രചന – അയിഷ അക്ബർ
അവൾ സ്വയം വിധിയെ പഴിച്ചു…. എത്ര വേഗത്തിലാണ് വിധി തന്നെ മനോഹരമായി കബളിപ്പിക്കുന്നതെന്നോർത്തു നീതുവിന് ദേഷ്യം വന്നു….. അവൾ ജീവനെ കുറിച്ചോർത്തു…. ഒരു മ്യൂസിക് പാർട്ടിയിൽ വെച്ചാണ് താനവനെ ആദ്യമായി കാണുന്നത്….. ഗ്രാമത്തിൽ ജീവിച്ച തനിക്ക് സിറ്റിയിലേക്കുള്ള പറിച്ചു നടൽ നൽകിയത് വിശാലമായ ഒരു ലോകത്തിലേക്കുള്ള ചുവട് വെപ്പായിരുന്നു….. ഹോസ്റ്റലിൽ ജീവിക്കുന്ന തനിക്ക് സിറ്റിയിൽ ജീവിച്ചു ശീലിച്ച സൗഹൃദങ്ങൾ കൂടിയായപ്പോഴാണ് താൻ ശെരിക്കും മാറിയതെന്നവളോർത്തു…. ശെരിക്കും ഒരു ഭ്രമത്തിലായിരുന്നു…. ഇത് വരെ കാണാത്ത പലതും കണ്ടതിലുള്ള അമ്പരപ്പും ഇനിയും കാണാൻ കിടക്കുന്നതിനെ കുറിച്ചുള്ള ആകാംക്ഷയും ഉള്ളിൽ നുരഞ്ഞു പൊന്തിയിരുന്നു…… അന്നവിടെ മനോഹരമായി ഖിറ്റാർ വായിക്കുന്ന ജീവനിലേക്ക് കണ്ണുകൾ തെന്നി നീങ്ങി…. നാട്ടിൻ പുറത്തുകാരനായിരുന്ന ആദിയേട്ടനെ മറക്കാൻ അധിക സമയം തനിക്ക് വേണ്ടി വന്നില്ല…..
അല്ലെങ്കിലും നാട്ടിലെ പ്രമാണിമാരായ മംഗലശ്ശേരി തറവാട്ടിലെ മരുമോളാക്കാൻ അമ്മക്കുള്ള ആഗ്രഹം കൊണ്ടായിരുന്നു എന്നെ അമ്മ ആദിയേട്ടനുമായി അടുപ്പിച്ചത്…… അമ്മ തന്നെയാണ് ആദിയേട്ടനെ കുറിച് എന്നോട് പറഞ്ഞ് തന്നതും പരിചയപ്പെടാൻ നിർബന്ധിച്ചതും….. അന്ന് ആദിയേട്ടനെ പരിചയപ്പടുമ്പോൾ തനിക്കറിയില്ലായിരുന്നല്ലോ ജീവനെ പോലൊരാൾ ജീവിതത്തിൽ തന്നെ കാത്തിരിക്കുന്നുണ്ടെന്ന്… എല്ലാവരുടെയും ആരാധനാ പാത്രമായ ജീവനോട് തനിക്ക് തോന്നിയ ഇഷ്ടം അവന് തിരിച്ചും ഉണ്ടെന്നറിഞ്ഞ നിമിഷമായിരുന്നു താനേറ്റവും കൂടുതൽ സന്തോഷിച്ചത്…… ആദിയേട്ടനെ മനപ്പൂർവം മറന്നു……. ഏതോ മായിക ലോകത്ത് എത്തിപ്പെട്ട ഒരു കൊച്ചു പൂമ്പാറ്റയായിരുന്നു താൻ…. അതിനിടയിലാണ് തന്റെ വീട്ടുകാരുമായി ആദിയേട്ടന്റെ വീട്ടുകാർ കല്യാണ ക്കാര്യം സംസാരിക്കുന്നതും കല്യാണം ഉറപ്പിക്കുന്നതും… എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു…. ജീവനെ മറന്നൊരു ജീവിതം തന്റെ സ്വപ്നങ്ങൾക്കപ്പുറമായിരുന്നു…… അവന്റെ കൂടെയിറങ്ങിപ്പോരാമെന്നവന് വാക്ക് കൊടുത്തു….
രജിസ്റ്റർ മാര്യേജ് ചെയ്യാമെന്നും തീരുമാനിച്ചുറപ്പിച്ചു നിൽക്കുന്ന നേരത്താണ് ജീവനെ കുറിച്ചുള്ള ചില സത്യങ്ങൾ താനറിയുന്നത്… ഡ്രഗ് കേസിൽ പോലീസ് പിടിച്ചതും പണമെറിഞ്ഞു ഊരിപ്പോന്നതുമാണെന്നൊക്കെ തെളിവ് സഹിതം ഞാനറിഞ്ഞപ്പോൾ തകർന്ന് പോയിരുന്നു….. പറ്റില്ല ജീവൻ….. ഇതൊക്കെ അറിഞ്ഞു കൊണ്ട് ഇനിയീ ബന്ധം മുന്നോട്ട് കൊണ്ട് പോവാനെനിക്ക് കഴിയില്ല… പറയുമ്പോൾ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു….. അവനറിഞ്ഞു കൊണ്ടല്ലെന്നും കൂട്ടുകാർ അവനെ ചതിച്ചതാണെന്നുമൊക്കെ പറഞ്ഞെങ്കിലും അത് വിശ്വസിക്കാൻ ഞാനൊരുക്കമായിരുന്നില്ല….. ഞാൻ നാട്ടിലേക്ക് തിരിച്ചു പോന്നു…. വീട്ടിൽ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയായിരുന്നു…… മനസ്സിലപ്പോഴും വേലിയേറ്റങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു…. ജീവനെയാണോ ആധിയേട്ടനെയാണോ മനസ്സ് ആഗ്രഹിക്കുന്നതെന്ന് മനസ്സെന്നോട് തന്നെ ഒത്തിരി തവണ ചോദിച്ചു കഴിഞ്ഞിരുന്നു……
താൻ എല്ലാ അർത്ഥത്തിലും സ്വപ്നം കണ്ടത് ജീവനെ പോലെയൊരാളെയായിരുന്നില്ലേ….. ആദിയേട്ടനെ ക്കാൾ എന്ത് കൊണ്ടും എനിക്ക് ചേരുന്നതും അവനാണെന്ന് എനിക്കറിയാമായിരുന്നു…. ആ സമയത്താണ് ജീവൻ നാട്ടിലേക്ക് വരുന്നത്…. ഞാൻ നിന്റെ നാട്ടിലാണ് എനിക്കൊന്ന് സംസാരിക്കണം എന്നു പറയുമ്പോൾ അവൻ വീട്ടിലേക്ക് കയറി വരാതിരിക്കാനാണ് ഒഴിഞ്ഞൊരു സ്ഥലത്തേക്ക് വരാൻ പറഞ്ഞത്……. ഒരുപാട് തവണ അവനെന്നോട് മാപ്പപേക്ഷിച്ചു കൊണ്ടിരുന്നു….. എന്നാൽ താനതെല്ലാം നിരസിച്ചതും അവന്റെ സ്വരം ഭീഷണിയുടേതായി…. ഇതല്ലേ നിന്നെ കെട്ടാൻ പോകുന്ന പയ്യൻ…. അവന്റെ ഫോണിൽ തെളിഞ്ഞു കണ്ട ആദിയേട്ടന്റെ ഫോട്ടോ എന്റെ നെഞ്ചിൽ കനലിനെ കോരിയിട്ടു….. നമ്മളൊരുമിച്ചുള്ള ഫോട്ടോസൊക്കെ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്…. അത് ആദ്യം ഇയാളെ കാണിക്കണോ അതോ നിന്റെ തന്തയെ കാണിക്കണോ….. എന്ത് പറയണമെന്നറിയില്ലായിരുന്നു……
പ്രണയിച്ചു കല്യാണം കഴിക്കുകയാണെന്ന് വിശ്വസിച്ചിരിക്കുന്ന ആദിയേട്ടനിതു കണ്ടാൽ എന്താകും അവസ്ഥ എന്ന ഞാനൂഹിച്ചു…… എല്ലാവരുടെയും മുമ്പിൽ ഞാൻ മോശപ്പെട്ടവളാവും… അവസാന ആശ്രയമെന്നൊണമാണ് അമ്മയോടിക്കാര്യം പറയാൻ തീരുമാനിച്ചത്…. ഒരാളെ ഇഷ്ടമാണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു… ബാക്കിയൊന്നും പറയാൻ ധൈര്യമുണ്ടായിരുന്നില്ല…. അമ്മ ഒരുപാട് തല്ലി…. ഒരിക്കലും നടക്കില്ലായെന്നമ്മ തീർത്തു പറഞ്ഞ്…… അവസാനം ഞാൻ ഗർഭിണിയാണെന്നൊരു നുണ കൂടി പറഞ്ഞാണ് അമ്മയെ സമ്മതിപ്പിച്ചത്…. അപ്പോഴേക്കും കല്യാണദിവസം അടുത്തായിരുന്നു….. ഇലക്കും മുള്ളിനും കേടില്ലാതെ ആ കല്യാണത്തിൽ നിന്നൂരാൻ അമ്മ കണ്ട് പിടിച്ച മാർഗമായിരുന്നു എന്റെ തിരോധാനം….. കെട്ടാ ചരക്കായി നിൽക്കുന്ന ശിവ തലയിൽ നിന്നൊഴിയും എന്നൊരു ലാഭം കൂടി അമ്മ അതിനോടൊപ്പം കണ്ടു പിടിച്ചു….. നീതു ഒളിച്ചോടി പ്പോയെന്ന് വളരെ സമർത്ഥമായി പറഞ്ഞ് പരത്താൻ ആ കല്യാണ പന്തലിൽ വെച്ച് അമ്മക്ക് കഴിഞ്ഞു….. ശിവയുടെ കഴുത്തിൽ താലി കെട്ടിയ ശേഷം അമ്മയെന്നോടങ്ങോട്ട് വരാൻ പറഞ്ഞു….
എല്ലാവർക്കും തന്നോടപ്പോൾ സഹതാപം മാത്രമേ ഉണ്ടായിരുന്നുവെന്നുള്ളത് താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…… തന്റെ ഇഷ്ടത്തിന് കല്യാണം വേണ്ടെന്ന് വെച്ചാൽ അഹങ്കാരിയും തന്നിഷ്ടക്കാരിയും ഒക്കെയായി ചിത്രീകരിക്കുന്നവർക്ക് മുമ്പിൽ തന്നെ പാവമായി മാറ്റിയ അമ്മയുടെ ബുദ്ധിയെ വാഴ്ത്തപെടേണ്ടത് തന്നെയായിരുന്നു……. എങ്കിലും അമ്മയുടെ മനസ്സിലെപ്പോഴും മരുമകന്റെ സ്ഥാനത് ആദിയേട്ടൻ തന്നെയായിരുന്നു….. അത് കൊണ്ട് തന്നെ ശിവയും ആധിയേട്ടനും ഒരിക്കലും സന്തോഷത്തോടെ ജീവിക്കരുതെന്ന് കരുതി തന്നെയാണ് ശിവയും അമ്മയും ചേർന്ന് തന്നെ ചതിച്ചതാണെന്ന് കല്യാണ ദിവസം ആധിയേട്ടനോട് ഞാൻ പറഞ്ഞത്…… അവര് തമ്മിലൊരിക്കലും ഒന്നിക്കരുത്….. അതെനിക്ക് നിർബന്ധമുണ്ട്…… തന്നെ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് അങ്ങനെയൊക്കെ പറഞ്ഞതെന്നും ഇനിയൊരിക്കലും അങ്ങനൊന്നും ഉണ്ടാകില്ലെന്നും ജീവനെനിക്ക് വാക്ക് തന്നു….
വീട്ടിലാരും അറിഞ്ഞിട്ടില്ലാത്തത് കൊണ്ട് തന്നെ നമ്മൾ തമ്മിൽ പരിചയമില്ലാത്ത മട്ടിൽ ഒരു വിവാഹലോചന എന്ന നിലക്ക് വീട്ടിലേക്ക് വന്നാൽ മതിയെന്നു പറഞ്ഞതും ഞാൻ തന്നെയായിരുന്നു…… എന്നാൽ ഇന്ന് ജീവന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്തെ പുച്ഛം തന്നെ പാടേ തളർത്തിയിരിക്കുന്നു…… അവര് വേണ്ടെന്ന് പറഞ്ഞാൽ ജീവനും തന്നെ വേണ്ടെന്ന് വെക്കുമോ…. ഇത് വരെ അവനായി ഞാൻ വേണ്ടെന്ന് വെച്ചതെല്ലാം വെറുതെയാവുമോ…. മനസ്സിലെ ഭാരം കൂടും തോറും മിഴികളും നിറഞ്ഞിരുന്നു….. അവര് പറയുന്നതിനനുസരിച്ചു വിളിക്കു…. ശങ്കരനോടത് പറഞ്ഞ് കൊണ്ട് ആദി ശിവയുടെ മുഖത്തേക്ക് നോക്കി…. നമുക്കിറങ്ങിയാലോ…. ആദിയത് ചോദിക്കുമ്പോൾ ശിവ തല കുലുക്കി….. അവൾ കയ്യിലുണ്ടായിരുന്ന ബാഗ് എടുക്കാനായി അകത്തേക്ക് പോയി…. തമ്പുരാട്ടി പോകുകയാണോ….. ചെറിയമ്മയുടെ പുച്ഛത്തിലുള്ള വാക്കുകൾക്ക് അവൾ മുഖം കൊടുക്കാതെ പോകുമ്പോഴാണ് അവരവളുടെ കൈകളിൽ കയറി പിടിച്ചത്….. പിറകെ വന്ന നീതുവും എന്തിനെന്ന മട്ടിൽ അവരെ നോക്കി നിന്നു..
ശിവ കൈ ശക്തിയിൽ കുടഞ്ഞു…… എന്നാൽ ലക്ഷ്മി വിട്ടില്ല…. അവളുടെ കൈ മുറുകെ പിടിച്ചു കൊണ്ട് കയ്യിലെ വളകളോരോന്നായി ഊരിയെടുത്തു….. ശിവക്ക് എതിർക്കാൻ തോന്നിയില്ല…. അവർ നീതുവിനായി വാങ്ങിയ ആഭരണങ്ങൾ തന്നെയാണത്….. തനിക്കതിൽ ഒരു അവകാശവുമില്ലെന്നവൾക്കറിയാമായിരുന്നു….. വളകളെല്ലാം ഊരി ലക്ഷ്മി നീതുവിന്റെ കയ്യിലേപ്പിച്ചു….. ചിരിച്ചു കൊണ്ട് നീതു അത് വാങ്ങി കൈകളിലിട്ടു….. ഇതൊക്കെ നിന്റെ തന്തയോ തള്ളയോ നിനക്ക് വാങ്ങിയതല്ല…. ഞാനെന്റെ മോൾക്ക് വേണ്ടി വാങ്ങിയതാ…… ഇതൊക്കെ ഇട്ട് ഞെളിഞ്ഞു നടന്നത് മതി… ഇനിയൊക്കെ ഊരിക്കോ… അവരോട് തിരിച്ചൊന്നും പറയാൻ അവളുടെ കയ്യിലില്ലാത്തത് കൊണ്ട് തന്നെ അവൾ മാലകളോരൊന്നും ഊരി തുടങ്ങി….. കാതിലെ കമ്മലടക്കം എല്ലാം ഊരി കൊടുത്തതിനു ശേഷം അവൾ ഉമ്മറത്തേക്ക് നടന്നു…… സ്വർണം അവരെടുത്തതിലായിരുന്നില്ല അവളുടെ സങ്കടം…. അവിടെ കയറി ചെലുമ്പോൾ ആധിയേട്ടനോടക്കം എല്ലാവരോടും എന്ത് സമാധാനം പറയുമെന്നറിയാതെ അവൾ വിയർത്തു….. (തുടരും )

by