The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അയിഷ അക്ബർ
ദിവസങ്ങൾക്ക് വർഷങ്ങളുടെ ദൈർഗ്യം അവൾക്കനുഭവപ്പെട്ടു….
രാവുകൾക്ക് എന്തെന്നില്ലാത്ത നീറ്റലും പകലുകൾ ഒറ്റപ്പെടലും അവൾക്ക് സമ്മാനിച്ചു കൊണ്ടിരുന്നു….
അവന്റെ ഫോണിന് വേണ്ടിയുള്ള കാത്തിരിപ്പായി മാറി ഓരോ ദിവസവും…..
പണ്ടൊക്കെ വിളിക്കുമ്പോൾ വീട്ടുകാരെ കാണിക്കാനുള്ള ഒരു ചടങ്ങ് മാത്രമായിരുന്നുവെങ്കിൽ ഇന്നത്തിനവളുടെ പ്രാണന്റെ വിലയുണ്ട്…..
അധികം സംസാരങ്ങളൊന്നും അവർക്കിടയിലില്ലെങ്കിൽ കൂടി അവരുടെ മൗനം പോലും വാചാലമായിരുന്നു….
പരസ്പരം ശ്വാസങ്ങളെ പോലും തിരിച്ചറിയാൻ കഴിയുമെന്ന വണ്ണം അവരടുത്തിരുന്നു…..
നീതുവിന്റെ കല്യാണ ദിവസം കലണ്ടറിൽ വരച്ചിടുമ്പോൾ അതിന്റെ തലേന്നെങ്കിലും അവൻ എത്തുമെന്ന പ്രതീക്ഷയായിരുന്നു…..
കലണ്ടറിൽ ദിവസങ്ങൾ നീങ്ങുമ്പോൾ നിറഞ്ഞിരുന്നത് അവളുടെ മനസ്സായിരുന്നു……
മോളേ… ആദി പോയ സ്ഥിതിക്ക് രണ്ട് ദിവസം ഇവിടെ വന്നു നിന്നു കൂടെ….
ശങ്കരൻ അങ്ങേയറ്റം സ്നേഹത്തോടെ അത് ചോദിക്കുമ്പോൾ നിരസിക്കാൻ അവൾക്കാകുമായിരുന്നില്ല എങ്കിലും പോകാൻ അവൾക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല….
ശിവ മോളേ കൂട്ടാൻ വന്നതായിരിക്കുമല്ലേ….
രഘുവിന്റെ ചോദ്യത്തിന് ശങ്കരൻ ഒന്ന് ചിരിച്ചു…
അല്ല…. ഞാൻ അവളെ ഒന്ന് കണ്ടിട്ട് പോകാൻ വന്നതാണ്…..
ശിവ അച്ഛനെ നോക്കി…. കൂട്ടി കൊണ്ട് പോകാനാണ് വന്നതെന്ന ധാരണയിലാണ് അവളും നിന്നിരുന്നത്….
ആദി വിളിച്ചിരുന്നു…. അവൻ വന്നിട്ട് രണ്ട് പേരും ഒരുമിച്ച് വന്നു തമാസിക്കാമെന്നും ഇപ്പൊ നിന്നെ അങ്ങോട്ട് കൊണ്ട് പോകേണ്ടയെന്നും പറഞ്ഞിരുന്നു……
ഇറങ്ങാൻ നേരം ശിവയുടെ കൈകളിൽ പിടിച്ചത് പറയുമ്പോൾ ശിവ അത്ഭുതപ്പെട്ടു…..
എത്ര ദൂരത്താണെങ്കിലും തന്നെ മനസ്സിലാക്കാൻ അവന് കഴിയുന്നുണ്ടെന്നത് അവളെ ആനന്ദത്തിലാക്കി…..
എന്തേയ് വീട്ടിലേക്ക് പോകണ്ടായെന്ന് പറഞ്ഞത്……
ഫോൺ വിളിക്കുമ്പോഴാണവളത് ചോദിച്ചത്…..
ഇനി അവിടെ പോയിട്ട് അവരെ കയ്യിൽ നിന്ന് മുഴുവൻ വാങ്ങിച്ചു കൂട്ടി മിണ്ടാതിരിക്കും….. എന്താ അതിന്റെ ആവശ്യം….. എങ്ങും പോവണ്ട…. അത്ര തന്നെ…..
പറയുന്നത് ദേഷ്യത്തോടെയായിരുന്നുവെങ്കിലും ആ വാക്കുകളിൽ തന്നോടുള്ള ശ്രദ്ധയെ അവൾ കണ്ടു പിടിച്ചിരുന്നു……
മോളേ ശിവാ….. നീതു മോൾക്ക് ആഭരണങ്ങളെടുക്കാൻ പോകണം….. കല്യാണം ഇങ്ങടുത്തെത്തിയില്ലേ……
നിന്നേം കൂട്ടി പോവാനാണ് അച്ഛൻ വന്നത്…..
അവളൊന്നും മിണ്ടിയില്ല….
ആദിയോട് ഞാൻ പറഞ്ഞിട്ടുണ്ട്…. നാളെ തന്നെ ഇങ്ങോട്ട് ആക്കി തരാം….
അവൾക്ക് തീരെ താല്പര്യമില്ലെങ്കിലും അച്ഛൻ വിളിക്കുമ്പോൾ ഇല്ലായെന്ന് പറയാൻ കഴിയുമായിരുന്നില്ല……
ചെന്നപ്പോഴേ ലക്ഷ്മിയുടെയും നീതുവിന്റെയും മുഖ ഭാവം കണ്ടപ്പോൾ തന്നെ വന്നത് തെറ്റായിപ്പോയിയെന്ന് ശിവക്ക് തോന്നിയിരുന്നു…
എന്തിനാ ഇവളെയിപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്…
ചോദിക്കുമ്പോൾ ലക്ഷ്മിയുടെ മുഖത്തെ ദേഷ്യം കാണാൻ കഴിയാതെ ശിവ അകത്തേക്ക് കയറിപ്പോയി…
അതെന്താ ലക്ഷ്മി നീയങ്ങനെ പറയുന്നത്…..
നീതുവിന് ആഭരണങ്ങളെടുക്കാൻ പോകുമ്പോൾ ശിവ വേണ്ടേ…..
ശങ്കരന്റെ വാക്കുകളിൽ ലക്ഷ്മിക്ക് നീരസം തോന്നി……
എന്തേയ്…. നിങ്ങളെ മോളേ കൂട്ടിയില്ലെങ്കിൽ സ്വർണ കടക്കാർ കയറ്റില്ലേ….
ലക്ഷ്മി പുച്ഛിച്ചു കൊണ്ടത് പറയുമ്പോൾ ശങ്കരൻ ചാരു കസേരയിലേക് ചാഞ്ഞു…..
എങ്കി നീയും നിന്റെ മോളും പൊയ്ക്കോളൂ…. ഞാൻ വന്നില്ലെങ്കിലും സ്വർണക്കടക്കാരങ്ങോട്ട് കയറ്റും….
ശങ്കരൻ ശാന്തമായാണത് പറഞ്ഞതെങ്കിലും ആ വാക്കുകൾ ലക്ഷ്മിക്കൊരു അടി കിട്ടിയത് പോലെ തോന്നി…..
എന്റെ മോളോ…. അപ്പൊ അവള് നിങ്ങളുടെ മോളല്ലേ…..
ലക്ഷ്മി ദേഷ്യം കൊണ്ട് വിറച്ചു…..
അവള് എന്റെ മോളാണെന്നുള്ള വിശ്വാസം നിനക്കുണ്ടായിരുന്നെങ്കിൽ ശിവയെ എന്റെ മോള് എന്നു നീ പറയില്ലായിരുന്നല്ലോ…. അവര് രണ്ട് പേരും എനിക്കൊരു പോലെയാണ്…..
പിന്നെ…. നിന്റെ സൗന്ദര്യം കണ്ട് മതി മറന്നിട്ടല്ല നിന്നെ ഞാൻ കെട്ടിയത്…. എന്റെ മോളേ നോക്കാൻ ഒരാളെ ആവശ്യമുണ്ടായിരുന്നു…. അത് കൊണ്ട് അവള് തന്ന ഭിക്ഷയായി നീയീ ജീവിതത്തെ കണ്ടാൽ മതി…….
ശങ്കരൻ പല്ല് ഞെരിച്ചത് പറഞ്ഞു കൊണ്ട് അവിടെ നിന്നെഴുന്നേൽക്കുമ്പോൾ ശ്വാസം പോലും എടുക്കാൻ മറന്ന് മരവിച്ച അവസ്ഥയിലായിരുന്നു ലക്ഷ്മി…..
തെറ്റ് പറ്റിപ്പോയി…. അവളിവിടെ തന്റെ കാൽ കീഴിൽ വേണമായിരുന്നു…. എങ്കിൽ ഒരിക്കലും തന്റെ നേരെ അവരിത്രയും പറയില്ലായിരുന്നു…. അവളെ യിനി തനിക്കൊന്നും ചെയ്യാനാവില്ലായെന്ന വിശ്വാസമാണ്…..
ലക്ഷ്മിയുടെ ഹൃദയത്തിൽ കുറ്റബോധം തോന്നി….
അന്നാ പന്തലിൽ അവളെ താൻ കയറ്റിയത് ഏറ്റവും വലിയ തെറ്റായിപ്പോയിയെന്നവരാലോചിച്ചു……..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശിവയെ കൂട്ടിയില്ലെങ്കിൽ ശങ്കരൻ വരില്ലെന്നുള്ളത് കൊണ്ട് മാത്രം ലക്ഷ്മി അവളെ കൂട്ടിയിരുന്നു…അതിന്റെ ദേഷ്യം അവരുടെ മുഖത്ത് പ്രകടമായി ഉണ്ടായിരുന്നു….
സിറ്റിയിലെ ഏറ്റവും വലിയ ആഭരണക്കട നോക്കിയാണ് അവർ ചെന്നു നിന്നത്….
ആ കട കണ്ടപ്പോഴേ ശിവക്ക് പരിചയം തോന്നി..
അതേ ആദി തന്നെയും കൂട്ടി വന്ന അതേ കടയായിരുന്നു…..
ജേക്കബിന്റെ……
ശങ്കരൻ മുമ്പിൽ നടന്നപ്പോൾ ലക്ഷ്മിയും നീതുവും ഒരുമിച്ച് നടന്നു….
അവർക്ക് പിറകിലായി ഒതുങ്ങിക്കൂടി ശിവയും….
ആഭരണങ്ങൾ മാറി മാറി നോക്കുന്ന തിരക്കിലായിരുന്നു നീതുവും ലക്ഷ്മിയും….
ശിവയുടെ കഴുത്തിൽ കണ്ടത് പോലെയുള്ള വെള്ളക്കൽ പതിച്ച മാലയായിരുന്നു നീതു കയ്യിൽ പിടിച്ചത്….
എന്നാൽ അത് വാങ്ങാൻ മാത്രം പണം അവരുടെ കയ്യിലില്ല എന്ന സത്യത്തിലേക്കവൾ കടന്നു വന്നതും അവളത് പതിയെ താഴെ വെച്ചു…..
അവരുടെ അരികത്തായിരുന്ന ശിവയുടെ കഴുത്തിൽ അപ്പോഴും ആ വെള്ളക്കല്ല് തിളങ്ങുന്നത് അവർ കണ്ടിരുന്നു…..
നീതു ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി… ലക്ഷമിയും നിസ്സഹായയായിരുന്നു….
നീളൻ മിഴികളാൽ ശിവ അവരെ രണ്ട് പേരെയും നോക്കി…..
അവളുടെ കൂടെയെത്താൻ താനിനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ടെന്ന് ശിവ തന്നോട് പറയും പോലെ നീതുവിന് തോന്നി..
ഹേയ്….. ശിവാ….
ജേക്കബിന്റെ ശബ്ദം അവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലായി……
അവൾ ഇരുന്നിടത്തു നിന്നും ചെറു ചിരിയോടെ എഴുന്നേറ്റു…..
ഒറ്റക്കാണോ…. ആദിത്യൻ വന്നില്ലേ…
ഇല്ലാ…. അവര് ജോലി സ്ഥലത്താണ്…. ഞാൻ അച്ഛന്റെ കൂടെ അനിയത്തിക്ക് സ്വർണം എടുക്കാൻ വന്നതാ…..
ഇതാണോ അച്ഛൻ….. ജേക്കബ് ശങ്കരന് നേരെ തിരിഞ്ഞു….
അതേ…. അച്ഛാ…. ഇത് ജേക്കബ് ആദിയേട്ടന്റെ കൂട്ടുകാരനാ….
അവർ പരസ്പരം പുഞ്ചിരിച്ചു കൊണ്ട് കൈ കൊടുത്തു….
പോൾ…. ഇവർക്കൊന്നിനും ഒരു കുറവും വരുത്തരുത്… പ്രത്യേകം ശ്രദ്ധിക്കണം…
അപ്പോ നോക്കിക്കോളൂ…
പുഞ്ചിരിച്ചു കൊണ്ടത് പറഞ്ഞു ജേക്കബ് പോവുമ്പോൾ നീതുവിന് ദേഷ്യം വന്നു…..
ജാതക ദോശവുമില്ല… ഒരു മണ്ണാകട്ടയുമില്ല… അതിനു ഇവളെക്കാൾ തെളിവ് മറ്റെന്ത് വേണം…. എവിടെ ചെന്നാലും അവള് വി ഐ പി യാണ്…. എനിക്കാകെ ചൊറിഞ്ഞു വരുന്നുണ്ട്….
നീതു അത് പറയുമ്പോൾ മറുത്തു പറയാൻ ലക്ഷ്മിയുടെ കയ്യിലും വാക്കുകളുണ്ടായിരുന്നില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആഭരണങ്ങളെല്ലാം എടുത്ത് വീട്ടിലെത്തിയപ്പോഴും ഒരു ദിവസം കഴിഞ്ഞു കിട്ടണ്ടേയെന്നാലോചിച്ചവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…..
നടന്നു മറഞ്ഞ വഴികളിലൂടെ അവൾ വീണ്ടും നടന്നു…..
വയലേലകൾക്ക് മുന്നത്തേതിലും സൗന്ദര്യം കൂടിയതായി അവൾക്ക് തോന്നി….
കിളികൾ അവൾക്ക് വേണ്ടി പ്രണയ ഗാനം പാടുന്നത് പോലെ….
അമ്പലത്തിൽ പോയി തൊഴുതിറങ്ങും വഴിയാണ് ശിവായെന്ന വിളിയവളുടെ കാലുകളെ പിടിച്ചു നിർത്തിയത്……
അവളുടെ നീളൻ മിഴികളിൽ ഞെട്ടൽ നിറഞ്ഞു കണ്ടിരുന്നു….
അശ്വതി ചേച്ചി….
കാണണമെന്ന് മനസ്സിൽ വിചാരിച്ചിരുന്നെങ്കിലും ഇത്ര പെട്ടെന്ന് നടക്കുമെന്ന് മനസ്സിൽ പോലും വിചാരിച്ചിരുന്നില്ല…..
ശിവാ…. നിനക്ക് സുഖം തന്നെയാണോ….
സംസാരത്തിൽ മുഴുവൻ ആ പഴയ അശ്വതി ചേച്ചി തന്നെയായിരുന്നു….
എന്നാൽ താൻ പഴയ ശിവയല്ലല്ലോ…..
അവൾ പതിയേ ഒന്ന് പുഞ്ചിരിച്ചു….
വീട് അവിടെ നിന്നും മാറിയതിൽ പിന്നെ നിന്റെ വിവരങ്ങളൊന്നും അറിയാതെയായി….
ഞാനിപ്പോ ഭർത്താവിന്റെ കൂടെ ഓസ്ട്രേലിയ യിലാണ്……
നീ ഒത്തിരി മാറിപ്പോയല്ലോ ശിവാ…..
വിശേഷങ്ങൾ വാ തോരാതെ പറയുന്ന ആശ്വാതിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ശിവ നിന്നു……
നാട്ടിലേക്ക് എപ്പോ വന്നു…
ശിവ സൗമ്യയായി ചോദിച്ചു….
ഞാൻ ഒരാഴ്ചയായി….
നിന്റെ വിവാഹം കഴിഞ്ഞല്ലേ….
അവളത് ചോദിക്കുമ്പോൾ ശിവ പതിയേ തല കുലുക്കി….
ഞാൻ ഫോട്ടോ കണ്ടിരുന്നു…. അവസാനം കഥയിലെ രാജകുമാരനും കാണാ മറയത്തെ രാജ കുമാരിയും ഒന്നിച്ചു അല്ലെ…
കുസൃതിയോടെ അശ്വതിയത് ചോദിക്കുമ്പോൾ ശിവ തലയുയർത്തി അവളെ നോക്കി….
ഹംസമായിരുന്ന എനിക്ക് ചിലവൊന്നുമില്ലേ….
അവൾ ചിരിക്കുമ്പോൾ ശിവ പുച്ഛത്തോടെയൊന്ന് ചിരിച്ചു…..
കഥകളിലൊന്നും ഹംസം ചതിച്ചതായി ഞാൻ വായിച്ചിട്ടില്ലായിരുന്നു….എന്നാൽ എന്റെ കഥയിലങ്ങനെയല്ലല്ലോ…..
ശിവ ഗൗരവത്തോടെയത് പറയുമ്പോഴും ചൊടികളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു….
അവളുടെ വാക്കുകൾ കേട്ടതും അശ്വതിയുടെ മുഖത്ത് വിരിഞ്ഞ പകപ്പ് ശിവ നോക്കി കണ്ടു….
ശിവാ… അത്…. ഞാൻ…..
അശ്വതി വാക്കുകൾക്കായി പരതി……
എന്തിനാണെന്ന് മാത്രമേ എനിക്കറിയേണ്ടതുള്ളു….
ശിവ കൈകളുയർത്തി…
ആദ്യമൊക്കെ നിന്റെ കത്തുകളിൽ ഒന്നും എനിക്ക് തോന്നിയിരുന്നില്ല…
എന്നാൽ പിന്നെ പിന്നെ…. ആദിത്യൻ അതിനെ കുറിച് കൂടുതൽ പറയുമ്പോൾ നിന്നെ കുറിച് കൂടുതൽ ചോദിക്കുമ്പോൾ എനിക്കെവിടെയോ എന്നെ നഷ്ടമായിരുന്നു…..
ആരോരുമറിയാത്ത ഒരു ഇഷ്ടം എനിക്ക് ആദിത്യനോടുണ്ടായിരുന്നു….
അല്ലെങ്കിലും അവനെ ആർക്കാണ് ഇഷ്ടമാവാതിരിക്കുക…..
അശ്വതിയുടെ വാക്കുകൾക്ക് ശിവ കാതോർത്തു നിന്നു….
അതെല്ലാം അവൾക്ക് പുതിയ കഥകളായിരുന്നു…
ഇഷ്ടക്കുറവ് കൊണ്ടായിരുന്നില്ല എന്റെ ഇഷ്ടം അവനോട് ഞാൻ തുറന്ന് പറയാതിരുന്നത്….
അവന്റെ സൗഹൃദം കൂടി നഷ്ടമാകുമോയെന്ന ഭയത്തിലായിരുന്നു…..
നിന്റെ എഴുത്തുകളെ വാനോളം പുകഴ്ത്തുമ്പോൾ നിന്റെ അക്ഷരങ്ങൾക്ക് ജീവനുണ്ടെന്നു പറയുമ്പോൾ നിന്നെ കാണാനുള്ള അവന്റെ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ എനിക്കത് ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല….
ഒരുപക്ഷെ അവൻ നിന്നെ തിരിച്ചറിഞ്ഞാൽ നിങ്ങൾ തമ്മിൽ പ്രണയത്തിലാവുമോയെന്ന് പോലും ഞാൻ ഭയന്ന്…
അത് കൊണ്ടാ ഞാൻ…. നിന്റെ ചെറിയമ്മയോട് നിനക്ക് പ്രണയമുണ്ടെന്ന് പറഞ്ഞത്…..
ശിവ ഞെട്ടി….. അത് അവൾക്ക് പുതിയ അറിവായിരുന്നു….. അത്രത്തോളം അവൾ പ്രതീക്ഷിച്ചിട്ടുമില്ലായിരുന്നു……
ഞാൻ നിങ്ങളെ ചേച്ചിയെ പോലെ കണ്ടതല്ലേ…. എന്നിട്ടും….. എന്തിനാണ്….
ചോദിക്കുമ്പോൾ ശിവക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…..
പറ്റിപ്പോയി ശിവാ ….. ആ കത്തുകൾ ഞാനാണ് എഴുതിയതെന്ന് ആദിത്യനോട് പറഞ്ഞപ്പോഴും അവനത് തമാശയായെ എടുത്തുള്ളൂ…..പറയാൻ പോലും ധൈര്യമില്ലാത്ത എന്റെ പ്രണയത്തെക്കാൾ നീയായിരുന്നു ശരിയെന്നു കാലം തെളിയിച്ചു…..
നിങ്ങളുടെ കല്യാണ ഫോട്ടോ കണ്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് ഞാനായിരുന്നു…..
എന്നെ…എന്നെ ശപിക്കരുത് ശിവാ…..
കൈ പിടിച്ചത് പറയുമ്പോൾ ശിവ ഒന്നും മിണ്ടിയില്ല……
നീതുവിന്റെ കല്യാണമാണ്…
അത് കഴിഞ്ഞിട്ട് തിരിച്ചു പോവാം…..
വിഷയം മാറ്റാനെന്ന വണ്ണം ശിവയത് പറയുമ്പോൾ അശ്വതിയുടെ മുഖത്തൊരു ആശ്വാസം പടർന്നു…..
ഇല്ല ശിവാ…. എനിക്ക് രണ്ട് ദിവസം കൂടിയേ ഇവിടുള്ളു…
നിന്നെ കാണാനും മനസ്സിലെ ഭാരങ്ങളൊഴിക്കാനും പറ്റിയത് തന്നെ വലിയ കാര്യം……
അവിടെ നിന്ന് തിരിച്ചു പോരുമ്പോൾ മനസ്സിൽ കുരുങ്ങിക്കിടന്ന ഒത്തിരി ചോദ്യങ്ങൾക്ക് ശിവക്ക് ഉത്തരം കിട്ടിയിരുന്നു…..
(തുടരും )