവരും ചമ്മലോടെ നിന്നു..

” കഴിഞ്ഞല്ലോ.. എന്നാ ഞാൻ പോണ്.. എത്ര നേരം ആയി തുടങ്ങിയിട്ട്… ”

രോഹനെയും രോഹിണിയെയും ഒന്ന് ഇരുത്തി നോക്കി ലന പെട്ടന്ന് അവിടെന്ന് മുങ്ങി.. പിന്നാലെ സനയും.. മാനവ് ഒരു ചിരിയോടെ ലന പോവുന്നത് നോക്കി നിന്നു..

രോഹിണി ശ്രേയയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി രോഹനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.. രണ്ടാളും ശ്രേയ എടുത്ത ഡാൻസിന്റെ വീഡിയോ മുഴുവനും കണ്ടു..

” എന്തോന്നാടാ ഇത്.. നമ്മൾ മാനു ഏട്ടനെയും ലന ചേച്ചിയെയും ഒന്ന് അടുപ്പിക്കാൻ ആണ് ഈ ഡാൻസ് പ്ലാൻ ചെയ്തത്.. ഇതിപ്പോ മൊത്തം പ്രണയം ആണലോ.. കണ്ടില്ലേ എല്ലാം കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്നേ.. ”

രോഹിണി രോഹനെ നോക്കി പറഞ്ഞു..

” ഞാനും അതാ ആലോചിക്കുന്നേ.. സാരഗ് ചേട്ടനെയും സന ചേച്ചിയും വിട്.. മുമ്മു ചേച്ചിനെയും നിഖിൽ ചേട്ടനെയും നോക്ക്.. നിഖിൽ ചേട്ടൻ ചേച്ചിയുടെ ചെവിയിൽ എന്തോ പറഞ്ഞത് കണ്ടില്ലേ.. അത് കേട്ട് ചേച്ചിയുടെ മുഖം വിടരുന്നും ഉണ്ടായിരുന്നു.. എന്തായിരിക്കും അത്.. ”

രോഹൻ താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു..

” ശരിയാണല്ലോ.. അവർ തമ്മിൽ എന്തോ ഉണ്ടെന്ന് തോന്നുന്നു.. കണ്ട് പിടിക്കാം.. ഇപ്പോ വാ നമുക്ക് ലന ചേച്ചിടെ അടുത്തേക്ക് പോവാം.”

രോഹിണി അതും പറഞ്ഞ് മുന്നോട്ട് നടന്നു.. എന്തോ ഓർത്ത് രോഹൻ പുറകെയും..

റൂമിൽ എത്തി ലന നേരെ വാഷ് റൂമിൽ കയറി ഡോർ അടച്ച് അതിൽ ചാരി നിന്നു.. മനസ്സിൽ അപ്പോഴും മാനവിന്റെ മുഖം ആയിരുന്നു.. അവന്റെ ആ കണ്ണുകൾ ഹൃദയത്തിൽ എവിടെയോ എന്തോ ചലനം സൃഷ്ട്ടിക്കുന്നത് പോലെ തോന്നി അവൾക്ക്.. ടാപ് തുറന്ന് മുഖത്ത് വെള്ളം ഒഴിച്ച് അവൾ കണ്ണാടിയിലേക്ക് നോക്കി.. തന്റെ മുഖത്ത് ഇത് വരെ കാണാത്ത ഒരു ഭാവം.. ഹൃദയവും അങ്ങനെ തന്നെ.. മാനവിന്റെ കണ്ണുകളിൽ ഹൃദയം കുരുങ്ങി കിടക്കുന്നത് പോലെ.. തോടിന്റെ അവിടെ വെച്ച് കണ്ണിൽ നോക്കിയതും സ്റ്റെയറിൽ നിന്ന് വീഴാൻ പോയപ്പോൾ ചേർത്ത് പിടിച്ചതും ഒക്കെ അവളുടെ ഓർത്തു.. പെട്ടന്ന് കണ്ണുകൾ ഇറുക്കി അടച്ച് അവൾ ആ ഓർമകളിൽ നിന്ന് പുറത്തേക്ക് കടക്കുവാൻ ശ്രെമിച്ചു..

” ലനെ.. നീ അതിന്റെ ഉള്ളിൽ എന്തെടുക്കുവാ.. എത്ര നേരം ആയി കയറിയിട്ട്.. ”

പുറത്ത് നിന്ന് സന ഡോറിൽ തട്ടുന്നത് കേട്ടപ്പോൾ ലന പെട്ടന്ന് മുഖം തുടച്ച് ഡോർ തുറന്നു..

” എന്താടാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ”

സന അവളെ സൂക്ഷിച്ചു നോക്കി..

” ഏയ്യ് ഒന്നും ഇല്ലെടോ.. ”

ലന അവളെ മറി കടന്ന് മുന്നോട്ട് നടന്ന് ബെഡിൽ ഇരുന്നു.. സന അടുത്ത് ചെന്ന് എന്തോ പറയാൻ വന്നതും രോഹനും രോഹിണിയും അകത്തേക്ക് വന്നു..

” ലന ചേച്ചിക്ക് ഡാൻസ് ഒന്നും അറിയില്ലെന്ന് പറഞ്ഞിട്ട് അടിപൊളി ആയി കളിച്ചല്ലോ.. ”

രോഹിണി അവൾക്ക് അരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു.. ലന മറുപടി ഒന്നും പറയാതെ അവളെ നോക്കി.. മനസ്സിൽ അപ്പോൾ ഡാൻസ് കളിച്ചപ്പോഴത്തെ രംഗങ്ങൾ ഓരോന്നായി മിന്നി മറഞ്ഞു..

” ചേച്ചി എന്താ ഒന്നും മിണ്ടാത്തെ.. ”

രോഹിണി അവളെ തട്ടി വിളിച്ചു..

” ഏയ്യ് ഒന്നും ഇല്ല.. ”

മുഖം തിരിച്ചു കൊണ്ട് അവൾ പറഞ്ഞു.. രോഹൻ അവളുടെ ഭവമാറ്റം എല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..

” നമുക്ക് പുറത്ത് ഒന്ന് നടക്കാൻ പോയാലോ.. ഇന്ന് എവിടെയും പോയില്ലല്ലോ.. ”

രോഹിണി മൂന്നാളെയും നോക്കി പറഞ്ഞു..

” ഞാൻ എവിടേക്കും ഇല്ല.. രാവിലെ മുതൽ തുടങ്ങിയ ഡാൻസ് പ്രാക്ടീസ് അല്ലേ. കാലൊക്കെ കഴക്കുന്നു.. ”

അടുത്ത് കിടന്ന ചെയറിലേക്ക് ഇരുന്നുകൊണ്ട് സന പറഞ്ഞു..

” ശരിയാ.. ഇന്നിനി പോവാൻ വയ്യാ.. നമുക്ക് ഇവിടെ ഇരുന്നുകൊണ്ട് എന്തെങ്കിലും കളിക്കാം.”

രോഹൻ ആണ് പറഞ്ഞത്..

” ഇവിടെ ഇരുന്ന് എന്ത് കളിക്കാൻ..? ”

രോഹിണി അവനെ നോക്കി ചോദിച്ചു..

” നമുക്ക് അന്താക്ഷരി കളിക്കാം.. ”

” ഞാൻ ഇല്ല.. നിങ്ങൾ കളിച്ചോ.. ”

ബെഡിന്റെ ഒരു ഒരത്ത് കിടന്നുകൊണ്ട് ലന പറഞ്ഞു..

” ചേച്ചി ഇല്ലെങ്കിൽ വേണ്ട.. ഞങ്ങൾ കളിച്ചോളാം.. ആദ്യം നീ തന്നെ തുടങ്ങിക്കോ.. ”

രോഹിണി രോഹനെ നോക്കി..
തലയാട്ടി കൊണ്ട് ലനയെ ഒന്ന് പാളി നോക്കി രോഹൻ പാടാൻ തുടങ്ങി..

” കണ്ണും കണ്ണും.. തമ്മില്‍ തമ്മില്‍..
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുരദേവാമൃതം
മധുരദേവാമൃതം

കണ്ണും കണ്ണും… തമ്മില്‍ തമ്മില്‍..
കഥകള്‍ കൈമാറും അനുരാഗമേ.. ”

രോഹിണി ചിരി അടക്കി പിടിച്ച് ഇരുന്നു..

” നിർത്ത്.. ”

പാട്ട് കേട്ട് ലന ബെഡിൽ നിന്ന് ചാടി എഴുനേറ്റു..
സ്വിച്ച് ഇട്ട പോലെ രോഹൻ പാട്ടും രോഹിണി ചിരിയും നിർത്തി..

” രണ്ടും ഇപ്പൊ ഇവിടുന്ന് ഇറങ്ങി പൊയ്ക്കോണം.. അവരുടെ ഒരു പാട്ട്.. ”

ദേഷ്യത്തിൽ രണ്ടാളെയും നോക്കി പറഞ്ഞുകൊണ്ട് ലന ബാൽക്കണിയിലേക്ക് നടന്നു.. സന ചെയറിൽ നിന്ന് എഴുനേറ്റ് ഒന്നും മനസിലാവാതെ ലനയെ കണ്ണും മിഴിച്ച് നോക്കി.. ഇവൾക്കിത് എന്ത് പറ്റിയെന്ന് ചിന്തിച്ച് തിരിഞ്ഞ് നോക്കിയതും രോഹന്റെയും രോഹിണിയുടേയും പൊടി പോലും അവിടെ ഉണ്ടായിരുന്നില്ല..

********************

രാത്രിയിൽ വിശപ്പ് ഇല്ലെങ്കിലും സന നിർബന്ധിച്ച് വിളിച്ചപ്പോൾ ലന താഴേക്ക് ഇറങ്ങി ചെന്നു.. ഡെയിനിങ് ടേബിളിന് ചുറ്റും എല്ലാവരും ഇരിപ്പുണ്ടായിരുന്നു.. സാരംഗിന് അടുത്ത് ഒഴിഞ്ഞു കിടന്നിരുന്ന ചെയറിൽ ഇരുന്ന് കൊണ്ട് ലന നേരെ നോക്കിയതും കാണുന്നത് തന്നെ നോക്കിയിരിക്കുന്ന മാനവിനെ ആണ്.. അവന്റെ കണ്ണുകളിൽ ഒരുവേള തന്റെ കണ്ണുകൾ കോരുത്തതും അവൾ പെട്ടന്ന് നോട്ടം മാറ്റി.. ഹൃദയം എന്തിനോ തുടിച്ചുകൊണ്ടിരുന്നു.. മുഖം ഉയർത്തി നോക്കാൻ ഉള്ളം വെമ്പി.. ആ കണ്ണുകളിൽ അലിഞ്ഞു ചേരാൻ ഉള്ളിൽ വല്ലാത്തൊരു മോഹം.. മനസ്സിൽ കലങ്ങി മറിയുന്ന ചിന്തകളെ അടക്കി നിർത്തി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ പെട്ടന്ന് കഴിച്ച് എഴുനേറ്റു.. എഴുനേൽക്കാൻ നേരം അവളുടെ കണ്ണുകൾ മാനവിന് നേരെ നീണ്ടു.. അവൻ ഇപ്പോഴും അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു.. അത് കണ്ടതും അവൾ ദൃതിയിൽ പ്ലേറ്റും എടുത്ത് പോയി.. മാനവ് ചിരിയടക്കി അത് നോക്കിയിരുന്നു..

ഭക്ഷണം കഴിച്ച് വന്ന് കിടന്നതും സനയും രോഹിണിയും പെട്ടന്ന് ഉറങ്ങി.. സാധാരണ കുറേ നേരം സംസാരിച്ച് ഇരിക്കുന്നതാണ്.. എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ലനയ്ക്ക് ഉറക്കം വരുന്നുണ്ടായില്ല.. കണ്ണടക്കുമ്പോഴൊക്കെ മാനവിന്റെ മുഖമാണ് ഓർമ്മ വരുന്നത്.. അതിന്റെ കാരണം മനസിലാവാതെ അവൾ എഴുനേറ്റ് റൂമിൽ അലസമായി നടന്നു.. പിന്നെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.. ഫ്രോന്റിലെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടതും സംശയത്തോടെ അവൾ പുറത്തേക്ക് ഇറങ്ങി നോക്കി.. ചാരുപടിയിൽ ഇരുന്ന് പുറത്തേക്ക് നോക്കി എന്തോ ചിന്തിക്കുന്ന സാരംഗിനെ കണ്ടതും അവൾ അവന് അടുത്ത് ചെന്നിരുന്നു..

” നീ എന്താ ഉറങ്ങാതെ ഇവിടെ വന്നിരിക്കുന്നേ..? ”

ലനയുടെ ചോദ്യം കേട്ടാണ് സാരഗ് മുഖം തിരിച്ച് നോക്കിയത്..

” നീ ഉറങ്ങിയില്ലായിരുന്നോ..? ”

ചെറിയ ചിരിയോടെ അവൻ ചോദിച്ചു..

” ഉറക്കം വന്നില്ല.. ഡോർ തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ ആരാ ഇവിടെ എന്ന് നോക്കാൻ വന്നതാ.. ”

മാനത്ത് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി അവൾ പറഞ്ഞു..

” എനിക്കും കിടന്നിട്ട് ഉറക്കം വന്നില്ല.. ”

അവനും ഇരുട്ടിലേക്ക് നോക്കി പറഞ്ഞു..

” ഈ നക്ഷത്രങ്ങൾ ഇങ്ങനെ മാനം തെളിഞ്ഞു നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയാലേ സാരഗ്.. കുട്ടികാലത്ത് ഉറക്കം വരാത്ത രാത്രികളിൽ ഞാൻ ഇങ്ങനെ നക്ഷത്രങ്ങൾ നോക്കി നിൽകാറുണ്ടായിരുന്നു.. അന്നൊക്കെ ഈ നക്ഷത്രങ്ങൾ അടുത്ത് കാണാനും കൈ എത്തിച്ച് പിടിക്കാനും വല്ല്യ മോഹം ആയിരുന്നു.. വലുതായപ്പോഴാ മനസിലായത് കൈ എത്താത്ത അത്ര ഒരുപാട് ദൂരെയാണ് ഇതെന്ന്.. ചില സ്വപ്‌നങ്ങൾ പോലെ ഒരുപാട് ഒരുപാട് ദൂരെ.. ”

അവളുടെ മനസിലേക്ക് മാനവിന്റെ മുഖം കടന്ന് വന്നു.. കണ്ണുകൾ മുറുക്കെ അടച്ച് തലയൊന്ന് കുടഞ്ഞ് അവൾ സാരംഗിനെ നോക്കി..

” ചില സ്വപ്‌നങ്ങൾ ദൂരെ ആവുന്നതല്ല.. നമ്മൾ അതിൽ നിന്ന് ദൂരെ മാറി പോവുന്നതാണ്.. എത്ര ദൂരെ പോയാലും നമുക്ക് ഉള്ളതാണെങ്കിൽ നമ്മുടെ അടുത്ത് തന്നെ എത്തും..”

സാരഗ് അവളെ മുഖം തിരിച്ച് നോക്കി.. മറുപടി പറയാതെ അവൾ ഇരുട്ടിലേക്ക് നോക്കി ഇരുന്നു..

ആഗ്രഹിക്കാൻ അർഹത ഇല്ലാത്തിടത്ത് നിന്ന് സ്വയമേ ദൂരേക്ക് പോവുന്നത് തന്നെയാണ് നല്ലത്.. എന്തിനോ അവളുടെ കണ്ണുകളിൽ രണ്ട് തുള്ളി കണ്ണുനീർ പൊടിഞ്ഞു..

*************************

” ഇന്നലെ മുതൽ ഞാൻ ശ്രെദ്ധിക്കുന്നത് ആണ് നീ എന്താ ലന ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നേ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..? ”

മുറ്റത്തെ മാവിൻ ചുവട്ടിൽ ഇരിക്കുകയായിരുന്നു സനയും ലനയും..

” ഏയ്യ്.. എനിക്ക് കുഴപ്പം ഒന്നും ഇല്ല.. നിനക്ക് തോന്നുന്നത് ആവും.. ”

ലന അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു..
അവളെ സൂക്ഷിച്ചു നോക്കി സന ഒന്ന് മൂളി..
പിന്നെ ഒന്നും പറയാതെ രണ്ടാളും രണ്ട് ദിശയിലേക്ക് നോക്കി ഇരുന്നു.. കുറച്ച് കഴിഞ്ഞതും രോഹനും രോഹിണിയും അവരുടെ അടുത്തേക്ക് വന്നു..

” എന്താണ് മുട്ട കച്ചവടത്തിൽ നഷ്ടം വന്ന പാർട്ണർസിനെ പോലെ ഇരിക്കുന്നേ രണ്ടും..?”

രോഹൻ രണ്ടാളെയും മാറി മാറി നോക്കി ചോദിച്ചു.. ലന മുഖം ഉയർത്തി നോക്കി രോഹനെ ഒന്ന് കൂർപ്പിച്ച് നോക്കി..

” നമുക്കൊന്ന് പുറത്ത് പോയാലോ.. ഇവിടെ വന്നിട്ട് അങ്ങനെ എവിടെയും പോവാൻ പറ്റിയില്ലല്ലോ.. വല്ലാതെ ബോറടിക്കുന്നു.. ”

സന രോഹനെയും രോഹിണിയെയും നോക്കി പറഞ്ഞു..

” അത് നല്ലൊരു ഐഡിയ വാ ഇപ്പൊ തന്നെ പോവാം.. ”

രോഹിണി ഉത്സാഹത്തോടെ പറഞ്ഞു..

” ഞാൻ വരുന്നില്ല.. നിങ്ങൾ പോയിട്ട് വാ.. ”

” അയ്യടാ അതൊന്നും പറ്റില്ല.. നീ ഇല്ലെങ്കിൽ ഞങ്ങൾ ആരും പോവില്ല.. മര്യാദയ്ക്ക് എണീറ്റ് വാ.. ”

സന ലനയുടെ കയ്യിൽ പിടിച്ച് എഴുനേൽപ്പിച്ചു..
പിന്നെ എതിർത്തൊന്നും പറയാതെ അവൾ അവർക്കൊപ്പം നടന്നു..

നിഖിലിന്റെ കാറിൽ ആയിരുന്നു അവർ പോയത്.. സന ആണ് ഡ്രൈവ് ചെയ്തത്.. മറ്റെല്ലാവരെയും വിളിച്ചെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് എല്ലാവരും ഒഴിഞ്ഞു..
കാറിൽ കയറിയത് മുതൽ സനയും രോഹനും രോഹിണിയും നല്ല സംസാരം ആയിരുന്നു.. ആദ്യം മിണ്ടാതെ ഇരുന്നെങ്കിലും അല്പം കഴിഞ്ഞപ്പോൾ ലനയും അവർക്കൊപ്പം കൂടി.. നാലളും ടൗണിൽ കുറേ നേരം കറങ്ങി നടന്നു.. പാർക്കിലും ഒക്കെ പോയി കുറേ ഫോട്ടോസും ഒക്കെ എടുത്ത് അടിച്ചു പൊളിച്ചു..

” നമുക്ക് എന്തെങ്കിലും കഴിക്കാം ചേച്ചി വിശന്നിട്ട് കണ്ണ് കാണാനില്ല.. ”

കുറേ കറങ്ങി കഴിഞ്ഞപ്പോൾ രോഹിണി വയറിൽ കൈ വെച്ച് സനയെ നോക്കി..

” എനിക്കും വിശക്കുന്നുണ്ട്.. വാ എന്തെങ്കിലും കഴിക്കാം.. ”

സന പറഞ്ഞുകൊണ്ട് കാറിൽ കയറി.. പുറകെ മറ്റുമൂന്ന് പേരും.. ആദ്യം കണ്ടൊരു ഹോട്ടലിന് മുന്നിൽ സന കാർ നിർത്തി.. കാർ ലോക്ക് ചെയ്ത് നാലാലും ഉള്ളിലേക്ക് കയറി.. ഫുഡ്‌ ഓർഡർ ചെയ്ത് വെയിറ്റ് ചെയ്യുമ്പോൾ ആണ് ഫോൺ കാറിൽ ആണെന്ന് ലന ഓർത്തത്..

” ഞാൻ ഫോൺ എടുക്കാൻ മറന്നു.. ഇപ്പൊ വരാം.. ”

” ഇനിയിപ്പോ പോയി എടുക്കണോ ചേച്ചി.. ”

അവൾ എഴുനേൽക്കാൻ പോയതും രോഹൻ ചോദിച്ചു..

” ഫോൺ എപ്പോഴും കയ്യിൽ തന്നെ വയ്ക്കണം എന്ന് സാരഗ് പറഞ്ഞിട്ടുണ്ട്.. വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ അവന് ടെൻഷൻ ആവും.. ”

രോഹനെ നോക്കി പറഞ്ഞുകൊണ്ട് ലന സനയുടെ കയ്യിൽ നിന്ന് കാറിന്റെ കീ വാങ്ങിക്കൊണ്ട് പുറത്തേക്ക് നടന്നു..

” ലന ചേച്ചി കുഞ്ഞി കുട്ടി ആണെന്ന ഈ സാരഗ് ചേട്ടന്റെ വിചാരം.. ഇന്ന് നമ്മൾ പുറത്ത് വന്നതിന് ശേഷം ഒരു പത്ത് തവണ എങ്കിലും വിളിച്ചിട്ടുണ്ടാവും.. ”

രോഹിണി രോഹനോടായി പറഞ്ഞു.. രോഹൻ മറുപടി ഒന്നും പറഞ്ഞില്ല.. സനയും അത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു..

ലന പുറത്തേക്ക് ഇറങ്ങി കാറിനടുത്തേക്ക് ചെന്ന് ഫോൺ എടുത്ത് കാർ ലോക്ക് ചെയ്ത് തിരിഞ്ഞതും കുറച്ച് നീങ്ങി ആരെയോ ഫോൺ ചെയ്യുന്ന ഒരാളിലേക്ക് അവളുടെ ശ്രെദ്ധ പോയി.. ആ ആളിന്റെ മുഖം കണ്ടതും ശരീരം തളർന്ന് പോവുന്നത് പോലെ തോന്നി അവൾക്ക്.. രതീഷ്.. വിറച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.. അവൻ തന്നെ കണ്ടില്ലെന്ന് കണ്ടതും അവൾ വേഗം കാറിന്റെ മറവിലേക്ക് നിന്നു.. കണ്ണടച്ച് ഇടംകൈകൊണ്ട് നെറ്റിയിലെ വിയർപ്പ് തുടയ്ക്കുമ്പോൾ വലതുകയ്യിൽ ഇരുന്ന് ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.. സ്‌ക്രീനിൽ സാരംഗിന്റെ പേര് കണ്ടതും അവൾക്ക് അല്പം ആശ്വാസം തോന്നി..

( കാത്തിരിക്കുമല്ലോ.. )