19/04/2026

ലയനം : ഭാഗം 15

രചന – നിള നന്ദ

” അവൾ അവിടെ ഇല്ല.. ഇനിയിപ്പോ എവിടെ ആയിരിക്കും വിപിൻ..? ” ബൈക്കിൽ ചാരി സിഗരറ്റിലെ പുക ഊതികൊണ്ട് രതീഷ് അടുത്ത് നിന്ന വിപിനെ നോക്കി.. ” അവളെവിടെ ആണെന്ന് അറിയാമെങ്കിൽ ഇവിടെ ഇങ്ങനെ നിൽക്കേണ്ട ആവശ്യം ഉണ്ടോ.. കഴുത്തിന് കുത്തി പിടിച്ച് കൊണ്ട് വരില്ലേ.. ” വിപിൻ രതീഷിനെ പുച്ഛത്തോടെ നോക്കി.. ” കയ്യിൽ കിട്ടിയെന്ന് കരുതിയതാ അവളെ.. പക്ഷേ.. ആ പന്ന മോള് എവിടെ പോയി കിടക്കാണാവോ.. കയ്യിൽ കിട്ടിയാൽ എല്ലാത്തിനും കൂടി ഉള്ളത് ചേർത്ത് കൊടുക്കുന്നുണ്ട് ഞാൻ.. ” കയ്യിലെ സിഗരെറ്റ് താഴേക്ക് ഇട്ട് കാലുകൊണ്ട് ഞെരിച്ച് രതീഷ് പറഞ്ഞു.. ” ഇത് പറയാൻ തുടങ്ങീയിട്ട് കുറച്ച് ദിവസം ആയില്ലേ.. പറച്ചില് മാത്രമേ ഉള്ളൂ.. ഒന്നും നടക്കുന്ന ലക്ഷണം ഇല്ല.. ” വിപിൻ പിന്നെയും പുച്ഛത്തോടെ രതീഷിനെ നോക്കി.. ” നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ അവൾ എവിടെ ഉണ്ടെന്ന് അറിയാമായിരുന്നിട്ടും ഞാൻ ഒന്നും ചെയ്യാതെ നിൽക്കാണെന്ന്.. ” രതീഷിന് നന്നേ അരിശം വന്നു.. ” നീ കൊള്ളാമായിരുന്നെങ്കിൽ അവൾ എവിടെയും പോവില്ലായിരുന്നു.. എന്നും നിന്റെ കാൽകിഴിൽ തന്നെ കിടന്നേനെ..” ” നീ വെറുതെ അതും ഇതും പറഞ്ഞ് വഴക്കിടല്ലേ വിപിൻ.. ഇത്രയൊക്കെ കണ്ടാത്തമെങ്കിൽ അവൾ എവിടെ ഉണ്ടെന്ന് അധികം വൈകാതെ ഞാൻ കണ്ടെത്തും.. പിന്നെ നീ കണ്ടോ.. ” പല്ല് ഞെരിച്ചുകൊണ്ട് രതീഷ് ബൈക്കിലെ സീറ്റിലേക്ക് ആഞ്ഞിടിച്ചു.. വിപിൻ പുച്ഛത്തോടെ അത് നോക്കി നിന്നു..

റൂമിൽ ഇരുന്ന് ഫോണിൽ ആർക്കോ മെസ്സേജ് അയക്കുകയായിരുന്നു നിഖിൽ.. അടുത്ത് ആരോ വന്ന് നിൽക്കുന്നതായി തോന്നിയതും അവൻ ഫോണിൽ നിന്ന് മുഖം ഉയർത്തി നോക്കി.. സനയെ കണ്ടതും ഫോൺ ബെഡിലേക്ക് ഇട്ട് അവൻ ദേഷ്യത്തിൽ മുഖം തിരിച്ചു.. ” നിഖിൽ.. സാരംഗ് എവിടെ പോയതാ.. ” അവളുടെ ശബ്‌ദം നന്നേ തളർന്നിരുന്നു.. ” അത് നീ എന്തിനാ അറിയുന്നേ..? ” ബെഡിൽ നിന്ന് എഴുനേറ്റ് അവൻ ദേഷ്യത്തിൽ അവളെ നോക്കി.. ” എനിക്ക് അവനോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു.. നിനക്ക് അറിയാമെങ്കിൽ പറയ്‌.. ” ” എനിക്ക് അറിയില്ല.. അവൻ എന്നോട് പറഞ്ഞിട്ടല്ല പോയത്.. നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അവൻ വരുന്നത് വരെ കാത്തിരുന്നോ.. ” അത്രയും പറഞ്ഞ് അവൻ അവളെ മറികടന്നു മുന്നോട്ട് നടന്നു.. ” നിഖിൽ.. ” നേർത്ത ശബ്‌ദത്തിൽ അവൾ വിളിച്ചു.. നടത്തം നിർത്തി അവൻ അവളെ തിരിഞ്ഞു നോക്കി..

” എന്നോട് ദേഷ്യം ആണോ..? ” അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ പിന്നെയും കണ്ണീർ നിറഞ്ഞു.. ” ഞങ്ങടെ കൂടെ കുസൃതി കാണിച്ചും പൊട്ടിച്ചിരിച്ചും നടന്നിരുന്ന ഒരു സന ഉണ്ടായിരുന്നു.. ആ സനയെ ആണ് ഞങ്ങൾ സ്നേഹിച്ചത്.. ആ സനയ്ക്ക് ഒരിക്കലും ഇങ്ങനെ ആവാൻ കഴിയില്ല.” നിഖിൽ അവളിൽ നിന്ന് മുഖം തിരിച്ച്‌ നടന്നു.. അവനും വല്ലാതെ സങ്കടം വന്നിരുന്നു.. അവൻ പോവുന്നത് നോക്കി മുഖം പൊത്തി അവൾ ഉറക്കെ കരഞ്ഞു.. തിരികെ റൂമിൽ വന്ന് തലയിണയിൽ മുഖം അമർത്തി അവൾ ഏറെ നേരം കരഞ്ഞു.. എത്ര കരഞ്ഞിട്ടും മനസ്സിലെ സംഘർഷം കൂടുന്നതല്ലാതെ കുറയുന്നില്ല.. ‘ നിന്നോട് എനിക്കിപ്പോൾ വെറുപ്പാണ്.. ഒരിക്കലും നിന്നെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല.. നിന്നെ കാണുന്നത് പോലും എനിക്ക് വെറുപ്പാണ്.. ‘ സാരംഗിന്റെ വാക്കുകൾ ഓർക്കുംതോറും അവളുടെ ഹൃദയം വല്ലാതെ വിങ്ങിക്കൊണ്ടിരുന്നു.. ബെഡിൽ നിന്ന് എഴുനേറ്റ് കണ്ണ് തുടച്ച് അവൾ വാഷ് റൂമിൽ പോയി മുഖം കഴുകി വന്നു.. പിന്നെ ഷെൽഫ് തുറന്ന് ഡ്രെസ്സ് ഒക്കെ എടുത്ത് ബാഗിൽ വെക്കാൻ തുടങ്ങി.. ” എവിടെ പോവുവാ..? ” ചോദ്യം കേട്ടതും സന മുഖം തിരിച്ച് നോക്കി..

ലനയെ കണ്ടതും സന അവളെ സൂക്ഷിച്ചു നോക്കി.. പിന്നെ ഒന്നും മിണ്ടാതെ മുഖം തിരിച്ച് ഡ്രസ്സ്‌ എടുത്ത് വെക്കാൻ തുടങ്ങി.. ” ചോദിച്ചത് കേട്ടില്ലേ.. എവിടെ പോകുവാണെന്ന്.. ” ലന അവളുടെ അടുത്തേക്ക് വന്ന് ചോദിച്ചു.. ” എന്റെ വീട്ടിലേക്ക്.. ” ലനയെ ശ്രെദ്ധിക്കാതെ അവൾ മറുപടി പറഞ്ഞു.. ” സാരംഗിനോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണോ അതോ എന്നോടുള്ള ദേഷ്യം കൊണ്ടാണോ പോവുന്നത്..? ” മറുപടി പറയാതെ സന ലനയെ നോക്കി മങ്ങിയ ഒരു ചിരി നൽകി.. ആ ചിരിയുടെ അർത്ഥം മനസിലാക്കാൻ ലനയ്ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.. ” എന്തായാലും പോവാൻ തീരുമാനിച്ചില്ലേ.. എന്നാ എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടൂടെ.. ” സനയിൽ നിന്ന് മറുപടി ഒന്നും കിട്ടാത്തയാപ്പോൾ ലന അവളെ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തി.. ” എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത പോലെ ജീവിക്കേണ്ടി വന്നിട്ടുണ്ടോ തനിക്ക്..? ” ലനയുടെ ചോദ്യം കേട്ടതും ഒന്നും മനസിലാവാതെ സന അവളെ നോക്കി.. ” അങ്ങനെ ഒരു ജീവിതം ആയിരുന്നു എന്റേത്.. ” അത് പറയുമ്പോൾ ലനയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ വേദന കലർന്നിരുന്നു..

” കുറ്റപ്പെടുത്തലുകൾക്കും പരിഹാസങ്ങൾക്കും ഇടയിൽ ആയിരുന്നു എന്റെ ജീവിതം.. ചേർത്ത് പിടിക്കേണ്ടവർ തന്നെ അകറ്റി നിർത്തിയപ്പോൾ ആരോടെങ്കിലും മിണ്ടാനോ കൂട്ട് കൂടാനോ ഭയം ആയിരുന്നു.. ആ എന്നിലേക്ക് ഇടിച്ചു കേറി വന്ന് സുഹൃത്ത് ആയ ആളാണ്‌ സാരംഗ്.. ” ലനയുടെ മനസിലേക്ക് ആ ഓർമ്മകൾ കടന്നു വന്നു.. ” സാരംഗ്.. അവൻ എന്റെ ആരാണെന്ന് ചോദിച്ചാൽ.. എന്റെ എല്ലാമെല്ലാം ആണ്.. ഒരച്ഛന്റെ കരുതൽ ആഗ്രഹിച്ചിരുന്ന എനിക്ക് ഒരച്ഛൻ ആണ്.. അമ്മളുടെ വാത്സല്യം ആഗ്രഹിച്ച എനിക്ക് ഒരമ്മ ആണ്.. വഴികാട്ടി ആയ ഒരു ഏട്ടനാണ്.. എല്ലാത്തിനും അപ്പുറം നല്ലൊരു സുഹൃത്ത് ആണ്.. അങ്ങനെ അവനെന്റെ എല്ലാമെല്ലാം ആണ്.. ” നിറഞ്ഞ കണ്ണ് തുടച്ച് ലന സനയെ നോക്കി.. ” താൻ കരുതുന്ന പോലെ ഒരു ഇഷ്ട്ടം ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല.. ഒരിക്കലും ഉണ്ടാവുകയും ഇല്ല.. ” ലന ചെറുതായി ഒന്ന് ചിരിച്ചു.. ” ഞാൻ.. ഞാൻ.. എനിക്ക്.. ” എന്ത് പറയും എന്നറിയാതെ സന വിതുമ്പി.. ” ഒരുതവണ എന്നോടോ അവനോടോ തുറന്ന് സംസാരിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു.. ” സാരംഗിന്റെ അടി കൊണ്ട് ചുവന്ന കവിളിൽ അവളുടെ കവിളിൽ ലന സ്നേഹത്തോടെ കൈ ചേർത്തു..

” എന്നോട്.. ക്ഷമിക്കണം.. എനിക്ക്.. മാപ്പ് ചോദിക്കാൻ പോലും അർഹത ഇല്ലെന്ന് അറിയാം.. എല്ലാം എന്റെ തെറ്റ് ആയിരുന്നു.. ” ലനയെ കെട്ടിപിടിച്ച് തോളിൽ തല ചായ്‌ച്ച് സന പൊട്ടി കരഞ്ഞു.. ” തെറ്റ് ആർക്കും പറ്റും.. അത് തിരുത്തുമ്പോൾ ആണ് നമ്മൾ മനുഷ്യൻ ആവുന്നത്.. ” സനയെ അടത്തി മാറ്റി ലന നേർത്ത സ്വരത്തിൽ പറഞ്ഞു.. ” എന്റെ തെറ്റ് കൊണ്ട് കൂടെ ഉണ്ടായിരുന്ന സൗഹൃദവും മനസ്സിൽ സൂക്ഷിച്ച പ്രണയവും എനിക്ക് നഷ്ട്ടമായി.. ഞാൻ.. സഹിക്കാൻ പറ്റുന്നില്ല..” മുഖം തിരിച്ച് സന കണ്ണ് തുടച്ചു.. ” ഇനിയും പോവാൻ തന്നെയാണോ തീരുമാനം..? ” ” അതെ.. പോണം.. ഇവിടെ ഞാൻ ഇപ്പോ ഒരു അധികപറ്റ് ആണ്.. ആരുടെ മനസിലും എനിക്കൊരു സ്ഥാനം ഇല്ല.. ഉണ്ടായിരുന്നത് ഞാൻ ആയിട്ട് നഷ്ടപ്പെടുത്തി.. എന്നെ കാണുന്നത് തന്നെ വെറുപ്പ് ആണെന്നാ സാരംഗ് പറഞ്ഞത്.. അങ്ങനെ ഉള്ളപ്പോൾ എനിക്ക് കഴിയില്ല ഇവിടെ നിൽക്കാൻ.. ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു.. പക്ഷേ വേണ്ടാ.. അവൻ തിരികെ വരുമ്പോഴേക്കും എനിക്ക് പോണം.. ” ബെഡിൽ കിടന്നിരുന്ന ബാക്കി ഡ്രസ്സ്‌ കൂടി അവൾ ബാഗിലേക്ക് വെച്ചു.. ” അങ്ങനെ ഉപേക്ഷിച്ചു പോവാനുള്ളതേ ഉള്ളൂ തനിക്ക് എല്ലാം..” ലന മുഖം കൂർപ്പിച്ച് സനയെ നോക്കി.. മറുപടി പറയാതെ അവൾ മുഖം തിരിച്ച് അവളെ നോക്കി.. ” ഞാൻ ഇനി ഇവിടെ നിന്നാൽ ശരിയാവില്ലെടോ.. ” ” ഒരു ശരികേടും ഇല്ല.. താനിപ്പോ എവിടെയും പോവുന്നില്ല.. എല്ലാം നമുക്ക് റെഡി ആക്കാമെന്നേ..” സനയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അവൾ ഷെൽഫിലേക്ക് വെച്ചു.. ഒന്നും മിണ്ടാതെ സന അവളെ നോക്കി..

മുറ്റത്ത് മാവിൻ ചുവട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു രോഹനും രോഹിണിയും.. ” ലന ചേച്ചി പോവുന്നില്ലെന്ന് അറിഞ്ഞപ്പോൾ ആണ് കുറച്ച് ആശ്വാസം ആയത്.. ചേച്ചി ഇവിടുന്ന് പോവുന്ന കാര്യം ഓർക്കുമ്പോൾ തന്നെ എന്തോ സങ്കടം.. ” രോഹിണി അടുത്തിരുന്ന രോഹനോട് പറഞ്ഞു.. ” അത് ശരിയാ.. ചേച്ചിനോട് എന്തോ ഒരുപാട് ഇഷ്ട്ടം തോന്നുന്നു.. ” ” എന്തൊക്കെ പറഞ്ഞാലും ചേച്ചി ഒരു ദിവസം പോവില്ലേ.. മിക്കവാറും ശ്രേയ ചേച്ചീടെ കല്യാണം കഴിഞ്ഞാൽ.. ” രോഹിണിക്ക് അതോർത്തപ്പോൾ തന്നെ വിഷമം തോന്നി.. ” ചേച്ചി പോവാതിരിക്കാൻ ഒരു വഴി ഉണ്ട്.. ” ” എന്ത് വഴി..? ” ” ഞാൻ അന്ന് പറഞ്ഞില്ലേ.. നമ്മുടെ മാനു ഏട്ടനും ചേച്ചിയും തമ്മിൽ സെറ്റ് ആയാൽ എല്ലാം ഓക്കേ ആവും..” ” പിന്നെ.. നീ നടക്കുന്ന വല്ല കാര്യവും പറ രോഹൻ.. ഏട്ടന് ചേച്ചിയോട് അങ്ങനെ എന്തെങ്കിലും ഇഷ്ട്ടം തോന്നിയാൽ അല്ലേ.. ” രോഹിണി മുഖം തിരിച്ചു… ” ഞാൻ ചിന്തിക്കുന്നത് ഏട്ടനെ പറ്റി അല്ല ചേച്ചിയെ പറ്റിയാണ്.. ചേച്ചി പറഞ്ഞത് ഓർമ്മ ഇല്ലേ.. ചേച്ചിക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ട്.. അത് എന്താണെന്ന് ആദ്യം കണ്ടെത്തണം.. ” രോഹിണി എന്തോ പറയാൻ വന്നതും ലനയും സനയും അവരുടെ അടുത്തേക്ക് വരുന്നത് കണ്ട് അവൾ മിണ്ടാതെ അങ്ങോട്ട് നോക്കി..

” എന്താ രണ്ടാളും കൂടെ ഒരു ഗൂഡലോചന.. ” ലന രണ്ടാളെയും മാറി മാറി നോക്കി.. ” ഒന്നുല്ല.. വെറുതെ.. ” സനയെ ഒന്ന് നോക്കി രോഹൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.. അവന്റെ ഇഷ്ടക്കേട് മനസ്സിലായതും സന സങ്കടത്തോടെ മുഖം താഴ്ത്തി.. ” ചേച്ചി എന്താ ഇവരെ കൂട്ടി.. വീണു മതിയായില്ലേ.. ” രോഹിണി ദേഷ്യത്തോടെ ചോദിച്ചു.. ” അതൊക്കെ കഴിഞ്ഞു പോയതല്ലേ.. അങ്ങനെ ഒക്കെ ചെയ്തതിൽ സനയ്ക്ക് നല്ല വിഷമം ഉണ്ട്.. പാവം അല്ലേ നമുക്ക് അങ്ങ് ക്ഷമിച്ചേക്കാം.. ” ലന രണ്ടാളെയും നോക്കി കണ്ണ് ചിമ്മി.. രണ്ടാളും വല്ല്യ താല്പര്യം ഇല്ലാതെ മിണ്ടാതെ നിന്നു.. ” ആഹ്.. ഇങ്ങനെ മസില് പിടിക്കല്ലേ.. ചുമ്മാ നമ്മുടെ കൂട്ടത്തിൽ കൂട്ടി നോക്കാമെന്നേ.. സെറ്റ് ആയില്ലെങ്കിൽ നല്ലൊരു പണിയും കൊടുക്കാം.. ” ലന പുരികം പൊക്കി രണ്ടാളെയും നോക്കി.. രണ്ടാളും ചെറുതായി ചിരിച്ച് സനയ്ക്ക് കൈ കൊടുത്തു.. സനയും ചെറുതായി ചിരിച്ചു.. ആ നേരത്താണ് അവിടേക്ക് മാനവിന്റെ കാർ വന്നത്.. ഡ്രൈവർ സീറ്റിൽ നിന്ന് മാനവും.. കോഡ്രൈവർ സീറ്റിൽ നിന്ന് സാരാംഗും ഇറങ്ങി.. മാനവിന്റെ കണ്ണുകൾ ലനയുടെ നേർക്കും സാരംഗിന്റെ കണ്ണുകൾ സനയുടെ നേർക്കും നീണ്ടു.. മാനവിന്റെ മുഖത്ത് സ്നേഹവും സാരംഗിന്റെ മുഖത്ത് ദേഷ്യവും മിന്നി.. ( കാത്തിരിക്കുല്ലോ..)