09/05/2026

ഭാഗ്യജാതകം : ഭാഗം 43

രചന – അയിഷ അക്ബർ

ഞാൻ…. ഞാൻ കാരണം ഇനിയും…..
വിതുമ്പുന്ന വാക്കുകൾ പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞില്ല…..
തലയുയർത്തി അവളവനെ നോക്കി…..

എനിക്കുള്ള നഷ്ടങ്ങളും നേട്ടങ്ങളും എന്റേത് മാത്രമല്ല….. അത് നിന്റേത് കൂടിയാണ്……
നമ്മുടെ പ്രതിസന്ധികളെ മറി കടക്കേണ്ടത് നമ്മളാണ്….
അതിനെനിക്ക് വേണ്ടത് ആ പഴയ ശിവയെയാണ്…..

അവനത് പറയുമ്പോഴും അവളുടെ മിഴികൾ നിറഞ്ഞിരുന്നു…..

അവനവളെ ഒന്ന് കൂടി മുറുകെ പിടിച്ചു……
ചുറ്റും പലരും അവരെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും പരിസരമെന്തെന്ന് അവർ മറന്ന് പോയിരുന്നു……

തിരിച് കാറിലേക്ക് കയറുമ്പോൾ അവളും കൂടെ കയറിയെങ്കിലും മുഖത്തൊരു പരിഭ്രമം നിറയുന്നത് അവനറിഞ്ഞിരുന്നു…..

വിറച്ചു കൊണ്ടിരുന്ന നീളൻ കൈകളിൽ അവൻ മുറുകെ പിടിച്ചു…..
കൂടെ ഞാനുണ്ടെന്ന് പറയാതെ പറയും പോൽ….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തിരിച് വീട്ടിലെത്തിയപ്പോൾ ഉമ്മറത്തു തന്നെ എല്ലാവരുമുണ്ടായിരുന്നു….

എന്താ മോളേയിത്….. പേടിപ്പിച്ചു കളഞ്ഞല്ലോ…

രഘു അത് പറയുമ്പോഴും ജാനകി മുഖം കനപ്പിച്ചു തന്നെ നിന്നു…..

ശിവയോടൊപ്പം അകത്തേക്ക്‌ കയറിപ്പോകുന്ന ആദിയെ നോക്കി ജാനകി പല്ലിറുമ്മി…

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ശിവക്ക് കാണാൻ കഴിഞ്ഞത് മറ്റൊരു ജാനകിയെയായിരുന്നു….

ആദ്യം തന്നോട് മാത്രം മിണ്ടാതിരിക്കുന്നതാണ് അസ്സഹനീയമായിരുന്നതെ ങ്കിൽ ഇപ്പോൾ എന്തിനും ഏതിനും തന്നെ മാത്രം പഴി ചാരി ആനന്ദം കണ്ടെത്തുന്ന ഒരു ക്രൂരയായ അമ്മായിയമ്മയുടെ ചിത്രം ശിവയിൽ ഭയമുണർത്തി…

ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്ന് മനസ്സിലുറപ്പിക്കുമ്പോഴും താൻ കാരണമാണോ ഇതെല്ലാം സംഭവിച്ചതെന്ന വേദന ഉള്ളിൽ നിറയുന്നു…..

താൻ കാരണം ആധിയേട്ടനെന്തെങ്കിലും സംഭവിച്ചാൽ അത് തനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും…..

എല്ലാത്തിനും കുറ്റക്കാരിയായി തന്നെ കണക്കാക്കുമ്പോഴും എല്ലാം കേട്ട് നിൽക്കാൻ തന്നെ പ്രേരിപ്പിക്കുന്നതും അത് തന്നെയാണ്..

അതും നശിപ്പിച്ചോ….. എല്ലാം നശിപ്പിക്കാൻ വേണ്ടിയല്ലേ നിന്നെയിങ്ങോട്ട് കെട്ടിയെടുത്തത്…..

ശിവയുടെ കയ്യിൽ നിന്നും വീണുടഞ്ഞ ചില്ല് പാത്രത്തിലേക്ക് നോക്കി ജാനകിയലറുമ്പോൾ തിരിച്ചോന്നും പറയാതെ നിർവികാരയായി നിൽക്കുന്ന ശിവയെ കാൺകെ ആദിയുടെ നെഞ്ചോന്ന് പിടഞ്ഞു….

താനതീലിടപ്പെട്ടാൽ അതിനും കൂടി ചേർത്ത് അമ്മയവളെ ശകാരിക്കുമെന്ന ചിന്ത അവന്റെ കാലുകളെ പിടിച്ചു നിർത്തി……

അവളുടെ കണ്ണുകളിൽ സദാ നിരാശ നിഴലിച്ചു കണ്ടു…..
ഉറക്കമില്ലാത്ത രാത്രികളാവാം അവളുടെ കൺപോളകൾക്ക് വീക്കം സമ്മാനിച്ചത്…..

ആദി ഫോണെടുത്തു ആരോടെങ്കിലും സംസാരിക്കുകയാണെങ്കിൽ അത് കഴിയും വരെ അവളെടുത്തുണ്ടാവും…..

ആ കണ്ണുകളിലെ പ്രതീക്ഷ അവന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു….

പ്രശ്നങ്ങളെല്ലാം തീർന്ന് കമ്പനി തുറക്കാം എന്ന വാക്കുകൾക്ക് പകരം ഒക്കെ ശെരിയാവുമെടോ എന്നവൻ അവളെ ആശ്വസിപ്പിക്കാൻ പറയുമ്പോൾ ആ കണ്ണുകളിൽ വീണുടഞ്ഞ ചില്ലുകൾ അവനിൽ
മുറിപ്പാടുകൾ തീർത്തു….

ഇപ്പൊ ആദി ജോലിക്കൊന്നും പോവാത്തത് കൊണ്ട് സാധനങ്ങളെല്ലാം കൊണ്ട് വരാൻ രാഹുലേട്ടൻ മാത്രമല്ലേയുള്ളു……

ഭക്ഷണം വിളമ്പുന്ന ശിവക്കരികിലായി നിന്ന് വേണി ഫോൺ ചെവിയോട് ചേർത്തത് പറയുമ്പോൾ അത് ശിവയോടാണെന്ന് മനസ്സിലായത് കൊണ്ടാണ് ഭക്ഷണം അവൾ തിരിച്ചാ പാത്രത്തിലേക്ക് തന്നെ കൊട്ടിയത്…

ആദി വീട്ടു ചിലവിനൊന്നും കൊടുക്കുന്നില്ലെന്ന പരാതി ഇതിനോടകം പലവട്ടം രാഹുലേട്ടൻ സൂചിപ്പിക്കുകയും ചെയ്തതാണ്…..

അവൾ മുറിയുടെ വാതിലടച്ചു മിണ്ടാതെ പോയി കിടന്നു…..

അല്ലെങ്കിലും ഒരു നേരം പട്ടിണി കിടന്നെന്നു വെച്ച് തളരുന്നവളല്ല ശിവ…

അവൾ പതിയേ നിദ്രയിലേക്കാണ്ട് പോയി….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഈ സ്വർണങ്ങളൊക്കെ വെച്ച് പുതിയതെന്തെങ്കിലും തുടങ്ങാൻ നോക്കിക്കൂടെ…

കയ്യിലുള്ള തന്റെ സ്വർണങ്ങളെല്ലാം അവന് നേരെ നീട്ടി അവളത് പറയുമ്പോൾ അവനൊന്നു നെടു വീർപ്പിട്ടു….

കമ്പനിയുടെ മേലുള്ള കേസ് നടക്കുകയല്ലേ…. കേസ് നടത്താൻ തന്നെ ഇത് തികയില്ല ശിവാ….

അവളുടെ മുഖത്തു നിരാശ പടർന്നു…..

സാരമില്ലെഡോ….. കേസ് നമ്മൾ ജയിച്ചാൽ പിന്നേ പേടിക്കേണ്ട….. പക്ഷെ ജയിക്കണം…..

പ്രതീക്ഷയില്ലാത്ത അവന്റെ വാക്കുകൾ അവളെ തളർത്തി….

അതിനും ഒത്തിരി സമയമെടുക്കില്ലേ…. അത് വരെ എന്ത് ചെയ്യും….

അവളുടെ ആശങ്ക അവനുമായി പങ്കു വെക്കുമ്പോഴും അവന്റെ മനസ്സിലും ഇനിയെന്തെന്ന ചോദ്യം വേട്ടയാടുകയായിരുന്നു….

അച്ഛന്റെ കൂടെ എന്തായാലും ഇല്ലാ…. അച്ഛന്റെ ബിസ്സിനെസ്സ് നോക്കി നടത്താൻ താല്പര്യമില്ലെന്ന് പറഞ്ഞു തുടങ്ങിയതാണിത്…..
അത് കൊണ്ട്…….
ശെരിയാവുമെടോ…. നാട്ടിൽ വേറെയും ഒരുപാട് ജോലികളുണ്ടല്ലോ…..

പറയുമ്പോൾ അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു….

ശിവയുടെ തേങ്ങൽ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു…..
താൻ കാരണമാണോ ആ കണ്ണിലെ നോവെന്ന ചിന്ത അവളെ വരിഞ്ഞു മുറുക്കി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇതിനിടയിൽ വേണി ഗർഭിണിയാണെന്ന വാർത്ത എല്ലാവരെയും സന്തോഷത്തിലാക്കി…..

ജാനകി അവളെ കൂടുതൽ കൂടുതൽ പരിചരിച്ചു….

എല്ലാ സ്നേഹവും ജാനകി അവൾക്കായി നൽകുമ്പോൾ കട്ടിലിൽ നിന്നിറങ്ങാൻ വേണിയും കൂട്ടാക്കിയില്ല…..

ഇതിനിടയിൽ ശിവ ശെരിക്കും ആ വീട്ടിലെ അടുക്കളക്കാരിയായി മാറുകയായിരുന്നു…..

കണ്ണിനു നേരെ അവളെ കാണുമ്പോഴേക്കും ജാനകിക്ക് ദേഷ്യമായിരുന്നു…..

ഈ അവസരം മുതലെടുത്തെന്ന വണ്ണം വേണി ശിവയെ തന്റെ ജോലിക്കാരിയായി തന്നെ കണക്കാക്കി……

കൈ കഴുകാൻ വെള്ളത്തിനു പോലും അവൾ ശിവയെ വിളിച്ചു…

എത്ര നേരമായി കുറച് ചൂട് വെള്ളം കൊണ്ട് വരാൻ പറഞ്ഞിട്ട്… നീയിതെവിടെ പോയി കിടക്കുവാരുന്നു…..

ഒരു യജമാനന്റെ സ്വരത്തിൽ വേണിയത് പറയുമ്പോൾ ജാനകി അവളെ തീർത്തും വേലക്കാരിയായി കണക്കാക്കുന്നു എന്നുള്ള ധൈര്യത്തിൽ തന്നെയായിരുന്നു….

എന്നാൽ അത്രയും പറഞ്ഞു ചൂട് വെള്ളത്തിനായി വേണി കൈ നീട്ടുമ്പോൾ ശിവ ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടാതെ അതും പിടിച്ചു നിന്നു…..

വേണിയെ അവൾ തുറിച്ചു നോക്കി നിന്നു..

വിടർന്ന മിഴികൾ ഒന്ന് കൂടി ഉരുട്ടി ശിവ നോക്കുമ്പോൾ വേണിയൊന്ന് പേടിച്ചിരുന്നു….

അവളുടെ സ്വഭാവം വെച്ച് കയ്യിലുള്ള ചൂട് വെള്ളം മുഖത്തേക്കോഴിക്കാനും പ്രയാസമില്ലെന്നു അറിയുന്നത് കൊണ്ട് തന്നെ വേണിയൊന്ന് പരുങ്ങി…..

അപ്പോഴും ശിവ അവളെ തുറിച്ചു നോക്കി കൊണ്ടിരുന്നു…..

വെള്ളം കുടിക്കാൻ ദാഹിച്ചത് കൊണ്ടാ ശിവാ…
വേണി ചിരി വരുത്തിയത് പറഞ്ഞു കൊണ്ട് ശിവയുടെ കയ്യിൽ നിന്ന് വെള്ളം പിടിച്ചു വാങ്ങി….

കുറച്ചു നേരം കൂടി അവളെ നോക്കി നിന്ന ശേഷം ശിവയും ആ മുറി വിട്ടിറങ്ങി……

അവൾ പോയപ്പോഴാണ് വേണിക്ക് ആശ്വാസമായത്…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വേണിയേട്ടത്തി ഗർഭിണിയാണെന്നറിഞ്ഞത് മുതൽ അമ്മ അവളെ താഴത്തും തലയിലും വെക്കുന്നില്ല അല്ലെ….

ആദി കട്ടിലിരിക്കുമ്പോഴാണ് അലമാരയിലേക്ക് തുണികൾ മടക്കി വെക്കുന്ന ശിവയോടത് പറഞ്ഞത്…..

അവളൊന്നും മിണ്ടിയില്ല….

നീയും ഗർഭിണിയായാൽ അമ്മക്ക് നിന്നോടുള്ള ദേഷ്യവും കുറയുമായിരിക്കും അല്ലെ ശിവാ……

അവളൊന്നും മിണ്ടിയില്ല…. എങ്കിലും പെട്ടെന്നുള്ള ഞെട്ടൽ അവളുടെ മുഖത്ത് നിന്നും അവന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു…..

അവൻ എഴുന്നേറ്റ് അവൾക്കടുത്തേക്ക് നടക്കുമ്പോഴും മുഖത്തൊരു കുസൃതി ചിരിയുണ്ടായിരുന്നു…..

നമുക്കും ഒന്ന് ശ്രമിച്ചു നോക്കിയാലോ….

അവൾക്ക് പിറകിലായി നിന്നു കൊണ്ടവനത് പറയുമ്പോൾ അവളുടെ ശ്വാസം വേഗത്തിലാവാൻ തുടങ്ങി…..

ഹൃദയമിടിക്കുന്ന ശബ്ദം പോലും അവന് പുറത്തേക്ക് കേൾക്കാൻ കഴിയുമോയെന്നവൾ ഭയപ്പെട്ടു……

കൈകൾ വിറച്ചു തുടങ്ങി…

ഞാൻ ചുമ്മാ പറഞ്ഞതാ….
വിറക്കുന്ന കൈകൾ പിടിച്ചവൻ പൊട്ടിച്ചിരിച്ചു….

അപ്പോഴും അവൾക്കവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞിരുന്നില്ല….

അവനാ മുറി വിട്ട് പോയതിനു ശേഷമാണ് അവളൊന്നു ശ്വാസം നേരെയെടുത്തത്…..
അവൾ കട്ടിലിലേക്കിരുന്നു….

അവൻ പോയിയെന്നുറപ്പായതും അവളുടെ ചുണ്ടിലൊരു ചിരിയൂറിയിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവള് കാരണം ആദിയുടെ എല്ലാം പോയി…. എനിക്കതല്ല പേടി…… അവള് കാരണം നമുടെ കുഞ്ഞിനും കൂടി എന്തെങ്കിലും സംഭവിക്കുമോയെന്നാണ്
…..

ഉണക്കാനിട്ടിരുന്ന തുണികൾ മുകളിൽ നിന്നെടുത് വരുന്ന ശിവയുടെ കാലുകൾ വേണിയുടെ ശബ്ദത്താൽ നിശ്ചലമായി…..

എനിക്കും ആ ഭയമില്ലാതില്ല….

രാഹുലും ഏറ്റു പറഞ്ഞതോടു കൂടി ശിവക്ക് കണ്ണിൽ ഇരുട്ട് കയറ് പോലെ തോന്നി….

വിതുമ്പുന്ന ചുണ്ടുകളെ കൂട്ടിപ്പിടിച്ചവൾ നോക്കിയത് ആദിയുടെ മുഖത്തേക്കായിരുന്നു…..

അവനും എല്ലാം കേട്ടുവെന്നത് അവന്റെ ദയനീയമായ ഭാവത്തിൽ നിന്നും വ്യക്തമായിരുന്നു….

അടരാൻ വെമ്പി നിൽക്കുന്ന കണ്ണ് നീരിനെ മറച്ചു പിടിച്ചു കൊണ്ടവളവിടെ നിന്നും നടന്നകലുമ്പോൾ നുറുങ്ങുന്നത് അവന്റെ ഹൃദയമായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്തായി മോനെ പോയ കാര്യം..

കേസിന്റെ കാര്യത്തിനായി ആരെയോ കണ്ട് വന്ന ആദിയോടായിരുന്നു രഘുവിന്റെ ആ ചോദ്യം….

രാവിലെ മുതൽ ഓടി നടന്ന അലച്ചിലിൽ അവനാകെ ക്ഷീണിച്ചിരുന്നു….

അവൻ പതിയേ മരത്തിന്റെ ചാരു കസേരയിലേക്ക് ചാഞ്ഞു…

അതൊന്നും ആയില്ല അച്ഛാ… ശെരിയാകുമായിരിക്കും…

അവനത് പറയുമ്പോൾ ജാനാകിക്ക് ദേഷ്യം വന്നു….

എങ്ങനെ ശെരിയാവാനാ…. ഇവളൊരുത്തി ഇവിടെ ഉള്ളിടത്തോളം ഒന്നും ശെരിയാവില്ല…..

ആദിയുടെ ക്ഷീണം കണ്ട് വെള്ളം കൊണ്ടവനരികിലേക്കായി വന്ന ശിവയുടെ നേർക്ക് നിന്ന് ജാനകിയത് പറയുമ്പോൾ ശിവ ഞെട്ടി….

പ്രസവത്തിലെ തള്ള മരിച്ചു….
വളരും തോറും എല്ലാം മുടിപ്പിച്ചു കളഞ്ഞു….
ഇപ്പൊ ഇതാ എന്റെ മോന്റെയും…..
വെറുതെയല്ല ആരും കെട്ടിക്കൊണ്ട് പോവാതെ നിന്നിരുന്നത്…..

ജാനകി അപ്പോഴേക്കും കത്തി കയറി തുടങ്ങിയിരുന്നു…..

ശിവ ഒന്നും മി ണ്ടാതെ അതേ നിൽപ്പ് തുടർന്നു..

ഗ്ലാസ്‌ നിലത്തു വീണുടഞ്ഞു ചില്ലുകൾ നാല് പാടും ചിതറുന്ന ശബ്ദം കേട്ടാണ് ജാനകിയുടെ ശബ്ദം പെട്ടെന്ന് നിലച്ചത്…..

കയ്യിലുള്ള ഗ്ലാസ്‌ വലിച്ചെറിഞ്ഞതോടൊപ്പം ആദിയുടെ കണ്ണുകളിലെ അഗ്നി ഇത് വരെ കാണാത്ത വിധം ആളി കത്തുന്നത് ജാനകിയടക്കം എല്ലാവരിലും ഒരു ഭയം നിറച്ചു……

(തുടരും )