26/05/2026

തുറക്കാത്ത വാതിൽ : അവസാന ഭാഗം

രചന – അഞ്ജു തങ്കച്ചൻ

കാളിങ് ബെൽ ശബ്ദിക്കുന്നത് കേട്ട് അവൾ വാതിൽ തുറന്നു.

പുറത്ത് മഴ നനഞ്ഞു നിൽക്കുന്ന ആളെ കണ്ടതും അവൾ തറഞ്ഞു നിന്നു.

അച്ഛൻ….

ആദ്യത്തെ അമ്പരപ്പ് മാറിയതും, ഓടിച്ചെന്നാ കാലുകളിലേക്ക് വീഴുമ്പോൾ, അവൾ സ്വയം മറന്നറിയാതെ ഉറക്കെ പൊട്ടിക്കരഞ്ഞു.

അവളെ പിടിച്ചെഴുന്നേൽപ്പിച്ച്‌,നെറുകയിൽ ആ പിതാവ് ചുംബിച്ചപ്പോൾ അവൾക്ക് മനസിലായി, ഈ പാപിയായ മകളോട് അച്ഛൻ ക്ഷമിച്ചിരിക്കുന്നു എന്ന്.

അച്ഛാ… കയറി വാ. ആകെ നനഞ്ഞല്ലോ.

അവൾ അച്ഛന്റെ തല തുവർത്തി കൊടുത്തു.

അച്ഛനെയും അമ്മയെയും മറന്നു അല്ലേ ?

ഇല്ലച്ഛാ…. ഓരോ നിമിഷവും ഓർക്കും.എന്നെ കാത്ത് ഈ ഭൂമിയിൽ രണ്ടേ രണ്ടു പേരെ ഉളളൂ എന്ന് എനിക്കറിയാം.

എന്റെ അച്ഛനോടും അമ്മയോടും വഞ്ചന കാണിച്ച ഈ മകളോട് രണ്ടാളും കഷമിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു അച്ഛാ.

പക്ഷെ ആ മുന്നിൽ വന്ന് നിൽക്കാനുള്ള ധൈര്യം മാത്രം എനിക്കിനിയും നേടാനായില്ല.

എങ്കിലും ഞാൻ വരുമായിരുന്നു.കാണാൻ അത്രയ്ക്കും കൊതിയായിരുന്നു.

ഉം.

അമ്മക്ക് സുഖമാണോ അച്ഛാ, എന്നോട് ഇപ്പോഴും പിണക്കമാണോ അമ്മക്ക്?

മക്കളെ വെറുക്കാൻ ഏതേലും അമ്മക്ക് കഴിയുമോ മോളേ

അച്ഛാ ഈ നനഞ്ഞ വസ്ത്രം മാറ്റിയിട്ട്,ദാ ഈ മുണ്ട് ഉടുക്ക്.

അപ്പോഴേക്കും ഞാൻ ചൂട് ചായ എടുക്കാം.

അവൾ ചായയും കൊണ്ട് വന്നപ്പോൾ അയാൾ എന്തോ ആലോചയിലായിരുന്നു.

എന്താ അച്ഛാ ആലോചിക്കുന്നത്?

ഒന്നുമില്ല മോളേ..

അച്ഛാ ദേ നോക്കിക്കേ എന്റെ മോനാണ്.

അവനെ കണ്ടതും അയാൾ ചാടിയെഴുന്നേറ്റ് കുഞ്ഞിനെ എടുത്ത് നെഞ്ചോടു ചേർത്ത്,അവനെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു.

ഇവനെ കാണുമ്പോൾ നിന്റെ അമ്മക്ക് എന്തുമാത്രം സന്തോഷമാകും എന്നറിയുമോ?അമ്മക്ക് ഈയിടെ ആയി തീരെ വയ്യ.

അയ്യോ അമ്മക്ക് എന്ത് പറ്റി അച്ഛാ.

ഒറ്റ മകളെ കാണാത്ത വേദനയിൽ ഉരുകിയിരുകി ജീവിക്കാൻ തുടങ്ങിയിട്ട് കുറച്ചായില്ലേ…. എന്നും ഓരോരോ അസുഖങ്ങളാണ്.ശരീരത്തിനല്ല ആ മനസിനാണ് വേദന എന്ന് എനിക്കല്ലേ അറിയൂ.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മോളിപ്പോഴും സാന്റോയോടൊപ്പം ജീവിക്കുകയാണെന്നാ അവളുടെ വിചാരം.ഞാനും അങ്ങനെയാ കരുതിയത്.

നിങ്ങൾ എവിടെയാണെന്ന് ഒത്തിരി അന്വേഷിച്ചു.അങ്ങനെയാണ് നിങ്ങൾ ആദ്യം താമസിച്ച കോളനിയിൽ എത്തിയത്.
അവിടെയുള്ള ആർക്കും നിങ്ങൾ എവിടെയാണെന്ന് അറിയില്ല.
പിന്നെ ആരോ പറഞ്ഞു, നീ അടുക്കളപ്പണിക്ക് നിന്നത് സന്ധ്യ എന്നൊരാളുടെ വീട്ടിലാണെന്ന്.

അവിടെ ചെന്നപ്പോഴാണ് എന്റെ മോൾക്ക്‌ നേരിടേണ്ടി വന്ന ദുരിതങ്ങൾ അറിഞ്ഞത്.

സത്യത്തിൽ തകർന്ന് പോയി. പക്ഷെ
തോൽക്കാതിരിക്കാൻ നീ എന്ത് മാത്രം കഷ്ട്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ, നിന്നെയൊന്നു കാണാൻ തിടുക്കമായി

നിന്നെ കാണാൻ വേണ്ടി ഓടി വരുകയായിരുന്നു.മഴ ഞാൻ അറിഞ്ഞത് പോലുമില്ല.

ഇവിടെ വന്ന് നിന്നെ കണ്ടപ്പോൾ എനിക്ക് സമാധാനമായി. ഒരു പെൺകുട്ടിക്ക് ഒന്നുമില്ലായ്മയിൽ നിന്ന് ഇത്രയും വളരാൻ കഴിഞ്ഞല്ലോ. അച്ഛന് സന്തോഷമായി.

നമുക്ക് ഇന്ന് തന്നെ വീട്ടിൽ പോണം അച്ഛാ. എനിക്ക് അമ്മയെ കാണണം.

പോകാം.

അവർ ആറുമണിയോട് കൂടെ പോകാൻ ഇറങ്ങി.

കൂടെയുള്ള ചേച്ചിയും, മോനും ട്രെയിനിൽ കയറിയ പാടേ ഉറക്കമായി.

പിറ്റേന്ന് പുലർച്ചയോടെ വീട്ടിൽ എത്തുമ്പോൾ, അമ്മ കാണാത്ത ഭാവത്തിൽ തിരിഞ്ഞു നിന്നു.

അമ്മേ എന്ന് വിളിച്ചിട്ടും അവർ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.

പിന്നിലൂടെ അവരെ മുറുകെ പുണർന്ന് അവൾ കുറേ നേരം നിന്നു.
അവളുടെ കണ്ണുനീർ പുറം നനച്ചപ്പോൾ അമ്മക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

തിരിഞ്ഞു നിന്ന് അവളെ ഇറുക്കെ പുണർന്നുവർ ഒരേ നിൽപ്പ് നിന്നു.

അവരുടെ സാരിത്തലപ്പിൽ പിടിച്ചു വലിക്കുന്ന കുഞ്ഞിനെ അപ്പോഴാണ് അമ്മ കണ്ടത്.

അവനെ എടുത്ത് വാരിയണച്ചുകൊണ്ട് അവർ അത്യാഹ്ലാദത്തോടെ അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ അച്ഛന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

രണ്ട് ദിവസം അവിടെ നിന്നിട്ട് അവൾ കുഞ്ഞിനേയും, കൂടെയുള്ള ചേച്ചിയെയും കൂട്ടി,തിരികെ പോരാൻ നിൽക്കുമ്പോൾ. അമ്മയുടെ മുഖം വല്ലാതെ വാടിയിരുന്നു.

ഞാൻ എല്ലാ ആഴ്ച്ചയും വരും. എല്ലാം ഇട്ടെറിഞ്ഞിട്ട് പോന്നാൽ എന്നെ ആശ്രയിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കുറേ ജോലിക്കാൻ ഉണ്ട്‌ അവരുടെ ജീവിതം വഴിമുട്ടി പോകും.

എന്നെപോലെ ആത്മാർത്ഥമായി സ്ഥാപനം നോക്കാൻ കഴിവുള്ള ഒരാളെ കിട്ടിയാൽ, പിന്നെ ഞാൻ ഇങ്ങോട്ട് പോരും.
പിന്നെ ഇടക്ക് ഒക്കെ പോയി നോക്കിയാൽ മതിയല്ലോ.മാതാപിതാക്കളെ ഉപേക്ഷിച്ച്‌ സ്വന്തം ജീവിതത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു മകളല്ല ഞാൻ. എനിക്ക് നിങ്ങളോടൊപ്പം ഈ വീട്ടിൽ കഴിഞ്ഞാൽ മതി. അതിലും വലുതല്ല എനിക്കൊന്നും

അതൊന്നുമോർത്തു മോൾ വിഷമിക്കണ്ട.
നിന്റെ കഷ്ടപ്പാടിന്റെ വിലയാണ് നിന്റെ സ്ഥാപനം അത് നന്നായി തന്നെ കൊണ്ടുപോകണം. പിന്നെ ഇനി ഞങ്ങൾക്ക് ഇടക്ക് അവിടെ വന്ന് നിൽക്കാമല്ലോ.

ഞങ്ങൾ അങ്ങ് വന്നേക്കാം. മോളിപ്പം ചെല്ല്.

നേരായിട്ടും അങ്ങോട്ട്‌ വരുമോ അച്ഛാ.

വരും. പിന്നെ ഞങ്ങൾക്ക് അത്ര പ്രായം ഒന്നും ആയിട്ടില്ല. ഇനി ഞങ്ങളും ഒന്ന് അടിച്ചുപൊളിക്കട്ടെ… ഞങ്ങൾ ഒരു സെക്കന്റ്‌ ഹണിമൂണിന് പോയാലോ എന്നാണ് ഒരാലോചന അല്ലേടി അയാൾ ഭാര്യയെ നോക്കി കണ്ണിറുക്കി.

ഒന്ന് പോ മനുഷ്യാ…ആ പ്രായത്തിലും അമ്മയുടെ മുഖത്ത് നാണം വിരിയുന്നത് നയന നോക്കി നിന്നു.

*************

അന്നൊരു ബുധനാഴ്ചയായിരുന്നു.
നയന വൈകുന്നേരം എത്തുമ്പോൾ ആരോ വീട്ടിലുണ്ട്. ഡൈനിങ്ങ് റൂമിലിരുന്ന് ചായ കുടിക്കുന്നു. മോൻ അയാളുടെ മടിയിൽ ഇരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ബിസ്കറ്റ് മോന്റെ വായിൽ വച്ച് കൊടുക്കുന്നുമുണ്ട്.

നയന അടുത്തേക്ക് ചെന്നു.

ആ മുഖം കണ്ടതും നയനയുടെ ഹൃദയം നിന്ന് പോയത് പോലെ അവൾക്ക് തോന്നി.

സാന്റോ…

അവളെ കണ്ടതും അയാൾ എഴുന്നേറ്റു.

നയനേ….. അയാൾ പതിയെ വിളിച്ചു.

തന്നോട് ആര് പറഞ്ഞു എന്റെ വീട്ടിൽ കയറാൻ.

നയനേ…

ഇറങ്ങിപോടോ പുറത്ത്…

ശബ്ദം കേട്ട് അടുക്കളയിൽ നിന്നും സഹായിയായ ചേച്ചി ഓടിയിറങ്ങി വന്നു.

അയ്യോ മോളേ ഇത് സാന്റോ ആണോ, മോളുടെ ബന്ധു ആണെന്നാ ഇയാൾ പറഞ്ഞത്, അതാ ഞാൻ കയറി ഇരിക്കാൻ പറഞ്ഞത്.

സാരമില്ല. ചേച്ചി അകത്തേക്ക് പൊയ്ക്കോ.

അവർ അകത്തേക്ക് പോയി.

തന്നോട് ഇറങ്ങി പോകാൻ അല്ലേ പറഞ്ഞത്.

നയനേ… അന്ന് എനിക്ക് അങ്ങനെ ഒരബദ്ധം പറ്റി. നീയെന്നോട് ക്ഷമിക്കണം.

നമ്മുടെ മോനാണെ സത്യം ഇനിയൊരിക്കലും ഞാൻ നിന്നെ വിട്ട് പോകില്ല.ഇനിയെങ്കിലും എനിക്ക് എന്റെ കുഞ്ഞിനോടും, ഭാര്യയോടും ഒപ്പം ജീവിക്കണം.

തന്റെ ഭാര്യയോ? അതിന് താൻ എന്നെ വിവാഹം ചെയ്തിട്ടുണ്ടോ.

നിയമപരമായി വിവാഹം കഴിഞ്ഞില്ലെങ്കിലും കുഞ്ഞ് എന്റേതല്ലേ..

എന്റെ മകന് അച്ഛനില്ല. അവന് ഞാൻ മത്രേ ഉള്ളൂ..

താൻ ഇറങ്ങി പോകുന്നുണ്ടോ അതോ പോലീസിനെ വിളിക്കണോ

എടീ… പെട്ടന്ന് അയാളുടെ മുഖം മാറി.
കുഞ്ഞ് എന്റേതാണെങ്കിൽ ഞാൻ ഇവനെ കൊണ്ടുപോകും.

അയാൾ കുഞ്ഞിന്റെ കൈയിൽ പിടിച്ചു വലിച്ചു.

എന്റെ കുഞ്ഞിനെ വിടെടോ..

മര്യാദക്ക് പറഞ്ഞപ്പോൾ അവൾക്ക് മനസിലാവില്ല. എന്റെ കുഞ്ഞ് ഇനി എന്റെ കൂടെ വളരും.

അയാൾ കുഞ്ഞിനെ എടുത്തു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും, നയന ഡൈനിങ് ടേബിളിൽ ഇരുന്ന ജഗ്ഗ് എടുത്ത് അയാളുടെ തലയിൽ അടിച്ചു.

പെട്ടന്നുള്ള അവളുടെ ആക്രമണത്തിൽ അയാൾ പകച്ചു നിന്ന നേരം കൊണ്ട്, അവൾ കുഞ്ഞിനെ എടുത്തു.

തലയുടെ ഇടത് വശം മുറിഞ്ഞു രക്തം ഒഴുകി തുടങ്ങിയപ്പോൾ അയാൾ ഭയപ്പോടെ മുറ്റത്തേക്ക് ഇറങ്ങി.

എടീ നീ കരുതിയിരുന്നോ. ഈ സാന്റോയെ തല്ലിയിട്ട് നീ സുഖമായിട്ട് ജീവിക്കാം എന്ന് കരുതണ്ട.

ഇറങ്ങി പോടാ നാ&%**-.
അവൾ വാതിൽ വലിച്ചടച്ചു.

എടീ വാതിൽ തുറക്കടീ…..

അടഞ്ഞ വാതിലിൽ തട്ടി അയാൾ ആക്രോശിച്ചു.

തുറക്കാത്ത വാതിലിൽ നോക്കി അയാൾ എന്തൊക്കെയോ അസഭ്യം പുലമ്പിയിട്ട്
അയാൾ ബൈക്കിൽ കയറി പോയി.

***************

പിറ്റേന്ന് ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴാണ്. നയന പത്രത്തിൽ ആ വാർത്ത കണ്ടത്.

വിവാഹത്തട്ടിപ്പ് വീരൻ അറസ്റ്റിൽ

പലയിടങ്ങളിൽ നിന്നായി പെൺകുട്ടികളെ വിവാഹം കഴിച്ച്‌,അവരുടെ കയ്യിലെ പണം കൊണ്ട് ആർഭാടജീവിതം ജീവിതം നയിച്ചു വരുകയായിരുന്നു ഇയാൾ , പണം തീർന്നാൽ അവരെ ഉപേക്ഷിച്ചു കടന്നുകളയുകയാണ് ഇയാളുടെ രീതി.

പല പെൺകുട്ടികളുടെയും പരാതിയിന്മേൽ പോലിസ് കേസ് എടുക്കുകയും, അന്വേഷണത്തിനിടയിൽ,ഇന്നലെ ടൗണിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സാന്റോയുടെ മുഖം പത്രത്തിൽ കണ്ടതും. അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

*************
അവസാനിച്ചു.