The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിള നന്ദ
സാരംഗിന്റെ മുഖത്തെ ദേഷ്യം കണ്ട് സന മുഖം താഴ്ത്തി ലനയുടെ പിന്നിലേക്ക് നീങ്ങി നിന്നു.. അത് കണ്ടതോടെ സാരംഗിന്റെ ദേഷ്യം ഒന്നുകൂടെ വർദ്ധിച്ചു.. എങ്കിലും ഒന്നും മിണ്ടാതെ അവൻ മുഖം തിരിച്ചു.. ” എന്താ എല്ലാവരും കൂടി..? ” മാനവ് മുന്നോട്ട് വന്ന് എല്ലാവരെയും നോക്കി.. ” ഒന്നുമില്ല.. വെറുതെ സംസാരിക്കായിരുന്നു.. ” രോഹിണി മറുപടി പറഞ്ഞു.. ” മ്മ്.. മറ്റന്നാൾ അല്ലേ നിങ്ങളുടെ റിസൾട്ട് വരുന്നത്.. ” മാനവിന്റെ കണ്ണുകൾ രോഹിണിയുടേയും രോഹന്റെയും നേരേ തിരിഞ്ഞു.. അതെയെന്ന അർത്ഥത്തിൽ രണ്ടാളും ഒന്നിച്ച് തലയാട്ടി.. ഒന്ന് മൂളികൊണ്ട് മാനവ് അവരെ കടന്ന് അകത്തേക്ക് പോയി.. ലനയുടെ പിന്നിൽ നിൽക്കുന്ന സനയെ ദേഷ്യത്തിൽ ഒന്ന് നോക്കി സാരംഗും അകത്തേക്ക് പോയി.. ” ഹോ റിസൾട്ടിന്റെ കാര്യം മറന്നിരിക്കുവായിരുന്നു. എന്താവുമോ എന്തോ.. ” രോഹിണി മുഖം ചുളിച്ച് ആരോടെന്നില്ലാതെ പറഞ്ഞു.. ” വരാനുള്ളത് എന്തായാലും വരുമല്ലോ.. ടെൻഷൻ ആയിട്ടെന്താ കാര്യം രണ്ടാളും വാ.. ” ലന രണ്ടാളെയും കൂട്ടി അകത്തേക്ക് നടന്നു.. അവർക്ക് പുറകെ സനയും..
സന റൂമിലേക്ക് ചെല്ലുമ്പോൾ മുക്ത അവളുടെ ഡ്രസ്സ് എല്ലാം ഷെൽഫിൽ നിന്ന് പുറത്തേക്ക് എടുക്കുകയായിരുന്നു.. ” നീ എവിടെക്കാ ഇതെല്ലാം എടുത്ത്..? ” സന മുക്തയുടെ അരികിൽ നിന്ന് ചോദിച്ചു.. ” ഞാൻ ശ്രേയ ചേച്ചിയുടെ റൂമിലേക്ക് മാറുന്നു.. ” മുക്ത സനയെ ശ്രെദ്ധിക്കാതെ പറഞ്ഞു.. ” നീ എന്തിനാ ഇവിടെ നിന്ന് മാറുന്നത്..? ” സനയുടെ ശബ്‌ദം ഇടറി.. ” ഞങ്ങൾ സ്നേഹിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്തിരുന്ന സനയല്ല നീയിപ്പോ.. ഒരുപാട് മാറി പോയിരിക്കുന്നു.. മനസുകൊണ്ട് അകന്ന് നിൽക്കുന്ന ഒരാളോടൊപ്പം ഒരു റൂമിൽ കഴിയാൻ എനിക്ക് ആവില്ല.. ” മുക്തയുടെ മറുപടി കേട്ട് സനയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ” മുക്ത ഞാൻ.. ” അവൾ പറഞ്ഞ് മുഴുവനാക്കുന്നത് കേൾക്കാൻ നിൽക്കാതെ മുക്ത പുറത്തേക്ക് പോയി.. സന ബെഡിൽ തളർന്നിരുന്നു.. എത്രയൊക്കെ ശ്രെമിച്ചിട്ടും അവൾക്ക് കരയാതിരിക്കാനായില്ല.. രാത്രിയിൽ ലന വന്ന് നോക്കുമ്പോൾ സന ബെഡിൽ കമിഴ്ന്നു കിടക്കുകയാണ്.. ലന അടുത്ത് ചെന്ന് അവളെ തട്ടി വിളിച്ചു.. ” ഭക്ഷണം കഴിക്കണ്ടേ എഴുന്നേൽക്ക്.. ” ലനയുടെ ശബ്‌ദം കേട്ടതും സന എഴുന്നേറ്റിരുന്നു..
അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ ലനയുടെ ഉള്ളൊന്ന് പിടഞ്ഞു.. ” എന്താ.. എന്തിനാ കരയുന്നേ.. ” ലന ചോദിച്ചതും സന അവളെ മുറുക്കെ കെട്ടിപിടിച്ച് വിതുമ്പി കരഞ്ഞു.. ” എന്നെ.. എന്നെ ആർക്കും ഇഷ്ട്ടം അല്ലാതായി.. മുക്ത ഈ റൂമിൽ നിന്ന് മാറി.. എന്നോട് ദേഷ്യം ആണ് അവർക്കൊക്കെ.. ” അവളുടെ ചുടുകണ്ണുനീർ ലനയുടെ മേൽ പതിച്ചു.. ” സാരില്ല.. ഇതൊക്കെ ശരിയാവും.. പെട്ടന്ന് അങ്ങനൊക്കെ കേട്ടപ്പോൾ അവർക്ക് വിശ്വസിക്കാൻ പറ്റിയിട്ടുണ്ടാവില്ല.. തന്നോട് അതിന്റെ പേരിൽ ഒരുപാട് ദിവസം ഒന്നും അവർക്ക് പിണങ്ങാൻ പറ്റില്ല.. അതോർത്ത് വിഷമിക്കണ്ട.. വാ നമുക്ക് എന്തെങ്കിലും കഴിക്കാം.. ” ലന കൈ നീട്ടി അവളുടെ കവിളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കണ്ണുനീർ തുടച്ചു.. ” എനിക്ക് വേണ്ടാ.. വിശപ്പില്ല.. ” സന മുഖം തിരിച്ചു.. “അയ്യോടാ.. അങ്ങനെ പറഞ്ഞാൽ എങ്ങനെ റെഡി ആവും.. പിണക്കം ഭക്ഷത്തോട് അല്ല കാണിക്കേണ്ടത് വന്നേ വന്നേ.. ” ” എനിക്ക് വേണ്ടാഞ്ഞിട്ടാ ലന.. ” ” എന്നാ എനിക്കും വേണ്ടാ.. ” ലന മുഖം തിരിച്ച് ഇരുന്നു.. ആ ഇരുപ്പ് കണ്ടപ്പോൾ കുറ്റബോധം കൊണ്ട് സനയുടെ ഉള്ള് നീറി..
” എഴുന്നേൽക്ക്.. ഇനി ഞാൻ കഴിക്കാത്തതിന്റെ പേരിൽ കഴിക്കാതെ ഇരിക്കണ്ട.. ” സന എഴുനേറ്റ് അവളുടെ കയ്യിൽ പിടിച്ചു.. ചിരിയോടെ ലന അവളുടെ ഒപ്പം നടന്നു.. ഡൈനിങ് ടേബിളിന് ചുറ്റും എല്ലാരും വർത്തമാനം പറഞ്ഞ് ചിരിച്ച് കഴിക്കുകയായിരുന്നു.. ലനയുടെ ഒപ്പം സനയും വരുന്നത് കണ്ട് എല്ലാവരും പെട്ടന്ന് നിശബ്തരായി.. ലനയുടെ അടുത്താണ് സന ഇരുന്നത്.. സാരംഗ് കഴിക്കുന്നത് മതിയാക്കി പെട്ടന്ന് എഴുനേറ്റ് പോയി.. അത് കണ്ട് സങ്കടം സഹിക്കാൻ കഴിയാതെ നിറഞ്ഞ കണ്ണുകൾ തുടച്ച് സന മുഖം തിരിച്ച് ലനയെ നോക്കി.. സാരമില്ലെന്ന് അവൾ കണ്ണടച്ച് കാണിച്ചു.. എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി സന പെട്ടെന്ന് എഴുനേറ്റു.. കഴിച്ചു കഴിഞ്ഞു റൂമിൽ ചെന്ന് കിടക്കാൻ ബെഡ് ഷീറ്റ് വിരിക്കുകയായിരുന്നു ലന.. അടുത്ത് ചെയറിൽ ഇരുന്ന് രോഹിണി എന്തോ വലിയ ആലോചനയിൽ ആണ്.. ” കുറേ നേരം ആയല്ലോ.. എന്താ ഇത്ര കാര്യമായി ആലോചിക്കുന്നേ..? ” ലന മുഖം തിരിച്ച് അവളെ നോക്കി..
” മറ്റന്നാൾ റിസൾട്ട് വരുന്ന കാര്യം ഓർക്കുവായിരുന്നു ചേച്ചി.. ആ കാര്യം മറന്നിരിക്കുവായിരുന്നു.. ഏട്ടൻ പറഞ്ഞപ്പോഴാ ഓർത്തത്.. ആകെ ഒരു ടെൻഷൻ ചേച്ചി.. ഇവിടെ ആണെങ്കിൽ എല്ലാവരും ഉണ്ടല്ലോ.. ” ടെൻഷൻ കൊണ്ട് രോഹിണി നഖം കടിച്ചു.. ” അതാണോ ഇത്ര ടെൻഷൻ.. റിസൾട്ട് എന്തായാലും വരും.. ടെൻഷൻ ആയതുകൊണ്ട് അത് മാറാനൊന്നും പോണില്ല.. വരുമ്പോ നമുക്ക് നോക്കാന്നേ.. ഇപ്പോ വന്ന് കിടന്ന് ഉറങ്ങാൻ നോക്ക്.. ” ലനയെ ഒന്ന് നോക്കി രോഹിണി എഴുനേറ്റ് ബെഡിൽ കയറി കിടന്നു.. ” ഞാനും നിങ്ങളുടെ ഒപ്പം കിടന്നോട്ടെ.. ” പുറകിൽ സനയുടെ ശബ്‌ദം കേട്ടതും രണ്ടാളും ഒരുപോലെ മുഖം തിരിച്ച് നോക്കി.. ” അവിടെ ഒറ്റയ്ക്ക് കിടന്നിട്ട് ഒരു അസ്വസ്ഥത അതാ ഞാൻ ഇങ്ങോട്ട് പോന്നത്.. ” ” അതിനെന്താ ഇവിടെ കിടന്നോ.. ” ലന ചിരിയോടെ പറഞ്ഞു.. ലനയുടെ ഇരുവശം ആയിട്ടാണ് രോഹിണിയും സനയും കിടന്നത്.. സംസാരിച്ച് കിടന്ന് രോഹിണി പെട്ടന്ന് ഉറങ്ങി.. സന ഉറക്കം വരാതെ ലനയെ നോക്കി കിടന്നു..
” എന്തുപറ്റി ഉറങ്ങുന്നില്ലേ.. ” സനയെ നോക്കി അവൾ ചോദിച്ചു.. ” ഇല്ല.. വെറുതെ ഓരോന്ന് ഓർക്കുവായിരുന്നു.. ” ” എന്താ ഇത്ര ഓർത്തത്.. എന്നോട് കൂടി പറയാൻ പറ്റുന്നതാണോ..? ” ലന തിരിഞ്ഞ് സനയ്ക്ക് അഭിമുഖമായി കിടന്നു.. ” അങ്ങനെ പ്രതേകിച്ച് ഒന്നും ഇല്ലെടോ.. വീട്ടിലെ ഓരോ കാര്യങ്ങൾ.. ഞാൻ ചെറുതായിരുക്കുമ്പോഴേ അമ്മ മരിച്ചതാണ്.. ക്യാൻസർ ആയിരുന്നു.. പിന്നേ അങ്ങോട്ട് പപ്പ ആയിരുന്നു എനിക്ക് എല്ലാം.. നല്ല സുഹൃത്തുക്കളെ പോലെ ആയിരുന്നു ഞങ്ങൾ.. എന്ത് കാര്യവും പരസ്പരം ഷെയർ ചെയ്യുമായിരുന്നു.. എനിക്കും പപ്പയ്ക്കും ഇടയിൽ മൂന്നാമതൊരാളെ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.. പക്ഷേ സാരംഗ്… ” അവന്റെ ഓർമയിൽ അവളുടെ ഉള്ള് തുടിച്ചു.. ” എപ്പോഴോ ഞാൻ അവനെ സ്നേഹിച്ചുപോയി.. ഒരിക്കലും വേർപ്പെടുത്താൻ കഴിയാത്ത വിധം ഹൃദയത്തിൽ ആഴ്ന്നു പോയി.. അവനോടുള്ള എന്റെ ഇഷ്ട്ടത്തെ പറ്റി ആദ്യം ഞാൻ പറഞ്ഞത് പപ്പയോട് ആയിരുന്നു.. എല്ലാം അവനോട് തുറന്ന് പറയാൻ ആയിരുന്നു പപ്പ പറഞ്ഞത്.. പലപ്പോഴും ശ്രെമിച്ചിട്ടും അതിന് കഴിഞ്ഞില്ല.. ഒടുവിൽ എല്ലാം ഇങ്ങനെ ആയി.. ” അവന്റെ കൈ പതിഞ്ഞ ഇടത്തേ കവിളിൽ അവൾ മെല്ലെ തലോടി..
” കഴിഞ്ഞത് കഴിഞ്ഞു.. ഇനി അതോർത്തു വിഷമിച്ചിട്ട് എന്താ കാര്യം.. എല്ലാം ഓക്കേ ആവും.. സാരംഗ് പാവം ആണ്.. എല്ലാരേം സ്നേഹിക്കാൻ മാത്രമേ അവന് അറിയൂ.. ഇപ്പോ തൽക്കാലം അതൊക്കെ മാറ്റി വെച്ച് ഉറങ്ങാൻ നോക്ക്.. ” ലന സനയെ ചേർത്ത് പിടിച്ചു.. ചെറിയ ചിരിയോടെ അവളിലേക്ക് ചേർന്ന് കിടന്ന് സന കണ്ണുകൾ അടച്ചു.. രാവിലെ രോഹിണി എഴുനേൽക്കുമ്പോൾ കാണുന്നത് സനയും ലനയും കൂടി കെട്ടിപിടിച്ചു കിടക്കുന്നതാണ്.. കണ്ണ് തിരുമ്മി അവൾ ഒന്നുകൂടി അവരെ നോക്കി.. ചിരിയോടെ അവരെ വിളിക്കാൻ കൈ ഉയർത്തിയപ്പോൾ ആണ് അവൾക്കൊരു കുസൃതി തോന്നിയത്.. അവൾ ശബ്‌ദം ഉണ്ടാക്കാതെ ടേബിളിൽ വെച്ചിരുന്ന ജഗ്ഗിലെ വെള്ളം എടുത്ത് രണ്ടാളുടെയും മുഖത്തേക്ക് വീശി.. ഞെട്ടി രണ്ടാളും പെട്ടന്ന് എഴുന്നേറ്റു.. മുന്നിൽ ജഗ്ഗുമായി ഇളിച്ചോണ്ട് നിൽക്കുന്ന രോഹിണിയെ രണ്ടാളും കൂർപ്പിച്ചു നോക്കി..
” എടീ കുരിപ്പേ.. ” ലന അവളെ കലിപ്പിൽ നോക്കി.. ” ഞാൻ ചുമ്മാ. ഇതൊക്കെ ഒരു രസമല്ലേ ചേച്ചി..” പറഞ്ഞ് തീർന്നതും രോഹിണി പുറത്തേക്ക് ഓടി.. ” നിൽക്കെടി അവിടെ.. ” ലനയും എഴുനേറ്റ് അവൾക്ക് പുറകെ ഓടി.. സ്റ്റെയർ ഓടി ഇറങ്ങുമ്പോൾ മുകളിലേക്ക് കയറി വരുന്ന മാനവിനെ അവൾ ചെന്നിടിച്ചു.. വീഴുന്നതിന് മുൻപ് അവൻ അവളെ പിടിച്ചിരുന്നു.. വർദ്ധിച്ച ഹൃദയമിടിപ്പോടെ അവൾ അവനെ നോക്കി.. അവന്റെ കണ്ണുകൾ അവളുടെ പിടയ്ക്കുന്ന കൺപീലിയിൽ പതിച്ചു.. പിന്നേ ആ നോട്ടം കീഴ്ച്ചുണ്ടിന് താഴെയുള്ള കാക്കപ്പുള്ളിയിലേക്ക് നീണ്ടു.. പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ ലന അവളെ തള്ളി മാറ്റി.. ” സോറി.. ” അവൻ നേരിയ ചടപ്പോടെ പറഞ്ഞു.. ” ഇട്സ് ഓക്കേ.. ” കൂടുതൽ ഒന്നും പറയാതെ അവൾ താഴേക്ക് ഇറങ്ങി.. ചിരിയോടെ മാനവ് അവൾ പോവുന്നത് നോക്കി നിന്നു.. കുറച്ച് മാറി ഇതെല്ലാം കണ്ട് നിന്നിരുന്ന സാരംഗിന്റെ ചുണ്ടിലും ഒരു ചിരി മിന്നി.. *
ലന ചെന്ന് നോക്കുമ്പോൾ അടുക്കള ഭാഗത്തെ കോലായിൽ ഇരിക്കുകയായിരുന്നു രോഹിണി.. അവൾ ശബ്‌ദം ഉണ്ടാക്കാതെ ചെന്ന് രോഹിണിയുടെ ചെവിയിൽ പിടിച്ചു.. ” വേദനിക്കുന്നു ചേച്ചി വിട്.. ” ” ഇനി നീ ഇങ്ങനെ ചെയ്യോ..? ” പിടി വിട്ടുകൊണ്ട് അവൾ ചോദിച്ചു.. ” ചുമ്മാ തമാശയ്ക്ക് ചെയ്തതല്ലേ.. ഇങ്ങനെ സീരിയസ് ആവാതെ.. ” രോഹിണി കൊഞ്ചലോടെ ലനയുടെ താടിയിൽ പിടിച്ചു.. ” ആന്നോ.. എന്നാ ചേച്ചിയും തമാശയ്ക്ക് ചെയ്തതാന്നേ.. ” അതേ ഈണത്തിൽ പറഞ്ഞ് ലനയും രോഹിണിയുടെ താടിയിൽ പിടിച്ചു.. ” എന്താ ഇവിടെ..” രോഹൻ അവർക്കടുത്തേക്ക് വന്നു.. ” നീ ഇത് കണ്ടോ.. ഇവള് കാണിച്ചു വെച്ചേക്കുന്നേ.. ” നനഞ്ഞ മുടിയും ഡ്രെസ്സും കാണിച്ച് ലന പറഞ്ഞു..
” ആഹ് ഞാൻ പലതും കണ്ടു.. ” ” എന്ത്.. ” രോഹിണി ആണ് ചോദിച്ചത്.. ” കണ്ണും കണ്ണും തമ്മിൽ തമ്മിൽ സ്റ്റൈർകേസിൽ കൈ മാറും അനുരാഗം.. ” രോഹൻ ചിരിയടക്കി പാടി.. ” എന്ത് തേങ്ങയാടാ നീ പറയുന്നേ.. ” രോഹിണി ഒന്നും മനസിലാവാതെ അവനെ തറപ്പിച്ച് നോക്കി.. ” നീ അതൊന്നും അറിയാറായിട്ടില്ല അല്ലേ ചേച്ചി.. ” അവൻ പിന്നെയും ചിരി അടക്കി ലനയെ നോക്കി.. ഒന്നും മിണ്ടാതെ അവൾ അവനെ കൂർപ്പിച്ചു നോക്കി.. ഇനിയും നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയതും അവൻ വേഗം അവിടെന്ന് മുങ്ങി.. ” ഇവനിത് എന്തൊക്കെയാ ചേച്ചി പറയുന്നേ.. എനിക്കൊന്നും മനസിലാവുന്നില്ല.. ” രോഹിണി മുഖം തിരിച്ച് ലനയെ നോക്കി.. ” എനിക്കും ” അതും പറഞ്ഞ് ലന പെട്ടെന്ന് അവിടെന്ന് എസ്‌കേപ്പ് ആയി.. ( കാത്തിരിക്കുമല്ലോ..)