24/04/2026

ഭാഗ്യജാതകം : ഭാഗം 21

രചന – അയിഷ അക്ബർ

ദിവസങ്ങൾ നീങ്ങി തുടങ്ങുമ്പോൾ അമ്മ ചെയ്യേണ്ടതെല്ലാം വൃത്തിയോടെ മനോഹരമായി ചെയ്യുന്ന അവളിൽ ഒരു യഥാർത്ഥ കുടുംബിനിയെ അവൻ കാണുന്നുണ്ടായിരുന്നു….

വെറുതെയിരിക്കുന്ന സമയങ്ങളിലെല്ലാം അവളറിയാതെ തന്നെ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

കടപ്പാടുകൾക്കോ പുകഴ്ത്തലുകൾക്കോ അവൾ കാത്തു നിന്നില്ല….
അവൾ അവളുടേതായ ഒരു ലോകത്തേക്ക് ചുരുങ്ങിയിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അലക്കാൻ തുണികളുമായി അലക്കു കല്ലിനടുത്തേക്ക് വന്നവളെ മുകളിൽ നിന്നും ആദിക്ക് കാണുന്നുണ്ടായിരുന്നു….

പൈപ്പ് തുറന്നതും വെള്ളമില്ലായിരുന്നു…

അവൾ വെള്ളമടിക്കാനായി മോട്ടോർ ഓൺ ആക്കാൻ പോകുമ്പോഴാണ് അലക്കാനുള്ള തുണികളുമായി വേണിയങ്ങോട്ട് വരുന്നത്….

ആ…. ശിവാ… നീ അലക്കാൻ നിൽക്കുകയായിരുന്നോ…
ഒന്ന് മാറി തരാവോ ഞാനിതൊന്ന് അലക്കി പൊയ്ക്കോട്ടേ….

വേണി അത് പറയുമ്പോൾ ശിവ അവളെ കനപ്പിച്ചോന്നു നോക്കി….

അത് പറ്റില്ല…. ഇതിപ്പോ ഒരു പതിവാണല്ലോ…. അത് വരെ വെറുതെയിരുന്നിട്ട് ഞാനൊന്നലക്കാൻ ഇറങ്ങിയാൽ അപ്പൊ വരും…..

ഇത് കഴിഞ്ഞിട്ട് എനിക്ക് വേറെയും ജോലിയുണ്ട്…. നിങ്ങൾക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ….

മുഖമടച്ചത് പോലെ ശിവയത് പറയുമ്പോൾ വേണിക്ക് ദേഷ്യം വന്നിരുന്നു……

അതെന്താ ശിവാ നീയങ്ങനെ പറയുന്നത്…. ഞാൻ ഒരു പനിയും ചെയ്യാതെ വെറുതെയിരിക്കുകയാണെന്നോ…. നീ മാത്രം ചെയ്യുന്ന ജോലികളെ നീ കാണുന്നുള്ളൂ…. എനിക്കും ഇത് കഴിഞ്ഞിട്ട് വേറെ ജോലിയുണ്ട്..
വേണി ദേഷ്യത്തിൽ തന്നെയായിരുന്നു…..

എങ്കിൽ ഇത് കഴിഞ്ഞിട്ട് ചെയ്യാനുള്ള ആ ജോലി ഇപ്പൊ ചെയ്തോളു…. അപ്പോഴേക്കും എന്റെ അലക്കി കഴിയും….

ശിവ കനപ്പിച് കൊണ്ടത് പറഞ്ഞു മറുപടി ക്ക്‌ കാത്തു നിൽക്കാതെ അടുക്കളയിലേക്ക് കയറി മോട്ടോറിന്റെ സ്വിച് ഓണാക്കി…

ആദ്യം അലക്കിയാൽ അച്ഛന്റെ തുണികൾ അലക്കാനെടുക്കേണ്ടി വരുമെന്നുള്ളത് കൊണ്ട് തന്നെയാണ് താനച്ഛന്റെ തുണികൾ എടുത്തിറങ്ങിയതിന്റെ പിറകെ അവൾ വരുന്നതെന്ന് ശിവക്കറിയാമായിരുന്നു….

വേണി ദേഷ്യപ്പെട്ടു കൊണ്ട് അകത്തേക്ക് പോയി…. മുറിയിലിരുന്നിട്ടും വേണിക്ക് ദേഷ്യം സഹിക്കുന്നില്ലായിരുന്നു….

അവൾ പതിയേ മുൻഭാഗത് പോയി മെയിൻ സ്വിച് ഓഫ്‌ ചെയ്തു….കറന്റ്‌ പോയാൽ ഇനി വെള്ളം കിട്ടില്ലെന്നത് മനസ്സിൽ കണക്കു കൂട്ടി തന്നെയാണ് അവളത് ചെയ്തത്….

വെള്ളം വരവ് നിന്നത് കൊണ്ട് തന്നെ കറന്റ്‌ വരാൻ കുറച്ചു നേരം ശിവ കാത്തിരുന്നു…..

എന്നിട്ടും വരുന്നില്ലെന്ന് കണ്ടിട്ടാണ് അവൾ കിണറ്റിൽ നിന്നും വെള്ളം കോരി തുടങ്ങിയത്…..

അവൾ വെള്ളം കോരുന്നത് കണ്ട് പിറകിൽ നിന്നു ചിരിക്കുന്ന വേണിയെ ശിവ കണ്ടിരുന്നില്ലെങ്കിലും മുകളിൽ നിന്ന് ആദി കാണുന്നുണ്ടായിരുന്നു….

അത് കൊണ്ട് തന്നെയാണ് അവൻ കറന്റിനെന്തു പറ്റിയെന്നു നോക്കാൻ വേണ്ടി മെയിൻ സ്വിച്ചിന്റെ അടുത്തേക്ക് പോയത്….

അവൻ അത് ഓൺ ആക്കിയതും കറന്റ്‌ വന്നു…. ഒപ്പം വെള്ളവും….

ആശ്വാസത്തിന്റെ നെടുവീർപ്പോടെ ശിവ അലക്കി തുടങ്ങി….

എന്നാലും ഇതെന്ത് സംഭവിച്ചുവെന്നറിയാതെ വേണിയാകെ സംശയത്തിലായി….

അവൾ വീണ്ടും മെയിൻ സ്വിച്ചിനടുത്തേക്ക് പോയപ്പോൾ അതാരോ ഓൺ ആക്കിയിരിക്കുന്നു….

അവൾ അതിലേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി….

അപ്പോഴാണ് അവളുടെ മുമ്പിൽ ആദി പ്രത്യക്ഷപ്പെട്ടത്……

അവൾക്കാകെ തല ചുറ്റുന്നത് പോലെ തോന്നി..

ആരോ നമ്മുടെ കറന്റിൽ കളിക്കുന്നുണ്ടല്ലേ ഏട്ടത്തീ…

ആദി അർത്ഥം വെച്ചത് പറയുമ്പോൾ വേണി നിന്നു പരുങ്ങി…..

എനിക്കറിയില്ല ആദീ ….. നല്ല തലവേദന …. ഞാനൊന്ന് കിടക്കട്ടെ…..
വേണി അതും പറഞ്ഞു അവിടെ നിന്നും ഉൾവലിയാൻ ശ്രമിച്ചു….

ബാക്കിയുള്ളോർക്ക് തല വേദന ആകാതിരുന്നാൽ കൊള്ളാം….

അവിടെ നിന്ന് രക്ഷപ്പെടുന്ന വേണിയോടായി ആദി വിളിച്ചു പറയുമ്പോൾ അവന്റെ മുഖത്ത് പോലും നോക്കാൻ അവൾ നിന്നിരുന്നില്ല…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഓഫീസിൽ നിന്നിറങ്ങാൻ നേരമാണ് ആദിയുടെ ഫോൺ റിങ് ചെയ്യുന്നത്….

ആദീ…. മോനെ സുഖമാണോ…

ശങ്കരനായിരുന്നു……

ഹാ… സുഗമായിരിക്കുന്നു…

എനിക്കൊരു പ്രധാനപ്പെട്ട കാര്യം നിന്നോട് സംസാരിക്കാനുണ്ട് ആദീ…. നിങ്ങൾ രണ്ട് പേരും നാളെ ഇവിടം വരെയൊന്ന് വരാമോ……

ആ…. അതിനെന്താ… വരാല്ലോ….

ശെരി മോനെ…..

ഫോൺ വെക്കുമ്പോഴും ആ പ്രാധാനപ്പെട്ട കാര്യം എന്താകുമെന്ന് അവൻ ആലോചിച്ചു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുറിയിലേക്ക് കയറുമ്പോൾ അലമാരയിലെ തുണികൾ മുഴുവൻ നിലത്തേക്ക് വലിച്ചിട്ടു അതോരോന്നും മടക്കി വെക്കുന്ന തിരക്കിലായിരുന്നു ശിവ…..

അവൻ വന്നു ഡ്രെസ്സെല്ലാം മാറ്റി ഫോണുമായി കട്ടിലിലേക്ക് ചാഞ്ഞു….

അപ്പോഴാണ് അവന് ശങ്കരൻ വിളിച്ച കാര്യം ഓർമ വരുന്നത്…..

അതേയ്….. നിന്റച്ഛൻ വിളിച്ചിരുന്നു….. ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ…….

അവൾ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഇരിക്കുന്നത് അവനെ ചൊടിപ്പിച്ചത് കൊണ്ടാണ് അവൻ പാതി വഴിയിൽ നിർത്തിയത്…..

ഹാ…. മനുഷ്യരുടെ കാര്യമല്ലേ….. വിധിയെ തടുക്കാൻ ആർക്കു കഴിയും…..

അവൻ പാതി നിർത്തിയിട്ടും അവളൊന്നും ചോദിക്കാത്തത് കണ്ടപ്പോഴാണ് അവൻ സങ്കടം അഭിനയിച്ചു കൊണ്ടത് പറഞ്ഞത്….

മടക്കി കൊണ്ടിരുന്ന തുണികൾ അവിടെ വെച്ച് അവൾ അവന് നേരെ തിരിഞ്ഞു…..

അവൻ കാണുന്നുണ്ടായിരുന്നെങ്കിലും അവളെ നോക്കിയില്ല…

ശിവയുടെ മനസ്സിൽ വേവലാതി തുടങ്ങിയിരുന്നു….

അച്ഛനെന്തിനാ വിളിച്ചത്….

അവൾ ചോദിക്കുമ്പോഴും അവനൊന്നും മിണ്ടിയില്ല….

അച്ഛനെന്തിനാ വിളിച്ചതെന്ന്….

അവളുടെ വാക്കുകൾക്ക് കനം കൂടുന്നത് അവനറിഞ്ഞിരുന്നു…..

അവൻ കേൾക്കാത്ത ഭാവത്തിൽ ഫോൺ എടുത്ത് വെച്ചു കിടന്നു…..

അവൾ അവനൊരത്തായി ഇരുന്നു…..

അച്ഛനെന്തിനാ വിളിച്ചത്…. പറ…..

വാക്കുകൾ പതിവിലും മാർഥവമേറിയതാകുകയായിരുന്നു…..

ഗ്യാസെന്ന് പറഞ്ഞു അച്ഛൻ തള്ളികളയാറുള്ള നെഞ്ച് വേദനയാണ് അവളുടെ മനസ്സിലുണ്ടായിരുന്നത്….

അവൻ വീണ്ടും കേൾക്കാത്ത മട്ടിൽ കണ്ണുകളടച്ചു കിടന്നു…..

കണ്ണടച്ച് കിടന്നതേ ഓര്മയുള്ളു….

ആ…….
കൈതണ്ടയിലെ നീറ്റൽ സഹിക്കാതെ അവൻ ഞെട്ടിയെഴുന്നേറ്റു….

താൻ കിടക്കുന്നതിന്റെ അരികിലായി അവളിരിക്കുന്നുണ്ടായിരുന്നു….. തന്നെ തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളിൽ ദേഷ്യമാണ്…

അവളുടെ കൂർത്ത നഖങ്ങളുടെ പാടുകളാണ് തന്റെ കൈതണ്ടയിൽ തെളിഞ്ഞു കണ്ടത്…..

തീരെ പ്രതീക്ഷിക്കാത്തൊരു നീക്കമായത് കൊണ്ട് തന്നെ നല്ലവണ്ണം വേദനിച്ചിരുന്നു……

എന്താടീ….. എന്താ നിനക്ക് വേണ്ടത്…..

അച്ഛനെന്തിനാ വിളിച്ചത്….

വീണ്ടും അതെ ചോദ്യം….

ഏത് അച്ഛൻ….
അവൻ അറിയാത്ത ഭാവത്തിൽ നിന്നു….

ഓ… നിന്റെ അച്ഛൻ….

അവൾ നാഖങ്ങളെ വീണ്ടും തന്നിലേക്ക് ചേർക്കുമ്പോഴാണ് അവനത് പറഞ്ഞത്….

അതിപ്പോ….
അവന്റെ വാക്കുകൾക്ക് അവൾ കാതോർത്തിരിക്കുകയായിരുന്നു……

കുറച്ചു ചൂട് വെള്ളം എടുത്തിട്ട് വാ…. എന്നിട്ട് പറയാം…..

അവൾക്ക് സഹികെട്ടിരുന്നു….

അവൾ ദേഷ്യത്തോടെ അവനെ തന്നെ നോക്കി….

ചൂട് വെള്ളം എടുത് വന്നിട്ട് പറയാടോ ….

വേണ്ട…. ഇത് പറഞ്ഞിട്ട് എടുത്തു തരാം…..

ആ കാര്യം പറയാൻ ആലോചിക്കുമ്പോൾ തന്നെ തൊണ്ട വരളുന്നത് പോലെ……

അവൻ വീണ്ടും ദുഃഖ ഭാവം നടിച്ചു…..

അവൾ ദേഷ്യപ്പെട്ടു കൊണ്ട് മുറി വിട്ടിറങ്ങി…..

അവൾ പോയതും അത്ര നേരം പിടിച്ചു വെച്ചിരുന്ന ചിരി മുഴുവൻ അവൻ ചിരിച്ചു തീർത്തു….

അവളുടെ നഖം തീർത്ത പാടുകൾ അപ്പോഴും മാഞ്ഞിട്ടുണ്ടായിരുന്നില്ല…..

അവൾ വെള്ളം എടുത്തു കൊണ്ട് വരുമ്പോഴാണ് വേണി വരുന്നത്…..

ഹാ…. ചൂട് വെള്ളമാണോ ശിവാ…. രാഹുലേട്ടൻ ചോദിച്ചതെ ഉള്ളൂ….. നീ ആദിക്ക് വേറെ എടുക്കില്ലേ….

ചോദിക്കുമ്പോഴേക്കും വേണി ശിവയുടെ കയ്യിൽ നിന്നു ഗ്ലാസ്‌ വാങ്ങിയിരുന്നു……

ഇല്ലാ…. ഞാൻ വേറെ എടുക്കുന്നില്ല….. നിങ്ങളെടുത്തോളൂ….

പറഞ്ഞു കൊണ്ട് അത് പോലെ ഗ്ലാസ്‌ വാങ്ങി അവൾ കോണിപ്പടികൾ കയറി തുടങ്ങി…..

വേണിക്ക് ദേഷ്യം വന്നു….

ചിലപ്പോൾ മിണ്ടാൻ വയ്യാത്ത പോലെ നിൽക്കും…
ചിലപ്പോൾ നൂറു നാവാണ് താനും…..

നീതുവിനെ അമ്മക്കിഷ്ടായിയെന്ന് പറഞ്ഞപ്പോൾ തന്നെ താനതിന് കൂട്ട് നിന്നത് പാവപ്പെട്ട വീട്ടിലെയല്ലേ ഭരിച്ചു നിർത്താമല്ലോ എന്നു കരുതി തന്നെയാണ്…

എന്നാലിതൊരു ഭ്രാന്തിയാ…. ആ നീതുവാണെങ്കിൽ അടങ്ങി ഒതുങ്ങി തന്റെ ചൊല്പടിക്ക് നിന്നേനെ….

അവൾ ദേഷ്യത്തോടെ ചുണ്ട് കോട്ടി…..

മുറിയിലെത്തി അവന് വെള്ളം കൊടുത്ത് കൊണ്ട് അവൻ കുടിക്കുന്നതും നോക്കി കണ്ണിമ വെട്ടാതെ അവളിരുന്നു…….

അവന്റെ വാക്കുകൾക്കായി അവൾ കാതോർത്തു….

അച്ഛനെന്തിനാ വിളിച്ചത്….

വെള്ളം കുടിച്ചു കഴിഞ്ഞും അവനൊന്നും മിണ്ടാത്തത് കണ്ടിട്ടാണ് അവൾ വീണ്ടും ചോദിച്ചത്….

അച്ഛൻ….. അച്ഛനൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നു പറഞ്ഞു…

എന്താണത്…….

എന്താണെന്ന് പറഞ്ഞില്ല…. നാളെ നമ്മളോടാങ്ങോട്ട് ചെല്ലാൻ പറഞ്ഞു. .. എന്നിട്ട് പറയാമെന്നു പറഞ്ഞു….

അവൻ ചിരിച്ചു കൊണ്ടത് പറയുമ്പോൾ ശിവക്ക് ദേഷ്യം വന്നിരുന്നു….

ഒന്നുമില്ലാത്ത കാര്യത്തിന് വേണ്ടിയാണ് തന്നെ ഇത്രയും വട്ട് പിടിപ്പിച്ചതെന്നോർത്തവൾക്ക് അരിശം കയറി….

അടുത്ത് കിടന്ന തലയിണ രണ്ടും അവന്റെ മുകളിലേക്കിട്ട് വീണ്ടും അവൾ തുണികൾ മടക്കി തുടങ്ങി….

അപ്പോഴും ഒരു കുഞ്ഞു പുഞ്ചിരിയോടെ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു ആദി….

ആരോടും പരിധി വിട്ട് പെരുമാറാത്ത താൻ അവനിലേക്ക് അടുക്കുന്നതെന്തെന്ന് അവൾക്കുമറിയുന്നില്ലായിരുന്നു….
മനസിന്റെ കോണിൽ ഒരു കുഞ്ഞു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു……

(തുടരും )