21/04/2026

ലയനം : ഭാഗം 08

രചന – നിള നന്ദ

” മാനു.. ” ഓടി ചെന്ന് അവൾ അവനെ കെട്ടിപിടിച്ചു .. ” നീ ഭയകര തിരക്കിൽ ആണെന്നും കല്യാണത്തിന് രണ്ട് ദിവസം മുൻപേ വരൂ എന്ന് പറഞ്ഞിട്ട് ..? ” അവനിൽ നിന്ന് അകന്ന് വയറിൽ ചെറുതായി ഇടിച്ച് ശ്രേയ ചോദിച്ചു.. ” നേരത്തെ പറഞ്ഞിരുന്നെങ്കിൽ നിന്നെ ഇതുപോലെ കാണാൻ പറ്റുമായിരുന്നോ.. ” വയറ് തടവി അവൻ അവളെ നോക്കി ചിരിച്ചു.. ” ഓഹോ അങ്ങനെ.. മുത്തശ്ശി നീ വരാതെ പരിഭവത്തിൽ ആണ്.. വാ..” ശ്രേയ അവനെയും കൂട്ടി അകത്തേക്ക് നടന്നു.. നിഖിലിന്റെ കൂടെ സംസാരിച്ചിരിക്കുകയായിരുന്നു മുക്ത.. മാനവിനെ കണ്ടതും മുക്തയുടെ കണ്ണുകൾ വിടർന്നു.. ” ഏട്ടാ.. ” മാനുവിന്റെ അരികിൽ ചെന്ന് അവൾ ആ നെഞ്ചിലേക്ക് വീണു.. വാത്സല്യത്തോടെ അവൻ അവളുടെ നെറുകയിൽ തലോടി.. ” എന്താ മുമ്മു.. കരയാണോ.. ” ” സന്തോഷം കൊണ്ടാ.. പെട്ടെന്ന് കണ്ടപ്പോ.. അച്ഛനും അമ്മയും പറ്റിച്ചതാണല്ലേ.. ” മുക്ത ശിവനാഥിനെയും മീരയെയും നോക്കി മുഖം ചുളിച്ചു.. ” പറയണ്ടാന്ന് പറഞ്ഞത് ഇവൻ തന്നെയാ.. ” മീര അവളെ നോക്കി മറുപടി പറഞ്ഞു.. ഇടത്തേ കവിളിലെ നുണക്കുഴി തെളിഞ്ഞു കാണും വിധം അവനൊന്ന് പുഞ്ചിരിച്ചു.. സംസാരം കേട്ട് എല്ലാവരും അകത്തേക്ക് വന്നു..

മനുവിനെ കണ്ടതും എല്ലാവരും അവനെ പൊതിഞ്ഞു.. വല്യമ്മയും ചെറിയമ്മയും ഇടവും വലവും നിന്ന് അവന്റെ വിശേഷം ചോദിക്കൽ ആയിരുന്നു.. ” എത്ര നാളായി മാനു നിന്നെ കണ്ടിട്ട്.. എന്റെ കുട്ടി ക്ഷീണിച്ചു പോയി..” ലത അവന്റെ കവിളിൽ തലോടി.. ” ക്ഷീണിച്ചൂന്ന് മാത്രം അല്ല.. മുഖം ഒക്കെ ആകെ കരിവാളിച്ചു.. ” സുമ അവനെ നോക്കി പറഞ്ഞു.. എല്ലാം കേട്ട് ശ്രേയയും മുക്തയും വായും പൊളിച്ച് മുഖത്തോട് മുഖം നോക്കി.. ” അമ്മമാർക്ക് എന്താ സ്നേഹം.. ഇനി നമ്മളൊക്കെ ഔട്ട്‌.. ” ശ്രേയ മുക്തയുടെ കാതിൽ പറഞ്ഞു.. ” മുത്തശ്ശി എവിടെ..? ” മാനു ചുറ്റും കണ്ണോടിച്ച് നോക്കി .. ” മുത്തശ്ശിയെ എന്റെ മോൻ മറന്നിട്ടില്ലല്ലേ.. ” ഹാളിലേക്ക് കടന്ന് വന്നുകൊണ്ട് മുത്തശ്ശി പറഞ്ഞു.. ” അങ്ങനെ എനിക്കെന്റെ മുത്തശ്ശിയെ മറക്കാൻ പറ്റുമോ.. അതല്ലേ ഞാൻ ഓടി വന്നത്.. ” മുത്തശ്ശിയുടെ അടുത്ത് ചെന്ന് തോളിലൂടെ കയ്യിട്ട് അവൻ ചേർത്ത് പിടിച്ചു.. ” വല്ല്യ തിരക്ക് ഉള്ള ആള് ആണെന്നാണല്ലോ കേട്ടത്.. തിരക്ക് ഒക്കെ കഴിഞ്ഞിട്ട് വന്നാ പോരായിരുന്നോ.. ” മുത്തശ്ശി പിന്നെയും പരിഭവിച്ചു.. ” മുത്തശ്ശിയെ കാണാനാ ഞാൻ തിരക്കൊക്കെ മാറ്റി വെച്ച് ഓടി വന്നത്.. മുത്തശ്ശിക്ക് പിണക്കം ആണെങ്കിൽ ഞാൻ അങ്ങ് പോയേക്കാം.. ” മുത്തശ്ശിയുടെ തോളിൽ നിന്ന് കൈ എടുത്ത് അവൻ അകന്ന് മാറി..

” അയ്യോ.. അവൻ പോവാൻ പോവുന്നു.. അങ്ങനെ എന്റെ മോനെ വിട്ടിട്ട് വേണ്ടേ.. ” മുത്തശ്ശി അവനെ അടുത്തേക്ക് ചേർത്ത് പിടിച്ച് കവിളിൽ ചുംബിച്ചു.. തിരികെ അവനും മുത്തശ്ശിയുടെ കവിളിൽ അമർത്തി ചുംബിച്ചു.. ” വല്യമ്മേ കഴിക്കാൻ എന്തെങ്കിലും താ.. നല്ല വിശപ്പ്.. ” ഹാളിലേക്ക് കയറി വന്ന രോഹൻ മുന്നിൽ നിൽക്കുന്ന മാനവിനെ കണ്ട് തറഞ്ഞു നിന്നു.. പുറകെ വന്ന രോഹിണിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.. ” ഏട്ടൻ എപ്പോ വന്നു..? ” പതിഞ്ഞ ശബ്‌ദത്തിൽ രോഹിണി ചോദിച്ചു.. ” രണ്ടാളും ഭക്ഷണം പോലും കഴിക്കാതെ കറങ്ങി നടപ്പ് തന്നെ ആണല്ലെ..? ” മാനവ് ചോദിച്ചതും രോഹിത്തും രോഹിണിയും മുഖത്തോട് മുഖം നോക്കി.. ” വന്നപ്പോഴേക്കും പിള്ളേരെ വഴക്ക് പറയാതെ നീ പോയി ഫ്രഷ് ആയി വാ.. ” ശിവനാഥ്‌ പറഞ്ഞത് കേട്ട് അവൻ ഒന്ന് മൂളി റൂമിലേക്ക് പോകാൻ കയറി.. ” ഏട്ടാ.. ” മുക്ത പുറകിൽ നിന്ന് വിളിച്ചതും ചവിട്ടു പടിയിൽ വെച്ച കാല് പിന്നോട്ട് എടുത്ത് അവൻ അവളെ നോക്കി.. ” അത് ഏട്ടാ.. ഏട്ടന്റെ റൂമിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട്.. ” മുക്ത പറഞ്ഞത് കേട്ട് അവൻ നെറ്റി ചുളിച്ചു..

” അത് ഏട്ടാ.. ഞങ്ങൾ വരുന്ന സമയത്ത് റോഡിൽ സാരംഗിന്റെ ഒരു ഫ്രണ്ടിന് ആക്‌സിഡന്റ് ആയി.. അവളെക്കൂടെ ഇങ്ങോട്ട് കൊണ്ട് വരേണ്ടി വന്നു.. അവളിപ്പോ ആ റൂമിൽ ആണ്.. ” ” ഇവിടെ വേറെ റൂം ഒന്നും ഇല്ലാത്തോണ്ട് ആണോ എന്റെ റൂം തന്നെ കൊടുത്തത്..? ” അവൻ അൽപ്പം ഈർഷയോടെ ചോദിച്ചു.. ” അവൾക്ക് വയ്യാത്തോട് സാരംഗിന്റെ അടുത്തുള്ള റൂം കൊടുത്തതാ.. ഇവിടെ വേറെ ആരെയും അവൾക്ക് പരിചയം ഇല്ലായിരുന്നല്ലോ.. ” താല്പര്യം ഇല്ലാത്തപോലെ അവനൊന്ന് മൂളി.. ” മോൻ തല്ക്കാലം താഴെ ഉള്ള ഒരു റൂം യൂസ് ചെയ്യ്.. ലന മോളിപ്പോ പുറത്ത് പോയിരിക്കുകയാ.. വന്നിട്ട് എന്താന്ന് വെച്ചാ ചെയ്യാം.. ” സുമ അവനോടായി പറഞ്ഞു.. ശരിയെന്നു തലയാട്ടി അവൻ താഴെ ഉള്ള റൂമിലേക്ക് കയറി..

” മതി സാരംഗ്.. എനിക്ക് ഇത്രയും ഡ്രെസ്സിന്റെ ആവശ്യം ഒന്നും ഇല്ല.. ഇതിപ്പോ കുറേ ആയില്ലേ.. ” ലന അരികിൽ നിന്ന് പറയുന്നത് ശ്രെദ്ധിക്കാതെ സാരംഗ് ഡ്രസ്സ്‌ നോക്കുന്ന തിരക്കിൽ ആയിരുന്നു.. ” ഡാ.. നിന്നോടാ ഞാൻ പറഞ്ഞത് എനിക്ക് ഇത്രയ്ക്ക് ഒന്നും വേണ്ടെന്ന്.. ” അവൾ അവന്റെ കാലിൽ മെല്ലെ ചവിട്ടി.. ” ഇതൊക്കെ നിനക്ക് വാങ്ങി തരാൻ പറഞ്ഞത് അമ്മയാണ്.. വേണ്ടെങ്കിൽ നീ തന്നെ അമ്മയോട് പറഞ്ഞോ.. ഞാൻ വിളിച്ച് തരാം.. ” ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തോണ്ട് അവൻ പറഞ്ഞു.. ” അയ്യോ വേണ്ടായേ.. മായമ്മയോട് പറഞ്ഞാൽ ഞാൻ വഴക്ക് കേക്കേണ്ടി വരും എന്തിനാ വെറുതെ.. ” അവൾ അവന് നേരേ കൈ കൂപ്പി.. ” അതാണ്.. ” ചിരിച്ചുകൊണ്ട് അവൻ ഫോൺ പോക്കറ്റിൽ തന്നെ വെച്ചു.. ഡ്രസ്സ്‌ എടുത്ത് കഴിഞ്ഞ് അവർ നേരേ പോയത് ഒരു മൊബൈൽ ഷോപ്പിലേക്ക് ആണ്.. നല്ലൊരു ഫോൺ നോക്കി എടുത്ത് അവൻ അവൾക്ക് നേരേ നീട്ടി.. സംശയത്തോടെ അവൾ നെറ്റി ചുളിച്ചു..

” ഇത് വാങ്ങി തരാൻ പറഞ്ഞത് അച്ഛൻ ആണ്.. ” ” എനിക്ക് എന്തിനാ സാരംഗ് ഫോണൊക്കെ..? ” ” ഫോണിന്റെ ആവശ്യം ഒക്കെ ഉണ്ട്.. കൂടുതൽ ഒന്നും പറയാതെ നീ ഇതങ്ങു വാങ്ങിച്ചേ.. ഇല്ലേൽ ഞാൻ അച്ഛനെ വിളിക്കണോ.. ” ” ഓഹ് വേണ്ടാ വേണ്ടാ.. ” ചിരിയോടെ അവൾ അത് വാങ്ങി.. ” അല്ല സാരംഗ്.. അമ്മയുടെ വക എനിക്ക് ഡ്രെസ്സും അച്ഛന്റെ വക ഫോണും കിട്ടി.. നീ എന്താ എനിക്ക് വാങ്ങി തരുന്നേ.. ” മൊബൈൽ ഷോപ്പിൽ നിന്നിറങ്ങിയതും അവൾ അവനെ നോക്കി കുസൃതിയോടെ ചോദിച്ചു.. ” നിനക്ക് ഞാൻ ഇല്ലേ.. ” അതേ കുസൃതിയോടെ അവൻ പറഞ്ഞ മറുപടി കേട്ട് അവൾ അറിയാതെ ചിരിച്ചു പോയി.. ” എന്തായാലും ചോദിച്ചത് അല്ലേ വാ.. ” ” ഞാൻ ചുമ്മാ ചോദിച്ചതാ.. ” ” ആണോ.. പക്ഷേ ഞാൻ കാര്യമായി എടുത്തു.. സമയം കളയാതെ വാ.. ” സാരംഗ് അവളുടെ കയ്യും പിടിച്ച് കാറിനടുത്തേക്ക് നടന്നു.. അവർ നേരേ പോയത് ഒരു കോഫി ഷോപ്പിലേക്ക് ആയിരുന്നു.. അവൾക്ക് ഏറെ ഇഷ്ട്ടപെട്ട ക്യാപ്പുച്ചിനോ വാങ്ങി കൊടുത്ത് അവൾ ചിരിയോടെ എങ്ങനെ ഉണ്ടെന്ന് പുരികം പൊക്കി ചോദിച്ചു.. പുഞ്ചിരിച്ചതല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല..

അവളുടെ മനസ്സിൽ ആദ്യമായി കോളേജിന് അടുത്തുള്ള കോഫി ഷോപ്പിൽ നിന്ന് അവൻ ആദ്യമായി ക്യാപ്പിച്ചിനോ വാങ്ങി കൊടുത്ത ഓർമയിൽ ആയിരുന്നു.. അത് ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞപ്പോൾ ഇടയ്ക്ക് ഇടയ്ക്ക് അവൻ വാങ്ങി തരുമായിരുന്നു.. ആ ഓർമയിൽ അവൾ പിന്നെയും പുഞ്ചിരിച്ചു.. ” എങ്ങനെ ഉണ്ട്.. ഇഷ്ട്ടായോ.. ” അവൾ മുഖം ഉയർത്തി സാരംഗിനെ നോക്കി.. ” മ്മ്.. നിന്റെ സ്നേഹം പോലെ മധുരം ഉണ്ട്.. ” അവളുടെ ചിരി അതുപോലെ അവന്റെ ചുണ്ടിലും തെളിഞ്ഞു.. കോഫി ഷോപ്പിൽ നിന്ന് പുറത്ത് ഇറങ്ങിയതും അകത്തേക്ക് കയറി വന്ന ഒരാളുമായി ലന കൂട്ടി ഇടിച്ചു.. ” സോറി.. ” അയാൾ അവളെ നോക്കി പറഞ്ഞു.. ” സാരില്ല.. ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞ് മുന്നോട്ട് നടന്നു.. ‘ എവിടെയോ കണ്ട് മറന്നത് പോലെ.. ‘ അവളെ നോക്കി അയാൾ കണ്ണടച്ച് നെറ്റി ഉഴിഞ്ഞു.. ( കാത്തിരിക്കുമല്ലോ.. )