02/05/2026

ഭാഗ്യജാതകം : ഭാഗം 53

രചന – അയിഷ അക്ബർ

വയലുകൾക്കപ്പുറം പ്രത്യക്ഷമായ പുഴ അവരെ പ്രകൃതിയുടെ മനോഹാരിതയെന്തെന്ന് അറിയിച്ചു കൊടുക്കുകയായിരുന്നു….

വെള്ളാരം കല്ലുകൾ നിരന്ന തീരം നദിയെ അത്ര മേൽ വാത്സല്യത്തോടെ ചുറ്റി പിടിച്ചിരുന്നു…..

പുഴയിലെ തെളിനീരിൽ ചേറിൽ പൊതിഞ്ഞ കാലുകളെ ജീവൻ മുക്കിയെടുക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി അവനറിയുന്നുണ്ടായിരുന്നു…..

ചെടികളെ നൃതമാടാൻ നിർബന്ധിക്കുന്ന അവിടുത്തെ കാറ്റ് അവരെയും തഴുകി കടന്നു പോയിരുന്നു…..

കണ്ണാടി പോലെ തിളങ്ങുന്ന വെള്ളത്തിൽ തെളിഞ്ഞു കാണുന്ന ഉരുളൻ കല്ലുകൾക്ക് മുകളിലായി നീതുവിന്റെ മുഖം ജീവൻ കണ്ടിരുന്നു….

അവളുടെ നിർവികാരതയിലൊളിപ്പിച്ച കണ്ണുനീരിനെ തിരയാൻ അവന്റെ മനസ്സ് ശ്രമിക്കുന്നുണ്ടായിരുന്നു…
. ഇത്ര മാത്രം അവൾ തന്നിൽ നിന്നകന്നു പോകാൻ കാരണമെന്തെന്നവൻ വീണ്ടും ആലോചിച്ചു….

കൊലുസു കെട്ടിയ ശിവയുടെ കാലുകൾ വെള്ളത്തിലൂടെ നീങ്ങുമ്പോൾ ആദി അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു…..

വെള്ളത്തിനു നടുവിലുള്ള വലിയൊരു പാറയിൽ അവരിരുവരുമിരുന്നു….

ആദിയുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് കാണുന്ന ഓരോ കാഴ്ചയും അവൾക്കത്ര മേൽ പ്രിയമുള്ളതായിരുന്നു…..

എന്നാൽ ദൂരെ രണ്ട് വശങ്ങളിലേക്ക് മുഖം തിരിച്ചു നിൽക്കുന്ന ജീവനും നീതുവും അവരിൽ ചോദ്യമായി ബാക്കി നിന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എത്ര കിടന്നിട്ടും ഉറക്കം വരാതായപ്പോഴാണ് ജീവൻ എഴുന്നേറ്റത്….

മുറിയിൽ നിന്ന് പുറത്തേക്ക് കടന്നതും ആദിയുടെയും ശിവയുടെയും മുറിയിൽ നിന്ന് വെളിച്ചം അവന് കാണുന്നുണ്ടായിരുന്നു….

പാതി ചാരിയ വാതിലിലൂടെ തയ്യൽ മെഷിനിൽ തയ്ച്ചു കൊണ്ടിരിക്കുന്ന ശിവയെ അവൻ കണ്ടു…..
അവൽക്കരികിലായി ആദിയുമുണ്ട്…. കയ്യിലെന്തോ പുസ്തകവുമുണ്ട്…..

ഇടയ്ക്കിടെ അവൾ പുഞ്ചിരിയോടെ അവനെ നോക്കുന്നുണ്ട്….
പുസ്തകത്തിൽ നിന്നും മിഴികളുയർത്തി അതിനേക്കാൾ വശ്യമായി പുഞ്ചിരിച്ചു കൊണ്ട് അവൻ അവളെയും കീഴ്പ്പെടുത്തുന്നു……

ആ കാഴ്ച ജീവന് അത്രമേൽ മനോഹരമായി തോന്നി…..

അവനെപ്പോഴും കൂടെയുണ്ടെന്ന തിളക്കം അവളുടെ കണ്ണുകളിൽ നിറഞ്ഞു കാണുന്നുണ്ട്….

അവളുടെ സന്തോഷം അവന്റെ മിഴികളിൽ തട്ടി പ്രതിഫലിക്കുമ്പോൾ വിരിയുന്നത് സുന്ദരമായൊരു ചിത്രമല്ലേ….

ശബ്ദങ്ങളില്ലാതെ ഹൃദയത്തിന്റെ താളങ്ങൾ കൊണ്ട് പരസ്പരം മനസ്സിലാക്കാൻ കഴിയുന്നത് എത്ര വലിയ കാര്യമാണ്….

തീവ്രമായ ബന്ധങ്ങൾക്കുള്ള കെട്ടുറപ്പെന്നത് പരസ്പരമുള്ള കരുതലാണെന്ന് അവരുടെ ജീവിതം അവന് മുമ്പിൽ വരച്ചു കാട്ടുകയായിരുന്നു ആ നിമിഷങ്ങളിൽ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാവിലെ എല്ലാവരും ഒരുമിച്ചാണ് അമ്പലത്തിൽ പോയത്…..

ജീവൻ ഇന്ന് തിരിച്ചു പോകണമെന്ന് പറഞ്ഞത് കൊണ്ട് തന്നെ നീതുവിന്റെ കാര്യം ആലോചിച് ശിവക്കും ആധിക്കും ഉത്തരമില്ലാതായിരുന്നു…..

നീതു കൈകൾ കൂപ്പി പ്രാർത്ഥിച്ചു…..

ശിവയും ആദിയും തൊഴാൻ നിന്നത് കൊണ്ട് തന്നെ അവളവരെ കാത്തു പുറത്തെ ആൽത്തറയിലിരുന്നു….

ചിന്തയിലേക്കാഴ്ന്നു പോയ അവളെ വലിച്ചു കയറ്റിയത് തോളിൽ അമർന്ന കൈകളുടെ ചൂടായിരുന്നു…..

അവൾ മിഴികളുയർത്തി നോക്കി…..

പുഞ്ചിരിച്ചു കൊണ്ട് ജീവൻ അവൾക്കരികിലുണ്ടായിരുന്നു…..

തെറ്റ് പറ്റിയത് എനിക്കാണ്…. നിന്റെ ആവശ്യങ്ങളോ സങ്കടങ്ങളോ അറിയാൻ ശ്രമിച്ചില്ല ഞാൻ…
നീയാഗ്രഹിക്കുന്ന പോലെ നിന്നെ മനസിലാക്കാനോ ചേർത്ത് പിടിക്കാനോ കഴിഞ്ഞില്ലെനിക്ക്…..

തിരുത്താനൊരവസരം തന്ന് കൂടെ….

അവന്റെ ചോദ്യങ്ങളിലുള്ള വികാരങ്ങൾ മനസ്സിലായത് കൊണ്ട് തന്നെയാണ് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത്…..

നിന്റെ ചേച്ചിയുടെയും ആദിയുടെയും ജീവിതം കണ്ടപ്പോഴാണ് ചെറിയ കരുതലുകൾക്ക് പോലും നൽകാൻ കഴിയുന്ന അതിരറ്റ സന്തോഷത്തെ ഞാൻ മനസ്സിലാക്കുന്നത്….

ബന്ധങ്ങൾ മനോഹരമാക്കുന്നത് നാം തന്നെയാണെന്ന് ഞാനറിയാൻ വൈകി….

ഭാര്യ ഭർതൃ ബന്ധതിൽ ഒളിഞ്ഞിരിക്കുന്ന കാമുകനെയും സുഹൃത്തിനെയും പുറത്ത് കൊണ്ട് വരുമ്പോൾ അതെത്ര മാത്രം സുന്ദരമായ ബന്ധമാകുന്നുവെന്നും ഈ ദിവസങ്ങൾക്കുള്ളിൽ എനിക്ക് മനസ്സിലായി നീതു…..

ആദിയെ പോലെയാവാൻ കഴിയുമോയെന്നെനിക്കറിയില്ല…. എങ്കിലും ഇനി നിന്റെ കണ്ണുകളിൽ നോക്കി സംസാരിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കും…..

അവനവളുടെ കൈ ചേർത്ത് പിടിച്ചു….

അവന്റെ വാക്കുകൾ അവളിൽ അത്രമേൽ ആനന്ദം നിറക്കുന്നതായിരുന്നു….

നിറഞ്ഞ മിഴികൾ അവനിരു കൈകൾ കൊണ്ടും തുടച് കൊടുത്ത് അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…..

കുറച്ചപ്പുറത്തായി അവർക്കിടയിലേക്ക് കടന്നു വരാതെ മാറി നിൽക്കുന്ന ശിവയും ആദിയും പരസ്പരം നോക്കി പുഞ്ചിരിച്ചു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഞങ്ങളിറങ്ങുകയാണ്…. ഇനിയും വരും….. സുന്ദരമായ നിങ്ങളുടെ ലോകത്ത് പങ്കു ചേരാൻ….

ജീവൻ ആദിയെ ഇറുകേ പുണർന്നു….
ആദിയും മനോഹരമായി പുഞ്ചിരിച്ചു….

നിന്നോട് ഞാനൊത്തിരി തെറ്റ് ചെയ്തതാണ്…. അറിവില്ലാത്ത നിന്റെ അനിയത്തി ചെയ്തതിനു നീ മാപ്പ് തരണം…

നീതു ശിവയുടെ കൈകളിൽ പിടിച്ചു….

ചെറിയമ്മ പറയുന്നതിനനുസരിച്ചു നീ നടക്കുന്നത് വരെ എന്റെ വിരലിൽ തൂങ്ങി നടക്കുന്ന ഒരു കുഞ്ഞായിരുന്നു നീയെനിക്ക്…
പിന്നീട് നിനക്ക് സ്വയം തോന്നി തുടങ്ങി നീയെന്നേക്കാൾ മുകളിലെന്തോ ആണെന്ന്….

അപ്പോഴും ഇപ്പോഴും നീ പിടിച്ച ചൂട് എന്റെ വിരലിൽ മായാതെ കിടപ്പുണ്ട്….

ശിവ അത് പറഞ്ഞതും നീതു അവളെ കെട്ടിപ്പിടിച്ചു….
രണ്ട് പേർക്കും ശ്വാസമെടുക്കാൻ കഴിയാത്തത്ര അവൾ തന്നെ വരിഞ്ഞു മുറുക്കുന്നത് ശിവ അറിയുന്നുണ്ടായിരുന്നു…..

ആദിയേട്ടൻ കാരണമാണ് നിങ്ങൾക്കിടയിലെ സന്തോഷമെന്ന് ഞാൻ പലപ്പോഴും തെറ്റിദ്ധരിച്ചിട്ടുണ്ട്….. എന്നാൽ നിങ്ങൾ രണ്ട് പേരും തോണിയും തുഴയും പോലെയാണ്…..

പൂർണമാവാൻ രണ്ട് പേർക്കും പരസ്പരം അത്യാവശ്യമാണ്…..
ഒരുമിച്ച് നീങ്ങുന്ന നിങ്ങളുടെ യാത്ര അതി മനോഹരവുമാണ്…

ഒരുമിച്ചാൽ ഏറ്റവും സുന്ദരമാവുന്ന രണ്ട് പേരെ തമ്മിൽ കൂട്ടി ചേർത്തത് ദൈവമാണ്…..
ഞങ്ങളെ പോലുള്ളവർക്ക് തിരിച്ചറിവ് നൽകാൻ….

നീതുവത് പറയുമ്പോൾ ശിവ ആദിയെ നോക്കി…

ആ ചൊടിയിലെ ഇളം പുഞ്ചിരി അവളുടെ കണ്ണുകളിൽ തിളങ്ങി നിന്നു…

പോയി വരട്ടെ ചേച്ചീ….
നീതു ശിവയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദിവസം തോറും ശിവാദിത്യ എന്ന പേര് പലയിടങ്ങളും അറിഞ്ഞു തുടങ്ങി…..

ജോലി ഭാരം കൂടിയത് കൊണ്ട് തന്നെ സഹായത്തിനായി രണ്ട് പേരെ കൂടി കൂട്ടേണ്ടി വന്നു…..

സുന്ദരമായ അവളുടെ കര വിരുത് കാണുന്നവരുടെ മനസ്സ് കീഴ്പ്പെടുത്തി കൊണ്ടിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ജോലി കഴിഞ്ഞ് അവൻ വന്നു ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അവൾക്ക് തന്നോടെന്തോ പറയാനുള്ളതായി അവന് തോന്നിയത്…..

നീയെന്താ കഴിക്കാനിരിക്കാത്തത്….

സദാ തന്റെ കൂടെയിരുന്നു കഴിക്കുന്നവൾ ഒരല്പം മാറി തന്റെ പിറകിൽ നിൽക്കുന്നത് കണ്ടിട്ടാണവൻ ചോദിച്ചത്…..

അവളുടെ കൈകൾ തമ്മിൽ കൂട്ടി പിണയുന്നത് കാണുന്നതും അവന് പരിചിതമല്ലാത്തൊരു കാഴ്ചയായിരുന്നു……

എന്താ ശിവാ…..
അവൻ ഇരുന്നിടത് നിന്നും എഴുന്നേറ്റു……

ഞാൻ….. വെള്ളമെടുത് വരാം….

അവിടെയുള്ള വെള്ളത്തിന്റെ പേര് പറഞ്ഞു അകത്തേക്ക് പോകുമ്പോൾ എന്തെന്നറിയാതെ അവനവിടെ ഇരുന്നു….

തന്റെ മുന്നിലേക്ക് നീങ്ങി വന്ന അവളുടെ കൈ പിറകിലേക്ക് വലിഞ്ഞതും ആ പഴയ മേശക്ക് മുകളിൽ കൈകൾ ഉപേക്ഷിച്ചു പോയ തിനെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു…..

അവനത് കയ്യിലെടുത്തു….

മിഴികൾ അവളിലേക്കുയർത്തുമ്പോൾ നാണം കൊണ്ടോ എന്തോ ആ മിഴികൾ തന്നെ നേരിടാനാകാത്തത് പോലെ താഴേക്ക് നോക്കി നിന്നു…..

ശിവാ…. നിന്നിൽ നിന്ന് മറ്റൊരു ശിവയെ നൽകാൻ സമയമായെന്നോ…
അവൻ അവളുടെ മുഖം കൈകളിലെടുത്തു…..

എന്റെ ജീവിതത്തിൽ പകരം വെക്കാനില്ലാത്ത നിന്നെ പോലൊരു ആദിത്യനെ വേണമെനിക്ക്……

നിറഞ്ഞു തുടങ്ങിയ അവളുടെ കണ്ണുകൾ അത്ര മേൽ വികാര ഭരിതമായിരുന്നു…..

രണ്ട് പേരും പരസ്പരം വാരിപ്പുണരുമ്പോൾ രണ്ട് പേരുടെയും മിഴികൾ നിറഞ്ഞൊഴുകിയിരുന്നു….

കണ്ണു നീർ സങ്കടത്തിനു മാത്രം അവകാശപ്പെട്ടതല്ലല്ലോ…. സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കുന്ന ഒരു നല്ല സുഹൃത്തല്ലേ നമ്മുടെയൊക്കെ കണ്ണു നീർ……..

അപ്പോഴും അവരുടെ സന്തോഷത്തിന്റെ രണ്ട് വരയായി തെളിഞ്ഞത് മേശ മേലിരുന്നു പുഞ്ചിരിക്കുന്നുണ്ടായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ജാനാlകീ….. ഒന്നിങ്ങു വന്നേ….

രഘു ഉമ്മറത്തെത്തിയതും അങ്ങേയറ്റം സന്തോഷത്തോടെ വിളിച്ചു കൂവി……

എന്താ രഘുവേട്ടാ…. എന്താ ഇന്നിത്ര സന്തോഷം….എന്റെ ഓർമയിൽ ഇന്നത്തെ ദിവസത്തിന് പ്രത്യേകത ഒന്നുമില്ലല്ലോ…..

രഘു നീട്ടിയ മധുര പലഹാരം വാങ്ങി ജാനകിയത് ചോദിക്കുമ്പോഴും രഘു പുഞ്ചിരിച്ചു തന്നെ നിന്നിരുന്നു……

അപ്പോഴേക്കും രഘുവിന്റെ വിളിച്ചു കൂവൽ കേട്ട് രാഹുലും വേണിയും പുറത്തേക്ക് വന്നിരുന്നു…..

മധുര പലഹാരം നീട്ടുന്ന രഘുവിനെ അവർ എന്തിനെന്ന അർത്ഥത്തിൽ നോക്കി കൊണ്ട് കൈകളിലെടുത്തു……

നിനക്ക് ഇന്ന് പ്രത്യേകിച്ചൊരു ദിവസമൊന്നുമല്ല….. എന്നാലെനിക്കങ്ങനല്ല…..ഈ വീടിനൊരാവകാശി വരാൻ പോകുകയാണ്….

അതും എന്റെ ഇളയ മകന്റെ രക്തത്തിൽ…..

കേട്ടത് വിശ്വസിക്കാൻ പ്രയാസമായി ജാനകിയും രാഹുലും വേണിയും ഒരു പോലെ തറഞ്ഞു നിന്നു….

(തുടരും )