23/04/2026

ഭാഗ്യജാതകം : ഭാഗം 31

രചന – അയിഷ അക്ബർ

വസ്ത്രങ്ങളെല്ലാം മടക്കി വെക്കുമ്പോൾ അവന്റെ കൂടെ അവളുമുണ്ടായിരുന്നു……

തുണികളോരൊന്നും എടുത്ത് കൊടുക്കുമ്പോഴും അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ ആദി ശ്രദ്ധിച്ചിരുന്നു…..

അവളുടെ ഉള്ളിൽ എന്തെന്നറിയാത്ത ഒരു നീറ്റൽ സ്ഥാനം പിടിച്ചിരുന്നു….

അവൻ പോകുകയാണെന്നോർക്കും തോറും അവളെ തൊട്ട് അകലുകയാണെന്ന് മനസ് ഓർമിപ്പിച്ചു കൊണ്ടേയിരിക്കും പോലെ….

എന്താണ് മുഖതിനൊരു മങ്ങൽ…..
തല കുനിച്ചു കൊണ്ട് അവളുടെ മുഖത്ത് സൂക്ഷിച്ചു നോക്കും പോലെ നോക്കിയാണ് അവനത് ചോദിച്ചത്…..

അവൾ മിഴികളുയർത്തി അവനെ നോക്കി…

ആ മിഴികളിൽ അല തല്ലുന്ന നോവിനെയവൻ തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചിരുന്നു….

അവൻ അവളുടെ മിഴികളിൽ നോക്കി പതിയേ ഒന്ന് പുഞ്ചിരിച്ചു…

ഞാൻ പോകുകയാണല്ലോ എന്നോർത്തുള്ള സന്തോഷമായിരിക്കുമല്ലേ..

പറഞ്ഞു മുഴുവനാക്കും മുന്പേ അവൾ കൈകൾ കൊണ്ടവന്റെ വാ പൊത്തി….

അവൻ ഒരു വേള ആ പ്രവർത്തിയിൽ നിശ്ചലനായി…..
ഒട്ടും പ്രതീക്ഷിക്കാത്തൊരു പ്രവർത്തിയായതിന്റെ പകപ്പ് അവന്റെ മുഖത്ത് പ്രകടമായിരുന്നെങ്കിലും അവളുടെ മനസ് അവന്റെ വാക്കുകളിൽ മാത്രം കുരുങ്ങിക്കിടന്നിരുന്നു….

പോകുന്നതിലുള്ള സന്തോഷം എന്നത് അവളെ സംബന്ധിച്ച് ഏറ്റവും പ്രയാസമുള്ള ഒരു കാര്യമായിരുന്നു…..

അവൻ പോകുന്നതോടെ താനൊറ്റപ്പെട്ടു പോകുമെന്ന വേദന അവളെ കീഴ്പ്പെടുത്തി കൊണ്ടിരുന്ന നിമിഷങ്ങളായിരുന്നവ….

അവളുടെ മിഴികളിൽ മിന്നി മറയുന്ന ഭാവങ്ങളെ ഒപ്പിയെടുത്തു കൊണ്ടിരിക്കുമ്പോഴും അവൾ മറ്റെന്തോ ചിന്തയിലാണെന്ന് തോന്നിയപ്പോഴാണ് അവൻ പതിയേ അവളുടെ കൈകളെ എടുത്തത്….

അവന്റെ കൈകളുടെ ചൂട് അവളുടെ കൈകൾക്ക് മേൽ പടർന്നപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് വന്നത്…..

അവൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു…..

സംഭവിച്ചത് എന്താണെങ്കിലും പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിൽ നിന്നായിരുന്നു……

അവൾക്കവന്റെ മുഖത്ത് നോക്കാൻ വല്ലാത്തൊരു പ്രയാസം തോന്നി….

പിന്നീടൊരു വാക്കിനു നിൽക്കാതെ അവൾ വേഗം മുറി വിട്ടിറങ്ങി…..

അവൻ കട്ടിലിലേക്കിരുന്നു….

അവളുടെ കണ്ണുകളിൽ കാണുന്ന നോവിന്റെ കാരണം താൻ പോകുകയാണെന്ന താണെന്ന് വിശ്വസിക്കാൻ പോലും കഴിയാതെ……

മനസ്സിലുള്ളതിനെ തുറന്ന് പറയാതിടത്തോളം അവളെ താൻ എങ്ങനെ മനസ്സിലാക്കുമെന്നറിയാതെ അവൻ കുഴങ്ങി……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആദിക്ക് മുഖം കൊടുക്കാൻ കഴിയാതെ അടുക്കളയിലേക്ക് വന്നപ്പോൾ ഭക്ഷണം എടുത്ത് വെക്കുകയായിരുന്നു ജാനകി…..

പാത്രങ്ങളെല്ലാം അവളെടുത്തു വെക്കുമ്പോഴും മനസ്സ് അവനിൽ തന്നെ കുരുങ്ങി കിടന്നു…

അച്ഛനെ കഴിഞ്ഞാൽ തന്നോടെറ്റവും അടുത്തവൻ…..

മറ്റാരും തരാത്ത പരിഗണനയും സ്ഥാനവും നൽകിയവൻ…..

തന്നെ ചൂണ്ടി ഇവളേൻറെ മോളാണെന്ന് പറയാൻ അച്ഛന് ധൈര്യമുണ്ടായിരുന്നില്ല അന്നൊന്നും…. അതിന്റെ പേരിലും കൂടി ചെറിയമ്മ തന്നെ വഴക്ക് പറയുന്നത് കാണാൻ കഴിയാനിട്ടായിരിക്കും ഒരു പക്ഷെ…… എന്നാൽ അതേ ചെറിയമ്മയുടെ മുമ്പിൽ വെച്ച് എന്റെ ഭാര്യ എന്നാദ്യമായി ചേർത്ത് പറഞ്ഞവൻ….

അവനെ കുറിച്ചുള്ള ഓർമകൾക്ക് തന്റെ മനസ്സിൽ കനം കൂടിയത് കൊണ്ട് തന്നെ പാത്രങ്ങളെടുത്തു വെച്ചിട്ടും ചുമരിൽ ചാരി യവൾ നിന്നു….

രാഹുലും രഘുവുമെല്ലാം വന്നു മേശ മേലിരുന്നിട്ടും അവളതൊന്നും അറിഞ്ഞിരുന്നില്ല….

വരുന്നവരെല്ലാം തന്നെ അവളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവൾ മറ്റേതോ ലോകത്തായിരുന്നു….

ആദി വരുമ്പോഴും അവളതേ നിൽപ്പ് നിൽക്കുന്നത് കണ്ടാണ് കസേര അവൻ വലിയൊരു ശബ്ദത്തോടെ പിറകിലേക്ക് വലിച്ചത്….

അവൾ ഞെട്ടി അങ്ങോട്ട് നോക്കി…..
അപ്പോഴാണ് മേശ മേൽ നിരന്നിരിക്കുന്ന ഓരോരുത്തരെയും അവളുടെ കണ്ണുകൾക്ക് കാണാൻ കഴിഞ്ഞത്….

അവളൊരു ചമ്മലോടെ ഒരു കസേരയിലേക്കിരുന്നു ഭക്ഷണം കഴിച്ചു തുടങ്ങി….

കഴിക്കുന്ന ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങാത്തത് പോലെ തോന്നിയവൾക്ക്……

ആദി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവൻ അവളിലായിരുന്നു…..

പാത്രങ്ങളെല്ലാം കഴുകി വെച്ച് ശിവ മുറിയിലേക്ക് കയറുമ്പോഴും ആദി കിടന്നിട്ടില്ലായിരുന്നു…..

ജനലിന്റെ അഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കിയവളെ കാത്തെന്ന വണ്ണം അവൻ നിൽക്കുന്നുണ്ടായിരുന്നു….

അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ വല്ലാത്തൊരു ജാള്യത തോന്നി….

അവൾ കയ്യിൽ പിടിച്ചിരുന്ന ചൂട് വെള്ളം മേശ മേൽ വെച്ചു അവനെ ശ്രദ്ധിക്കാതെ വേഗം കിടക്കാൻ തയ്യാറെടുത്തു..

കുറച്ചു ചൂട് വെള്ളം എടുത്ത് തരാമോ…..

അവൾ അവനെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് ഒരു കുസൃതി ചിരിയോടെയാണ് അവളെ നോക്കിയവനത് പറഞ്ഞത്….

കിടക്കാൻ തുടങ്ങിയ അവൾ എഴുന്നേറ്റ് വന്നു ജഗ്ഗിലെ വെള്ളം ഗ്ലാസ്സിലേക്ക് പകർത്തി അവന് നീട്ടി..അപ്പോഴും അവൾ മുഖത്തേക്ക് നോക്കിയിരുന്നില്ല…..

പിന്നീടവനെന്തോ പറയാൻ തുടങ്ങിയതും അവൾ വേഗം പോയി കിടന്നു….

കയ്യിലുള്ള ചൂട് വെള്ളം അവിടെ തന്നെ വെച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് അവനും കിടന്നു…..

ഹാ….. നാളെയീ നേരം ഒറ്റക്കൊരു ബെഡിൽ സുഗമായി കിടന്നുറങ്ങാം….

അവളെ ചൊടിപ്പിക്കാനുള്ള അവന്റെ ശ്രമമായിരുന്നെങ്കിലും അവളൊന്നും മിണ്ടാതെ കിടന്നു…..
മനസ് വല്ലാത്തൊരു പിടി മുറുക്കത്തിന്റെ കീഴിലായിരുന്നു….

തനിക്ക് ചുറ്റും വലയം ചെയ്തൊരു സംരക്ഷണമാണ് നഷ്ടപ്പെടുന്നതെന്ന് അവളുടെ മനസ്സ് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു……

അവളൊന്നും മിണ്ടാത്തത് കൊണ്ട് തന്നെ ഒന്നും ചോദിക്കാനോ പറയാനോ അവന് കഴിഞ്ഞില്ല……..

ഞൊടിയിടയിലുള്ള അവളുടെ ഭാവ മാറ്റങ്ങളെ അറിയാവുന്നതു കൊണ്ട് തന്നെ അവൻ കണ്ണുകളടച്ചു കിടന്നു…..

അതി രാവിലെ എഴുന്നേറ്റവൻ ലൈറ്റിട്ടപ്പോഴേക്കും അവളും ചാടിയേണീറ്റു…..

അവൻ സംശയ ഭാവത്തിൽ അവളെയൊന്ന് നോക്കി….
പിന്നെ പുഞ്ചിരിച്ചു…..

ഹാങ്കറിൽ കൊളുത്തി വെച്ച ടവലെടുത്തു അവൻ ബാത്റൂമിലേക്ക് കയറി….

കുളിയെല്ലാം കഴിഞ്ഞവൻ പുറത്തിറങ്ങിയപ്പോഴേക്കും ആവി പറക്കുന്ന ചായയുമായി അവളെത്തിയിരുന്നു….

അപ്പോഴും കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് അതേ വിഷാദം തന്നെയായിരുന്നു….

നല്ല ചായ….. ഇനിയിപ്പോ ഈ ചായ കുടിക്കാൻ കാത്തിരിക്കണമല്ലോ….

അവൻ ചെറു ചിരിയോടെയത് പറഞ്ഞപ്പോൾ അവൾക്ക് ഹൃദയം ഒന്നാകേ പിളരുന്നത് പോലെ തോന്നി……

ഞാൻ…. ഞാനും കൂടി വന്നോട്ടെ കൂടെ…..

വാക്കുകൾക്ക് നന്നേ വിറയലുണ്ടായിരുന്നുവെങ്കിലും അവയിൽ കലർന്ന നോവിനെ ആദി തിരിച്ചറിയുന്നുണ്ടായിരുന്നു…

കാതിനെ വിശ്വസിക്കാൻ കഴിയാതെ ആ ചായ ഗ്ലാസ്‌ കയ്യിൽ പിടിച്ചു അൽപ നേരം ആദി അതേ നിൽപ്പ് തുടർന്നു…..

അപ്പോഴും അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന വേദന അവന് ആനന്ദം പകരുന്നതായിരുന്നു…..

അവൻ അവളെ തന്നെ നോക്കി നിന്നു….
അവൾ പതിയേ മിഴികൾ താഴെക്കൂന്നി……

ചോദിച്ചത് പെട്ടെന്നുള്ള ഉൾപ്രേരണയിൽ നിന്നും വേദനയിൽ നിന്നും ആയത് കൊണ്ട് തന്നെ ഓർമകളിൽ നിന്ന് മോചിതയായപ്പോഴാണ് അവളറിഞ്ഞത്….

അവൾക്കവന്റെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ല….

അവൾ മുറി വിട്ടിറങ്ങി തുടങ്ങിയതും കൈകളിൽ ഒരു പിടുത്തം വീണിരുന്നു…

അവൾക്ക് തിരിയാൻ തോന്നിയില്ല…..

അവൾ തിരിയുന്നില്ലെന്ന് കണ്ടത് കൊണ്ട് തന്നെ അവനാ കൈകളിൽ പിടിച്ചവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു….. അവന്റെ നെഞ്ചോരം അവന്റെ ശ്വാസത്തിനു കീഴെ നിൽക്കുമ്പോൾ അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നിയിരുന്നു….

ഇന്നലെ മുതൽ നിന്റെ കണ്ണുകളിൽ കണ്ട നോവിനെ കാണാനിട്ടല്ല…..

ഈ ഹൃദയം പിടക്കുന്നത് കേൾക്കാനിട്ടല്ല…..

കൂടെ വരുമോയെന്ന് ചോദിക്കാതിരുന്നത്……

അവൾ മിഴികളുയർത്തി അവനെ നോക്കി…..

അവിടെ ചില പ്രശ്നങ്ങളൊക്കെ ഉണ്ട് …. ഇപ്പൊ നിന്നെ കൊണ്ട് പോയാൽ ശെരിയാവില്ല…. അത് കൊണ്ടാണ്…

അവളൊന്നും മിണ്ടിയില്ല…. പെട്ടെന്നുള്ള ആ ചോദ്യം ചോദിക്കാൻ തോന്നിയ നേരത്തെ അവൾ ശപിച്ചു..

ആ ചോദ്യം തന്നോട് ചോദിക്കുമ്പോഴുള്ള ഭാവങ്ങളല്ല ഇപ്പൊ അവളുടെ മിഴികളില്ലെന്ന് ആദി പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..

എത്ര പെട്ടന്നാണ് അവളിലെ ഭാവങ്ങൾ മാറി മറിയുന്നതെന്ന് കൗതുകത്തോടെ ആദി ചിന്തിച്ചു…..

കഴിഞ്ഞ തവണ താൻ പോകുമ്പോൾ ആ കണ്ണുകളിൽ വേദനയുടെ ലാഞ്ചന ഇല്ലാത്തത് തന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു…

എന്നാലിന്ന് തനിക്കറിയാം ആ ഹൃദയത്തിലേ വേദന…

അതൊരിക്കലും ഒരു പ്രണയത്തിൽ നിന്നുത്ഭവിച്ചതല്ല…. ഈയിടെയായി തങ്ങൾക്കിടയിൽ മുളച്ചു പൊന്തിയ ഒരു കുഞ്ഞു സൗഹൃദത്തിന്റെ ഭാഗമായി കണക്കാക്കാനേ അവന് കഴിഞ്ഞുള്ളു…..

ആരോടും മനസ്സ് തുറന്നടുക്കാത്ത അവൾ കുറച്ചെങ്കിലും അടുത്തത് തന്നോട് മാത്രമായിരിക്കും… ആ ഒരു സൗഹൃദ വലയം കൂടി നഷ്ടപ്പെടുമെന്ന തോന്നലാവാം……

അവനവളെ തന്നെ നോക്കി…..

അപ്പോഴും അവളുടെ കൈകളെ അവൻ വീട്ടിട്ടുണ്ടായിരുന്നില്ല……

കഴിഞ്ഞ തവണത്തെ പോലെയല്ല…. ഇനി ഞാൻ വേഗം വരും….. വരുന്നതില് ചെറിയൊരു അർത്ഥമൊക്കെ ആയി തുടങ്ങിയല്ലോ….. കാത്തിരിക്കാൻ ആളുമായി……

അവളുടെ മിഴികളിൽ നോക്കിയത്രയും പറഞ്ഞ അതേ ചിരിയോടെ കയ്യിൽ പിടിച്ച ചായ ഗ്ലാസ്‌ ചുണ്ടോടു ചേർത്തവൻ….

അവൾ മറ്റു കൈ കൊണ്ട് അവന്റെ പിടുത്തത്തെ വേർപ്പെടുത്തി…..
അവന്റെ മുഖത്ത് നോക്കാൻ വല്ലാത്തൊരു പ്രയാസം അവൾക്ക് തോന്നി…..

അവളുടെ കണ്ണുകളിലെ ആ പഴയ കാമുകിയെ അവൻ കണ്ടെത്തുമോയെന്ന ഭയമായിരുന്നവൾക്ക്……

പോട്ടെയെന്നവൻ യാത്ര പറഞ്ഞത് മിഴികൾ കൊണ്ടായിരുന്നു….

അവൾ തല കുലുക്കി…..

പടി കടന്നവൻ പോകുമ്പോൾ കണ്ണിമ വെട്ടാതെയവൾ നോക്കി നിന്നിരുന്നു…..

അവൻ പോയി കഴിഞ്ഞതും അവൾക്കൊന്ന് ഉറക്കെ കരയാൻ തോന്നി….

പണ്ട് അവൻ കോളേജ് നിർത്തി പോയയെന്ന് അശ്വതി ചേച്ചി പറയുമ്പോൾ തോന്നിയ പോലെ…….

ഓരോ തവണ അവൻ തന്നിൽ നിന്നകലുമ്പോഴും അത് പോലെ തിരിച്ചു വരാതിരിക്കുമോയെന്ന് താൻ ഭയക്കുന്നു……

ഓർക്കും തോറും ഹൃദയം നീറി പുകഞ്ഞു കൊണ്ടിരുന്നു…..

(തുടരും )