രചന – ജ്വാലാമുഖി
“താൻ എന്തെങ്കിലും ഓർഡർ ചെയ്‌തോ…? ”
” ഇല്ല… വിച്ചു വന്നിട്ട് ആകാം എന്ന് കരുതി… ”
“ചേച്ചി… എനിക്ക് ഒന്നും വേണ്ട.. ഞാൻ പുറത്തു കാണും നിങ്ങൾ സംസാരിച്ചു ഇരിക്കു…”
“അയ്.. എന്താ വാണി ഇത്… ഇവിടെ ഇരിക്കു… ”
വിച്ചു എന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി..
“ചിപ്പി… അപ്പുറത്തു സെലെക്സ് മാൾ ഉണ്ട് നമുക്ക് അങ്ങോട്ട് പോകാം… അവിടെ ആകുമ്പോൾ കെ ഫ് സി ഒക്കെ ഉണ്ട്… എനിക്കാണേൽ നല്ല വിശപ്പും.. ”
“അതിനെന്താ… പോകാം… ”
വിഷ്ണു എഴുന്നേറ്റതും ചേച്ചിയും കൂടെ എഴുന്നേറ്റു… ഇവരുടെ ഇടയിൽ നിന്നും എങ്ങനെ ഒന്ന് ഓടും എന്ന് ഒരു പിടിയും കിട്ടാതെ എനിക്ക് വട്ട് പിടിച്ചു..
ജനലിനോട് ചേർന്നൊരു ഒതുങ്ങിയ സീറ്റ് നോക്കി ഞാൻ ഇരുന്നു…
ഒപോസിറ്റ് ആയി അവരും ഇരുന്നോട്ടെ എന്ന് കരുതി…
പക്ഷെ വിച്ചു എന്റെ അടുത്ത് തന്നെ വന്നിരുന്നു… എനിക്ക് സത്യത്തിൽ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ ആയി…
“എനിക്ക് ഒരു കാൾ വിളിക്കാൻ ഉണ്ട്.. ചിപ്പി ഒരു ഫാമിലി പാക്ക് ഓർഡർ കൊടുത്തേക്ക്.. ധാ ക്യാഷ്… ”
“ക്യാഷ് വേണ്ട ഇന്നത്തെ ചിലവ് എന്റെ വക… ”
അത് പറഞ്ഞു ചേച്ചി താഴേക്കു പോയി…
“ടോ… വാണി… എന്തിനാ ഇങ്ങോട്ട് പോന്നത് എന്നറിയോ… ”
“എനിക്ക് എങ്ങനെ അറിയാനാ… ”
“തന്നെ കുറച്ചു നേരം കൂടുതൽ കണ്ടിരിക്കാൻ… ”
“നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ…. ചെ.. ”
“ദേ… അപ്പുറത്തൊക്കെ ആളുകൾ ഉണ്ട്… നീ ഇങ്ങനെ ചൊടിച്ചാൽ ഞാൻ വല്ലതും ചെയ്യും നിന്നെ… ”
“ദേ… ”
“ദേഷ്യം വരുമ്പോൾ നിനക്ക് വല്ലാത്ത ഒരു ഭംഗി ആട്ടോ… ”
“പ്ലീസ്… ഇങ്ങനെ ഒന്നും ആകരുത്… എന്റെ ചേച്ചി പാവാ… ”
“ഞാൻ നിന്നെ അങ്ങ് കെട്ടിയാലോ… ”
“നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ….??? ”
ഇത്തവണ എന്റെ ശബ്‌ദം അല്പം ഉയർന്നു പോയി…
പെട്ടന്ന് സ്ഥലകാലബോധം വന്നു ഞാൻ താഴേക്കു നോക്കി നിന്നു…
“വാണി…. !!!”
“നിന്നെ പിരിഞ്ഞിരിക്കാൻ എനിക്കിപ്പോ കഴിയുന്നില്ല… അതാ ഇന്നും ഒരു കാരണം ഉണ്ടാക്കി നിന്നെയും ചേച്ചിയേം ഇങ്ങോട്ട് വരുത്തിയത്… ”
എന്റെ കണ്ണുകൾ നിറഞ്ഞു വന്നത് ഞാൻ പുറത്തേക്കു നോക്കി മറച്ചു പിടിച്ചു…
“എനിക്ക് നിന്നെ വേണം വാണി… ”
എന്റെ കൈകളിൽ മുറുകെ മുറുകെ പിടിച്ചു കൊണ്ടു വിഷ്ണു അത് പറയുമ്പോൾ ഒരു എന്തൽ മാത്രം എന്നിൽ നിന്നും വന്നുള്ളൂ…
അപ്പോളേക്കും ഒരു ട്രേ ഐറ്റംസ് ആയി ചിപ്പി ചേച്ചി അങ്ങോട്ട് വന്നു..
ഞാൻ കണ്ണൊക്കെ തുടച്ചു പുറത്തേക്കു നോക്കി ഇരുന്നു…
കഴിക്കുന്നതിനിടയിലും എന്റെ കാലുകളിൽ അമർന്നിരുന്ന ആ കാലുകൾ തട്ടിമാറ്റാൻ എനിക്ക് തോന്നിയില്ല…
ഒന്നും തൊണ്ടയിൽ നിന്നു ഇറങ്ങുന്നില്ല… ഞാൻ ഒരു പീസ് കഴിച്ചു എന്ന് വരുത്തി… കോള എടുത്തു കുടിച്ചു… പക്ഷെ വരണ്ട എന്റെ തൊണ്ടയിലെ ദാഹം മാറ്റാൻ അതിനു കഴിഞ്ഞില്ല…
ആ കാലുകളിൽ നിന്നൊരു ചൂട് എന്റെ കാലിലൂടെ അരിച്ചു കയറി എന്റെ തലയെ ചുട്ടു പൊള്ളിച്ചു…
പെട്ടെന്ന് താഴെ ശരത്തേട്ടൻ നില്കുന്നത് ഗ്ലാസ്സ് ലൂടെ ഞാൻ കണ്ടു…
ഞാൻ വേഗം ശരത്തേട്ടനെ ഡയൽ ചെയ്തു..
“ഹെലോ… ശരത്തേട്ടൻ എന്താ ഇവിടെ..?? ”
“നീ മാളിൽ ഉണ്ടോ… ”
“ഉവ്വ്… കെഫ്‌സി യിൽ ഉണ്ട്… ”
“എങ്കിൽ ഞാൻ അങ്ങോട്ട് വരാം… ”
“വേണ്ട… ചേട്ടൻ ഇപ്പൊ വീട്ടിലേക്കു ആണോ.. ”
“അതെ.. ”
“എങ്കിൽ എന്നെ ഒന്ന് വീട്ടിൽ ആക്കു…”
“എങ്കിൽ നീ വേഗം വാ… ”
അത് പറഞ്ഞു ചേട്ടൻ ഫോൺ വച്ചതും ഞാൻ ചാടി എണീറ്റു…
“ചേച്ചി ശരത്തേട്ടൻ താഴെ ഉണ്ട്… ഞാൻ ശരത്തേട്ടന്റെ കൂടെ പോവാ.. ചേച്ചി വന്നാൽ മതി… ”
മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ അവിടന്ന് പോന്നു…
അവിടന്ന് രക്ഷപെട്ട ആശ്വാസത്തിൽ ആയിരുന്നു ഞാൻ…
വിച്ചുവേട്ടനോടൊപ്പമുള്ള നിമിഷങ്ങൾ… അത് എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ് പക്ഷെ ഇന്ന് അത് എനിക്ക് അർഹിക്കാത്ത കനിയാണല്ലോ എന്നോർത്ത് ഞാൻ ഉരുകി…
വണ്ടിയിൽ ഇരിക്കുമ്പോൾ ശരത്തേട്ടൻ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല…
“എന്നെ വീട്ടിൽ ആക്കിയാൽ മതി ഏട്ടാ… തറവാട്ടിലേക്ക് ഞാൻ ഇപ്പൊ ഇല്ല… ”
“ഉം… ”
വീട്ടിൽ ചെന്നതും അച്ഛൻ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.. അച്ഛനും ശരത്തേട്ടനും കൂടെ സംസാരിച്ചു നിന്നു…
ഞാൻ നേരെ അകത്തേക്ക് പോയി…
ബാത്‌റൂമിൽ കയറി ഷവർ തുറന്നിട്ട്… മൊത്തം നനഞ്ഞു നോക്കി… പക്ഷെ എന്റെ ചങ്കിലെ ചൂട് തണുക്കുന്നില്ല …
കുറച്ചു കഴിഞ്ഞു എന്നെ താഴേക്കു കാണാത്തൊണ്ടാകും അച്ഛൻ അങ്ങോട്ട് വന്നു..
“വാവേ… ”
“എന്താ അച്ഛാ… ”
“അച്ഛൻ ഒരു കാര്യം പറഞ്ഞാൽ മോൾ അനുസരിക്കുമോ… ”
“എന്താന്ന് പറ… ”
“ഇന്ന് തറവാട്ടിൽ വച്ചു മോൾക്ക് ഒരു കല്യാണക്കാര്യം വന്നു… എന്തുകൊണ്ടും നമുക്ക് നല്ലോണം അറിയുന്ന ആൾ ആയോണ്ട് എല്ലാരും അങ്ങ് ഉറപ്പിച്ചു.. ചെക്കൻ ബി ഡി എസ് ആണ്… ഇപ്പൊ മുംബൈ ൽ ആണ്… നാട്ടിൽ സെറ്റിൽ ആകാൻ പോകുന്നു… ”
ഞാൻ ഒന്നും മിണ്ടാതെ… അച്ഛനെ തന്നെ നോക്കി ഇരുന്നു…
“ആൾ ആരാന്നു കേൾക്കണ്ടേ… ”
“വേണ്ട… ”
“അതെന്താ ”
“ആരായാലും എനിക്ക് കുഴപ്പം ഇല്ല… ”
“എങ്കിലും മോൾ കേൾക്കണം… ശരത്ത് ആണ്… അവൻ ആകുമ്പോൾ നമ്മുടെ കുട്ടി തന്നെ ആണല്ലൊ… ”
ഉള്ളിലെ ഞെട്ടൽ ഞാൻ പുറത്തു കാട്ടിയില്ല…
പക്ഷെ ഇതിലും ബേധം മരണം ആണെന്ന് എനിക്ക് പലവട്ടം തോന്നി…
കുഞ്ഞേട്ടനും ശരത്തേട്ടനും തമ്മിൽ എനിക്ക് ഒരു വ്യത്യാസവും ഇല്ല…
കൂടപ്പിറപ്പ് പോലെ കണ്ടിട്ട് .. പക്ഷെ… എന്റെ അച്ഛന്റെ സന്തോഷം അത്… മറ്റെന്തിനേക്കാളും എനിക്ക് വലുതാണ്…
പിന്നെയും എന്തൊക്കെയോ അച്ഛൻ എന്നോട് പറഞ്ഞു പക്ഷെ എന്റെ ചെവിക്കു അതൊന്നും കേൾക്കാൻ ഉള്ള ശക്തി ഇല്ലായിരുന്നു…
“അപ്പോ അച്ഛൻ ഇതങ്ങു ഉറപ്പിക്കാണ്… ചിപ്പിടേം മോൾടേം നിശ്ചയം നമുക്ക് ഒരു ദിവസം ആക്കാം എന്ന് കരുതുന്നു… പിന്നെ വാവേ… മോൾ ഇനി അധികം പുറത്തേക്കൊന്നും പോണ്ട… നിശ്ചയം ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയാൽ മതി… ”
“ഉം… ”
അത് പറഞ്ഞു സന്തോഷത്തോടെ അച്ഛൻ എഴുന്നേറ്റു പോയി…
പക്ഷെ അതോടെ എന്റെ സന്തോഷം പോയി… ഒരു ജീവച്ഛവം കണക്കെ ആ കട്ടിൽ എന്റെ ശരീരം താങ്ങി…
****
നിശ്ചയത്തിന്റ ഒരുക്കങ്ങൾ എല്ലാം തകൃതിയായി നടന്നു…
അടുത്ത ഞായറാഴ്ച… !!!!!
എന്റെ ശിരസ്സിൽ ആണി അടിക്കുന്ന മുഹൂർത്തം… !!!!
“മോളെ… അച്ഛൻ വിളിക്കണ്.. താഴേക്കു വാ .. ”
ഞാൻ താഴേക്കു ചെന്നു…
“വാവേ… നിശ്ചയത്തിനുള്ള ഡ്രസ്സ് എടുക്കാൻ നിങ്ങൾക്ക് വിട്ടു തന്നിരിക്കുന്നു… നീയും ശരത്തും ചിപ്പിയും വിഷ്ണുവും കൂടെ പോയാൽ മതി.. ഞങ്ങൾ ഒക്കെ വന്നിട്ട് എന്തിനാ.. സെലെക്ഷൻ ഒക്കെ നിങ്ങൾക്ക് അല്ലെ അറിയൂ… “”
ഞാൻ തലയാട്ടി..
“എങ്കിൽ വേഗം യാത്ര ആകു.. അവർ ഇപ്പൊ ഇങ്ങ് എത്തും… ”
ഞാൻ അകത്തു പോയി ഒരു ചുരിദാർ എടുത്തു ഇട്ടു… പൊട്ടു കുത്താനും കണ്ണാടി നോക്കാനും ഒക്കെ ഞാൻ മറന്നു പോയിരിക്കുന്നു…
“ഷാൾ ഇടാതെ ആണോ മോളു പോണേ .. “”
അപ്പോൾ ആണ് ഷാൾ ഇട്ടിട്ടില്ല എന്ന് പോലും ഞാൻ അറിയുന്നത്..
ഞാൻ മുറിയിൽ പോയി ഷാൾ എടുത്തു ഇട്ടു… താഴേക്കു പോന്നു…
കുറച്ചു കഴിഞ്ഞതും ശരത്തേട്ടനും ചിപ്പിച്ചേച്ചിയും എത്തി…
വണ്ടി വീട്ടിൽ ഇട്ടു.. അച്ഛന്റെ കാർ എടുത്തു ഞങ്ങൾ കല്യാണിലേക്ക് വിട്ടു..
ശരത്തേട്ടന്റെ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു…
ഞാൻ പുറംകാഴ്ചകളിൽ മുഖം മൂടി…
പാർക്കിങ് ൽ കാർ ഇട്ടു തിരിച്ചു നടക്കുമ്പോൾ ഞങ്ങളെ കാത്തു വിച്ചു നില്പുണ്ടായിരുന്നു… എന്റെ നെഞ്ചിടിപ്പ് കൂടി…
അവർക്കൊപ്പം നടക്കുമ്പോൾ എന്റെ കാലുകൾക്കു വല്ലാത്ത ഭാരം തോന്നി..
സാരി സെക്ഷൻ നിലേക്ക് പോകാൻ ലിഫ്റ്റിൽ കയറുമ്പോൾ ഒരുപാട് അകലം പാലിക്കാൻ ഞാൻ ശ്രമിച്ചു… പക്ഷെ വിച്ചു എന്നോട് ചേർന്നു തന്നെ വന്നു…
ഓരോ സാരിയും എടുത്തു അവർ കാണിക്കുമ്പോൾ വിച്ചു ഇതു വേണ്ട വാണി എന്ന് പറഞ്ഞ് കൊണ്ടിരുന്നു…
ഓരോ സാരിയും എടുത്തു എന്റെ മേലെ വച്ചു നോക്കി ഭംഗി ഉണ്ടോ എന്ന് നോക്കുമ്പോൾ ഒക്കെയും ആ കണ്ണുകൾ എന്നിൽ വന്നു തറഞ്ഞു നിന്നു…
എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി എനിക്ക്..
ഒടുവിൽ എനിക്ക് എടുത്ത സാരി വിച്ചുവേട്ടന്റെ സെലെക്ഷൻ ആയിരുന്നു… മറുത്തൊന്നും ഞാനും പറഞ്ഞില്ല…
എന്റെ എടുത്തു കഴിഞ്ഞതും ഞാൻ അവിടന്നും മാറി സെറ്റിയിൽ വന്നിരുന്നു…
അപ്പോളാണ് വീട്ടിൽ നിന്നും ഇവിടം വരെ ശരത്തേട്ടൻ എന്നോട് ഒന്നും മിണ്ടിയില്ലല്ലോ എന്ന് ഞാൻ ഓർത്തത്…
“വാണി… എന്താ ഇവിടെ വന്നിരിക്കണേ.. സാരി ഇഷ്ടം ആയില്ലേ… ”
മുഖം ഉയർത്തി നോക്കിയപ്പോൾ ശരത്തേട്ടൻ…
“ആ… നല്ലതാ… ”
കൂടുതൽ ഒന്നും ചോദിക്കാതെ ശരത്തേട്ടൻ അവരുടെ അടുത്തേക്ക് നടന്നു പോയി…
******
തിരിച്ചു വീട്ടിൽ എത്തുമ്പോൾ ഞാൻ ആകെ വയ്യാതെ ആയിരുന്നു… അതുകൊണ്ട് തന്നെ ഞാൻ വേഗം ഉറങ്ങി…
ഒരാഴ്ച എന്നത് ഒരു നിമിഷം പോലെ പോയി .. എന്റെ ഓർമ്മകൾക്ക് മേലെ ചിതയൊരുക്കേണ്ട സമയം അടുത്തു വന്നു…
നാളെ എന്റെ നിശ്ചയം ആണ്…
തുടരും….

by