26/04/2026

ഭാഗ്യജാതകം : ഭാഗം 36

രചന – അയിഷ അക്ബർ

ഇ നി പറ എന്താ നിന്റെ പ്രശ്നം……

ഒരു ടേബിളിന്റെ ഇരു വശത്തുമായിരിക്കുമ്പോൾ മുഖം കനപ്പിചിരിക്കുന്ന അവളോടായത് ചോദിക്കുമ്പോൾ അവന്റെ ചൊടികളിൽ ഒരു കുഞ്ഞു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു…….

അവളൊന്നും മിണ്ടിയില്ല….

സർ…. എന്താ വേണ്ടത്…

അവൻ വീണ്ടും എന്തോ ചോദിക്കാൻ തുനിഞ്ഞതിനെ തടഞ്ഞു കൊണ്ടാണ് ഒരു പയ്യൻ വന്നത്…

എനിക്കൊരു തണുത്ത ആപ്പിൾ ജ്യൂസ്‌….. നിനക്കെന്താ വേണ്ടതെന്നു വെച്ചാ പറഞ്ഞോ….

അവൻ അവളോടത് പറഞ്ഞപ്പോഴും ഒരു പ്രതികരണവുമില്ലാതെ അവളതേ ഇരിപ്പിരുന്നു….

രണ്ട് ആപ്പിൾ ജ്യൂസ്‌ എടുത്തോളൂ…..
അവളിൽ നിന്ന് മറുപടിയൊന്നും കിട്ടില്ലെന്നുറപ്പായപ്പോൾ അവൻ തന്നെ പറഞ്ഞു…..

പറ….. ഉള്ളിലെന്തോ പുകയുന്നുണ്ടല്ലോ…..

നീറി പുകയാനൊന്നിനും ഇടം കൊടുക്കരുത്….. ഒരു തുള്ളി വെള്ളം അതിനെ പാടേ കെടുത്തും……
ആ വെള്ളമാണ് ഒരു തുറന്ന് പറച്ചിൽ……

അവൻ വീണ്ടും ചിരിച്ചു….

ആ പഴയ ആദിത്യനെ അപ്പോഴവനിലവൾക്ക് തെളിഞ്ഞു കാണാൻ പറ്റുന്നുണ്ടായിരുന്നു…..

നീതുവിനു ആഭരണം എടുക്കുന്നത് മുന്പും അവൾക്ക് വാങ്ങി കൊടുത്തതിന്റെ ബാക്കിയായിരിക്കുമല്ലേ….

അവന്റെ മുഖത്ത് തന്നെ നോക്കിയത് പറയുമ്പോൾ പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായി അവന്റെ മുഖത്ത് കണ്ടിരുന്നു…..

നീയെന്തൊക്കെയാ പറയുന്നത്….. ഞാൻ….. നിന്നോട് ചോദിച്ചിട്ടല്ലേ ഇന്നലെ…….
അവന്റെ മുഖത്തൊരു തരം ദേഷ്യം കണ്ടു…..

ഞാൻ ഊഹിച്ചതല്ല…. അവള് പറഞ്ഞതാ…..

മുന്നിൽ കൊണ്ട് വെച്ച ജ്യൂസ്‌ ചുണ്ടോടു ചേർത്തവൾ പറഞ്ഞു…..

അവനൊന്നു നെടുവീർപ്പിട്ടു…..

അതവളുടെ തോന്നലല്ലേ…. നിന്റെ അച്ഛനൊരു സഹായം അത്രയേ ഞാനുദ്ദേശിച്ചുള്ളൂ….

അവനും ഗ്ലാസ്‌ ചുണ്ടോടു ചേർത്തു…..

അതായിരുന്നോ പ്രശ്നം….. ഞാനെന്താണെന്ന് വിചാരിച്ചു…..
അവൻ പതിയേ ഒന്ന് ചിരിച്ചു…..

അവന്റെ മറുപടി അവളുടെ മുഖത്തും ആശ്വാസം പരത്തിയിരുന്നു….

മുന്പോക്കെ അവൾക്ക് വേണ്ടി ഓരോന്ന് വാങ്ങുമ്പോഴും അവളെന്റെ യാണെന്ന് മനസ്സിലുണ്ടായിരുന്നു…..
ഇന്നവളെ നിക്ക് നിന്റെ അനിയത്തിയല്ലേ…..

അതും പറഞ്ഞു കൊണ്ട് ജ്യൂസ്‌ കുടിക്കുന്നവനെ കാൺ കേ അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി…..
അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കി…..

അവളെ പറഞ്ഞിട്ടും കാര്യമില്ല….. അനിയത്തിയെന്ന സ്ഥാനം കൊടുക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ഒരു ഏട്ടനായി കാണാൻ അവൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ല….. അത്രയേറെ പതിഞ്ഞു പോയത് കൊണ്ടാവാം…..
നീയെന്നെ അറിയുന്നതിന് മുൻപ് എന്നെ അറിഞ്ഞിരുന്നത് അവളായിരുന്നില്ലേ…..
അവളുടെ വാക്കുകൾ നിന്നെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ നമ്മുടെ ജീവിതം അവളെ എത്രത്തോളം വേദനിപ്പിച്ചു കാണണം…….

അവന്റെ തൊണ്ടക്കുഴിയിൽ ഒരു തരം വേദന തടഞ്ഞു നിന്നതായി അവൾക്ക് തോന്നി…

അവളോടുള്ള സഹതാപമോ അതോ സ്നേഹമോ…..

ആ വാക്കുകൾ അവളുടെയുള്ളിൽ ആഴത്തിലുള്ള മുറിവിനിടം നൽകിയിരുന്നു…..

ആരാണ് ആദിത്യനെ ആദ്യം അറിഞ്ഞെന്ന ചോദ്യം തന്നിൽ നിന്നുയരുമ്പോൾ അതിനുള്ള ഉത്തരവും തന്നിൽ തന്നെ ഒതുങ്ങുന്നു…..

ഒരിക്കലും അതവനറിയുന്നില്ല…..

അവന്റെ ഇഷ്ടം താൻ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയാണോ….

അവൾക്ക് ആകെക്കൂടെ ഒരു അസ്വസ്ഥത തോന്നി….

ഇത് വരെയുള്ള ശിവയിൽ നിന്നും മനസ്സ് തെന്നി നീങ്ങിയതെപ്പോഴാണ്….

അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല…

അവളുടെ മുഖത്തെ അസ്വസ്ഥത അവന് മനസ്സിലായത് കൊണ്ട് തന്നെയാണ് എന്തെന്ന അർത്ഥത്തിൽ അവൻ പുരികമുയർത്തിയത്….

അവൾ ഒന്നുമില്ലെന്ന മട്ടിൽ തലയനക്കി…..

എങ്കിലും നീതുവിനെ കുറിച് പറഞ്ഞത് അവൾക്ക് വേദനിച്ചു കാണുമോയെന്നൊരു സംശയം അവനിലുമുണ്ടായിരുന്നു….

കുടിച്ചു തീരാത്ത ജ്യൂസിനെ അവിടെ ഉപേക്ഷിച്ചു അവൾ എഴുന്നേറ്റു….. കൂടെ അവനും……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവർ കടയിലെത്തിയപ്പോഴും നീതുവും ലക്ഷ്മിയും സാരിയുടെ സെക്ഷനിൽ നിന്ന് എഴുന്നേറ്റിട്ടില്ലായിരുന്നു…..

വലിച്ചു വാരി ഇട്ട തുണികളെ വകഞ്ഞു മാറ്റി നീതു വീണ്ടും സാരികൾ വലിച്ചിട്ടു കൊണ്ടിരുന്നു…..

കടും ചുവപ്പ് നിറത്തിലുള്ള മനോഹരമായ ഒരു സാരി ആദി അവയിൽ നിന്നും
കൈകളിലെടുത്തു….

നീതു പ്രസരിപ്പോടെ അതിലേറെ പ്രതീക്ഷയോടെ ആദിയെയും കായ്കളിലിരിക്കുന്ന സാരിയെയും നോക്കി…..

ഒത്തിരി നാളുകൾക്ക് ശേഷം തനിക്കായി ആദിയേട്ടൻ തിരഞ്ഞെടുത്തതെന്ന് അവളുടെ മനസ്സ് പറഞ്ഞു….

എന്നാൽ അവനാ സാരി ശിവയുടെ ദേഹത്തേക്ക് ചേർത്ത് വെച്ചു…..

ഇഷ്ടപ്പെട്ടോ…..

ഏതോ ഓർമയിൽ നിന്നെന്ന പോലവൾ ഞെട്ടിയവനെ നോക്കി….

പിന്നീടാ സാരിയിലേക്കും….

മ്മ്….. അവൾ ഇഷ്ടപ്പെട്ടെന്ന തരത്തിൽ തല കുലുക്കി…..

നീതുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നു…..

ഡ്രസിങ് റൂം എവിടെയാ….

അതാ ആ കാണുന്നതാണ് സർ…..

സെയിൽസ് ഗേൾ അത് പറഞ്ഞതും ആദിത്യൻ എഴുന്നേറ്റു…..

വാ….. ശിവയെ വിളിച്ചപ്പോൾ അവളും കൂടെ പോയി…..

നീതു അവരെ തന്നെ നോക്കി കണ്ണുരുട്ടി…. എന്നാൽ അവളുടെ ദേഷ്യം കാണാൻ ലക്ഷ്മി മാത്രമേ ഉണ്ടായിരുന്നുള്ളു….

എന്ത് ജാതക ദോഷമാ അവൾക്ക്….. പറ…… എന്ത് ദോഷമാണെന്ന്…… അമ്മ എപ്പോഴും പറയാറുള്ള ആ ജാതക ദോഷം എവിടെയെന്നാ ചോദിച്ചത്….

ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു….

അമർത്തിപ്പിടിച്ച ആ വാക്കുകളിൽ പോലും വികാരത്തിന്റെ വേലിയേറ്റങ്ങൾ തെളിഞ്ഞു കണ്ടിരുന്നു…..

ഞാൻ കാരണമാണോടീ…. പറയെടീ…… ഞാൻ കാരണമാണോന്ന്……ഞാൻ കാണിച് തന്ന വഴിയിലൂടെ പോയിരുന്നേൽ ആ ഭാഗ്യം നിനക്കാകുമായിരുന്നു…..
അതെങ്ങനെ മര മാക്രി പോലൊരുത്തനേം കൊണ്ട് വന്നു വയറ്റിലാണെന്നും പറഞ്ഞാൽ പിന്നേ ഞാനെന്താ ചെയ്യാ……

പല്ലുകൾ കടിച്ചു പിടിച്ചു
ലക്ഷ്മിയത് പറയുമ്പോഴേക്കും നീതു ഒന്നടങ്ങിയിരുന്നു…..

ശെരിയായിരുന്നു… തെറ്റ് തന്റെ ഭാഗത്താണ്….. ഇനിയൊരിക്കലും തിരുത്താൻ കഴിയാത്ത തെറ്റ്…..

നനഞ്ഞ മിഴികളിൽ സാരികളുടെ നിറം പ്രതിഫലിച്ചു…..

സെയിൽസ് ഗേൾ ഇവരുടെ സംസാരങ്ങൾ കേട്ടില്ലെന്ന മട്ടിൽ നിൽക്കുന്നത് ലക്ഷ്മി അപ്പോഴാണ് ശ്രദ്ധിച്ചത്….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സാരി ഞൊറിഞ്ഞുടുത്തു പുറത്തേക്ക് വന്ന ശിവയെ ആദി അൽപ നേരം നോക്കി നിന്നു…..

ചുവന്ന സാരിയിൽ അവൾ അതീവ സുന്ദരിയായി ആദിക്ക് തോന്നി…..

നന്നായിട്ടുണ്ട്…..
അവൻ പതിയേ ഒന്ന് പുഞ്ചിരിച്ചു…..

അപ്പോഴും അതൊന്നും ശ്രദ്ധിക്കാൻ പാകത്തിലല്ലാതെ കുഴയുകയായിരുന്നു അവളുടെ മനസ്സ്……

എല്ലാവർക്ക് വേണ്ടതും കണ്ടറിഞ്ഞു വാങ്ങി കൂട്ടാൻ അവന് കഴിയുമായിരുന്നു…..

ശങ്കരനെ കൂട്ടി കൊണ്ട് പോയി തുണികളെടുത് കൊടുക്കുമ്പോൾ ഒരു മകന്റെ സ്ഥാനം അവൻ കാത്തു സൂക്ഷിക്കാൻ ശ്രമിച്ചിരുന്നു……

തുണികളെടുത്തു കഴിഞ്ഞതും ഒരു വലിയ ഹോട്ടലിന്റെ മുമ്പിലാണ് വണ്ടി ചെന്നു നിന്നത്…..

അകത്തേക്ക് കയറുമ്പോൾ തണുത്ത കാറ്റ് അവിടമാകെ ഒഴുകി നടന്നിരുന്നു…..

ലക്ഷ്മിയുടെ മുഖം വിടർന്നു….. അവർ നീതുവിനെ നോക്കി….

നീതു അപ്പോഴും മുഖം കനപ്പിച്ചു തന്നെ നിൽക്കുന്നുണ്ടായിരുന്നു…

വിശാലമായ ഹാളിൽ വലിയൊരു ടേബിളിന്റെ ചുറ്റും അവരിരിക്കുമ്പോൾ ശങ്കരനും ലക്ഷ്മിക്കും അതൊരു പുതിയ അനുഭവം തന്നെയായിരുന്നു…..

ഇരിക്കുമ്പോൾ ഈ സോഫ താഴ്ന്ന് പോകുന്നെടീ….
ലക്ഷ്മി പതുക്കെ നീതുവിന്റെ ചെവിയിൽ പറഞ്ഞു…..

ഓഹ്….
അമ്മ ആ വീട് വിട്ട് പുറത്ത് പോകാത്തത് കൊണ്ടാണ്….. ഇതൊക്കെ എല്ലാ ഹോട്ടലിലും ഉള്ളത് തന്നെയാണ്…..
അവൾ മുഖം കൂർപ്പിച്ചു….

നിന്റെ ആ മരമാക്രി എന്നെ ഇത് പോലെയൊക്കെ കൊണ്ട് പോയാൽ മതിയായിരുന്നു…..

ലക്ഷ്മി അത് പറഞ്ഞപ്പോൾ നീതുവിന് ദേഷ്യം വന്നു…..

മരമാക്രിയല്ല…. ജീവൻ….
അവൾ പല്ലിരുമ്മി

ലക്ഷ്മി അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല…അവർ ചുറ്റുപാടിന്റെ ഭംഗി ആസ്വദിക്കുന്ന തിരക്കിലായിരുന്നു……

(തുടരും)
Aysha Akbar