05/05/2026

ഭാഗ്യജാതകം : ഭാഗം 52

രചന – അയിഷ അക്ബർ

രാവിലെ എഴുന്നേറ്റത് മുതൽ നീതുവിന്റെ മുഖം വലിഞ്ഞു മുറുകി കാണപ്പെട്ടു…..

ചൂട് ചായ അവൾക്ക് നേരെ നീട്ടി എന്തെന്ന അർത്ഥത്തിൽ ശിവ പുരികമുയർത്തി….

ഞാൻ ജീവന്റെ കൂടെ പോകുന്നില്ല ചേച്ചീ….
എനിക്ക്…. എനിക്ക് പറ്റുന്നില്ല…..

അവളുടെ വാക്കുകളിൽ ചേച്ചീയെന്ന വിളി ശിവായിലാഴത്തിൽ പതിഞ്ഞിരുന്നു….

നിന്റെ സമ്മതമില്ലാതെ ആരും നിന്നെ ഇവിടെ നിന്ന് കൊണ്ട് പോവില്ല….
നിനക്ക് ഇഷ്ടമല്ലെങ്കിൽ പോകാൻ നിർബന്ധിക്കുകയുമില്ല…. പോരെ….

ശിവ അവളുടെ കൈകളിൽ പിടിച്ചു…

തന്റെ വാക്കുകൾ അവളിൽ ആശ്വാസം നൽകിയിട്ടില്ലെന്നത് ശിവക്ക് മനസ്സിലായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ജീവൻ വരുമ്പോൾ പുഞ്ചിരിയോടെ ആദി അകത്തേക്ക് ക്ഷണിച്ചു….

അവന് കുടിക്കാൻ വെള്ളവുമായി ശിവ വരുന്നതോടൊപ്പം നീതുവും പുറത്തേക്ക് വന്നു…….

നീ ഇനിയും ഒരുങ്ങിയില്ലേ നീതു… നമുക്ക് വേഗം പുറപ്പെടണം…..

ജീവൻ അവളുടെ കണ്ണുകളിൽ നോക്കിയിരുന്നെങ്കിൽ എന്താ നീതു മുഖം വല്ലാണ്ടിരിക്കുന്നല്ലോ എന്നെങ്കിലും അവൻ ചോദിക്കുമായിരുന്നെന്ന് ശിവ ആലോചിച്ചു….

നീതുവിന്റെ ദുഖത്തിന്റെ കാരണം അവന്റെ വീട്ടുകാരല്ല അവനാണ്….

അവളെ അവൻ ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഒറ്റപ്പെടലിന്റെ വേദന അവളറിയുമായിരുന്നില്ല….

നോട്ടം കൊണ്ട് സന്തോഷിപ്പിക്കാൻ കഴിവുള്ള ആദിയെ അവളൊന്ന് നോക്കി….
സന്തോഷത്തിന്റെ രുചിയറിയാത്ത തനിക്ക് അതെന്തെന്ന് അറിയിച്ചു തന്നവൻ…..

അവന്റെ ചേർത്ത് പിടിക്കലിൽ ഉരുകിയോലിക്കുന്ന സങ്കടങ്ങൾ മാത്രമേ താനറിഞ്ഞിട്ടുള്ളു…. അത്തരമൊരു ചേർത്ത് പിടിക്കലിനു വേണ്ടിയാവും നീതു അത്ര മാത്രം ദാഹിക്കുന്നത്…..

എനിക്ക് നാളെ പ്രോഗ്രാം ഉണ്ട്…. നിന്നെ വീട്ടിലാക്കിയിട്ട് വേണം എനിക്ക് പോകാൻ…. അതിന് നമ്മൾ വേഗം പുറപ്പെടണം…..

ദുഃഖ ഭാരത്താൽ നിർവികാരമായി ദൂരേക്ക് നോക്കി നിൽക്കുന്നവളെ നോക്കിയും ജീവന്നത് പറഞ്ഞപ്പോൾ ആദിക്ക് ദേഷ്യം വന്നു…..

ജീവൻ…. പറയുന്നത് കൊണ്ടൊന്നും തോന്നരുത്…. അവളെ മനസ്സിലാക്കാൻ പറ്റാത്തൊരുത്തന്റെ കൂടെ അവൾക്ക് ജീവിക്കാൻ പറ്റില്ലെന്നാണ് അവൾ പറയുന്നത്…..

ഇത് വരെ അവൾ പറയുന്നതിനെ ഞങ്ങൾ ന്യായീകരിച്ചിരുന്നില്ല…. എന്നാൽ ഈ കുറച്ചു സമയം കൊണ്ട് തന്നെ നിന്റെ കരുതലിന്റെ ആഴം എത്രത്തോളമാണെന്ന് മനസ്സിലായി…. അത് കൊണ്ട് പറയുകയാ….. ഡിവോഴ്‌സിനുള്ള ഒരുക്കങ്ങൾ നോക്കാം….

ആദി അത് പറയുമ്പോൾ ദേഷ്യം കൊണ്ട് വിറച്ചിരുന്നു…..

ജീവൻ കേട്ടത് വിശ്വസിക്കാനാവാതെ ആദിയെ നോക്കി….

നീതു….. എന്തൊക്കെയാ ഞാനീ കേൾക്കുന്നത്…

അവനെഴുന്നേറ്റ് നീതുവിന്റെ അരികിലായി നിന്നു…

നീതു ഒന്നും മിണ്ടിയില്ല…. അവളതേ നിൽപ്പ് തുടർന്നു…..

ഇത് വരെ നമുക്കിടയിൽ ഒരു വഴക്ക് പോലുമുണ്ടായിട്ടില്ല… ഇവിടെ വന്നു മനസ്സ് മാറാൻ ഇവര് നിനക്ക് എന്താണ് പറഞ്ഞു തന്നത്…..

ജീവന്റെ ശബ്ദം ഉയരാൻ തുടങ്ങിയിരുന്നു…..

നമ്മൾ തമ്മിൽ വഴക്ക് കൂടാനെങ്കിലും അൽപ നേരം നീ കൂടെ യുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോയിട്ടുണ്ട് ജീവൻ…..

നനഞ്ഞ മിഴികളാൽ നീതു പറഞ്ഞു നിർത്തുമ്പോൾ ജീവൻ വിശ്വസിക്കാനാവാതെ അവളെ നോക്കി….

നിനക്കെന്ത് കുറവാണ് നീതു അവിടെയുണ്ടായിട്ടുള്ളത്…
ജീവൻ അങ്ങേയറ്റം സ്വരം താഴ്ത്തിയാണത് ചോദിച്ചത്…..

ഒരു ഭർത്താവിന്റെ…. ഒരു കൂട്ടുകാരന്റെ…. ഒരു കാമുകന്റെ……

അത് വരെ നിശബ്ദയായിരുന്ന ശിവയുടെ ശബ്ദം ഉയർന്നപ്പോൾ ജീവൻ അവളിലേക്ക് നോക്കി….

ഇതെല്ലാം നീയായി മാറിയിരുന്നെങ്കിൽ ഇന്നൊരിക്കലും അവൾക്കിങ്ങനെ ഇവിടെ നിൽക്കേണ്ടി വരില്ലായിരുന്നു…..

ജീവൻ എന്ത് പറയണമെന്നറിയാതെ നിന്നു…..

ഇവർ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല നീതു…. എനിക്ക് നിന്നെ വേണം…. നീയില്ലാതെ എനിക്ക് പറ്റില്ല….

ജീവൻ നീതുവിന്റെ കയ്യിൽ പിടിച്ചു….

അവന്റെ കൈ വിടുവിച്ചു കൊണ്ട് അവളകത്തേക്ക് പോയി…..

ജീവൻ എന്ത് ചെയ്യണമെന്നറിയാതെ അവിടെയിരുന്നു….

ആദീ…. എനിക്കവളെ വേണം…. എന്തെങ്കിലും പറഞ്ഞു നിങ്ങളവളെ സമ്മതിപ്പിക്കണം….
നിങ്ങൾ പറയുന്നത് പോലെയൊന്നുമല്ല…. ഞങ്ങൾ നല്ല സ്നേഹത്തിൽ തന്നെയാണ്….. അവൾക്ക്‌ വേണ്ടതെല്ലാം അവൾ ചോദിക്കുന്നതിനു മുന്പേ ഞാൻ എത്തിച്ചു കൊടുക്കാറുണ്ട്…..

ജീവന്നത് പറയുമ്പോൾ ആദി അവന്റെ കൈകളിൽ പിടിച്ചു….

ഞങ്ങൾ പറഞ്ഞു സമ്മതിപ്പിക്കുന്നതിലല്ലലോ കാര്യം…. നീ കൂടെ നിന്ന് അവളെ പറഞ്ഞു മനസ്സിലാക്കി കൂട്ടികൊണ്ട് പൊയ്ക്കോളൂ….

ആദിയത് പറഞ്ഞതും ജീവനൊന്നു ചിന്തിച്ചു നിന്നു….

എനിക്ക് നാളെ പ്രോഗ്രാം ഉണ്ട്….

ജീവന്നത് പറയുമ്പോൾ ആദ്ധിയൊന്നു പുഞ്ചിരിച്ചു…

അവനവന്റെ തിരക്കുകൾക്കിടയിൽ കുടുംബത്തെ മറക്കുമ്പോൾ ബന്ധങ്ങൾ മുറിഞ്ഞു പോവാൻ തുടങ്ങും…. പ്രോഗ്രാം വീണ്ടും വരും….. എന്നാൽ തിരക്കൊഴിഞ്ഞു വരുമ്പോഴേക്കും തിരിച്ചു കിട്ടാൻ പറ്റാത്ത ദൂരത്തേക്ക് പലതും നീങ്ങി പോയിട്ടുണ്ടാവും….

ആദി അവന്റെ ചുമലിൽ തട്ടി….

ജീവൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു…..

തന്റെ തിരക്കുകളെക്കാൾ അവൾക്ക് പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമായത് കൊണ്ട് തന്നെയാണ് ജീവനവിടെ നിൽക്കാൻ തീരുമാനിച്ചത്….

എങ്കിലും അവർ മുദ്ര കുത്തുന്നത് പോലെയൊരു മോശം ഭർത്താവല്ല താനെന്ന് അവന് അവർക്ക് മുമ്പിൽ തെളിയിക്കണമായിരുന്നു…

അവരെന്തോ പറഞ്ഞു നീതുവിന്റെ മനസ്സ് മാറ്റിയതാണെന്ന് അവനുറച്ചു വിശ്വസിച്ചു…
അതെന്താണെന്ന് കണ്ട് പിടിച്ചു അവളെയിവിടെ നിന്ന് കൂട്ടി കൊണ്ട് പോകാൻ അവനവിടെ നിൽക്കേണ്ടത് അത്യാവശ്യമായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ജീവൻ പല തവണ നീതുവിനോട് സംസാരിക്കാൻ തുനിഞ്ഞെങ്കിലും അവളതിന് കൂട്ടാക്കിയിരുന്നില്ല……

നീതു…. എനിക്കിപ്പോഴും മനസ്സിലാവുന്നില്ല ഞാനെന്താണ് ഇതിനു മാത്രം നിന്നോട് ചെയ്തതെന്ന്….
നിന്റെ ചേച്ചി പറയുന്നത് കേട്ടാൽ ഞാനെന്തോ കുറ്റവാളിയെ പോലെയാണ്……
അവരെന്തു പറഞ്ഞാണ് നിന്നെ മാറ്റിയെടുത്തതെന്നെനിക്കറിയില്ല നിധി….

നീതുവിന്റെ മുമ്പിൽ വന്നു ജീവനത്രയും പറയുമ്പോൾ അവളുടെ സങ്കടം പതഞ്ഞു പൊന്തുന്നുണ്ടായിരുന്നു….

ഇപ്പോഴും എന്റെ മനസ്സവർ മാറ്റിയതാണെന്നും ജീവന്റെ ഭാഗത്തു തെറ്റൊന്നുമില്ലെന്നും അവൻ വിശ്വസിക്കുന്നു….

അതിനു പകരമായി ഒരു തവണയെങ്കിലും എന്റെ ദുഖത്തെ കുറിച്ചോ അവന് പറ്റിയ തെറ്റുകളെ കുറിച്ചോ അവൻ മനസ്സിലാക്കിയിരുന്നെങ്കിൽ തന്റെ ഹൃദയത്തിലേ മുറിവിലേക്കുള്ള മരുന്നായി അത് മാറുമായിരുന്നു…..

നീതുവിന് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി…..

അവളൊന്നും പറഞ്ഞില്ല….
അല്ലെങ്കിലും പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ സ്വയം മാനസ്സിലാക്കേണ്ട ചിലതുണ്ട്……
എങ്കിൽ മാത്രമേ ആ ചിന്തക്ക് ആയുസ്സുണ്ടാവു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ജീവനാകെ അസ്വസ്തനായിരുന്നു…. ശിവയോടും ആദിയോടും അവന് പറഞ്ഞറിയിക്കാൻ പറ്റാത്ത ദേഷ്യമുണ്ടായിരുന്നു….

ഒരു മേശക്ക് ചുറ്റുമായി ഭക്ഷണം കഴിക്കാനിരുക്കുമ്പോഴും ജീവൻ നീതുവിനെ നോക്കി…..

അവളവനെ കാണുന്നില്ലെന്ന മട്ടിൽ കഴിച്ചു കൊണ്ടിരുന്നു…..

കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ശിവക്ക് വേണ്ട ഭക്ഷണം അവൾ പറയാതെ വിളമ്പി കൊടുക്കുകയും കൂടെയിരുന്നു കഴിക്കുമ്പോൾ രണ്ട് പേരുടെയും കണ്ണുകളിലെ തിളക്കവും ജീവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു….

രണ്ട്ര പേരുടെയും പരസ്പരമുള്ള കരുതൽ അവൻ നോക്കി കണ്ടത് തെല്ലത്ഭുതത്തോടെയാണ്…..

ഞാനും നീതുവും ഇങ്ങനെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചത് ഓർമയിലില്ല… കല്യാണത്തിന്റെ അന്നോ അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ ഏതെങ്കിലുമാവും…..

അല്ലെങ്കിലും ഇത്രയൊക്കെ ചെയ്യേണ്ട ആവശ്യമുണ്ടോ… ഭക്ഷണം എന്നത് അത്യാവശ്യമായ ഒന്നാണ്….. ഇവിടെയുള്ളതിനേക്കാൾ എത്രയോ രുചിയുള്ള ഭക്ഷണങ്ങളാണ് അവിടെ അവൾക്കുള്ളത്…..

ജീവന് പുച്ഛം തോന്നി….

നീതു അവനെ കണ്ടില്ലെന്ന് വെക്കുന്ന അത്രയും നിമിഷങ്ങളിൽ അവന്റെ ശ്രദ്ധ ആദിയിലും ശിവായിലും തറഞ്ഞു നിന്നു…..

ഒത്തിരി സംസാരങ്ങളില്ല…. എങ്കിലും ഹൃദയം കൊണ്ടവർ പരസ്പരം മനസ്സിലാക്കും പോൽ…. ഒരാൾ മറ്റൊരാൾക്ക് വേണ്ടി താഴ്ന്നു കൊടുക്കുന്നു…..
ചെറിയ ചെറിയ കാര്യങ്ങളിൽ പോൽ ഇത്രയധികം ശ്രദ്ധിക്കേണ്ടതുണ്ടോ…..

ജീവൻ സ്വയം ആലോചിച്ചു….

അവരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും ഒന്നായത് കൊണ്ടാവാം ഒരുപക്ഷെ അവരിത്രത്തോളം പരസ്പരം മനസ്സിലാക്കുന്നതെന്നവനോർത്തു….. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹നമുക്കൊന്ന് പുറത്ത് പോയാലോ…..

ആദിയത് ചോദിക്കുമ്പോൾ ജീവനും അത് സമ്മതമായിരുന്നു….

അത് വേണ്ട ജീവൻ…. ഫോൺ കുറച്ചു നേരം റസ്റ്റ്‌ എടുക്കട്ടെ…..

ചാർജിലിട്ടിരുന്ന ഫോൺ എടുക്കാൻ തുടങ്ങിയതും പുഞ്ചിരിച്ചു കൊണ്ട് ആദിയതിനെ വിലക്കി…..

ഈ സമയത്തിനുള്ളിൽ ആദിയോട് മനസ്സിനുള്ളിൽ തോന്നിയ ഒരു ബഹുമാനമാവാം അവനത് അനുസരിക്കാൻ പ്രേരിപ്പിച്ചത്……

പിറകിലെ വയൽ വരമ്പിലൂടെ അവർ നടന്നു…..

സൂര്യൻ അസ്തമായത്തോടെടുത്തു കൊണ്ടിരുന്നു…

പച്ച വിരിച്ച നെൽ വയലുകൾ ക്കിടയിലൂടെയുള്ള ആ യാത്ര ജീവന് പരിചിതമായിരുന്നില്ല….

ഫോൺ കയ്യിലില്ലാത്തത് കൊണ്ട് തന്നെ ചുറ്റുപാടും ആസ്വദിച്ചു നടന്ന അവൻ ചേറിലേക്ക് വീഴാൻ പോയതും കൈ പിടിച്ചത് നീതുവായിരുന്നു….

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി….
ആദ്യമായി….. ആ കണ്ണുകളിലെ വികാരങ്ങളെ അവനളന്നെടുക്കാൻ ശ്രമിച്ചു….
ഇത് വരെ കണ്ടിട്ടില്ലാത്തത് പോലെ അവനവളെ നോക്കി…..

ദേ… അപ്പുറത് വെള്ളമുണ്ട്…. അവിടെ നിന്ന് നമുക്ക് കഴുകാം….

ആദി തിരിഞ്ഞു നിന്നത് പറയുമ്പോഴാണ് കാല് ചേറിൽ മുങ്ങിയത് ജീവനും നീതുവും ശ്രദ്ധിക്കുന്നത്…..

പിന്നീടൊന്നും പറയാതെ പുഞ്ചിരിച്ചു കൊണ്ട് ആദി വേഗത്തിൽ നടന്നു….
അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് ശിവയും….

അവർ തങ്ങൾക്ക്‌ മാത്രമായി ഒരു ലോകം നിർമിച്ചു തന്നതായിരിക്കുമെന്ന് ജീവനൂഹിച്ചു…. അവരോടുള്ള ദേഷ്യം അവന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോകാൻ തുടങ്ങിയിരുന്നു…..

(തുടരും )