രചന – അയിഷ അക്ബർ
ശിവ മുറിയിലേക്ക് വരുമ്പോൾ അലമാര തുറന്ന് അതിൽ നിന്നെന്തൊക്കെയോ എടുത്ത് നോക്കുന്ന ആദിയെയാണ് കാണുന്നത്…..
അവളെ കണ്ടതും അവൻ മുഖമൊന്നുയർത്തി പുഞ്ചിരിച്ചു……
ഇതാണോ നീ കണ്ട ആദിത്യൻ…..
പുസ്തകങ്ങൾക്കിടയിൽ നിന്നും ഒരു പഴയ ഫോട്ടോയെടുത് അവൾക്ക് നേരെയവൻ നീട്ടി…..
അവളത് വാങ്ങി നോക്കി….
അവൾ കണ്ടിരുന്നതിൽ നിന്നും കുറച്ചു കഴിഞ്ഞുള്ള ഫോട്ടോയായി അത് അവൾക്ക് തോന്നി…..
അവൾ അലമാരയിൽ പുസ്തകങ്ങളുടെ ഇടയിൽ എന്തിനോ വേണ്ടി തിരഞ്ഞു…..
അവസാനം അവളുടെ കൈകളിൽ പിടിച്ചു നിന്നിരുന്നത് ആ പഴയ മാഗസിൻ ആയിരുന്നു….
അതിൽ അവന്റെ ഫോട്ടോയുള്ള ആ പേജവന് നേരെയവൾ നീട്ടി…..
ഇതായിരുന്നു ഞാൻ കണ്ട ആദിത്യൻ…..
അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി മൊട്ടിട്ടു..
അതിനരികത്തായി നിങ്ങൾ കാണാത്ത ശിവയും…..
അവനാ ഫോട്ടോയിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോഴാണ് അവളത് പറഞ്ഞത്…..
പറഞ്ഞത് മനസ്സിലാവാതെ അവൻ അവളെ നോക്കി….
പിന്നെ വീണ്ടും ആ പുസ്തകത്തിലേക്കും….
അതിൽ എഴുതി ചേർത്ത ശിവദ ശങ്കർ എന്ന പേരവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു…..
അവൻ അത്ഭുതത്തോടെ അവളെ നോക്കി….
ഇത്…. ഇത്…. നീയായിരുന്നോ…..
അവളൊന്നും മിണ്ടാതെ അതേ നിൽപ്പ് തുടർന്നു….
അവന്റെ കണ്ണുകളിൽ മാറി മറിയുന്ന ഭാവങ്ങളെ ഒപ്പിയെടുക്കുമ്പോൾ ആ ചൊടികളിലൊരു പുഞ്ചിരി തത്തി നിന്നിരുന്നു…..
ഇത്ര അടുത്തുണ്ടായിരുന്നിട്ടും നിന്നെ ഞാൻ അറിഞ്ഞില്ല…
അവന് വിശ്വസിക്കാൻ പ്രയാസം തോന്നി….
അന്നറിയാത്ത ശിവയെ ഇന്ന് നിങ്ങളറിയുന്നുണ്ട്…
മാറ്റാരേക്കാളും നന്നായി…
അവളുടെ മനസ്സ് മന്ത്രിക്കുമ്പോഴും അവളുടെ മിഴികൾ തങ്ങി നിന്നത് അവന്റെ ചൊടികളിലെ ആ കുഞ്ഞു പുഞ്ചിരിയിലായിരുന്നു….
പിന്നെയും പലതും ആ അലമാരക്ക് കാണിച്ചു തരാനുണ്ടായിരുന്നു…
പല പുസ്തകങ്ങളും ഫോട്ടോകളും എല്ലാം എടുത്ത് അവൻ ശിവയെ കാണിക്കുമ്പോഴും അവൾ അവൾക്കറിയാവുന്നവയും അവൻ അവനറിയാവുന്നവയും പരസ്പരം പങ്കു വെച്ചു…..
ടൂറിനു പോയപ്പോഴുള്ള ഫോട്ടോ കാണിച്ചപ്പോൾ ചിലരെയൊക്കെ ശിവക്ക് അറിയാമായിരുന്നു….
ചിലരെ ആദി കഷ്ടപ്പെട്ട് ഓർത്തെടുത്തു… മറ്റു ചിലർ താനേ ഓർമകളിലേക്ക് ചേക്കേറി… മറ്റു ചിലരെ അപ്പോഴേക്കും മറവി പിടിയിലാക്കിയിരുന്നു….
കാലം എന്ന വലിയൊരു പേമാരി യിൽ പൊലിഞ്ഞു പോയ ചില മണ്കൂനകളായി ആദിക്കവയെല്ലാം തോന്നി…
അവനാ ലോകത്ത് തന്നെയായിരുന്നു അപ്പോഴും…..
അവന്റെ മുഖമപ്പോൾ എന്നത്തേതിലും നിഷ്കളങ്കമായി ശിവക്ക് തോന്നി….
ഒരു പുസ്തകം കയ്യിലെടുത്തപ്പോൾ അതിൽ നിന്ന് കൊഴിഞ്ഞു വീണ കടലാസ് കഷ്ണങ്ങൾ അവൾ പെറുക്കിയെടുത്തു കൊണ്ടിരുന്നു……
ഹൃദയത്തിലെ മുറിവിൽ നിന്നും രക്തം കിനിയും പോലെ…..
തന്റെ കൈ കൊണ്ടെഴുതിയ അക്ഷരങ്ങളാണ് അവയുടെ ജീവനെന്ന് മനസ്സിലായപ്പോൾ അവൾക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി……
താൻ എഴുതിയ എഴുത്തിനെ ഇത്രയും കാലം സൂക്ഷിച്ചു വെക്കാൻ എന്തായിരിക്കും കാരണം….
ഇത്… ഇതെന്താ…..
അവളാ കടലാസുകൾ അവന് നേരെ നീട്ടി…
അവൻ അതിലേക്ക് നോക്കിയതും ഒരു പുച്ഛം പടർന്നത് പോലെ തോന്നി…
അതോ…. അതൊരു വട്ട് കേസാണ്….
അവൻ ചിരിച്ചു കൊണ്ട് നിസ്സാരമായി പറയുമ്പോൾ അവൾക്ക് സങ്കടം വന്നു….
അത്ര മേൽ പ്രാണനിൽ നിന്നെഴുതിയ വാക്കുകളെ അവന് വെറും വട്ടായി തോന്നിയതെന്നാലോചിച്ചു അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു….
ആദിത്യന് കിട്ടിയ പ്രണയ ലേഖനമായിരിക്കുമല്ലേ….
അവൻ വീണ്ടും അതിനെ കുറിച്ചൊന്നും പറയുന്നില്ലെന്ന് കണ്ട് അവൾ ചോദിച്ചു….
പ്രണയം എന്നത് അതിൽ ഇല്ലായിരുന്നെങ്കിലും അതിനെവിടെയോ ഒരു ആത്മാവുള്ളതായി എനിക്ക് തോന്നിയിരുന്നു….
ആദിയൊന്ന് പുഞ്ചിരിചാണത് പറഞ്ഞത് …
ശിവ അവന്റെ വാക്കുകളിലേക്ക് ലയിച്ചു കഴിഞ്ഞിരുന്നു….
പറയുന്നത് തന്നെ കുറിച്ചാണെന്ന് അവനറിയില്ലെങ്കിലും തനിക്കറിയാമല്ലോ….
അവൾ അവനെ തന്നെ നോക്കി……
ആ വാക്കുകളോടൊക്കെ എന്തൊക്കെയോ ഒരിഷ്ടം എനിക്കും തോന്നിയിരുന്നു..
ആ എഴുത്തിനു ഒരു ജീവന്റെ വില ഞാൻ കണ്ടിരുന്നു….
എന്നിലേക്ക് മാത്രമായി ഒതുങ്ങുന്ന ഒരു ലോകവും…
ആദി ഓർമകളിലൂടെയെങ്ങനെ തെന്നി നീങ്ങി….
ശെരിയായിരുന്നു…. തനിക്കാ വാക്കുകൾക്ക് തന്റെ ജീവന്റെ വിലയുണ്ടായിരുന്നു…..
അവനിലേക്ക് മാത്രം ചുരുങ്ങിപ്പോയ ഒരു ലോകവും…..
തന്നെ പറയാതെ തന്നെ എത്ര മനോഹരമായി അവൻ മനസ്സിലാക്കിയിരിക്കുന്നു…
ഓർക്കും തോറും അവൾക്കാകേ മനസ്സ് നിറയുന്നത് പോലെ തോന്നി……
എന്നിട്ട്…..
ആകാംക്ഷ എന്ന പോൽ അവൾ ചോദിച്ചപ്പോൾ അവൻ അവളിലേക്ക് സംശയത്തോടെ നോക്കി…
സാധാരണ ഒരു കാര്യത്തിനും അവളിത്ര ഉത്സാഹം കാണിക്കാത്തതാണ്…..
അവളുടെ മാറ്റത്തിന്റെ അടയാളമായി അവനതിനെ കണക്കാക്കി… അവന് വല്ലാത്ത സന്തോഷം തോന്നി…….
എന്നിട്ടെന്താ….. പിന്നെയാണറിഞ്ഞത് ഞാൻ വിചാരിച്ചതൊക്കെ തെറ്റായിരുന്നെന്ന്……
ഒരു നെടു വീർപ്പോടെ അവനത് പറഞ്ഞു നിർത്തുമ്പോൾ അവൾ അത്ഭുതത്തോടെ അവനെ നോക്കി…..
എന്താ…. എന്ത് പറ്റി…..
വാക്കുകളിൽ വേവലാതി പറ്റി പിടിച്ചിരുന്നു…..
ഈ കത്തുകൾ എഴുതുന്ന ആളെ എനിക്ക് പോലും അറിയില്ലായിരുന്നു….
നിന്റെ ആരാധിക തന്നതാണെന്ന് പറഞ്ഞു എന്റെ ഒരു കൂട്ടുകാരിയാണ് എന്റെ കയ്യിൽ കൊണ്ട് തന്നിരുന്നത്….
പിന്നീടാണവൾ പറഞ്ഞത് അതെല്ലാം അവള് തന്നെ എഴുതിയതായിരുന്നുവെന്നും എല്ലാം ഒരു തമാശക്ക് വേണ്ടിയായിരുന്നുവെന്നും….
കേട്ട കാര്യം വിശ്വസിക്കാനാവാതെ ശിവ അൽപ നേരം നിന്നു….
പക്ഷെ എനിക്കെന്തോ ആ കത്തുകൾ ഒന്നും അന്ന് കളയാൻ തോന്നിയില്ല….
ആ എഴുതിനെന്തൊക്കെയോ പ്രത്യേകതയുള്ളതായി തോന്നി…..
അവൻ വളരേ നിസ്സാരമായി പറഞ്ഞു നിർത്തുമ്പോഴും കേട്ടതിലെ പിഴവിനെ തിരുത്താൻ ശ്രമിക്കുകയായിരുന്നവൾ…
എന്താ….. എന്തായിരുന്നു ആ കൂട്ട് കാരിയുടെ പേര്…
ചോദിക്കുമ്പോൾ വാക്കുകൾക്ക് വിറയൽ വരാതിരിക്കാൻ അവൾ ശ്രമിച്ചു…..
അശ്വതി….. നിനക്കറിയുമോ…ഉയരം കുറഞ്ഞു വെളുത്തൊരു പെൺകുട്ടി…..
അവനത് പറയുമ്പോൾ അവൾ ഇല്ലെന്ന് തല കുലുക്കി…..
അവളുടെ മനസ്സിൽ വികാരങ്ങളുടെ പിടി വലി നടന്നു കൊണ്ടിരുന്നു….
എന്താണ് അന്ന് സംഭവിച്ചതെന്നറിയാൻ മനസ്സ് തിങ്ങി ഞെരുങ്ങി…
അന്ന്….. നിങ്ങൾ പാതി വഴിയിൽ പഠിത്തം നിർത്തിയിരുന്നോ…..
അവൻ പുസ്തകത്തിൽ നിന്നും തലയുയർത്തി….
പാതി വഴിയിൽ നിർത്താൻ വേണ്ടി ആരെങ്കിലും പഠിക്കുമോ….
മുഴുവൻ പഠിച്ചു പാസ് ആയിട്ട് തന്നെയാ കോളേജ് വിട്ടത്…..
അതേ…. സംശയിച്ചത് പോലെ സംഭവിച്ചിരിക്കുന്നു….
അശ്വതി ചേച്ചി തന്നെ ചതിച്ചിരിക്കുന്നു….
അവനോട് പറഞ്ഞ കള്ളങ്ങൾക്ക് പുറമെ തന്നോടും കള്ളങ്ങൾ പറഞ്ഞിരിക്കുന്നു….
എന്നാൽ എന്തിനെന്നറിയില്ല….
ആദി വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നു…. എന്തോ ചിന്തയിലെന്ന പോൽ…..
അവളുടെ പെട്ടെന്നുണ്ടായ ഭാവ മാറ്റത്തെ ഒരു നെടു വീർപ്പോടെ ആദി കണ്ടു നിന്നു…..
അവളെ തീർത്തും മനസ്സിലാവാത്ത പോൽ…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ഞാൻ..
തിരിച്ചു പോവാണ്…..
ആദി അവൾക്കരികിലായി നിന്നത് പറയുമ്പോൾ അവളൊരു നിമിഷം അവനെ നോക്കി…..
എങ്ങോട്ട്…..
അവളുടെ ആ ചോദ്യം അവൻ പ്രതീക്ഷിച്ചതായിരുന്നില്ല….
പിന്നെ എനിക്ക് തിരിച്ചു പോവണ്ടേ….
അവൻ ചെറു ചിരിയോടെയാണത് പറഞ്ഞത്…….
അവളുടെ കണ്ണുകളിൽ എന്തോ ഒരു കരി നിഴൽ പടർന്നുവോ……
ഇല്ലാ.. അത് തന്റെ തോന്നൽ മാത്രമായിരിക്കും….
അവളൊന്നും പറഞ്ഞില്ലെങ്കിലും എന്തൊക്കെയോ പറയാനുള്ളതായി ആ മിഴികൾ വെമ്പുന്നത് പോലെയാവന് തോന്നി…..
കഴിഞ്ഞ തവണ പോകുകയെന്ന് പറഞ്ഞപ്പോഴുള്ള ആ നിർവികാരതയിൽ നിന്നും ആ മിഴികളിൽ തങ്ങി നിൽക്കുന്ന ആ ഭാവം ആദിക്ക് സന്തോഷം നൽകിയിരുന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അച്ഛനില്ലേ……
ശങ്കരനെ കാണാൻ വേണ്ടി ആദി പോയപ്പോൾ നീതുവാണ് ഉമ്മറത്തേക്ക് വന്നത്……
അച്ഛൻ ഇപ്പൊ വരും… ആദിയേട്ടൻ കയറു….
നീതു ക്ഷണിച്ചപ്പോൾ ആദി പുഞ്ചിരിയോടെ ഉമ്മറത്തേക്ക് കയറിയിരുന്നു…
ലക്ഷ്മി ചായ കൊണ്ട് കൊടുത്തെങ്കിലും അന്നത്തെ ആ സംഭവം കൊണ്ടായിരിക്കാം മുഖത്ത് നോക്കാൻ പ്രയാസം കണ്ടത്…..
എന്താ ആദിയേട്ടാ ഈ വഴി…. വിശേഷിച്ചെന്തെങ്കിലും…
ഞാൻ.. നാളെ തിരിച്ചു പോവും…. അച്ഛനെ വന്നു കണ്ടോന്ന് പറഞ്ഞു പോവാമെന്ന് കരുതി…..
നീതു പുഞ്ചിരിച്ചു….
ഇനിയെന്നാ തിരിച്……
ഇനി നിന്റെ കല്യാണത്തിന്…
ആദി ചെറു ചിരിയോടെ പറഞ്ഞപ്പോൾ നീതുവിന്റെ മുഖം പെട്ടെന്ന് മങ്ങിയത് പോലെ തോന്നി….
ആദിയേട്ടൻ എത്ര പെട്ടെന്നാണ് കഴിഞ്ഞതൊക്കെ മറന്നത്……
നീതു അത് പറയുമ്പോൾ ആദിയുടെ മുഖം കുനിഞ്ഞു പോയിരുന്നു….
കല്യാണം…. എന്റെ മനസ്സിൽ അതെന്നേ നടന്നു കഴിഞ്ഞു….. ആദിയേട്ടനുമായി…..
കണ്ണിൽ വെള്ളം നിറച്ചത് പറഞ്ഞകത്തേക്ക് പോകുന്നവളെ അവൻ വേദനയോടെ നോക്കി നിന്നു…..
ഒന്നും പറഞ്ഞവളെ ആശ്വസിപ്പിക്കാൻ താനർഹാനല്ലെന്ന് വ്യക്തമായി അറിയാമായിരുന്നു…..
പിന്നീട് ശങ്കരൻ വന്നതും യാത്ര പറഞ്ഞതുമെല്ലാം മറ്റെന്തോ ചിന്തയിലായിരുന്നു….
മനസ്സ് മുഴുവൻ നിറഞ്ഞു നിന്നിരുന്നത് കണ്ണുകൾ നിറച്ചു നിൽക്കുന്ന നീതുവിന്റെ മുഖമായിരുന്നു….
താൻ കാരണം വേദനിക്കുന്ന ആ പെണ്ണിന്റെ മുഖം…..
(തുടരും )
Aysha Akbar

by