രചന – സിന്ധു അപ്പുക്കുട്ടൻ
“അമ്മേ.. വാ.. നമുക്ക് പോവാമ്മേ.”
നന്ദു പിന്നെയും സന്ധ്യയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടിരുന്നു.
“അമ്മ വരുന്നില്ല. മോൾക്ക് അച്ഛനൊപ്പം പോകണമെങ്കിൽ പൊയ്ക്കോളൂ.
സന്ധ്യ അവളുടെ കൈ വിടുവിച്ച് ഗേറ്റിനടുത്തേക്ക് നടക്കാനൊരുങ്ങി.
സന്ധ്യയുടെ ഉറച്ച ശബ്ദം ദീപ്തിയിൽ ഒരു ദീർഘനിശ്വാസമായി മാറി . നന്ദൂട്ടിയുടെ കരച്ചിലിൽ അവളുടെ മനസ്സലിയുമോ, എടുത്തതീരുമാനങ്ങളെല്ലാം കാറ്റിൽ പറത്തുമോ എന്ന പേടിയായിരുന്നു ദീപ്തിക്ക്.
“മോളെ എന്റെ കൂടെ വിട്ടിട്ട് നിനക്കിവിടെ സുഖിച്ചു കഴിയാമെന്നാണോ നീ കരുതുന്നത്.
മഹേഷ് വഴി തടഞ്ഞിട്ടെന്നവണ്ണം അവളുടെ മുന്നിലേക്ക് കയറി നിന്നു.
“എന്താ ഞാൻ സുഖിച്ചാൽ. അത് നിങ്ങൾക്കു മാത്രം കിട്ടേണ്ട ഒന്നാണോ.
സന്ധ്യ അതേ നാണയത്തിൽ തിരിച്ചടിച്ചു.
“ഏതവനെ കണ്ടിട്ടാടി നീയിത്ര തുള്ളുന്നെ. മര്യാദക്ക് എടുക്കാനുള്ളതെല്ലാമെടുത്തു ഇറങ്ങാൻ നോക്ക്. എനിക്ക് ക്ഷമ കുറവാണെന്ന് നല്ലോണം അറിയാലോ നിനക്ക്.
“തിരിച്ചു വരാൻ വേണ്ടിയല്ല ഞാനിറങ്ങിപുറപ്പെട്ടത്. ഏതൊരു ലക്ഷ്യം മുന്നിൽ കണ്ടിട്ടാണോ ആ നരകത്തിൽ നിന്നും ഇറങ്ങി പോന്നത് ആ ലക്ഷ്യം നേടുകതന്നെ ചെയ്യും.
സന്ധ്യ അയാളെക്കടന്ന് വീണ്ടും മുറ്റത്തേക്ക് കയറാൻ ശ്രമിച്ചു.
അവളുടെയാ കൂസലില്ലായ്മ അവനെ ചൊടിപ്പിച്ചു. അവൻ അവളുടെ മുഖത്തിന് നേരെ കൈ വീശിയതും സന്ധ്യ ആ കയ്യിൽ കടന്നു പിടിച്ചു.
അപ്പോഴേക്കും ദീപ്തിയും അവൾക്കരികിലേക്ക് ഓടിയെത്തി.
” നോക്കൂ, ഇതെന്റെ വീടാണ്. ഇവിടെ വന്നു ബഹളമുണ്ടാക്കിയാൽ ഞാൻ പോലീസിനെ വിളിക്കും.
ദീപ്തി മഹേഷിന് നേരെ വിരൽ ചൂണ്ടി.
“എന്നാ നീയങ്ങു വിളിക്കെടി. ഞാൻ നിന്റെ വീട്ടിലല്ല നിൽക്കുന്നത്. ഇത് പബ്ലിക് റോഡാ. ഞാൻ സംസാരിക്കുന്നത് എന്റെ ഭാര്യയോടാ. നീയാരെടി എന്നെ പേടിപ്പിക്കാൻ.
മഹേഷ് സന്ധ്യയുടെ കയ്യിൽ നിന്നും തന്റെ കൈ കുതറിച്ചു കൊണ്ട് ദീപ്തിക്ക് നേരെ തിരിഞ്ഞു.
“ഞാൻ ആരാണ് എന്താണ് എന്നൊന്നും തന്നോട് പറയേണ്ട ആവശ്യമില്ല. തന്നെക്കാൾ വലിയ ചെറ്റയെ നേരിട്ടിട്ടുള്ളവളാ ഞാൻ.തന്റെ കുര കേട്ട് പേടിച്ചോടുന്ന ടൈപ്പല്ല എന്ന് മനസ്സിലാക്കിക്കോ.
“ഓ.. അത് ശരി. നിന്റെ ട്രെയിനിങ് ആയിരിക്കും മിണ്ടാപ്പൂച്ചയെപ്പോലിരുന്ന ഇവൾടെ നാക്കിനും നീളം കൂട്ടിയത്.
“അതേ… അതിനിയും കൂടാനിരിക്കുന്നെയുള്ളൂ. തടയാമെങ്കിൽ തടഞ്ഞോ നിങ്ങൾ.”
“എന്നെക്കൊണ്ട് ആവുന്നത് ചെയ്യാൻ തന്നെയാ എന്റെ തീരുമാനം. നീയൊക്കെ പേടിപ്പിച്ചാൽ പേടിക്കുന്നവനല്ല മഹേഷ്.”
അയാൾ ദീപ്തിക്കു നേരെ വിരൽ ചൂണ്ടി പല്ലുകൾ കടിച്ചു ഞെരിച്ചു .
അപ്പോഴാണ് ജയകൃഷ്ണന്റെ ബൈക്ക് അവർക്ക് മുന്നിൽ വന്നു ബ്രേക്കിട്ടത്.
“എന്താ ദീപു.. ആരാ ഇയാൾ?
മഹേഷിനെയൊന്നു പാളി നോക്കികൊണ്ട് അവൻ വണ്ടിയിൽ നിന്നിറങ്ങി.
“സന്ധ്യയുടെ ഹസാ. ഇയാൾക്ക് ഇവളേം മോളേം വിളിച്ചോണ്ട് പോണം. ഇവൾ വരുന്നില്ല എന്ന് പറഞ്ഞപ്പോൾ മർദിക്കാൻ ശ്രമിക്കുകയാ ഏട്ടാ.
“സന്ധ്യേ.. തനിക്കു ഇയാൾക്കൊപ്പം പോണോ.?
ജയകൃഷ്ണൻ സന്ധ്യയോട് ചോദിച്ചു.
“വേണ്ട..
“എന്നാൽ താൻ മോളെയും കൊണ്ട് അകത്തേക്ക് കയറിപ്പോ.
പറഞ്ഞുകൊണ്ടവൻ ഗേറ്റിന്റെ കൊളുത്തെടുത്തു.
“ഓഹോ… അപ്പൊ ഞാൻ പറഞ്ഞതൊക്കെ സത്യമാ . ഇവനെ നിനക്കങ്ങു പിടിച്ചു. അതിന്റെ നെഗളിപ്പാ ഈ കാണുന്നതൊക്കെ. അല്ലേടി കൂത്തിച്ചി മോളേ.
മഹേഷ് വീണ്ടും അവൾക്ക് നേരെ കുതിച്ചു ചെന്നു.
അവൾ പെട്ടന്ന് ഒഴിഞ്ഞു മാറി.
ആ നിമിഷം തന്നെ ജയകൃഷ്ണൻ അവന്റെ മുഖമടച്ചു ഒന്ന് കൊടുത്തു.
“മാനംമര്യാദക്ക് ജീവിക്കുന്നവരപ്പറ്റി അനാവശ്യം പറയുന്നോടാ ചെറ്റേ..
പ്രതീക്ഷിക്കാത്ത ആക്രമണമായതു കൊണ്ട് മഹേഷ് ഒന്ന് പതറിപ്പോയി. അടുത്ത നിമിഷം തന്നെ അവൻ തന്റെ വീര്യം പുറത്തെടുത്തു.
“അനാവശ്യമോ.. എന്റെ പെണ്ണുംപിള്ളയെ പറഞ്ഞു മയക്കി കൊണ്ട് നടക്കുന്നതും പോരാഞ്ഞിട്ട് നിന്ന് കുരക്കുന്നോടാ നായേ..
അതിനുള്ള മറുപടിയും ജയകൃഷ്ണൻ അവന്റെ കവിളിൽ തന്നെ കൊടുത്തു.
ദീപ്തി അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അവനവളെ തട്ടിയെറിഞ്ഞു കൊണ്ട് മഹേഷിന് നേരെ ചാടി വീണു.
തളരുവോളം അവന്റെ കയ്യും കാലും വായുവിൽ ഉയർന്നു പൊങ്ങിക്കൊണ്ടിരുന്നു.
ഒച്ചയും ബഹളവും കേട്ട് റോഡിൽ കൂടി കടന്നു പോയവരെല്ലാം അവരുടെ ചുറ്റിലും കൂടി നിന്നു. അടുത്ത വീട്ടിലെ ഗേറ്റ് തുറക്കപ്പെടുന്നതും ലളിത അവിടെ നിന്ന് എത്തി നോക്കുന്നതും കണ്ട് ജയകൃഷ്ണൻ ദീപ്തിയോട് ഒച്ചയെടുത്തു.
കേറിപ്പൊടി അകത്ത്. നാട്ടുകാർക്ക് കാഴ്ചയൊരുക്കാൻ നിൽക്കാതെ. ചിലർക്കൊക്കെ ഇനിയും കൈകൊട്ടി ചിരിക്കാനുള്ള വക ഉണ്ടാക്കി കൊടുക്കേണ്ട.
അവൻ പറയുന്നത് തന്നെ ഉദ്ദേശിച്ചാണെന്നു മനസ്സിലാക്കിയ ലളിത വേഗം ഗേറ്റടച്ച് അകത്തേക്ക് കയറിപ്പോയി.
അവരുടെ പോക്ക് കണ്ടു നിന്ന ദീപ്തി സന്ധ്യയുടെ കൈപിടിച്ച് വീട്ടിലേക്ക് കയറി.
നന്ദുമോൾ എന്ത് ചെയ്യണം എന്നറിയാതെ അല്പനേരം പകച്ചു നിന്നിട്ട് അമ്മേ എന്ന വിളിയോടെ അവൾക്ക് പിറകെ ഓടിച്ചെന്നു.
സന്ധ്യ മോളെ വാരിയെടുത്ത് ഉമ്മ വെച്ചു.
മോൾക്ക് പോണോ അച്ഛനോടൊപ്പം..?
അമ്മയും കൂടി വരണം. നന്ദു ഏങ്ങിക്കരഞ്ഞു.
അമ്മ വരില്ല മോളെ. അച്ഛനെ അമ്മക്ക് പേടിയാ. അമ്മയെ കൊല്ലും അയാൾ.
നന്ദു അതിനെന്തു മറുപടി പറയണം എന്നറിയാതെ അവളുടെ തോളിലേക്ക് മുഖം ചായ്ച്ചു കിടന്നു.
******************************
മഹേഷ് റോഡിൽ നിന്നും വേച്ചു വേച്ച് എഴുന്നേറ്റ് പോകുന്നത് സന്ധ്യ ജനലിൽ കൂടി നോക്കി നിന്നു.
അവനിനിയും തിരിച്ചു വരും എന്നവൾ ഭയപ്പെട്ടു. ഇനിയെന്തും ചെയ്യാനും മടിക്കില്ല എന്നവൾക്ക് ഉറപ്പായി.
കണ്ണീരിലാണ്ടു പോയ തന്റെ ജീവിതത്തെക്കുറിച്ചോർത്ത് അവൾ നെടുവീർപ്പിട്ടു.
ദുരിതങ്ങളുടെ നടുവിലേക്കു പൊട്ടി വിടർന്ന യൗവ്വനം. പിന്നെയങ്ങോട്ട് കാറ്റും കോളും കടപ്പുഴക്കിയെറിയാൻ ശ്രമിച്ചു കൊണ്ടിരുന്നു സന്ധ്യയെന്ന പെൺകുട്ടിയുടെ ജീവിതം.
വിവാഹം കഴിഞ്ഞ നാളുകളിലെ ദുരിതപ്പെയ്ത്ത് ഓർക്കുമ്പോൾ സന്ധ്യയുടെ ഉള്ളം കിടുങ്ങിപ്പോകും
ഇതിൽപ്പരമൊരു വേദന ഒരു സ്ത്രീയും അനുഭവിക്കാനില്ല എന്ന് തോന്നിപ്പോയി.
ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ തന്റെ അനുഭവങ്ങൾ വലിയൊരു പാഠമായിരിക്കണം എന്നവൾ ഉറപ്പിച്ചു.
“സന്ധ്യേ ഇനിയും അധികം വെച്ചു താമസിപ്പിക്കാതെ നമുക്കൊരു വക്കീലിനെ കാണണം. ഡിവോഴ്സ് കിട്ടാൻ സമയമെടുത്താലുംഅയാൾ നിന്നെ അപായപ്പെടുത്താനുള്ള ശ്രമം കോടതി തടയും. നിനക്കും മോൾക്കും ചിലവിനു തരാനുള്ള വകുപ്പും കോടതിയിലുണ്ടാകും. ഇനിയൊന്നും ആലോചിക്കാനില്ല.എത്രനാൾ ഇങ്ങനെ പേടിച്ചു കഴിയും.ജോലി ചെയ്തു സമാധാനമായി ജീവിക്കണ്ടേ നിനക്ക്.
ദീപ്തി അവൾക്കരികിലിരുന്ന് പറഞ്ഞു കൊണ്ടിരുന്നു.
സന്ധ്യ എല്ലാം മൂളിക്കേട്ടു.
ദീപു ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ.?
അവൾ ദൈന്യതയോടെ ദീപ്തിയെ നോക്കി.
“എന്താടി..?
ദീപ്തി അനുകമ്പയോടെ അവളുടെ കവിളിൽ തൊട്ടു.
“എനിക്കൊരു വീടെടുത്തു തരോ? എന്റെ മെഷിൻ അവിടെ കൊണ്ടിട്ടു തന്നാൽ മതി. തൈക്കാനുള്ളത് വീട്ടിലിരുന്നു ചെയ്യാലോ. നീ സാലറി തന്നു തുടങ്ങിയാൽ വാടകയും കൊടുക്കാം.”
“അതൊക്കെ നമുക്ക് നോക്കാം. എനിക്കറിയാം നിനക്കവിടെ നിൽക്കാൻ വല്യ താല്പര്യമൊന്നുമില്ലെന്ന്. ഇപ്പോഴും നീയെന്നെ അന്യയായി കാണുന്നു. അതാ ഇങ്ങനെ ഓരോ തോന്നൽ.
“ദീപു നീയെന്തായീ പറയുന്നേ. നീയെനിക്ക് അന്യയാണോ..?
അയാൾ ഇനിയും എന്നെ തേടി വന്നാൽ വീണ്ടും ഇന്നത്തെ സംഭവങ്ങൾ ആവർത്തിക്കപ്പെടും. ഒരുപക്ഷേ ഏട്ടനെ കൊല്ലാൻ പോലും അയാൾ മടിക്കില്ല. അതോർത്തുള്ള പേടികൊണ്ട് പറഞ്ഞതാ ഞാൻ.
നീ ഒറ്റക്ക് താമസിച്ചാൽ അയാൾ അവിടെ വരില്ല എന്നാണോ നീ കരുതുന്നെ.
അവിടെ വന്നാലും അയാൾ എന്നെയും മോളെയുമല്ലേ ഉപദ്രവിക്കുള്ളു.
അതുകൊള്ളാം. ഇനിയും അയാളുടെ ഇടിയും തൊഴിയും കൊള്ളനാണോ നീയിങ്ങോട്ട് ഇറങ്ങി പുറപ്പെട്ടത്.
അല്ല… എന്നാലും…. സന്ധ്യ വാക്കുകൾക്കായി പരതി.
അയാൾ അവിടെ കയറി വന്ന് നിന്നെ കൊല്ലാൻ ശ്രമിച്ചാലോ..? അതിനാണോ നീയിത്രേം കഷ്ടപ്പെട്ടത്.
സന്ധ്യ അതിനും മറുപടിയില്ലാതെ മുഖം കുനിച്ചു.
ആദ്യം തന്നെ നീ സ്വന്തം കാലിൽ നിൽക്കാനുള്ള ധൈര്യം നേടിയെടുക്ക്. നിന്റെ സാലറി ഒരു രൂപ കുറയാതെ ഞാൻ സൂക്ഷിക്കുന്നുണ്ട്. നല്ലൊരു എമൗണ്ട് ആകും വരെ നീയിവിടെ നിന്നേ പറ്റൂ.
ഒറ്റക്ക് ജീവിക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ കുറച്ചു പൈസ കയ്യിലുണ്ടാകുന്നത് നല്ലതാ. എല്ലാം നിന്റെ ആഗ്രഹം പോലെ നടക്കും പെണ്ണേ. നീയൊന്ന് സ്ട്രോങ്ങായി നിന്നാ മതി.
“”ഉം…
പിന്നേ…ഏട്ടൻ ഒരു കാര്യം പറഞ്ഞിരുന്നു എന്നോട്. കുറച്ചു കൂടി കഴിയട്ടെ നമുക്കാലോചിക്കാം അതെപ്പറ്റി.
സന്ധ്യ അത് കേട്ട് വിളറിപ്പോയി.
എന്താ…? എന്താ ഏട്ടൻ പറഞ്ഞത്..
അവൾ വിക്കി വിക്കി ചോദിച്ചു.
അതൊക്കെയുണ്ട്. സമയമായിട്ട് പറയാം. അല്ലെങ്കിൽ നീയിപ്പോഴേ ധൃതി കൂട്ടി എന്നെ ശല്യം ചെയ്തുകൊണ്ടിരിക്കും.
“ഇല്ല ദീപു… നീ കാര്യം പറ..
സന്ധ്യ വേവലാതിയോടെ അവളുടെ കയ്യിൽ പിടിച്ചു.
വാ നമുക്ക് വല്ലതും കഴിക്കാം. നല്ല വിശപ്പ്.
അവളുടെ പരിഭ്രമം കണ്ട് ദീപ്തി ചിരിയോടെ മുറി വീട്ടിറങ്ങി.
തനിക്കു ചുറ്റിലും കൊഴുത്ത ഇരുട്ട് വന്നു നിറയുന്ന പോലെ തോന്നി സന്ധ്യക്ക്. കൈത്തലം നെറ്റിയിൽ അമർത്തി അവളാ ഇരുട്ടിനെ നോക്കിയിരുന്നു. ചലനമറ്റ്.
തുടരും…

by