The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അയിഷ അക്ബർ
ആദിയുടെ മിഴികൾ രണ്ടു പേരെയും തഴുകുന്നുണ്ടായിരുന്നു…..
നീതുവിന്റെ കണ്ണുകളിൽ തന്നെ പെട്ടെന്ന് കണ്ടതിലുള്ള സന്തോഷം പോലെ തോന്നിയെങ്കിൽ ശിവയുടെ കണ്ണുകളിൽ ഇത് വരെ കാണാത്തിരുന്നതിലുള്ള പരിഭവമായാണ് തോന്നിയത്…..
അതിനേക്കാലുപരി ഉള്ളിൽ കുമിഞ്ഞു കൂടിയ നൊമ്പരത്തെ അവൾ തന്നോട് പങ്കു വെക്കുന്നതായി അവന് തോന്നി…..
അവളുടെ കഴുത്തിൽ താൻ ചാർത്തിയ താലി തിളങ്ങുന്നുണ്ടായിരുന്നു….
തനിക്ക് വേണ്ടി കാത്തിരിക്കാൻ അതിലേറെ പവിത്രമായ മറ്റെന്ത് വാക്കാണ് അവൾക്ക് കൊടുക്കാനുള്ളത്…..
മനസ് കൊണ്ടും ശരീരം കൊണ്ടും ഇത് വരെ ഒന്നിച്ചിട്ടില്ലാത്ത ഞങ്ങളെ ചേർത്ത് നിർത്തുന്നതും ആ ഒരു താലി തന്നെയല്ലേ…
ചതിച്ചു നേടിയവളോടുള്ള വെറുപ്പ് മനസ്സിൽ കുമിഞ്ഞു കൂടുമ്പോഴും മനസ്സവളിലേക്ക് ചാഞ്ഞിരുന്നത് അവളുടെ സ്വഭാവം കൊണ്ടും ചില നേരത്തെ അവളുടെ പെരുമാറ്റം കൊണ്ട് കൂടിയാണെങ്കിൽ പോലും അതിനേക്കാളൊക്കെ ആ താലിക്ക് മേലുള്ള തന്റെ കടമ മനസ്സിലുള്ളത് കൊണ്ടായിരുന്നില്ലേ….
നീതു തന്നിലെ പ്രണയമായിരുന്നു….. എന്നാൽ ഇന്ന് അവളെന്റെ അനിയത്തിയുടെ സ്ഥാനതാണെന്ന യാഥാർഥ്യമാണ് താനുൾകൊള്ളാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്…..
അവളുടെ മിഴികളിൽ പ്രണയം കാണുമ്പോൾ ഉള്ളിനുള്ളിലൊരു ഭയമാണ്….താൻ വീണ്ടും അവളിലേക്ക് തന്നെ ചെക്കേറുമോയെന്ന ഭയം….
അവരുടെ അടുത്തേക്ക് ആദി പതിയേ നടന്നു വന്നു…
ആ…. നീയെപ്പോ എത്തി മോനെ…..
ലക്ഷ്മി അത് ചോദിച്ചപ്പോഴേക്കും ശിവ ലക്ഷ്മിക്കും നീതുവിനും പിറകിലേക്ക് നീങ്ങി നിന്നിരുന്നു….
ആദി അവളെ തന്നെ ഒരു നിമിഷം നോക്കി നിന്നപ്പോൾ അവൾ പതിയേ തല താഴ്ത്തി…..
ഞാൻ ഇപ്പൊ എത്തിയതേ ഉള്ളൂ….. അവൻ സൗമ്യമായി അത് പറയുമ്പോഴും മിഴികൾ ശിവയിൽ തട്ടി നിൽക്കുന്നത് നീതു പ്രത്യേകം ശ്രദ്ധിച്ചിരുന്നു…
അവൾക്കാകെ ദേഷ്യം വന്നിരുന്നു……
നീതു ആദിയുടെ മുഖത്തേക്ക് കണ്ണിമ ചിമ്മാതെ പുഞ്ചിരിച്ചു കൊണ്ട് നോക്കി നിന്നപ്പോഴാണ് അവളെ നോക്കി അവൻ മനോഹരമായി പുഞ്ചിരിച്ചത്…..
ഹൃദയത്തിൽ എന്തോ ഒരു തണുപ് നീതുവിന് തോന്നി….
താനായി വേണ്ടെന്ന് വെച്ച അവന് വേണ്ടി ഹൃദയം തുടിക്കുന്നതെന്തിനാണെന്ന് അവൾക്കപ്പോഴും അറിയുന്നില്ലായിരുന്നു…..
ശിവയോടുള്ള അസൂയ കൊണ്ടാണോ ഹൃദയം വീണ്ടും അവന് പിറകെ പോകുന്നത്…..
ചിന്തകൾ പലവിധമായി ഹൃദയത്തിൽ നിറഞ്ഞു നിന്നു…..
ആദീ…. ഒന്നിങ്ങു വാ….
ആരോ പിറകിൽ നിന്ന് വിളിച്ചതും ആദി അങ്ങോട്ട് പോയി…..
അവൻ പോയപ്പോൾ ശിവ പതിയേ മിഴികളുയർത്തി….
പോകുന്ന വഴി പിറകിലേക്ക് തിരിഞ്ഞ ആദിയുടെ മിഴികൾ അവളുമായി കൊരുത്തിരുന്നു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ചടങ്ങുകളൊക്കെ കഴിഞ്ഞു രാത്രിയാണ് എല്ലാവരും മടങ്ങാനൊരുങ്ങിയത്…..
ഞങ്ങളിറങ്ങട്ടെ അമ്മേ…
രാഹുലത് പറയുമ്പോൾ ജാനാകിക്ക് ചുറ്റും എല്ലാവരുമുണ്ടായിരുന്നു…
ജാനകി കുറച്ചു ദിവസം കഴിഞ്ഞാണ് പോരുകയെന്നുള്ളത് കൊണ്ട് തന്നെ അവരോട് യാത്ര പറഞ്ഞു കൊണ്ടെല്ലാവരും മുറ്റത്തേക്കിറങ്ങി…..
ശിവ മോള് ഏത് വീട്ടിലേക്കാ പോകുന്നത്…
രഘു അവളോടായി അത് ചോദിക്കുമ്പോൾ ശിവ മിഴികളുയർത്തി ആദിയെയാണ് നോക്കിയത് ..
ഞാൻ കൂടെ വരുന്നു എന്ന് പറയാൻ അത്രയേറെ ആഗ്രഹം മനസ്സിലുണ്ടായിരുന്നെങ്കിലും അവൾ നിശബ്ദയായി…
ആദി ഒന്നും മിണ്ടിയില്ല….
അവളുടെ മനസ് എന്താണെന്ന് പിടികിട്ടാത്തത് കൊണ്ട് തന്നെ അവളുടെ വീട്ടിലേക്ക് പോവാനായിരിക്കും മൗനമായതെന്ന് രഘുവടക്കം എല്ലാവരും കരുതി…..
എന്നാൽ അവളുടെ മനസ്സ് നീറുകയായിരുന്നു…..
ശങ്കരനും കുടുംബത്തിനും പോവേണ്ട ഓട്ടോറിക്ഷ അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു….
അതിലേക്ക് ലക്ഷ്മിയും നീതുവും കയറിയതിനു പിറകെ പതിയേ ശിവയും ശങ്കരനും കയറി….
ആദി അവളെ നോക്കുന്നുണ്ടെങ്കിലും അവൾ തിരിച്ചു നോക്കിയില്ല….
ശങ്കരൻ യാത്ര പറഞ്ഞു അവിടെ നിന്നും പോന്നു….
രാഹുൽ കാറിന്റെ ചാവി ആദിക്ക് നേരെ നീട്ടി…..
ഏട്ടനെടുത്തോളൂ….
അവൻ ചാവി വാങ്ങിയില്ല….
ബൈക്ക് എടുക്കാനുണ്ട് ആദീ… ഞാൻ ബൈക്കിലാണ് വന്നത് അച്ഛൻ കാറിലും….. നീ കാറിൽ പൊയ്ക്കോ…. ഞാൻ ബൈക്കെടുത്തു പുറകെ വന്നോളാം…..
രാഹുൽ ബൈക്കിനു നേരെ നോക്കി…..
അച്ഛനെയും ഏട്ടത്തിയെയും കൂട്ടി ഏട്ടൻ പൊയ്ക്കോളൂ….ഞാൻ ബൈക്കിൽ വന്നോളാം…..
അതെന്തിനാ ആദീ….
അവൻ ഒന്നും മിണ്ടാത്തെ നിന്നു….
ഓഹ്…. ശിവയെ കൂട്ടാനായിരിക്കുമല്ലേ….
അവനൊന്നു പുഞ്ചിരിച്ചു…
അത് രഘുവിനെയും വല്ലാതെ തൃപ്തിപ്പെടുത്തിയിരുന്നു….
അവർ പോയി കുറച്ചു നേരം കഴിഞ്ഞു അവൻ ശങ്കരന്റെ വീട്ടിലേക്ക് വെച്ചു പിടിച്ചു….
അവൻ അവിടെ വണ്ടി നിർത്തുമ്പോൾ ലക്ഷ്മി എന്തൊക്കെയോ ബഹളം വെക്കുന്നത് അവൻ കേൾക്കുന്നുണ്ടായിരുന്നു….
അവരുടെ ബഹളത്തിനിടയിൽ അവൻ വന്നത് അവരറിഞ്ഞിരുന്നില്ല….
അറിയാതെ പറ്റിയതാവും ലക്ഷ്മി… വേണമെന്ന് വെച്ച് ആരെങ്കിലും ചെയ്യുമോ…..
ലക്ഷ്മിയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന ശങ്കരന്റെ സ്വരം അങ്ങേയറ്റം ദയനീയമായിരുന്നു…..
ആരും ചെയ്യില്ല…. എന്നാലിവൾ ചെയ്യും അത്രക്ക് അഹങ്കാരമല്ലേ….
പറയുമ്പോൾ അവരുടെ ശബ്ദം വളരേ ഉയർന്നതായിരുന്നു…..
വാതിൽ തുറന്നിട്ടത് കൊണ്ട് തന്നെ ഉമ്മറത്ത് കയറിയപ്പോഴേ ഉള്ളിലെ ദൃശ്യങ്ങൾ അവന് കാണുന്നുണ്ടായിരുന്നു….
കലി തുള്ളി നിൽക്കുന്ന ലക്ഷ്മിയേയും ദയനീയമായി നിൽക്കുന്ന ശങ്കരനെയും രംഗം കണ്ടു നിൽക്കുന്ന നീതുവിനെയും അവൻ കാണുന്നുണ്ടെങ്കിലും മിഴികൾ തിരഞ്ഞത് അവളെയായിരുന്നു….
നിലത്തിരുന്ന് കൊണ്ട് പൊട്ടിയ എന്തിനെയോ അടിച്ചു വാരി മുറത്തിലാക്കുകയായിരുന്നവൾ……
അവളുടെ നീളൻ മുടി അലങ്കോലപ്പെട്ടു അഴിഞ്ഞു കിടന്നിരുന്നു….
മുടികുത്തിനു പിടിച്ച പോലെ അവന് തോന്നിയെങ്കിലും അങ്ങനെ ആവരുതേ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു….
മനസ്സ് വല്ലാതെ മുറിയുന്നുണ്ടായിരുന്നു…..
അതുമായി അവൾ എഴുന്നേറ്റപ്പോൾ ആ മുഖം അവൻ കണ്ടു…. ആ കണ്ണുകളിൽ ഒരല്പം പോലും കണ്ണുനീർ കെട്ടി നിന്നിരുന്നില്ല….
സദാ കാണുന്ന ആ മുഖത്തെ ഗൗരവം അത് പോലെ അവിടെ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു…..
അവനാധ്യമായി അവളുടെ ആ ഭാവത്തോട് ഇഷ്ടം തോന്നി…..
അവളതുമായി പോയതും ലക്ഷ്മി വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ആദിയെ കാണുന്നത്….
ഒരു നിമിഷം അവരാകെ സ്തംഭിച്ചു പോയിരുന്നു….
നീതുവിന് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി…..
ശങ്കരൻ അപമാന ഭാരത്താൽ തല കുനിച്ചു….
അവനെല്ലാം കേട്ടിട്ടുണ്ടെന്ന് അവർക്ക് ഉറപ്പായിരുന്നു…..
ആധിക്കും എന്താ പറയേണ്ടതെന്നറിയില്ലായിരുന്നു…..
ആ… മോനെപ്പോ വന്നു…. കയറിയിരിക്കു അവിടെ തന്നെ നിൽക്കാതെ….
ലക്ഷ്മിയുടെ നിമിഷ നേരത്തെ ഭാവ പകർച്ച ആദിയിൽ അത്ഭുതം നിറച്ചിരുന്നു…..
ഒന്നും സംഭവിക്കാത്ത പോലെയുള്ള അവരുടെ സംസാരത്തിനു ഒന്നും കണ്ടിട്ടില്ലാത്ത പോലെ അഭിനയിക്കാൻ അവനും ശ്രമിച്ചു….. എന്നാൽ അത് പരാജയമാണെന്ന് കാണുന്നവർക്ക് വ്യക്തമായിരുന്നു…..
നീതു ആകെ ചൂളി നിൽക്കുകയായിരുന്നു….
ശിവ അകത്തേക്ക് കയറി വന്നപ്പോൾ ശങ്കരനടുത്തായിരിക്കുന്ന ആദിയെയാണ് കാണുന്നത്….
അവളുടെ കണ്ണുകൾ വിടർന്നു….
ആദ്യമായി ആ മിഴികളിൽ ദുഃഖത്തിന്റെ നിഴൽ താൻ കാണുകയായിരുന്നെന്നവനോർത്തു……
തുണികളെല്ലാം മടക്കി വെച്ചോളൂ….. വീട്ടിലേക്ക് പോവാം….
ഗൗരവത്തോടെ തന്നെയാണ് ആദിയത് പറഞ്ഞത്….
അവൾ ശങ്കരന്റെ മുഖത്തേക്കൊന്നു നോക്കിയ ശേഷം മുറിയിലേക്ക് പോയി….
എന്താണ് അവളുടെ കൈ കൊണ്ട് പൊട്ടിയതെന്നെനിക്കറിയില്ല….. എന്തായാലും അതിനേക്കാൾ നല്ല മറ്റൊന്ന് വാങ്ങാൻ ഈ പണം കൊണ്ട് തികയും….
വെച്ചോളൂ….
ലക്ഷ്മിക്ക് നേരെ കുറച് നോട്ടുകൾ നീട്ടുമ്പോൾ ലക്ഷ്മിക്കാകെ നാണക്കേടായിരുന്നു..
മോനേ…. അത്…… ലക്ഷ്മി നിന്നു വിയർത്തു…
എനിക്ക് മനസ്സിലാകും….. ഇനിയും അത് പോലെ മറ്റൊന്ന് വാങ്ങാൻ കഴിവില്ലാത്തവരുടെ മാനസികാവസ്ഥ….
എന്നാലിന്നവളെ സംബന്ധിച്ച് അതൊന്നും അവൾക്കൊരു പ്രശ്നമല്ല….
പൊട്ടിയ ഒന്നിന് പകരം നൂറെണ്ണം അവൾക്ക് വാങ്ങി കൊടുക്കാൻ കഴിവുള്ളവനാണ് ഞാൻ….
പുഞ്ചിരിയോടെയാണ് അവനത് പറയുന്നതെങ്കിലും വാക്കുകളിൽ ആ ദേഷ്യം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു….
ലക്ഷ്മി ഭൂമിയോളം ചെറുതായത് പോലെ തോന്നി……
അപ്പോഴേക്കും എല്ലാം എടുത്ത് കൊണ്ട് ശിവ വന്നിരുന്നു….
കഴിഞ്ഞോ…. പോവാം…
കയ്യിലുള്ള പണം അവിടെ വെച്ച് ശിവയോടത് ചോദിക്കുമ്പോൾ ശിവ തല കുലുക്കി….
ഞങ്ങളിറങ്ങട്ടെ….
ശങ്കരനോട് മാത്രം പറഞ്ഞു കൊണ്ട് ആദി മുമ്പിലിറങ്ങി….
താൻ അകത്തേക്ക് പോകുമ്പോഴുള്ള ഭാവമല്ല അവരുടെ ഓരോരുത്തരുടെയും മുഖത്തപ്പോളുള്ളതെന്ന് ശിവ ഓർത്തു….
പോട്ടെ അച്ഛാ….
പോയ് വാ മോളേ…. നന്നായി വരും….. നിന്റെ മനസ്സിന് ഏറ്റവും ഇണങ്ങിയവനെ തന്നെ ദൈവം നിന്നിലേക്ക് ചേർത്ത് വെച്ചു….
അച്ഛനിനി മരിച്ചാലും ഭയമില്ല…..
അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് അത് പറയുമ്പോൾ ശങ്കരന്റെ മിഴികൾ നിറയുന്നത് ശിവ കണ്ടിരുന്നു…..
എന്താണെന്ന് ചോദിക്കുന്നതിനു മുന്പേ ആദി ഹോർനടിക്കാൻ തുടങ്ങിയിരുന്നു….
അവളിറങ്ങി അവന്റെ പിറകിൽ കയറി പോകുമ്പോൾ ശങ്കരൻ മുറ്റത്തേക്കിറങ്ങി അവരെ യാത്രയാക്കി…..
ലക്ഷ്മി ദേഷ്യത്താലും അപമാനത്താലും വിറക്കുകയായിരുന്നു….
നീതുവിന്റെയും മാനസികാവസ്ഥ വ്യത്യസ്തമായിരുന്നില്ല….
എന്താ അമ്മേ ഇനി ചെയ്യുക….. അവനവളെ റാണിയായി വാഴിക്കാൻ തുടങ്ങി….. ഇനിയെന്തൊക്കെ കാണണം…..
നീതു വേവലാതിയോടെ പറയുമ്പോൾ ലക്ഷ്മി മറ്റെന്തൊക്കെയോ കണക്കു കൂട്ടുകയായിരുന്നു…..
അത് അധിക നാളൊന്നും മുന്പോട്ട് പോവില്ല മോളേ…
അവളൊരു ദോഷം പിടിച്ചവളാ….
അവള് കാരണം അവൻ തുലഞ്ഞു പോകുന്നൊരു ദിവസം തീർച്ചയായും വരാനിരിക്കുന്നുണ്ട്….അല്ലെങ്കി അവന്റെ ജീവനോ….
അതെനിക്കുറപ്പാണ്..
ലക്ഷ്മി പുച്ഛത്തോടെ ചിരിച്ചു…….
(തുടരും )