രചന – അയിഷ അക്ബർ
കല്യാണത്തിനുള്ള തുണികൾ നമുക്കെടുത്തു കൊടുത്താലോ….
ആദി അഭിപ്രായം അറിയാനെന്ന വണ്ണം ചോദിക്കുമ്പോൾ ശിവക്കൊരു സന്തോഷം തോന്നി….
എല്ലാ കാര്യങ്ങളിലും തന്നെ പരിഗണിക്കുന്നുണ്ടെന്നൊരു ആനന്ദം അവളെ കീഴ്പ്പെടുത്തി…..
മ്മ്…. അതിനെന്താ…. അച്ഛനൊരു സഹായമാവുമല്ലോ….
അവളത് പറഞ്ഞു നിർത്തുമ്പോൾ അവൻ ഫോണെടുത്തു….
എങ്കി അച്ഛനെ വിളിച്ചു നീ തന്നെ പറയ്…. നാളെ പോവാമെന്ന്…..കല്യാണത്തിന് ഇനി അധിക സമയമൊന്നുമില്ലല്ലോ….
അതെന്തിനാ ഞാൻ പറയുന്നേ …..
ഫോൺ അവൾക്ക് നേരെ നീട്ടി നിൽക്കുന്നവനോടായി അവൾ ചോദിച്ചു….
ഞാൻ ചോദിച്ചാൽ അവർക്കൊരു കുറവായി തോന്നി നിരസിച്ചാലോ…
നീ പറയ്…. നീ മോളല്ലേ….. പറഞ്ഞു സമ്മതിപ്പിക്ക്….
അവൻ പറയുന്നതിലും അല്പം കാര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് അവൾ ഫോൺ കൈകളിൽ വാങ്ങിയത്….
ശങ്കരനോട് കാര്യം പറയുമ്പോൾ ആദി പറഞ്ഞത് പോലെ തന്നെ അച്ഛനൊരു അഭിമാന പ്രശ്നം ഉള്ളതായി അവൾക്ക് തോന്നി….
എന്നാൽ താൻ വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോഴാണ് സമ്മതിച്ചത്……
നാളെയിനി നേരത്തെ ഒരുങ്ങിക്കോ….
തുണികളെടുക്കാനല്ലേ പോകുന്നത് ഇരുട്ടും വരെ നിൽക്കേണ്ടി വരും…..
അതും പറഞ്ഞു കൊണ്ടവൻ പുതപ്പ് തല വഴിയിട്ടു കിടന്നു….
ചെറു ചിരിയോടെ ശിവയും…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വിചാരിച്ചത് പോലെ തന്നെ ആദി പറഞ്ഞ സമയത്തിൽ നിന്നു വൈകിയിരുന്നതിലുള്ള ഒരു കനപ്പിച്ചു നോട്ടം കാറിലേക്ക് കയറുമ്പോൾ അവൾക്ക് നേരെയവനേറിഞ്ഞതവൾ കണ്ടില്ലെന്ന് നടിച്ചു…..
അവരെ കൂടി കൂട്ടി കടയിലേക്ക് പോകാമെന്ന കണക്കു കൂട്ടലിൽ വീടിന്റെ ഉമ്മറത്തെത്തിയപ്പോഴും നീതുവും ലക്ഷ്മിയും മാറ്റുന്ന തിരക്കിൽ തന്നെയായിരുന്നു….
ശങ്കരൻ ഉമ്മറത്തെ കസേരയിൽ തന്നെയിരിക്കുന്നുണ്ടായിരുന്നു…..
ആദി ശങ്കരന്റെ അടുത്തിരുന്നപ്പോൾ ശിവ അകത്തേക്ക് കയറി….
നീതു അവളെ കണ്ട ഭാവം നടിച്ചില്ലെങ്കിലും ലക്ഷ്മിയൊന്ന് ചിരിക്കുന്ന പോലവൾക്ക് തോന്നി…..
വെള്ളം വരാൻ വൈകി…. അതിനാൽ ആകെ വട്ടം ചുറ്റി….
ചിരിച്ചതോ തന്റെ ന്നലാണോ എന്ന സംശയത്തിൽ അവൾ നിൽക്കുമ്പോഴാണ് അവരത് പറഞ്ഞത്….
തുണികളെല്ലാം എടുത്ത് കൊടുക്കുന്നത് ആദിയേട്ടൻ ആയത് കൊണ്ടായിരിക്കും ഈ സ്നേഹ പ്രകടനമെന്നു ശിവക്ക് മനസ്സിലായി….
അല്ലെങ്കിൽ പുച്ഛത്തോടെയല്ലാതെ തന്നെ നോക്കാറില്ല…..
കഴിഞ്ഞ തവണ നീതുവിന്റെ കല്യാണ വസ്ത്രം എടുക്കാൻ പോകുന്ന സമയത്ത് പണികളൊന്നും കഴിഞ്ഞില്ലെന്ന് പറഞ്ഞു തന്നെ കൂട്ടാതെ പോയതവൾ വെറുതെ ഓർത്തു…..
തുണികൾ വാങ്ങുന്ന കൂട്ടത്തിൽ ജീവനും അവന്റെ വീട്ടുകാർക്കും ഒക്കെ വാങ്ങണ്ടേ…. അതിനൊക്കെ ഒരുപാട് കാശാവില്ലേ…..
സഹതാപം പോലെ ലക്ഷ്മിയത് പറയുമ്പോൾ ശിവക്ക് പുച്ഛം തോന്നി….
വാങ്ങിക്കൂട്ടാനുള്ളതിന്റെ കണക്ക് മുഴുവൻ മുൻക്കൂറായി തന്നോട് പറയുകയാണെന്ന് ശിവക്ക് മനസ്സിലായി……
അത് സാരമില്ല…. വാങ്ങേണ്ടതൊക്കെ വാങ്ങാം…..
കണ്ണാടിയിൽ നോക്കി പൌഡർ ഇട്ട് കൊണ്ടിരുന്ന നീതു പെട്ടെന്ന് തിരിഞ്ഞു…..
ഹാ….. എങ്കി നമുക്കിറങ്ങാം…..
ലക്ഷ്മി ചിരിച്ചു കൊണ്ട് അത് പറയുമ്പോൾ നീതു അവരെ തുറിച്ചു നോക്കി…
അത് കണ്ടില്ലെന്ന മട്ടിൽ
സാരി തലപ്പ് പിടിച്ചു കൊണ്ട് ലക്ഷ്മി അവിടെ നിന്നും പോയി….
ആദിയേട്ടൻ എനിക്ക് ഡ്രസ്സ് എടുത്ത് തരുന്നത് ആദ്യമായിട്ടൊന്നുമല്ല….
ഇതിനു മുൻപ് എല്ലാ പിറന്നാളിനും എടുത്ത് തരുമായിരുന്നു…..
അവൾ ശിവയോട് ചേർന്ന് നിന്നത് പറയുമ്പോൾ കൈകളിലേക്ക് വളയിടുന്നുണ്ടായിരുന്നു….
മുഖത്താകെ ഒരു അഭിമാനവും ശിവ കണ്ടു….
നിന്റെ ശുപാർഷയിലൊന്നും അല്ല ആദിയേട്ടൻ എനിക്ക് വാങ്ങി തരുന്നതൊന്നും എന്ന് നിന്നെക്കാൾ നന്നായിട്ട് എനിക്കറിയാം….
അത് കൊണ്ട് വല്ലാതെ നെഗളിക്കേണ്ട….
അത് പറയുമ്പോൾ നീതു ശിവയോട് ചേർന്ന് നിന്നു….
വാക്കുകളിൽ ഒരു തരം അമർഷം കത്തി നിന്നു…
ശിവക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…. എങ്കിലും അവളൊന്നു അമർത്തി പുഞ്ചിരിച്ചു….
ഇങ്ങോട്ട് വരുന്നതിനു മുന്പേ ഇങ്ങനെ യൊരു സംസാരം നമ്മൾക്കിടയിലുണ്ടായിരുന്നെങ്കിൽ എന്റെ ഭർത്താവിനെ കൊണ്ടൊരിക്കലും ഞാനിങ്ങോട്ട് വരില്ലായിരുന്നു…..
പിന്നേ നിനക്കെന്തെങ്കിലും വാങ്ങി തന്നിട്ടുണ്ടെങ്കിൽ അത് ശിവയുടേതാകുന്നതിനു മുൻപ്……
കല്യാണം കഴിഞ്ഞ ശേഷം എനിക്ക് വാങ്ങി തന്നതൊക്കെ കൂട്ടിയാൽ ഈ വീട്ടിലൊതുങ്ങിയെന്ന് വരില്ല…..
പിറന്നാളിന് രണ്ട് തുണിയുടുത്തു തന്നെന്നു വെച് നീയിത്ര നെഗളിക്കുന്നുണ്ടെങ്കിൽ ഞാനെത്ര നെഗളിക്കണം…
ചിരിച്ചു കൊണ്ട് ചോദിച്ചു നിർത്തുന്നവളെ ഉള്ളം കയ്യിലിട്ട് ഞെരിക്കാൻ നീതുവിന്റെ മനസ്സ് വെമ്പി…
കുട്ടിക്കാലം മുതൽ അവളെന്നത് വീട്ടിലെ ഒരു പാഴ് വസ്തുവായിരുന്നു….
തനിക്കൊരിക്കൽ പോലും ഒരു എതിരാളിയായി കാണാനുള്ള അർഹത പോലും അവൾക്കുണ്ടായിരുന്നില്ല…
ആ അവളാണിപ്പോൾ തന്റെ മുന്നിൽ കിടന്ന് കുരക്കുന്നത്……
നീതു ദേഷ്യത്താൽ മുഖം മുറുകുമ്പോഴും മറുപടിക്കായി കാത്തു നിൽക്കാതെ ശിവ ഇറങ്ങി….
അമ്മയെന്തിനാ അവളുടെ മുമ്പിൽ ഇത്രയും താഴ്ന്നു കൊടുക്കുന്നത്…..
നീതു ലക്ഷ്മിയോടത് ചോദിക്കുമ്പോൾ മനസ്സിലെ മുഴുവൻ ദേഷ്യവും പ്രകടമായിരുന്നു….
എടി പെണ്ണെ…. ഇപ്പൊ ആവശ്യം നമ്മുടേതാണ്….
ആ ആദിയും ഞാനും അത്ര രസത്തിലല്ലാത്തത് കൊണ്ട് തന്നെ നേരിട്ടവനോടൊന്നും പറയാൻ പറ്റില്ല…. അതിനാണ് ഇവൾ…..
ഇപ്പൊ മനസ്സിലായോ….
അമ്മയുടെ കണക്കു കൂട്ടലുകൾ നീതുവിന് മനസ്സിലായി തുടങ്ങിയിരുന്നു….
എങ്കിലും അവളുടെ മുമ്പിൽ താഴ്ന്നു നിൽക്കേണ്ട അവസ്ഥ ആലോചിക്കാൻ വയ്യ….
നീതുവിന്റെ മുഖത്ത് നീരസം പ്രകടമായി…..
വേണം…. ആവശ്യത്തിനനുസരിച്ചു മാറാൻ കഴിയണം…. അവിടെയാണ് വിജയം….
അത് കഴിഞ്ഞാൽ ചവിട്ടി തേക്കാനും….
അതിനു നിനക്കറിയില്ലെന്ന് എനിക്കറിയാം…. അങ്ങനെ അറിയുമായിരുന്നെങ്കിൽ ഇന്നിതാകുമായിരുന്നില്ല നമ്മുടെ അവസ്ഥ…..
ലക്ഷ്മി അർത്ഥം വെക്കുന്നത് എന്തിലേക്കാണെന്ന് മനസ്സിലാവാൻ അവരുടെ മുഖത്തെ ദേഷ്യം മാത്രം മതിയായിരുന്നു…..
നീതു കുറ്റബോധത്തോടെ തല കുനിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശിവാ….. നീ പിറകിൽ കയറിക്കോ….അച്ഛൻ മുമ്പിലിരിക്കട്ടെ…..
കാറിൽ കയറും വഴിയാണ് ആദി ശിവയോടത് പറഞ്ഞത്…..
അവളും കണക്കു കൂട്ടിയിരുന്നത് തന്നെയായിരുന്നുവെങ്കിലും പെട്ടെന്നങ്ങനെ പറഞ്ഞപ്പോൾ ശങ്കരന്റെ മുഖത്തെ സന്തോഷം അവൾക്കളന്നെടുക്കാൻ കഴിഞ്ഞിരുന്നു…..
ആ പരിഗണനയിൽ അയാളുടെ മനസ്സ് നിറഞ്ഞുവെന്നത് മുഖം വിളിച്ചോതുന്നുണ്ടായിരുന്നു…
ശിവക്കും കുളിർമയുള്ളൊരു കാഴ്ചയായിരുന്നത്…..
ശിവ കയറിയതിനു പിറകെ കയറാൻ അനിഷ്ടത്തോടെ നീതു നിന്നപ്പോഴാണ് ലക്ഷ്മി കയറിയത്……
അവർക്ക് പിറകെ നീതുവും……
ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ആദിയെ കണ്ണിമ വെട്ടാതെ നീതു നോക്കിയിരുന്നു…..
ജീവനെ കണ്ടപ്പോൾ ആധിയേട്ടനൊരു പഴഞ്ചനും നാടനുമായി തോന്നിയിരുന്നു തനിക്ക്….
അമ്മ പറഞ്ഞത് കൊണ്ട് സ്വത്ത് മോഹിച്ചു മാത്രമാണ് ആദിയേട്ടനുമായി അടുത്തതെന്നും മനസ്സ് പറഞ്ഞിരുന്നു…..
എന്നാൽ ആദിയേട്ടനെ നഷ്ടമായത് മുത്തലോരോ നിമിഷവും അതിന്റെ വ്യാപ്തി താനറിഞ്ഞു കൊണ്ടിരിക്കുന്നു…..
ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരു പുരുഷ സങ്കല്പമായി തന്റെ മനസ്സിൽ ആദിയേട്ടന്റെ രൂപം തെളിഞ്ഞു തുടങ്ങിയത് ശിവയോടുള്ള ആദിയേട്ടന്റെ സ്നേഹവും പരിചരണവും കണ്ടിട്ട് തന്നെയാവില്ലേ….
ശിവ അവളുടെ ഓർമകളിൽ തെളിഞ്ഞു വന്നതും അവൾ ദേഷ്യത്തോടെ ശിവയെ ഒന്ന് നോക്കി….
ആദിയേട്ടനെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന നീതുവിനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു ശിവയപ്പോൾ…..
അവരുടെ മിഴികൾ പരസ്പരം കോർത്തു..
നഷ്ടപ്പെട്ടത് തിരിച് കിട്ടാനുള്ള ത്വരയാണ് നീതുവിന്റെ കണ്ണുകളിലെങ്കിൽ ഒരിക്കലും വിട്ട് തരില്ലെന്ന ദൃഡ്ഢ നിശ്ചമായിരുന്നു ശിവയുടെ കണ്ണുകൾക്ക് പറയാനുണ്ടായിരുന്നത് ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തുണിക്കടയിലെത്തി തുണികൾ എല്ലാവർക്ക് മുമ്പിലും നിരത്തുമ്പോഴും ശിവയുടെ മുഖത്തെ തെളിച്ചമില്ലായ്മ ആദി ശ്രദ്ധിച്ചിരുന്നു……
നീതു നിറങ്ങളിൽ മയങ്ങിയിരിക്കുമ്പോഴും അതിലൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നവളെ ആദി കാണുന്നുണ്ടായിരുന്നു……
ശങ്കരനരികത്തായി ഇരുന്നിരുന്ന ആദി പതിയേ എഴുന്നേറ്റ് ശിവയുടെ അപ്പുറത്തായിരുന്നു…..
അരികിലൊരാൾ വന്നതറിഞ്ഞതും ശിവ ഒന്ന് ഞെട്ടി അവനെ നോക്കി…..
മ്മ്…….?
അവൻ പുരികമുയർത്തി ചോദിച്ചു…
മ്മ് ച്ചും…..
പറഞ്ഞു കൊണ്ട് അവനെതിർ വശത്തേക്കായി തിരിഞ്ഞു……
ശിവക്കരികിലായി വന്നിരുന്ന ആദിയെ നീതു നോക്കിയപ്പോൾ ആദി അവളെ നോക്കുകയായിരുന്നു…..
അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി….
കൊള്ളാമോ…. അവൾ പതിയേ ചോദിച്ചു….
വേറെ എന്തോ ഓർമയിൽ അവളെ നോക്കി കൊണ്ടിരുന്ന അവൻ ചിരിച്ചു കൊണ്ട് തലയാട്ടി…..
അത് കണ്ടതും ശിവക്ക് കലി കയറുന്നുണ്ടായിരുന്നു….
അവൾ ആദിയെ തുറിച്ചു നോക്കി…..
നമുക്ക് വെള്ളം കുടിച് വന്നാലോ….
അവൻ പെട്ടെന്നത് ചോദിക്കുമ്പോൾ എല്ലാവരും അവനെ നോക്കി…..
നമ്മളിപ്പോ വന്നതല്ലെയുള്ളു ആദീ…. എന്താ ഇത്ര ദാഹം…. ശങ്കരനാത് ചോദിക്കുമ്പോൾ എന്ത് പറയണമെന്നറിയാതെ ആദി നിന്നു….
എങ്കി നീയും ശിവയും പോയി വാ….
ശങ്കരൻ അത് പറഞ്ഞതും ആശ്വാസത്തോടെ ആദി എഴുന്നേറ്റു…
എഴുന്നേൽക്കാൻ ഒരുക്കമില്ലാത്തിരുന്ന ശിവയുടെ കൈകളിൽ പിടിച്ചവൻ വലിച്ചു….
അവൾ മുഖം കനപ്പിച്ചു കൊണ്ട് തന്നെ അവന് പിറകെ നടന്നു……
(തുടരും )

by