17/04/2026

ഭാഗ്യജാതകം : ഭാഗം 27

രചന – അയിഷ അക്ബർ

സാരി കൊണ്ട് കൈകൾ മറക്കാൻഅവൾ ശ്രമിച്ചിരുന്നു……

ആദിയുടെ ശ്രദ്ധ തന്നിൽ പതിയാതിരിക്കാൻ തക്ക വണ്ണം അവന് പിറകിലായാണ് അവൾ നടന്നത്……

അത് കൊണ്ട് തന്നെ പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നും ആദി കണ്ടിരുന്നില്ല…..

അവൾ കാറിൽ കയറി പോകുന്നതും നോക്കി ജനലിനോരത്തായി ലക്ഷ്മിയും നീതുവും നിന്നിരുന്നു……

ഇന്നവിടെ എന്തെങ്കിലുമൊക്കെ നടക്കും…….

അവരുടെ ചുണ്ടിൽ വിരിഞ്ഞത് പുച്ഛത്തിന്റെ ചിരിയായിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇത് വരെ കാണാത്ത ഒരു തരം പരിഭ്രമം ശിവയിൽ ആദി കണ്ടെങ്കിലും എന്തെന്ന് ചോദിച്ചിട്ട് കാര്യമില്ലെന്നറിയുന്നത് കൊണ്ട് തന്നെയാണ് അവനാ ചോദ്യത്തെ പാടേ വിഴുങ്ങിയത്…..

വീട്ടിലെത്തും തോറും ശിവക്ക് നെഞ്ചിടിപ്പ് കൂടുന്നതായി തോന്നി…

ജാനകി പ്രത്യേകം പറഞ്ഞത് കൊണ്ടാണ് ശിവ അതെല്ലാം എടുത്തണിഞ്ഞത്…..
അത് കൊണ്ട് തന്നെ അതെല്ലാം ഇട്ട് കൊണ്ടാണ് ഇവിടെ വീട്ടിൽ നിന്ന് പോയതെന്ന് എല്ലാവർക്കും അറിയുന്നതാണ്…..

ഓർക്കും തോറും അവൾക്കാകെ തല ചുറ്റുന്നത് പോലെ തോന്നി..

വീട്ടിലെത്തി അവളിറങ്ങുമ്പോഴും ഉമ്മറത്തു ആരുമില്ലാത്തത് അവൾക്കൊരാശ്വാസം നൽകിയിരുന്നു…..

എന്നാൽ അകത്തേക്ക് കയറിയതും അവിടെ ഇരിക്കുന്നവരെ കണ്ട് ശിവക്ക് ശരീരം തളരുന്നതായി തോന്നി….

രഘുവും ജാനകിയും ഇരിക്കുന്നതിന്റെ കൂടെ രാഹുലും ഉണ്ടായിരുന്നു…..

നിന്റെ ആഭരണങ്ങളൊക്കെ എവിടെ…..

ആദിയുടെ പിറകിലേക്ക് നീങ്ങി നിന്ന് പെട്ടെന്ന് അകത്തേക്ക് കയറി പ്പോവാൻ തുടങ്ങിയതും ജാനകിയുടെ ശബ്ദം അവളുടെ കാലുകളെ പിടിച്ചു നിർത്തിയിരുന്നു…..

സാധാരണ തന്നോടുള്ള ഒരു ചോദ്യവും നേരിട്ട് ചോദിക്കാത്ത ആൾ ഇന്നത് നേരിട്ട് ചോദിച്ചെങ്കിൽ പെട്ടെന്നുള്ള ഒരു ഞെട്ടലിൽ നിന്ന് തന്നെയാവുമെന്നവളൂഹിച്ചു……
ആ കാര്യത്തിന്റെ ഗൗരവവും അതിലൂടെ അവളിലേക്ക് വിരൽ ചൂണ്ടി……

ജാനകി അത് ചോദിച്ചപ്പോഴാണ് ആദിയടക്കം എല്ലാവരും അവളിലേക്ക് നോക്കുന്നത്…..

അത് ശെരിയാണല്ലോ…. നല്ല സുന്ദരിയായി ആഭരണങ്ങളൊക്കെ ഇട്ട് പോയതല്ലേ….. എന്തെ… അഴിച്ചു വെച്ചോ…..

രഘുവത് ചോദിക്കുമ്പോൾ നുണ പറയാനവൾക്ക് തോന്നിയില്ല….
ഇനിയതൊന്നും തന്നിലേക്ക് വന്നു ചേരില്ലയെന്നുള്ളത് കൊണ്ട് തന്നെ ഇനിയും താനതിന്റെ പേരിൽ നുണ മെനയേണ്ടി വരും…..

അത് കൊണ്ട് എല്ലാവരും ഇപ്പൊ തന്നെ അറിയുന്നതാണ് നല്ലതെന്ന് അവൾക്കും തോന്നി…..

അവളൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് എല്ലാവരും അവളിലേക്ക് നോക്കി……

ശിവാ….
ആദി ദേഷ്യതോടെ വിളിച്ചതും ഒന്നും മിണ്ടാതെ അവളകത്തേക്ക് കയറിപ്പോയി…..

ആദിക്ക് ദേഷ്യം കൊണ്ട് നിൽപ്പുറക്കുന്നില്ലായിരുന്നു….

അവന്റെ ദേഷ്യം മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞതിനാലാവണം രഘു ആ കാര്യത്തിൽ നിന്നും ഉൾവലിഞ്ഞെന്ന മട്ടിൽ അടുത്തിരുന്ന പേപ്പറെടുത്തു വായിച്ചു തുടങ്ങിയത്…

ആദി ദേഷ്യത്തിൽ മുറിയിലേക്ക് പോയി….

പാതി ചാരിയ വാതിൽ ശക്തിയിൽ തുറന്നു….

കട്ടിലിൽ ദൂരത്തേക്ക് മിഴികൾ പായിച്ചിരുന്ന അവൾ വാതിൽ തുറന്നതും അവനിലേക് നോക്കി….

അങ്ങനൊരു വരവ് അവൾ പ്രതീക്ഷിച്ചിരുന്നത് കൊണ്ടായിരിക്കാം അവളിലൊരു ഞെട്ടൽ സ്ഥാനം പിടിക്കാത്തിരുന്നത്…..

നിനക്ക് വായിൽ നാവില്ലെടീ…….

വാതിൽ കാലു കൊണ്ട് ശക്തിയായി അടച്ചു അവളുടെ കൈകളിൽ കയറി പിടിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവനിലെ മുഴുവൻ ദേഷ്യവും മുഖത്ത് പ്രകടമായിരുന്നു…..

അവരുടെയെല്ലാം മുമ്പിൽ അപമാനിതമായതിന്റെ സങ്കടവും കൂടി അവന്റെ മിഴികളിൽ അവൾക്ക് തെളിഞ്ഞപ്പോൾ അവന്റെ കണ്ണുകളെ നേരിടാൻ വല്ലാത്ത പ്രയാസം തോന്നി…..

പറയെടീ….. ആ ആഭരണങ്ങൾ എന്ത് ചെയ്തു എന്നു നീ പറയണം….. എന്നോട് മാത്രമല്ല….. എല്ലാവരുടെയും മുമ്പിൽ വെച്ച്…..

അപ്പോഴും അതെല്ലാം ബാഗിൽ ഊരി വെച്ചിരിക്കുകയാണെന്നായിരുന്നു ആദിയുടെ മനസ്സിൽ…. ചോദിച്ചപ്പോൾ ഒന്നും പറയാതെ തന്നെ തരം താഴ്ത്തിയതിലായിരുന്നു അവന്റെ ദേഷ്യം മുഴുവൻ….

നീ പറയില്ലേ…. അവൻ മുഖം ഒന്നു കൂടി അവളോട് അടുപ്പിക്കുമ്പോഴേക്കും അവളവന്റെ കൈകളെ കുടഞ്ഞെറിഞ്ഞിരുന്നു….

പറയാം……
തന്ന സ്വർണങ്ങളൊക്കെ ചെറിയമ്മ തിരിച്ചു വാങ്ങിയെന്ന് ആരുടെ മുന്നിൽ നിന്ന് വേണമെങ്കിലും ഞാൻ പറയാം…..

ശിവക്ക് പേടിയില്ല….. എന്നോടാരും ഒന്നും പറയില്ല….. മറിച് എല്ലാ പഴിയും നിങ്ങൾക്കാവുമെന്ന് പേടിച് മാത്രമാണ് ഞാൻ മിണ്ടാതിരുന്നത്…..

ഒരൊറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് നിർത്തുമ്പോൾ തിരിച്ചെന്ത് പറയണമെന്നറിയാതെ ആദി അതെ നിൽപ്പ് തുടർന്നു……

ശെരിയാണ്…. അവൾ അങ്ങനെ അവർക്ക് മുമ്പിൽ പറഞ്ഞിരുന്നെങ്കിൽ തന്റെ തല എല്ലാവരും കൂടി കൊത്തി വളിച്ചേനെ…. മാത്രമല്ല…. സ്വാഭാവികമായും ഒരു അകൽച്ച രണ്ട് കുടുംബങ്ങക്കിടയിലും കടന്നു വരും…..

അവൾ മിണ്ടുന്നതിനും മിണ്ടാതിരിക്കുന്നതിനും കാരണങ്ങളുണ്ടെന്ന് അവന് തോന്നിപ്പോയി….

അവൻ ഒന്നും മിണ്ടാതെ മുറി വിട്ടിറങ്ങി…..

അച്ഛനും അമ്മയും രാഹുലേട്ടനും ഇരിക്കുന്നതിന്റെ അരികിലായി അവനും ഇരുന്നു…..

ജാനകി അവനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു….

എന്താടാ…..
രഘു അവന്റെ കാലിൽ തൊട്ടത് ചോദിക്കുമ്പോൾ അവൻ മുഖമുയർത്തി അവരെ നോക്കി….

അത്….. അതച്ചാ…. അവളുടെ സ്വർണങ്ങൾ ഞാൻ അവരെ തിരിച്ചേൽപ്പിച്ചു….

എല്ലാവരുടെയും മുഖത്ത് ഞെട്ടൽ സ്ഥാനം പിടിച്ചു….

നീതുവിന്റെ കല്യാണമൊക്കെയല്ലേ…. എന്തായാലും എന്തെങ്കിലും നമ്മൾ കൊടുക്കേണ്ടത് തന്നെയല്ലേ….
പിന്നെ അതൊന്നും അവര് ശിവക്ക് വേണ്ടി വാങ്ങിയതല്ലല്ലോ… നീതുവിന് വേണ്ടി വാങ്ങിയതാണ്……
എനിക്കെന്തോ മനസ്സിലൊരു ബുദ്ധിമുട്ട് തോന്നി…..
അത് കൊണ്ടാണച്ചാ ഞാനത് കൊടുത്തത്…..

അവനത് പറഞ്ഞ് നിർത്തുമ്പോൾ ജാനകിക്ക് ദേഷ്യം വന്നിരുന്നു എങ്കിലും രഘു പുഞ്ചിരിച്ചു…..

അത് കൊള്ളാടാ മോനെ… നന്നായി…. ശങ്കരൻ പാവമാ… എന്തെങ്കിലും കണ്ടറിഞ്ഞു കൊടുക്കേണ്ടത് തന്നെയാണ്….. പിന്നെന്താ ശിവയൊന്നും അതിനെക്കുറിച്ചു പറയാതെ പോയത്…..

അവളുടെ ചില നേരത്തെ സ്വഭാവം അച്ഛനറിയാമല്ലോ… അത് കണ്ടപ്പോ എനിക്ക് പെട്ടെന്ന് ദേഷ്യം വരികയും ചെയ്തു…..

അവൻ മനോഹരമായി കള്ളങ്ങൾ പറഞ്ഞു അവരെ വിശ്വസിപ്പിച്ചു..

ആദീ…. ഇനി കല്യാണമൊക്കെ ആണെങ്കിൽ ശിവക്കിടാൻ ആഭരണങ്ങളോ…..

രഘുവത് ചോദിക്കുമ്പോൾ ആദി മനോഹരമായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആദി മുറിയിലേക്ക് ചെല്ലുമ്പോൾ ശിവ കട്ടിലിരിക്കുന്നുണ്ടായിരുന്നു…..

ആദിയെ കണ്ടതും അവളെഴുന്നേറ്റു….

അവനവളെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ലായിരുന്നു……..

അവൻ പതിയേ അവളുടെ അടുത്തിരുന്നു….
അവൻ വന്നത് പോലും അറിയാത്ത മട്ടിൽ അവളും ഇരുന്നു……

അവൻ അവളുടെ കൈകളിലേക്ക് നോക്കി….

നീണ്ടു മെലിഞ്ഞ കൈകളിൽ തന്റെ കൈകൾ അമർന്നതിന്റെ പാട് ചുവന്ന നിറത്തിൽ തടിച്ചു കിടക്കുന്നുണ്ടായിരുന്നു….
അത് മുഴുവൻ ആ സമയത്തെ അവന്റെ ദേഷ്യമായിരുന്നു…..

അവന് വല്ലാത്ത സങ്കടം തോന്നി…

ഞാൻ…. ആഭരണങ്ങൾ നീതുവിന്റെ കല്യാണത്തിനായി കൊടുത്തതാണെന്നാ എല്ലാവരോടും പറഞ്ഞിരിക്കുന്നത്….

അവളൊന്നും മിണ്ടിയില്ല….
അതെ ഇരിപ്പ് തുടർന്നു….

അവൻ പതിയേ അവളുടെ കയ്കളെടുത്തു തന്റെ കയ്ക്കുള്ളിലാക്കി…..

അവൾ ഞെട്ടി വിറച്ചവന്റെ മുഖത്തേക്ക് നോക്കി….
അവളോട്ടും പ്രതീക്ഷിക്കാതതായിരുന്നുവെന്നത് അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു……

അവളുടെ നീണ്ടു വിടർന്ന മിഴികൾ ഒന്ന് കൂടി വിടർന്നതായി അവന് തോന്നി…..

ഞാൻ….. അപ്പോഴത്തെ ദേഷ്യത്തിൽ…..
പറയാനവന് കഴിയുന്നുണ്ടായിരുന്നില്ല….

അപ്പോഴും അവന്റെ മനസ്സ് കുരുങ്ങിക്കിടന്നിരുന്നത് അവളുടെ കൈകളിലെ ചുവന്ന പാടിലായിരുന്നു….

അവന്റെ മിഴികളിലേക്ക് തന്നെ നോക്കി നിന്ന അവൾക്ക് മിഴികളെ തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല….. എന്തോ മാന്ത്രികത അവയിൽ നിറഞ്ഞു നിന്നതായി അവൾക്ക് തോന്നി…..

അവന്റെ മിഴികളിൽ താൻ കാണുന്നത് എന്നൊക്കെയോ സ്വപ്നം കണ്ട ആ ജീവിതത്തിലേക്കുള്ള തിരി നാളമായിരുന്നില്ലേ…..

അവൻ പതിയേ അവളുടെ കൈകൾ വിട്ടു….

അവളെന്തോ ഓർമയിൽ നിന്നെന്ന പോൽ മോചിതയായി….

അവനരികിൽ നിന്നെഴുന്നേറ്റു പോയിട്ടും അവളാ ലോകത്ത് തന്നെയായിരുന്നു…. അവന്റേതായ ആ ലോകത്തിൽ……..

(തുടരും )