രചന – അയിഷ അക്ബർ
മുറ്റത്തു കൂടി നടന്നു തുടങ്ങിയപ്പോഴേ മുല്ലപ്പൂക്കളുടെ വശ്യമായ സുഗന്ധം അവരെ പൊതിഞ്ഞു നിന്നു…..
വൃത്തിയുള്ള മുറ്റത്തിനിരുവശവുമായി പല നിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നു….
അവക്കിടയിലൂടെയുള്ള കുഞ്ഞു നടപ്പാത അവരിലൊരു പ്രത്യേക അനുഭൂതി ജനിപ്പിച്ചിരുന്നു….
പച്ച പരവതാനി പോൽ പരന്ന് കിടക്കുന്ന വയലുകളിൽ നിന്നും വരുന്ന തണുത്ത കാറ്റ് അവരിൽ ഒരു ഉന്മേഷം നിറച്ചു…..
ചുറ്റുപാടും സ്വർഗ്ഗ തുല്യമായ ഒരു അന്തരീക്ഷമായി അവർക്ക് തോന്നി….
എങ്കിലും വീടിന്റെ വലുപ്പം അവരിലെ സന്തോഷത്തെ നിലനിർത്തി……
അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ശിവ പുറത്തേക്ക് വന്നത്….
ശങ്കരനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു….
അച്ഛാ…..
അവളോടി ചെന്നവരെ കെട്ടിപ്പിടിച്ചു….
പതിവില്ലാത്ത മകളുടെ സ്നേഹ പ്രകടനങ്ങൾ മനസ്സിലെ ദുഖത്തിൽ നിന്നായിരിക്കുമെന്നോർത്ത് ശങ്കരന് സഹിക്കാൻ കഴിഞ്ഞില്ല…..
അയാൾ കണ്ണുകൾ അമർത്തി തുടച്ചു…..
ലക്ഷ്മിയും നീതുവും അവളെ കണ്ട് പുച്ഛത്തോടെ അതിലുപരി സഹതാപം മുഖത്ത് വരുത്താൻ ശ്രമിച്ചു…..
എന്നാൽ അതൊന്നും ശിവയെ ബാധിച്ചിരുന്നില്ല….
അവൾ നിറഞ്ഞ പുഞ്ചിരിയോടെ കൂടി അവരെ സ്വീകരിച്ചിരുത്തി….
അവൾ അകത്തു പോയി ആദിയെ വിളിച്ചു വന്നു….
അവർക്കരികിലായി അവനിരിക്കുമ്പോഴും എന്ത് പറയണമെന്നറിയാതൊരു നിശബ്ദത ശങ്കരനിൽ തങ്ങി നിന്നു…..
എന്നാൽ ആദിയിൽ പ്രത്യേകിച്ച് മാറ്റമൊന്നും കണ്ടില്ല…..
ശിവ മുമ്പത്തേക്കാളേറെ ഉഷാറായത് പോലെ തോന്നി……
ആദ്യമൊക്കെ അവളുടെ സങ്കടങ്ങളെ മറച്ചു വെക്കാനുള്ള കവചമാണെന്ന് ലക്ഷ്മിയെയും നീതുവിനെയും പോലെ ശങ്കരനും തോന്നിയിരുന്നു…
എന്നാൽ പോകെ പോകെ അവർക്കും മനസ്സിലായി തുടങ്ങിയിരുന്നു അവളുടെ പ്രസന്നതയുടെ കാര്യം…..
സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകളെ മാറ്റി നിർത്തിയാൽ ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലൂടെയാണ് അവൾ സഞ്ചരിക്കുന്നതെന്ന് അവർക്ക് മനസ്സിലായിരുന്നു……
അവൾക്കെവിടെയാണെങ്കിലും സന്തോഷം തന്നെയാണല്ലോ അമ്മേ….
അടക്കി പിടിച്ചു കൊണ്ട് നീതുവത് പറയുമ്പോൾ വാക്കുകളിൽ വല്ലാത്തൊരു നിരാശ പടർന്നിരുന്നു…..
ശിവയുടെ നോവ് കണ്ട് രസിക്കാൻ വന്നവർക്ക് ദുഖത്തിന്റെ ലാഞ്ചന പോലുമില്ലാത്ത അവളുടെ കണ്ണുകൾ നിരാശ സമ്മാനിച്ചിരുന്നു….
അതൊക്കെ അവളുടെ അഭിനയമാടീ…..
ഈ ചെറ്റക്കുടിലിനുള്ളിലെ സന്തോഷമല്ലേ….. അതെത്രയെന്ന് നമുക്കൂഹിക്കാമല്ലോ….
പുച്ഛിച്ചു കൊണ്ട് ലക്ഷ്മിയത് പറയുമ്പോഴും നീതുവിന്റെ മുഖത്ത് തെളിച്ചമില്ലായിരുന്നു….
ശിവയുടെയും ആധിയേട്ടന്റെയും സ്നേഹവും അവളുടെ സന്തോഷവും സമാധാനവും കാണുമ്പോൾ യഥാർത്ഥത്തിൽ തനിക്ക് അസൂയയല്ലേ വരുന്നത്….
നീതുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു….
ലക്ഷ്മി പോലും കാണാതെ അതിനെ തുടച്ചു നീക്കാൻ അവൾ പ്രയാസപ്പെട്ടു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുന്നറിയിപ്പേതുമില്ലാതെ വന്നത് കൊണ്ട് കറികളൊക്കെ കുറവാണ്….
പറഞ്ഞു കൊണ്ട് ശിവ അവർക്ക് മുമ്പിൽ ഭക്ഷണം നിരത്തുമ്പോഴും ആദി അവളുടെ കൂടെയുണ്ടായിരുന്നു…..
അവരെല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിച്ചെഴുന്നേറ്റപ്പോഴേക്കും ശങ്കരന്റെ മനസ്സിലെ ഭാരമെല്ലാം കൂടോഴിഞ്ഞിരുന്നു…..
പ്രതാപതിലായിരുന്നപ്പോൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചതിനേക്കാൾ അത്യധികം ആഹ്ലാദ പൂർവമായിരുന്നു ആ ഭക്ഷണം…..
തമാശ പറയാൻ ആദിയും കൂടെ പുഞ്ചിരിക്കാൻ ശിവയും കൂടിയായപ്പോൾ അവരുടെ ഹൃദയങ്ങളിൽ തങ്ങി നിൽക്കുന്ന സന്തോഷം തന്നെയാണ് പുറമെ കാണിക്കുന്നതെന്ന് ശങ്കരന് പൂർണ ബോധ്യമായിരുന്നു…..
കലർപ്പില്ലാത്ത അവരുടെ സന്തോഷം കണ്ട് ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എ സി ഒന്നുമില്ലാതെ ഇവിടെ എങ്ങനെ കിടന്നുറങ്ങും….
അടുക്കളയിൽ പാത്രങ്ങൾ കഴുകി വെക്കുന്നതിനിടയിലാണ് നീതു ശിവക്കരികിലായി വന്നു നിന്നത് പറഞ്ഞത്….
ശിവ അരികിലുള്ള ജനൽ പാളികൾ തുറന്നു….
തണുത്തൊരു കാറ്റ് അവിടേക്കൊഴുകി വന്നു…
ഞാൻ ചെറുപ്പം മുതലേ കിടന്ന് ശീലിച്ചത് എനിക്ക് മാത്രം കിടക്കാൻ വലിപ്പമുള്ളൊരു മുറിയിലായിരുന്നു…..
അന്നും എ സി ക്ക് പകരം ഇത് പോലെ ഞാൻ ജനലുകൾ തുറന്നിടുക തന്നെയാണ് ചെയ്തിരുന്നത്…..
നീതുവിനഭിമുഖമായി നിന്ന് ശിവയത് പറയുമ്പോൾ അവൾക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല….
അതൊക്കെ പോട്ടെ….. നീയെന്നു മുതലാ എ സി യിലൊക്കെ കിടന്ന് ശീലിച്ചു തുടങ്ങിയത്….. ജീവന്റെ വീട്ടിൽ പോയതിനു ശേഷമല്ലേ…. നമ്മുടെ വീട്ടിലെ എ സി ഞാനിത് വരെ കണ്ടിട്ടില്ലല്ലോ…..
ശിവ പുച്ഛിച്ചു കൊണ്ടത് പറയുമ്പോൾ നീതു ചൂളി പ്പോയിരുന്നു…..
ജീവന്റെ വീട്ടുകാരോടൊന്നും ഞാനിതൊന്നും പറഞ്ഞിട്ടില്ല…..
അല്ലെങ്കിൽ തന്നെ പറയാൻ കൊള്ളാവോ….
നീതു അതും പറഞ്ഞു മുഖം തിരിച്ചു…..
അതിനു എന്നെ കണ്ടിട്ടല്ലല്ലോ അവൻ നിന്നെ കെട്ടി കൊണ്ട് പോയത്….. നിങ്ങൾ പ്രേമിച്ചതല്ലേ…..
ഇനി അഥവാ എന്റെ കാര്യത്തിൽ അത്ര ബുദ്ധിമുട്ടുണ്ടെങ്കിൽ അവരോട് നീ പോയി പറയണം അവിടെ നിനക്കുള്ളതിനേക്കാൾ സ്വസ്ഥതയും സമാധാനവും ഇവിടെ ഈ കൂരയിലെനിക്കുണ്ടെന്ന്…..
ശിവ നീതുവിന്റെ കണ്ണുകളിൽ നോക്കിയത് പറഞ്ഞതും നീതുവിന്റെ മുഖത്ത് വെപ്രാളം പരന്നു….
നിന്റെ കണ്ണുകളിൽ മുമ്പ് കണ്ടിരുന്ന തിളക്കം ഇപ്പോഴില്ല….. ആരോരും കാണാതെ സൂക്ഷിച്ചു വെച്ചൊരു ആഴി നിന്റെ ചിരിക്കു പിന്നിലുണ്ട്…..
ശിവ അവളെ നോക്കിയത് പറയുമ്പോൾ നീതുവിനു ശ്വാസമെടുക്കാൻ പ്രയാസം തോന്നി….
തൊണ്ടക്കുഴിയിലാ കണ്ണു നീരിനെ അവൾ തടഞ്ഞു നിർത്താൻ കഷ്ടപ്പെട്ടു…..
നിന്റെ ദുഖത്തിന്റെ കാരണം എന്തെന്നെനിക്കറിയില്ല…. എന്നാൽ….. ജീവിതം ഒന്നേയുള്ളു….. അതാർക്കും വേണ്ടി എരിഞ്ഞു തീരേണ്ടതല്ല….
തളരുമെന്ന് കരുതുന്നിടത് പറന്നുയരാൻ കഴിയണം….
നീതുവിന്റെ കയ്യിൽ പിടിച് ശിവയത് പറയുമ്പോൾ ഒരു അനിയത്തിയോടുള്ള സ്നേഹം മാത്രമായിരുന്നില്ല…. മറിച് ഒരു സ്ത്രീക്ക് തന്റെ ബലഹീനതയെ മറികടക്കാനുള്ള ആത്മ ധൈര്യം കൂടിയായിരുന്നു….
നീതു ഒന്നും പറയാൻ കഴിയാതെ അതെയിരിപ്പ് തുടർന്നു….
ഇത് വരെ എല്ലാവരുടെ കണ്ണുകളിൽ നിന്നും മറച്ചു വെച്ച തന്റെ ദുഖത്തെ അവളെടുത് പറയുമ്പോൾ അവളെ ചേർത്ത് പിടിച്ചു കരഞ്ഞു ഉള്ളിലെ സങ്കടങ്ങളോഴുക്കി തീർക്കാൻ നീതുവിന് തോന്നി…..
പിന്നീടൊരു വാക്കിനിടം കൊടുക്കാതെ ശിവ അകത്തേക്ക് പോയി….
നീതു ജീവച്ഛവമായി അങ്ങനെ അൽപ നേരം നിന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പരിപ്പ് വട കൂട്ടി ചായ കൊടുത്ത ശേഷമാണ് ശിവ അവരെ യാത്രയാക്കിയത്…..
പോകും വരെ നീതുവിന് തന്റെ മുഖത്ത് നോക്കാനൊരു പ്രയാസമുള്ളതായി ശിവക്ക് തോന്നി…..
മോനെ….. ജോലിയെന്തെങ്കിലും…..
ശങ്കരൻ മടിച്ചു മടിച്ചാണ് ആദിയോടത് ചോദിച്ചത്….
ഹാ….. തൽക്കാലം ചെറിയൊരു ജോലി ശെരിയായിട്ടുണ്ട്….
നാളെ മുതൽ പോയി തുടങ്ങണം…..
ആദിയത് പറയുമ്പോൾ ശങ്കരന് സമാധാനമായി….
എന്നാലും ജോലിയെന്ന് പറയുമ്പോൾ എന്തായിരിക്കും…..
അവിടെ നിന്ന് പോന്നിട്ടും ലക്ഷ്മിക്കൊരു സമാധാനമില്ലായിരുന്നു….
ആദി എം ബി എ പഠിച്ചവനാ…. അവനൊരു ജോലിയെന്ന് പറയുമ്പോൾ ഒട്ടും മോശമാവില്ല…..
ശങ്ങരൻ അഭിമാനത്തോടെയത് പറയുമ്പോൾ ലക്ഷ്മിയുടെ മുഖം ചുളിഞ്ഞു….
ഓഹ്…. അത്ര നല്ല ജോലിയൊന്നുമാവില്ല….
ലക്ഷ്മി നീതുവിന്റെ ചെവിയിൽ പറഞ്ഞു…..
അമ്മ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ… ജോലിയാണോ വലിയ കാര്യം….. ഒന്നുമില്ലാന്നിട്ടും അവളെത്ര സന്തോഷവതിയാണെന്ന് നോക്ക്……
നീതു അത് പറയുമ്പോൾ ശിവയുടെ ദുഃഖം കാണാൻ കഴിയാത്തതിന്റെ നിരാശയിലാണ് പറയുന്നതെന്ന് ലക്ഷ്മി കരുതി….. എന്നാൽ നീതു ആ പറഞ്ഞതിൽ അവളുടെ ദുഖങ്ങളോട് ശിവയുടെ സന്തോഷങ്ങളെ താരതമ്യം ചെയ്ത് കൊണ്ടായിരുന്നു….
നീതു ദൂരേക്ക് നോക്കി നിന്നു…..
കണ്ണുകൾ അവളറിയാതെ നിറഞ്ഞു വന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സമ്പത് കൊണ്ട് മനുഷ്യരെ അളക്കുന്ന അവരുടെയൊക്കെ മുമ്പിൽ നീ ചെറുതായിപ്പോയല്ലേ….
നീതുവിന്റെ മുന്നിൽ ഞാൻ കാരണം നീ തോറ്റു പോയല്ലേ…..
ആദിയത് ചോദിക്കുമ്പോൾ വാക്കുകളിൽ അവന്റെ നൊമ്പരം തെളിഞ്ഞു കണ്ടിരുന്നു……
കിടക്കാനായി മുടി പിന്നിയിട്ടു കൊണ്ടിരുന്ന അവളൊന്ന് നിന്നു….
സമ്പത് കൊണ്ട് മനുഷ്യരെ അളക്കുന്ന ചെറിയമ്മ യിൽ ഞാൻ കാണുന്നത് ബുദ്ധി ശൂന്യത മാത്രമാണ്.. അത് ഞാൻ കാര്യമാക്കുന്നില്ല…..
പിന്നേ ഇന്നലെ വരെ കണ്ട നീതുവല്ല ഇന്ന്….. ഇന്നവൾക്കറിയാം മനസ്സമാധാനത്തെക്കാൾ വലുതായി മറ്റൊന്നും ഈ ലോകത്തില്ലെന്ന്….
ഏറ്റവും വലിയ സമ്പത്തെന്നത് മനസ്സമാധാനവും സന്തോഷവുമാണെന്ന്…
അത് കൊണ്ട് തന്നെ ഇന്നെല്ലാവരെക്കാളും സമ്പന്ന ഞാൻ തന്നെയാണ്….
പറയുമ്പോൾ ആ കണ്ണുകളിൽ ഒരു തിളക്കം ആദിക്ക് കാണാൻ കഴിഞ്ഞു….
അവൻ മനോഹരമായൊന്നു പുഞ്ചിരിച്ചു……
(തുടരും )

by