17/04/2026

ഈ മഴക്കാലത്ത് : ഭാഗം 04

രചന – നിവേദ്യ ഹരിഹരൻ

“ജയാ..ഇങ്ങ്ട് വരു.. രാമൻ പറഞ്ഞ കുട്ടി എത്തീട്ട്ണ്ട്.. പാട്ടിന്റെ വരികൾ മൂളിക്കൊണ്ടാണ് ജയ് കടന്ന് വന്നത്… “ങ്ങേ.. താൻ വീണ്ടും വന്നോ പാട്ടുകേൾക്കാൻ ഇറങ്ങിയതാണോ..?? ” അല്ല..ഞാൻ….. പാർവ്വതി വിക്കി… ” ഈ കുട്ടിയെ നിനക്ക് അറിയ്വോ… “അങ്ങനെ അറിയില്ല.. ഇന്നലെ ജസ്റ്റ് ഒന്നു പരിചയപ്പെട്ടു അത്രേയുള്ളു… “പാർവതി ഇരുന്നോളു എന്തിനാ നിൽക്കുന്നെ.. ഇതെന്റെ രണ്ടാമത്തെ മകനാ ജയ് കൃഷ്ണൻ.. രണ്ടു പേർ കൂടിയുണ്ട്.. അവർ നാട്ടിലില്ല.. പാർവ്വതി പേടിച്ചരണ്ട ഭാവത്തിൽ നിൽക്കുകയായിരുന്നു.. അത് മനസ്സിലാക്കിയിട്ടെന്നവണ്ണം സരസ്വതിയമ്മ പറഞ്ഞു “കുട്ടി പേടിക്കണ്ട അവിടെ ഇരുന്നോളൂന്നേയ്.. രാമൻ ഇപ്പോ വരും… കാര്യങ്ങൾ രാമൻ പറഞ്ഞു തരും.. “ഇരിക്കു പാർവ്വതി ! ജയ് കടുപ്പിച്ചു പറഞ്ഞു അതോടെ അവൾ ഇരുന്നു..

” അപ്പോ അനുസരണ ഉള്ള കുട്ടിയാ ല്ലേ.. ജയ് ചെറിയ പുഞ്ചിരിയോടെ പറഞ്ഞു . അവൻ പാർവ്വതിക്ക് എതിരെയുള്ള കസേരയിലേക്ക് ചാഞ്ഞിരുന്നു.. പാർവ്വതിക്ക് ശരീരം ആകെ വിറയ്ക്കുന്ന പോലെ തോന്നി.. ഹൃദയം പതിവിലും ശക്തമായി മിടിച്ചു. പരിചയം ഇല്ലാത്ത ഇടം, ആൾക്കാർ… “ജയാ നീ അതിനെ പേടിപ്പിക്കുവാണോ.. സരസ്വതിയമ്മ ജയ് നെ ശാസനാപൂർവ്വം നോക്കി . ” ഒരിക്കലുമില്ല അമ്മ… കുട്ടിടെ അനുസരണ ഒന്നു ടെസ്റ്റ് ചെയ്തതാ.. അവൻ ചിരിച്ചു. ” ഗീതേ… ഒരു ഗ്ലാസ്സ് ചായ ഇങ്ങോട്ട് കൊണ്ടു വന്നോളൂ… സരസ്വതിയമ്മ അടുക്കള ഭാഗത്തേക്ക് നോക്കി പറഞ്ഞു . ” എനിക്ക് ചായ വേണ്ട മാഡം.. പാർവ്വതി പറഞ്ഞൊപ്പിച്ചു .

“മാഡമോ… കേട്ടിട്ട് ചിരിയാ വരണത്.. മോള് എന്നെ അമ്മേന്ന് വിളിച്ചോളുട്ടോ.. എന്നെ എല്ലാരും അങ്ങനാ വിളിക്കണത്.. വയസ്സായി രാമനാമം ജപിച്ചിരിക്കണ എന്നെ മാഡo ന്ന് .. നല്ല കാര്യായി… “ആഹ് അതൊക്കെ ശരി… പക്ഷെ എന്നെ സർ ന്ന് തന്നെ വിളിക്കണംട്ടോ… ജയ് സരസ്വതിയമ്മയെ നോക്കി കണ്ണിറുക്കി . ” നിർത്തു ജയാ നിന്റെ കളി.. ആ കുട്ടി പേടിച്ചിരിക്ക്യാ… ഗീത ചായയുമായി അങ്ങോട്ട് കടന്നു വന്നു.. ” ആഹ് ഗീതേച്ചി.. ഇത് നമ്മുടെ രാമേട്ടന്റെ അസിസ്റ്റന്റാ.. ഇനി ദിവസോം ഇയാൾ ഇവിടെ കാണും . ജയ് അവരോട് പറഞ്ഞു . ഗീത പാർവ്വതിയെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് ചായ കൊടുത്തു . ഗീതയെ കണ്ടപ്പോൾ പാർവ്വതിയ്ക്കും ആശ്വാസം തോന്നി.. അവളും ചിരിച്ചുകൊണ്ട് ചായ വാങ്ങി.

ജയ് എഴുന്നേറ്റ് ഗീതയുടെ തോളിൽ കയ്യിട്ടു നിന്നിട്ടു പറഞ്ഞു ” ഇതാണ് ഞങ്ങടെ ഗീതേടത്തി വല്യ പുള്ളിയാ ഞങ്ങൾ ആഹാരം കഴിക്കണോ അതോ പട്ടിണി കിടക്കണോ എന്ന് തീരുമാനിക്കുന്നത് ഏട്ത്തിയാ.. ” ഒന്നു പോ ജയൻകുട്ടാ… ഗീത സ്നേഹപൂർവ്വം അവനെ നോക്കി പറഞ്ഞു.. “പാർവ്വതിടെ വീട്ടിൽ ആരൊക്കീണ്ട് ?? സരസ്വതിയമ്മയാണ്. ” നിക്ക് അമ്മ മാത്രേള്ളു.. അച്ഛൻ എന്റെ ചെറുപ്രായത്തിൽ മരിച്ചു.. അപ്പോഴാണ് പറമ്പിൽ നിന്നും രാമൻ അങ്ങോട്ട് കയറി വന്നത്.. ” ആഹ് രാമൻ എത്തിയോ .. സരസ്വതിയമ്മ വാതിലിനടുത്തേക്ക് നോക്കി ചോദിച്ചു.. പാർവ്വതി അതു കേട്ട് ബഹുമാനപൂർവ്വം എഴുന്നേറ്റു നിന്നു.. രാമനെ കണ്ടതും പാർവ്വതി പറഞ്ഞു.. “ഞാൻ മാധവ മാമ പറഞ്ഞിട്ട് വന്നതാ .. ” ആഹ്.. ശേഖരേട്ടന്റെ മോളാ..? കുറേ നേരായോ വന്നിട്ട്..? “കുറച്ചായി ..അവൾ മറുപടി പറഞ്ഞു… “പാർവ്വതി ഇതാണ് ഞങ്ങളുടെ രാമേട്ടൻ.. രാമേട്ടൻ കനിയാതെ 1രൂപ പോലും ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല.. ഞങ്ങൾടെ ബാങ്കാണ് രാമേട്ടൻ !! ജയ് രാമേട്ടനെ ചൂണ്ടി പറഞ്ഞു.

” ഈ കുട്ടിയെ കൊണ്ട്.. രാമൻ ജയനെ തല്ലാനായി കൈയോങ്ങുന്ന പോലെ ആംഗ്യം കാട്ടി.. ” യ്യോ.. രാമേട്ടാ തല്ലി നാണം കെടുത്തല്ലേ ആ കുട്ടിടെ മുൻപിൽ വല്യ ബിൽഡപ്പ് ഉണ്ടാക്കി നിൽക്കേണു… പാർവ്വതി അതു കേട്ട് കൈയ്യിലിരുന്ന ഫയൽ ചുണ്ടിനു മറയാക്കി ചിരിച്ചു… “ഇപ്പോ പാർവ്വതിടെ പേടിയൊക്കെ മാറിയോ…? ജയ് ചോദിച്ചു പാർവ്വതി പെട്ടെന്ന് ഭാവം മാറ്റി ഗൗരവം നടിച്ചു.. ഉം… ” എടോ താൻ കേട്ടിട്ടുള്ള പോലെ മുതലാളി തൊഴിലാളി വേർതിരിവ് ഞങ്ങൾക്കില്ല.. ഞങ്ങൾ ഒരു കുടുംബം പോലാ.. ആ കുടുംബത്തിലേക്ക്.. ഇന്നു മുതൽ താനും! താങ്ക് യൂ സർ.. പാർവ്വതി വിനയപൂർവ്വം പറഞ്ഞു. “രാമാ… കുട്ടിക്ക് കാര്യങ്ങൾ ഒക്കെ ഒന്നു പറഞ്ഞു കൊടുത്തേക്ക് .. ആദ്യ ദിവസം അല്ലേ.. ഈശ്വരനെ പ്രാർത്ഥിച്ച് ആ റൂമിലേക്ക് ചെന്നോളു.. അതാണ് രാമന്റെ ഓഫിസ്.. ഒരു മുറി ചൂണ്ടിക്കാട്ടി സരസ്വതിയമ്മ പറഞ്ഞു .

“ശരി അമ്മേ.. അവൾ സരസ്വതിയമ്മയുടെ കാലിൽ തൊട്ടു.. ” ന്താ കുട്ടി ത്?? നന്നായി വരട്ടെ.. അവർ പാർവ്വതിയെ അനുഗ്രഹിച്ചു . ജയ്നെ ഒന്നു നോക്കിയ ശേഷം പാർവ്വതി രാമന്റെ കൂടെ റൂമിലേക്ക് നടന്നു.. അത്യാവശ്യം വലിയ മുറി.. കണക്കെഴുതുന്ന തടിയൻ ബുക്കുകൾ, ഒരു കംപ്യൂട്ടർ ഇവ ടേബിളിൽ വൃത്തിയായി വച്ചിരുന്നു.. ടേബിളിനോട് ചേർന്ന് രണ്ട് കസേരകൾ . “മോൾക്ക് കംപ്യൂട്ടർ അറിയോ..?? ഉം … ഞാൻ ടാലി കോഴ്സ് പഠിച്ചിട്ടുണ്ട്.. “ആഹ് നന്നായി.. പ്രായം ആയോണ്ടു കണ്ണ് അത്ര പോര.. അതാ ഒരാളെ സഹായത്തിന് അന്വേഷിച്ചേ… ശേഖരേട്ടന്റെ മോളാവുമ്പോ മുൻ പിൻ ആലോചിക്കാനില്ലേയ്… എന്റേട്ടനും മോൾടെ അച്ഛനും വല്ല്യ കൂട്ടുകാരായിരുന്നു .. അറിയ്യോ ?? ” ഉം മാധവ മാമ പറഞ്ട്ട്ണ്ട്.. ” ഏട്ടൻ പോയിട്ടിപ്പോ ഒരാണ്ട് കഴിഞ്ഞു .

അയാൾ നെടുവീർപ്പിട്ടു! ” രാമേട്ടന്റെ വീട്ടിൽ ആരൊക്കിണ്ട്?? ” ഭാര്യയും രണ്ട് മക്കളും. മക്കൾ രണ്ടാൾടേം കല്യാണൊക്കെ കഴിഞ്ഞു പേരക്കുട്ടികളും ആയി. ജോലി സംബന്ധമായ കാര്യങ്ങൾ രാമൻ പാർവ്വതിക്ക് പറഞ്ഞു കൊടുത്തു.. അവൾ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.. ” ത്രയൊക്കെ ചെയ്യാനുള്ളു കുട്ട്യേ.. “ഉം… പാർവ്വതി മൂളി ” ഇവിടെ ഉള്ളേരൊക്കെ എങ്ങനാ രാമോട്ടാ..?? ” സരസ്വതിയമ്മയും ജയൻ കുട്ടനുമൊക്കെ തനി തങ്കം ആണു മോളെ.. ഗോപിം ഹരീം അങ്ങനെ തന്നെ !! രാജൻ സാറിന്റെ സ്വഭാവാ മൂന്നു പേർക്കും . സഹാനുഭൂതി , ദയ ഇതൊക്കെ ഇവരെ കണ്ടാ പഠിക്കണ്ടത്… അത്ര നല്ല മനസ്സാ.. ” കോടീശ്വരൻമാരാ … ന്നിട്ടും…നമ്മളെ പോലുള്ള പാവങ്ങളെയൊക്കെ ചേർത്തു പിടിക്കണങ്കിൽ അവരുടെ മനസ്സിന്റെ വലിപ്പം ഒന്നാലോചിച്ച് നോക്ക്യേ..? ഈ കുടുംബ ത്തോടുള്ള എന്റെ കടപ്പാട് പറഞ്ഞാൽ തീരില്ല… രാമന്റെ സംസാരത്തിൽ സങ്കടം കലർന്നിരുന്നു. പാർവ്വതിയുടെ ഉള്ളിൽ ആശ്ചര്യം നിറഞ്ഞു.

“ഇവർ എല്ലാരും നന്നായി പാടും ല്ലേ രാമേട്ടാ..?? “പിന്നല്ലാതെ… അമ്മ തന്നാ മൂന്ന് ആൾക്കും ഗുരു.. കൂട്ടത്തിൽ ജയൻകുട്ടൻ നല്ല അസ്സലായ് പാടും… പാട്ടും പാടിയാ നടപ്പ് മുഴുവൻ!! ജയൻകുട്ടനു പാട്ട് പ്രാണനാ… “ഉം ഞാൻ കേട്ടിട്ടുണ്ട് സാർ ന്റെ പാട്ട്.. കോളേജിൽ പോണ വഴി… “ആഹ്.. രാവിലെ അമ്മേം മോനും കൂടി ഇടയ്ക്ക് പാടാനിരിക്കും… നമ്മൾ ലയിച്ചു പോവും.. അത്ര നല്ല ശബ്ദാ രണ്ടാൾടേം.. “അതേ ലയിച്ചു പോകും! പാർവ്വതി പിറുപിറുത്തു.. “എന്താ കുട്ടി പറഞ്ഞേ കേട്ടില്ല…? “ഇല്യാ ഞാനൊന്നും പറഞ്ഞില്യ.. ” ആഹ്…നാളെ കോളേജ് കഴിഞ്ഞ് ഇങ്ങ്ട് കേറിക്കോ .. ഉച്ച ഭക്ഷണം ഇവ്ട്ന്ന് ആക്കാം.. ഞാൻ പറയാം ഗീതയോട്.. “യോ.. അതൊന്നും വേണ്ട.. ഞാൻ കഴിച്ചിട്ട് വന്നോളാം! “ശരി എന്നാ കുട്ടിടെ ഇഷ്ടം… “എന്താ കഴിഞ്ഞില്ലേ രാമേട്ട ട്രെയിനിംഗ്..? ജയ് മുറിയിലേക്കു വന്നു .

പാർവ്വതി കസേരയിൽ നിന്നും എണീറ്റു . “താൻ അവിടെ ഇരിക്കെടോ… കാണുമ്പോ കാണുമ്പോ എണീക്കൊന്നും വേണ്ട.. അതൊക്കെ പഴയ ഏർപ്പാടാ.. ഞാൻ രാമേട്ടനെ തിരക്കി വന്നതാ… പറമ്പിന്നു അയ്യപ്പേട്ടൻ വന്നിട്ട്ണ്ട്.. നാളികേരത്തിന്റെ കണക്ക് പറയാൻ .. രാമേട്ടനെ അന്വേഷിക്കുന്നു .. “അയ്യപ്പൻ വന്നോ… ഞാൻ ചെന്ന്ട്ടു വരാം.. മോള് ആ ബുക്കൊക്കെ ഒന്ന് നോക്ക്.. രാമൻ പുറത്തേക്ക് പോയി.. “എന്തായി പാർവ്വതി കാര്യങ്ങൾ..?? പഠിച്ചോ ഒക്കെ.. “ഇല്ല സാർ.. ഞാൻ നോക്കണേയുള്ളു.. “താൻ ബികോം ഫസ്റ്റ് ക്ലാസ്സാ…?? “ആഹ് അതെ… എന്ത്യേ ?? “ഹേയ് ഒന്നൂല്യാ … ലാലേട്ടനും ബികോം ഫസ്റ്റ് ക്ലാസ്സായിരുന്നു… ആര്..??? “അല്ല മോഹൻലാൽ.. നാടോടിക്കാറ്റ് സിനിമയിൽ.. ജയ് ഊറിചിരിച്ചു . നല്ല ബെസ്റ്റ് കോമഡി..!! പാർവ്വതി പുച്ഛത്തോടെ മനസ്സിൽ പറഞ്ഞു.. “ഒരു കാര്യം ചെയ്യ് താൻ ആ ബുക്കൊക്കെ നോക്കി ശരിക്ക് പഠിക്ക്… ഞാൻ പോവ്വാ.. “ഉം … പാർവ്വതി മൂളി. ഗോവണി ഇറങ്ങി വന്നപ്പോൾ പാടിയത് മനോഹരമായിരുന്നു ട്ടോ… ജയ്ടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് പാർവ്വതി പറഞ്ഞു..

“താൻ ആള് കൊള്ളാല്ലോ.. അത്രയ്ക്കിഷ്ടാ തനിക്ക് പാട്ട്..?? താൻ പാടോ??? “ഹേയ് … ആ കഴിവൊന്നുല്യ അവൾ നിഷേധാത്മകമായി തല വെട്ടിച്ചു… അച്ഛൻ ഉണ്ടായിരുന്നപ്പോൾ മടിയിലിരുത്തി നാടൻ പാട്ടും ഓണപ്പാട്ടും ഒക്കെ കുറേ പാടുവായിരുന്നു . പാർവ്വതി ഏതോ ഓർമ്മയിലെന്നവണ്ണം പറഞ്ഞു നിർത്തി. ” മ്മ് … ആഹ് പിന്നെ പാർവ്വതി തന്നെ ഞാൻ ഇതിനു മുൻപ് എവിടോ കണ്ടിട്ടുണ്ട്.. പക്ഷെ എവിടാന്നു ഓർക്കണില്ല.. ഇന്നലെ കണ്ടപ്പഴേ തോന്നിതാ.. പാർവ്വതി ഞെട്ടി… “നമ്മൾ തമ്മിൽ നേരത്തേ കണ്ടിട്ടുണ്ടോ പാർവ്വതി?? ” ഇ… ഇല്ല…ന്നാ … തോന്നണേ… പാർവ്വതിക്ക് വാക്കുകൾ തൊണ്ടയിൽ തങ്ങി. “ഒരു കാര്യം കൂടി.. തന്റെ കണ്ണ് നല്ല ഭംഗീണ്ട്ട്ടോ കാണാൻ.. Its amazing!! ജയ് കുസൃതിചിരിയോടെ പറഞ്ഞു.. പാർവ്വതി അവനെ കൂർപ്പിച്ചു നോക്കി.. 🎵 ഒളിക്കുന്നുവോ … മിഴിക്കുമ്പിളിൽ.. ഒരായിരം കളിത്തുമ്പികൾ…. കൈകൾ ഞൊടിച്ച് താളമിട്ട്, പാട്ട് പാടിക്കൊണ്ടു ജയ് റൂമിൽ നിന്നും ഇറങ്ങി… പാർവ്വതിയുടെ ചുണ്ടിൽ നേർത്ത പുഞ്ചിരി തെളിഞ്ഞു. ❤️❤️❤️

വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ പാർവ്വതിയെ കാത്ത് എല്ലാരും മുറ്റത്തുണ്ടായിരുന്നു “ആഹ് ദേ വന്നുല്ലോ ആള്.. സീത പറഞ്ഞു.. എങ്ങന്ണ്ടാരുന്നു പാറൂട്ടി പോയിട്ട് ?? ” നല്ല സ്ഥലാ അമ്മേ നല്ല ആൾക്കാരും.. ” അത് മുഖത്ത് കാണുന്നുണ്ട്.. സന്തോഷം.. മാധവൻ പറഞ്ഞു.. എല്ലാവരും കൂടി നിൽക്കുന്നത് കണ്ട് ജോലി കഴിഞ്ഞ് വന്ന അരുൺ വണ്ടി പാർവ്വതിയുടെ വീടിനു മുൻപിൽ ഒതുക്കി.. ” എങ്ങനീണ്ട് ജോലി…? അവൻ ചോദിച്ചു ” കുഴപ്പൂല്യ അരുണേട്ടാ … ഒരു ഗമേം ഇല്ലാത്ത ആൾക്കാർ.. ഒന്നു മൂളുക മാത്രം ചെയ്തിട്ട് അരുൺ വണ്ടി സ്റ്റാർട്ട് ചെയ്ത് പോയി ” അവന് അത്ര അങ്ങിട് തൃപ്തി ഇല്ലാന്നു തോന്നുന്നു.. മാധവൻ സീതയെ നോക്കി പറഞ്ഞു.. ” അരുണേട്ടൻ പറഞ്ഞു പഠിത്തം കഴിഞ്ഞ് മതീല്ലോന്ന്.. ഇവ്ടത്തെ ബുദ്ധിമുട്ട് പറഞ്ഞപ്പോ പിന്നൊന്നും എതിർത്തില്ല… ” ഉം … പാറൂട്ടി പോയി കുളിച്ച് വാ.. ദീപം കൊളുത്താൻ നേരായി.. ഞങ്ങൾ പോവ്വാ.. അച്ചൂന്ന് ചായീണ്ടാക്കി കൊടുക്കട്ടെ..

അവർ വീട്ടിലേക്ക് പോയി. ദിവസവും ക്ലാസ്സ് കഴിഞ്ഞ് പാർവ്വതി ഇല്ലിക്കലേക്ക് പോകും.. ഒരാഴ്ച കൊണ്ട് കണക്കും കാര്യങ്ങളും രീതികളും അവൾ പഠിച്ചെടുത്തു.. കൂടാതെ അവിടുള്ള എല്ലാവരുമായി നല്ല അടുപ്പം ഉണ്ടാക്കാനും സാധിച്ചു . ജയ് കൃഷ്ണൻ ഒഴികെ.. ജയ് വീട്ടിലുണ്ടാകുന്നത് ചുരുക്കമായിരുന്നു . ഉണ്ടെങ്കിലും ഒരു ചിരിയിൽ അവർ തമ്മിലുള്ള ആശയ വിനിമയം അവസാനിക്കുമായിരുന്നു.. എങ്കിലും പാർവ്വതി എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയി കഴിഞ്ഞെന്ന് അവിടുള്ളവരുടെ സംസാരത്തിൽ നിന്ന് അവൻ മനസ്സിലാക്കിയിരുന്നു.. മുകളിൽ നിന്നുള്ള പാട്ടു കേട്ടിട്ടാണ് ജയ് ഉണ്ടോ ഇല്ലയോ എന്ന് പാർവ്വതി മനസ്സിലാക്കിയിരുന്നത്.. കണക്കിലും മറ്റും അവന്റെ ഇടപെടൽ ഉണ്ടായിരുന്നില്ല. അന്ന് പാർവ്വതി ഇല്ലിക്കൽ ചെല്ലുമ്പോൾ ജയ്കൃഷ്ണൻ പൂമുഖത്ത് കസേരയിൽ ഇരിക്കുവായിരുന്നു..

“ഹായ് പാർവ്വതി.. എന്താടോ വിശേഷങ്ങൾ.. എല്ലാം പഠിച്ചോ ..?? ” സുഖാണ് സർ.. പഠിച്ചു വരുന്നു. “ഉം എന്നാ താൻ അകത്തേക്ക് പൊക്കോളു.. അമ്മ ണ്ട് അകത്ത്… “സാർ …..ഞാനൊരു കാര്യം ചോദിച്ചോട്ടെ… “ധൈര്യായി ചോദിക്കെടോ.. സാലറി അഡ്വാൻസ് എന്തേലും വേണോ..? ” ഹേയ് അതൊന്നൂല്യ.. “പിന്നെന്താ… ലീവ് വേണോ..?? ” ഏയ് അതല്ല… ” വേറെന്താടോ…?? അവൻ അവളുടെ മുഖത്തേക്ക് സസൂക്ഷ്മം നോക്കി.. ” അത്… അത് പിന്നെ… സർ .. ഫ്രീയായിരിക്കുമ്പോ… ” ഫ്രീയായിരിക്കുമ്പോൾ..?? ” ഒരു… ഒരു ..പാട്ട് പാടോ.?? ” പാട്ടോ… ഏത് പാട്ട്…?? “എന്തിനു വേറൊരു സൂര്യോദയം… അതെന്റെ ഏറ്റവും ഫേവറിറ്റ് പാട്ടാണ്.. സാർ ന്റെ ശബ്ദത്തിൽ നല്ല രസണ്ടാവുംന്ന് തോന്നി.. സർ നെ കാണുമ്പോ പറയണംന്ന് വിചാരിച്ചിരിക്കുവാരുന്നു… ജയ് ഇരുന്നിടത്തു നിന്നും ചാടി എണീറ്റു.. പാർവ്വതി പേടിച്ച് പിന്നിലേക്ക് മാറി.. ” താൻ ഇവിടെ എന്തിന് വന്നതാ..?? അവന്റെ ശബ്ദം ഉയർന്നു.

“ഞാൻ… ജോ…. ജോലിക്ക്.. “ആഹ്…ആ ചിന്ത ഉണ്ടാവണം.. തന്റെ ആഗ്രഹം നടത്താനല്ല ഇവിടുള്ളവർ… പണിയെടുക്കാൻ വന്നാൽ അത് ചെയ്തിട്ട് പോണം !! അവൻ ദേഷ്യഭാവത്തിൽ പറഞ്ഞു… പാർവ്വതി ആകെ വല്ലാതായി. ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിൽ എന്നവൾ ആഗ്രഹിച്ചു.. കണ്ണീർ തുള്ളികൾ പുറത്തേക്ക് കുതിക്കാൻ തയ്യാറെടുത്ത് നിന്നു… കണ്ണുകൾ ചുവന്നു കലങ്ങി… “സോറി…. സർ… സർ….ക്ഷമിക്കണം.. ഞാൻ അങ്ങനെ… ഇത്ര.. വലിയ തെറ്റാവുംന്ന്… ഞാൻ… സങ്കടം അവളുടെ തൊണ്ടയിൽ കുടുങ്ങി. ചുണ്ടുകൾ വിതുമ്പി.. പിടിവിട്ട് പോകുന്നു എന്ന് തോന്നിയപ്പോൾ പാർവ്വതി അകത്തേക്ക് വേഗം നടന്നു… ഓഫീസ് റൂമിലേക്ക് കയറി ടേബിളിൽ തലവെച്ച് പാർവ്വതി കിടന്നു.. അവൾക്ക് എത്ര ശ്രമിച്ചിട്ടും കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. ഇത്ര കടുപ്പത്തിൽ ഇതുവരെ തന്നോടാരും സംസാരിച്ചിട്ടില്ല.. അതിന് അവസരം ഉണ്ടാക്കീട്ടുമില്ല.. ഇതിപ്പോ.. മിഴികൾ കുതിച്ചൊഴുകിക്കൊണ്ടിരുന്നു.. ഹൃദയത്തിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു… അവളുടെ മനസ്സിലേക്ക് ശേഖരന്റെ മുഖം കടന്നു വന്നു.. അച്ഛാ.. അവൾ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു കരഞ്ഞു…

ഇത്ര വേദനിച്ച നിമിഷം ഇന്നേ വരെ ഉണ്ടായിട്ടില്ല.. താൻ വലിയ തെറ്റ് ചെയ്തു … അവൾക്ക് അവളോടു തന്നെ വെറുപ്പു തോന്നി… 🎵 ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ് ….. താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം… പൂ കൊണ്ടു മൂടുന്നു വൃന്ദാവനം …. സിന്ദൂരമണിയുന്നു രാഗാംബരം .. പാടൂ സ്വരയമുനേ … എന്തിനു വേറൊരു സൂര്യോദയം… ഇന്നു നീയെൻ അരികിലില്ലേ..” പാട്ടുകേട്ട് പാർവ്വതി ഓഫിസിലെ ജനലിലൂടെ പുറത്തേക്ക് നോക്കി.. ജയ് ആണ്.. പുറത്ത് പുൽത്തകിടിയിലുള്ള മരത്തിൽ പണിത ഊഞ്ഞാലിൽ ആടിക്കൊണ്ട് , ജനലിലൂടെ പാർവ്വതിയെ നോക്കി അവൻ പാടിക്കൊണ്ടിരുന്നു… 🎵 നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ… പാർവ്വതി എഴുന്നേറ്റ് ജനലഴികളിൽ പിടിച്ചു നിന്നു… കണ്ണീർ നിലയ്ക്കാതെ ഒഴുകി ക്കൊണ്ടിരുന്നു… 🎵 നീയെന്റെയാനന്ദ നീലാംബരി… നീയെന്നുമണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയൂ… പരസ്പരം നോക്കി നിൽക്കുമ്പോഴും അവൻ പാടിക്കൊണ്ടേയിരുന്നു…. 🎵 എന്തിനു വേറൊരു മധുവസന്തം … നീയെൻ പൊന്നുഷസന്ധ്യയല്ലേ… മലർവനിയിൽ… തുടരും….